BOOK REVIEW പുസ്തകം

മൗനത്തിന്റെ കടലിരമ്പംപ്രിയ സുഹൃത്ത്‌ സുജാതാ ദേവിയുടെ അനുഭവക്കുറിപ്പുകളും ഓർമ്മകളും “ഇത്തിരി മൗനം” എന്ന പുസ്തകമായി വായനപ്പുര ബുക്ക്സ്‌ പ്രസിദ്ധീകരിക്കുകയും ശ്രീ. മധുപാൽ തന്റെ ഫേസ്ബുക്ക്‌ പേജിലൂടെ ക്ഴിഞ്ഞ ദിവസം പ്രകാശനം നിർവ്വഹിക്കുകയും ചെയ്തിരിക്കുന്നു. സുഹൃത്തിന്റെ സന്തോഷത്തിൽ ഒപ്പം ചേരുകയും അനുമോദനങ്ങൾ അർപ്പിക്കുകയും ചെയ്യുന്നു.

ഫേസ്‌ ബുക്കിൽ കുറിപ്പുകളായി വന്നപ്പോൾ മുതൽ അവസാന അദ്ധ്യായം വരെ കൗതുകത്തോടെയും ഒട്ടൊരു അൽഭുതത്തോടെയും ആ അക്ഷരങ്ങളെ അനുധാവനം ചെയ്യുകയും, ആ കുറിപ്പുകൾ ഫേസ്‌ ബുക്ക്‌ ബുക്ക്‌ പോസ്റ്റുകളായി ഒതുങ്ങേണ്ടവയല്ലെന്നും പുസ്തകമായി വായനക്കാരുടെ കൈകളിലെത്തേണ്ട ഒന്നാണെന്നും സ്നേഹപൂർവ്വം നിർബന്ധിക്കുകയും ചെയ്ത ഒരാളെന്ന നിലക്ക്‌, എനിക്കുറപ്പുണ്ട്‌ അക്ഷരസ്നേഹികൾ ഈ പുസ്തകം ഇരുകൈയും നീട്ടി സീകരിക്കുമെന്ന്.

ഔദ്യോഗിക ജീവിതത്തിന്റെ തിരക്കും കുടുംബം നടത്തിപ്പും ഇടവേളകളിലെ വായനയും യാത്രകളും സിനിമയും സംഗീതവുമൊക്കെയായി തികച്ചും സാധാരണവും സ്വച്ഛവുമായ ജീവിതത്തിന്റെ വണ്ടി മുന്നോട്ട്‌ ഓടിക്കൊണ്ടിരിക്കേ…പ്രതീക്ഷിക്കാത്തൊരു വില്ലന്റെ (കാൻസർ) കടന്നു വരവ്‌ ആ ജീവിതതാളം അപ്പാടെ തെറ്റിക്കുന്നിടത്ത്‌, അതുവരെ ഉണ്ടായിരുന്ന എല്ലാ ശബ്ദങ്ങളിൽ നിന്നും കൂട്ടങ്ങളിൽ നിന്നും ദൂരെയാക്കപ്പെട്ട ഏകാന്തവും വിമൂകവുമായ ദിനരാത്രങ്ങളിലാണു “ഇത്തിരി മൗന”ത്തിന്റെ കടലിരമ്പം ആരംഭിക്കുന്നത്‌.

ഗതിവേഗം തീരെ കുറഞ്ഞുപോയ രാപ്പകലുകളിൽ ഒറ്റക്കിരുന്ന് രോഗത്തെയും ചികിൽസയെയും സഹനങ്ങളെയുംകുറിച്ചുമൊക്കെ പറയുന്നതിനിടക്ക്‌ മനസ്സിൽ മായാതെ കിടന്നിരുന്ന പോയ കാലത്തിന്റെ നൈർമല്യങ്ങളെയും കണ്ട മുഖങ്ങളെയുമൊക്കെ ഓർത്തെടുക്കുകയാണു എഴുത്തുകാരി. മന:സ്ഥൈര്യം കൊണ്ടും ശരിയായ ചികിൽസ കൊണ്ടും ബന്ധുക്കളുടെ സ്നേഹപരിചരണം കൊണ്ടും കാൻസർ എന്ന വില്ലനെ തോൽപ്പിച്ച അതിജീവനത്തിന്റെ കഥ മാത്രമല്ല “ഇത്തിരി മൗനം”. ആമുഖത്തിൽ എഴുത്തുകാരി തന്നെ പറയുന്നത്‌ പോലെ ഒരു കാൻസർ ചികിൽസാ കാലത്തെ സഹനങ്ങളെ സർഗ്ഗാത്മകമായി മറികടന്നതിന്റെ ശേഷിപ്പുകൾ കൂടിയാണീ പുസ്തകം.

ജീവിതത്തെ കുറിച്ചാണു ഈ കുറിപ്പുകളിൽ പറയുന്നത്‌.. അതിൽ സങ്കടങ്ങളുണ്ട്‌, സ്നേഹമുണ്ട്‌, പ്രണയമുണ്ട്‌, സംഗീതമുണ്ട്‌, രോഗം വന്നതു കൊണ്ട്‌ മെല്ലെയായിപ്പോയ ജീവിതം സമ്മാനിച്ച ‘കൂറ്റൻ ആത്മസഞ്ചാരങ്ങൾ” ഉണ്ട്‌, വജ്രസമാനമായ ചിന്താശകലങ്ങളുടെ തിളക്കവും മൂർച്ചയുമുണ്ട്‌.

തികച്ചും സാധാരണമെന്ന് പറയാവുന്ന ജീവിതാനുഭങ്ങളെയും ഓർമ്മകളെയും അസാധാരണവും മൗലികവുമായ ആഖ്യാനശൈലികൊണ്ട്‌ ഹൃദ്യമായ വായനാനുഭവമാക്കുന്നുണ്ട്‌ സുജാതാ ദേവി. എഴുത്തിന്റെ നടപ്പ്‌ വ്യാകരണങ്ങളിൽ നിന്നും വരച്ചിട്ട കളങ്ങളിൽ നിന്നും കുതറിയോടാൻ ശ്രമിക്കുന്നുണ്ട്‌ ആ എഴുത്ത്‌. ആ കുതറൽ തന്നെയാണു ഈ പുസ്തകത്തെ ഒരുപക്ഷെ മനോഹരവും വായനാ യോഗ്യവുമാക്കുന്നത്‌.

ജീവിതത്തിലെ ഏത്‌ പ്രതിസന്ധിയെയും ആത്മധൈര്യം കൊണ്ടും സ്നേഹം കൊണ്ടും മറികടക്കാനാവുമെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നുണ്ട്‌ എഴുതി നിർത്തുമ്പോൾ എഴുത്തുകാരിയുടെ മുഖത്ത്‌ വിരിയുന്ന സ്നേഹാർദ്രമായ പുഞ്ചിരി.. വ്യക്തിജീവിതത്തിലും മുന്നോട്ടുള്ള എഴുത്തുജീവിതത്തിലും വിജയിയുടെ ആ പുഞ്ചിരി നിലനിൽക്കട്ടെ എന്നാശംസിക്കുന്നു..

Print Friendly, PDF & Email