കഥ

രൂപാന്തരംഭർത്താവ് ജോലിയെടുത്ത് ജീവിക്കുന്ന നഗരത്തിലെ വാസസ്ഥലത്ത് എത്തിയ ദിവസം തന്നെ നന്ദിനിയെ രസിപ്പിച്ച ഒരു സംഭവം ഉണ്ടായി. ചായ ഉണ്ടാക്കാൻ ഫ്രിഡ്ജ് തുറന്ന് പാൽ പാക്കറ്റ് എടുത്തപ്പോൾ അതിൽ എഴുതിയിരിക്കുന്നു “നന്ദിനി”യെന്ന്.  താഴെ നിറഞ്ഞ അകിടും വെളുത്ത ശരീരത്തിൽ കറുത്ത പുള്ളികളുമായി ഒരു തടിച്ച പശുവിന്റെ പടവും. കുട്ടിക്കാലത്ത് അനുജനുമായി വഴക്കിടുമ്പോൾ അവൻ തന്നെ വിളിച്ചിരുന്നത് “നന്ദിനിപ്പശു” എന്നായിരുന്നല്ലോ എന്നോർത്തപ്പോൾ നന്ദിനിക്ക് ചിരി പൊട്ടി.

സ്ഥലത്ത്  ആദ്യമായതുകൊണ്ട് ഒന്നും ഒരെത്തും പിടിയുമില്ല. നന്ദിനി പായ്ക്കറ്റ് പൊട്ടിച്ച് പാൽ പാത്രത്തിലേക്ക് പകർന്ന് സ്റ്റൗവിൽ വെച്ചു. പഞ്ചസാരയും ചായപ്പൊടിയും എവിടെയാണാവോ!  ഷെൽഫ് തുറന്ന് ഓരോരോ കുപ്പികളും ടിന്നുകളും തുറന്നുനോക്കി.  “ആദ്യം തനിക്കൊരു ചായ. പിന്നെയാവാം ഭർത്താവേട്ടനെ തീറ്റിപ്പോറ്റൽ” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട്  തിരിഞ്ഞപ്പോഴേയ്ക്കും  അതാ പാൽ തിളച്ചുതൂവിയിരിക്കുന്നു. “കുറച്ച് തൂവട്ടെ, തന്റെ ഗൃഹപ്രവേശം കൂടി ആണല്ലോ” എന്ന് സമാധാനിച്ചുകൊണ്ട് നന്ദിനി പതിയെ സ്റ്റൗവ് അണച്ചു.  പക്ഷെ ആ കൃത്യസമയത്ത് തന്നെ  ഭർത്താവേട്ടൻ അടുക്കളയിൽ രംഗപ്രവേശം ചെയ്തുകളഞ്ഞു.

“രാവിലെ തന്നെ പാൽ പകുതി കളഞ്ഞല്ലോ! അല്ലെങ്കിലും ഞാൻ നോട്ടീസ് ചെയ്തിട്ടുണ്ട്. ശ്രദ്ധ ഒട്ടുമില്ല നിനക്ക്.” ഭർത്താവേട്ടന്റെ വക രാവിലെ തന്നെ ശകാരം.

“ഞാൻ നോക്കി നോക്കി നിൽക്കുകയായിരുന്നു. പക്ഷെ ഒന്ന് തിരിഞ്ഞപ്പോൾ തന്നെ അത് തിളച്ചുപൊന്തി. ഏട്ടന് ചായ ഇപ്പോൾ തരാം.”

അവൾ ചായ തയ്യാറാക്കി നോക്കുമ്പോൾ ഏട്ടനെ അവിടെയെങ്ങും കാണാനില്ല. ആൾ ഒരു ധൂളി പോലെ അടുക്കളയിൽ നിന്ന് പറന്നകന്ന് പൂമുഖത്ത് കസേരയിൽ പത്രവുമെടുത്ത് ചാഞ്ഞുകഴിഞ്ഞിരുന്നു.

അവൾ കൊടുത്ത ചായ ഒരു കവിൾ കുടിച്ച ഭർത്താവേട്ടന്റെ മുഖം കറുത്തു. “നീ ഇതിലെന്താ പഞ്ചസാര ഇട്ടില്ലേ?”

“അയ്യോ ചേട്ടാ മറന്നതാ. ഇപ്പോൾ  പഞ്ചസാരയിട്ട് കൊണ്ടുവരാം. അവൾ ചായക്കപ്പ് വാങ്ങി അടുക്കളയിലേക്ക് നടന്നു.

തപ്പിത്തപ്പി അവസാനം കൈയ്യിൽ ഒരു കുപ്പി തടഞ്ഞു. പഞ്ചസാരയാവണം. രണ്ട് സ്പൂൺ ഇട്ടു കലക്കി.

