ലേഖനം

രാമക്ഷേത്രനിർമ്മാണം ഹിന്ദുരാഷ്ട്രത്തിന്റെ മണിമുഴക്കമോ?



“At the stroke of the midnight hour, when the world sleeps, India will awake to life and freedom. A moment comes, which comes but rarely in history, when we step out from the old to new, when an age ends, and when  the soul of a nation, long suppressed, finds utterance…..The ambition of the greatest man of our generation has been to wipe every tear from every eye. That may be beyond us, but so long as there are tears and suffering, so long our work will not be over. And so we have to labour and to work, and work hard, to give reality to our dreams. Those dreams are for India, but they are also for the world.”.

1947 ഓഗസ്റ്റ് 15 ന് ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയ അവസരത്തിൽ ജവാഹർലാൽ നെഹ്‌റു നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിലെ വരികളാണ് മുകളിൽ, ഒരു ക്രാന്തദർശിയുടെ മനസ്സിൽ മാത്രം പൊട്ടിമുളയ്ക്കുന്ന വാക്കുകൾ. അതിനുശേഷം പാലത്തിനടിയിലൂടെ വെള്ളം ധാരാളം ഒഴുകി. ഇന്നിതാ ഇന്ത്യയുടെ പ്രധാനമന്ത്രി യാതൊരു മടിയോ ശങ്കയോ ഇല്ലാതെ ഒരു മതവിഭാഗത്തിന്റെ ആരാധനാലയത്തിന്റെ നിർമ്മാണപ്രവൃത്തിയുടെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചുകൊണ്ട് താൻ ആരുടെ പക്ഷത്താണെന്ന് വ്യക്തമാക്കിയിരിക്കുന്നു. ഗാന്ധിയോ നെഹ്‌റുവോ വിഭാവന ചെയ്ത ഇന്ത്യയല്ല എന്റെ ഇന്ത്യയെന്ന് ഈ പക്ഷപാതപരമായ പ്രവൃത്തിയിലൂടെ അദ്ദേഹം കാണിച്ചുതന്നിരിക്കയാണ്. മാത്രമല്ല, രാമക്ഷേത്രനിർമ്മാണം രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ പരിസമാപ്തിയാണ് എന്നുകൂടി അദ്ദേഹം പറഞ്ഞുവെച്ചു. ഒന്നാം സ്വാതന്ത്ര്യസമരത്തിലൂടെ നാം ഉയർത്തിപ്പിടിക്കുകയും സ്വാതന്ത്ര്യാനന്തരം സംരക്ഷിക്കുകയും ചെയ്ത മൂല്യങ്ങളുടെ നിരാസമമാണ് ഇപ്പറഞ്ഞ രണ്ടാം സ്വാതന്ത്ര്യസമരത്തിലൂടെ നേടിയത് എന്നാണ് അദ്ദേഹം പറയാതെ പറഞ്ഞത്.

