ലേഖനം

ബി നിലവറയുടെ താക്കോൽപുരാതനകാലം മുതൽ കേരളവുമായി വിദേശ രാജ്യങ്ങൾക്ക് കച്ചവട ബന്ധമുണ്ടായിരുന്നു എന്ന് ചരിത്രം അടയാളപ്പെടുത്തുമ്പോൾ നാം നിഷ്കളങ്കമായി അത് കേരളത്തിന്റെ തനതു വിഭവങ്ങളുടെ അന്യാദൃശതയിലും, ആതിഥേയ പെരുമയിലും നിബന്ധിച്ചു. കുരുമുളക് നിറച്ച പായ്ക്കപ്പലുകൾ കടന്നു പോയപ്പോൾ റോമാക്കാർ കടൽ തീരമണഞ്ഞുവെന്നും, ഭാരതത്തിലെ മസ്‌ലിൻ ഏഴുമടക്കാക്കി ഉടുത്തിട്ടും യവന സുന്ദരികൾ നഗ്നത മറയാതെ നാണം പൂണ്ടു എന്നും കവിതയിൽ മുഴുകി ചരിത്രകാരന്മാർ വരികൾക്കിടയിലൂടെ വായിക്കുന്നതിൽ ഉപേക്ഷ കാണിച്ചു. ചരിത്രത്തിന്റെ നിലവറയിലേക്കു നോക്കുമ്പോൾ തന്നെ അവരെ സർപ്പ ഭീതി തീണ്ടിയെന്നു വേണം വിചാരിക്കാൻ.

“ആഫ്രിക്കയിൽ നിന്ന് കൊണ്ടുവരുന്ന Raw Gold ദുബായിയിൽ Refine ചെയ്ത് 200 MT ഒരു വർഷം ഇന്ത്യയിലേക്ക് കടത്തുന്നു . ഇന്ത്യയിലെ വിമാനത്താവളങ്ങളിലൂടെയും തുറമുഖങ്ങളിലൂടെയുമാണ് കടത്തുന്നത് “

ഈ വാർത്താ ശകലം ഒരു ചിന്തക്ക് തിരികൊളുത്തുന്നു .

ഇത് പോലെ  രാജ വാഴ്ചക്കാലത്തു വിദൂര ദേശങ്ങളിൽ നിന്ന് കടത്തി  കൊണ്ടുവന്നതായിരിക്കുമോ പദ്മനാഭ ക്ഷേത്രനിലവറയിലെ സൂക്ഷിപ്പുകൾ ? ചെറു നാട്ടു രാജ്യം കപ്പം പിരിച്ചു  ഇത്രയും സ്വർണവും അമൂല്യ രത്നങ്ങളും ശേഖരിച്ചു  എന്നത് അസംഭാവ്യമല്ലേ ? മാർത്താണ്ഡ വർമ്മ മറ്റു നാട്ടുരാജ്യങ്ങളെ ആക്രമിച്ചു അവരുടെ ധനം മുതൽകൂട്ടി എന്ന് ഒരു വാദമുണ്ട് . അവയും ചെറിയ സ്വരൂപങ്ങളും കോവിലകങ്ങളുമായിരുന്നു . പോരാത്തതിന്  ആക്രമണങ്ങളും യുദ്ധങ്ങളും മൂലം വലിയ നീക്കിയിരുപ്പ് ഉണ്ടാവാനിടയില്ല തിരുവിതാം കൂറിലെ പൊതുമരാമത്തു പണികളാവട്ടെ  മികച്ചവയായിരുന്നു .നിരത്തുകൾ , അഴുക്കു ചാലുകൾ .കൊട്ടാരങ്ങൾ  കോളേജുകൾ , ആശുപത്രികൾ എന്നിവ സാക്ഷ്യം . പട്ടിണിയെ നേരിടാൻ കായൽ നികത്തി കൃഷിചെയ്ത ഭരണകൂടം ! ആ നിലക്ക് നികുതി പിരിവിൽ  നിന്ന് ഇത്ര വലിയ നീക്കിയരിപ്പു ഉണ്ടാവാൻ സാധ്യതയില്ല. നിധി  ശേഖരത്തിൽ വൈദേശികമായ ആഭരണങ്ങൾ   കണ്ടതായി പറയുന്നുണ്ട്.

