കഥ

അഞ്ച് നാനോക്കഥകൾമലിനീകരണം

ആകാശത്ത് പാടുപോലും വീഴ്ത്താതെ കിളി പറന്നുനടന്നു. കിളിയെത്തേടിയെത്തിയ വെടിയുണ്ട, ആകാശത്ത് പുകകയുടെയും ഭൂമിയിൽ ചോരയുടെയും പാടുകൾ വീഴ്ത്തി.

പരിസരദിനം

തെക്കേത്തൊടി വെറുതെകിടക്കുന്നു എന്ന് ഭാര്യയ്ക്ക് പരാതി.ജൂൺ 5 ന് മരങ്ങൾ നടണമെന്ന് മകൾ.കുളം നികത്തിയെടുത്ത തെക്കേത്തൊടിയിൽ ഞാൻ രണ്ട് അക്കേഷ്യത്തൈകൾ നട്ടു.

വിധിദിനം

മീൻകൂട്ടം കടലമ്മയ്ക്ക് മുന്നിൽ തലതല്ലിക്കരഞ്ഞു.” അമ്മയ്ക്ക് എപ്പോഴും മനുഷ്യനെയാണിഷ്ടം. അവന്റെ പ്രാർത്ഥന കൈക്കൊണ്ട് ഞങ്ങളുടെ നിലവിളികളെ അവഗണിക്കുന്നതെന്ത് ? “” നിങ്ങളുടെ വിധിദിനത്തിൽ നിങ്ങളെയോർത്ത് കരയാൻ ഞാനുണ്ടാകും. എന്നാൽ അവന്റെ വിധിദിവസം ഞാനുണ്ടാകണമെന്നില്ല.

വൃത്തി

ഈച്ചകളാർക്കുന്ന മാലിന്യക്കൂമ്പാരം. അയാൾ മൂക്കുപൊത്തി. കാർ റോഡരികിൽ നിർത്തി, കയ്യിലിരുന്ന പ്ലാസ്റ്റിക് കവർ അങ്ങോട്ടേയ്ക്ക് വലിച്ചെറിഞ്ഞു. മറ്റാരും കണ്ടില്ലെന്നുറപ്പാക്കാനയാൾ ചുറ്റും നോക്കി. കുറെ കാക്കകൾ മാലിന്യക്കൂമ്പാരത്തിൽ കൊത്തിപ്പരതുന്നു. കാക്കകളെ അയാൾക്ക് പണ്ടേ ഇഷ്ടമേയല്ല. “വൃത്തിയില്ലാത്ത ജീവികൾ…”

തണൽ

അവസാനത്തെ ശിഖരവും നിലം പതിക്കുന്നേരം മരം കിളിയോട് പറഞ്ഞു-“പറന്ന് പോവുക സോദര..”ആ മുറിപ്പാടിന്മേൽ ചിറക് വിരിച്ച് പറന്നതല്ലാതെ കിളി മരത്തെ വിട്ടുപോയില്ല. ഒടുവിൽ ഈർച്ചവാളിന്റെ ശബ്ദം കേട്ടുഭയന്നത് പറന്നകലുന്നേരം, മരം തന്റെ തായ് തടി വിരിച്ച് മരംവെട്ടുകാരന് തണലേകുകയായിരുന്നു.

Print Friendly, PDF & Email

About the author

ജ്യോതിടാഗോർ

ആലപ്പുഴ ആര്യാട് സ്വദേശി.
കഥകൾ, സിനിമനിരൂപണം, നാടകം,ലേഖനങ്ങൾ എന്നിവ എഴുതാറുണ്ട്. അമച്ച്വർ ഫോട്ടോഗ്രാഫറാണ്. ഗ്രന്ഥശാല പ്രവർത്തകനാണ്.