അഭിമുഖം സംവാദം 

പോളി വര്‍ഗ്ഗീസ് – കലാപവഴികളിലെ യാത്രകളും സംഗീതവുംഭാരതീയ വാദ്യോപകരണമായ മോഹൻവീണ മീട്ടുന്ന ലോകത്തിലെ അഞ്ചു പേരിൽ ഒരാൾ. പ്രശസ്‌ത സംഗീതജ്ഞനും ഗ്രാമി അവാർഡ് ജേതാവുമായ പണ്ഡിറ്റ് വിശ്വ മോഹൻ ഭട്ടിന്റെ പ്രിയ ശിഷ്യൻ. സംഗീതജ്ഞൻ , കവി, നടൻ ....വർണ്ണനകൾ അനവധിയാണ് ഇന്നത്തെ അതിഥിയായ പോളി വർഗ്ഗീസിന്... ഇന്ന് അമേരിക്കയിൽ നിരവധി സംഗീതജ്ഞർ ഉപയോഗിക്കുന്ന Poly String guitar എന്ന വാദ്യോപകരണത്തിന്റെ സ്രഷ്ടാവ് കൂടിയായ ശ്രീ പോളി വർഗീസ്, കേരള കലാമണ്ഡലത്തിൽ നിന്നു കഥകളി, ക്ലാസിക്കൽ നൃത്തം, ചാക്യർ കൂത്ത് എന്നിവയും, കൽക്കട്ടയിലെ ശാന്തിനികേതനിൽ നിന്ന് ഹിന്ദുസ്ഥാനിയും രബീന്ദ്ര സംഗീതവും അഭ്യസിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെ, മോഹൻ വീണയോടൊപ്പം തൻ്റെ ജീവനും ജീവിതവുമായി കൊണ്ടു പോകുന്ന മറ്റൊന്നു കൂടിയുണ്ട്. കവിത. അധികമാർക്കും പരിചിതമല്ലാത്ത അദ്ദേഹത്തിന്റെ കാവ്യ ജീവിതത്തെപ്പറ്റിയും, സംഗീത വഴിത്താരകളെപ്പറ്റിയും ശ്രീ പോളി വർഗ്ഗീസ് വായനാരാമത്തോടു സംസാരിക്കുന്നു.

1. താങ്കളുടെ കവിതകളിൽ നിറഞ്ഞു നിൽക്കുന്നത് മാനവികതയാണ്. അതിർത്തികളോ ഭാഷയോ ഒന്നും തടസ്സമാകാതെ, മനുഷ്യർക്കായി കേഴുന്ന, അവരെ ചേർത്തു പിടിക്കുന്ന കവിതകൾ. പോളി എന്ന വ്യക്തിയിൽ നിന്നും കവിയിലേക്കു എത്ര ദൂരമുണ്ട്?

പോളി വർഗ്ഗീസ്: ഒട്ടും ദൂരമില്ല. പോളി തന്നെയാണ്‌ കവിയും സംഗീതജ്ഞനും എല്ലാം. എന്റെ ജീവിതം ഒരു കവിത പോലെയാണ്‌. കവിത പോലെ എന്നുളളത്‌ മറ്റുളളവരെ സംബന്ധിച്ചിടത്തോളം കാഴ്‌ചപ്പാടിന്റെ പ്രശ്നമാണ്‌. എനിക്കിങ്ങനെയാണ്‌ ജീവിക്കാൻ പറ്റുന്നത്‌. അതിർത്തികളില്ലാത്ത ഒരു ജീവിതമാണ്‌ എന്റെ എട്ടാമത്തെ വയസ്സ്‌ മുതൽ ഇതുവരെ ജീവിച്ചത്‌. ഇനിയങ്ങോട്ടും ഇങ്ങനെ തന്നെ ആയിരിക്കുമെന്നാണ്‌ ഞാൻ വിശ്വസിക്കുന്നത്‌. എന്റെ കവിതയെയും സംഗീതത്തെയും ജീവിതത്തെയും പ്രണയത്തെയും മാറ്റി നിർത്തിയല്ല ഞാൻ നിങ്ങളുടെ മുമ്പിൽ നിൽക്കുന്നത്‌. ഞാൻ ഒരു നർത്തകനല്ല, നൃത്തമാണ്‌. കവിയല്ല, കവിതയാണ്‌. സംഗീതജ്ഞനല്ല, സംഗീതമാണ്‌. മനുഷ്യനല്ല, മാനവികതയാണ്‌.