മഹാവിഷ്ണു ശയിക്കുന്ന അനന്തന്റെ  സർപ്പ ശരീരത്തിനുള്ളിൽ നിറച്ചിരിക്കുന്നത് സാളഗ്രാമങ്ങൾ ആണെന്ന് കേൾവിയുണ്ട് . നേപ്പാളിൽ നിന്ന് ആനപ്പുറത്താണ് കൊണ്ടുവന്നത് എന്നും പന്ത്രണ്ട് വർഷമെടുത്തു എന്നും  രാജാവിന്റെ സമ്മാനമായിരുന്നു എന്നും കേട്ട് കേൾവി . അത്തരം കടത്തുകൾ അന്നത്തെ കാലത്തുണ്ടായിരുന്നു   എന്ന് വ്യക്തം .ആയിരംകാൽ മണ്ഡപത്തിന്റെ തൂണുകൾക്കടിയിൽ  നിധിയുണ്ടെന്ന് വൈദ്യൻ  ചെറിയ നാരായണൻ നമ്പൂതിരി (?) എഴുതിയതായി നിധി വെളിപ്പെട്ട  ദിവസങ്ങളിൽ വായിച്ചിരുന്നു . വൈദ്യ സംബന്ധമായ താളിയോലകളിലൂടെയുള്ള പര്യവേക്ഷണത്തിനിടയിലാണ്  മേൽ  നിക്ഷേപത്തെ കുറിച്ചുള്ള സൂചനകൾ  അദ്ദേഹത്തിന് ലഭിക്കുക .

പുരാതനകാലം മുതൽ കേരളവുമായി  വിദേശ രാജ്യങ്ങൾക്ക്  കച്ചവട ബന്ധമുണ്ടായിരുന്നു എന്ന് ചരിത്രം അടയാളപ്പെടുത്തുമ്പോൾ നാം നിഷ്കളങ്കമായി അത് കേരളത്തിന്റെ  തനതു വിഭവങ്ങളുടെ അന്യാദൃശതയിലും, ആതിഥേയ പെരുമയിലും നിബന്ധിച്ചു. കുരുമുളക്  നിറച്ച പായ്ക്കപ്പലുകൾ കടന്നു  പോയപ്പോൾ  റോമാക്കാർ കടൽ തീരമണഞ്ഞുവെന്നും,  ഭാരതത്തിലെ മസ്‌ലിൻ ഏഴുമടക്കാക്കി ഉടുത്തിട്ടും യവന സുന്ദരികൾ നഗ്നത മറയാതെ നാണം  പൂണ്ടു  എന്നും  കവിതയിൽ മുഴുകി ചരിത്രകാരന്മാർ   വരികൾക്കിടയിലൂടെ  വായിക്കുന്നതിൽ ഉപേക്ഷ കാണിച്ചു. ചരിത്രത്തിന്റെ നിലവറയിലേക്കു നോക്കുമ്പോൾ തന്നെ   അവരെ സർപ്പ ഭീതി  തീണ്ടിയെന്നു വേണം വിചാരിക്കാൻ .

നങ്ങേലിയെ പറ്റിയുള്ള കഥ മുഖവിലക്കെടുക്കുന്നില്ല..  തലക്കരം മുലക്കരം എന്നത്  ഏതെങ്കിലും അടിസ്ഥാനത്തിൽ സ്ത്രീ / പുരുഷന്മാരിൽ  ചുമത്തിയിരുന്ന  നികുതിയാവാനിടയുണ്ട് .. ജാതി അടിസ്ഥാനമാക്കിയാവാം , തൊഴിലാളിയുടെ / അടിയാളരുടെ കൂലിയിൽ നിന്ന് പിടിച്ചെടുത്ത  വിഹിതമാവാം . അതൊക്കെ എത്രവരുമെന്ന് ഊഹിക്കാവുന്നതേയുള്ളു.

