Uncategorized കഥ

മരിച്ചവരുടെ ജലഅറകള്‍പുലര്‍കാലം മഴമേഘങ്ങളാല്‍ ഇരുണ്ടുകഴിഞ്ഞിരുന്നു. മഴനനയുന്ന തടാകത്തെ നോക്കി കാറോടിക്കുമ്പോള്‍ മണിനാദങ്ങള്‍ കേട്ടു. മുന്നോട്ട് മുഖംതിരിച്ചപ്പോള്‍ വിന്‍ഡ്സ്ക്രീനില്‍ ആലിപ്പഴങ്ങള്‍ വീഴുന്നു. ചില്ലില്‍ മണിയൊച്ചകളുണ്ടാക്കുന്ന ആലിപ്പഴങ്ങള്‍ ഓളപ്പരപ്പില്‍ മറ്റൊരു ശബ്ദമുതിര്‍ക്കുന്നതയാളറിഞ്ഞു. കാര്‍ നിര്‍ത്തി. പിറകിലെ സീറ്റില്‍നിന്ന് കുടയെടുക്കുമ്പോള്‍, തൊട്ടടുത്ത സീറ്റിന്‍ചുവട്ടിലെ പ്ലാസ്റ്റിക്കവറില്നിന്ന് രക്തമൊലിക്കുന്നതു കണ്ടു.

  ഡോര്‍ തുറന്ന്, കുട നിവര്‍ത്തി. ആലിപ്പഴങ്ങള്‍ പെറുക്കാനായി നടന്നു. മണ്ണില്‍നിന്നെടുത്ത് മഴയിലേക്ക് നീട്ടി കഴുകി, വായിലേക്കിട്ടു. നടന്നുനടന്ന് തടാകത്തിനരികിലെത്തയത് അറിഞ്ഞതേയില്ല.  ചരല്‍വാരിയെറിയുമ്പോലെ ആലിപ്പഴങ്ങള്‍ വീഴുന്നതു നോക്കിനിന്നു. അങ്ങിങ്ങായി കേള്‍ക്കുന്ന തവളകളുടെ ശബ്ദങ്ങള്‍. പൊടുന്നനെ, പുല്‍ക്കൂടിനുള്ളില്‍നിന്നെന്തോ വെള്ളത്തിലേക്കു ചാടിയതോടൊപ്പം കുഞ്ഞുവിരലുകള്‍ ചെറുതിരകള്‍ക്കൊപ്പമിളകുന്നതയാള്‍ കണ്ടു. അകന്നകന്ന് ആഴങ്ങളില്‍ മറയുന്ന വിരലുകളെ നോക്കി തിരിച്ചുനടന്നു.

  കാറിനകത്തേക്ക് കയറി ഡോറടച്ചു. കുട അടുത്തസീറ്റിനു താഴേക്ക് വെക്കുന്നതിനിടയില്‍ കവറില്‍നിന്ന് രക്തം കാര്‍പെറ്റില്‍ തളംകെട്ടിയത് ശ്രദ്ധിച്ചു. ചില്ലില്‍ മഞ്ഞുപരന്നിട്ടുണ്ട്. എസി ഓണ്‍ചെയ്തു. തണുപ്പ് മഞ്ഞിനെ മായ്ച്ചുകളഞ്ഞുകൊണ്ടിരുന്നു. റോഡ് തെളിഞ്ഞുവന്നു. കാര്‍ മുന്നോട്ടെടുത്തു. സില്‍വര്‍ഓക്ക്മരങ്ങളിലെ നീര്‍പ്പക്ഷികള്‍ പറന്നുപോവുന്നു. തടാകത്തിന് അഭിമുഖമായുള്ള കുന്നിന്‍ചെരുവിലെ വീട് ദൂരെ കാണാം.

