പൂമുഖം LITERATUREകഥ വൃഷാലി

‘തേരാളിയായ സത്യസേനന്റെ സഹോദരി വൃഷാലിയെ അംഗരാജാവായ കർണ്ണൻ പാണിഗ്രഹണം ചെയ്യുന്നു.യുവരാജാവിന്റെ താത്പര്യപ്രകാരം രാജകീയപ്രൗഡിയിലാണ് വിവാഹ ചടങ്ങുകൾ നടത്തപ്പെടുന്നത്.’

ശുഭകർമ്മങ്ങളിൽ പങ്കെടുക്കുവാൻ താത്പര്യം കാണിക്കാത്ത ഗാന്ധാരനരേശൻ വിവാഹവേദിയിൽ പ്രത്യക്ഷപ്പെട്ടതിന്റെ ആശ്ചര്യത്താൽ സ്വീകരിച്ചിരുത്തുവാനായി സുയോധനൻ തന്നെ നേരിട്ടെത്തി. അഗ്നിയെ പ്രദക്ഷിണം ചെയ്ത വധുവരന്മാർ പ്രാർത്ഥനയോടെ എല്ലാപേരുടെയും അനുഗ്രഹം തേടി. ഇതിനിടയിൽ അപ്രതീക്ഷിതമായാണ് വൃഷാലി ഗാന്ധാരപതിയുടെ പാദങ്ങളിൽ നമസ്കരിക്കാനെത്തിയത്.

ആദ്യമുണ്ടായ പതർച്ചക്കിടയിൽ വധുവിനെ നെറുകയിൽ കൈകൾ ചേർത്തനുഗ്രഹിക്കവേ വിരലുകൾക്കിടയിൽ നിന്നും പകിടകൾ മാറ്റുവാൻ മറന്നുപോയി. ദീർഘസുമംഗലിയായിരിക്കുവാൻ അനുഗ്രഹം നൽകി കൈകൾ പിൻവലിക്കുമ്പോൾ വധു സീമന്തരേഖയിൽ അണിഞ്ഞിരുന്ന സിന്ദൂരം പുരണ്ട പകിടകൾ ശോണ വർണ്ണമാർന്നിരുന്നു.

വേണ്ടിയിരുന്നില്ല, വിവാഹവേദിയിൽ വരേണ്ടിയിരുന്നില്ല. വൃഷാലിയുടെ നെറുകയിലെ സിന്ദൂരം കവർന്നെടുത്ത പകിടകൾ അത് കൈകളിലേക്കും, ഉത്തരീയത്തിലേക്കും പകർത്തി. മറ്റാരും കാണാതിരിക്കുവാനായി പകിടകളും കൈകളും ഉത്തരീയത്താൽ മറച്ച് കൊട്ടാരത്തിലേക്ക് മടങ്ങി.

എത്രയെല്ലാം മറക്കുവാൻ ശ്രമിച്ചിട്ടും വൃഷാലിയുടെ കരുണയൂറുന്ന മുഖം മനസ്സിൽ നിന്നും മായുന്നില്ല, കർണ്ണനൊപ്പം സർവ്വാഭരണവിഭൂഷിതയായി നിൽക്കുന്നവളുടെ കണ്ണുകൾ വാത്സല്യപൂർവ്വം തനിക്ക് ചുറ്റും പ്രദക്ഷിണം വെയ്ക്കുന്നു.

വൈഹിന്ദിലെ സ്ത്രീകളുടെ സന്തോഷങ്ങൾ മുഴുവൻ അരിഞ്ഞു വീഴ്ത്തിയ പാപികളുടെ മണ്ണാണിത്. ഒരാളോടും കരുണ തോന്നേണ്ട കാര്യമില്ല. പ്രതികാരം നിറഞ്ഞ മനസ്സിൽ രാജമാതാവ് സുധർമ്മയുടെ പുഞ്ചിരിക്കുന്ന മുഖം തെളിയുവാൻ തുടങ്ങിയിരിക്കുന്നു. മുണ്ഡനം ചെയ്ത ശിരസ്സുമായി യാത്രയാക്കിയ മാതാവിന്റെ പക നിറഞ്ഞാടിയ മുഖം മാഞ്ഞു പോവുകയോ?

തക്ഷശിലയിലെ, പുരുഷപുരത്തെ, പഞ്ചശീലിലെ സ്ത്രീകൾ കനലായി സൂക്ഷിക്കുന്ന പകയുടെ നടത്തിപ്പുകാരനാണ് ശകുനി. സൗബലൻ രാജ്യമുപേക്ഷിച്ചതും, സിഹാസനം മോഹിക്കാത്തതും കുരുവംശത്തിന്റെ സർവ്വനാശം കാണുവാൻ വേണ്ടി മാത്രമാണ്. അതിനിടയിൽ ഒരാളും ദയ അർഹിക്കുന്നില്ല. മരണം വിതയ്ക്കുവാൻ വന്നവന്റെ മനസ്സിൽ കാവ്യകാരൻ കുടിയിരിക്കരുത്.