പാമ്പാട്ടികളുടെയും മന്ത്രവാദികളുടെയും നാടല്ല ഭാരതം  എന്ന്  തെളിയിച്ചത്   ആഗോള  കുടിയേറ്റം നടത്തിയ വിദഗ്ധ / നവ സാങ്കേതിക  തൊഴിലാളികളാണ്.   രാജ ദാസ്യത്തിന്റെ മിഥ്യയിലും   ദേവതാ സങ്കൽപ്പത്തിന്റെ മായികതയിലും   മയങ്ങി സത്യവും നീതിയും  ശാസ്ത്ര ബോധവും നിലവറയിൽ പൂട്ടിവെച്ചവരാണ് നമ്മളെന്ന്  ഭാവിയിൽ ചരിത്രം രേഖപ്പെടുത്താനിടവരരുത് .

മാർത്താണ്ഡ വർമ്മ  രാജ്യത്തെയോ , രാജാധികാരത്തെയോക്കാളുപരി  പദ്‌മനാഭനെ  പ്രതീകാത്മകമായി ഏൽപ്പിച്ചത്  ഭരണ കൂടത്തിന്റെ കൈവശമുള്ള സഞ്ചിത   നിധിയായിരിക്കും. ഇതര നാട്ടു രാജ്യങ്ങളിൽ നിന്നും മറാത്തദേശത്തുനിന്നും ഉള്ള  പടയോട്ടങ്ങളും   വിദേശ ശക്തികളിൽ നിന്നുള്ള  ആക്രമണവും കൊള്ളയും അദ്ദേഹം ന്യായമായും പ്രതീക്ഷിച്ചിട്ടുണ്ടാവും .മാത്രമല്ല  കയറ്റുമതിയിൽ നിന്നോ  കപ്പം മുഖേനയോ  കിട്ടിയ വരുമാനം രേഖകളില്ലാതെ രഹസ്യ അറകളിൽ സൂക്ഷിക്കുക സ്വാഭാവികമല്ല .ഇന്ന് ചിലർ വാദിക്കുന്നത് പോലെ ക്ഷാമകാലത്തു    ഉപയോഗിക്കാൻ  വേണ്ടിയുള്ള കരുതൽ ധനമായിരുന്നെങ്കിൽ ഔദ്യോഗിക രേഖകൾ  ഉണ്ടാവേണ്ടതാണ് . ശിലാലിഖിതങ്ങളും ചെപ്പേടുകളും , പുരാവസ്തു രേഖകളും ക്ഷേത്രത്തിൽ സൂക്ഷിച്ച സമ്പത്തിനെകുറിച്ചു  വല്ലതും ഉൾക്കൊള്ളുന്നുണ്ടോ ? ഉണ്ടെങ്കിൽ  ചരിത്രകാരന്മാരും , പുരാവസ്തു ഗവേഷകരും ഇതിനകം കണ്ടെത്തിയിട്ടുണ്ടാവും . മാത്രമല്ല  തിരുവിതാം കൂറിന്റെ   സ്വാതന്ത്ര്യ ലബ്ധി വരെയുള്ള ഭരണത്തുടർച്ച ആധുനിക ചരിത്രത്തിന്റെ ഭാഗമായിരിക്കെ  സുപ്രധാനമായ ഇത്തരം വിവരങ്ങൾ രേഖകളിൽ  നിന്ന്  മാഞ്ഞു  പോവാനോ  , അപ്രത്യക്ഷമാവാനോ  സാധ്യത വിരളമാണ് .ബൃഹത്തായ സമ്പത്തിന്റെ  ശേഖരം  എവിടെയും രേഖപ്പെടുത്തിയിട്ടില്ല  എന്ന് അനുമാനിക്കാം .