  മരച്ചില്ലകള്‍ ചാഞ്ഞ വീട്ടുമുറ്റത്തുകൂടെ കാര്‍ നീങ്ങി. അയാള്‍ പുറത്തിറങ്ങി. മഴ ശമിച്ചിട്ടുണ്ട്. കയ്യിലെ കവറില്‍നിന്ന് രക്തത്തുള്ളികള്‍ മണ്ണിലേക്കിറ്റുവീണു. പോക്കറ്റില്‍നിന്ന് താക്കോലെടുത്ത് പൂമുഖത്തേക്ക് കയറുന്നതിനിടയില്‍ ഫോണ്‍ ശബ്ദിച്ചു. വാതിലിലേക്ക് തൂങ്ങിനില്‍ക്കുന്ന ചകിരിക്കൂട്ടില്‍നിന്ന് കുരുവികള്‍ പറന്നു, തൂവലുകള്‍ അയാളുടെ കാല്‍ച്ചുവട്ടിലേക്ക് വീണു.

“മമ്മാ പറയൂ…”

“റോമോ. അവളെ റൂമിലേക്ക് മാറ്റി. രക്തം കയറ്റുന്നുണ്ട്.”

“ങും…” അയാള്‍ വീട് തുറന്നു.

“നീയത് എന്തുചെയ്യാന്‍ പോവുന്നു…? പാതിരിയെ വിവരം…”

“വേണ്ട മമ്മാ…വേണ്ട…” പ്ലാസ്റ്റിക് കവര്‍ വാഷ്ബേസിനില്‍ വെച്ചു.

“നാളെ നീ വരുമ്പോള്‍ മുല്ലപ്പൂ…”

“കൊണ്ടുവരാം…”

ഫോണ്‍ ബെഡിലേക്കിട്ട് അയാള്‍ വാഷ്ബേസിനിലെ കവര്‍ എടുത്തു. അതിനുള്ളിലെ ഗര്‍ഭസ്ഥശിശുവിനെ സ്വര്‍ണ്ണമത്സ്യങ്ങള്‍ നീന്തുന്ന ഭരണിയിലേക്കിട്ടു. മത്സ്യങ്ങള്‍ കണ്ണുകളുരുട്ടി, കൊത്തിനോക്കി.

  വെള്ളം ചുവപ്പുനിറമാവുന്നു. കസേര ഭരണിക്കരികിലേക്കു നീക്കി ഇരുന്നു. കൈകള്‍ ശരീരത്തോടു ചേര്‍ത്തുവച്ച അവന്‍റെ പാതിതുറന്നിരിക്കുന്ന വലതുകണ്ണും വിളറിയകവിളും വിടര്‍ന്നചുണ്ടും ചോരകിനിപ്പിക്കുന്ന പൊക്കിള്‍കൊടിയും നോക്കിയ അയാള്‍ പാദങ്ങളിലെ തള്ളവിരലുകള്‍ തന്‍റേതുപോലെയാണെന്ന് തിരിച്ചറിഞ്ഞു. ഭരണിയിലേക്ക് മുഖമടുപ്പിക്കുന്നതിനിടയില്‍ ആരുടെയോ വിളികള്‍ കേട്ടു.

  ജനാലകള്‍ക്കുള്ളിലൂടെ നോക്കി. മഞ്ഞുപരന്ന തടാകത്തിലൂടെ വട്ടവഞ്ചിയിലാരോ വരുന്നുണ്ട്. മുഖം വ്യക്തമല്ല. ജനല്‍പ്പാളികളെല്ലാം തുറന്നിട്ട് നോക്കി. പുറത്തേക്കു പോവാനൊരുങ്ങുമ്പോള്‍ വാട്ട്സാപ്പില്‍ അവളുടെ സന്ദേശം മുഴങ്ങി. അയാള്‍ ഫോണെടുത്തു. രണ്ടുപേരെ കൊന്നുതള്ളാന്‍ നമുക്കോരോ കാരണങ്ങളുണ്ടായിരുന്നു. മൂന്നാമനെ നമ്മളാഗ്രഹിച്ചപ്പോള്‍ ദൈവമങ്ങെടുത്തു. ഇതിനേയും തടാകത്തിലേക്ക്…. ബാക്കി വായിക്കാതെ അയാള്‍ ഫോണ്‍ ജനാലക്കരികില്‍വച്ച്, ഭരണിയിലേക്കു നോക്കി. അവന്‍റെ വിരലുകള്‍ നിവരുകയാണ്, വെള്ളത്തില്‍ പിടയുന്നു.