മധുരപലഹാരങ്ങളും, മത്സ്യമാംസാദികളും, ലഹരിയും ഒക്കെ ആവോളം വിളമ്പുന്ന വിവാഹ ആഘോഷം ഹസ്തിനപുരം മുഴുവൻ ആസ്വദിക്കുകയാണ്. എങ്കിലും അവയിലൊന്നും സ്വീകരിക്കാതെയാണ് കൊട്ടാരത്തിലേക്ക് മടങ്ങിയത്. ഏറെനേരം അറയിൽ തന്നെ ഇരുന്നു, മനസ്സിൽ സുധർമ്മദേവി പുഞ്ചിരി തൂകുകയാണ്.

കുന്തിരിക്കവും രാമച്ചവും കൂടിക്കലർന്ന സുഗന്ധത്തിനിടയിൽ ജാലകങ്ങളിലെ വായുപ്രവാഹത്തിനൊപ്പം പലതരം ഗന്ധങ്ങളും കടന്നെത്തുന്നുണ്ട് .താമരമൊട്ടുകൾ കോർത്തുണ്ടാക്കിയ മാലകൾ ചാർത്തി നിൽക്കുന്ന കർണ്ണനും വൃഷാലിയും. മണ്ഡപത്തിൽ അലങ്കാരത്തിനായി ചാർത്തിയിരുന്ന കദമ്പമൊട്ടുകൾ പൂത്തുലഞ്ഞു സ്വർഗീയസുഗന്ധം വഴിഞ്ഞൊഴുകുന്നു.

ചോരമണക്കുന്ന വൈഹിന്ദിലെ തെരുവുകളും, സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും വൃദ്ധരുടെയും കണ്ണുനീർ ഉണങ്ങാത്ത മുഖങ്ങളും മനസ്സിൽ നിന്നുമിറങ്ങി പോകുന്നു. ശകുനിയുടെ പക മുഴുവൻ ഒഴുക്കി കളയുവാൻ മാത്രം ശേഷിയുണ്ടോ അംഗരാജന്റെ പാണിഗ്രഹണ കാഴ്ചകൾക്ക്? വൃഷാലിയുടെ കണ്ണുകളിൽ രാജമാതാവ് സുധർമ്മയുടെ കരുണയും വാത്സല്യവും പകർന്നതെങ്ങിനെ ! അതോ സദാ മൃത്യുസൂക്തമുരുക്കഴിക്കുന്ന ഗാന്ധാര പ്രജാപതിയുടെ പ്രജ്ഞ മന്ദീഭവിച്ചുവോ.

പകിടകൾ ഗംഗാജലത്തിൽ കഴുകി ശുദ്ധം വരുത്തി. ഒപ്പം കൈകളിൽ പുരണ്ട സിന്ദൂരവും മാഞ്ഞു പോയി. ശിരസ്സിനുള്ളിൽ അഗ്നി ആളിപ്പടരുകയാണ്. അസ്വസ്ഥമായ മനസ്സോടെ അറയിൽ ഇരിക്കുവാൻ കഴിയുകയില്ലെന്ന ചിന്തയാൽ കൊട്ടാരം വിട്ടിറങ്ങി ഗംഗാതീരത്തേക്ക് നടന്നു.

ഇരമ്പിപ്പാഞ്ഞു കൂലം കുത്തിയൊഴുകുന്ന ഗംഗാ തീരത്തുകൂടി ഏറെ ദൂരം നടന്ന് പിന്തിരിഞ്ഞപ്പോഴാണ് പിന്നിൽ നിൽക്കുന്ന രണനെ കണ്ടത്. എപ്പോഴാണവൻ അനുഗമിക്കുവാൻ തുടങ്ങിയത്! ഗാന്ധാരപതി ഗംഗയിൽ പ്രാണനുപേക്ഷിക്കുമെന്നു കരുതി രക്ഷകനായി കൂടെ കൂടിയതോ, അതോ കാശിയിൽ പോയി ഒളിക്കുമെന്ന് കരുതിക്കാണുമോ?
മുൻകാലുകൾ മടക്കി തല കുനിച്ചു അഭിവാദ്യം ചെയ്യുകയാണവൻ. അവന്റെ കഴുത്തിലെ ചുവന്ന ചരടുകളിൽ പിടിച്ചതോടെ രണൻ നിവർന്നു നിന്നു. മുതുകിലെ രോമങ്ങളിൽ തലോടിയപ്പോൾ അനുസരണയുള്ള കുട്ടിയായി, ഒറ്റക്കുതിപ്പിന് അവന്റെ മുകളിൽ ഇരിപ്പുറപ്പിച്ചു.