പൊതുജനങ്ങൾക്കോ ഭരണകൂടത്തിനോട് അടുത്ത ചാർച്ചയുള്ളവർക്കുപോലുമോ അതേക്കുറിച്ചു അറിവുണ്ടായിരുന്നില്ല .എന്തെന്നാൽ   വെള്ളക്കാരോടുള്ള വിധേയത്വം കൊണ്ടോ , പ്രതിഫലേച്ഛ  കൊണ്ടോ  സ്വന്തം നാടുവാഴിയെപ്പോലും ഒറ്റു  കൊടുക്കുന്ന ദേശദ്രോഹികൾ അന്നുമുണ്ടായിരുന്നു . എന്തെങ്കിലും സൂചനയുണ്ടായിരുന്നെങ്കിൽ മുഗൾ നിർമ്മിതികളിൽ നിന്ന് കിട്ടാവുന്നതൊക്കെ കവർന്നെടുത്തു നാടുകടത്തിയ ബ്രിട്ടീഷുകാർ   തിരുവിതാംകൂറിലെ  നിധി ഒഴിവാക്കുമായിരുന്നില്ല  .

രാജ കുടുംബത്തിന്റെ പിന്തുടർച്ചക്കാരിൽ അതിനെ കുറിച്ച് സൂചനയുള്ളവർ ഉണ്ടായിരുന്നിരിക്കണം .നിലവറകൾ  ഇക്കാലത്തിനിടക്ക് തുറക്കപ്പെട്ടിട്ടുണ്ട് എന്ന്  വെളിവാക്കപ്പെട്ടിരുന്നുവല്ലോ .അവർക്കും ഇതിന്റെ നിജസ്‌ഥിതി അറിഞ്ഞു കോള്ളണമെന്നില്ല .

ആക്രമണങ്ങളും കൊള്ളയും   അന്ന്  രാജധർമ്മമായിരുന്നു .. രാജസൂയങ്ങൾ .എന്നാൽ വർത്തമാനകാലത്തു  അനധികൃതമായ മാർഗങ്ങളിലൂടെ  സമാഹരിച്ച ധനം നിലവിലുള്ളനിയമങ്ങൾക്ക്   വിധേയമാണു് . ആ നിലക്ക് രേഖകളില്ലാത്ത  ഈ (കള്ളക്കടത്തു) മുതൽ   പൊതു ഖജനാവിലേക്ക് ചേരേണ്ടതാണ് .

