LITERATURE കഥ

ഒരു പകുതി പ്രജ്ഞയിൽചായക്കപ്പ്‌ കഴുകി വെച്ച്,ടിവി ഓഫ്‌ ചെയ്തു, ലാപ് ടോപ് ബാഗിനുള്ളിലാക്കി ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ഫോണിൽ ടീമ്സ് കോളിന്റെ ശബ്ദം മുഴങ്ങി തുടങ്ങിയത്. അനീറ്റയുടെ രൂപം തെളിഞ്ഞു വന്നു ഫോണിൽ, അനീറ്റ യൂ എസിലാണ്. ഫ്ലോറിഡയിലെ യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ മകളെ കാണാൻ പോയതാണ്. ഇപ്പോൾ മടങ്ങി വരാൻ കഴിയാതെ അവിടെ ഒരു ബന്ധുവിനൊപ്പം. രണ്ടു ദിവസം മുൻപ് സംസാരിച്ചതാണ്.

ഈ ബന്ധുവിനെ നീ മുൻപ് കണ്ടിട്ടുണ്ടോ എന്ന് പകുതി തമാശയായി ചോദിച്ചപ്പോൾ, അവൾ ചിരിച്ചു കൊണ്ട് പറഞ്ഞത് ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു. ഇതാണ് ടോണീ നിന്നോട് സംസാരിക്കാൻ എനിക്ക് ഇത്ര ഇഷ്ടം, നീ ഭയങ്കര ഇന്റലിജന്റ് ആണ്, ഇല്ല ആദ്യമായിട്ടാണ് അവരെ കാണുന്നത്, അവൾ ശബ്ദം താഴ്ത്തി പറഞ്ഞു. ഏത്ര നാളെന്നു കരുതിയാ ഹോട്ടെലിൽ താമസിക്കുന്നത്. അതും ഇവിടെ. വരവ് ദിർഹത്തിലും ചെലവ് ഡോളറിലുമാണ്. മൂന്നു കൊണ്ട് ഗുണിക്കണം. അനീറ്റയുടെ ചിരി ഫോണിലൂടെ പൊട്ടിവീണു പരന്നൊഴുകിയതു ഓർമ്മയിലുണ്ട്

ഡോർ പൂട്ടി താക്കോൽ കൈയിലെടുത്ത ശേഷമാണ് ഫോൺ ആൻസർ ചെയ്തത്. അൽപ്പം നീട്ടി ഒരു ഹലോ പറഞ്ഞു കൊണ്ട് ലിഫ്റ്റിന്റെ ബട്ടണിൽ വിരലമർത്തി, അപ്പുറത്തു നിന്നും അതിലും നീണ്ട, താളത്തിലുള്ള ഹലോ വന്നു.

അനീറ്റ പഞ്ചാബിയാണ്. ഡൽഹിയിലും ബോംബെയിലുമായൊക്കെ വളർന്ന, സിനിമാ നടി കജോളിന്റെ കൂടെ ഏതോ ഉയർന്ന കോൺവെന്റ് സ്‌കൂളിൽ പഠിച്ച മോസ്റ്റ് മോഡേൺ നോർത്തിന്ത്യൻ. ഹോട്ടെൽ എന്നല്ല ഹൊട്ടെയ്ൽ എന്നാണു ഉച്ചരിക്കുക എന്ന് ഞാൻ പഠിച്ചത് അനീറ്റയിൽ നിന്നാണ്. പഠിപ്പിക്കുകയാണെന്നു തോന്നാത്ത തരത്തിൽ കാര്യങ്ങൾ പറയാനുള്ള കഴിവുണ്ട് അനീറ്റയ്ക്കു. അറിയാത്ത കാര്യങ്ങൾ എങ്ങിനെയാണ് ചെയ്യേണ്ടതെന്ന് വിളിച്ചു ചോദിക്കാനും യാതൊരു മടിയുമില്ല. ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിട്ട് ഏതാണ്ട് ഇരുപതു വർഷം കഴിഞ്ഞിരിക്കുന്നു. ഭൂഗോളത്തിനു കീഴെയുള്ള എന്തിനെക്കുറിച്ചും തുറന്നു സംസാരിക്കും. ഒരിക്കൽ ഒരു ബിസിനസ്സ് ഡിന്നറിൽ ജാനറ്റിനും അനീറ്റയ്ക്കുമൊപ്പം കോണ്യാക്കു നുണഞ്ഞിരിക്കവേ പുരുഷ സുഹൃത്തുക്കൾ അവരുടേത് മാത്രമായ വേദികളിൽ പരസ്പരം തങ്ങളുടെ ലൈംഗിക സാഹസിക വീരവാദങ്ങൾ മുഴക്കാറുണ്ടെന്നും സ്ത്രീ സൗഹൃദങ്ങളിൽ അങ്ങിനെയുണ്ടാകാറുണ്ടോ എന്നും ചോദിച്ചപ്പോൾ ഏറ്റവും പ്രിയപ്പെട്ടവളോട് പോലും അങ്ങനെ പറയാൻ കഴിയില്ലെന്നും ദേ വിൽ ലുക്ക് ഡൌൺ അപ്പോൺ അസ്‌ എന്നും അനീറ്റ മറുപടി പറഞ്ഞതോർത്തു. ജാനറ്റ് വെറുതെ തല കുലുക്കിയതേയുള്ളൂ

