കഥ

പൊയ്മുഖങ്ങൾ” വാ കയറ് “

തൊട്ടുമുമ്പിൽ നിർത്തിയ കാറിൽ നിന്ന് അധികാരസ്വരത്തിൽ കേട്ട ആ ശബ്ദത്തിനുടമയെ കണ്ടപ്പോൾ സൂര്യ ഒന്ന് പകച്ചു. ചുറ്റും നിൽക്കുന്ന പരിചിതരായ ആളുകളുടെ ശ്രദ്ധ തന്നിലേക്ക് പതിയുന്നു എന്ന ചിന്ത അവളെ ആ വാക്കുകളെ അനുസരിക്കാൻ പ്രേരിപ്പിച്ചു.

മുന്നോട്ട് നീങ്ങിയ കാറിന്റെ ഡ്രൈവിങ്ങ് സീറ്റിലിരിക്കുന്ന മനുഷ്യനെ അവളൊന്നു പാളി നോക്കി. അരുണേട്ടന്റെ  ആത്മമിത്രം ആണ്. പോരാത്തതിന്  ഏട്ടന്റെ  അച്ഛൻ പെങ്ങളുടെ മകനും. മുന്നിലേക്ക് നോക്കി ഡ്രൈവ് ചെയ്യുന്നതിനിടയ്ക്കു അയാൾ അവളെ  നോക്കി ഒന്ന് പുഞ്ചിരിച്ചു. അവൾ ചിരിച്ചില്ല,  പരിഭ്രമം അവളെ അതിനനുവദിച്ചില്ല എന്ന് പറയുന്നതാവും ശരി . ഷാളിന്റെ തുമ്പു കൊണ്ട് നെറ്റിയിൽ പൊടിഞ്ഞു തുടങ്ങിയ വിയർപ്പു തുള്ളികൾ തുടച്ചു കളഞ്ഞു അവൾ.

മനസ്സിലെ പരിഭ്രാന്തി പുറത്തു കാട്ടാതെ കാഴ്ചകൾ കണ്ടിരിക്കുന്നതായി ഭാവിച്ചു

   ‘ പെട്ടെന്ന് എവിടെ പോയി തനിച്ചു ‘എന്നുള്ള അയാളുടെ ചോദ്യം അവളെയൊന്ന് ഞെട്ടിച്ചു.

“കുട്ടികൾക്ക് നാളെ സ്കൂളിൽ കൾച്ചറൽ പ്രോഗ്രാമാണ് അതിനു കുറച്ചു ഡ്രസ്സ് വാങ്ങണം “അയാളുടെ മുഖത്തു നോക്കാതെ മുമ്പിലെ റോഡിൽ നോക്കിയാണ് അവളത് പറഞ്ഞത്. ശബ്ദം പതറാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു

” ഉം… ” അയാളുടെ ഗൗരവം വിടാതെയുള്ള നീണ്ട മൂളൽ കേട്ടിട്ടും അവൾ അയാൾ ഇരിക്കുന്ന വശത്തേക്ക്  നോക്കിയില്ല.

കാറിൽ നിശ്ശബ്ദത പെയ്തിറങ്ങി.

ആ നിശബ്ദതയിൽ അവൾ ഓർക്കുകയായിരുന്നു വേട്ടപ്പട്ടിയുടെ വായിൽ നിന്നും രക്ഷപ്പെട്ട മാൻകുട്ടിയുടെ കഥ… ഇനിയും നടുക്കത്തോടെ ഓർക്കുന്ന ആ കാലം.