  വാതില്‍തുറന്നു പുറത്തേക്കിറങ്ങി. മുറ്റത്തെ കരിയിലകളിലൂടെ നടന്നു. റോഡ് കടന്നു. കുന്നിന്‍ചെരുവിലിറങ്ങി. വട്ടവഞ്ചികരക്കടുപ്പിച്ച് വള്ളിയില്‍ കോര്‍ത്ത മീനുമായി നില്‍പ്പുണ്ടായിരുന്നു വൃദ്ധന്‍. “നിന്‍റെ മമ്മ വിളിച്ചിരുന്നു. വിവരമെല്ലാം പറഞ്ഞു. അവള്‍ക്ക്…?”

“കുഴപ്പമൊന്നുമില്ല, അങ്കിള്‍. രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ ഡിസ്ചാര്‍ജ്ജ്…”

“ഒരു കുഞ്ഞുണ്ടാവാനായി എത്രയോ പണം…വര്‍ഷങ്ങളുടെ കാത്തിരിപ്പ്..ഒടുവിലെല്ലാം…” മീനുകളുടെ പിടക്കുന്ന ചെകിളകള്‍ നോക്കി വൃദ്ധന്‍ “എല്ലാം ദൈവനിശ്ചയം…”

“അങ്കിള്‍, മുല്ലപ്പൂക്കള്‍…?”

“മമ്മ അതേപ്പറ്റിയും പറഞ്ഞിരുന്നു. ഇപ്പോള്‍ സീസണല്ലല്ലോ, എവിടെ കിട്ടാന്‍?” നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ വൃദ്ധന്‍ തിരിഞ്ഞുനോക്കി. “റോമോ, തടാകത്തിന്‍റെ കിഴക്കേകരയിലെ ഗ്രാമത്തില്‍ നിന്‍റെ പപ്പ പണ്ട് മുല്ലപ്പൂകൃഷി നടത്തിയിരുന്നില്ലെ, അവിടെ ചിലപ്പോള്‍….”.

ഓളങ്ങള്‍ക്കൊപ്പം ആടുന്ന വട്ടവഞ്ചിയെ അയാള്‍ നോക്കി. വൃദ്ധന്‍ കുന്നിന്‍ചെരുവ് കയറിപ്പോവുന്നു. നീര്‍നായകള്‍ കൂട്ടത്തോടെ പൊന്തക്കുള്ളില്‍നിന്ന് വെള്ളത്തിലേക്ക് ഊളിയിടുന്നു.

  പങ്കായംതുഴഞ്ഞ് തടാകത്തിലൂടെ നീങ്ങി. ഇരുണ്ടമേഘങ്ങള്‍ക്കുള്ളിലൂടെ മിന്നല്‍ചീളുകള്‍ പാഞ്ഞുപോവുന്നു. ദേശാടനപ്പക്ഷികള്‍ താഴ്ന്നുപറന്ന് വരുന്നതുകണ്ട് അയാളൊച്ചവച്ചു.അവ മുകളിലേക്ക് ചിറകടിച്ചുയര്‍ന്നു. കിഴക്കേകരയിലെ ഇടതിങ്ങിയ മരങ്ങളെ ലക്ഷ്യംവെച്ചു നീങ്ങുമ്പോള്‍ ചുഴിക്കുള്ളില്‍നിന്ന് കുഞ്ഞുകൈ ഉയരുന്നതുകണ്ടു. ഇളകിക്കൊണ്ടിരിക്കുന്ന വിരലുകളില്‍നിന്ന് ചൂണ്ടുവിരല്‍ ഇടയ്ക്കിടക്ക് അയാള്‍ക്കു നേരെ നീണ്ടുകൊണ്ടിരുന്നു. മുന്നോട്ടുനീങ്ങാനാവാതെ വട്ടവഞ്ചി ജലത്തില്‍ വട്ടംചുറ്റി.

  വീണ്ടും മഴവന്നു. പങ്കായം ഇരുവശത്തേക്കും മാറ്റിമാറ്റി തുഴഞ്ഞു. തടാകമധ്യംകഴിഞ്ഞ് വഞ്ചി മുന്നോട്ടു നീങ്ങി. സൂര്യന്‍റെ ചെറുനിഴല്‍ തെളിയുന്നതോടൊപ്പം കാര്‍മേഘങ്ങളതിനെ മറച്ചുകളയാന്‍ പാഞ്ഞെത്തിക്കൊണ്ടിരുന്നു. ഉഷ്ണജലംതേടി മീനുകള്‍ കിഴക്കുഭാഗത്തേക്ക് നീങ്ങുന്നതയാള്‍ ജലപ്പാളികള്‍ക്കുള്ളിലൂടെ കണ്ടു.

