കഥ

സ്റ്റെത്തും ചങ്ങലയുംഅരശ് ഡോക്ടറുടെ ക്ലിനിക്കിലേക്കു ആരോഗ്യവകുപ്പുദ്യോഗസ്ഥന്മാരും പോലീസുകാരും ഇരച്ചെത്തിയപ്പോൾ  നാട്ടുകാരെല്ലാവരും  അന്ധാളിച്ചു .മുൻവശത്തെ തമിഴിലും ഇംഗ്ലീഷിലും എഴുതിയ ബോർഡുകളും  ബാനറുകളുമെല്ലാം ഉദ്യോഗസ്ഥർ വലിച്ചു പറിച്ചു വണ്ടിയിൽ കയറ്റി .എന്താണ് സംഭവിച്ചെതെന്നറിയാൻ ഓടിക്കൂടിയ മുഖം മൂടിയവരും മുഖം മൂടാത്തവരുമായ നാട്ടുകാരെ  പോലീസ് ലാത്തി വീശി അകറ്റി .

ഡോക്ടർ തല നിവർത്തിപ്പിടിച്ചു തന്നെയാണ് പുറത്തേക്കു വന്നത് മുഖത്തെ മാസ്ക് അദ്ദേഹത്തിന്‍റെ ഭാവം മറച്ചു വെച്ചിരിക്കുകയാണെങ്കിലും  അക്ഷോഭ്യമായ ഒരു ശരീര ഭാഷ അദ്ദേഹത്തിനുണ്ടായിരുന്നു .കയ്യിൽ പിടികൂടാൻ ശ്രമിച്ച പോലീസുദ്യോഗസ്ഥനെ  ഒറ്റ നോട്ടം കൊണ്ട്   അദ്ദേഹം പിൻതിരിപ്പിച്ചു .പതിവ് പോലെ ദൃഢമായ ചുവടുവെപ്പോടെയാണ്  അദ്ദേഹം പോലീസ് വാനിനടുത്തേക്കു നടന്നത്   .വാനിനകത്തു  കയറാൻ നേരം അകന്നു നിൽക്കുന്ന  നാട്ടുകാരുടെ നേർക്ക് അദ്ദേഹം ഒന്ന് കണ്ണോടിച്ചു . ആ  കണ്ണുകൾ ശാന്തമായി മന്ദഹസിക്കുന്നതു പോലെ തോന്നി .

ഇതേ മന്ദഹാസവും ഊറ്റവും  അരശ് ഡോക്ടറുടെ പിതാവ്  സഖാവ് ഡോക്ടറുടെയും വലിയച്ഛൻ വൈദ്യരുടെയും മുഖത്ത്  ഇതേ പരിത:സ്ഥിതിയിൽ പ്രകടമായിരുന്നുവെന്ന്  പഴമക്കാർക്കൊക്കെ ഓർത്തെടുക്കാൻ കഴിയുന്നുണ്ട് .പോലീസിന്‍റെ അന്നത്തെ കളസവും തൊപ്പിയും വ്യത്യസ്തമായിരുന്നു എന്ന് മാത്രം .സഖാവ് ഡോക്ടർ അന്ന് ഡോക്ടറായി കഴിഞ്ഞിരുന്നില്ല .അദ്ദേഹത്തിന്‍റെ പിതാവിനെപ്പോലെയോ ജ്യേഷ്ഠസഹോദരനെ പ്പോലെയോ വൈദ്യരംഗമായിരുന്നില്ല അദ്ദേഹത്തിന്‍റെ പ്രധാന പ്രവർത്തനരംഗം പിതാവിന്‍റെയും  ജ്യേഷ്ഠന്‍റെയും   ഒപ്പം  രോഗികളുടെ പാർപ്പിടങ്ങളിലേക്കു പോവുകയും അവരെ പരിശോധിക്കുന്നത് സാകൂതം ശ്രദ്ധിക്കുകയും  ചെയ്യുമായിരുന്നെങ്കിലും ചികിത്സകനാകാനുള്ള താല്പര്യം അദ്ദേഹം അന്ന് പ്രകടിപ്പിച്ചിരുന്നില്ല .ഗുളികകളുടെയും കഷായത്തിന്‍റെയും ലേഹ്യങ്ങളുടെയും അന്തരീക്ഷത്തിലാണ്  അദ്ദേഹവും ജീവിച്ചിരുന്നത് അന്ന് രോഗികൾ ഭിഷഗ്വരന്മാരുടെ അടുത്തേക്ക് പോവുകയല്ല ഭിഷഗ്വരന്മാർ രോഗികളുടെ അടുത്തേക്ക്  ചെല്ലുകയാണ് പതിവ് ആദർശാത്മകമായ ജീവിതം നയിക്കുന്ന ആ കുടുംബത്തെ സകലരും ബഹുമാനിച്ചിരുന്നു .

