INTERVIEW അഭിമുഖം

തെയ്യം -കാലദേശങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന സംസ്കാരം കൂടിയാണ്.ഡോക്യൂമെന്ററി വിഭാഗത്തിൽ ഫോക്‌ലോർ അക്കാദമിയുടെ അവാർഡ് നേടിയ “തെയ്യാട്ടത്തിന്റെ “സംവിധായകൻ ജയൻ മാങ്ങാടുമായി ,മലയാളനാട് വെബ് മാഗസിന് വേണ്ടി മുരളി മീങ്ങോത്ത് നടത്തിയ അഭിമുഖം.

ചോദ്യം

അനുഷ്‌ഠാന കല എന്നതിനപ്പുറം ,തെയ്യത്തിന്റെ സാംസ്‌കാരിക ചരിത്രം, വൈവിധ്യം ഒന്ന് പറയാമോ ?

ഉത്തരകേരളത്തിലെ വളരെ വിശേഷപ്പെട്ട ഒരു അനുഷ്‌ഠാന ചടങ്ങാണ് തെയ്യം. ചോദ്യത്തിൽ ഉന്നയിച്ച പോലെ അതിൽ കലയും, സംസ്കാരവും ആരാധനയുമൊക്കെ ഒത്തുചേരുന്ന അപൂർവ്വമായ ചടങ്ങുകളുണ്ട്- തോറ്റമുണ്ട് ,താളമുണ്ട്. പുരാതന ദൃശ്യ സങ്കൽപ്പത്തിന്റെ എല്ലാ വർണ്ണ വിന്ന്യാസങ്ങളുമുണ്ട് , ഇത്രമേൽ താളങ്ങൾ , വർണ്ണങ്ങൾ സമ്മേളിക്കുന്ന മറ്റൊരു കലാരൂപം ,ലോകത്തെവിടെയും ഉണ്ടാവാൻ സാധ്യതയില്ല ഉത്തരകേരളത്തിലെ ആദിമ ഗോത്രങ്ങളുടെ ജീവിതവും ,സംസ്കാരങ്ങളും , തെയ്യമെന്ന അനുഷ്‌ഠാന ചടങ്ങുമായി അഭേദ്യമായി കെട്ടുപിണഞ്ഞ് കിടക്കുകയാണ്. നമുക്കെല്ലാവർക്കും അറിയുന്നത് പോലെ കർണ്ണാടകയിലെ കുന്താപുരം തൊട്ട് (തുളുനാട് ) കേരളത്തിലെ കോലത്തുനാട്ടിലെ വടകര വരെ പരന്നു കിടക്കുന്ന ദേശത്ത് തെയ്യമുണ്ട്. ഇതൊരു അനുഷ്‌ഠാനമാണ് ,അതിൽ പുരാവൃത്തങ്ങൾ അടങ്ങിയിട്ടുണ്ട് . അത് കെട്ടിയാടിക്കുന്ന സ്ഥലത്തിനും ഏറെ പ്രാധാന്യമുണ്ട്. തെയ്യസ്ഥാനം എന്ന് വേണമെങ്കിൽ അതിനെ വിളിയ്ക്കാം.

അതിന് സ്ഥലരാശിയുണ്ട് .ഇതിന്റെയെല്ലാം ബൃഹത്തും സമഗ്രവുമായിട്ടുള്ള പഠനങ്ങളൊന്നും നടന്നിട്ടില്ല .പുസ്തകരൂപത്തിൽ പലതും വന്നിട്ടുണ്ടെങ്കിലും ദൃശ്യരൂപത്തിലുള്ള (visual) ഇടപെടലുകൾ വളരെ കുറവാണ്.,

