കഥ

സീൻ മൊത്തം കോൺട്രാസ്ഥലം എന്റെ നാട്ടിലെ മാർക്കറ്റ്. ഈ മാർക്കറ്റും ഞാനുമായി അഭേദ്യമായൊരു ( തെറ്റിയോ ആവോ അങ്ങിനെ ഏതോ ഒരു വാക്കാണ്. ) ബന്ധമുണ്ട് ഐ മീൻ ഞാൻ ചന്തയല്ല എന്റെ നാട്ടിലെ ചന്തയാണ് താരം. . ഇവിടുത്തെ ഓരോ മണൽത്തരിക്കു പോലും എന്നെ അറിയാം ( സത്യം. സംശയമുണ്ടേൽ മണൽ തരിയോട് തന്നെ ചോദിക്കണം..വേറെ ഒന്നിനോടും പോയി ചോദിച്ചേക്കരുത്. ) ഇവിടെ കച്ചവടം ചെയ്യുന്ന എല്ലാവരോടും ഞാൻ നല്ല കൂട്ടാണ്. എത്ര തിരക്കിലാണെങ്കിലും അവരോടൊക്കെ വർത്തമാനം പറഞ്ഞു വിശേഷം ചോദിച്ചിട്ടെ വരൂ. അവർ ഒരു അര കത്തി വയ്ക്കുമ്പോൾ നമ്മൾ ഒരു പിക്കാസെങ്കിലും വയ്ക്കണ്ടേ അതല്ലേ അതിന്റെ ഒരു ഇത്. അത് കൊണ്ട് തന്നെ എല്ലാവരും പറയാറുണ്ട് നല്ല നീളമാണ് നാക്കിന് എന്ന്. കൃത്യമായ അളവ് എടുക്കാൻ നിന്ന് കൊടുത്തിട്ടില്ല.

ചന്തയിൽ ഒരു ചേച്ചിയുണ്ട് നിറത്തിലെ ഇച്ചിരി കുറവ് മുഖത്തിലെ ഐശ്വര്യം കൊണ്ട് കടത്തിവെട്ടിയ സുന്ദരിയായ ചേച്ചി. ആര് കണ്ടാലും കമ്പനി അടിച്ചു പോകുന്ന സ്വഭാവം ആയതു കൊണ്ട് സ്വാഭാവികമായും ഞാനും   നല്ല കമ്പനിയാണെന്നു പ്രത്യേകിച്ചു പറയണ്ട കാര്യമൊന്നുമില്ലല്ലോ. ആ ചേച്ചിയാണെങ്കിൽ ഉരുളയ്ക്ക് ഉപ്പേരി മറുപടി കൊടുക്കുന്ന ടൈപ്പ് ആണ്.. ഉപ്പേരി മാത്രമല്ല കൂടുതൽ ഇട്ടു തോണ്ടിയാൽ ചിലപ്പോൾ ഉപ്പേരിയും, ചിപ്സും വരെ വിളമ്പിയെ ചേച്ചി വിടൂ..അങ്ങിനെ അല്ലെങ്കിൽ മാർക്കറ്റിൽ പിടിച്ചു നിൽക്കാൻ പറ്റില്ലല്ലോ സ്ത്രീകൾക്ക്.

പ്രധാന കഥാപാത്രം ചേച്ചി ആയതു കൊണ്ട് ഒന്ന് പൊലിപ്പിച്ചു എന്നെ ഉള്ളൂ, സൈഡ് കഥാപാത്രങ്ങൾ, കർട്ടൻ വലിക്കുന്നത് വരെ  പിന്നെയും കുറെ പേരുണ്ട്. അങ്ങിനെ ലോകമാകെ വിലസുന്ന കൊറോണ പോലെ   … ങ്ങേ.. ഇതിലും കൊറോണയോ … ഏതു രാജ്യം … നിങ്ങൾക്കൊക്കെ വട്ടായോ… ഒന്നൂടെ നോക്കിക്കേ…

അങ്ങിനെ വല്ലപ്പോഴുമൊക്കെയൊ ചന്തയ്ക്ക് പോകൂ എങ്കിലും, കണ്ടും മിണ്ടിയും കുറെപ്പേർ കമ്പനിയായി, കൂട്ടത്തിൽ അല്പം കറിക്കുള്ള സാധനങ്ങളും വാങ്ങും..കായി കൊടുത്തു തന്നെ. കച്ചോടം വേറെ കമ്പനി വേറെ. ഇങ്ങിനെ ഒക്കെ കൊണ്ടും കൊടുത്തതും മുന്നേറി പൊക്കോണ്ടിരുന്ന സമയത്താണ് ആ കോണ്ട്ര സീൻ സംഭവിച്ചത്…അത് എന്റെ പിഴ, എന്റെ വലിയ പിഴ, ഞാൻ ഒന്ന് ഒച്ച വച്ചിരുന്നെങ്കിൽ, അരുതേ എന്നൊരു വാക്കു മിണ്ടിയിരുന്നെങ്കിൽ ആഹ്, ഇനിയിപ്പോൾ പറഞ്ഞിട്ട് കാര്യമില്ലല്ലോ, പോയ ബുദ്ധി ബെല്ലടിച്ചാൽ നിക്കില്ലല്ലോ..