     വിവാഹം കഴിഞ്ഞു മാസങ്ങൾക്കു ശേഷമാണ് മുംബൈയിലേക്ക്‌ അരുണേട്ടനോടൊപ്പം അവൾ പോയത്. അവിടെ അരുണിന് ചെറുതെങ്കിലും മനോഹരമായ‌ ഒരു ഫ്ലാറ്റുണ്ട്. വിവാഹ ശേഷം ഏട്ടനോടൊപ്പം വലിയൊരു നഗരത്തിൽ. ആഹ്ലാദത്തിന്റ നാളുകളായിരുന്നു അവ. മിക്കവാറും വൈകുന്നേരം ഏട്ടൻ ഓഫീസിൽ നിന്ന് വന്നാൽ പുറത്തു പോകും അവർ . മറൈൻ ഡ്രൈവിൽ കാമുകീ കാമുകരോടൊപ്പം കടലിലേക്ക് നോക്കി ഒട്ടിയിരിക്കും. വിക്ടോറിയ ടെർമിനസ്സിനു മുന്നിലെ തിരക്ക് നോക്കി വാ പൊളിച്ചു നിൽക്കും. അരുണേട്ടനായിരുന്നു അവളുടെ  ലോകം. ഹിന്ദി അറിയാത്ത ആൾ  അരുണേട്ടൻ  പറഞ്ഞു തരുന്ന കഥകളെല്ലാം വിശ്വസിച്ചു. വട പാവ് ആണ് ലോകത്തിലെ ഏറ്റവും രുചിയുള്ള ഭക്ഷണ സാധനമെന്നു പറഞ്ഞു വാങ്ങിതന്നപ്പോൾ ഇഷ്ടമായില്ലെങ്കിലും അതൊട്ടും പുറത്തു കാണിക്കാതെ കഴിച്ചു.

രാവിലെ ഏട്ടൻ  ജോലിക്ക് പോയിക്കഴിഞ്ഞാൽ ഉണ്ടാകുന്ന വിരസത ഒഴിച്ചു നിറുത്തിയാൽ ജീവിതം സന്തോഷത്തിൽ ആറാടി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.

അവിടെ വെച്ചാണ് ഈ മനുഷ്യനെ കൂടുതൽ അടുത്തറിയുന്നത്.  വേറെ ഓഫീസിലാണ് ജോലി. താമസം ദൂരെ കൊളാബയിൽ എങ്കിലും ഏട്ടന്റെ  ആത്മസുഹൃത്തും സഹോദരനുമായ ആ മനുഷ്യൻ ഫ്ലാറ്റിൽ ഇടയ്‌ക്കിടെ വരാറുണ്ടായിരുന്നു. ആ സൗഹൃദത്തിന്റെ ആഴം ഏട്ടന്റെ  വായിൽ നിന്ന് തന്നെ കേട്ടിട്ടുള്ളതിനാൽ അവൾക്കതിൽ  അതൃപ്തിയൊന്നും തോന്നിയിരുന്നില്ല.അരുണേട്ടൻ ഉള്ളപ്പോൾ  മാത്രം വന്നുകൊണ്ടിരുന്ന ആൾ പിന്നീട് ഭർത്താവില്ലാത്ത സമയത്ത് വന്നു തുടങ്ങിയപ്പോഴും ചേട്ടന്റെ സ്ഥാനം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. സരസനായ അയാൾ അവിടെയുള്ള നിമിഷങ്ങൾ തന്റെ വിരസത മാറ്റാനുള്ള ഈശ്വരന്റെ അനുഗ്രഹമായും തോന്നിയിരുന്നു. തന്റെ കൈ കൊണ്ടു വെച്ചു വിളമ്പുന്ന ഭക്ഷണം കഴിച്ചു ഇപ്പോഴാണ് വായ്ക്ക് രുചിയായി വല്ലതും കഴിക്കുന്നത് എന്ന പുകഴ്ത്തൽ കേൾക്കുമ്പോൾ ഭാര്യയെയും മക്കളെയും വിട്ടു ഒറ്റയ്ക്ക് താമസിക്കേണ്ടി വന്ന ഒരാളുടെ അവസ്‌ഥയോർത്തു സഹതാപം തോന്നിയിരുന്നു. പക്ഷേ ഇടയിലെപ്പോഴോ അറിയാത്ത ഭാവത്തിലുള്ള തട്ടലും മുട്ടലും തുടങ്ങിയപ്പോൾ സംസാരരീതിയിൽ മാറ്റം വന്നപ്പോൾ മാത്രം ചെറുതായി സംശയം തോന്നി.

