CINEMA

ആരവങ്ങളില്ലാതെ ടൊറന്‍റോ രാജ്യാന്തരചലച്ചിത്രോത്സവം – സെപ്റ്റംബര്‍ 10 മുതല്‍കാനഡയിലെ ‘ഉത്സവങ്ങളുടെ ഉത്സവ’മായ ടൊറോന്‍റോ രാജ്യാന്തരചലച്ചിത്രോത്സവം  (TIFF) ഇക്കുറി ആരവങ്ങളും കെട്ടുകാഴ്ചയുമില്ലാതെയാണ്‌ അതിന്‍റെ നാല്പ്പത്തഞ്ചാമത് വര്‍ഷത്തിലേയ്ക്ക് കടക്കുന്നത്‌. പതിവില്‍ നിന്നു വ്യത്യസ്തമായി കോവിഡ് 19 മാനദണ്ഡങ്ങള്‍ നിലവിലുള്ളതിനാല്‍, അപൂര്‍‌വ്വം ചില തുറന്നവേദികളൊഴിച്ചാല്‍ പ്രധാനമായും പ്രദര്‍‌ശനങ്ങള്‍ നടക്കുന്നത് ഡിജിറ്റല്‍ രീതികളിലൂടെയാവും.

സാധാരണയായി എല്ലാ വര്‍ഷവും നാനൂറിനോടടുത്ത ചിത്രങ്ങളാണ്‌ പ്രദര്‍ശനത്തിനായി തെരഞ്ഞെടുക്കപ്പെടാറുള്ളത്. ഇത്തവണ വെറും 50 ചിത്രങ്ങളാണ്‌ തെരഞ്ഞെടുത്തിരിക്കുന്നത്. നാലുലക്ഷത്തിലധികം പ്രേക്ഷകര്‍ മുപ്പതോളം വേദികളിലായി പങ്കെടുക്കുന്ന, ലോകത്തിലെ ഏറ്റവും മികച്ച മേളകളിലൊന്നാണിത്. ഇവിടെനിന്നു ജനപ്രീതിയാര്‍ജ്ജിക്കുന്ന ചിത്രങ്ങളാണ്‌ മിക്കവാറും ഓസ്ക്കര്‍ പുരസ്കാരങ്ങളിലേയ്‌ക്കെത്താറുള്ളത്.

Ammonite ല്‍ Kate Winslet

ഈ വര്‍ഷത്തെ സമഗ്രസംഭാവനയ്ക്കുള്ള പ്രധാനപുരസ്ക്കാരം നേടിയിരിക്കുന്നത് പ്രശസ്ത നടി കെയ്റ്റ് വിന്‍സ്‌ലെറ്റ് ആണ്‌. Heavenly Creatures, Sense and Sensibility, The Reader, Titanic, Revolutionary Road, Steve Jobs എന്നീ ചിത്രങ്ങളാണ്‌ കെയ്‌റ്റ് വിന്‍‌സ്‌ലെറ്റിന്‍റെ അഭിനയത്തികവിന്‍റെ ദൃഷ്ടാന്തങ്ങള്‍. ഈ വര്‍ഷത്തെ ചലച്ചിത്രമേളയില്‍ അവരുടെ ഏറ്റവും പുതിയ ചിത്രമായ Ammonite പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാകും.

മീര നയ്യാറുടെ A Suitable Boy ല്‍ തബു

നടന്മാരില്‍ നിന്നു ഇത്തവണ സമ്മാനിതനാവുന്നത് സര്‍ ആന്‍റണി ഹോപ്‌കിന്‍സും സം‌വിധായകരില്‍ നിന്ന് മീര നയ്യാറുമാണ്‌. കഴിഞ്ഞ‌വര്‍ഷം ഈ പുരസ്കാരങ്ങള്‍ നേടിയത് മെറില്‍ സ്ട്രീപ്, ടൈക്ക വൈറ്റിറ്റി, മാറ്റി ഡയോപ്, വോക്കിന്‍ ഫീനിക്‌സ് എന്നിവരാണ്‌. മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ചിത്രങ്ങളിലെ മികവുകള്‍ക്കുള്ള സമ്മാനങ്ങള്‍ അവസാനദിവസമാണ്‌ പ്രഖ്യാപിക്കപ്പെടുന്നത്. 