നാളത്തെ തല വെട്ടലിൽ ഉൾപ്പെട്ട പേരുകൾ ഒന്ന് റീ കൺഫേം ചെയ്യാനായിരുന്നു അനീറ്റയുടെ അപ്പോഴത്തെ ആ വിളി. പേരുകൾ പറഞ്ഞു കൊടുത്തു. അവൾ നിർദ്ദേശിച്ചവരൊക്കെ ഉൾപ്പെട്ടിട്ടുണ്ട്. ഒരു പേര് മാറ്റാമോ എന്ന് ചോദിച്ചു. വൈകിപ്പോയി എന്ന് മറുപടി പറഞ്ഞു

ധൃതിയിലായിരുന്നു ഓഫീസിലേക്ക് കയറിയത്. ഓഫീസിനുള്ളിൽ ഒരു കാര്യവുമില്ലാതെ വെറുതെ അങ്ങോട്ടുമിങ്ങോട്ടും നടന്നാലും അവിടെന്തോ തീ പിടിച്ചത് പോലെയേ നടക്കാവൂ എന്ന് പഠിപ്പിച്ചു തന്നത് കൊല്ലക്കാരൻ കോയയാണ്. കണ്ടു നില്ക്കുന്നവര്ക്കു തോന്നണം ഇയാളെപ്പോഴും തിരക്കിലാണല്ലോ എന്ന്.

9 മണിക്ക് ഒരു എച്ച് ആർ വീഡിയോ കോൺഫറൻസ് ഉണ്ട്. പതിനാറു രാജ്യങ്ങളിൽ നിന്ന് ആളുകളുണ്ടാവും. നാളെ മുതലുള്ള ടെർമിനേഷൻ മീറ്റിങ്ങ് തന്നെയാണ് വിഷയം. ലാപ്ടോപ്പ് കണക്ട് ചെയ്തു, കബോർഡിൽ നിന്ന് കോഫീ കപ്പു എടുത്തു ഞാൻ പാൻട്രിയിലേക്കു നടന്നു. രണ്ടു മൂന്നു വര്ഷം മുൻപ് തന്നെ അറ്റെൻഡർമാരെയും ടീ ബോയിയെയും ഒക്കെ പിരിച്ചു വിട്ടു പുത്തൻ അന്താരാഷ്ട്ര ഓഫീസ് സ്റ്റാൻഡേഡുകൾക്കനുസരിച്ചു ആത്മ നിർഭർ ആയതിനാൽ ഇപ്പോൾ ടീബോയ് വഴി കോവിഡ് വരുമോ എന്ന് ഭയക്കേണ്ടതില്ല.