ഗാന്ധിയും നെഹ്രുവും ജീവിച്ചിരുന്ന ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. ഒരു തലമുറമാറ്റം തന്നെ നമ്മുടെ രാജ്യത്ത്  സംഭവിച്ചിരിക്കുന്നു.  ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്ന് നേടിയ സ്വാതന്ത്ര്യത്തിന്റെ74-ആം വാർഷികം തൊട്ടരികെ എത്തിയിരിക്കുന്നു. ഏതൊരു മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചാണോ ഇന്ത്യ സ്വതന്ത്ര ആയത് ആ മൂല്യങ്ങൾക്ക് ചവറ്റുകൊട്ടയിലാണ് സ്ഥാനം എന്ന് ഉൽഘോഷിക്കുന്നവർ സമൂഹത്തിൽ മേൽക്കൈ നേടിക്കൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്.  പക്ഷേ ജനാധിപത്യ-മതേതരമൂല്യങ്ങളെ ഉയർത്തിപ്പിടിക്കേണ്ടവരെന്ന് നാം കരുതുന്നവർ പോലും തങ്ങൾ ഒറ്റപ്പെടുന്നോ എന്ന ഭയപ്പാടിൽ വർഗ്ഗീയശക്തികളുടെ അജണ്ടയ്ക്ക് മുമ്പിൽ തലകുനിക്കുന്നതാണ് നാം കാണുന്ന കാഴ്ച. അതെ, അവരിൽ പ്രമുഖർ കോൺഗ്രസ്സുകാർ തന്നെയാണ്. 2014 ലെ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം തുടങ്ങിയതാണ് കോൺഗ്രസ്സിന്റെ ഈ മൃദുഹിന്ദുത്വ സമീപനം. വാസ്തവത്തിൽ 2014 ലും 2019 ലും എൻ ഡി എ അധികാരത്തിലേറിയത് ഹിന്ദുത്വ പ്രത്യയശാസ്ത്രം മുൻനിർത്തിയല്ല. 2019 ൽ പോലും ബി ജെ പി ക്ക് ഒറ്റയ്ക്ക് 38% വോട്ടുകളേ കിട്ടിയുള്ളൂ. അങ്ങനെ നോക്കിയാൽ കോൺഗ്രസ്സിന് മൃദുഹിന്ദുത്വ നയം സ്വീകരിക്കേണ്ട യാതൊരു ആവശ്യവുമില്ല. ഈ സമീപനം കൊണ്ട് വാസ്തവത്തിൽ കോൺഗ്രസ്സ് സ്വയം കുഴി തോണ്ടുകയാണ്. ബി ജെ പി യെ നോക്കൂ. 1984 ൽ വെറും രണ്ട് സീറ്റുകളേ നേടിയുള്ളൂ എന്നത് അവരെ തളർത്തിയില്ല. കൂടുതൽ ശക്തിയോടെ അവർ സ്വന്തം പ്രത്യയശാസ്ത്രം മുറുകെ പിടിക്കുകയാണ് ചെയ്തത്. എന്നാൽ കോൺഗ്രസ്സാവട്ടെ ഇതുവരെ മുറുകെപിടിച്ച മൂല്യങ്ങളിൽ നിന്ന് തെന്നിമാറി. ഒരു തരം  അഴകൊഴമ്പൻ നിലപാട് എടുക്കുകയാണ് ചെയ്യുന്നത്.  രാമക്ഷേത്രശിലാസ്ഥാപനസമയത്ത് കോൺഗ്രസ്സുകാരിൽ ചില നേതാക്കൾ നടത്തിയ പ്രസ്താവനകൾ വിരൽ ചൂണ്ടുന്നത് അവർ ഇനിയും പാഠം പഠിച്ചിട്ടില്ലെന്നാണ്. അവരിൽ നെഹ്രുവിന്റെ സ്വന്തം ചെറുമകൾ പോലും ഉൾപ്പെടുന്നു എന്നിടത്താണ് രാജ്യം നേരിടുന്ന ദുരവസ്ഥയുടെ വ്യാപുല്യം കൂടുതൽ സ്പഷ്ടമാകുന്നത്.

“ശ്രീരാമന്റെ ക്ഷേത്രം അയോധ്യയിൽ അല്ലെങ്കിൽ പിന്നെ എവിടെയാണ് നിർമ്മിക്കുക, ഹിന്ദുക്കളുടെ മാതൃഭുമിയായ ഭാരതത്തിൽ അവരുടെ മാതൃകാപുരുഷനുവേണ്ടി ക്ഷേത്രം നിർമ്മിക്കുന്നത് കുറ്റമാണോ” തുടങ്ങിയ “നിഷ്കളങ്ക” ചോദ്യങ്ങൾ എന്റെ ചില സുഹൃത്തുക്കൾ ഉന്നയിക്കുകയുണ്ടായി. വേറൊരു കൂട്ടരുടെ ചോദ്യങ്ങൾ മറ്റൊരു തരത്തിലാണ്. “ബാബ്‌റി മസ്‌ജിദ്‌ പൊളിച്ചത് കുറ്റകൃത്യം തന്നെയാണ്. എങ്കിലും അതെല്ലാം ജനമനസ്സിൽ നിന്ന് വിസ്മൃതമായിക്കഴിഞ്ഞില്ലേ? എന്തൊക്കെ പറഞ്ഞാലും രാമക്ഷേത്ര നിർമ്മാണം നടക്കുന്നത് കോടതി വിധിയുടെ ബലത്തിൽ സമാധാനപരമായല്ലേ? പിന്നെ എന്തിന് വീണ്ടും പഴയ കാര്യങ്ങൾ കുത്തിപ്പൊക്കി ജനങ്ങളിൽ അസഹിഷ്ണുത വളർത്തണം?” ഇങ്ങനെ പോകുന്നു അവരുടെ ചോദ്യങ്ങൾ. തുടർച്ചയായ മസ്തിഷ്കക്ഷാളനത്തിലൂടെ സഹിഷ്ണുതാമനോഭാവമുള്ളവരെ കൂടി എങ്ങനെ സ്വന്തം താല്പര്യത്തിന് അനുകൂലമായി സംഘപരിവാർ മാറ്റിയെടുത്തു എന്നതിന്റെ ഉത്തമോദാഹാരണമാണ് ഇത്തരം ചോദ്യങ്ങൾ. പക്ഷെ ഈ ചോദ്യങ്ങൾ ചോദിക്കുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്.  ബാബ്‌റി മസ്‌ജിദ്‌ പൊളിച്ചതും തുടർന്ന് അതേ സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതും ഒരു ഒറ്റപ്പെട്ട പദ്ധതിയല്ല. സംഘപരിവാർ സംഘടനകളുടെ ആവനാഴിയിലെ ഒരു അമ്പ് മാത്രമാണ് രാമക്ഷേത്രനിർമ്മാണം. കഴിഞ്ഞ അഞ്ചോ ആറോ വർഷങ്ങളായി അവരുടെ ആവനാഴിയിൽ നിന്ന് പല അമ്പുകൾ ഇന്ത്യയുടെ മതേതരത്വത്തിനും സമാധാനാന്തരീക്ഷത്തിനും നേരെ പതിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്.   നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളെ പതിയെ പതിയെ എങ്ങനെ അവരുടെ വരുതിയിലാക്കിയെന്ന് നാം കണ്ടുകഴിഞ്ഞു. ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിനെതിരെ സംസാരിക്കുന്നവരെല്ലാം രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുന്നതും നാം കണ്ടുകൊണ്ടേയിരിക്കുന്നു. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കുക എന്ന ബൃഹത്തായ പദ്ധതിയുടെ ഒരു ഘടകം മാത്രമാണ് രാമക്ഷേത്ര നിർമ്മാണം. അതുകൊണ്ടുതന്നെ മുകളിൽ പറഞ്ഞ വാദങ്ങളെ പുരോഗമനവാദികൾ തള്ളിക്കളയേണ്ടതുണ്ട്. അടുത്തത് കാശിയും മഥുരയുമെന്ന് ചില ബി ജെ പി നേതാക്കൾ പ്രഖ്യാപിച്ചുകഴിഞ്ഞു.