മേളയുടെ അംബാസഡര്‍മാരുടെ പേരുകളില്‍ ഈ വര്‍ഷം ഇന്‍‌ഡ്യയില്‍ നിന്നുള്ളത് അനുരാഗ് കാശ്യപും പ്രിയങ്ക ചോപ്രയുമാണ്‌. അവരോടൊപ്പം ബാരി ജെന്‍‌കിന്‍‌സ്, ഹൈഫ അല്‍ മന്‍സൂര്‍, റിസ് അഹ‌മദ്, ഡേവിഡ് ക്രോനെന്‍ബര്‍‌ഗ്, മാര്‍ട്ടിന്‍ സ്കോര്‍സെസി, നിക്കോള്‍ കിഡ്‌മന്‍, ടൈക്ക വൈറ്റിറ്റി, നദീന്‍ ലബാകി, അല്‍ഫോന്‍സോ ക്വാറോന്‍, നതാലി പോര്‍ട്‌മന്‍,  വീഗോ മോര്‍ടെന്‍സന്‍ എന്നിവരുമുള്‍പ്പെടുന്നു.

Meera Nair

Spike Lee സം‌വിധാനം ചെയ്ത David Byrne’s American Utopia ആണ്‌ ഉദ്‌ഘാടനചിത്രം. മീര നയ്യാറുടെ A Suitable Boy ആണ്‌ മേളയിലെ അവസാനചിത്രം. Regina King, Halle Berry,  Viggo Mortensen എന്നീ നവാഗതസം‌വിധായകരുടെ ചിത്രങ്ങളും  ഫ്രെഡ്‌റിക് വൈസ്‌മന്‍, ഹെര്‍സോഗ് എന്നീ പ്രശസ്തരുടെ വാര്‍ത്താചിത്രങ്ങളും മേളയിലുണ്ടാവും. 2014 ല്‍ Court എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ചൈതന്യ തംഹാനെയുടെ മറാഠി ചിത്രമായ The Disciple  മേളയിലുണ്ടാവും.

ചൈതന്യ തംഹാനെയുടെ The Disciple

സാമൂഹികാകലം പാലിച്ച്, ചലച്ചിത്രങ്ങളുടേയും അതിഥികളുടെയും എണ്ണം കുറച്ച് ഈ വര്‍ഷവും മേള നടക്കുമ്പോള്‍ അതിലെ സ്ത്രീ – പാര്‍ശ്വവല്‍കൃതപ്രാതിനിധ്യങ്ങള്‍ ശ്രദ്ധേയമാകുന്നു. കേള്‍ക്കാത്ത ശബ്ദങ്ങള്‍ക്കും കാണാത്ത ഭൂമികകള്‍ക്കും പതിവുപോലെ ഇക്കുറിയും പ്രാധാന്യം നല്‍കിയിട്ടുള്ള മേള സെപ്റ്റംബര്‍ 19 നു അവസാനിക്കും.

Print Friendly, PDF & Email

About the author

സുരേഷ് നെല്ലിക്കോട്

പ്രമുഖപ്രസിദ്ധീകരണങ്ങളിൽ എഴുതിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ ബാങ്ക്, തോമസ് കുക്ക്, വോള്‍ സ്റ്റ്രീറ്റ് എക്സ്ചേഞ്ച് അബുദാബി, വോള്‍ സ്റ്റ്രീറ്റ് ഫിനാന്‍സ്- കാനഡ, ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്നിവയിലൊക്കെ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കാനഡയിലെ ബര്‍ലിംഗ്ടന്‍ പോസ്റ്റില്‍. കേരള ബുക്ക് മാര്‍ക്ക് പ്രസിദ്ധപ്പെടുത്തിയ 'മടങ്ങിപ്പോകുന്നവര്‍' - കഥാസമാഹാരം