മാനവികത എന്നുളളത്‌ മനുഷ്യനുമായി ബന്ധപ്പെടുത്തിയല്ല സംസാരിക്കുന്നത്‌. അങ്ങനെ ധരിക്കരുത്‌. ആ വാക്ക്‌ ഞാൻ കടമെടുക്കുകയാണ്. ഒരു മൃഗവുമായി ബന്ധപ്പെടുത്തി എന്നെക്കുറിച്ച് സംസാരിക്കുമ്പോൾ ഞാൻ ആ മൃഗം തന്നെയാണ്‌. ഞാൻ അപരത്വത്തിലേക്ക്‌ സഞ്ചരിക്കുന്നു. മൃഗത്തെ കാണുന്നു; ഞാൻ ആ മൃഗമായി മാറുന്നു. ഒരു ആനയെ കാണുമ്പോൾ ഞാൻ ആനയായി മാറാൻ ശ്രമിക്കുന്നു. അത്‌ അപരത്വത്തിലേക്കുള്ള യാത്രയുടെ ഭാഗമാണ്‌. ഞാൻ ഒരു ചട്ടക്കൂടിന്റെ ഉളളിൽ ഇരുന്നുകൊണ്ട് എന്നെ കാണുകയല്ല. ഒരു ഭാഷയ്ക്കുള്ളിലോ വാക്കുകൾക്കുളളിലോ നിൽക്കുകയല്ല. വാക്കുകളുടെ നിലവിലുളള അർത്ഥബോധത്തെ എങ്ങനെ തകർക്കാൻ പറ്റും, പുതിയ മേഖലകളിലേക്ക് അതിനെ എങ്ങനെ കൊണ്ടുപോകാൻ പറ്റും എന്നതാണ്‌ ചിന്ത. ഒരു സഞ്ചാരത്തിന്റെ ഭാഗമായിട്ടാണ്‌ എല്ലാ വിഷയത്തെയും ഞാൻ കാണുന്നത്‌. ‘മാനവികത’ എന്നു ഞാൻ പറയുന്നതിന്റെ കാരണം, ഞാൻ ഒരു മനുഷ്യനാണെന്ന് ആരോപിക്കപ്പെട്ടാൽ എങ്ങനെ നിങ്ങളുമായി ആശയവിനിമയം ചെയ്യാൻ പറ്റും എന്നതിനാലാണ്. അതുകൊണ്ടാണ് ആ വാക്ക്‌ ഞാൻ കടമെടുത്തത്. എന്റെ മനുഷ്യത്വം എന്റെ മൃഗത്വം കൂടിയാണ്‌. എന്റെ മൃഗത്വം എന്റെ മാനവികത കൂടിയാണ്‌.

2. “കവിതകൾ നിറഞ്ഞ പുസ്തകങ്ങളും അവ നിറച്ച തോൾസഞ്ചിയും നിറയാത്ത വയറും…” താങ്കളുടെ തന്നെ വാക്കുകളാണ് ഇത്. ശാന്തിനികേതനിലെ സൗഹൃദങ്ങളാണോ, ബാവുൾ കലാകാരന്മാരുമായുള്ള ബന്ധമാണോ ബംഗാളി കവിതകളെഴുതാൻ പ്രേരകമായത്?

പോളി വർഗ്ഗീസ്: വളരെ ചെറുപ്പത്തിൽ തന്നെ എൻ്റെ ഭാഷയായ മലയാളത്തിൽ കവിതകൾ എഴുതിത്തുടങ്ങിയ ഒരു വ്യക്തിയാണ് ഞാൻ. ബംഗാളിൽ എത്തിപ്പെട്ടതിനു  ശേഷം ബംഗാളി ഭാഷ പഠിക്കുവാൻ തുടങ്ങിയിരുന്നു. ബംഗാളി ഭാഷയുമായി ബന്ധപ്പെട്ട ആളുകളുമായി സമയം ചിലവഴിച്ചിരുന്നു. ബംഗാളി എഴുത്തുകാരോടുളളതിനേക്കാൾ കൂടുതൽ സമയം ഞാൻ ചിലവഴിച്ചത് ബാവുൾ ഗായകരുടെ കൂടെയാണ്, റിക്ഷാക്കാരുടെ കൂടെയാണ്, അവിടുത്തെ തെരുവോരങ്ങളിലെ വില്പനക്കാരുടെ കൂടെയാണ്, സാധാരണക്കാരുടെ കൂടെയാണ്, സന്താളി അഥവാ  ആദിവാസികളുടെ കൂടെയാണ്. അപ്പോൾ എൻ്റെ ചിന്തകളിലൊക്കെ പ്രവർത്തിച്ചിരുന്നത് ബംഗാളിൻ്റെ ഒരു അൾട്ടിമേറ്റ് കൾച്ചർ, അണ്ടർനീത്ത് ആയിട്ടുള്ള ഒരു കൾച്ചർ അല്ലെങ്കിൽ ആ ഭാഷയുടെ യഥാർത്ഥ സൗന്ദര്യമാണ്, യഥാർത്ഥ സമരമാണ്, ഒരു അന്വേഷണമാണ് എന്നിൽ സ്വാധീനിച്ചിട്ടുള്ളത്.