  മരക്കൂട്ടങ്ങള്‍ക്കരികിലേക്ക് ഒഴുക്കിനൊപ്പം നീങ്ങി. ഇലച്ചാര്‍ത്തുകള്‍ക്കുള്ളിലൂടെ നീങ്ങുമ്പോള്‍ ചെറുപക്ഷികള്‍ പറന്നു. ജലത്തുള്ളികളിറ്റിവീണു. വട്ടവഞ്ചി മരക്കുറ്റിയില്‍ കെട്ടിയിട്ട് ചവിട്ടുവഴിയിലേക്ക് കയറി. കൂറ്റന്‍മരങ്ങള്‍ക്കിടയിലൂടെയുള്ള പാതയില്‍ അങ്ങിങ്ങായി ചെളിവെള്ളംതളംകെട്ടിയിരുന്നു. നേരിയ ഇരുള്‍വീണവഴികളെല്ലാം അയാള്‍ക്ക് പരിചിതമായിരുന്നു.

  പണ്ട്, മുല്ലപ്പൂകൃഷി നടത്തിയിരുന്ന അയാളുടെ പപ്പക്ക് ഈ ഗ്രാമത്തിലൊരു വീടുണ്ടായിരുന്നു. ഇടക്കെല്ലാം അയാളവിടെ താമസിക്കാനെത്തുമായിരുന്നു. വലിയ ഇറക്കമിറങ്ങി, ഉരുളന്‍കല്ലുകള്‍ പരന്ന അരുവികടന്ന് കയറ്റംകയറാനൊരുങ്ങുമ്പോള്‍ കാട്ടുവഴിയില്‍നിന്നൊരു സ്ത്രീ മുന്‍പിലേക്ക് വന്നു. വസ്ത്രങ്ങള്‍ നനഞ്ഞിരുന്നു. അഴിഞ്ഞുലഞ്ഞ മുടിയുലച്ച് ചിരിച്ചു.

“ഓ… ഇങ്ങനെ കുത്തിനോക്കാതെ… ഞാന്‍ തന്നെയാണേ…”

“എനിക്ക്…! പെട്ടെന്ന്…”

“അല്ലേലും മുല്ലത്തോട്ടത്തിലെ പണിക്കാരെയെല്ലാം മുതലാളിമാര്‍ ഓര്‍ക്കാറില്ലല്ലോ…”

“അത്…! ഞാന്‍…”

അവര്‍ കാട്ടുവഴിയിലൂടെ നടന്നു. ഉള്‍ക്കാട്ടിലെവിടെയോ മഴയുടെ മുഴക്കങ്ങള്‍ കേട്ടു.

“എല്ലാം അങ്ങനെയങ്ങ് മറക്കാനാവുമോ? എനിക്കാവില്ല..”

“ഞാന്‍ മറന്നുവെന്ന് പറഞ്ഞില്ലല്ലോ…” അയാള്‍ ചിരിച്ചു.

പക്ഷികളും മരങ്ങളും ചെറുജീവികളും കാട്ടിനുള്ളില്‍ ശബ്ദിച്ചുകൊണ്ടേയിരുന്നു.

“എന്താ ഈ വഴിക്ക്…?”

“കുറച്ച് മുല്ലപ്പൂ…”

“അക്കരെയൊന്നും കിട്ടാനുണ്ടാവില്ല, അല്ലെ…?”

“ങും”

നടന്നുനടന്നു മലമുകളിലെത്തി. കോടവീഴുന്ന വഴിയിലെ പുല്‍ക്കൂട്ടങ്ങളിലൂടെ നീങ്ങുമ്പോള്‍ അയാള്‍ക്കുള്ളില്‍ പഴയദിനങ്ങള്‍ ചിറകുവിരിച്ചു പറക്കാന്‍തുടങ്ങി