വൈദ്യം മാത്രമല്ല സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിലും അവർ ഇടപെടാറുണ്ട് . ജ്യേഷ്ഠൻ വൈദ്യർ  ഒരേ സമയം ഗാന്ധിയനും  സോഷ്യലിസത്തിലേക്കു  ചാഞ്ഞു കൊണ്ടിരിക്കുന്ന കോൺഗ്രസ് വിഭാഗത്തിലെ  അംഗവും ആയിരുന്നു .ത്രിവർണ പതാകയുമായി നേതാക്കളുടെ മുൻനിരയിൽ നിൽക്കുന്ന ജ്യേഷ്ഠൻ വൈദ്യർ ഒരു കല തന്നെയായിരുന്നു .ആ തലയെടുപ്പും ആകാരവും അത്രയും  ഗംഭീരമായിരുന്നു .അദ്ദേഹത്തെ പിന്തുടർന്നു കൊണ്ട് നിരവധി പേർ ആ മഹാപ്രസ്ഥാനത്തിൽ അണിചേർന്നിരുന്നു .അനുജനു  പ്രണയം പക്ഷെ ചെങ്കൊടിയോടായി .വെറും പ്രണയമല്ല ;  അങ്ങേയറ്റം കലശലായ പ്രണയം . ശാസ്ത്രീയ സോഷ്യലിസത്തിന്‍റെ കൊടിക്കൂറയുമായി  അദ്ദേഹം ചേരികളിലും തൊഴിൽശാലകളിലും സഞ്ചരിച്ചു കൊണ്ടിരുന്നു .അയിത്തോച്ചാടന പ്രക്ഷോഭത്തിൽ പങ്കെടുത്ത ജ്യേഷ്ഠൻ വൈദ്യർ  അറസ്റ്റ് ചെയ്യപ്പെട്ടു ആദ്യം സേലം ജയിലിലും പിന്നീട് ബെല്ലാരി ജയിലിലും  രണ്ട് വർഷക്കാലം തടവ് ജീവിതം നയിക്കേണ്ടി വന്നു .മാപ്പപേക്ഷിച്ചു ജയിൽ മോചനം നേടാൻ ആവശ്യപ്പെട്ട നേതാക്കളുടെ മുഖത്ത്  അദ്ദേഹം കാർക്കിച്ചു തുപ്പി . അരശ് ഡോക്ടറുടെ പിതാവാകട്ടെ കൽക്കത്ത തീസീസുമായി  അധികാരികളെ വിറപ്പിച്ചു ഒളിവിലും തെളിവിലുമായി കഴിയുമ്പോൾ ഒരു സായാഹ്നത്തിൽ  ആൽത്തറ മുക്കിൽ വെച്ച് പിടികൂടപ്പെട്ട് ചങ്ങലയിൽ വരിഞ്ഞു മുറുക്കി  വലിച്ചിഴക്കപ്പെട്ടു കാഴ്ചക്കാരായ നാട്ടുകാരുടെയെല്ലാം നെഞ്ചു കലങ്ങി .അപ്പോഴും അദ്ദേഹം ഉറക്കെ ഉറക്കെ പ്രഖ്യാപിച്ചു .    ” ഈ സ്വാതന്ത്ര്യം വഞ്ചനയാണ് .യഥാർത്ഥ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാട്ടം തുടരുക “