ഇനി പറയാൻ പോകുന്നത് ഒരു രഹസ്യമാണ്..എല്ലാവരും മനസ്സിൽ പ്രോമിസ് ചെയ്തേ ആരോടും പറയില്ലാന്ന്. ഇതാ ഞാൻ അത് പറയാൻ പോകുന്നു..അന്നും പതിവുപോലെ ഞാൻ മാർക്കറ്റിൽ എത്തി..മാർക്കറ്റ് ഉണർന്ന് തുടങ്ങിയതേ ഉള്ളൂ..സ്കൂൾ അസംബ്ലിക്ക് കുട്ടികളെ നിർത്തുന്നത് പോലെ, തക്കാളിയും, കത്തിരിയും ഒക്കെ നിരത്തി നിർത്തുന്ന ജോലിയിലാണ് പലരും..   നമ്മടെ ചേച്ചിയും അടുത്ത നിമിഷം തനിക്കു സംഭവിക്കാൻ പോകുന്ന ആ മഹാ സംഭവത്തെക്കുറിച്ച് അറിയാതെ  എനിക്ക് പുറം തിരിഞ്ഞു നിന്ന് കടയിലേക്ക് കുനിഞ്ഞു സാധനങ്ങൾ മുന്നിലെ തട്ടിൽ നിരത്തി വെക്കുകയാണ്.

ഞാൻ അറിയാതെ കടന്നു പോകുന്ന തല്ലുപോലും ഓട്ടോ പിടിച്ചു പോയി  വാങ്ങി വരാറുള്ള   എന്നിലെ വികൃതി പെട്ടെന്ന് സട കുടഞ്ഞു എഴുന്നേറ്റു.  പെട്ടെന്നു ഞാൻ കർമനിരതയായി സഡൻ ബ്രേക്ക് ഇട്ട് നിന്നു ആദ്യം പിന്നെ  പമ്മി പമ്മി ഉപ്പൂറ്റി നിലത്ത് തൊടാതെ ഒച്ചയുണ്ടാക്കാതെ ചേച്ചിയുടെ അടുത്തേക്ക് നടന്നു…  ചേച്ചി എന്നെ കാണുന്നില്ല പക്ഷേ ചുറ്റുമുള്ള കടക്കാരൊക്കെ എന്നെ കാണുന്നുണ്ട്. ഞാൻ അവരോട് ചുണ്ടിൽ വിരലമർത്തി മിണ്ടരുത് എന്നാംഗ്യം കാണിച്ചു. വീണ്ടും പമ്മി പമ്മി നടന്നു. ചേച്ചിയുടെ തൊട്ടു പുറകിലെത്തി. ചേച്ചി ഇതൊന്നും അറിയുന്നില്ല നല്ല ഉഷാർ അടുക്കി പെറുക്കി വെക്കൽ. ഞാൻ ചുറ്റുമുള്ളവരെ എല്ലാവരെയും നോക്കി ശബ്ദമില്ലാതെ പല്ലിളിച്ചു കാണിച്ചു. ആകെ എന്റെ കൈ വാക്കിനു കിട്ടിയത് അതായിരുന്നു..ചേച്ചിയുടെ “പൃഷ്ഠം”, പിന്നെ ഒന്നും നോക്കിയില്ല ഞെക്കി ഒരു  ഒറ്റപ്പിടുത്തം. സത്യമായും ചേച്ചിയെ ഒന്നു പേടിപ്പിക്കാം എന്നെ വിചാരിച്ചുള്ളു .അല്ലാതെ എനിക്ക് ആ ഭാഗം ഒരു വീക്നെസ് ആയതു കൊണ്ടാണ് എന്നൊന്നും ചിന്തിച്ചേക്കരുത്…

പണ്ട് പൃഷ്ഠം പിടി കോഴ്സ് ഒന്നും അറ്റൻഡ് ചെയ്യാതിരുന്നത് കൊണ്ടും അങ്ങിനെ ഒരു  ശീലമില്ലാത്തത് കൊണ്ടും എന്റെ പിടിത്തം ഒന്നൊന്നര പിടിക്കും മേലെ ആയിരുന്നു.  അപ്രതീക്ഷിതമായ ആ പിടിത്തത്തിന്റെ ആഘാതത്തിൽ മണ്ണിടിഞ്ഞു വീഴുന്ന പോലെ   ഞെട്ടി തെറിച്ചു  മുന്നിലെ പച്ചക്കറി സ്റ്റാന്റിലേക്ക് ചേച്ചി മൂക്കും കുത്തി അങ്ങ് പ്രണമിച്ചു…. അമ്മാതിരി പിടിയല്ലെ പിടിച്ചത്.

