ഓർമ്മ

ബാലേട്ടന്റെ ബ്ലൗസ്ക്രിസ്ത്യൻ കോളേജിൽ നിന്നും അഴകൊടി ക്ഷേത്രത്തിലേക്ക് പോകുന്ന വഴി, അശോകപുരത്തായിരുന്നു ബാലേട്ടന്റെ തുന്നൽക്കട.

PG തുടങ്ങിയപ്പോൾ കാണാൻ ഇച്ചിരി ഗാംഭീര്യം ലുക്ക് വേണം, വെറും ചുരിദാർ ഇട്ട് പ്രത്യക്ഷപ്പെടുന്ന ചെറുപ്പക്കാരി ഡോക്ടർക്ക് രോഗികൾ മതിയായ വില കല്പിച്ചില്ലെങ്കിലോ എന്ന ആശങ്കയാണ് എന്നെ സാരിയുടുക്കാനും, അതിനു വേണ്ടി ബ്ലൗസ് തയ്പ്പിക്കാനും ബാലേട്ടന്റെ തുന്നൽക്കടയിൽ എത്തിച്ചത്.

ഓടിട്ട പീടികമുറി, മുതലാളി ബാലേട്ടൻ പടിവാതിൽക്കൽ തന്നെ, നരച്ച താടി, അതിലും നരച്ച മുണ്ട്, ചുറ്റുപാടും അസ്സോസിയേറ്റ് തുന്നൽക്കാരികൾ മത്സരിച്ചു തുന്നുന്നു. കോട്ടൺ ബ്ലൗസുകളുടെ കുഞ്ഞു കൂമ്പാരങ്ങൾ, മുറിച്ച തുണിയുടെ മണ വാസന, ആകെമൊത്തം ഒരു ഒന്നാന്തരം തുന്നൽപീടിക അന്തരീക്ഷം.

എനിക്കു പൂർണമായി ബോധിച്ചു.

ബോധിക്കാഞ്ഞത് ബാലേട്ടന്റെ വ്യക്തിത്വം ആണ്. നമ്മൾ പറയുന്ന പടിയല്ല മൂപ്പരുടെ തുന്നൽ. അങ്ങോർക്ക് ചില ശീലങ്ങളും തീരുമാനങ്ങളും ഉണ്ട്, അത് പോലെയേ ചെയ്യൂ.

“അയ്യോ, ബ്ലൗസ് ഇത്തിരി കൂടി ഇറക്കം വേണം, കഴുത്തു ഇച്ചിരി കൂടി കയറ്റണം ” എന്നു ഒരു പൊടി നാണത്തോടെ ഞാൻ പറയുമ്പോൾ, ആ ഒറ്റബുദ്ധിക്കാരൻ പറയും

“ഇങ്ങളെ പോലത്തെ ചെറുപ്പക്കാരികൾ ഇങ്ങനെ മൂടിപ്പുതച്ച ബ്ലൗസ് അല്ലപ്പാ ഇടേണ്ടത് “

എന്നിട്ട് മൂപ്പരുടെ മനോധർമ്മം പോലെ ഒരു ബ്ലൗസ് എനിക്ക് തുന്നി തരും.

ഇടുന്നത് നീരസത്തോടെ ആണെങ്കിലും, ഇട്ട് കഴിഞ്ഞപ്പോൾ ഞാൻ അമ്പരന്നു.

ശരീരത്തിൽ വെച്ചു തയ്പ്പിച്ച പോലെ, കിറു കൃത്യം !

ഇത്രയും പാകത്തിനും അളവിനും ഉള്ള ബ്ലൗസുകൾ ഞാൻ ജന്മത്തിൽ ഇതു വരെ ധരിച്ചിട്ടില്ല.

മൂന്ന് വർഷമാണ് മെഡിക്കൽ PG. ഓരോ വർഷം പോകും തോറും ബ്ലൗസിന്റെ കൈ നീളം കുറഞ്ഞു വന്നു, കഴുത്തിന്റെ ആഴം കൂടി വന്നു. നാട്ടുകാർ എന്തു പറയും എന്ന ഭയം ഒരു വശത്തു കുമിഞ്ഞു കൂടുന്നു, മറു വശത്തു ബാലേട്ടനുമായുള്ള സന്ധിയില്ലാ സംഭാഷണങ്ങളും.