ഊറ്റവും നിശ്ചയ ദാർഢ്യവും വൈദ്യർ കുടുംബത്തിന്‍റെ പാരമ്പര്യം തന്നെയായിരുന്നു അരശ് ഡോക്ടറുടെ പിതാവിനായിരുന്നു കൂടുതൽ മുറ്റ് .ജയിലിലും അദ്ദേഹം അധികാരികൾക്ക് തലവേദന സൃഷ്ടിച്ചു കൊണ്ടിരുന്നു . നീണ്ടു നിൽക്കുന്ന നിരാഹാരങ്ങളും പ്രതിഷേധങ്ങളും അദ്ദേഹത്തെ മിക്കപ്പോഴും ഏകാന്ത തടവിലാക്കി . ഇതിനിടയിലാണ് അദ്ദേഹത്തിന്‍റെ ജീവിതത്തെ മാറ്റിമറിച്ച ഉൾക്കാഴ്ച ഉണ്ടാവുന്നത് .ഒരിക്കൽ മാറ്റി പാർപ്പിച്ച  ഒറ്റമുറി സെല്ലിന്‍റെ ഇരുണ്ട മൂലയിൽ കടലാസ്സു കൂമ്പാരങ്ങൾക്കിടയിൽ നിന്നാണ് അദ്ദേഹം ആ നിധി കണ്ടെത്തിയത് .ആദ്യം കയ്യിൽ തടഞ്ഞത്  ഡോ.കെന്റിന്‍റെ വൈദ്യ പ്രഭാഷണ പരമ്പര .കീറക്കടലാസ്സുകളെല്ലാം ഹോമിയോ ചികിത്സയുടെ കുനുകുനെ എഴുതി തയ്യാറാക്കിയ നോട്ടുകൾ .ആരാണവയെല്ലാം അവിടെ ഉപേക്ഷിച്ചതെന്നു ഒരിക്കലും തിരിച്ചറിയാനായില്ല .ഒരുപക്ഷെ ആരും കുറേക്കാലമായി താമസിക്കാത്ത  ആ മുറിയിൽ കിടന്നു ഏതെങ്കിലും ഹോമിയോ വിദഗ്ധൻ മർദനമേറ്റു മരിച്ചു പോയിട്ടുണ്ടാകാം .ഡോ കെന്റിന്‍റെ പുസ്തകം അദ്ദേഹം ആർത്തിയോടെ വായിച്ചു .എന്താണ് രോഗം  എന്താണ് ചികിത്സ എന്ന് തുടങ്ങുന്ന പ്രഭാഷണ പരമ്പര  വൈദ്യ കുടുംബത്തിലെ അംഗമായ അദ്ദേഹത്തിന് വളരെ എളുപ്പം മനസ്സിലാകുന്നതായിരുന്നു .ജയിലിൽ സ്ഥിരം തലവേദന സൃഷ്ടിച്ചിരുന്ന അദ്ദേഹത്തെ ഒതുക്കാൻ വായിക്കാനുള്ള സൗകര്യം നൽകുന്നത് പ്രയോജനപ്രദമാണെന്നു മനസ്സിലാക്കിയ ജയിൽ സൂപ്രണ്ട് അദ്ദേഹത്തിന് പുസ്തകങ്ങൾ സമ്പാദിക്കുവാനുള്ള അവസരങ്ങൾ ഉണ്ടാക്കിക്കൊടുത്തു . ഡോ .ഹനിമാന്‍റെ ഓർഗാനലിലേക്കും കെന്റിന്‍റെ  മെറ്റീരിയ മെഡിക്കയിലേക്കും മറ്റും അദ്ദേഹത്തെ നയിച്ചത് ഈ സന്ദർഭമായിരുന്നു .വൈദ്യ ശാസ്ത്രത്തെപ്പറ്റിയും ചികിത്സയെപ്പറ്റിയും പുതിയ അവബോധം അതുണ്ടാക്കി .ഹോമിയോ ഫിലോസഫി മാർക്സിസവുമായി എങ്ങനെ ലയിച്ചു ചേരുന്നുവെന്നു അദ്ദേഹം തിരിച്ചറിഞ്ഞു .

ജയിൽ മോചനം മഹാമാരികളുടെ നടുവിലേക്കാണദ്ദേഹത്തെ തള്ളിവിട്ടത് .കോളറയും വസൂരിയും നാടൊട്ടുക്ക് മാറി മാറി പടർന്നു പിടിച്ചകാലം .ജ്യേഷ്‌ഠൻ വൈദ്യർ ആയുർവേദവും ഒറ്റമൂലികളുമായി ഗ്രാമങ്ങൾ തോറും സഞ്ചരിച്ചു കൊണ്ടിരുന്നു അദ്ദേഹത്തിന്‍റെ ജടുക്ക വണ്ടിയുടെ ശബ്ദം താലൂക്കു മുഴുവൻ  സുപരിചിതമായിരുന്നു അനുജൻ പഞ്ചാര ഗുളികകളുമായി ചേരികളിലും തൊഴിലിടങ്ങളിലും യാത്ര ചെയ്തു ആർസെനിക് ആൽബും കാംഫറും നക്‌സും സൾഫറുമെല്ലാം അത്ഭുതങ്ങൾ  സൃഷ്ടിച്ചു സഖാവെന്ന നിലയിൽ തന്നെ ചേരിനിവാസികളും മറ്റു സാധാരണക്കാരും അദ്ദേഹത്തെ ആരാധിച്ചിരുന്നു .കൂടാതെ ഹോമിയോ മരുന്നുകൾ സഖാവ് ഡോക്ടറെന്ന അപരനാമവും അദ്ദേഹത്തിന് ചാർത്തിക്കൊടുത്തു .പഞ്ചാര ഗുളികകൾ പോലെ അദ്ദേഹം അവർക്കു പ്രിയങ്കരനായി .