വിചിത്രങ്ങളായ മുടിയേറ്റുണ്ട് , മുഖത്തെഴുത്തുണ്ട് ,കണ്ണെഴുത്തുണ്ട് ,തേറ്റയുണ്ട് ,ചിലമ്പുണ്ട് ,മറ്റനേകം ഉടയാടകളുണ്ട്. അരയിലും ,തലയിലും കുത്തിയ പന്തങ്ങളുണ്ട് . കൈകളിൽ ആയുധമേന്തി വരുന്നുണ്ട് .അങ്ങനെയുള്ളതെല്ലാം കൂടിയിട്ടുള്ളതാണ് തെയ്യം .തെയ്യത്തിന്റെ സാംസ്‌കാരിക പരിസരം എന്ന് പറയുന്നത് വളരെയധികം വൈവിധ്യമാർന്നതാണ്. പഴയ ഗോത്ര സമൂഹത്തിൽ നിന്ന് ഇന്നുവരെയുള്ള മനുഷ്യന്റെ സാംസ്‌കാരിക പഠനത്തിൽ ഏറ്റവും പ്രയോജനപ്പെടുന്ന ഒന്നാണ് തെയ്യം-

തെയ്യത്തിന്റെ കാവൽ എന്ന് പറയുന്നത് .നമ്മുടെ പഴയ പുരാവൃത്തങ്ങളിൽ നിന്ന് ഉരുവം കൊണ്ട ആരാധനാ മൂർത്തികളായിട്ടുള്ള നൂറോ ,ആയിരമോ തെയ്യങ്ങൾ വടക്കേ മലബാറിൽ കെട്ടിയാടിക്കുന്നുണ്ട്.

നമുക്ക് വടക്കേ മലബാറിലെ പ്രധാനപ്പെട്ട ദിവസങ്ങളും ആഘോഷങ്ങളുമറിയാം- ആചാരങ്ങളുടെ ദിവസങ്ങളറിയാം. മേടത്തിൽ വിഷുവുണ്ട് ,കർക്കിടകത്തിൽ നിറ , ചിങ്ങത്തിൽ പുത്തരി തുലാമാസത്തിൽ പത്താമുദയം ,മകരത്തിൽ ഏർപ്പ് അല്ലെങ്കിൽ എതിർപ്പ് ,മീനത്തിൽ പൂരം .ഇവയുമായി ബന്ധപ്പെട്ട് ,തെയ്യസ്ഥാനങ്ങളായ തറവാടുകളിലും ,താനങ്ങളിലും ഇങ്ങനെ നിരവധി അനുഷ്‌ഠാനങ്ങളുണ്ട് .ആ അനുഷ്‌ഠാനങ്ങളിലൊക്കെ നമുക്ക് ഒരു കാർഷിക സംസ്‌കാരവും ‘അമ്മ’ ദൈവാരാധനയും ,വീരാരാധനയുമൊക്കെയുണ്ട്. ഇതിന്റെയെല്ലാം ശക്തിസ്രോതസ്സ് എന്ന് പറയുന്നത് ഈ അനുഷ്‌ഠാനങ്ങളാണ്. ഉദാഹരണത്തിന് വിഷു ,കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരാഘോഷമാണല്ലോ .അങ്ങനെ എല്ലാ ആരാധനയും ,കാർഷിക സംസ്‌കാരവും, ‘അമ്മ’ ദൈവാരാധനയും, വീരാരാധനയുമെല്ലാം സമന്വയിപ്പിക്കുന്ന ഒരു അനുഷ്‌ഠാന പാരമ്പര്യമാണ് വടക്കൻ കേരളത്തിനുള്ളത്.

 

ആദിമ മനുഷ്യൻ, ഗോത്രത്തിലൊതുങ്ങിയിരുന്ന മനുഷ്യന് ,ആ ഉത്സവങ്ങൾക്കൊപ്പം തന്നെ ,അതിന് അനുബന്ധമായിട്ടോ മറ്റോ ,ചില പ്രത്യേക ആട്ടവും ,വേഷവും തോറ്റവും ചിട്ടപ്പെടുത്തിയതാണ് ആദ്യത്തെ തെയ്യക്കോലം. അങ്ങനെ ഗോത്ര തലം തൊട്ട് ഇന്നുവരെയുള്ള ദീർഘമായൊരു സാംസ്‌കാരിക ചരിത്രം തെയ്യത്തിനുണ്ട് .