എന്നാലോ, ബാലേട്ടൻ തയ്ച്ചു തരുന്ന ബ്ലൗസ് ധരിക്കുമ്പോൾ കൂടെയുള്ള കോട്ടൺ സാരിക്കും, അണിയുന്ന ആഭരണത്തിനും സൗന്ദര്യം വല്ലാതെ കൂടുകയും ചെയ്യുന്നു.

ഒടുക്കം നിവൃത്തി ഇല്ലാതെ ഞാൻ ബാലേട്ടൻപടയിൽ ചേർന്നു , അങ്ങേര് എന്തു പറഞ്ഞാലും അങ്ങനെ തന്നെ അങ്ങനെ തന്നെ.

” ഇവിടെ എങ്ങനെയോ അങ്ങനെ ” എന്നു പറയിപ്പിച്ചു എന്നെകൊണ്ട് ആ കലാകാരൻ !

അത്രയും ഭംഗി, ബ്ലൗസുകൾ ഓരോന്നും !

പിൽക്കാലത്തു MRCS, FRCS ഇത്യാദി കടമ്പകൾ കടക്കണം എന്ന ആഗ്രഹവുമായി ലണ്ടനിൽ എത്തി, ശേഷം ഒരവധിക്കാലം നാട്ടിൽ ചെന്നപ്പോൾ ബോർഡറിൽ വെള്ള പെയിന്റ് അടിച്ച, വീതിയുള്ള റോഡുകളും നടപ്പാതകളും കണ്ടു അമ്പരന്നു. അശോകപുരം വഴി മനസ്സിലാകാത്ത വിധം മാറിയിരിക്കുന്നു !

വാഹനങ്ങൾ ഒഴുകി ഒഴുകി പോകുന്ന ഒന്നാന്തരം റോഡുകൾ, കറുപ്പ് ടാറിന്റെയും വെളുത്ത പൈന്റിന്റെയും മനോഹാരിത നാടാകെ !

ബാലേട്ടൻ എന്റെ വെളുത്ത സാരിക്ക് തുന്നിത്തന്ന കറുപ്പ് ബ്ലൗസിന്റെ അറ്റത്തുള്ള വെള്ള ബോർഡറുള്ള ബ്ലൗസ് പോലുള്ള കണ്ണഞ്ചിപ്പിക്കുന്ന വീഥികളാൽ അശോകപുരം മോഹിപ്പിക്കാൻ തയ്യാറായി നിൽക്കുന്നു.

അശോകേട്ടന്റെ തയ്യൽക്കട മാത്രം കാണാനില്ല.

നടപ്പാതയ്ക്കു വഴിയൊരുക്കാൻ നഷ്ടപ്പെട്ടതാവുമോ?

ഞാൻ വഴിയരികിലെ പല കടകളിലും നിർത്തി ചോദിച്ചു.

ആർക്കും അറിയില്ല, താല്പര്യം ഒട്ടുമില്ല.

കഴിഞ്ഞ വർഷം ലണ്ടനിൽ നടന്ന ഒരു ദീവാലി പാർട്ടിക്ക് ഉത്തരേന്ത്യൻ സുന്ദരികൾ ജനലും വാതിലും പോരാഞ്ഞിട്ട് വരാന്തയും ഉള്ള ബ്ലൗസുകൾ ഇട്ട് വിലസിയപ്പോൾ ഞാൻ മാത്രം സാദാ നാടൻ കൈയ്യും കഴുത്തും ഉള്ള ബ്ലൗസിൽ ഞെരിപിരി കൊണ്ടു .

“ബാലേട്ടന്റെ തയ്യൽക്കട ഉണ്ടായിരുന്നെങ്കിൽ ഇന്നെനിക്കീ ഗതി വരില്ലായിരുന്നു “എന്നോർത്ത് മാറിയിരുന്നു  കുണ്ഠിതപ്പെട്ടു.

ഇന്നിപ്പോൾ ബ്ലൗസ് തുന്നാൻ ആരെയും കിട്ടാതെ, ജയലക്ഷ്മിയിലെ റെഡി മെയ്ഡ് ബ്ലൗസ് വാങ്ങി ഒരെണ്ണം അഞ്ചു സാരിക്ക് ഉപയോഗിച്ചു, ബ്ലൗസിന്റെ അഭംഗി, സാരിയുടെ ഭംഗി വെച്ചു മറയ്ക്കാൻ പാടുപെടുമ്പോൾ ഓർക്കും ബാലേട്ടൻ ഇതറിഞ്ഞാൽ ഒരു സ്വയമ്പൻ ബ്ലൗസ് തയ്പ്പിച്ചുതന്നേനേ .

Print Friendly, PDF & Email