അവൾ വീണ്ടും കൊടുത്ത ചായ കുടിച്ചയുടനെ തന്നെ അയാൾ നീട്ടി തുപ്പി. “നീയെന്താ രാവിലെ എന്റെ ക്ഷമ പരീക്ഷിക്കുകയാണോ? ഇതിൽ പഞ്ചസാരയല്ല, ഉപ്പാണ് നീ ഇട്ടിരിക്കുന്നത്. കൊണ്ടുപോയി നിന്റെ വീട്ടുകാർക്ക് കൊടുക്ക്.” അയാൾ ക്ഷുഭിതനായി

അവൾ നോക്കിയത് അയാൾ തുപ്പിയ ചായയിലാണ്. വാൻ ഗോഗിന്റെ സൂര്യകാന്തിപ്പൂക്കളെ പോലെ നിലത്ത് പല ഡിസൈനുകൾ തീർത്ത് അതങ്ങനെ കിടക്കുന്നു. “തൽക്കാലം അതങ്ങനെ കിടക്കട്ടെ. ഉണങ്ങിക്കഴിയുമ്പോൾ വാൻ ഗോഗ് പെയിന്റിങ്ങിന് വ്യക്തത വരും.” അവൾ മനസ്സിൽ പറഞ്ഞു.

അയാൾ പ്രാതൽ കഴിക്കാതെയാണ് ഓഫീസിലേക്ക് പോയത്. അവളോട് യാത്ര പറഞ്ഞതുമില്ല. അതൊരു തുടക്കം മാത്രമായിരുന്നു.

അന്നൊരു ദിവസം   സ്വീകരണമുറിയിലെ സോഫയിൽ  ഉച്ചമയക്കത്തിലാണ്ടു കിടക്കുമ്പോഴാണ് അവൾ ആ വിചിത്ര സ്വപ്നം കണ്ടത്.

ഭർത്താവേട്ടന് വെളുപ്പിന് എഴുന്നേറ്റ് യോഗ ചെയ്യുന്ന സ്വഭാവമുണ്ട്. ഏതോ ഗൾഫുകാരൻ സ്നേഹിതൻ കൊടുത്ത ഒരു കാർപെറ്റ് ആണ് യോഗ ചെയ്യാനുള്ള മാറ്റ് ആയി ഉപയോഗിക്കുന്നത്. ഉപയോഗം കഴിഞ്ഞാൽ വാതിലിന് പുറകിൽ ചുരുട്ടി വെക്കും. അതാണ് പതിവ്. കാർപെറ്റിലെ പൂക്കളുടെ ഡിസൈനിൽ ആകൃഷ്ടയായി നന്ദിനി വാതിൽ പുറകിൽ ചുരുണ്ട് സുഖസുഷുപ്തിയിലായിരുന്ന കാർപെറ്റ് എടുത്ത് നിവർത്തി. പക്ഷെ പിന്നീട് ചുരുട്ടാൻ നോക്കിയിട്ട് കാർപെറ്റ് ചുരുളുന്നില്ല. അത് പലക പോലെ ദൃഢമായിരിക്കുന്നു. അവൾ കാർപെറ്റിന് മുകളിൽ കയറി നിന്ന് അതൊന്ന് ഒതുക്കാൻ നോക്കി. അപ്പോഴാണ് അത് സംഭവിച്ചത്. തറയിൽ കിടന്ന കാർപെറ്റ് പതിയെ പൊന്തിത്തുടങ്ങി. ബാലൻസ് തെറ്റി നന്ദിനി കാർപെറ്റിന് മുകളിൽ വീണു. കണ്ണ് തുറക്കും മുമ്പേ കാർപെറ്റ് മുൻ വാതിലും കടന്ന് പുറത്തേക്ക് പറന്നിറങ്ങി. “കൊള്ളാമല്ലോ” എന്ന് മനസ്സിൽ കരുതി നന്ദിനി കാർപെറ്റിൽ ചമ്രം പടിഞ്ഞ് ഇരുന്നു. മരങ്ങൾക്കും കെട്ടിടങ്ങൾക്കും മുകളിലൂടെ കാർപെറ്റ് ഉയർന്നുയർന്ന് പറന്നുനീങ്ങി. അങ്ങ് താഴെ നഗരം ചെറുതായി വന്നു.  രാജകൊട്ടാരവും റെയിൽവേ സ്റ്റേഷനും എല്ലാം കറുത്ത പൊട്ടുകളായി.    റോഡുകൾ റിബ്ബൺ പോലെയും വാഹനങ്ങൾ ഉറുമ്പുകളെ പോലെയും കാണപ്പെട്ടു. അക്കൂട്ടത്തിൽ ഒരു ഉറുമ്പായി തന്റെ ഭർത്താവും ഉണ്ടെന്ന് ആലോചിച്ചപ്പോൾ നന്ദിനിക്ക് ചിരിപൊട്ടി.

കുറെ ചുറ്റിക്കറങ്ങിയ ശേഷം നന്ദിനിയെയും കൊണ്ട് കാർപെറ്റ് വീട്ടുമുറ്റത്തെത്തി തളർന്ന് കുഴഞ്ഞ് വീണു. ഭർത്താവേട്ടൻ എത്തിയിട്ടുണ്ടാകുമോ എന്ന് ഭയന്ന് നന്ദിനി ധൃതിയിൽ വീട്ടിലേക്ക് കയറിയതോടെ സ്വപ്നച്ചരട് മുറിഞ്ഞു. കണ്ട സ്വപ്നത്തെ താലോലിച്ചുകൊണ്ട് അവൾ സോഫയിൽ തിരിഞ്ഞു കിടന്നു.

