പൂമുഖം LITERATUREലേഖനം നൊബേൽ ചില സാഹിത്യ ബാഹ്യകാഴ്ചകൾ

നൊബേൽ ചില സാഹിത്യ ബാഹ്യകാഴ്ചകൾ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ആർക്കായിരിക്കും എന്നത് രസകരമായി ചർച്ച ചെയ്യുന്ന ഒരു ലേഖനം, സമ്മാനം പ്രഖ്യാപിച്ച ശേഷമാണെങ്കിലും, എങ്ങനെയാണ് ഒടുവിൽ കലാശിച്ചത് എന്നറിയാനുള്ള താല്പര്യത്തോടെ വായിക്കുകയുണ്ടായി. (അലക്സ് ഷെപ്പേഡ്, ദി ന്യൂ റിപ്പബ്ലിക്ക് – ദിസീസ് യുവർ ലാസ്റ്റ് ഫ്രീ ആർടിക്കിൾ ! എന്ന മുന്നറിയിപ്പോടെ) കിട്ടാൻ സാധ്യതയുള്ളവരുടേത് എന്നതു പോലെ സാധ്യതയില്ലാത്തവരുടെയും, ഏതാണ്ട് 70 പേരുകൾ ആ ലേഖനത്തിൽ പരാമർശിക്കുന്നു എന്നതാണ് കൗതുകകരം.


ഇത്രയധികം പേരെ പരാമർശിച്ചിട്ടു പോലും അതിൽ ഒരിടത്തും,ഒടുവിൽ ജേതാവായ അബ്ദുറസാഖ് ഗുർണയുടെ പേരില്ല എന്നതാണ് അതെക്കാൾ കൗതുകകരം. നൊബേൽ കമ്മിറ്റിയുടെ പരിഗണനകൾ ഓരോ തവണയും മാറിമറിയുന്നു എന്ന് ഇത് കാണിക്കുന്നു.ഒരു തവണ കവിക്ക് കൊടുത്താൽ അടുത്ത തവണ കവിക്ക് കൊടുത്തു എന്നു വരില്ല. യൂറോ കേന്ദ്രീകൃതമാണ് എന്ന വിമർശനത്തിൽ നിന്നൊഴിവാകാൻ ചിലപ്പോൾ മറ്റൊരിടത്തേക്ക് നോക്കിയെന്നു വരാം. വളരെ ജനപ്രിയനാണെങ്കിൽ, അതും തടസ്സമായി ഭവിക്കും. അങ്ങനെയൊക്കെ. അതിനാൽ നമ്മുടെ പംക്തികളിൽ നമ്മുടെ ആളുകൾ (ഒരു പക്ഷെ എൻ.എസ്.മാധവനൊഴിച്ച്) എന്തുകൊണ്ട്, സമ്മാനം പ്രഖ്യാപിച്ച ഉടൻ ഗുർണയെക്കുറിച്ച് എഴുതിയില്ല എന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ.

എൻഗുഗി വാൻ തിയോംഗോ

കെനിയയിലെ വളരെ പ്രശസ്തനായ എൻഗുഗി വാൻ തിയോംഗൊയുടെ പേര് എല്ലാവർഷവും സമ്മാനത്തെക്കുറിച്ചുള്ള ചർച്ചയിൽ ഉയർന്നു വരാറുള്ളതാണ്. അദ്ദേഹത്തിൻറെ ‘ഗ്രെയിൻ ഓഫ് വീറ്റ്’ എന്ന പുസ്തകത്തിൻറെ പെൻഗ്വിൻ ക്ലാസിക് എഡിഷന് അവതാരിക എഴുതിയത് ഗുർണയാണെന്ന്, ദി ന്യൂ റിപ്പബ്ലിക് ലേഖനത്തിൽ ഷെപ്പേഡ് ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, ‘ ദി കേംബ്രിജ് കംപാനിയൻ ടു സൽമാൻ റഷ്ദി’ എന്ന പുസ്തകത്തിൻറെ എഡിറ്ററും, ഇംഗ്ലണ്ടിൽ കെൻറ് യൂനിവേഴ്സിറ്റിയിൽ അധ്യാപകനായിരുന്ന ഗുർണയായിരുന്നു.