  മലയടിവാരത്തെ മുല്ലത്തോട്ടത്തിലെത്തിയതയാള്‍ അറിഞ്ഞില്ല. ഏറുമാടത്തിലേക്കു കയറിയ സ്ത്രീ ചെറിയ സഞ്ചിയുമായി ഇറങ്ങിവന്നു, മുല്ലത്തോട്ടത്തിലേക്ക് നടന്നു. ഒറ്റയൊറ്റയായി, ചെടികളില്‍ വിരിഞ്ഞു നില്‍ക്കുന്ന മുല്ലപ്പൂക്കള്‍ നുള്ളിയെടുത്തു. പൂക്കള്‍ നഷ്ടപ്പെടുന്നതുകണ്ട് സൂചിമുഖിപക്ഷികള്‍ സ്ത്രീക്കരികിലേക്ക് ഇടയ്ക്കിടക്ക് പറന്നുവന്ന് ചിറകടിച്ചൊച്ചവെച്ചു. അയാളപ്പോഴും ഏറുമാടത്തിലേക്ക് ചാഞ്ഞുവെച്ച ഏണിയില്‍ ചാരിനില്‍ക്കുകയായിരുന്നു. മുല്ലമൊട്ടുകള്‍ അയാളുടെ മുഖത്തേക്കെറിഞ്ഞ് കോടക്കുള്ളില്‍നിന്ന് സ്ത്രീ ചിരിച്ചു.

“പഴയതെല്ലാം ഓര്‍ത്തു മതിയായില്ലേ?”

“ങും”

“ഈ മുല്ലത്തോട്ടത്തിലെ കടുത്തഗന്ധങ്ങള്‍ക്കുള്ളില്‍വെച്ച് നമ്മളെത്രയോ തവണ…”

“ചില പുലര്‍കാലങ്ങളില്‍…ചില അസ്തമയങ്ങളില്‍, അല്ലേ…?”

“രതിയുടെ നൂറായിരം പൂക്കള്‍ എന്‍റെ ശരീരത്തിലാദ്യമായി വിരിഞ്ഞത് അന്നാണ്…”

മുല്ലപ്പൂക്കള്‍ നിറച്ച സഞ്ചിയുമായി മുന്‍പിലെത്തിയ സ്ത്രീ അയാളുടെ മീശയില്‍ തൊട്ടു.

“അന്നിത്ര കട്ടിയില്ലായിരുന്നു. പൊടിമീശയായിരുന്നു. ചുണ്ട് കറുത്തുപോയിരുന്നില്ല, കവിളുകള്‍ തുളുമ്പി, നെഞ്ചില്‍ നേര്‍ത്തരോമങ്ങള്‍…” അയാള്‍ സ്ത്രീയെ അണച്ചുപിടിക്കാനൊരുങ്ങിയപ്പോള്‍ ഏണി മുല്ലച്ചെടികളിലേക്ക് വീണു. “വാ പോവാം…”

  അയാള്‍ സ്ത്രീക്ക് പിറകെ നടന്നു. കാട്ടുവഴിയില്‍ ഏറെ ദൂരമവര്‍ നിശ്ശബ്ദരായി നടന്നു. ശലഭങ്ങള്‍ മുന്‍പിലൂടെ കൂട്ടമായി പറന്നുപോയി. കാട്ടിനുള്ളിലെ ഒരു കുറ്റിച്ചെടിയിലേക്കാണവ ആകര്‍ഷിക്കപ്പെടുന്നത്. ചെടിയിലെ വിവിധവര്‍ണ്ണങ്ങളിലുള്ള ശലഭങ്ങളെയവര്‍ നോക്കി. ചിലതിന്‍റെ ചിറകുകള്‍ കാട്ടിന്‍റെ ഇരുളില്‍ മിന്നലുകള്‍പോലെ തിളങ്ങുന്നുണ്ട്.

“അന്നൊരു സന്ധ്യക്ക് എന്‍റെ ഭര്‍ത്താവ് മുല്ലത്തോട്ടത്തില്‍വച്ച് നമ്മളെ പിടികൂടിയതോര്‍ക്കുന്നുവോ?”

“ങും”

“വസ്ത്രങ്ങള്‍ വാരിയെടുത്ത് കാട്ടിനുള്ളിലേക്കോടിയ നിന്നെ അയാള്‍ തിരിച്ചറിഞ്ഞിരുന്നു.”

അരുവിയിലെ തണുത്തജലത്തില്‍ കാല്‍കഴുകിയിട്ടും അയാള്‍ക്കുള്ളിലെ ചൂട് ശമിച്ചില്ല.