രാജകുടുംബവും വിശ്വാസികളും മുറുകെപ്പിടിക്കുന്ന  ആശയം തിരുവിതാംകൂർ പദ്മനാഭസ്വാമിക്ക് രാജാവിനാൽ സമർപ്പിക്കപ്പെട്ട നാടായിരുന്നു എന്നാണ് .   ആ  സമർപ്പണത്തിലൂടെ യാണ് രാജ്യത്തിൻറെ ഭൗതിക സമ്പത്തു പദ്മനാഭ സ്വാമിയുടെ സ്വത്തായത് . അപ്പോഴും  സ്വത്തു ക്ഷേത്രത്തിന്റേതാവുന്നില്ല . വഴിപാടു കളിലൂടെ  ലഭിച്ചതും ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി, സ്ഥാപനങ്ങൾ  എന്നിവയിൽ നിന്നുള്ള വരുമാനവും  മാത്രമാണ് ക്ഷേത്രത്തിന്റെ സമ്പത്തായി തീരുക .ആ നിലക്ക് ചിത്തിരതിരുനാൾ മഹാരാജാവ്  തിരുവിതാം കൂറിനെ ഇന്ത്യൻ യൂനിയനിൽ ചേർക്കുമ്പോൾ തന്നെ രാജ്യത്തിൻറെ പ്രത്യക്ഷമല്ലാത്ത ഈ സമ്പത്‌ശേഖരവും  പ്രഖ്യാപിക്കേണ്ടതായിരുന്നില്ലേ  . ചിത്തിര തിരുനാളിനു വേണ്ടി ഭരണം നടത്തിയ   റീജന്റും  ചിത്തിരതിരുനാളിന്റെ മാതാവും  തിരുവിതാംകൂറിനു പുറത്തു നിന്ന് ദത്തെടുക്കപ്പെട്ടവർ ആയിരുന്നത് കൊണ്ടും ,   പ്രായപൂർത്തിയാവുന്നതു വരെ ഭരണ സിരാ കേന്ദ്രത്തിൽ നിന്ന് അകന്നു കഴിഞ്ഞത് കൊണ്ടും   അദ്ദേഹത്തിന് നിജസ്ഥിതി അറിഞ്ഞില്ലെന്നു വരാനും സാധ്യതയുണ്ട്  .അല്ലെങ്കിൽ  ക്ഷേത്രത്തിൽ സൂക്ഷിച്ച  നിധി ശേഖരം  ആധുനിക കാലത്തു  legal അല്ലാത്തത് കൊണ്ടാവാം  രാജാവിന്റെ ഭാഗത്തു നിന്ന്  ഭീമമായ ഉപേക്ഷ ഈ കാര്യത്തിൽ സംഭവിച്ചത് .

ഇതിന്റെ സാധുത ഉറപ്പിക്കുന്നതിനു വേണ്ടി  ചില സാമ്പത്തിക/ ചരിത്ര  പഠനങ്ങൾ നടത്തേണ്ടതുണ്ട്  .  കേരളമായിത്തീർന്ന മൂന്നു നാട്ടുരാജ്യങ്ങളുടെയും (തിരുവിതാം കൂർ , കൊച്ചി , കോഴിക്കോട് )  യൂറോപ്യൻ അധിനിവേശത്തിന് മുൻപുള്ള ഏതാനും നൂറ്റാണ്ടുകളിലെ  സമഗ്രമായ വരവ് ചിലവുകൾ, അറ്റാദായം  എന്നിവ  പഠിക്കുക . അതിൽ കയറ്റുമതിയുടെ വിഹിതം പ്രത്യേകം വിലയിരുത്തണം .തിരുവിതാം കൂറിന് അയൽ  രാജ്യങ്ങളിൽ നിന്ന് വ്യത്യസ്ത  മായി വൻ സമ്പാദ്യമുണ്ടാവാനുള്ള  വരുമാനം ഉണ്ടായിരുന്നുവോ എന്ന് വ്യക്തമാവാനാണിത് . രണ്ടാമതായി നിധി ശേഖരത്തിൽ നിന്ന്  random ആയിട്ടെങ്കിലും  ഉരുപ്പടികളുടെ കാല ഗണന , ഉറവിടം എന്നിവ പരിശോധിക്കുക . അവയിൽ വൈദേശികത്തിന്റെ  പങ്ക് എത്രയാണ് എന്നും അറിയണം .ഇതിൽ നിന്ന് തിരുവിതാം കൂറിന്റെ  ന്യായമായ വിഭവങ്ങളിൽ നിന്നും വ്യാപാരത്തിൽ നിന്നും ,  ഉണ്ടാകാവുന്ന  നീക്കിയിരുപ്പ് കണക്കാക്കുവാൻ വഴിതെളിയും . വൈദേശികമായ ഉരുപ്പടികളുടെ മൂല്യത്തോളം  വിപുലമായിരുന്നുവോ ഇവിടന്നുള്ള   കയറ്റുമതികൾ എന്ന്  കണക്കാക്കുവാനും കഴിയും .