അനുജന്‍റെ കഴിവിലും കൈപ്പുണ്യത്തിലും ജ്യേഷ്‌ഠൻ വൈദ്യർ അഭിമാനം കൊണ്ടു രോഗനിർണയത്തിൽ  ജ്യേഷ്ഠൻ വൈദ്യർ തന്നെയായിരുന്നു അനുജന് വഴികാട്ടി .

സഖാവ് ഡോക്ടർക്കു ഒരു മകൻ  പിറന്നപ്പോൾ പേരിടൽ  ഒരു തർക്ക വിഷയമായി മുത്തശ്ശിക്ക് ദൈവനാമമേതെങ്കിലും വേണമെന്നായിരുന്നു നിർബന്ധം .മിക്കവാറും എല്ലാ തമിഴരെയും പോലെ പഴനിമല എന്ന് അവർ ചെവിയിൽ മന്ത്രിച്ചു .’ആർസ് ആൽബ് ‘എന്ന് വിളിക്കണമെന്ന്  സഖാവ് ഡോക്ടർക്കു ഒരേ വാശി .ഒരുകാര്യത്തിലും പ്രതിഷേധിക്കാത്ത ഭാര്യ ആ പേരിൽ ഒരു ഇസ്ലാം ചുവയില്ലേ എന്ന് കിടപ്പറയിൽ വെച്ച് അടക്കം പറഞ്ഞു രാജ്യം രണ്ടായി വെട്ടിമുറിക്കപ്പെടുകയും   അതിർത്തികളിൽ ചോരപ്പുഴ ഒഴുകുകയും  ചെയ്തത് മുതൽ അതിനു കാരണക്കാരായ  സവർക്കറേയും  ജിന്നയേയും ഒരുപോലെ അവർ വെറുത്തിരുന്നു .വർഗീയ വാദികളായ മതനേതാക്കളേയും സാധാരണമനുഷ്യരേയും വ്യത്യസ്തരായിക്കാണാൻ അദ്ദേഹം പ്രേരിപ്പിച്ചു വന്നിരുന്നെങ്കിലും ഭാര്യ   അതെല്ലാം അംഗീകരിക്കാറുണ്ടെങ്കിലും  തന്‍റെ മകന് ഒരു   ഇസ്ലാം ചുവയുള്ള പേര് അവർ ഇഷ്ടപ്പെട്ടില്ല അതിലും ഭേദം പഴനിമല എന്നുതന്നെയല്ലേ എന്ന് അവർ സംശയം പ്രകടിപ്പിച്ചു അമ്മയ്ക്കും അതായിരിക്കില്ലേ സന്തോഷം എന്നും അവർ കൂട്ടിച്ചേർത്തു .

സഖാവ് ഡോക്ടർ തറപ്പിച്ചു പറഞ്ഞു “നമ്മുടെ മകന് ഒരു ദൈവനാമവും വേണ്ട . ദൈവം ഒരു സങ്കൽപം . നമ്മുടെ മകന് ഒരു ജാതിയുമില്ല ,മതവുമില്ല .അവൻ മനുഷ്യനായി മാത്രം വളരണം .ആർസ് ആൽബ്‌ -അതിരുകളില്ലാത്ത വിശിഷ്ടമായ സഞ്ജീവനി .പരിപാവനമായ ഒരു  യാഥാർഥ്യം .ആ പേരിനൊത്തു അവനു വലിയ ഭാവി ഉണ്ടാവണം. അതാണെന്‍റെ സ്വപ്നം .”അരശ് ഡോക്ടറുടെ  പിതാവിന്‍റെ പിടിവാശി കുടുംബത്തിലെല്ലാവർക്കും പരിചിതമായിരുന്നു .മുത്തശ്ശിയും ബന്ധുക്കളും “അരു “എന്ന് ഓമനപ്പേർ  വിളിച്ചു പ്രശ്നം പരിഹരിച്ചു .പള്ളിക്കൂടത്തിൽ ചേർത്തപ്പോൾ  പ്രധാനാധ്യാപിക വരുത്തിയ  ഒരക്ഷരത്തെറ്റിൽ ആർസ് അരശ് ആവുകയും  നമ്മുടെ ഡോക്ടർ അരശ്  ഡോക്ടർ  എന്ന് അറിയപ്പെടാൻ ഇടവരികയും ചെയ്തു .