ആ കാലഘട്ടം തീർച്ചയായും പ്രണയം പൂത്തുനിന്നിരുന്ന കാലഘട്ടം കൂടിയാണ്. തീർച്ചയായും അക്കാലത്തു ബംഗാളി പെൺകുട്ടികളോടുള്ള പ്രണയവും ഒക്കെ ഒരു കാരണമായിട്ടുണ്ട്. ടാഗോറിൻ്റെ ‘ഗീതാഞ്ജലി’ ആദ്യം ഞാൻ വായിച്ചത് മലയാളത്തിൽ ആണെങ്കിൽ പിന്നീട് ഞാൻ വായിച്ചത് ബംഗാളി ഭാഷയിലാണ്. പണ്ടുകാലത്ത് ഋത്വിക് ഘട്ടകിൻ്റെ സിനിമകൾ സബ്‌ടൈറ്റിൽസ് വച്ച് കാണുമ്പോൾ അവിടെ ചെന്നതിനുശേഷം എനിക്കിതു മനസ്സിലാകുന്നുണ്ടല്ലോ, എന്തിനു ഞാൻ സബ്‌ടൈറ്റിൽസ് നോക്കി വായിക്കണം എന്ന് ഒരു ചിന്ത എന്നിൽ ഉണ്ടായി. കാരണം, പണ്ട് ഫിലിം ഫെസ്റ്റിവെൽസിന് പോകുമ്പോൾ സബ്‌ടൈറ്റിൽസ് വായിക്കുന്ന ഒരു ശീലം എനിക്കുണ്ടായിരുന്നു. ബംഗാളിൽ എത്തിയതിനുശേഷം ബംഗാളി ഭാഷ പഠിച്ചപ്പോൾ മലയാളം പോലെ തന്നെ അതെൻ്റെ ജീവിതത്തിൻ്റെ ഭാഗമായി മാറി.

ഇതൊരു ദൈവത്തിൻ്റെ വരദാനമാണെന്ന് വിശ്വസിക്കുന്ന ഒരാളല്ല ഞാൻ. ഈ സംഗീതോപകരണം ഒരു പുണ്യപുരാണ സീരിയലിൻ്റെ കാലത്തുള്ളതല്ല. ഇത് മനുഷ്യൻ്റെ വേദനയുടേയും സഞ്ചാരത്തിൻ്റേയും അലച്ചിലിൻ്റേയും ഭാഗമായി അവൻ്റെ പണിയായുധത്തിൻ്റെ ഭാഗമായി ഉണ്ടാക്കിയിട്ടുള്ള സാധനമാണ്. ഏതൊരു ജോലിയും ആരും ചെയ്യുന്നതു പോലെയാണ് ഞാൻ ഇതും ചെയ്തുകൊണ്ടിരിക്കുന്നത്.

കുറച്ചുകാലത്തേക്ക് ഞാൻ മലയാളത്തിൽ സംസാരിച്ചിട്ടേയില്ല. ഏഴെട്ടുവർഷം ഞാൻ മലയാളം ഉപയോഗിച്ചിട്ടില്ല. ഞാൻ അവിടെയാണ് മുഴുവൻ സമയവും ചിലവഴിച്ചിരുന്നത്. അതായത് ഞാൻ ഉറങ്ങിയതും ഉണർന്നതുമെല്ലാം സന്താളികളുടെ കൂടെയും, ബാവുൾ ഗായകരുടെ കൂടെയും ഒക്കെയായിരുന്നു. എനിക്ക് മലയാളികളുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. കാരണം, മിക്കവാറും മലയാളികളെ സംബന്ധിച്ചിടത്തോളം ഞാൻ നികൃഷ്ടനായ ഒരു ജീവി ആയിരുന്നു. കുളിക്കാതെ നടക്കുന്ന, മുഷിഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്ന, കയ്യിൽ പൈസ ഇല്ലാത്തവനായ എന്നെ പോലെ ഉള്ളവരെ അരിസ്റ്റോക്രാറ്റ് ഗണത്തിലേക്ക് കുടിയേറ്റകർഷകർക്ക് അംഗീകരിക്കാൻ പറ്റില്ല. നമ്മുടെ നാട്ടിലെ കുടിയേറ്റകർഷകർ പലപ്പോഴും ആദിവാസികളെ നിഷേധിക്കുന്നതുപോലെ. അതുതന്നെയാണ് ഞാനും അനുഭവിച്ചുകൊണ്ടിരുന്നത്. എനിക്കതു വളരെ സന്തോഷകരമായിരുന്നു. എത്രത്തോളം മലയാളികളിൽ നിന്നും ഞാൻ അകന്നുവോ അത്രത്തോളം ബംഗാളി ഭാഷയോട് ഞാൻ അടുത്തു.