സൽമാൻ റഷ്ദി

അവർക്ക് രണ്ടു പേർക്കും കിട്ടിയിട്ടില്ലാത്ത സമ്മാനം അവരെക്കുറിച്ചെഴുതിയ ഗുർണയ്ക്ക് ലഭിച്ചു എന്നതാണ് ഇതിലെ വിശേഷം. ഷെപ്പേഡ്, ലാഡ്ബ്രോക്സ് പോലുള്ള വാതുവെപ്പ് സ്ഥാപനങ്ങളുടെ ലാഭ സാധ്യതാ കണക്കും (odds) പരിഗണിച്ചിരുന്നു. ഇതു പ്രകാരം ഫ്രഞ്ച് എഴുത്തുകാരി ആനി എർണൊ മുന്നിലായിരുന്നു-8-1. ഒരു ഡോളർ വെച്ചാൽ എട്ടു ഡോളറേ കിട്ടൂ . സാധ്യത കൂടുതലായതു കൊണ്ടാണിത്. റഷ്ദി 50-1 ആയിരുന്നു . ചൈനീസ് നോവലിസ്റ്റുകൾ നാലു പേർ അതിലുണ്ട്. ഇന്ത്യക്കാർ ഇല്ല.

ആനി എർണോ

ഗുർണയുടെ എഴുത്തിനെക്കുറിച്ച് നമ്മെ സംബന്ധിച്ച് ഒരു പ്രലോഭനം ഉണ്ട്. കോളനിവാഴ്ചയിലൂടെ കടന്നു പോയ സമൂഹങ്ങളെക്കുറിച്ച് കഥയിലൂടെ അറിയാൻ താല്പര്യമുള്ള ആളാണെങ്കിൽ നിങ്ങളെ അതാകർഷിച്ചേക്കാം. കുടിയേറ്റവും മറ്റൊരു സംസ്കാരത്തിനകത്തെ പാർപ്പും ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നു, മുമ്പെന്നത്തെക്കാളുമധികം.

ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഗുർണയുടെ ജന്മനാടായ സാൻസിബാറിൽ ഇന്ത്യൻ സമൂഹവുമുണ്ട്, അല്ലെങ്കിൽ ഉണ്ടായിരുന്നു. എസ്.കെ.പൊറ്റക്കാട് അവിടം സന്ദർശിച്ചിട്ടുണ്ട് എന്നു തോന്നുന്നു. ദക്ഷിണാഫ്രിക്കയിൽ വലിയ ഇന്ത്യൻ സമൂഹമുണ്ടെങ്കിലും നൊബേൽ സമ്മാനം നേടിയിട്ടുള്ള നദീൻ ഗോർഡിമറുടെ നോവലുകളിൽ വെള്ളക്കാരും കറുത്തവരുമല്ലാതെ ഇന്ത്യൻ വംശജർ ശ്രദ്ധേയമായി കടന്നുവരുന്നുണ്ടോ എന്ന് സംശയം. അവരുടെ ചില കഥകളിൽ ഇന്ത്യക്കാരെ കാണാൻ കഴിഞ്ഞിട്ടുണ്ട്. അതേ നാട്ടുകാരനായ കൂറ്റ്സിയുടെ നോവലുകളിലും സ്ഥിതി വ്യത്യസ്ഥമല്ലെന്ന് തോന്നുന്നു.