എന്ത് പറയാൻ…. ചേച്ചി തിരിഞ്ഞത് ഒന്ന് കാണണം മക്കളേ.. ഒരൊന്നാന്നര രണ്ട് രണ്ടേമുക്കാൽ കാഴ്ചയാണ്. സിനിമയിൽ നായകന്മാർ എഴുന്നേൽക്കുന്നത് പോലെ പച്ചക്കറിയൊക്കെ മുഖത്തിന്റെ രണ്ടു സൈഡിലൂടെയും ചിതറി. തിരിയുന്നതിന് മുമ്പേ ഡയലോഗ് വന്നു . ടൈം സെൻസ് ഇല്ലാത്ത ചേച്ചി  ഫ.ാാാാ നായേ……………. ഹോ എനിക്കിത്തിരി തണ്ടും തടിയും ഉള്ളത് കാരണം നിന്നിടത്തു നിന്നനങ്ങിയില്ല. അല്ലേൽ മിനിമം ഒരു പത്ത് മീറ്റർ ദൂരം തെറിച്ചു പോയേനെ… അമ്മാതിരി ആട്ടല്ലേ പെണ്ണുമ്പിള്ള ആട്ടിയത്.  ആഹ് , നല്ല സാധനങ്ങൾ മാത്രമല്ല നല്ല ആട്ടു കേൾക്കാനും, കാണാനും ഞങ്ങളുടെ മാർക്കറ്റിൽ തന്നെ പോകണം എന്ന് എനിക്ക് അന്ന് മനസിലായി.

ഇത്തിരി തുപ്പൽ ഒക്കെ മുഖത്തേക്ക് തെറിച്ചെങ്കിലും തൽക്കാലം ഞാൻ വൈപ്പർ ഓൺ ചെയ്യാതെ  നമ്രശിരസ്കയായി വിനീത വിധേയയായി അവിടെ നിന്നു. ചുറ്റുമുള്ള കടക്കാരൊക്കെ നിർത്താതെ പൊട്ടി പൊട്ടി ചിരിക്കുന്നുണ്ട്. ഒരുപക്ഷേ ചന്തയിലെ അറിയപ്പെടുന്ന ചന്തി ആരെങ്കിലും ഒന്ന് പിടിച്ചല്ലോ എന്ന സന്തോഷം കൊണ്ടാവണം.. എനിക്കും നല്ല ചിരി വരുന്നുണ്ട് അത് പക്ഷെ അങ്ങിനെ ഒരു ചന്തിക്കു പിടിച്ചതിന്റെ ആനന്ദത്തിൽ അല്ല. പക്ഷേ ചിരിക്കാൻ ആവില്ലല്ലോ.. ചന്തി നീറി തിരുമ്മി ദേഷ്യത്തിൽ ഇടഞ്ഞു നിൽക്കുന്ന അവരുടെ മുഖത്തു നോക്കി ഞാൻ ഇനി ചിരിച്ചും കൂടി കാണിച്ചാൽ അവസ്ഥ എന്താവും എന്ന് ഊഹിക്കാമല്ലോ.  പത്ത് പച്ചമുളക് ചവച്ചു കൂൾ ആയിട്ട് നിക്കാം പക്ഷെ  ഈ ചിരി കടിച്ചമർത്തി നിൽക്കുക എന്നത് അതിലും വലിയ സാഹസം ആണെന്ന്  എനിക്കന്നാണ് മനസ്സിലായത്. ഞാൻ മുഖമുയർത്തിയില്ല.

ചേച്ചിയെ നോക്കിയാൽ എനിക്ക് ചിരി വരും, ഞാൻ ചിരിച്ചാൽ അവർ പിന്നെയും വയലന്റ് ആവും.. ഞാൻ തലയുയർത്താതെ കണ്ണുയർത്തി ചുറ്റുമുള്ള കടക്കാരെ നോക്കി. എന്റെ മുഖത്ത് ചിരി വരുന്ന ചുണ്ട് കടിച്ചമർത്താൻ ശ്രമിക്കുന്നതിന്റെ വിവിധ ഭാവങ്ങൾ വിരിഞ്ഞു. അതിൽ ഒന്ന് രണ്ടു ഭാവങ്ങൾ അവർ സിലിമയിൽ എടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്..