“മുതലാളിയുടെ മകനായതിനാല്‍ അയാളക്കാര്യം ആരോടും പറഞ്ഞില്ല. നിനക്ക് കിട്ടേണ്ടതുകൂടി എനിക്കായിരുന്നു… അയാള്‍…”

    ചെറുമീനുകള്‍ അവരുടെ കാല്‍വിരലുകളില്‍ കൊത്തുന്നുണ്ടായിരുന്നു. വെള്ളം തെറിപ്പിച്ചുകൊണ്ടയാള്‍ മുന്നോട്ടു നടന്നു, സ്ത്രീ പിറകെയും. മലവെള്ളം അരുവിയുടെ തെളിമയെ കലക്കിമറിക്കാനെത്തി. ചില്ലയില്‍നിന്നൊരു മലമ്പാമ്പ് ചവിട്ടുവഴിയിലേക്ക് വീണു, അതിഴഞ്ഞിഴഞ്ഞ് അടിക്കാട്ടിനുള്ളില്‍ മറഞ്ഞു. വലിയ കയറ്റംകയറിയിറങ്ങുമ്പോള്‍ തടാകത്തിന്‍റെ നീലപ്പരപ്പ് ഇലകള്‍ക്കിടയിലൂടെ കാണാന്‍ തുടങ്ങി.

“അയാള്‍ ഷണ്ഡനായിരുന്നു. അത് മറച്ചുവെക്കാന്‍ എന്നെയെന്നും വേദനിപ്പിക്കുകയായിരുന്നു. ഇതുകൂടി അറിഞ്ഞപ്പോള്‍ അയാളെന്നെ…”

വടവൃക്ഷങ്ങള്‍ക്ക് മുകളിലൂടെ വീശിയടിക്കുന്ന കാറ്റ് ഉണക്കച്ചില്ലകളെ ഒടിച്ചുവീഴ്ത്തുന്ന ശബ്ദമവര്‍ അങ്ങിങ്ങായി കേട്ടു. വൃക്ഷങ്ങളുടെ തൂങ്ങിനില്‍ക്കുന്ന വേരുകള്‍ പുകമഞ്ഞ്മൂടിയ തടാകത്തിലുലയുന്നു.

“രണ്ടുമാസം ഞാന്‍ സഹിച്ചു. ജീവിതം മടുത്തപ്പോള്‍, ദേ…ആ മരം കണ്ടോ…”

വട്ടവഞ്ചിക്കരികില്‍നിന്ന് മരത്തെ നോക്കി, അതിന്‍റെ ശാഖകള്‍ മിക്കതും ജലത്തിലേക്കായിരുന്നു.

“ആ മരത്തില്‍ ഞാന്‍ കെട്ടിത്തൂങ്ങി, ജീവനണഞ്ഞു പോവുമ്പോള്‍ ഞാനറിയുന്നുണ്ടായിരുന്നു, എന്‍റെ ശരീരത്തിലേക്ക് നീ പകര്‍ന്നുതന്ന ജീവന്‍റെകണിക തുടകള്‍ക്കിടയിലൂടെ ഒഴുകിയൊഴുകി തടാകത്തിലേക്കിറ്റുന്നത്…!” സ്ത്രീയെ നോക്കിനില്‍ക്കുന്ന അയാളുടെ കൈയില്‍നിന്ന്  വഞ്ചിയുടെ കയര്‍ വെള്ളത്തിലേക്ക് വീണു. “ഇതാ മുല്ലപ്പൂക്കള്‍, മഴ കനക്കുംമുമ്പ് അക്കരെയെത്താന്‍ നോക്കൂ.”

  വിറയാര്‍ന്ന വിരലുകളുമായി സഞ്ചി വാങ്ങി. വെള്ളത്തിലേക്കിറങ്ങി, ഒഴുകിനീങ്ങുന്ന വട്ടവഞ്ചി പിടിച്ചു തിരിഞ്ഞുനോക്കി. സ്ത്രീ കാട്ടിനുള്ളിലേക്കു നടന്നുപോവുന്നു. വെള്ളത്തില്‍നില്‍ക്കുന്ന അയാള്‍ ചില്ലകള്‍ക്കിടയിലൂടെ എത്തിനോക്കി. വന്മരങ്ങള്‍ക്കിടയിലൂടെയുള്ള പാതയിലെവിടെയോ സ്ത്രീ മറഞ്ഞില്ലാതാവുന്നു.