അതാ വാതിൽ തുറക്കുന്ന ശബ്ദം. ഭർത്താവേട്ടൻ വന്നുവെന്ന് തോന്നുന്നു. വന്നാൽ ഡോർബെൽ അടിക്കലൊന്നുമില്ല. താക്കോലിട്ട് വാതിൽ തുറക്കും. അകത്ത് കടക്കും. അതാണ് പതിവ്.

.എന്തോ കുഴപ്പമുണ്ട്. ആൾ ക്ഷോഭിച്ച നിലയിലാണ് നിൽപ്.

“നന്ദിനീ ഒന്ന് പുറത്തേക്ക് വരൂ.”

എന്താണാവോ! നന്ദിനി എഴുന്നേറ്റ് ഭർത്താവിന്റെ കൂടെ പുറത്തേക്ക് നടന്നു.

“എന്റെ യോഗ ചെയ്യുന്ന കാർപെറ്റ് എങ്ങനെയാണ് മുറ്റത്ത് എത്തിയത്?” അയാൾ ക്ഷോഭത്തോടെ ചോദിച്ചു.

അവൾ പെട്ടെന്ന് കണ്ട സ്വപ്നം ഓർത്തു. പക്ഷെ അത് സ്വപ്നമല്ലേ! ഇത് ഇവിടെ എങ്ങനെ എത്തി. അവൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല.

“എനിക്കറിയില്ല ഏട്ടാ. ഇനി അത് തനിയെ പറന്നുപോയതാവുമോ?”

“ഭ്രാന്ത് പറയുന്നോ? നീ എപ്പോഴെങ്കിലും ദിവാസ്വപ്നം കണ്ടുകൊണ്ട് ചെയ്ത പണിയാവണം. സ്റ്റുപ്പിഡ്!.”

അത് അങ്ങനെ കഴിഞ്ഞു.

ഇപ്പോൾ നന്ദിനി എല്ലാറ്റിനോടും രമ്യതപ്പെട്ടിരിക്കുന്നു. ഭർത്താവേട്ടന്റെ വാക് ശരങ്ങളെ അവൾ പൂച്ചെണ്ടുകളായി എതിരേൽക്കാൻ പഠിച്ചിരിക്കുന്നു….

“നന്ദിനീ, ഈ ജനാലപ്പടിയിൽ എന്താണ്?” ഓഫീസിൽ നിന്ന് എത്തിയപാടെ ഭർത്താവിന്റെ ഉച്ചത്തിലുള്ള ചോദ്യമാണ് മറ്റൊരു ദിവസം അവളെ എതിരേറ്റത്.

“എന്താണ്? ഓ മാല. ഒരു മാല.”

“വെറും മാലയോ, സൂക്ഷിച്ച് നോക്ക്.  മലയുടെ അറ്റത്ത് എന്താണ്?”

“ഓ താലിമാല. ഞാൻ ഇപ്പൊ ഓർക്കുന്നു. കഴുത്ത് വിയർത്ത് ചൊറിഞ്ഞപ്പോൾ ഞാൻ ഊരിവെച്ചതാണ്. എടുത്തിടാൻ മറന്നുപോയി.”

“യു ആർ കേർലെസ്സ്. ഒന്നിലും ശ്രദ്ധയില്ല. വെറും മന്ദബുദ്ധി.” ഭർത്താവേട്ടൻ പിറുപിറുത്തു.

“അതെയോ? എന്നാലേ പറയൂ. പദ്മിനിയെ അറിയുമോ? ഇല്ല, അല്ലേ? പാവം നല്ലൊരു ചിത്രകാരിയായിരുന്നു. ചെറുപ്പത്തിൽ മരിച്ചുപോയി. അതുപോട്ടെ, രാജലക്ഷ്മിയെ അറിയുമോ? അതുമില്ല. പാവം ചെറുപ്പത്തിൽ ആത്മഹത്യ ചെയ്തു. എന്തിന്? അറിയില്ല, അല്ലേ? സാരമില്ല, “ഇടശ്ശേരിയാണോ വൈലോപ്പിള്ളിയാണോ പ്രായത്തിൽ മൂത്തത്?” അതും അറിയില്ല, അല്ലേ? “പ്രേമലേഖനം എഴുതിയത് ബഷീറോ ഉറൂബോ?” അതും അറിയില്ല.   “വെറും മന്ദബുദ്ധി, മന്ദബുദ്ധി”, അവൾ അലറി. അവളുടെ ശരീരം വിറയ്ക്കാൻ തുടങ്ങി. അവൾ മുട്ടുകുത്തി വീണ്ടും അലറി. “ബേ ബേ” എന്ന അവളുടെ ശബ്ദം അവിടമാകെ മുഴങ്ങി.

Print Friendly, PDF & Email