അന്ന് തൊട്ടേ ,പ്രകൃതിയെയും തൻറെ ജീവിത പന്ഥാവിനെയും തടസ്സപ്പെടുത്തുന്ന മൃഗങ്ങളെയുമൊക്കെ ഭയമായിരുന്നു . ആദിമ മനുഷ്യൻ ഇവയെ ആരാധിച്ചിരുന്നു .. ആഹാര സമ്പാദനവും , രോഗനിവാരണവുമായിരുന്നു ഈ ആരാധനാ കർമ്മങ്ങളുടെ അടിസ്ഥാനം .മണ്ണിൽ കൃഷി ചെയ്ത് കിട്ടിയ ആഹാര ധാന്യങ്ങളും ,കാട്ടിൽ വേട്ടയാടി കിട്ടിയ മാംസങ്ങളുമൊക്കെ തനിയ്ക്ക് ദൈവം നൽകിയതാണെന്ന വിശ്വാസത്താൽ , ഇഷ്ടദേവതമാരെ പ്രീതിപ്പെടുത്താൻ , തൃപ്തിപ്പെടുത്താൻ , സമൃദ്ധിയുടെ ഉത്സവങ്ങൾ നടത്തിയിരുന്നു

ചോദ്യം

കുന്താപുരം തൊട്ട് , കാസറഗോഡ് , കണ്ണൂർ ,കോഴിക്കോട് ജില്ലകളിലുള്ള ഷൂട്ടിംഗ് അനുഭവം എങ്ങനെയായിരുന്നു?

ഷൂട്ടിംഗ് അനുഭവത്തെപ്പറ്റി ചോദിച്ചാൽ ,മുരളിയ്ക്ക് അറിയുന്നത് പോലെ പണ്ട്‌ നമ്മുടെ കാഴ്ചകൾ, കണ്ണുകൾ കൊണ്ടായിരുന്നല്ലോ . നമ്മുടെ അനുഷ്‌ഠാനങ്ങൾ മാത്രമല്ല ,ഏത് ദൃശ്യവും സ്വന്തം കണ്ണുകൾ കൊണ്ട് കാണുന്ന കാഴ്ചപ്പാട് നമുക്കുണ്ടായിരുന്നു .പക്ഷെ മൊബൈൽ ക്യാമറകളുടെ വരവോടെ ,അനായാസമായി കയ്യിൽ പെരുമാറാൻ പറ്റുന്ന ചെറിയ ഉപകരണങ്ങളുടെ സഹായത്തോടെ ,നമ്മളിപ്പോൾ കണ്ണുകളിലൂടെയല്ല കാണുന്നത് .നമുക്കെല്ലാം ക്യാമറാക്കാഴ്ചകളാണ് ,അല്ലെങ്കിൽ മൊബൈൽ കാഴ്ചകളാണ് . ഇന്ന് നമ്മൾ ഏത് ആഘോഷത്തിന്റെ സ്ഥലത്ത് പോയിക്കഴിഞ്ഞാലും, മൊബൈൽ ക്യാമറയിലൂടെയാണ് അത് കാണുന്നത്. ആചാരവും അനുഷ്‌ഠാനവും ആകണമെന്നില്ല .എല്ലാ കാഴ്ചകളും കാണുന്നത് അങ്ങനെയാണ് .

ഷൂട്ടിനൊന്നും വിധേയമാകാത്ത ഒന്നാണ് തെയ്യം .അത് അനേകം അനുഷ്‌ഠാനങ്ങളുടെ ,,അനേകം തോറ്റങ്ങളുടെ ഒരു മൂർത്ത രൂപമാണ് ,അതിൽ ഷൂട്ട് ചെയ്യപ്പെടാത്ത എത്രയോ കാര്യങ്ങളുണ്ട് .നമ്മൾ എപ്പോഴും ഷൂട്ട് ചെയ്യുന്നത് അതിന്റെ വർണ്ണാഭമായ കാര്യങ്ങൾ മാത്രമാണ് .പ്രചണ്ഡമായ ഘോഷങ്ങൾ മാത്രം .അല്ലെങ്കിൽ അതിമനോഹരമായ ചൊൽക്കാഴ്ചകളായ തോറ്റങ്ങൾ മാത്രമാണ് ഷൂട്ട് ചെയ്യുന്നത് .അത് കൊണ്ട് തെയ്യം കാണുന്ന ഒരു അനുഭവം ക്യാമറക്കണ്ണുകളിൽ കാണുമ്പോളില്ല. പക്ഷെ, നമ്മളിതുവരെ കാണാത്ത തെയ്യങ്ങളെ അടയാളപ്പെടുത്താനുള്ള ഒരാഗ്രഹമുണ്ടായിരുന്നു

