EDITORIAL ലേഖനം

ഫിക്ഷനും റിയാലിറ്റിയുംഎല്ലാ ഇരുണ്ട കാലങ്ങൾക്കും ഒരു ദിനം അന്ത്യമുണ്ടാവുക തന്നെ ചെയ്യും. ഈ ഫിക്റ്റീഷ്യസ് ലോകത്തു നിന്ന് ഒരിക്കൽ നമ്മൾ പുറത്തു വരും. വീണ്ടും ഒരു ജനാധിപത്യ സർക്കാർ ഇവിടെ ഉദയം ചെയ്യുക തന്നെ ചെയ്യും. അന്ന് ആ ഗവണ്മെന്റ് നമ്മുടെ മതേതര സമൂഹത്തോട് മാപ്പു പറയും, മാനുഷിക മൂല്യങ്ങൾക്കെതിരായ എല്ലാവിധ പൊളിക്കലുകളുടെയും നിർമ്മിതികളുടെയും പേരിൽ.

രാമജന്മ ഭൂമിയും ക്ഷേത്ര നിർമ്മാണവും ആണല്ലോ  രാജ്യം ഇപ്പോൾ ഗൗരവമായി ചർച്ച ചെയ്യുന്ന വിഷയങ്ങൾ, കോവിഡ് മരണങ്ങൾ 45000 കടക്കുമ്പോഴും അതുമൂലമുണ്ടായ സാമ്പത്തിക തകർച്ച രാജ്യത്തെയാകമാനം ദരിദ്ര കോടികളുടെ നിത്യജീവിതോപാധികളെ ഏതാണ്ട് നിശ്ചലം ആക്കിയിരിക്കുമ്പോഴും.

രാജ്യം ഗൗരവമേറിയ പ്രതിസന്ധികളെ നേരിടുമ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ എന്തെങ്കിലുമൊക്കെ വിഷയങ്ങൾ എറിഞ്ഞു കൊടുക്കുക എന്നത് ഭരണാധികാരികൾ എല്ലാകാലത്തും ഉപയോഗിച്ച് വന്നിരുന്ന തന്ത്രമാണ്. ഒരേയോരു വ്യത്യാസം അന്നൊക്കെ രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാൻ കുട്ടികളെങ്കിലും ഉണ്ടായിരുന്നു എന്നതാണ്

ഇപ്പൊ ഏല്ലാവരും, ഒന്നൊഴിയാതെ ഏല്ലാവരും, പ്രതിപക്ഷകക്ഷികളും, ചിലപ്പോൾ ഉണ്ടെന്നും ചിലപ്പോൾ ഇല്ലെന്നും നമ്മൾ കരുതുന്ന മറ്റു തൂണുകളും, പൊതു സമൂഹവും, സാമൂഹ്യ മാധ്യമങ്ങളും ഒക്കെയൊക്കെ ആ മഹാ മജീഷ്യന്‍റെ മാന്ത്രികദണ്ഡിന്‍റെ  അറ്റത്തു വിരിയുന്ന മായികക്കാഴ്ചകളിലേയ്ക്ക് ആണ് കണ്ണും നട്ടിരിക്കുന്നത്. അയാൾ ദൈവത്തിനു മുന്നിൽ എറിഞ്ഞുടച്ച തേങ്ങാപ്പൂളിന്‍റെ ഒരു തുണ്ടെങ്കിലും കിട്ടുമോ എന്ന് മാത്രമാണ് മറ്റെല്ലാവരുടെയും നോട്ടം.

നമ്മുടെ രാഷ്ട്രീയം ഇത്ര മേൽ കബളിപ്പിക്കപ്പെട്ട, മയക്കി കിടത്തപ്പെട്ട മറ്റൊരു സന്ദര്ഭവും സമീപകാല ചരിത്രത്തിലെങ്ങും ഉണ്ടായിട്ടില്ല. ഈ മതാത്മക ചരിത്രാതീത കാലഘട്ടത്തിലേയ്ക്കുള്ള തിരിഞ്ഞു നടത്തത്തെ ഉറക്കെ  ചോദ്യം ചെയ്തവരിൽ ബഹുഭൂരിപക്ഷവും ഒന്നുകിൽ വെടിവെച്ചു കൊല്ലപ്പെടുകയോ അല്ലെങ്കിൽ ജയിലഴികൾക്കുള്ളിൽ അടക്കപ്പെടുകയോ ചെയ്തതിനാലാവാം പുറത്തെ തുറന്ന ജയിലിൽ അവശേഷിക്കുന്നവർ എനിക്കും കിട്ടണം പണം എന്ന് മാത്രമാണ് ഇപ്പോൾ പറയുന്നത്.