അയോധ്യയിൽ രാമക്ഷേത്രത്തിന് തറക്കല്ലിട്ടതോടെ ഹിന്ദുരാഷ്ട്രവാദികളെ സംബന്ധിച്ചിടത്തോളം അവരുടെ ലക്ഷ്യത്തിലേക്ക് ഒരു കാതം കൂടി അടുത്തിരിക്കുകയാണ്.  ഹിന്ദു രാഷ്ട്രം എന്ന് ഭരണഘടനയിൽ എഴുതിച്ചേർത്തിട്ടില്ലായിരിക്കാം; പാര്ലമെന്റ് കൂടുന്നുണ്ടായിരിക്കാം. പക്ഷെ ഹിന്ദുരാഷ്ട്രം എന്ന മാനസികാവസ്ഥ ദിനം പ്രതി സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. രാമക്ഷേത്ര നിർമ്മാണ ശിലാസ്ഥാപനദിനത്തിൽ ഇറങ്ങിയ ഉത്തരേന്ത്യൻ പത്രങ്ങളുടെ ഒന്നാം പേജ് അതാണ് ഉൽഘോഷിച്ചത്. രാമക്ഷേത്ര നിർമ്മാണം നിയമാനുസൃതവും സമാധാനപരവും ആണെന്ന് വാദിക്കാമെങ്കിലും ആ വിധി നിരവധി സംശയങ്ങൾ ഉയർത്തുന്നുണ്ട്. വിധി പ്രസ്താവിച്ച ബെഞ്ചിന്റെ തലവൻ ബി ജെ പി നോമിനിയായി ഇന്ന് രാജ്യസഭയിൽ ഇരിക്കുന്നു എന്നത് നാം കാണാതിരുന്നുകൂടാ. വാസ്തവത്തിൽ ബാബറിമസ്ജിദ്-രാമജന്മഭൂമി കേസിൽ സുപ്രീം കോടതി വിധി പറഞ്ഞ ദിവസമാണ് ഇന്ത്യയിലെ മതേതരത്വത്തിനുമേൽ ആണിയടിക്കപ്പെട്ടത്. ആ വിധിയുടെ ബലത്തിലാണല്ലോ തറക്കല്ലിടൽ നടന്നത്.

(“Even more scholars see cultures as a kind of mental infection or parasite with humans as its unwitting host. Organic parasites, such as viruses, live inside the body of their hosts. They multiply and spread from one host to the other, feeding off their hosts, weakening them, and sometimes even killing them. As long as the hosts live long enough to pass along the parasite, it cares little about the condition of its host. In just this fashion cultural ideas live inside the minds of humans. They multiply and spread from one host to another, occasionally weakening the hosts and sometimes even killing them.” Yuval Noah Hariri – Sapiens, A Brief History of Humankind).

Print Friendly, PDF & Email

About the author

രവി വർമ്മ ടി. ആർ.

തിരുവല്ല സ്വദേശി. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം. 35 വർഷം നീളുന്ന നോർത്തിന്ത്യൻ,വിവിധ വിദേശ രാജ്യ വാസങ്ങൾക്കു ശേഷം ഇപ്പോൾ നാട്ടിൽ വിശ്രമ ജീവിതം.