ഞാൻ പിടിച്ചിടത്തെ ചുളിവൊക്കെ നിവർന്നു കാണണം, ആട്ടൊക്കെ നിർത്തി  ചേച്ചി തിരിഞ്ഞപ്പോഴാണോ എന്നെ  കാണുന്നത്. ചേച്ചി എന്റെ പുറകിലേക്കും വശത്തേക്കും ഒക്കെ നോക്കി ആരെയും കാണാനില്ല. നീയോ???? നീയും ചന്തിക്കൊക്കെ പിടിക്കുമോ എന്നൊരു സംശ ഭാവത്തിൽ  ചേച്ചി വിശ്വാസം വരാതെ ചോദിച്ചു. ആ ചന്തിക്കു പിന്നിലെ വെളുത്ത കരങ്ങൾ എന്റേതായിരുന്നു എന്ന് ഞാൻ തല കുലുക്കി സമ്മതിച്ചു..

നിനക്കെന്തിന്റെ ക്രിമികടിയാടീ….ി?? ആ ചോദ്യത്തിന്റെ ആവേശം കണ്ടപ്പോൾ അത് വരെ ബ്രേക്ക് ഇട്ടു വച്ചിരുന്ന എന്റെ ചിരി ബ്രേക്ക് പൊട്ടിയ കാറ് പോലെ ചന്തയ്ക്കുള്ളിൽ തലങ്ങും വിലങ്ങും പാഞ്ഞു. ചിരി പൊട്ടിച്ചിരിയായി പിന്നെ അട്ടഹാസമായി പിന്നെ വേറെ ചിരികൾ ഒന്നും ഇല്ലാത്തതു കൊണ്ട് കണ്ണിൽ നിന്ന് വെള്ളം വന്നു.ചിരി സ്റ്റോക്ക് ഇല്ലാന്ന് എഴുതിക്കാണിക്കാൻ വയ്യാത്ത കൊണ്ട് അവസാനം ശ്വാസം കിട്ടാത്ത അവസ്ഥയായി അമ്മാതിരി ചിരി. കാര്യങ്ങളുടെ പിടിപ്പ് വശം മനസിലായതോടെ ചേച്ചിയുടെ മുഖത്തും ചിരി വിടർന്നു..ആദ്യം ഒരു പുളിച്ച ചിരി, പിന്നെ ഒരു വളിച്ച ചിരി പിന്നെ  ഒരു ചമ്മിയ ചിരി.. പിന്നെ ആ ചിരി നല്ല ചിരിയായി മാറി അത് കണ്ടു നിന്ന എല്ലാവരിലേക്കും കൂട്ട ചിരിയായി എത്തി..ഈ സംഭവങ്ങൾക്ക് ശേഷം അവിടെ എത്തിയവരൊക്കെ ഈ ചിരികളുടെ പൊരുളറിയാതെ കിളി പോയി നോക്കുന്നുണ്ടായിരുന്നു…

ഒടുവിൽ ചിരികൾ തേഞ്ഞു തുടങ്ങിയപ്പോൾ  ഞാൻ ചേച്ചിയോട് പറഞ്ഞു ചേച്ചി ഞാൻ ചുമ്മാ തമാശക്ക്‌….

നിന്റെ തമാശ ഇവിടെ മനുഷ്യന്റെ നല്ല ജീവൻ പോയി. എന്നിട്ട് ചേച്ചി ചന്തി മെല്ലെ തിരുമ്മിക്കൊണ്ടു ചോദിച്ചു ഹോ എന്നാലും ഇതെന്ത് പിടിത്തമാടി ദുഷ്‌ട്ടേ..ആയ കാലത്ത് കെട്ടിയോൻ പോലും ഇങ്ങിനെ പിടിച്ചു കാണില്ല…ഒരു പെണ്ണ് ഇത്രയ്ക്കും ബലമായിട്ട് ചന്തി പിടിക്കുന്നോ….

സോറി ചേച്ചി എന്ന് പറഞ്ഞു ഞാൻ സംഭവം കോമ്പ്രോമിസ് ആക്കി. അവിടുന്ന് തന്നെ സാധനവും വാങ്ങി പോന്നു… ഇത്രയേ ഞാൻ ചെയ്തൊള്ളൂ… ഇനി നിങ്ങള് പറ ഞാൻ ചെയ്തതിൽ എന്തെങ്കിലും തെറ്റുണ്ടോ…ആഹ്, തെറ്റോ ശരിയോ മാത്രം പറഞ്ഞാൽ മതി തെറ്റാണോ ശരിയാണോ എന്നറിയാൻ പിടിയേറ്റ ഭാഗം സന്ദർശിച്ചു റിപ്പോർട്ട് തരാം എന്നൊന്നും ആരും പറഞ്ഞേക്കരുത്…

ചിത്രങ്ങൾ – ജയ് മേനോൻ 

Print Friendly, PDF & Email