അക്കാലത്ത് എനിക്കൊരു പ്രണയം ഉണ്ടായിരുന്നു. പ്രണയത്തോട് ബന്ധപ്പെടുത്തി ഞാൻ ഒത്തിരി കവിതകൾ എഴുതിയിട്ടുണ്ട്. അത് എഴുത്തിൻ്റെ ഭാഗമാണ്, ഭാഷയുടെ ഭാഗമാണ്, അന്വേഷണത്തിന്റെ ഭാഗമാണ്. ഞാൻ ഭാഷയാവുകയല്ല, ഞാൻ ബംഗാളിയാവുകയല്ല, ഞാൻ എനിക്കറിയുന്ന അനുഭവങ്ങളിലേക്ക് താദാത്മ്യപ്പെടുകയായിരുന്നു. അതാണ് എൻ്റെ ചരിത്രം. ഒരു കവിതയെഴുതാൻ തുടങ്ങുമ്പോൾ നമ്മൾ ഭാഷയുടെ വ്യാകരണത്തെക്കുറിച്ച്‌ ആദ്യം ചിന്തിക്കുകയില്ല. കവിത എഴുതുവാൻ തുടങ്ങുമ്പോൾ ഭാഷയുടെ ചരിത്രത്തെക്കുറിച്ച്‌ ചിന്തിക്കാറില്ല. അനുഭവസ്ഥമായ ഒരു വേദനയിലൂടെ കടന്നുപോകുകയാണ്. അല്ലെങ്കിൽ പ്രണയത്തെക്കുറിച്ച്‌ എഴുതുമ്പോൾ അതിലേക്ക് ലയിക്കുകയാണ്. അല്ലെങ്കിൽ ലിബറേറ്റ് ‌ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. അതുതന്നെയാണ് ബംഗാളി ഭാഷയിലും സംഭവിച്ചത്. ഞാൻ ബംഗാളിയിൽ മാത്രമല്ല തമിഴിലും കന്നടയിലും ഹിന്ദിയിലും കവിതകൾ എഴുതിയിട്ടുണ്ട്. തമിഴിലെ എൻ്റെ കവിത യൂണിവേഴ്സിറ്റിയിൽ പഠിക്കാനുണ്ട്.

വിഷയം എന്താണെന്നുവച്ചാൽ, ആ ഭാഷയോടുള്ള അടുപ്പത്തേക്കാൾ ആ ഭാഷയ്ക്കും, സംസ്കാരത്തിനും അപ്പുറത്ത് ഒരു ചരിത്രത്തിൻ്റെ ഭാഗമാണ് നമ്മൾ എന്നൊരു തോന്നലിൻ്റെ അടിസ്ഥാനത്തിലാണ് ആ വിഷയം നമ്മുടെ ഉള്ളിലേക്കു കടക്കുന്നത്. എനിക്ക് അങ്ങനെ ഉൾവാങ്ങപ്പെട്ടതാണ് ബംഗാളി ഭാഷ. അതുകൊണ്ടുതന്നെ മലയാളത്തേക്കാൾ കൂടുതൽ ഇപ്പോൾ ഞാൻ സംസാരിക്കുന്നത് ബംഗാളി ഭാഷയാണ്. എങ്കിലും ഞാൻ മലയാളം സംസാരിക്കും. ഞാൻ നേരത്തെ പറഞ്ഞതുപോലെ ഒരു ഭാഷയോ ഭാഷയുടെ വ്യാകരണമോ ചരിത്രമോ അല്ല വിഷയം, ആ ഭാഷ ഉൾകൊള്ളാൻ ഇടവരുന്ന വഴികളാണ്.

എൻ്റെ മുമ്പിലിരിക്കുന്ന ഒരു കൊലപാതകി ബംഗാളി ഭാഷയിലാണ് സംസാരിക്കുന്നതെങ്കിൽ എനിക്ക് ബംഗാളി അറിയില്ലെങ്കിൽ എൻ്റെ ജീവൻ രക്ഷപ്പെടേണ്ടതുണ്ട്. അവിടെ ആ ബംഗാളിയോട് അറിയാതെ ബംഗാളിയിൽ സംസാരിച്ചുപോകും. എങ്ങനെയെങ്കിലും ഒപ്പിക്കും. ആദ്യം അവിടെ ചെന്നെത്തുമ്പോൾ എനിക്ക് ഒരു ഭാഷയും അറിയുമായിരുന്നില്ല. കേരളത്തിൽ നിന്നും പോകുന്ന ഒരു വ്യക്തിക്ക് മലയാളം അല്ലാതെ മറ്റൊരു ഭാഷയും അറിയുവാൻ വഴിയുണ്ടാവില്ല. കേരളത്തിൽ നിന്നും ഞാൻ പോയത് എൻ്റെ ഇരുപതാമത്തെ വയസ്സിലാണ്. കള്ളവണ്ടി കയറിയാണ് ഞാൻ പോകുന്നത്. ആദ്യം ഞാൻ എത്തിപ്പെടുന്നത് ഏതോ വിജനമായ ഒരു സ്ഥലത്താണ്. എന്താണ് ചെയ്യേണ്ടത് എന്നറിയില്ല. ആകെ അറിയുന്നത് സ്കൂളിൽ പഠിച്ചിട്ടുള്ള ഹിന്ദിയാണ്. നമുക്കെല്ലാവർക്കും അറിയാം, സ്കൂളിൽ പഠിച്ച ഹിന്ദി എത്ര ഉപയോഗിക്കാൻ പറ്റും എന്നുള്ളത്. ബംഗാളിൽ ഹിന്ദി അത്ര പ്രാധാന്യമുള്ളതല്ല. കൽക്കത്തയിൽ ഒഴിച്ച് ബാക്കി ഒരു സ്ഥലത്തും ഹിന്ദി ആളുകൾക്ക് അറിയില്ല. കൽക്കത്തയിൽ നിന്നും നൂറ്റിയൻപതു കിലോമീറ്റർ ദൂരമുള്ള ശാന്തിനികേതനിലേക്കാണ് എനിക്ക് പോകേണ്ടത്. ‘ബിർഭും’ എന്നൊരു ഗ്രാമമാണ്.