പാൻട്രിയിൽ പുതിയ ഭരണ പരിഷ്‌കാരങ്ങൾ നടപ്പിൽ വരുത്തിയിരിക്കുന്നു. ഒന്നിട വിട്ട ടേബിളുകൾ കാണാനില്ല. എന്നീട്ടും എല്ലാ സാമൂഹ്യ അകലവും ലംഘിച്ചു ഒരു സിറിയൻ ഗ്യാങ് ഒരു മൂലയിൽ ചേർന്നിരുന്നു എന്തൊക്കെയോ പറഞ്ഞു പൊട്ടിച്ചിരിക്കുന്നു. മറ്റൊരു മൂലയിൽ കുറെ ഐടി മലയാളികളെ കണ്ടു. കോഫിയുമെടുത്തു ഞാൻ തിരികെ എന്റെ ക്യുബിക്കിളിലെക്കു നടന്നു.

മുൻപേ പറക്കുന്ന പക്ഷികൾ കോളിൽ ജോയിൻ ചെയ്തു തുടങ്ങി. ജോർദാനിൽ നിന്നുള്ള മാഹിർ വർഷത്തിലൊരിക്കലെങ്കിലും നേരിട്ടു കാണാറുള്ള ആളാണ്‌, എന്തൊക്കെയുണ്ട് കോവിഡ് വിശേഷങ്ങൾ എന്ന് ചോദിച്ചു. അകെ എണ്ണൂറു കേസുകൾ, അറുന്നൂറ് റിക്കവറി, ഇന്നലെ പുതിയ മൂന്നു കേസുകൾ അയാൾ സ്റ്റാറ്റിസ്റ്റിക്‌സ് വിശദീകരിച്ചു. ഇവിടെ നിന്നല്ലേ രണ്ടാഴ്ച മുൻപ് നമ്മുടെ നാട്ടിലെ ഒരു സിനിമാ നടൻ ജീവനും കൊണ്ടോടിയതു എന്ന് ഞാൻ അത്ഭുതപ്പെട്ടു .

മൊറോക്കോയിൽ നിന്നും ഈജിപ്തിൽ നിന്നും ജോയിൻ ചെയ്‌തവർ ഇത്ര നേരത്തേ കോൾ അറേഞ്ച് ചെയ്യുന്നതിനെ കുറിച്ച് പിറുപിറുത്തു. അവിടെ നേരം വെളുത്തു തുടങ്ങിയിട്ടേയുള്ളൂവത്രെ.

എച്ച് ആർ പ്രതിനിധി ഹെഡ് ക്വർട്ടേഴ്സിൽ നിന്ന് പ്രത്യക്ഷപ്പെട്ടു. ഒന്നാം ലോകത്തു നിന്നും രണ്ടാം ലോകത്തു നിന്നുമുള്ള സീനിയർ മാനേജേഴ്‌സിന് കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുന്നത് തിരുവല്ലക്കാരി ആൻജെലയാണ്. ആൻജെല മലയാളിയാണെന്ന് എനിക്ക് മനസ്സിലായത് കഴിഞ്ഞ പ്രളയകാലത്തു തിരുവല്ലയിൽ കിടന്നു നിലവിളിച്ചപ്പോഴാണ്. മുൻപൊരിക്കൽ ഒരു മീറ്റിങ്ങിനിടയിൽ ഒരു ഡിവിഷണൽ ഹെഡ് ക്രമവിരുദ്ധമായ പലതും ചെയ്യാൻ എന്റെ കൈ പിടിച്ചു തിരിച്ചപ്പോൾ ഒന്നും മിണ്ടാതെ, കേൾക്കാത്തത് പോലെ ഒപ്പം ഇരുന്നവളാണ് ആൻജെല. അന്ന് ഈ എച്ച് ആറു കാരെയൊക്കെ പ്രളയം കൊണ്ട് പോകാത്തതെന്തു എന്ന് ഞാൻ അത്ഭുതപ്പെട്ടിരുന്നു. പിന്നെ സത്യത്തിൽ പ്രളയം വന്നു ആൻജെല ഫോൺ ചെയ്തപ്പോള് ഞാനക്കാര്യം മിണ്ടിയില്ല

വളരെ വേഗത്തിൽ ആൻജെല മീറ്റിങ്ങ് അവസാനിപ്പിച്ചു. ആംബുലൻസിന്റെ നമ്പർ സംഘടിപ്പിച്ചു വെക്കണം മീറ്റിങ്ങ് തുടങ്ങും മുമ്പ് . കഴുത്തു മുറിക്കും മുമ്പ് ആരെങ്കിലും ചോദിച്ചാൽ കൊടുക്കാൻ വെള്ളമുണ്ടാകണം മുറിയിൽ. രണ്ടു മീറ്റർ ദൂരത്തിരിക്കണം.

എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ആ ആംബുലൻസിന്റെ കാര്യം മാത്രം മനസ്സിൽ തറച്ചു. കോണ്ഫറന്സ് കഴിഞ്ഞു മൊബൈൽ എടുത്തു നോക്കിയപ്പോൾ മൂന്നാലു മെസ്സേജുകൾ വന്നു കിടക്കുന്നു. ഒന്ന് നാട്ടിൽ നിന്ന് കണ്ണന്റേതാണ്. ആ ലേഖനത്തിന്റെ ബാക്കി ഇന്ന് കൊടുക്കുമോ എന്നറിയാനാണ്. നവ ഇടതുപക്ഷം മാർക്സിസത്തിൽ നിന്ന് അകലുന്നുവോ എന്ന കുറിപ്പിന്റെ രണ്ടാംഭാഗം. റ്റൂ ഡെയ്‌സ് എന്ന് റിപ്ലൈ കൊടുത്തു. അടുത്തത് ഗോവക്കാരൻ ഗ്ളെൻ പെരേരയുടെ സന്ദേശം, ചിലയിടങ്ങളിൽ സ്റ്റാഫ് ജോലിക്കു പോകാൻ മടിക്കുന്നു എന്ത് വേണം എന്നാണു സന്ദേശത്തിന്റെ രത്നച്ചുരുക്കം. ഗ്ലെന്നിനെ തിരികെ വിളിച്ചു. ജോലിക്കു പോകാൻ ഭയമുള്ളവർക്കു നീണ്ട അവധിയെടുക്കാം, ശമ്പളമില്ലാത്ത ലീവിൽ പോകാം, രാജി വെക്കാം ഇതൊന്നും ചെയ്യാതെ ഹാജരാകാതിരിക്കുന്നവർക്കു ശമ്പളം ഉണ്ടാകില്ലെന്ന് അറിയിച്ചേക്കാനും അപ്പൊ അവര് വന്നോളുമെന്നും പറഞ്ഞു. അങ്ങിനേ തന്നെ സംഭവിച്ചു

അൽപം കഴിഞ്ഞപ്പോൾ ആൻജെല വിളിച്ചു. എങ്ങനെയുണ്ടായിരുന്നു ടോണീ എന്റെ സ്പീച്ച് ? അവൾ ചോദിച്ചു. നീ സൂപ്പറല്ലേന്നു ഞാൻ. ആൻജെലയുടെ മുഖമൊന്നു തുടുത്തു.ആ ആംബുലൻസ് പ്രയോഗം വേണമായിരുന്നോ. ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

ഡാ അതിവിടെ ഒരു കേസില് ആവശ്യം വന്നതാണ് , ഒരാൾ കുഴഞ്ഞു വീണു.അവൾ പറഞ്ഞു.

പെണ്ണുങ്ങൾ പലപ്പോഴും എന്നെ ഡാ എന്ന് വിളിക്കാറുണ്ടെങ്കിലും എനിക്ക് അവരെ ഒരിക്കലും ഡീ എന്ന് വിളിക്കാൻ കഴിയാറില്ല. ഡാർലിംഗിലെ ഡാ യ്ക്ക് ഡീ ആകാൻ കഴിയില്ലല്ലോ

ടെർമിനേഷൻ മീറ്റിങ്ങുകൾ സംഘടിപ്പിക്കേണ്ടത് എങ്ങനെയാണെന്നും ഓരോ രാജ്യത്തെയും ലേബർ ലോ ലംഘിക്കുന്നില്ലെന്നും ഉറപ്പു വരുത്താൻ ഒരു ഓപ്പറേറ്റിങ് പ്രൊസീജർ ഉണ്ടാക്കുന്നുണ്ട്. ആ കമ്മിറ്റിയിൽ നിന്നെ കൂടി ഉൾപ്പെടുത്തട്ടെ. ആൻജെല ബിസിനസ്സിലെക്കു വന്നു. ഞാനിതു വരെ ഒന്നിനും നോ പറഞ്ഞിട്ടില്ലല്ലോ എന്ന് ഞാൻ വിനയാന്വിതനായി.

