ലേഖനം

അയാളെ നമ്മുടെ ഉള്ളിലെ മൂര്‍ത്തിയായി വാഴിക്കാതിരിക്കുകആര്‍ എസ് എസ്- സംഘപരിവാര്‍ രാഷ്ട്രീയത്തെ എതിര്‍ക്കാന്‍, വാസ്തവത്തില്‍ പരാജയപ്പെട്ടത് ആ പാര്‍ട്ടികള്‍ അല്ലാത്ത രാഷ്ട്രീയ കക്ഷികള്‍ ആണ്, അല്ലാതെ ഇന്ത്യന്‍ ജനതയോ ഇന്ത്യന്‍ ജനാധിപത്യമൊ അല്ല എന്ന് വേര്‍പെടുത്തി കണ്ടുകൊണ്ടു മാത്രമേ കാശ്മീരും അയോധ്യയും പോലുള്ള വിഷയങ്ങളില്‍ പ്രതികരിക്കു എന്ന നിലപാടുള്ള ആളാണ്‌ ഞാന്‍.

അതിനു രണ്ടു കാരണങ്ങള്‍ ഉണ്ട്.

ആര്‍ എസ് എസ്- സംഘപരിവാര്‍ രാഷ്ട്രീയത്തിനകത്ത് ഇന്ത്യയുടെ ദൈനംദിന രാഷ്ട്രീയ വ്യവഹാരത്തെ കെട്ടി നിര്‍ത്താന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അവര്‍ക്ക് കഴിഞ്ഞു എന്നുള്ളതാണ് അതില്‍ ഒന്നാമത്തേത്. ഇതില്‍ പ്രധാന പ്രതിപക്ഷമായ കോണ്ഗ്രസ് ഇന്ന് വീണു കിടക്കുകയുമാണ്.  സി പി എം അടക്കമുള്ള പ്രാദേശിക രാഷ്ട്രീയ കക്ഷികള്‍ വളരെ മുമ്പേ തങ്ങളുടെ അവസരവാദ രാഷ്ട്രീയത്തിനകത്തുമാണ് – അവരില്‍ നിന്നും ഇന്ത്യന്‍ ജനാധിപത്യത്തിന് ഏതെങ്കിലും ഒരു ഘട്ടത്തില്‍  എന്തെങ്കിലും സംഭാവന പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. കാരണം, അവര്‍ തങ്ങളുടെതന്നെ ചരിത്രത്തിന്‍റെ  അടിമകളാണ്. അവര്‍   തങ്ങളുടെതന്നെ ഭൂതത്തിന്‍റെ പിടിയിലാണ് – സംഘടനകള്‍ എന്ന നിലയ്ക്ക്കും പഴകിയ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ കൊണ്ടും. ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന ജനത ഈ ‘രാഷ്ട്രീയ പ്രതിസന്ധി’ക്ക് പുറത്താണ്. ഭരണ നിര്‍വഹണത്തില്‍ നിന്നും അവര്‍ ഇപ്പോള്‍ പുറത്താണ് എന്നതുകൊണ്ടു മാത്രം അവരെ അബലരായി കാണരുത്, അത് ലോകം നമ്മുക്ക് സമയാസമയത്ത് കാണിച്ചു തരുന്ന പാഠമാണ്.

രണ്ടാമത്തെ സംഗതി, ഇന്ത്യയില്‍ ഇന്നത്തെ ആര്‍ എസ് എസ് – സംഘപരിവാര്‍ രാഷ്ട്രീയത്തെ  ഇന്ത്യയിലെ ഏറ്റവും പുതിയ തലമുറതന്നെ ഇതിനകം വെല്ലുവിളിച്ചിട്ടുണ്ട് എന്നാണ്. അതിന്‍റെ പ്രധാന ഊര്‍ജ്ജം പരാജയപ്പെട്ട ഇന്നത്തെ പാര്ലിമെന്ററി രാഷ്ട്രീയ് പാര്‍ട്ടികളില്‍ നിന്നല്ല, മറിച്ച് ഇന്ത്യയുടെ ജനാധിപത്യത്തിന്‍റെ ആദ്യ ഉറവകളില്‍ നിന്നായിരുന്നു എന്നത് ശ്രദ്ധേയമാണ്..  പൌരത്വ ഭേദഗതി നിയമത്തിനെത്തിനെതിരെ ഉയര്‍ന്ന പ്രക്ഷോഭവും കാശ്മീരി ജനതയുടെ നിശബ്ദമായ പ്രതിരോധവും വടക്ക് കിഴക്കന്‍ ജനതയുടെ  ആര്‍ എസ് എസ് രാഷ്ട്രീയത്തിനെതിരെ ഉള്ള പ്രതിഷേധവും എല്ലാം അങ്ങനെയൊരു ദിശയിലാണ്. ഇത് വളരെ പ്രധാനമാണ്.