അപ്പോൾ ഞാൻ പറഞ്ഞുവന്നത് നമ്മൾ എത്തിച്ചേരുന്ന സ്ഥലത്തു നാം അവിടുത്തെ അനുഭവങ്ങളിലൂടെ, നിത്യവൃത്തിയിലൂടെ, ദാരിദ്ര്യത്തിലൂടെ, വിശപ്പിലൂടെ കടന്നുപോകുമ്പോൾ നാം അവരായിട്ടു മാറുന്നു, അല്ലെങ്കിൽ അപരത്വത്തിലേക്കു പോകുമ്പോഴാണ് നമുക്കുള്ളിൽ ഭാഷ ഉണ്ടാകുന്നതും‌ നമുക്കുള്ളിൽ കവിത്വം രൂപം കൊള്ളുന്നതും നാം കവിത എഴുതാൻ തുടങ്ങുന്നതും.


3. മോഹൻവീണ വായിക്കുന്ന ഒരേ ഒരു മലയാളിയാണല്ലോ താങ്കൾ. ഗുരു വിശ്വമോഹൻ ഭട്ടിനെ കണ്ടെത്തിയതും പഠന കാലവും ഞങ്ങൾക്ക് വേണ്ടി ഒന്ന് പറയാമോ? പുതിയ തലമുറയിൽ നിന്നും മോഹൻവീണയിൽ താല്പര്യമുള്ള ഏതെങ്കിലും മലയാളിയെ കാണാൻ കഴിഞ്ഞിട്ടുണ്ടോ? താങ്കളുടെ സ്റ്റേജ് പരിപാടികൾ പുതുതലമുറയ്ക്കു പ്രചോദനമാകുന്നുണ്ടോ? പോളി സ്ട്രിംഗ് ഗിറ്റാർ എന്ന സംഗീതോപകരണത്തിലേക്ക് താങ്കളെ നയിച്ചതെന്താണ്?

പോളി വർഗ്ഗീസ്: മോഹൻവീണ വായിക്കുന്ന തെക്കേ ഇന്ത്യയിലെ ഏക വ്യക്തിയാണ് ഞാൻ. മൈഹർ ഘരാന എന്നൊരു ഘരാനയുണ്ട്. മൈഹർ ഘരാനയാണ് എൻ്റെ ഘരാന. അതാണ് രവിശങ്കറുടേയും അന്നപൂർണ്ണാദേവിയുടേയും ഘരാന. അതിലെ ദക്ഷിണേന്ത്യയിലെ അവസാനത്തെ കണ്ണിയാണ് ഞാൻ. എനിക്കു ശേഷം ഈ ഘരാന അവസാനിക്കും ദക്ഷിണേന്ത്യയിൽ. മോഹൻവീണയുടെ ദക്ഷിണേന്ത്യയിലെ ഏക പിന്തുടർച്ചാവകാശിയും ആണ്.

ഞാൻ ഗുരുവിലേക്ക് എത്തിപ്പെടുന്നത് യാദൃച്ഛികമായാണ്. ഞാൻ കലാമണ്ഡലത്തിൽ പഠിക്കുന്ന കാലഘട്ടത്തിൽ മൃദംഗം വായിച്ചിരുന്നു. എൻ്റെ മൃദംഗ അദ്ധ്യാപകൻ്റെ വീട്ടിലേക്ക് ഞങ്ങളെ ഇടയ്ക്കിടയ്ക്ക് ഗുരുകുല വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി വിളിച്ചിരുന്നു. അപ്പോൾ അദ്ധ്യാപകൻ്റെ ഭാര്യ ഒരിക്കൽ ഇഡ്ഢലി കഴിക്കാൻ ക്ഷണിച്ചു. മക്കളെപ്പോലെയാണ് ഞങ്ങളെ കരുതിയിരുന്നത്. വർഷം 1984-85 ആണെന്ന് തോന്നുന്നു. കേരളത്തിൽ നാഷണൽ നെറ്റ്വർക്ക് പഴയ 14″ ടെലിവിഷനിൽ കണ്ടിരുന്ന കാലം. എന്നെ പഠിപ്പിച്ചിരുന്ന ആശാൻ ഈ ടി വി വാങ്ങിച്ചിരുന്നു. അവിടെ വെച്ച് അന്ന് നാഷണൽ നെറ്റ്വർക്കിൽ എൻ്റെ ഗുരു വായിക്കുന്നത് കാണുന്നു. ഇഡ്ഢലി കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു അപ്പോൾ. അദ്ദേഹത്തിൻ്റെ ശബ്ദം എന്നെ വല്ലാതെ സ്വാധീനിച്ചു. അദ്ദേഹം ആരാണെന്നും അന്വേഷിച്ചു. അന്ന് ഇൻഫോർമേഷൻ ടെക്നോളജിയോ മൊബൈലോ ഒന്നും പ്രചാരത്തിലുള്ള കാലമല്ല. അപ്പോൾ ഞാൻ ഇഡ്ഢലി കഴിച്ചതു പോലും മുഴുമിക്കാതെ ആശാനോട് യാത്രപറഞ്ഞ് ഇറങ്ങി. അത് അവർക്ക് വിഷമമുണ്ടാക്കി.