തെയ്യത്തെക്കുറിച്ച് പല വർക്കുകൾ ഇംഗ്‌ളീഷിലും മലയാളത്തിലും നടന്നിട്ടുണ്ട് ,പക്ഷെ എല്ലാ തെയ്യങ്ങളെയും ഉൾപ്പെടുത്തി സമഗ്രമായ ഒരു നരവംശ ശാസ്ത്രത്തിന്റെ രീതിയിലേക്ക് കൊണ്ട് പോകാനുള്ള ആഗ്രഹമാണ് എനിയ്ക്കുണ്ടായത് .അത് കൊണ്ടാണ് ഈ ഉദ്യമത്തിന് മുതിരുന്നത് .ഒരു ഡോക്യൂമെന്ററി യായി അതിനെ സൂക്ഷിയ്ക്കുക , ഏതെങ്കിലും തരത്തിൽ അതിനെ പ്രയോജനപ്പെടുത്തുക .അത് ഒരു ചാനലിന് വേണ്ടിയായിരുന്നില്ല തെയ്യമങ്ങനെ ഷൂട്ട് ചെയ്യാൻ പറ്റിയ ഒന്നല്ല. കോവിഡ് വന്നതോടെ ഷൂട്ടിംഗ് തടസ്സപ്പെട്ടിരിയ്ക്കുകയാണ്‌

ചോദ്യം

ഇത് പ്രേക്ഷകരിലെത്തിക്കുന്നതും ഒരു വെല്ലുവിളി ആയിരുന്നല്ലോ.കൈരളി ചാനലിലേക്കുള്ള സംപ്രേക്ഷണത്തിലേക്ക് എത്തുന്നത് എങ്ങനെയാണ് ?

ഇന്നത്തെ കാലത്ത് ഒരു വീഡിയോ അല്ലെങ്കിൽ ഡോക്യൂമെന്ററിയുടെ ദൃശ്യാവിഷ്‌കാരം നടത്തിയാൽ ,അത് പ്രേക്ഷകരിലെത്തിയ്ക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ല .ഒട്ടേറെ വീഡിയോകൾ സോഷ്യൽ മീഡിയയിലുണ്ട് , ദൃശ്യമാധ്യമങ്ങളിലുണ്ട് .അതിനൊന്നും ഒരു തടസ്സവുമില്ല ..പക്ഷെ ഏറെ പണച്ചിലവ് വരുന്ന ഒരു ഏർപ്പാടാണ് തെയ്യത്തിന്റെ ഷൂട്ടിംഗ് .അതിനുള്ള ഒരു വരുമാന മാർഗ്ഗം ഇല്ലാത്തത് കൊണ്ടാണ് പൊതുവെ ആൾക്കാർ ചെയ്യാത്തത് .ഒരു മാധ്യമത്തിന്റെ തടസ്സം അതിനില്ല .ജനങ്ങളിലേക്ക് എത്തിക്കാൻ ഏറ്റവും എളുപ്പം സോഷ്യൽ മീഡിയ പ്രയോജനപ്പെടുത്തുക എന്നുള്ളത് തന്നെയാണ് .പക്ഷെ ഇത്രയും ഭാരിച്ച ചിലവുള്ള ഒരുകാര്യം സോഷ്യൽ മീഡിയയിൽ ഇട്ടാൽ ,അതിനുള്ള വരുമാനത്തിന് ഒരു തടസ്സമായി മാറും .സ്വാഭാവികമായിട്ടും ഞായറാഴ്ച്ച പ്രദർശിപ്പിക്കണമെന്ന ഒരാഗ്രഹമുണ്ടായിരുന്നു . അങ്ങനെ കൈരളിയിലെത്തി.

ചോദ്യം

വടക്കേ മലബാറിനപ്പുറം ,കേരളം തെയ്യത്തെ കണ്ടപ്പോഴുണ്ടായ പ്രതികരണം എങ്ങനെയായിരുന്നു?