യജമാനൻ പുറത്തേറിയിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ രണൻ ഉച്ചത്തിൽ ചിനച്ചു കൊണ്ട് മുൻകാലുകൾ ഉയർത്തി. ഉയർന്ന കാലുകൾ മണ്ണിലേക്കുറപ്പിച്ച അതേ വേഗത്തിൽ അവൻ മുന്നിലേക്ക് പായുവാൻ തുടങ്ങി. ശരവേഗത്തിൽ പറക്കുന്ന രണന്റെ മുകളിൽ ചാഞ്ഞിരിക്കവേ മനസ്സ് പിന്നിലേക്കും പായുവാൻ തുടങ്ങി. ഗാന്ധാരവും രാജമാതാവും നിലവിളികളും ഒന്നൊന്നായി മനസ്സിലേക്ക് തിരികെ വരുന്നു.

രാത്രിയോടെ കൊട്ടാരത്തിലേക്ക് വന്നെത്തിയ രണൻ കോട്ടവാതിലുകൾക്ക് മുന്നിൽ നിന്നു. വിയർത്തു കുളിച്ച ശരീരവുമായി അറയിലേക്ക് നടക്കുമ്പോൾ അവൻ തെരുവിലേക്ക് തന്നെ മടങ്ങി. പിന്നെയുള്ള ദിവസങ്ങളിൽ രണൻ കൃത്യമായി കോട്ടവാതിൽക്കലെത്തി തന്റെ യജമാനനെയും വഹിച്ചു കൊണ്ട് ഗംഗാതീരത്തും വനപാതകളിലും അഭംഗുരം യാത്രകൾ തുടർന്നു.

രണന്റെ സഹവാസം പകയും പ്രതികാരവും വീണ്ടെടുക്കുവാൻ പ്രാപ്തനാക്കിയതോടെ പകിടകൾ കൈകളിലിട്ട് കൂട്ടിയും കുറച്ചും കണക്കുകൾ കൃത്യമാക്കി. കുരുവംശത്തിന്റെ നാശത്തിനായി വിതച്ചു കൊണ്ടിരിക്കുന്ന വിത്തുകൾക്ക് കൂടുതൽ വെള്ളവും വളവും നൽകി പരിപാലിച്ചു.

പെട്ടെന്നൊരു ദിവസം രണൻ കൊട്ടാരത്തിലേക്ക് വന്നില്ല, പതിവുസമയം കഴിഞ്ഞിട്ടും കാണാത്തതിനാൽ തെരുവിലൂടെ ഗംഗാതീരത്തേക്ക് നടന്നു. അംഗവസ്ത്രങ്ങളണിഞ്ഞ ഗാന്ധാരപതി കാൽനടയായി നഗരം കാണാനിറങ്ങിയതിൽ പ്രജകളിൽ ചിലർ സംശയം കൂറുന്നുണ്ടായിരുന്നു.

കൊട്ടാരക്കെട്ടുകൾ തീരുന്നയിടത്ത് അംഗരാജാവിന്റെ കൊട്ടാരമുറ്റത്ത് രണൻ നിൽക്കുന്നു, മുൻകാലുകൾ മടക്കി തല കുനിച്ചു നിൽക്കുന്ന രണനെ ഞെട്ടലോടെ നോക്കി. കൗരവകുമാരന്മാരോ കർണ്ണനോ ഒരിക്കലും രണനെ മെരുക്കുവാൻ ശ്രമിച്ചിട്ടില്ല, മറ്റാർക്കും മെരുങ്ങിയിട്ടുമില്ല. ആരുടെ മുന്നിലാണ് അവൻ മുൻകാലുകൾ മടക്കിയിരിക്കുന്നത്? പിന്തിരിഞ്ഞു നിൽക്കുന്നത് ഒരു സ്ത്രീയാണല്ലോ?

ഒരു നിമിഷം മനസ്സിലൂടെയെന്തോ പാഞ്ഞുപോയി. രണനെ കീഴടക്കിയ സ്ത്രീ ആരാണ്? അവരുടെ മുഖം കാണുവാനായി വേഗത്തിൽ നടന്നു. രണന്റെ കഴുത്തിലെ രോമങ്ങളിൽ വിരലോടിച്ചു നിൽക്കുന്ന സ്ത്രീയുടെ കൈയിൽ നിന്നും എന്തോ ഭക്ഷിക്കുകയാണ് അവൻ. അവരുടെ പിന്നിലൂടെ ചുറ്റിനടന്നു മുന്നിലെത്തി, സന്ധ്യയുടെ ചുവപ്പിൽ അരുണ ശോഭയാർന്ന മുഖവുമായി അവൾ, വൃഷാലി.