ഞാൻ നേരെ പോയത് തൃശ്ശൂർ ടൗണിലേക്കാണ്. അവിടെ ഗിറ്റാറുകൾ വായിക്കുന്ന ആളുകളുണ്ട്. അവരോടൊക്കെ അന്വേഷിച്ചു ടി വി യിൽ കണ്ടത് ആരെയാണെന്നും വായിച്ചിരുന്നത് എന്താണെന്നും. അവർക്കാർക്കും അതിനെപ്പറ്റി അറിയില്ല.എന്നിട്ടും ഞാൻ അന്വേഷണം നിർത്തിയില്ല. മൃദംഗം വായിക്കുമ്പോഴും ഗോപിയാശാൻ്റെ കീഴിൽ കഥകളി പഠിക്കുമ്പോഴും എൻ്റെ മനസ്സിലൂടെ കടന്നു പോയിക്കൊണ്ടിരുന്നത് ആ ശബ്ദമായിരുന്നു. വളരെ മനോഹരമായ ശബ്ദം. ആയിടയ്ക്ക് കലാമണ്ഡലത്തിൽ ഒരു അന്താരാഷ്ട്ര കലോത്സവം നടന്നിരുന്നു. വടക്കേ ഇന്ത്യയിൽ നിന്നൊക്കെ കലാകാരന്മാർ വന്നിട്ടുണ്ടായിരുന്നു. അവരിൽ ചിലരോട് ചോദിച്ചപ്പോൾ അവർ പറഞ്ഞു അത് വിശ്വമോഹൻ ഭട്ട് ആണെന്ന്. അവർ നമ്പരും മേൽവിലാസവും തന്നു.

ഞാൻ വിളിച്ചു, പക്ഷെ അദ്ദേഹം ഫോണെടുത്തില്ല. ഞാൻ അദ്ദേഹത്തിന് നിരന്തരമായി എഴുതി. മറുപടിയൊന്നും കിട്ടിയില്ല. കോഴ്സ് കഴിഞ്ഞ് ഞാൻ കൽക്കത്തയിൽ പോയി. എൻ്റെ പ്രധാന ലക്ഷ്യം ഈ ഗുരുവിനെ തേടി കണ്ടെത്തലായിരുന്നു. ഒരു കാരണം പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു ചെയ്തത്. അദ്ദേഹത്തെ കൽക്കത്തയിൽ വെച്ച് കണ്ടുമുട്ടി. അദ്ദേഹം എന്നെ രാജസ്ഥാനിലേക്ക് കൊണ്ടുപോയി. അതാണ് എൻ്റെ ഗുരു വിശ്വമോഹൻ ഭട്ട്.

ഞാൻ ഏകദേശം മുപ്പത് വർഷത്തോളമായി മോഹൻവീണ വായിക്കാൻ തുടങ്ങിയിട്ട്. സംഗീതജീവിതം തുടങ്ങിയിട്ട് നാല്പതു വർഷത്തിനടുത്തായി. ഞാൻ പത്തുവർഷം ആദ്യകാലങ്ങളിൽ നിരന്തരമായി ‘സരിഗമപധനിസ’, ‘സനിധപമഗരിസ’ എന്ന് വളരെ വിളംബകാലത്തിൽ വായിച്ചിട്ടാണ് മോഹൻവീണയിൽ ഒരു സാധാരണ സംഗീതം ഉണ്ടാക്കിയത്. ഞാൻ ജീവിതം ഇതിനായി മാറ്റിവെച്ചു. വേറെ ജോലിക്കൊന്നും പോയില്ല. ഇതൊരു സമർപ്പണത്തിൻ്റെ ഭാഗമാണ്.

ഇത് നാളെ ഒരുപക്ഷെ ഒരു യുവജനോത്സവത്തിന് വായിക്കാൻ പറ്റിയെന്നു വരില്ല. ഒരു പത്തു വർഷമൊക്കെ പിടിക്കും സാധാരണ സംഗീതം ആയി വരാൻ. പലരും ആഗ്രഹിച്ചു വരുന്നുണ്ട് പഠിക്കാൻ. ഈ സംഗീതോപകരണം അഞ്ചോ ആറോ എണ്ണമേ നിലവിൽ ഉള്ളൂ. ഇത് ആവശ്യത്തിനനുസരിച്ചു മാത്രമേ ഉണ്ടാക്കാറുള്ളൂ.