കണ്ണന്റെ മറുപടി വന്നു നാളെയെങ്കിലും കിട്ടണം മാർക്സിസത്തെ കുറിച്ചുള്ള ആ കുറിപ്പ്നോക്കാം എന്ന് മറുപടി നൽകി.

ഓഫീസിൽ നിന്ന് പുറത്തിറങ്ങി. ഗ്രൗണ്ട് ഫ്ലോറിലുള്ള സ്റ്റാർബക്സിൽ എത്തിയപ്പോൾ ഉള്ളിൽ മൂന്നാലു പേര് ക്യൂ വിൽ , ഡ്രൈവ് ത്രൂവിൽ നിരനിരയായി വണ്ടികൾ കിടക്കുന്നതു കാണാം. ടേക് എവേ മാത്രമേ ഉള്ളെങ്കിലും ഈ കൊറോണക്കാലത്തും കോഫിഷോപ്പുകളിൽ തിരക്കിനു കുറവില്ല.

ഒരു ടോൾ വനില ലാറ്റെ ഓർഡർ ചെയ്തു, ക്യൂവിൽ ഒന്നും ചെയ്യാനില്ലാതെ നിൽക്കുമ്പോൾ പയ്യെ ഫേസ്‌ ബുക്ക് തുറന്നു പ്രത്യയ ശാസ്ത്ര പ്രതിസന്ധിക്കു പരിപ്പുവടയും ചായയും കാരണമോ എന്നൊരു പോസ്റ്റിട്ടു. അത് രണ്ടു ദിവസം കിടന്നോടിക്കോളും, ഉത്തമരും പോരാളികളും തമ്മിലടിക്കും, ഇടയ്ക്കു മൂഡോഫ് ആകുമ്പോൾ ആ കമന്റുകൾ വായിക്കും ടോണി, ഒരു എനർജി ഡ്രിങ്ക് കുടിച്ച സുഖം കിട്ടും അപ്പോൾ

രാത്രി ഹെഡ് ഓഫീസ് നമ്പറിൽ നിന്നൊരു കോളെത്തി. ബോസ്സാണ്. അമേരിക്കക്കാരൻ. നാളെ ആരാണ് മീറ്റിങ്ങുകൾ നടത്തുന്നത് എന്ന് ചോദിച്ചു. ഞാൻ തന്നെ എന്ന് മറുപടി നൽകി.അടുത്ത രണ്ടു ദിവസത്തെ എല്ലാ മീറ്റിങ്ങുകളും ? അതെയെന്നുത്തരം നൽകി. ഉം അങ്ങിനെ വേണം. ആ ചുമതല മറ്റാരെയും ഏല്പിക്കരുത്. എംപ്ലോയിയുടെ അവകാശമാണത്, നമ്മുടെ കടമയും.

മരിക്കും മുൻപ് ഇനിയും എന്തെല്ലാം കോർപ്പറേറ്റ് മര്യാദകൾ പഠിക്കാൻ കിടക്കുന്നു എന്നോർത്തു ഫോൺ ടേബിളിലേക്കിട്ടു നെറ്റ് ഫ്ലിക്സിലെ ടർക്കിഷ് സീരിയലിലേക്കു വീണ്ടും ശ്രദ്ധയൂന്നി, സുലൈമാൻ ഷാ മരിക്കുമോ, ആർതുറു കൊല്ലപ്പെടുമോ.