     വെറും ഇരുപത്തിയൊന്നുകാരിയായ അവളുടെ  മനസ്സിൽ ആശങ്കകൾ വളർന്നു തുടങ്ങി. പക്ഷേ അയാളെ സ്വന്തം സഹോദരനെക്കാൾ അകമഴിഞ്ഞു സ്നേഹിക്കുന്ന ഭർത്താവ് ഇത് കേട്ടാൽ തളർന്നു പോകുമെന്നോ തന്നെ അവിശ്വസിക്കുമെന്നോ താൻ വലിയൊരു പ്രശ്നം രൂപപ്പെടുന്നതിനു കാരണമാകുമെന്നോ ഉള്ള ഭയം. അല്ലെങ്കിൽ അരുണേട്ടന്റെ മനസ്സിന് തീരെ കട്ടി കുറവാണെന്നുള്ള കാര്യം അറിയുന്നത് കൊണ്ടാകാം ജീവിതത്തിൽ ആദ്യമായി സംഭവിക്കുന്ന ഇത്തരമൊരു അവസ്‌ഥ ഭർത്താവിൽ നിന്നും മറച്ചു വെയ്ക്കാൻ അന്ന് അവളെ  പ്രേരിപ്പിച്ചത്. ഇത്തരമൊരു ഒരവസ്ഥ എങ്ങിനെ നേരിടണം എന്നറിയാതെയുള്ള പക്വതയില്ലായ്മ.

അയാളുടെ സ്പർശനങ്ങൾ കടന്നു പിടുത്തങ്ങളായി മാറിയപ്പോൾ താൻ എതിർത്തു, കുതറി, ചീറി , കരഞ്ഞപേക്ഷിച്ചു. ഇരയുടെ ദൈന്യത മുതലെടുക്കുന്ന കുറുക്കനെ പോലെ ഇവളാരോടും ഒന്നും പറയാതെയിരിക്കുന്നത് എതിർപ്പില്ലാത്തതിനാൽ ആണെന്നുള്ള മിഥ്യാബോധം അയാളുടെ ഉള്ളിലെ മൃഗത്തെ വളർത്താനെ ഉപകരിച്ചുള്ളൂ. താൻ മൂലം ഒരു പ്രശ്നമുണ്ടാകേണ്ട എന്ന തോന്നൽ  തെറ്റായിപ്പോയി എന്ന ചിന്ത മനസ്സിനെ മഥിക്കുന്ന സമയത്താണ് ആ സംഭവമുണ്ടായത്.

    ഒരുദിവസം രാവിലെ അരുണേട്ടൻ  ജോലിക്ക് പോയതിന്റെ പുറകെ കയറി വന്ന അയാൾ ബലം പ്രയോഗിച്ചു തന്നെ കിടക്കയിലേക്ക് തള്ളി മറിച്ചിട്ട് മുകളിലേക്ക് കയറിയിരുന്നപ്പോൾ അന്നാദ്യമായി താനൊരു വെറും പെണ്ണായി മാറിയത് അറിഞ്ഞു. ഉറക്കെയുള്ള തൻറെ നിലവിളി തന്നെയാകണം കാരണം അയാൾ പെട്ടെന്ന് പകച്ചു പോയി. ഉടൻ സോറി സോറി എന്ന് പറഞ്ഞു ഇറങ്ങിപ്പോവുകയും ചെയ്തു.  എങ്കിലും അത് തന്റെ മനസ്സിന് ഉൾക്കൊള്ളാൻ കഴിയുന്നതിലും വലിയ മുറിവായിരുന്നു. അതാണ് വൈകിട്ട് ജോലി കഴിഞ്ഞു വന്ന അരുണേട്ടനോട്  തനിക്കിനി ഒരു നിമിഷം പോലും ഇവിടെ നിൽക്കാൻ സാധിക്കില്ല എന്ന് പറഞ്ഞതും ഉടൻ തന്നെ വീട്ടിൽ പോകണം എന്ന ശാഠ്യത്തിൽ ഉറച്ചു നിന്നതും. കാരണം എന്താണെന്ന് കുറെയേറെ ചോദിച്ചിട്ടും പറഞ്ഞില്ല. മനസ്സിൽ ഉറപ്പുണ്ടായിരിന്നു ആ മനുഷ്യന് തന്റെ ഭ്രാന്ത് പിടിച്ചത് പോലുള്ള പ്രതികരണം വലിയൊരു ഷോക്ക് ആയെന്നും താനിത് ആരോടെങ്കിലും പറയും എന്ന ഭീതി ഉളവായിട്ടുണ്ടെന്നും. ദിവസങ്ങൾ കഴിഞ്ഞും അവൾ  ആ വാശിയിൽ തന്നെ നിന്നപ്പോൾ അരുണേട്ടൻ കീഴടങ്ങി. അവൾക്കു  നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്തു