അച്ഛനെപ്പോലെ തന്നെ അരശ് ഡോക്ടറും ജനകീയനായ ഒരു ഡോക്ടറായിരുന്നു എൺപതുകളുടെ ആദ്യപാദത്തിലെ  ഇരുണ്ട കാലത്തു അടിയന്തിരാവസ്ഥക്കെതിരെയുള്ള പോരാട്ടത്തിൽ  വിദ്യാർത്ഥി ആയിരിക്കെ സജീവ പങ്കു വഹിച്ചിരുന്നെങ്കിലും ഒരു തടങ്കൽ ക്യാമ്പിലും പെടാതെ മറഞ്ഞിരുന്നു ജീവിക്കുകയും എല്ലാ പരീക്ഷകളും എഴുതി റാങ്കോടുകൂടി വിജയിയാവുകയും ചെയ്തു .

ഹോമിയോ ഡോക്റ്ററെന്ന നിലയില്‍ അദ്ദേഹം സാധാരണ രീതികള്‍ തിരസ്കരിച്ചിരുന്നു. വൈദ്യവൃത്തിയുടെ ലക്‌ഷ്യം ധനസമ്പാദനമല്ലെന്ന്‍ അദ്ദേഹം സ്വജീവിതം കൊണ്ട് തെളിയിച്ചു. പറഞ്ഞുവെച്ചതില്‍ മാത്രമായി ഒതുങ്ങിനില്‍ക്കരുതെന്ന്‍ അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനാല്‍ ആവര്‍ത്തനങ്ങളുടെ പുതിയ ക്രമങ്ങള്‍ അദ്ദേഹം പരീക്ഷിച്ചു. ഓരോ പുതിയ അനുഭവവും കുറിച്ചിട്ട് അതില്‍ നിന്ന് സാര്‍വത്രിക നിയമങ്ങള്‍ കണ്ടെത്താന്‍ യത്നിച്ചു. തന്‍റെ വലിയച്ഛനും മുത്തച്ഛനും പകര്‍ന്നു നല്‍കിയ ചില ആയുര്‍വേദ മരുന്നുകളും ഒറ്റമൂലികളും ഹോമിയോ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയതിന്‍റെ ഫലങ്ങള്‍ ഒരു ഗ്രന്ഥമായി പ്രസിദ്ധീകരിക്കാനുള്ള ഉദ്യമത്തിലായിരുന്നു അദ്ദേഹം. ഒരു മരുന്ന്‍ എന്തുകൊണ്ട് രോഗശമനമുണ്ടാക്കുന്നു എന്നതിന് നാനാമുഖമായ ഉത്തരങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണിപ്പോള്‍.കൂടാതെ, നിരവധി വിഷയങ്ങളില്‍ അധികാരികളുമായി കലഹിക്കാനും പുരോഗമനപരമായ സകലതിനോടും ചായ് വ് പ്രകടിപ്പിക്കുവാനും അദ്ദേഹം ധൈര്യപ്പെട്ടു. മതത്തിന്‍റെ പേരിലുള്ള രക്തച്ചൊരിച്ചില്‍ അദ്ദേഹത്തെ അതിയായി വേദനിപ്പിച്ചിരുന്നു. നഗരത്തിലെ ഷെഹിന്‍ ബാഗിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചതുപോലും അദ്ദേഹമായിരുന്നു. അതുവഴി നിരവധി ശത്രുക്കളെയും അദ്ദേഹം സമ്പാദിച്ചു. ഫെയ്സ്ബുക്കിലും നഗരത്തിലെ മതില്‍ക്കെട്ടുകളിലും ഏണ്ണമറ്റ ഭീഷണി സന്ദേശങ്ങള്‍ അദ്ദേഹത്തിനെതിരെ പ്രത്യക്ഷപ്പെട്ടു. ഒരു സായാഹ്നത്തില്‍ ചികിത്സാര്‍ത്ഥമെന്ന മട്ടില്‍ ക്ലിനിക്കില്‍ കയറിവന്ന രണ്ടുപേര്‍ അദ്ദേഹത്തിന്‍റെ കഴുത്തില്‍ കുത്തിപ്പിടിച്ചുകൊണ്ടലറി :” അധമനായ മുസല്‍മാനേ, ഞങ്ങള്‍ നിന്നെ പാക്കിസ്ഥാനിലേയ്ക്ക് കെട്ടുകെട്ടിക്കും.വേണ്ടിവന്നാല്‍ യു എ പി എ ചുമത്തി അകത്താക്കാനും ഗൌരിലങ്കേഷിന്‍റെ കൂടെ പാതാളത്തിലേയ്ക്കയയ്ക്കാനും മടിക്കില്ല.”