അപ്പോൾ ആരെങ്കിലും ഇത് പഠിച്ചു തുടങ്ങിയിട്ട് നിർത്തി പോയാൽ അതൊരു വേദനയായിരിക്കും.

ഞാൻ ഇരിക്കുന്ന ഈ മുറിയിൽ നിറയെ സംഗീതോപകരണങ്ങളും പുസ്തകങ്ങളുമാണ്. ഞാൻ ഈ മുറി വിട്ട് അധികം പോകാറില്ല. ഇതെല്ലാം എൻ്റെ ജീവിതത്തിൻ്റെ ഭാഗമാണ്.

മലയാളികൾക്ക് ആഗ്രഹമുണ്ടെങ്കിൽ പോലും, അധികം പേരും വേഗം പഠിച്ച് മാസങ്ങളോ വർഷമോ കൊണ്ട് സ്റ്റേജിൽ കയറണമെന്ന് ആഗ്രഹമുള്ളവരാണ്. അതിനപ്പുറമുള്ള സമർപ്പണം കാണില്ല. അതുകൊണ്ട് അങ്ങനെ പഠിപ്പിക്കാൻ കഴിയില്ല.

ഗൾഫിലും കേരളത്തിലുമൊക്കെയുള്ള നിരവധി പേർ ആരാധകരായുണ്ട്. കേരളത്തിൽ അധികം പരിപാടികൾ നടത്തിയിട്ടില്ലെങ്കിലും, എറണാകുളത്ത് നടക്കുന്ന പരിപാടികൾ കാണാൻ കോഴിക്കോട്‌ നിന്ന് ആളുകൾ വന്നിട്ടുള്ളതായി അറിയാം. ഞാൻ മോഹൻവീണ വായിക്കുമ്പോൾ കേൾവിക്കാരുമായി സംവദിക്കുക കൂടി ചെയ്യാറുണ്ട്.

ഇതൊരു ദൈവത്തിൻ്റെ വരദാനമാണെന്ന് വിശ്വസിക്കുന്ന ഒരാളല്ല ഞാൻ. ഈ സംഗീതോപകരണം ഒരു പുണ്യപുരാണ സീരിയലിൻ്റെ കാലത്തുള്ളതല്ല. ഇത് മനുഷ്യൻ്റെ വേദനയുടേയും സഞ്ചാരത്തിൻ്റേയും അലച്ചിലിൻ്റേയും ഭാഗമായി അവൻ്റെ പണിയായുധത്തിൻ്റെ ഭാഗമായി ഉണ്ടാക്കിയിട്ടുള്ള സാധനമാണ്. ഏതൊരു ജോലിയും ആരും ചെയ്യുന്നതു പോലെയാണ് ഞാൻ ഇതും ചെയ്തുകൊണ്ടിരിക്കുന്നത്. സ്ഥലങ്ങൾ വൃത്തിയാക്കുന്ന ഒരാൾ ആത്മാർത്ഥമായി വൃത്തിയാക്കുന്നതു പോലെ ഞാൻ എൻ്റേയും കേൾവിക്കാരുടേയും ഹൃദയം വൃത്തിയാക്കാൻ ശ്രമിക്കുന്നു.

ഞാൻ ഇലക്ട്രിക്ക് ഗിറ്റാറിൽ ഹിന്ദുസ്ഥാനി വായിച്ചിരുന്ന ആളാണ്. അന്നത്തെ കാലത്ത് എനിക്ക് നിരവധി ഒക്റ്റേവുകൾ ആവശ്യമായി വന്നു. ഞാനുണ്ടാക്കിയ പോളി സ്ട്രിംഗ് ഗിറ്റാറിൽ പന്ത്രണ്ട് ഒക്റ്റേവുകൾ ഉണ്ട്. അതിനാൽ അതിനു നാല്പത് തന്ത്രികളുണ്ട്. ഈ നാല്പത് തന്ത്രികളിലൂടെയാണ് സംഗീതമുണ്ടാവുന്നത്.അതു കൂടാതെ, ഒരു നോട്ട് വായിച്ചു കഴിഞ്ഞാൽ അതിൻ്റെ തൊട്ടടുത്ത താഴെയുള്ള ഒക്റ്റേവ് ഓൺ ആവും. അങ്ങനെ കുറച്ചധികം ഇലക്ട്രിക്കൽ സാധനങ്ങൾ അതിനുള്ളിലുണ്ട്. ഞാൻ പോളി സ്ട്രിംഗ് ഗിറ്റാർ ഉണ്ടാക്കാൻ പ്രധാന കാരണം എനിക്ക് ബേസ് വളരെ ഇഷ്ടപ്പെട്ടതുകൊണ്ടാണ്. ബേസ് ടോൺ ഉണ്ടാക്കണം. ആ കാലത്ത് എനിക്ക് മോഹൻവീണ പൊതുവേദിയിൽ വായിക്കാൻ പറ്റില്ലായിരുന്നു. ഞാൻ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഗുരുവിൻ്റെ അനുവാദമില്ലാതെ ഞാൻ മോഹൻവീണ പൊതുവേദിയിൽ വായിക്കാൻ പാടില്ല. എന്നാലും നിരന്തരമായ പ്രാക്ടീസ് ആയിരുന്നു. അക്കാലത്താണ് പുതിയ ഉപകരണം ഉണ്ടാക്കിയത്. ചില നാടകപ്രവർത്തനവും അന്നുണ്ടായിരുന്നു.ഇന്ന് പോളി സ്ട്രിംഗ് ഗിറ്റാർ അമേരിക്കയിൽ വരെ എത്തിക്കഴിഞ്ഞു. ടൈം മാഗസിനിൽ അതിനെപ്പറ്റി അഭിപ്രായം വന്നിരുന്നു. ഞാനതിൻ്റെ പേറ്റൻ്റ് കൊടുത്തത് സൗജന്യമായിട്ടാണ്. ഒരു അമേരിക്കൻ ഗിറ്റാർ കമ്പനിക്കാണ് അതു കൊടുത്തത്.

