de Facto

സരയൂതീരത്തെ പശു ഏട്ടിലെ പശു അത്രത്തോളം അവമതിക്കപ്പെടേണ്ടവനല്ലെന്ന് മനസ്സിലാവും കുഞ്ഞുക്കുട്ടന്റെ കഥയറിഞ്ഞാല്‍. ചിലപ്പോഴൊക്കെ ഏട്ടിലെ പശുവാണ് ഭേദമെന്നും തിരിയും.

ആരാണീ കുഞ്ഞുക്കുട്ടന്‍ ?

പറയാം.

കേവലം പതിനാറ് വയസ്സുവരെയുള്ള ജീവിതം കൊണ്ടാണ് കുഞ്ഞുക്കുട്ടന്‍ ഒരു മര്യാദപുരുഷോത്തമനായി മാറുന്നതെന്നത് ശ്രദ്ധേയമാണ്. ഇന്ത്യാക്കാര്‍ക്ക് ശ്രീരാമനല്ലാതെ മറ്റൊരു മര്യാദാപുരുഷോത്തമന്‍ ഇല്ലെങ്കിലും മലയാളികള്‍ കുറഞ്ഞപക്ഷം കുഞ്ഞുക്കുട്ടനെക്കൂടി ഈ കഥയറിയുമ്പോള്‍ ആ പട്ടികയില്‍ പെടുത്തുമെന്ന് വിചാരിക്കാം.

അയോധ്യയില്‍ രാമക്ഷേത്രം ഉയരാന്‍ പോവുന്നു. ബാബറിമസ്ജിദ് തകര്‍ക്കപ്പെട്ടത് മുതല്‍ ചരിത്രത്തിലേക്ക് തിരിച്ചു നടന്ന ഇന്ത്യയ്ക്ക് ഇന്ന് ഹിന്ദുത്വമുഖമുള്ളൊരു ഭരണകൂടമുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ദരിദ്രജനതകളിലൊന്നിന്റെ ജീവന്‍മരണപ്രശ്‌നമായി ഒരു ആരാധനാലയം മാറിയിട്ട് കാലങ്ങള്‍ എത്രയോ കഴിഞ്ഞിരുന്നു. കുറച്ചു കാലം കൂടി പിന്നിടുമ്പോള്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാവും.

പതിനാറ് വയസ്സുള്ള കുഞ്ഞുക്കുട്ടന് അച്ഛന്‍ രണ്ട് പിറന്നാള്‍ സമ്മാനങ്ങള്‍ കൊടുക്കുന്നതോട് കൂടിയാണ് കഥയാരംഭിക്കുന്നത്. ഒന്നൊരു പെന്‍ടോര്‍ച്ച് ആയിരുന്നു. രണ്ടാമത്തേത് ഇത്തിരി വിശിഷ്ടമായിരുന്നു, വിചിത്രവും – ഒരു ടൈംമെഷീന്‍ !

കുഞ്ഞുക്കുട്ടന്‍ നേരേ ടൈംമെഷീനില്‍ കയറിയിരുന്ന് ഒരു സ്വിച്ച് തിരിച്ച് ക്രിസ്തുവിന് അടുത്തേക്ക് പോയി. ക്രിസ്തു ചന്തയില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ പലതും കാട്ടുകയാണ്. ആകാശത്തില്‍ നിന്ന് പ്രാവിനെ വരുത്തുന്നു, അത്ഭുതരോഗശാന്തി നല്‍കുന്നു, ഇങ്ങനെ പലതും. പക്ഷെ ജനങ്ങള്‍ അത്രയ്ക്കതങ്ങ് ശ്രദ്ധിക്കുന്നില്ല. ഈ ഘട്ടത്തിലാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന കുഞ്ഞുക്കുട്ടന്‍ വെറുതെ ഒന്ന് ടോര്‍ച്ച് അടിച്ചു കാണിച്ചത്. ആ അത്ഭുതവിദ്യയില്‍ ജനസഹ്രസം വീണു. അവര്‍ ആര്‍ത്തു : ‘വന്നൂ, യഹൂദരുടെ രാജാവ് ! ‘

ഞാന്‍ യഹൂദനല്ല നായരാണ് എന്ന് കുഞ്ഞുക്കുട്ടന്‍ പറഞ്ഞുനോക്കിയെങ്കിലും ആളുകള്‍ അത് വകവച്ചില്ല. ക്രിസ്തുവിന് ആകെ അങ്കലാപ്പായി. അദ്ദേഹം അറ്റ കൈയ്ക്ക് മാനത്തേക്ക് നോക്കി. പിതാവ് തന്നെ ആശ്രയം : ‘ പിതാവേ, എന്താണീ സാധനം ? ‘

പിതാവ് അറിയിച്ചു : ‘ അത് മൂന്ന് ബാറ്ററിയിടുന്ന എവറെഡി ടോര്‍ച്ചാണ് ‘

‘ എന്ത്് ? ‘ ക്രിസ്തു നിസ്സഹായനായി.