പിറ്റേന്ന് നേരത്തേ തന്നെ ഓഫീസിലെത്തി. ആദ്യ മീറ്റിങ്ങ് 9 മണിക്കാണ്. അര മണിക്കൂർ ഇടവിട്ട് 15 സെഷനുകൾ ഇന്ന് മാത്രം. എട്ടേമുക്കാലിന് മാർക്ക് വന്നു. മാർക്ക് ജൂനിയറാണ്. ബ്രിട്ടീഷുകാരൻ . കാർഡിഫ് ആണ് ജന്മസ്ഥലം. എപ്പൊഴും ചനുപിനാ മഴ പെയ്തു കൊണ്ടേയിരിക്കുന്ന നഗരം. അവരുടെ സംസാര ഭാഷ മനസ്സിലാക്കാൻ ലണ്ടനിൽ ഉള്ളവരുടേതിനേക്കാൾ ബുദ്ധിമുട്ടാണ്. ചോക്ലേറ്റ് വായിലിട്ടു സംസാരിക്കുന്നതു പോലെ തോന്നും. ഇത്ര നാളത്തെ അനുഭവം കൊണ്ട് പഠിച്ചത് വിദ്യാഭ്യാസം കൂടുംതോറും ഇംഗ്ലീഷുകാരന്റെ സംസാരത്തിലെ വ്യക്തതയും കൂടും എന്നതാണ്, അതിനി സ്‌കോട്ടിഷ് ആയാലും ഐറിഷ് ആയാലും, പത്താം ക്ലാസ്സും ഗുസ്തിയും മാത്രം കഴിഞ്ഞവന്റെ ഭാഷ മനസ്സിലാക്കാൻ അൽപം പ്രയാസപ്പെടും.

മാർക്കിനോട് ഒരു ചെറിയ ബ്രീഫിങ് നടത്തി. നമുക്കിടയിൽ ഒരു ഗുഡ് കോപ്പ് ബാഡ് കോപ്പ് സിസ്റ്റം എപ്പൊഴും ഉണ്ടാകണം എന്നോർമ്മിപ്പിച്ചു. ഞാൻ കാരുണ്യപൂർവ്വം ഇടപെടുമ്പോൾ നിങ്ങൾ കർക്കശക്കാരനാകണം, നിങ്ങൾ കാരുണ്യം കാട്ടുമ്പോൾ ഞാൻ കർക്കശക്കാരനാകും എന്ന് ധാരണയിലെത്തി.

സ്വരത്തിൽ അൽപം എംപതി കലർത്തണമെന്നും എന്നാൽ അത് അധികമാകരുതെന്നും അയാളോട് പറഞ്ഞു. അധികമായാൽ അവർ കരയാനും മറ്റും അതൊരവസരമാക്കും എന്നോർമ്മപ്പെടുത്തി.

ടോണി ഡീൽ ചെയ്തോളൂ ഞാൻ പാസ്സീവ് റോളിൽ ആകാം എന്നയാൾ.

ആദ്യത്തെയാളെ ഞാൻ തന്നെ റിസപ്‌ഷനിൽ പോയി കൂട്ടിക്കൊണ്ടു വന്നു. അത് പണ്ടൊരിക്കൽ ഒരു ബാങ്കിൽ ഇന്റർവ്യൂവിനു പോയപ്പോൾ പഠിച്ച കോർപ്പറേറ്റ് മര്യാദയാണ്. അന്ന് ഫയലിൽ താളം തട്ടിക്കൊണ്ടു എന്റെ നമ്പർ എപ്പൊ വരും എന്നാലോചിച്ചൊരിക്കെ മുഖം നിറയെ ചിരിയുമായി മുടി മുഴുവൻ നരച്ച ഒരു അമ്പതുകാരൻ പുറത്തു വന്നു ഹായ് പറഞ്ഞു.അയാളോടൊപ്പം നടന്നു ഇന്റർവ്യൂ മുറിയിൽ പോയിരുന്നപ്പോഴാണ് മനസ്സിലായത് അയാൾ തന്നെയാണ് ഇന്റർവ്യൂ ചെയ്യുന്നതെന്നു. പിന്നീട് ആ മര്യാദ ഞാൻ എപ്പൊഴും പിന്തുടർന്നിട്ടുണ്ട്

ആദ്യ ആൾ സീറ്റിലിരുന്നു.

ഞാൻ സ്വരത്തിൽ അൽപ്പം ദുഃഖം കലർത്തി, നിർത്തി നിർത്തി പറഞ്ഞു, നിങ്ങളുടെ 18 വർഷത്തെ സർവീസ് മികവുറ്റതായിരുന്നു. ഇന്ന് നിങ്ങളുടേ അവസാന വർക്കിങ് ഡേ ആണ്. നാളെ മുതൽ വരേണ്ടതില്ല.