അദ്ദേഹത്തിന്‍റെ പേര് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു എന്ന്‍ വ്യക്തം. അല്ലെകിലും വ്യത്യസ്ത അഭിപ്രായം പുലര്‍ത്തുന്നവരെ മുഴുവന്‍ പാക്കിസ്ഥാനിലേയ്ക്കും മരണത്തിലേയ്ക്കും അയയ്ക്കാനുള്ള മനോനില ചിലരിലെങ്കിലുമൊക്കെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു!

കോവിഡ് പ്രത്യക്ഷമായതു മുതല്‍ അരശ് ഡോക്റ്റര്‍ അതിനെപ്പറ്റി ചിന്താകുലനായി.. മെഡിക്കല്‍ ജേണലുകളില്‍ വരുന്ന ഓരോ കോവിഡ് ലക്ഷണത്തെ പറ്റിയും അദ്ദേഹം തിരിച്ചും മറിച്ചും അന്വേഷിച്ചു. മെറ്റീരിയ മെഡിക്കയിലെ ഓരോ പേജുമായും താരതമ്യം ചെയ്തു. ആത്മസുഹൃത്തുക്കളായ ഡോക്റ്റര്‍മാരുമായും ആരോഗ്യപ്രവര്‍ത്തകരുമായും ദീര്‍ഘമായ ചര്‍ച്ചകളിലേര്‍പ്പെട്ടു. റെപ്രട്ടൈസിംഗ് പ്രക്രിയയിലൂടെ ഏതാനും പ്രതിവിധികളിലേയ്ക്കും എത്തിച്ചേര്‍ന്നു.അദ്ദേഹത്തിന്‍റെ വെപ്രാളം കണ്ട് ഭാര്യ പലപ്പോഴും കുറ്റപ്പെടുത്തി.: “ ഈ ഒരു മനുഷ്യന്‍ മാത്രം തിന്നാതെയും ഉറങ്ങാതെയും എന്തിനാണിങ്ങനെ തീ തിന്നുന്നത് ?”

അരശ് ഡോക്റ്റര്‍ക്ക് ഉറപ്പായിരുന്നു, ഇത് മഹാമാരി തന്നെയാണ്. ലോകാരോഗ്യ സംഘടന അത് പ്രഖ്യാപിക്കുന്നതും പ്രതിരോധനടപടികള്‍ എടുക്കുന്നതും വൈകിയപ്പോള്‍ അദ്ദേഹം അസ്വസ്ഥനായി. കേരളത്തിലേയ്ക്ക് കോവിഡ് പ്രവേശിച്ച വാര്‍ത്ത വന്നപ്പോള്‍ തന്നെ സംസ്ഥാനത്തിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് വിശദമായ കത്തെഴുതി- ഹോമിയോ സമ്പ്രദായത്തില്‍ എടുക്കാവുന്ന പ്രതിരോധരീതികളെയും പ്രതിവിധികളെയും പറ്റി. തന്‍റെ പിതാവിനെയും വല്യച്ഛനെയും പോലെ മഹാമാരിക്ക് മുന്‍പിലേയ്ക്ക് എടുത്തുചാടാന്‍ അദ്ദേഹം വെമ്പല്‍ കൊണ്ടു.ഏതാനും സഹഡോക്റ്റര്‍മാരും ഉത്സുകരായിരുന്നു.

രോഗം പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയപ്പോള്‍ സ്ഥിതി മാറി. അലോപ്പതി, ഒഴികെയുള്ള എല്ലാ ചികിത്സാസമ്പ്രദായങ്ങള്‍ക്ക് മേലെയും കൂച്ചുവിലങ്ങ് വീണു. കോവിഡ് കാര്യത്തില്‍ അലോപ്പതി ചികിത്സ മാത്രമേ പാടുള്ളുവെന്നും മറ്റെല്ലാ സംരംഭങ്ങളും കുറ്റകൃത്യമായിരിക്കും എന്നും പ്രഖ്യാപിക്കപ്പെട്ടു. IMA, അവരുടെ ചികിത്സാസമ്പ്രദായം മാത്രമാണ് ആധുനികവും കുറ്റമറ്റതും എന്ന്‍ വാശി പിടിച്ചു. അതേസമയം കൊവിഡിനു പറ്റിയ ഒരൌഷധവും അലോപ്പതിയില്‍ ഇല്ലായിരുന്നു താനും .മലേരിയയ്ക്കും എയ്ഡ്സിനുമുള്ള മരുന്നുകളും മറ്റും തോന്നുംപടി ഉപയോഗിച്ചു. ഇന്നലെ ശരിയെന്ന്‍ പറഞ്ഞത് ഇന്ന്‍ തെറ്റെന്ന്‍ പറയേണ്ടിവന്നു. എങ്കിലും ഡോക്റ്റര്‍മാരുടെയും നഴ്സ്മാരുടെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെയും, മരണത്തെ മുഖാമുഖം കണ്ടുകൊണ്ടുള്ള സേവനം അനേകം പേരുടെ ജീവന്‍ രക്ഷിച്ചു.ആന്റിബയോട്ടിക്സും വെന്റിലേറ്ററുമായിരുന്നു അവരുടെ പ്രധാന ആശ്രയം. സാനിറ്റൈസറും മാസ്ക്കും ഇല്ലായിരുന്നുവെങ്കില്‍ രാജ്യത്ത് എല്ലാവര്‍ക്കും രോഗം പകരുമെന്ന അവസ്ഥ വന്നു.