പിതാവ് കരുണാമയനായി : ‘ നിനക്കത് മനസ്സിലാവില്ല, മകനേ ! ‘

അങ്ങനെ ക്രിസ്തുവിനെ വിഷമവൃത്തത്തില്‍ നിര്‍ത്തി കുഞ്ഞുക്കുട്ടന്‍ ടൈംമെഷീന്‍ പിടിച്ച് ആഗ്രയിലെത്തി, അക്ബറിന്റെ കൊട്ടാരത്തില്‍. ദ്വാരപാലകര്‍ കുഞ്ഞുക്കുട്ടനെ തടഞ്ഞെങ്കിലും ടോര്‍ച്ച് മിന്നിയതോടെ കാര്യങ്ങള്‍ വഴിമാറി. ചക്രവര്‍ത്തി വിവരമറിഞ്ഞ് ആഗതനായി. അദ്ദേഹം ടോര്‍ച്ചിന്റെ അത്ഭുതത്തിന് കീഴടങ്ങി. ചക്രവര്‍ത്തിമാരുടെ സ്വാഭാവികജീന്‍ അക്ബറിലൂടെ പിന്നെയും പ്രവര്‍ത്തിച്ചു. ഇത് തനിക്ക് വേണമെന്നായി അക്ബര്‍.

ആദ്യം കുഞ്ഞുക്കുട്ടന്‍ സമ്മതിച്ചില്ല. എന്നാല്‍ രാജ്യത്തിന്റെ പകുതിയും രണ്ട് രാജകുമാരിമാരും എന്ന വാദ്ഗാനത്തില്‍ കുഞ്ഞുക്കുട്ടനിലെ സാധാരണമനുഷ്യജീന്‍ പ്രവര്‍ത്തിച്ചു.

മൂന്നാഴ്ച കഴിഞ്ഞു. ബാറ്ററി തീര്‍ന്നു. ടോര്‍ച്ച് കത്താതെയായി. ചക്രവര്‍ത്തി കുഞ്ഞുക്കുട്ടനെ ബന്ധിതനാക്കി. വധശിക്ഷയ്ക്ക് വിധിച്ചു. തനിക്ക് മൂന്ന് ദിവസം തരാനും തന്റെ കാലത്തിലേക്ക് മടങ്ങിച്ചെന്ന് പുതിയ ബാറ്ററികളുമായി മടങ്ങിയെത്താമെന്നും കുഞ്ഞുക്കുട്ടന്‍ പറഞ്ഞത് അക്ബറിന് അത്ര ബോധിച്ചില്ലെങ്കിലും രാജസഭയിലെ ചിലര്‍ അതാവും നല്ലതെന്ന് അഭിപ്രായപ്പെട്ടു. തല രക്ഷപ്പെട്ട് കിട്ടിയ കുഞ്ഞിക്കുട്ടന്‍ മെഷീനില്‍ കയറി തിരിച്ച് പാലക്കാട്ടെ വീട്ടിലെത്തി.

വീട്ടിലിരുന്ന് കഞ്ഞി കുടിക്കവേ, ഇനിയൊരിക്കലും ചരിത്രത്തിലേക്ക് തിരിച്ചു പോകില്ലെന്ന് കുഞ്ഞിക്കുട്ടന്‍ വിവേകപൂര്‍വം തീരുമാനിക്കുന്നു. കാരണം അത് എത്രത്തോളം അപകടകരമാണെന്ന് അവന് ബോധ്യപ്പെട്ടിരുന്നു.

കുഞ്ഞിക്കുട്ടന്റെ കഥ എഴുതിയത് മലയാളത്തിന്റെ മൗലികപ്രതിഭയായ ഒ.വി.വിജയനാണ്. കഥയുടെ പേര് : ഞെക്കുവിളക്കിന്റെ കഥ.