കിട്ടാൻ സാധ്യതയില്ലാത്തവരെയും തൻറെ ലേഖനത്തിൽ ഷെപ്പേഡ് പരാമർശിക്കുന്നുണ്ട്. അതിലൊരാൾ ദക്ഷിണ കൊറിയയിലെ കവി കൊ ഉൺ (Ko Un) ആണ്. അർഹതയുള്ള ആളാണ്. കിട്ടില്ല എന്നു പറയാനുള്ള ഒരു കാരണം ഇപ്പോൾ 85 വയസ്സുള്ള അദ്ദേഹത്തിൻറെ പേരിൽ ലൈംഗികാതിക്രമം സംബന്ധിച്ച ആരോപണം മീ ടൂ കാലത്ത്, 2018ൽ ഉയർന്നു ഉയർന്നുവന്നിരുന്നു എന്നതാണ്.

ഒരു കാലത്ത് ബുദ്ധഭിക്ഷുവായിരുന്ന കൊ ഉൺ മാനനഷ്ടത്തിന് കേസ് കൊടുത്തിരുന്നുവെങ്കിലും കോടതി അതു തള്ളി. ചിലിയൻ മഹാകവി നെരൂദയുടെ പേര് സാൻറിയാഗോയിലെ ഒരു വിമാനത്താവളത്തിന് ഇടാൻ ഒരുങ്ങിയതിനെത്തുടർന്ന്, ഇതെ കാരണത്താൽ സ്ത്രീകൾ പ്രതിഷേധിച്ചിരുന്നു! തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്, ഒ എൻ വി കുറുപ്പിൻറെ പേരിലുള്ള അവാർഡ് നൽകാനുള്ള തീരുമാനം പിൻവലിച്ചത് ഇതേ കാരണം കൊണ്ടായിരുന്നു.

കോ ഉണ്‍

ഇവരുടെ കവിത ആസ്വദിക്കുന്നതിൽ, വ്യക്തിജീവിതത്തിലെ ഇതു പോലുള്ള പുഴുക്കുത്തുകൾ തടസ്സമാകേണ്ടതില്ല. അവയുടെ അവശിഷ്ടം തൂത്തുമാറ്റാൻ കഴിയാത്ത ഒരടയാളമായി നമ്മുടെ മനസ്സിൽ അവശേഷിക്കുമെങ്കിലും. കൊ ഉന്നിൻറെ ചുരുക്കം ചില രചനകൾ ഒരു മാതൃകയായി രുചിച്ചു നോക്കിയപ്പോൾ ആ കവിതകൾ എന്തുകൊണ്ടു വിലമതിക്കപ്പെടുന്നുവെന്ന് വ്യക്തമായി ലാഡ്ബ്രോക്സിൻറെ പട്ടികയിൽ നാല് ചൈനീസ് എഴുത്തുകാരുടെ സാന്നിദ്ധ്യം കാണിക്കുന്നത് ചൈനയുടെ ‘മൃദുഹസ്ത’ത്തിൻറെ (soft power) പ്രവർത്തനമാണോ? ധാരാളം പേർ വായിക്കുന്നതുകൊണ്ടു തന്നെയാകണം ഇവർ പരിഗണനയിൽ വന്നത്. അതേ സമയം, സോവിയറ്റ് യൂനിയനിലെന്ന പോലെ വിമതസ്വരം കേൾപ്പിക്കുന്ന എഴുത്തുകാർ ചൈനയ്ക്ക് അകത്തും പുറത്തുമുണ്ട് എന്നു മനസ്സിലാകുന്നു. ഇപ്പറഞ്ഞ നാലു പേർ എവിടെ നിൽക്കുന്നുവെന്ന് ചൈനീസ് സിഹിത്യം പിന്തുടരുന്നവർക്കേ കൃത്യമായി പറയാനാവൂ. പോയ കാലത്തെ സോവിയറ്റ് യൂനിയനെ അപേക്ഷിച്ച്, ചൈന അവരുടെ കലാകാരന്മാരോടുള്ള സമീപനത്തിൽ കൂടുതൽ ഔദാര്യം കാണിക്കുന്നുണ്ടാവുമോ?ചൈനയിൽ ഇടക്ക് നടക്കുന്ന പ്രതിഷേധങ്ങൾ വ്യവസ്ഥക്കെതിരെയുള്ളതല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.തൊഴിൽ തർക്കം, ഭൂമിയിടപാടുകൾ,ഭൂമി ഏറ്റെടുക്കൽ തുടങ്ങിയവ സംബന്ധിച്ചതാണത്രെ അധികവും. (കാന്തി ബാജ്പെയ്, ഇന്ത്യ വേഴ്സസ് ചൈന, 2021).