സര്‍ക്കാരുകളുടെ അലംഭാവവും നാടകങ്ങളും അരശ് ഡോക്റ്ററെ അതിരറ്റ ദു:ഖത്തിലാഴ്ത്തി. ജനങ്ങളുടെ ദുരിതം മനസ്സിലാക്കാതെ, കണ്ണില്‍ ചോരയില്ലാതെയുള്ള സമീപനങ്ങളും നടപടികളും ഓരോ പാക്കേജിലും പ്രകടമായി. സ്വന്തം ഗ്രാമങ്ങളില്‍ എത്താന്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ നടന്ന്‍ താണ്ടേണ്ടി വന്ന അതിഥി തൊഴിലാളികളുടെ കൂട്ട പലായനവും വഴിക്ക് അവര്‍ നേരിട്ട കഷ്ടപ്പാടുകളും അപകടങ്ങളും അദ്ദേഹത്തിന് പേക്കിനാവുകളായി.  രാത്രികളിലും അദ്ദേഹത്തിന്‍റെ ഉറക്കം കെടുത്തി.

രോഗം നാട് മുഴുവന്‍ പടര്‍ന്നുപിടിക്കുന്നതിന്നിടയിലും  എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയുന്ന അമേരിക്കന്‍ മാതൃക നമ്മുടെ സര്‍ക്കാരുകളും സ്വീകരിച്ചപ്പോള്‍ രാജ്യത്തെ സ്ഥിതി ഭയാനകമായി. ആശുപത്രികളില്‍ ഇടം കിട്ടാതെ അവയുടെ മുറ്റത്ത് തന്നെ രോഗികള്‍ മരിച്ചുവീഴുന്ന അവസ്ഥ വന്നുചേര്‍ന്നു.

അരശ് ഡോക്റ്റര്‍ രണ്ടും കല്‍പ്പിച്ച് രംഗത്തിറങ്ങി..നഗരപ്രാന്തത്തിലെ തന്‍റെ വീടിന് ചുറ്റുമുള്ള ഓരോ ഭവനത്തിലും അദ്ദേഹം രോഗപ്രതിരോധ മരുന്നുകളുമായി കയറിയിറങ്ങി. തന്‍റെ ഹോമിയോ സുഹൃത്തുക്കളോട് അദ്ദേഹം വിളിച്ചുപറഞ്ഞു :

” ഹോമിയോ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യു! ആര്‍സ് ആല്‍ബ് വിതരണം ചെയ്യു. ഓരോ തെരുവിനെയും രക്ഷിക്കു..ഓരോ പ്രദേശത്തെയും രക്ഷിക്കു..” 

തന്‍റെ ക്ലിനിക്കിന് മുന്നില്‍ അദ്ദേഹം ഒരു കൂറ്റന്‍ ബോര്‍ഡ് സ്ഥാപിച്ചു.

‘ചികിത്സ നല്‍കാനാവാതെ മരണത്തിലേയ്ക്ക് ഉപേക്ഷിക്കപ്പെടുന്ന കോവിഡ് രോഗികളെ ഹോമിയോ ചികിത്സാകേന്ദ്രങ്ങളിലേയ്ക്ക് അയയ്ക്കു. രക്ഷിക്കാന്‍ ഒരവസരം നല്‍കു. ‘

അദ്ദേഹത്തിന്‍റെ അഭ്യര്‍ത്ഥന നിമിഷങ്ങള്‍ക്കകം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലായി.