അയാൾ തലകുനിച്ചു പുറത്തേക്കു നടന്നപ്പോൾ ഞാനും എഴുന്നേറ്റു ചുവരിനു സമീപത്തേക്കു നടന്നു. റൂം ടെമ്പറേച്ചർ അല്പമൊന്നു കുറച്ചു. ഇപ്പോൾ തന്നെ തണുപ്പ് കൂടുതലല്ലേ മുറിക്കുള്ളിൽ? മാർക്ക് പുരികമുയർത്തി ചോദിച്ചു.

അത് നിങ്ങള് ടേബിളിന്റെ ഇപ്പുറം ഇരിക്കുന്നത് കൊണ്ടാണ് മിസ്റ്റർ അപ്പുറത്തിരിക്കുന്നവന്റെ ചൂട് നിങ്ങൾക്കിപ്പോൾ മനസ്സിലാകില്ല ഞാൻ തമാശിച്ചു.

മാർക്ക് അത്ഭുതം കൂറുന്ന കണ്ണുകളോടെ എന്നെ നോക്കി. എന്തൊരു കരുതലാണ് ഈ മനിസനു എന്ന് ആ നീല കൃഷ്ണമണികളിൽ നിന്ന് ഞാൻ വായിച്ചെടുത്തു

അടുത്തയാൾ ഞാനോ മാർക്കോ സംസാരിച്ചു തുടങ്ങും മുൻപ് കൈയുയർത്തി എന്തോ പറയാനുണ്ടെന്നറിയിച്ചു. അയാളെ സംസാരിക്കാനനുവദിച്ചു. നിങ്ങൾ വിളിച്ചിരിക്കുന്നത് പിരിച്ചു വിടാനാണെന്നു മനസ്സിലായിയെന്നും ഭാര്യ 7 മാസം ഗർഭിണിയാണെന്നും ഇപ്പോഴത്തെ അവസ്ഥയിൽ അവർക്കും അവരെ തനിച്ചാക്കി തനിക്കും യാത്ര ചെയ്യാൻ കഴിയില്ലെന്നും ഒരു നാല് മാസത്തെ സമയം കൂടി തരണമെന്നും അയാൾ അഭ്യർത്ഥിച്ചു

അത് മറ്റൊരു വിഷയമാണ്. ഇപ്പോൾ നമ്മുടെ മുന്പിലുള്ളത് നിങ്ങളുടെ ടെർമിനേഷൻ വിഷയമാണ്. അത് കഴിഞ്ഞു നമുക്ക് നിങ്ങൾ പറഞ്ഞ വിഷയത്തിലേക്കു വരാം, സ്ഥിരമായി ആറുമണി ബ്രീഫിങ്ങ് കാണാറുള്ള മലയാളി ബുജിയുടെ വാക്ചാതുരിയോടെ ഞാൻ പറഞ്ഞു, നിങ്ങൾ ഒരു കത്ത് തരൂ നിങ്ങളുടേ വിഷയമുന്നയിച്ചു കൊണ്ട്, അത് ഞാൻ എച്ച് ആറിലേക്കു ഫോർവേഡ് ചെയ്യാം, നിങ്ങൾക്ക് വേണ്ടുന്ന സഹായങ്ങൾ ചെയ്തു തരാൻ ഞാനും അഭ്യർത്ഥിക്കാം. ഇപ്പോൾ ഈ ടെർമിനേഷൻ ലെറ്റെറിൽ ഒരൊപ്പിടൂ.

അയാൾ ഒപ്പിടുന്നത് കണ്ടു മാർക്ക് അതിശയത്തോടെ എന്നെ നോക്കി.

വിൻഡോ ഗ്ലാസിന് വെളിയിലിരുന്നു ഇണപ്രാവുകൾ കുറുകി. ഈ പൊള്ളുന്ന ചൂടിൽ അവറ്റകൾക്കു ദാഹജലം കിട്ടുന്നുണ്ടാവുമോ ആവോ ആദ്യത്തെ മൂന്നാലു മീറ്റിങ്ങുകൾ കഴിഞ്ഞപ്പോൾ ഞാനും മാർക്കും ഒരു താളം കണ്ടെത്തിക്കഴിഞ്ഞിരുന്നു.