വിദേശീയരായ എഴുത്തുകാരെ പരിചയപ്പെടുത്തിക്കൊണ്ട് ധാരാളം പേർ മലയാളത്തിൽ ഇപ്പോൾ എഴുതിവരുന്നു. നല്ലതു തന്നെ. അതേ സമയം, ഇവയിൽ പറയുന്ന എല്ലാവരെയും ശ്രദ്ധിക്കാൻ കഴിയില്ല എന്നത് സ്വാഭാവികം. അതിനാൽ വായനയിൽ, ഹൃദയം പറയുന്ന വഴിക്ക് സഞ്ചരിക്കുകയാണ് ഒരു വഴി.

കാലഭേദത്തിനനുസരിച്ച് രചനകളുടെ മൂല്യവിചാരത്തിൽ വ്യത്യാസം വന്നുകൊണ്ടിരിക്കും. എന്നാലും ക്ലാസിക്കുകളായി ചിരപ്രതിഷ്ഠ നേടിയവ എപ്പോഴും വായിക്കപ്പെടും. ചൈനയിൽ രവീന്ദ്രനാഥ് ടാഗോറിന് ഇപ്പൊഴും ആരാധകരുണ്ട്. അദ്ദേഹത്തിൻറെ ചില രചനകൾക്ക് അടുത്ത കാലത്തുവരെ വിവർത്തനങ്ങളുണ്ടായി. 1924 ലും 1932 ലും ടാഗോർ ചൈന സന്ദർശിച്ചിരുന്നു. ആദ്യ തവണ മാസങ്ങളോളം അവിടെ തങ്ങി. ടാഗോറിനെതിരെ വലിയ വിമർശനവുമുണ്ടായിരുന്നു. മറ്റൊരു സംസ്കാരത്തിൽ നിന്നു വരുന്ന ഒരു കവിക്ക് വേറൊരിടത്ത് വായനക്കാരുണ്ടാവാം. മാർകേസിനെ കേരളീയർ കൊണ്ടാടുന്നതു പോലെ.

നൊബേൽ സമ്മാനമൊ ബുക്കർ സമ്മാനമൊ പുലിറ്റ്സർ സമ്മാനമൊ എന്തുമാകട്ടെ, സമയം പല കാര്യങ്ങൾക്കുമായി പങ്കുവെക്കേണ്ടതിനാൽ ,സമയം കൈവിരലുകൾക്കിടയിലൂടെ ചോർന്നുപോകുന്നു എന്ന വിചാരമുണ്ടെങ്കിൽ, ഒരു സാധാരണ വായനക്കാരന് സൂക്ഷ്മമായി പുസ്തകങ്ങൾ തിരഞ്ഞെടുക്കേണ്ടിവരും. അപ്പോൾ, സമകാലികമായതിനെയും ക്ലാസിക്കിനെയും കലർത്തിക്കൊണ്ട്, സ്വന്തം ഹൃദയത്തിൻറെ സമ്മാനത്തിനായിരിക്കണം കൂടുതൽ പ്രാധാന്യം നല്കേണ്ടത്.

ഇനി ഒരു തർജമയുടെ തർജമ

ചെവി
കൊ ഉൺ
മറുലോകത്തു നിന്ന് ആരോ വരുന്നുണ്ട്
രാത്രി മഴയുടെ കലമ്പൽ
ഇപ്പോൾ ആരോ അങ്ങോട്ടു പോകുന്നു
രണ്ടു പേരും തമ്മിൽ കണ്ടു മുട്ടും ഉറപ്പ്!

(പോയട്രി ഫൗണ്ടേഷനോട് കടപ്പാട്)

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like