  അയാള്‍ തുഴഞ്ഞു. ഇലപ്പടര്‍പ്പുകള്‍ക്കുള്ളില്‍നിന്ന് വട്ടവഞ്ചി തടാകപ്പരപ്പിലേക്കൊഴുകി. അടിത്തട്ടിലെ ജലസസ്യങ്ങള്‍ക്കൊപ്പം പിടയുന്ന കുഞ്ഞുവിരലുകള്‍ കണ്ടു. കോട അകലുന്നു. മറുകരയില്‍, കുന്നിന്‍ചെരുവിന്‍റെ നേരിയരൂപം തെളിയുന്നു. കരിമേഘങ്ങള്‍ കൂട്ടിയുരസുന്ന ആകാശത്തുനിന്ന് വീഴുന്ന മഴത്തുള്ളികള്‍ ചുറ്റും അനേകം ജലവളയങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു.

  ആഞ്ഞുതുഴഞ്ഞിട്ടും നീങ്ങാനാവാത്തതുകണ്ട് അയാള്‍ പിറകിലേക്കു തിരിഞ്ഞു. ചോരപുരണ്ട കുഞ്ഞുവിരലുകള്‍ വട്ടവഞ്ചിയിലമര്‍ന്നിരിക്കുന്നു. ഒഴുക്കില്‍ വഞ്ചി പിറകോട്ടു നീങ്ങുന്നു. മഴ കനത്തു. പാമ്പുകളെപ്പോലെ രണ്ടു കുഞ്ഞുകൈകള്‍ അരികിലേക്കൊഴുകിവരുന്നു. എന്തുചെയ്യണമെന്നറിയാതെ എഴുന്നേറ്റു. പിടിമുറുക്കിയ കൈകള്‍ വട്ടവഞ്ചിയെ കറക്കിക്കൊണ്ടിരുന്നു. മഴയിലൂടെ മറുകരയിലേക്ക് നോക്കി അയാളുച്ചത്തില്‍ കൂവി. കാറ്റില്‍ വലിയഓളങ്ങളുയര്‍ന്നു.

  പങ്കായത്താല്‍ കൈകള്‍ കുത്തിമാറ്റാന്‍ നോക്കിയെങ്കിലും അവ പിടഞ്ഞുമാറിക്കൊണ്ടിരുന്നു. വട്ടവഞ്ചി ഉലഞ്ഞു. പങ്കായം കൈകളില്‍നിന്ന് തെറിച്ചു. മുല്ലപ്പൂനിറച്ച സഞ്ചി ഷര്‍ട്ടിനകത്തെ ബനിയനുള്ളിലേക്ക് തിരുകി അയാള്‍ മുട്ടുകുത്തി വഞ്ചിയിലിരുന്നു. മറുകരയില്‍ തെളിഞ്ഞ പ്രകാശത്തില്‍, കുന്നിന്‍ മുകളിലെ വീട്ടില്‍നിന്ന് ചില്ലുകള്‍ ചിന്നിച്ചിതറുന്നത് കേട്ടു. ഒരു കുഞ്ഞ് കുന്നിന്‍ചെരുവിലിറങ്ങിവന്ന്, തടാകത്തിലേക്കൂളിയിട്ടതോടൊപ്പം ഉയര്‍ന്നുവന്ന വന്‍തിരമാലകള്‍ വട്ടവഞ്ചിയെ തലകീഴായ് മറിച്ചിടുമ്പോള്‍ സ്ത്രീയുടെ നിലവിളി കാട്ടിനുള്ളില്‍ പ്രതിധ്വനിക്കുന്നതയാള്‍ കേട്ടു.