ഏതാണ്ടൊരു വർഷത്തിന് ശേഷം അരുണേട്ടനും നാട്ടിലേക്കു ട്രാൻസ്ഫർ വാങ്ങി മടങ്ങിയെത്തി . അതിനു ശേഷം ആ മനുഷ്യനെ മിന്നായം പോലെ ചിലയിടങ്ങളിൽ കണ്ടിട്ടുണ്ടെങ്കിലും ഒരിക്കലും മുഖാമുഖം കണ്ടിരുന്നില്ല. വർഷങ്ങൾ  ഏറെ കഴിഞ്ഞിരിക്കുന്നു .

താൻ കാറിൽ കയറില്ലായിരുന്നു പക്ഷേ തന്നെയും ഇയാളെയും അറിയുന്ന ആളുകൾക്ക് അത് സംശയത്തിന് ഇട നൽകും. അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കേണ്ടി വരുന്ന അവസ്ഥ ഒരു വാക്ക് പിഴച്ചാൽ ആയിരം കഥകൾ പിറവിയെടുക്കുന്ന ലോകത്ത് എന്തിന് താനൊരു ഇരയാകണം എന്ന ഒറ്റ ചിന്തകൊണ്ട് തന്നെയാണ് കയറിയതും.

     “സുഖമാണോ “

പെട്ടെന്നാണ് അയാളുടെ ചോദ്യം

” അതെ ” ഒറ്റവാക്കിൽ മറുപടിയും കൊടുത്തു. പിന്നെ സംസാരമൊന്നും ഉണ്ടായില്ല. ഇറങ്ങാനുള്ള സ്ഥലത്തിന് കുറച്ചു മുമ്പിൽ അയാൾ വണ്ടി നിർത്തി.

” എന്നോട് ഇപ്പോഴും ദേഷ്യമുണ്ടോ. ക്ഷമിക്കണം അന്നെന്താണ് എനിക്കങ്ങനെ തോന്നിയത് എന്നറിയില്ല. ഒരുപാട് ഇഷ്ടമായിരുന്നു. പ്രായത്തിന്റെ തിളപ്പിൽ അറിയാതെ സംഭവിച്ചു പോയതാണ് …” നരച്ചു തുടങ്ങിയ മുടി പുറകോട്ടു കോതി വെച്ച് കൊണ്ട് അയാൾ പറഞ്ഞു