ശരിയാണ്,  ഭരിക്കുന്നതുകൊണ്ടു മാത്രം  തങ്ങളുടെ താല്പര്യങ്ങള്‍ക്കകത്ത്  നില്‍ക്കുന്ന ഒരു ഇന്ത്യയെ വിഭാവനം ചെയ്യാനുള്ള കായിക ശേഷി ഇന്നത്തെ ബി ജെ പി സര്ക്കാരിനുണ്ട്, പക്ഷെ ആ സര്‍ക്കാര്‍ എത്രമാത്രം ഭീരുത്വം നിറഞ്ഞതും അതിന്‍റെ അനിവാര്യമായ പരാജയത്തിന്‍റെ വക്കില്‍ നില്‍ക്കുന്നതുമാണെന്ന് നാം കണ്ടതാണ്. അവര്‍ മറിച്ചിട്ട പ്രാദേശിക സര്‍ക്കാരുകള്‍, അവര്‍ തടവിലാക്കിയ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍, വിമത ബുദ്ധിജീവികള്‍ ഇതെല്ലാം അത് കാണിക്കുന്നുണ്ടായിരുന്നു. അവര്‍ക്ക് അത് വിജയമോ തങ്ങളുടെ ആധിപത്യത്തിന്‍റെ വിസ്താരമൊ ആയിരുന്നു എങ്കില്‍, വാസ്തവത്തില്‍ അവര്‍ മറികടക്കാന്‍ ആഗ്രഹിച്ചത് അവര്‍ക്കെതിരെ നിലപാട് എടുത്ത ജനാധിപത്യ ഇച്ഛയെ തന്നെയായിരുന്നു. എത്ര വര്‍ഷങ്ങള്‍ എടുത്താലും എത്രമാത്രം നീട്ടി കൊണ്ടുപോയാലും ഒരിക്കല്‍ അവര്ക്കതിനെ നേരിടേണ്ടി വരും എന്നത് തീര്‍ച്ചയാണ്. 

ഇന്ത്യയുടെ  ജനാധിപത്യവല്‍ക്കരണത്തില്‍ വിശേഷിച്ച് റോള്‍ ഒന്നും ഇല്ലാതിരുന്ന, ഇപ്പോഴും റോള്‍ ഒന്നുമില്ലാത്ത ഒരു സംഘടനയാണ് ആര്‍ എസ് എസ് – ഇപ്പോള്‍ കേന്ദ്രത്തില്‍ ഭരണകക്ഷി ആയിരിക്കുന്നു എന്നതുകൊണ്ട്‌ അവര്‍ ഇതിനകം ഉണ്ടാക്കിയ സാമൂഹ്യ അപകടങ്ങള്‍ വാസ്തവത്തില്‍ ‘അയോധ്യയിലെ രാമന്‍റെ അമ്പല’ത്തെക്കാള്‍ ആഴമുള്ളതാണ് : അവരുടെ ബുദ്ധിഹീനവും ദയാരഹിതവുമായ ഇടപെടലുകള്‍  കൊണ്ട് സാമ്പത്തികമായും സാമൂഹികമായും തകര്‍ന്ന ഒരു ജനതയാണ്  ഇന്ത്യയുടെ വിവിധ ഭാഷയിലും സംസ്കാരത്തിലും ഇന്ന് ജീവിക്കുന്നത്. ആ “ഇന്ത്യന്‍ ജനത”യാകട്ടെ, ഇന്ന് ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യരുടെ ഒരു വലിയ സംഖ്യയുമാണ്‌. ആധുനികവും നിരന്തരം പുതിയ വെല്ലുവിളികള്‍കൊണ്ട് സ്വയം പുതുക്കുകയും ചെയ്യുന്ന ഭൂമിയിലെ ഇന്നത്തെ ഈ മനുഷ്യ വാസത്തില്‍ നിന്ന് തങ്ങളുടെ മതപരമായ ഒരു മോഹം കൊണ്ടുമാത്രം “ഇന്ത്യന്‍ ജനത”യെ മാറ്റി പാര്‍പ്പിക്കാം എന്ന് അവര്‍, ആര്‍ എസ് എസ് – സംഘപരിവാര്‍ നേതാക്കള്‍ കരുതുന്നത്  അവരുടെ രാഷ്ട്രീയം മാത്രമാണ് – അതിനെ പക്ഷെ നമ്മള്‍ നമ്മുടെ വര്‍ത്തമാനവും ഭാവിയും ആയി കാണുന്നത് ചുരുങ്ങിയ പക്ഷം നമ്മുടെ തന്നെ രാഷ്ട്രീയ അജ്ഞതയെ ആവൂ. അല്ലെങ്കില്‍, നേരത്തെ പറഞ്ഞപോലെ അവര്‍ ഉണ്ടാക്കിയ രാഷ്ട്രീയ വൃത്തത്തില്‍ നമ്മളും കയറി നില്‍ക്കലാവും.

ഇന്ന്, അയോധ്യയിലെ രാമ ക്ഷേത്രപ്പണിയ്ക്കുള്ള ശിലാസ്ഥാപനത്തില്‍ അഭിമാനംകൊള്ളുന്ന കള്‍ച്ചറല്‍ ഹിന്ദു, വാസ്തവത്തില്‍, ഉത്തരേന്ത്യന്‍ ഹിന്ദു വര്‍ഗ്ഗീയതയുടെ മാപ്പുസാക്ഷിയാണ് – തന്‍റെ ഭാഷയില്‍ നിന്നോ   തന്‍റെ ദേശീയ സംസ്കാരത്തില്‍ നിന്നോ  തന്‍റെ മതപരമായ ജീവിതത്തില്‍ നിന്നു തന്നെയോ  പിന്‍വാങ്ങിയ ആ ആള്‍ ഇന്ന് നമ്മുടെ വെറുപ്പല്ല ദയയാണ് അര്‍ഹിക്കുന്നത്; സ്വന്തം ജീവിതത്തില്‍ നിന്നു തന്നെ പുറത്താണ് അയാള്‍.

അയാളെ, പക്ഷെ,  നമ്മുടെ ഉള്ളിലെ മൂര്‍ത്തിയായി വാഴിക്കാതിരിക്കുക. അതാകും, ഈ അധിനിവേശ രാഷ്ട്രീയത്തിനോടുള്ള ആദ്യ പ്രതിരോധം തന്നെ.

Print Friendly, PDF & Email