സംസ്ഥാനത്തിന്‍റെ കോവിഡ് പ്രതിരോധ സംവിധാനത്തെ അട്ടിമറിക്കുന്നുവെന്നും പരിഹസിക്കുന്നെന്നും കുറ്റം ചാര്‍ത്തി അരശ് ഡോക്റ്റര്‍ കോടതിയിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെട്ടു. പോലീസ് ഓഫീസര്‍മാര്‍ക്കൊപ്പം ജില്ലാ മജിസ്റ്റ്റേട്ടിന്‍റെ മുന്നില്‍ ആനയിക്കപ്പെട്ട അരശ് ഡോക്റ്റര്‍ നിര്‍ഭയം തലയുയര്‍ത്തി നിന്നു- തന്‍റെ പിതാവും വലിയച്ഛനും ചെയ്തത് പോലെ -അവരുടെ ചൈതന്യം തന്നിലേയ്ക്ക് ആവേശിച്ചതുപോലെ.

തന്‍റെ മേല്‍ ആരോപിക്കപ്പെട്ട ഓരോ കുറ്റവും അദ്ദേഹം നിഷേധിച്ചു.

“ഒരു ചികിത്സാരീതിയേയും പരിഹസിക്കുക എന്‍റെ ഉദ്ദേശ്യമല്ല.” അദ്ദേഹം പറഞ്ഞു. “ജനങ്ങള്‍ മരിച്ചുവീഴുമ്പോള്‍  നിഷ്ക്രിയനായി നോക്കിനില്‍ക്കാനല്ല എന്‍റെ മെഡിക്കല്‍ ആദര്‍ശം ആവശ്യപ്പെടുന്നത്. ഈ മഹാമാരിയെ നേരിടുന്നതില്‍ ഒരു റോള്‍- സ്വതന്ത്രമായോ സംയുക്തമായോ ചെയ്യാവുന്ന ഒരു റോള്‍- ഹോമിയോപ്പതി അതാഗ്രഹിക്കുന്നു “

ജില്ല മജിസ്റ്റ്റേട്ടിന്‍റെ മുഖത്ത് ഒരു പരിഹാസച്ചിരി പ്രകടമായി. അദ്ദേഹം പ്രോസിക്യൂഷന്‍ ഹാജരാക്കിയ പേപ്പറുകള്‍ കാണിച്ച് പറഞ്ഞു:

“നിങ്ങള്‍ നിങ്ങളുടെ പ്ലാസിബോ കൊണ്ട് കോവിഡ് 19 നെ നേരിടാമെന്ന് പ്രചരണം നടത്തുന്നുവെന്ന്‍ തന്നെയാണ് പ്രോസിക്യൂഷന്‍ കേസ്. വ്യാജമായ ഈ അവകാശവാദം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കുറ്റകൃത്യമാണ്. നിങ്ങള്‍ കുറ്റം സമ്മതിക്കുന്നു.”

അരശ് ഡോക്റ്റര്‍ മജിസ്റ്റ്റേട്ടിന്‍റെ വിശേഷണപദം അവഗണിച്ചു. ഒരു സംവാദത്തില്‍ എന്നതുപോലെ അദ്ദേഹം പറഞ്ഞു: “ രോഗനാമങ്ങള്‍ ഹോമിയോ കാര്യമായെടുക്കുന്നില്ല രോഗം ഉണ്ടാക്കുന്ന ശാരീരികവും മാനസികവുമായ ലക്ഷണങ്ങളാണ് പ്രധാനം.കോവിഡ് രോഗത്തിന്‍റെ നിരവധി രോഗലക്ഷണങ്ങളെ ഫലപ്രദമായി നേരിടാനുള്ള ഹോമിയോ മരുന്നുകള്‍ തീര്‍ച്ചയായും ഉണ്ട്. ആരോഗ്യമുള്ള ഒരാളില്‍ ആ മരുന്നുകള്‍ പ്രയോഗിച്ചാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാവുമെന്നും രോഗത്തെ അതേ മരുന്ന്‍ തന്നെ ശമിപ്പിക്കും എന്നുമാണ് ഹോമിയോ പരികല്‍പന. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഒരു ഹോമിയോ ചികിത്സാലയത്തില്‍ ഈ പരീക്ഷണം ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്.”

മജിസ്റ്റ്റേട്ട് ഈ വിശദീകരണം ശ്രദ്ധിച്ചോ എന്നറിയില്ല .അരശ് ഡോക്റ്ററെ പതിനാല് ദിവസത്തേയ്ക്ക് റിമാന്‍റ് ചെയ്തുകൊണ്ടുള്ള നോട്ടില്‍ അലസമായി ഒപ്പുവെയ്ക്കുകയായിരുന്നു അദ്ദേഹം

Print Friendly, PDF & Email