നഴ്സ് ഇഞ്ചക്ഷന്‍തന്ന് മുറിയില്‍നിന്ന് പോയപ്പോള്‍, വാതില്‍ക്കല്‍ നനഞ്ഞൊലിച്ച്നില്‍ക്കുന്ന അയാളെ അവള്‍ കണ്ടു. മമ്മ അടുത്തുള്ള കട്ടിലില്‍ ഉറങ്ങുകയാണ്. മുടിത്തുമ്പില്‍നിന്നുറ്റുന്ന ജലത്തുള്ളികളുമായി അയാള്‍ അരികിലെത്തി, അവളുടെ വസ്ത്രത്തിന്‍റെ മാറിടത്തിലെ സിബ്ബ് താഴ്ത്തി, കവറില്‍നിന്നെടുത്ത മുല്ലപ്പൂക്കള്‍ മുലകള്‍ക്കുചുറ്റുംവച്ച് സിബ്ബ് വലിച്ചുകയറ്റി. കട്ടിലിലിരുന്ന് അവളുടെ കൈ ചുംബിച്ചു.

  ഐ.വി.ഡ്രിപ്പ് ഊരിമാറ്റാനായി നഴ്സ് തട്ടിവിളിച്ചപ്പോഴാണ് അതൊരു സ്വപ്നമായിരുന്നെന്ന് അവളറിയുന്നത്. മമ്മ അരികില്‍ നില്‍പ്പുണ്ട്. അവള്‍ മുലകള്‍ തൊട്ടുനോക്കി. നിലത്ത് വെള്ളത്തുള്ളികള്‍ ഇറ്റിവീണിട്ടുണ്ട്. പുറത്തേക്കുള്ള വാതില്‍ക്കലേക്കവള്‍ എത്തിനോക്കി. അവിടെ അയാളുണ്ടായിരുന്നില്ല…! അതേ ആതുരാലയത്തിന്‍റെ മോര്‍ച്ചറിയിലപ്പോള്‍ അയാളുണ്ടായിരുന്നു, മോര്‍ച്ചറിടേബിളില്‍ മലര്‍ന്നുകിടക്കുന്ന അയാളുടെ, വസ്ത്രത്തിനുള്ളില്‍നിന്ന് മുല്ലപ്പൂക്കള്‍ ഇടയ്ക്കിടക്ക്, രക്തംപുരണ്ടതറയിലേക്ക് പൊഴിയുന്നുമുണ്ടായിരുന്നു….

* കുഞ്ഞുമരിച്ച സ്ത്രീയുടെ പാല്‍വറ്റിപ്പോകാന്‍ മുലയില്‍ മുല്ലപ്പൂക്കള്‍ ചുറ്റിവക്കാറുണ്ട്.

Print Friendly, PDF & Email

About the author

ഷാഹുൽ ഹമീദ്

പെരിന്തൽമണ്ണ സ്വദേശി -- ചെറുകഥകള്‍ക്ക് വിവിധ സാംസ്കാരിക സംഘടനകളുടെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൃതികള്‍ : വള്ളുവനാടന്‍ കഥകള്‍, പ്രണയവും ഫുട്ബോളും ,കരുണം മുതല്‍ ശാന്തം വരെ (കഥകള്‍, തിരക്കഥകള്‍ ) താരങ്ങള്‍ വെടിയേറ്റുവീണ രാത്രി, കടല്‍ശരീരം ,സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്‍റര്‍ & സ്പ്രിംഗ് പ്രേമം ദൃശ്യം പ്രാഞ്ചിയേട്ടന്‍ (സിനിമ ഫാന്‍ ഫിക്ഷന്‍ കഥകള്‍ ),രാജ്യദ്രോഹികളുടെ വരവ്, ആദം തുരുത്ത് (നോവല്‍ ) . കേരളത്തിന്റെ വിവിധഭാഗങ്ങളിലും ഊട്ടിയിലും ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ട്. പ്രധാന ചിത്രപ്രദര്‍ശനങ്ങള്‍ : വാസ്തുഹാരയും മറ്റു കഥകളും (മലയാള കഥാസാഹിത്യത്തിലെ പ്രശസ്ത ആസ്പദമാക്കിയുള്ള ചിത്രങ്ങള്‍ ),ഇരകള്‍ ഇടപെടുമ്പോള്‍ ,കഥകളും ചിത്രങ്ങളും . രണ്ട് ഹ്രസ്വ ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചു.: തുരുത്ത് , ദ റോഡ്‌. ആരോഗ്യവകുപ്പില്‍ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്യുന്നു. ഭാര്യ റജീന ;മക്കള്‍ അലീന ,നിലീന