‘തെയ്യാട്ടം’ കണ്ട തെക്കൻ കേരളത്തിലുള്ളവരിൽ നിന്നും ,തെയ്യം കാണാത്ത സ്ഥലത്തിൽ നിന്നുള്ളവരിൽ നിന്നും ,വളരെ പ്രത്യാശ ഉണർത്തുന്ന മെസേജുകളും ,ഫോൺ വിളികളുമൊക്കെയായിരുന്നു വന്നത്

അതിൽ വളരെയധികം സന്തോഷമുണ്ട് .കാരണം വടക്കേ മലബാറിൽ വലിയ ആൾക്കൂട്ടത്തിന് നടുവിൽ പ്രചണ്ഡ ഘോഷങ്ങളിൽ അഭിരമിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അതിന്റെ സത്തയിലേക്ക് ആഴ്ന്നിറങ്ങുന്ന കാര്യമായ വർക്കുകളൊന്നും നടന്നിട്ടില്ല തെക്കൻ കേരളത്തിലെ ആൾക്കാർ ,ഇതിന്റെ സാമൂഹ്യ തലത്തെക്കുറിച്ചും ആരാധനയിൽ കവിഞ്ഞ് ,ഇതെങ്ങനെയാണ് മനുഷ്യരുമായി ബന്ധപ്പെട്ട് കിടക്കുന്നത് എന്നതിനെക്കുറിച്ചും ആകാംക്ഷാഭരിതരായിരുന്നു

നേരെ മറിച്ച് തെയ്യം, ഒരാരാധനയായി , ആവേശമായി നിലനിൽക്കുമ്പോഴും , അതിലിന്ന് നടന്നു കൊണ്ടിരിക്കുന്ന വിനാശകരമായ കാര്യങ്ങളെക്കുറിച്ച് അജ്ഞരാവുകയോ ,അതിനെ അവഗണിക്കുകയോ ചെയ്യുന്ന ഒരു രീതി വടക്കുള്ളവർക്കുണ്ട്

അത് തെയ്യത്തിനെ ആപത്തിലേക്ക് ചെന്നെത്തിക്കുന്ന ഒന്നാണ് .ഏതായാലും തെയ്യം അനേക ലക്ഷങ്ങൾ കാണുന്ന ഒരു അനുഷ്ഠാന കലയാണ് എന്ന് പറയാം , കലയുടെ അംശങ്ങൾ ഉണ്ടെങ്കിലും ആത്യന്തികമായി അതൊരു അനുഷ്ഠാനമാണ് .ആ ഒരു തലത്തിലാണ് ഞാൻ അതിനെ കാണുന്നത്

ചോദ്യം

തെയ്യത്തെ ടൂറിസ്റ്റുകൾക്ക് വേണ്ടി താൽക്കാലികമായി കെട്ടിയാടുന്നതിനെക്കുറിച്ചുള്ള ആകുലതകൾ കൂടി പങ്ക് വെയ്ക്കണം.

തെയ്യത്തെ ടൂറിസ്റ്റുകൾക്ക് വേണ്ടി കെട്ടിയാടിക്കുന്നത് ഏതാണ്ട് നിന്നുപോയിരിക്കുകയാണ് .കുറെ മുമ്പ് ഏഷ്യാഡിൽ ആയിരുന്നു ആദ്യമായി തെയ്യം പുറത്ത് പോയി കെട്ടിയാടിയത് .പിന്നീട് രാഷ്ട്രീയ കക്ഷികളുടെ ഘോഷയാത്രകളിലൊക്കെ അത് വരികയുണ്ടായി .അടുത്ത കാലത്ത് എല്ലാ തെയ്യക്കാരുടെയും ,കോലധാരികളുടെയും സംഘടനകൾ വന്നതോട് കൂടി ടൂറിസ്റ്റുകൾക്ക് മാത്രമല്ല ,സിനിമാക്കാർക്ക് വേണ്ടിയോ ,അനുഷ്‌ഠാനമല്ലാത്ത മറ്റ് കാര്യങ്ങൾക്ക് വേണ്ടി കെട്ടിയാടുന്നത് വളരെ കുറവാണ് .അങ്ങനെയൊരു സാധ്യത ഉണ്ടാകാം .എങ്കിലും പബ്ലിക് സ്‌പേസിൽ നടക്കാറില്ല .ഈ സംഘടനകൾ അതിന്റെ രീതികളെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടുണ്ട് ..