അപ്പോഴേക്കും സൂര്യയുടെ ഒച്ചയുയർന്നു

” ഇഷ്ടമോ.. ആ വാക്കിന്റെ അർത്ഥമറിയുമോ നിങ്ങൾക്ക്. നിങ്ങൾക്കറിയുമോ ഒരേട്ടന്റെ സ്ഥാനത്താണ് നിങ്ങളെ ഞാൻ കണ്ടത്. അറിയാതെ ആ ബഹുമാനം മനസ്സിൽ തന്നു പോയി. നിങ്ങളുടെ വൃത്തികെട്ട കണ്ണിൽ വെറുമൊരു ഉപഭോഗ വസ്തു മാത്രമാണ് ഞാൻ എന്നറിയാൻ വൈകി. അറിയാമല്ലോ ഞാൻ ആരോടെങ്കിലും പറഞ്ഞിരുന്നുവെങ്കിൽ ഇന്നത്തെ നിങ്ങളുടെ അവസ്‌ഥ എന്താകുമായിരുന്നെന്നു. അതിന് നന്ദിവാക്കൊന്നും പറയണ്ട പകരം ഇത് നമ്മുടെ അവസാന സംസാരമായിരിക്കണം. ഇനിയീ ജന്മത്തിൽ എനിക്കീ മുഖം കാണാനും സംസാരിക്കാനും താല്പര്യമില്ല. അത് നിങ്ങളുടെ മനസ്സിലുണ്ടാകണം. അങ്ങനെയുള്ള  സാഹചര്യങ്ങൾ വന്നാൽ സ്വയം  ഒഴിഞ്ഞ്‌ പോകണം. എന്റെ ഭർത്താവ് ഇപ്പോഴും നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അതിൽ ഉൾക്കുത്തു തോന്നുന്നതാണ് നിങ്ങൾക്കുള്ള ശിക്ഷ… ഒരുകാര്യത്തിൽ മാത്രം എനിക്ക് നിങ്ങളോട് നന്ദിയുണ്ട്. പ്രതികരിക്കാൻ പഠിപ്പിച്ചതിൽ. അന്നത്തെ പേടിച്ചരണ്ടവളല്ല ഇന്ന് ഞാൻ…  ഇന്നെന്റെ നേരെ തെറ്റായ അർത്ഥത്തിൽ ഒരു കയ്യുയർന്നാൽ അരിഞ്ഞു താഴെയിടാനും മാത്രം ധൈര്യമുണ്ടെനിക്ക്. ഒരു പെണ്ണ് അടുത്തിട പഴകിയാൽ കൂടെ കിടക്കാൻ പാ വിരിക്കാനുള്ള ക്ഷണമായി കരുതുന്ന ഇന്നത്തെ ചില ആണുങ്ങളുടെ വികലമായ ചിന്തയ്ക്കൊരു ഉദാഹരണമാണ് നിങ്ങൾ. ഇത് കഴിഞ്ഞു ഇനിയൊരു സംസാരമില്ല “.

 ദേഷ്യത്തോടെ ഇത് പറഞ്ഞു ഡോർ തുറന്ന് ശക്തിയിൽ വലിച്ചടച്ചു മുന്നോട്ട് നടക്കൂമ്പോഴും സൂര്യയുടെ മുഖത്ത് കത്തുന്ന തീയുടെ ഭാവമായിരുന്നു.

     രണ്ടു ദിവസം കഴിഞ്ഞു അടുക്കളയിൽ, മോൾക്ക് ഇഷ്ടമുള്ള പാലട ഉണ്ടാക്കിക്കൊണ്ടു നിൽക്കുമ്പോൾ കയറി  വന്ന അരുണേട്ടന്റെ  സൂര്യേ നീയറിഞ്ഞോ എന്നുള്ള വിളി കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ ദുഃഖഭാവത്തിൽ ഏട്ടൻ

‘എന്ത് പറ്റി’  എന്ന ചോദ്യത്തിന് മറുപടിയായി 

‘ അവൻ യൂ എസ്സിലെ ഒരു ഐടി കമ്പനിയിൽ ജോലി കിട്ടി പോകുവാണത്രേ.ഇനി അവിടെ സെറ്റിലാവുകയാണത്രെ.

നല്ലൊരു കൂട്ടായിരുന്നു  ഇനി ഞാൻ ഒറ്റയ്ക്കായി ‘ എന്നുള്ള മറുപടി കേട്ടപ്പോൾ ആ അവൻ ആരാണെന്ന് സൂര്യയ്ക്ക് വളരെ വേഗം മനസ്സിലായി.

“ഏട്ടന് ഞാനില്ലേ ഞാൻ പോരേ എന്റെ ഏട്ടന് ” എന്ന സ്നേഹസ്‌മൃണമായ ചോദ്യത്തോടെ ആ നെഞ്ചിലേക്ക് തല ചായ്ച്ചപ്പോൾ ആ കരങ്ങൾ ചുറ്റി വരിഞ്ഞപ്പോഴാണ് അടുപ്പത്ത് വെച്ച പാൽ തിളച്ചു പൊന്തിയത്.

ശുഭത്തിന് ഏറ്റവും അനുയോജ്യമായ ആ ശുഭ്ര നിറത്തിലേക്ക് മിഴികൾ പായിക്കുമ്പോൾ സൂര്യയുടെ മുഖത്ത് ഒരു പുഞ്ചിരിയുണ്ടായിരുന്നു ജീവിതം തിരിച്ചു കിട്ടിയ ആശ്വാസത്തിന്റെ പുഞ്ചിരി.

Print Friendly, PDF & Email