അവസാനത്തെ ഒന്ന് രണ്ടെണ്ണം മാർക്കിന് വിട്ടു കൊടുത്തു. അയാൾ ഒന്ന് തെളിയട്ടെ ഇടയ്‌ക്കൊരാൾ, സാർ എന്റെ ഭാര്യയെക്കൂടി പിരിച്ചു വിടാമോ എന്ന് ചോദിച്ചത് ബ്രേക്ക് ടൈമിൽ എനിക്കും മാർക്കിനും പറഞ്ഞു ചിരിക്കാൻ കാരണമായി

വൈകുന്നേരം വീട്ടിലെത്തുമ്പോൾ ക്ഷീണിതനായിരുന്നു. ജോലി നഷ്ടമായവന്റെ ദുഃഖത്തെക്കുറിച്ചു ആയിരം കഥകൾ എഴുതപ്പെട്ടിട്ടുണ്ടല്ലോ, പിരിച്ചു വിടുന്നവന്റെ മാനസിക സംഘർഷങ്ങളെ കുറിച്ച് ആരെഴുതാൻ.

ചായക്കപ്പുമായി പേപ്പറും പേനയുമെടുത്തു എഴുതാനിരുന്നു. കണ്ണന് ഇന്ന് തന്നെ ലേഖനം കൊടുക്കണം. തൊഴിലാളികളുമായുള്ള ജൈവിക ബന്ധം നഷ്ടമാകുന്ന ഇടതു ചിന്തകർ… അയാൾ എഴുതിത്തുടങ്ങി

വീണ്ടും ഫോൺ അടിക്കുന്നു. അനീറ്റയാണ്. ടോണീ ഇവിടെ ആകെ പ്രശ്നമാണ്. ജോർജ് ഫ്ലോയ്ഡ് വിഷയം നഗരത്തെയാകെ നിശ്ചലമാക്കിയിരിക്കുന്നു . ജനമാകെ തെരുവിലാണ് , അൽപം വയലന്റായി തുടങ്ങിയിട്ടുണ്ട്. എനിക്ക് പുറത്തിറങ്ങാൻ ഭയമാകുന്നു.

നീ പുറത്തിറങ്ങരുത്. കറുത്തവന്റെ സമരങ്ങളെ സായിപ്പ് എന്തായുധമുപയോഗിച്ചും അടിച്ചമർത്തും ഞാൻ അനീറ്റയോട് പറഞ്ഞു.ഓർമ്മയുണ്ടോ, വംശ വർണ്ണ വെറി ഇന്ത്യയിൽ പാശ്ചാത്യ നാടുകളിലേക്കാളും അധികമാണെന്ന് നീ എനിക്ക് ഉത്തരേന്ത്യൻ അനുഭവങ്ങൾ വർണ്ണിച്ചു വിശദീകരിച്ചു തന്നിട്ടുള്ളത് ?

ഞാൻ പേനയും പേപ്പറും അൽപ്പം നീക്കിവെച്ചു

അതെ. അത് അക്ഷരം പ്രതി ശരിയാണ്. ദോസ് ഹു ലുക്ക് ദി സേം, ദോസ് ഹു ഷെയർ ദി സേം കളർ, ദോസ് ഹു ഷെയർ ദി സേം ഡി എൻ എ, ഡിഡ് ഇറ്റ് ഫോർ സെഞ്ചുറിസ് ആൻഡ് സ്റ്റിൽ ഡെസ് ഇറ്റ് അനീറ്റ ഒരു നീണ്ട സംവാദത്തിനു തയ്യാറായി.

ഞാൻ പതിയെ ചാരു കസേരയിലേക്ക് പടർന്നു, ടിവിയുടെ വോളിയം കുറച്ചു, ഉച്ചത്തിൽ തർക്കിച്ചു തുടങ്ങി

വര – ജയ് മേനോൻ

Print Friendly, PDF & Email

About the author

മേതിലാജ്

മേതിലാജ് എം എ, എഡിറ്റോറിയൽ ബോർഡ് അംഗം