പക്ഷെ തെയ്യം ബ്രാഹ്മണ്യത്തിലേക്ക് കൂടുതൽ കടക്കുന്നത് കാണേണ്ടതാണ്. തെയ്യത്തിന്റെ ബഹുസ്വരത തമസ്കരിച്ചു കൊണ്ട് അതിനെ ബ്രാഹ്മണ്യത്തിലേക്ക് ആകർഷിക്കുന്നത് , ടൂറിസ്റ്റ്കൾക്ക് മുന്നിൽ കെട്ടിയാടിക്കുന്നതിനേക്കാൾ അപകടകരമാണ്. ഇക്കാര്യത്തിൽ നമ്മുടെ ശ്രദ്ധ പതിയേണ്ടതാണ് . തെയ്യത്തിന്റെ ആരൂഢം എന്ന് പറയുന്നത് മരവും ,കാവുകളൊക്കെയുമാണ് ഈ കാവുകളൊക്കെ നശിപ്പിച്ച് അവയെ ഒക്കെ ക്ഷേത്രങ്ങളാക്കുന്ന വളരെ വിനാശകരമായ ഒരു പ്രവണത ഇപ്പോൾ കാണുന്നുണ്ട് .

തെയ്യത്തിന് പ്രത്യക്ഷപ്പെടാൻ പ്രത്യേകിച്ച് ഒരു സ്ഥലമൊന്നും ആവശ്യമില്ല .ഒരു സ്ഥലവും തെയ്യത്തിന് നിഷിദ്ധമല്ല

പാരമ്പര്യ ദൈവങ്ങൾക്കൊരു ശുദ്ധി സങ്കൽപ്പമൊക്കെയുണ്ടല്ലോ .ആ സങ്കൽപ്പങ്ങൾക്കും ,പിടിവാശികൾക്കും അപ്പുറത്താണ് തെയ്യം കെട്ടിയാടുന്നത്.

എവിടെയും അത് കെട്ടിയാടിക്കാം എന്നതാണ് ഒരു പ്രധാനപ്പെട്ട കാര്യം .നിരവധി സങ്കടങ്ങളിൽ വലയുന്ന മനുഷ്യരോട് അവരെ സഹായിക്കുന്നതിനായി തെയ്യക്കോലമായി തോറ്റുന്നതിനെയാണ് തെയ്യം എന്ന് പറയുന്നത് . ടൂറിസ്റ്റുകൾ അവിടെ എത്തിയാൽ പ്രശ്നമൊന്നുമില്ല . പക്ഷെ ടൂറിസ്റ്റുകളുടെ അടുത്തേയ്ക്ക് തെയ്യം പോകരുത് .

തെയ്യത്തിന് പ്രത്യേകിച്ച് പ്രതിഷ്ഠകൾ ഒന്നുമില്ല .ഇപ്പോൾ പലയിടത്തും മതിലൊക്കെ കെട്ടി ,കാവുകളൊക്കെ വെട്ടി പ്രതിഷ്ഠിക്കുന്ന ഒന്നാക്കിയിട്ടുണ്ട് .

തെയ്യം ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് നിരന്തരമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ്.അങ്ങനെ തെയ്യത്തോടൊപ്പം ദേശം ,സഞ്ചരിക്കുന്നു .കാലം സഞ്ചരിക്കുന്നു ,അവിടത്തെ സംസ്കാരം സഞ്ചരിക്കുന്നു പുതിയ ജീവിതം തേടുന്നു ..അങ്ങനെയാണ് തെയ്യങ്ങൾ പല സ്ഥലത്തു നിന്ന് വരികയും ,പല സ്ഥലങ്ങളിലേക്ക് പോവുകയും ചെയ്തിട്ടുള്ളത് .അതിന് വേണ്ടി മതില് കെട്ടി പ്രതിഷ്‌ഠ നടത്തുന്നത് ബ്രാഹ്മണ്യമാണ് .അത് നമ്മൾ തിരിച്ചറിയാതെ പോകരുത്.

Print Friendly, PDF & Email