ഇത്തരത്തിലുള്ള  ആധികാരികമായ  ഡാറ്റ  ക്രോഡീകരിക്കുവാൻ സാധിച്ചാൽ  ഇപ്പോൾ ക്ഷേത്ര ത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന   നിധി   വിദൂര ദേശങ്ങളിൽ നിന്ന്   ‘അനധികൃത’മായി കടത്തി കൊണ്ടുവന്നതാണോ എന്ന് തീരുമാനിക്കാൻ കഴിയും . അത് തെളിയിക്കപ്പെടുകയാണെങ്കിൽ  അതിനോട്  പല കോണിൽ നിന്നും ഉയർന്നു വന്നിട്ടുള്ള  വൈകാരിക ബന്ധം അസാധുവാവുകയും ചെയ്യും. അതൊടെ അത്‌ കണ്ടുകെട്ടപ്പെടെണ്ട  contraband goods ആവും .

സർക്കാർ  അതിലേക്കായി  ഒരു  പഴുതില്ലാത്ത  ലീഗൽ procedure ന്  മുന്നോട്ടു   വരണം. ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധരെ  കണ്ടെത്തി  പൊതു നിരീക്ഷണത്തിൽ  കുറ്റമറ്റ രീതിയിൽ  പദ്ധതി പൂർത്തിയാക്കണം . കേരളത്തിൽ മാത്രമല്ല രാജ്യത്തു തന്നെ  ധീരമായ  ഒരു ജനാധിപത്യ  നടപടിയായിരിക്കും അത് . പക്ഷെ  ആരുണ്ട് അതിനു സജ്ജമായവർ ? deity യുടെ സ്വത്താണ് സംശയമില്ല എന്ന്  ആണയിടുന്ന റിട്ടയേർഡ് ന്യായാധിപനും  നിലവറകളിലേക്കിറങ്ങിയത് തന്റെ പ്രത്യേക ഭാഗ്യവും അനുഗ്രഹവും ആണെന്ന് വിനയാന്വിതനാവുന്ന  ഐഎ എസുകാരനും  ആ   മനോനില കൈക്കൊള്ളുന്ന ആരും തന്നെ  ഈ കാര്യപരിപാടിയിൽ  ഭാഗഭാക്കാവാൻ പാടില്ല .സംസ്ഥാനത്തിനും  ഹിന്ദുമതത്തിനും  പുറത്തുള്ളവർക്കു പ്രാതിനിധ്യം വേണം. കേന്ദ്രത്തിന്റെ നിരീക്ഷകരുണ്ടാവണം .  ജുഡീഷ്യൽ വ്യക്തിത്വം പണയപ്പെട്ടിട്ടില്ലാത്ത നിയമജ്ഞരും   പൈതൃക ഭാരം ചുമക്കാത്ത ചരിത്രകാരന്മാരും വേണം . സിവിൽ സമൂഹത്തിൽ നിന്ന് രാജാതുരത  വേട്ടയാടാത്ത  അംഗങ്ങൾ  വേണം .രാഷ്ട്രീയരംഗത്തു നിന്ന്   നിക്ഷിപ്ത താല്പര്യത്തിനു പേരെടുക്കാത്തവരെയും ഉൾപ്പെടുത്താം .

പാമ്പാട്ടികളുടെയും മന്ത്രവാദികളുടെയും നാടല്ല ഭാരതം  എന്ന്  തെളിയിച്ചത്   ആഗോള  കുടിയേറ്റം നടത്തിയ വിദഗ്ധ / നവ സാങ്കേതിക  തൊഴിലാളികളാണ്.   രാജ ദാസ്യത്തിന്റെ മിഥ്യയിലും   ദേവതാ സങ്കൽപ്പത്തിന്റെ മായികതയിലും   മയങ്ങി സത്യവും നീതിയും  ശാസ്ത്ര ബോധവും നിലവറയിൽ പൂട്ടിവെച്ചവരാണ് നമ്മളെന്ന്  ഭാവിയിൽ ചരിത്രം രേഖപ്പെടുത്താനിടവരരുത് .

Print Friendly, PDF & Email