മതാത്മക വലതു പിന്തിരിപ്പൻ ശക്തികൾ നിശ്ചയിക്കുന്ന അജണ്ടകൾക്കുള്ളിൽ നിന്ന് അതിന്‍റെ ഏറ്റക്കുറച്ചിലുകളെ കുറിച്ച് ചർച്ച ചെയ്യാൻ മാത്രമാണ് നമ്മൾ ഇന്ന് വരെ മതേതരമെന്നു കരുതിപ്പോന്ന സംവിധാനങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും ഇന്ന് കഴിയുന്നത്.

രാമജന്മഭൂമിയെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ തന്നെ നമ്മൾ എപ്പോഴേ തോറ്റു കഴിഞ്ഞു. രാമൻ അയോധ്യയിൽ ജനിച്ചിട്ടില്ലെന്നും രാമൻ ജനിച്ചിട്ടേയില്ലെന്നും രാമകഥ ഹോമറിന്‍റെ ഇലിയഡ് പോലെ, ഒഡീസി പോലെ ഒരു ഇതിഹാസകഥ മാത്രമാണെന്നും അതിലെ കഥാപാത്രങ്ങൾക്ക് വേണ്ടി ക്ഷേത്രങ്ങൾ പണിതുയർത്തുന്ന ഹേ മനുഷ്യാ നിന്നെ നീ സ്വയം ആധുനികൻ എന്ന് വിളിക്കുന്നുവോ എന്നും  രാജാവിനെ വസ്ത്രമുടുപ്പിച്ച ആ കുട്ടി ചരിത്രത്തിന്‍റെ ഒരു വഴിത്തിരിവിൽ മുന്നിൽ വന്നു നിന്ന് നമ്മോടു ചോദിക്കുക തന്നെ ചെയ്യും,  അന്ന് നമ്മൾ ലജ്ജകൊണ്ട് തല കുനിക്കും ഇലകൾ പറിച്ചു നമ്മുടെ തന്നെ നഗ്നത മറക്കും. നമ്മൾ പടുത്തുയർത്തിയ എല്ലാ നെടുനെടുങ്കൻ തൂണുകളും സംവിധാനങ്ങളും ചരിത്രത്തിന്‍റെ നിർണ്ണായക ഘട്ടത്തിൽ കെട്ടുകഥകളുടെ ചുറ്റിനും കറങ്ങുകയായിരുന്നല്ലോ എന്നോർത്തു അമ്പരക്കും.

വികസിത രാജ്യങ്ങൾ  മതങ്ങൾക്ക്  പകരം  ശാസ്ത്രത്തെ പ്രതിഷ്ഠിച്ചു കൊണ്ടിരിക്കുമ്പോൾ നമ്മൾ ശാസ്ത്രത്തിനു പകരം മതത്തെ പ്രതിഷ്ഠിച്ചു കൊണ്ടിരിക്കുകയാണ്.രാഷ്ട്രീയത്തിനു പകരമായി പോലും മതത്തെ കാണുന്നു.

മൈക്കിൾ മൂർ പറഞ്ഞത് പോലെ നമ്മൾ ഒരു ഫിക്റ്റീഷ്യസ് ലോകത്താണ് ജീവിക്കുന്നത്. യാഥാർഥ്യവും ഫിക്ഷനും തമ്മിൽ നമുക്ക് മാറിപ്പോയിരിക്കുന്നു

എല്ലാ ഇരുണ്ട കാലങ്ങൾക്കും ഒരു ദിനം അന്ത്യമുണ്ടാവുക തന്നെ ചെയ്യും. ഈ ഫിക്റ്റീഷ്യസ് ലോകത്തു നിന്ന് ഒരിക്കൽ നമ്മൾ പുറത്തു വരും. വീണ്ടും  ഒരു ജനാധിപത്യ സർക്കാർ ഇവിടെ ഉദയം ചെയ്യുക തന്നെ ചെയ്യും. അന്ന് ആ ഗവണ്മെന്‍റ് നമ്മുടെ മതേതര സമൂഹത്തോട് മാപ്പു പറയും, മാനുഷിക  മൂല്യങ്ങൾക്കെതിരായ എല്ലാവിധ പൊളിക്കലുകളുടേയും നിർമ്മിതികളുടേയും പേരിൽ.

Print Friendly, PDF & Email