ഇന്നിപ്പോള്‍ കഥയുടെ ഏട്ടില്‍ നിന്ന് വിവേകമുള്ളൊരു പശുവായി കുഞ്ഞുക്കുട്ടന്‍ തലനീട്ടി നമ്മെ പരിഹസിക്കുന്നത് ശ്രദ്ധിച്ചാല്‍ കാണാം. ചരിത്രത്തിലേക്ക് തിരിച്ചു നടന്ന് വിചാരണയും ശിക്ഷയും വിധിക്കുന്ന ഇന്ത്യയുടെ രാഷ്ട്രീയവര്‍ത്തമാനത്തെ കുഞ്ഞുക്കുട്ടനെന്നല്ല, സാമാന്യബോധമുള്ള ആര്‍ക്കും പരിഹസിക്കാതെ വയ്യ. അയോധ്യയിലെ രാമക്ഷേത്രവും തുര്‍ക്കിയിലെ ഹാജി സോഫിയയും ഈ ടൈംമെഷീന്‍ സഞ്ചാരത്തിന്റെയും വിചാരണയുടെയും ബലികള്‍ മാത്രമാണ്.

വാത്മീകിക്കും, ഇതിഹാസങ്ങള്‍ക്കും, ചരിത്രത്തിനുമിടയില്‍ സംഭവിച്ച ചിലതിന് രാഷ്ട്രീയകാലക്ഷേപത്തിന്റെ ടൈംമെഷീനില്‍ കയറി പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുന്നത് നമ്മെ എങ്ങോട്ടാവും കൊണ്ടുപോവുക എന്ന ചോദ്യത്തിന് ഉത്തരം കിട്ടിക്കൊണ്ടിരിക്കുകയാണ്. അയോധ്യയില്‍ രാമക്ഷേത്രം ഉയരാന്‍ പോവുന്നു. ബാബറിമസ്ജിദ് തകര്‍ക്കപ്പെട്ടത് മുതല്‍ ചരിത്രത്തിലേക്ക് തിരിച്ചു നടന്ന ഇന്ത്യയ്ക്ക് ഇന്ന് ഹിന്ദുത്വമുഖമുള്ളൊരു ഭരണകൂടമുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ദരിദ്രജനതകളിലൊന്നിന്റെ ജീവന്‍മരണപ്രശ്‌നമായി ഒരു ആരാധനാലയം മാറിയിട്ട് കാലങ്ങള്‍ എത്രയോ കഴിഞ്ഞിരുന്നു. കുറച്ചു കാലം കൂടി പിന്നിടുമ്പോള്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാവും. അപ്പോഴെങ്കിലും നാം സരയൂനദിക്കരയില്‍ നിന്ന് ടൈംമെഷീനില്‍ കയറുമെന്നും കത്തുന്ന വര്‍ത്തമാനത്തിന്റെ ഇന്ദ്രപ്രസ്ഥത്തില്‍ വന്നിറങ്ങുമെന്നും വെറുതെ പ്രത്യാശിക്കാം.

അതുവരെ ഏട്ടിലെ കുഞ്ഞുക്കുട്ടന്‍ പുല്ല് തിന്നുന്നത് നമുക്ക് നോക്കിയിരിക്കാം. അങ്ങനെയെങ്കില്‍പ്പോലും പശു നാണിച്ചേക്കാം.

പശുരാഷ്ട്രീയത്തിന്റെ കാര്യത്തില്‍ ആ ഉറപ്പുപോലുമില്ല.

Print Friendly, PDF & Email

About the author

ടി. അരുണ്‍കുമാര്‍

കേരളകൗമുദിയിൽ ദീർഘനാൾ പത്രാധിപസമിതി അംഗം ആയിരുന്നു, ഇപ്പോൾ  സ്വതന്ത്ര മാധ്യമപ്രവർത്തകൻ, ആനുകാലികങ്ങളിലും, പ്രമുഖ ഓൺലൈൻ മാധ്യമങ്ങളിലും എഴുതുന്നു. കഥാരചനക്കുള്ള കേരളസർവകലാശാലയുടെ വി പി ശിവകുമാർ എൻഡോവ്മെന്റ്, മാധ്യമരംഗത്തെ മികവിന് ഇൻഡിവുഡ് മീഡിയ എക്സലെൻസ്‌ അവാർഡ് എന്നിവ നേടിയിട്ടുണ്ട്. "ചീങ്കണ്ണിയെ കടലിൽ ചുട്ടത് " ആദ്യ കഥാസമാഹാരം