തന്നെ കണ്ടപാടെ ഉത്തരീയത്താൽ ശിരസ്സു മറച്ചു കൊണ്ട് വൃഷാലി മുന്നോട്ടു വന്നു പാദങ്ങളിൽ തൊട്ടു, കൈകൾ മുന്നോട്ട് നീണ്ടുവെങ്കിലും പകിടകളിൽ പതിഞ്ഞ കുങ്കുമം മനസ്സിൽ തെളിഞ്ഞതോടെ അനുഗ്രഹം വാക്കുകളിൽ ഒതുക്കി.

അത്യന്തം ബഹുമാനത്തോടെ സത്കാരങ്ങൾക്ക് തുനിഞ്ഞ വൃഷാലിയെ പിന്തിരിപ്പിച്ചു കൊണ്ട് മുന്നിലേക്ക് തന്നെ നടന്നു. കുറച്ചു ദൂരം കഴിഞ്ഞതോടെ പിന്നിലായി കേട്ടുതുടങ്ങിയ രണന്റെ കുളമ്പടികൾ അടുത്തടുത്തു വന്നു. എന്തുകൊണ്ടോ രണൻ ഒപ്പം നടക്കുവാനോ മുന്നിലേക്ക് കയറുവാനോ വിമുഖത കാണിച്ചു. യജമാനനെ മറന്ന് ആതിഥ്യം സ്വീകരിച്ചതിന്റെ കുറ്റബോധമാകുമോ…

ഗാന്ധാരത്തിലെയും, ഹസ്തിനപുരത്തിലെയും പോരാളികൾ പോലും തൊടുവാൻ ഭയക്കുന്ന രണനെ വൃഷാലി എങ്ങനെയാണ് മെരുക്കിയത്? സൂതപുത്രിയ്ക്ക് അശ്വസൂത്രങ്ങളിൽ നൈപുണ്യമുണ്ടാകുമോ? ആദ്യ കാഴ്ചയിൽ തന്നെ ശകുനിയുടെ മനസ്സിൽ വാത്സല്യം നിറച്ചവളാണവൾ, അപ്പോൾ രണൻ മെരുങ്ങിയതിൽ അതിശയമില്ല.

പ്രയാഗിൽ നിന്നും ഹസ്തിനപുരത്തെത്തിയ സൂതപുത്രി ഇന്ന് അംഗരാജാവിന്റെ പത്നിയാണ്. കേവലം ഒരു സൂതസ്ത്രീയുടെ ഭാവങ്ങളല്ല വൃഷാലിയിലുള്ളത്. ശകുനിയുടെ പ്രതികാരങ്ങളുടെ രഹസ്യം അവൾ അറിഞ്ഞിരിക്കുമോ? പകയുടെ തീയണച്ച് ഹസ്തിനപുരം കാക്കുവാനുള്ള ശേഷി വൃഷാലിക്കുണ്ടാവുമോ?

ഇനി ഒരുകൂടിക്കാഴ്ച ഉണ്ടാകരുത്. രണനെ നിയന്ത്രിക്കണം വേണ്ടി വന്നാൽ ബന്ധിക്കണം. ഹസ്തിനപുരത്തിന്റെ തെരുവുകൾ ഭരിക്കുന്നവൻ അംഗരാജപത്നിയുടെ മുന്നിൽ തലകുനിച്ചു നിൽക്കുന്നത് അപകടമാണ്. കുരുവംശത്തിന്റെ പതനം ഗാന്ധാരത്തിൽ അറിയിക്കുവാൻ ദൂത് പോകേണ്ടവൻ വൃഷാലിയുടെ രക്ഷകനാകരുത്.

ചിന്തകൾ പേറി ഗംഗാതീരത്ത് എത്തുമ്പോൾ മുന്നിലായി കർണ്ണൻ നിൽക്കുന്നു. അരയ്‌ക്കൊപ്പം വെള്ളത്തിൽ സൂര്യനെ നോക്കി നിൽക്കുന്ന അംഗരാജാവിന്റെ നീട്ടിപ്പിടിച്ച കൈകൾക്കുള്ളിലൂടെ അർഘ്യമായി അർപ്പിക്കപ്പെടുകയാണ് ഗംഗാദേവി.

വര : പ്രസാദ് കുമാർ

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like