“വേദപുരാണങ്ങൾ ഉണ്ടാക്കിയത് ഹിന്ദുവാണോ മുസൽമാനാണോ എന്നെനിക്കറിയില്ല, എനിക്കത് അറിയേണ്ട ആവശ്യമില്ല. കാരണം, വർത്തമാനത്തിൽ ജീവിക്കാൻ അതൊന്നും എനിക്കാവശ്യമേ ഇല്ല, പക്ഷെ, ഒന്നെനിക്കറിയാം. വേദപുരാണങ്ങളെ ഉണ്ടാക്കിയവനെ ഉണ്ടാക്കിയത് ഒരു സ്ത്രീയാണെന്ന്. അതുമാത്രം എനിക്കറിഞ്ഞാൽ മതി. അതുകൊണ്ട് സ്ത്രീയാവുക, സൃഷ്ടിയാവുക, സൃഷ്ടി കർത്താവാകുക.

4. ഗുരു ബാസുദേബ് ബാവുളിൽ നിന്നുമാണ് ബാവുൾ സംഗീതമഭ്യസിച്ചതല്ലോ. ആ ഓർമ്മകൾ പങ്കു വെക്കാമോ? ഞങ്ങൾക്കു വേണ്ടി ഒരു ബാവുൾ ഗാനമാലപിക്കാമോ?

പോളി വർഗ്ഗീസ്: (ബാവുൾ അനുഭവങ്ങൾക്ക് മറുപടിയായി ബാവുൾ സംഗീതത്തിന്റെ പ്രത്യേകത അത് പാടി അനുഭവിക്കേണ്ടതാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, കയ്യിൽ ഏക്താരയുമായി മനോഹരമായ ഒരു ബാവുൾ ഗാനം ആലപിച്ചുകൊണ്ടാണ് പോളി മറുപടിയിലേക്കു കടന്നത്. ആലാപനത്തിനു ശേഷം നമുക്കുവേണ്ടി അതിന്റെ അർത്ഥം അദ്ദേഹം വിശദീകരിക്കുകയുണ്ടായി. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ലാലൻ ഫകീർ എന്ന സൂഫിയുടെ ജീവിത കഥയിലേക്ക് പോളി നമ്മളെ കൂട്ടിക്കൊണ്ടുപോയി.)

ദരിദ്രനായി ഒരു ഹിന്ദു കുടുംബത്തിൽ ജനിച്ച ലാലൻ ഫകീറിനെ വസൂരി രോഗത്തെ തുടർന്ന് അന്നത്തെ പതിവനുസരിച്ച് മരിക്കാനായി ഹൂഗ്ലി നദിയിൽ ഒഴുക്കി വിടുന്നു. ദുർഗ്ഗയുടെ ശാപമായിട്ടാണ് അവർ അന്ന് വസൂരിയെ കണ്ടിരുന്നത്. മൃതപ്രായനായി നദിയിലൂടെ ഒഴുകി ഒഴുകി അക്കരെ എത്തിയ ലാലനെ അവിടെയുണ്ടായിരുന്ന ഒരു മുസ്ലിം സൂഫി കുടുംബം ഏറ്റെടുക്കുകയും ചികിൽസിച്ച് അസുഖം ഭേദപ്പെടുത്തുകയും ചെയ്തു. ലാലൻ അവരുടെ അടുത്തുനിന്നും പാട്ടു പഠിക്കുകയും ജീവിതത്തിന്റെ അർത്ഥങ്ങൾ തിരിച്ചറിയുകയും ചെയ്തു. ലാലനെയും കൂട്ടി അവർ പിന്നെ സഞ്ചരിക്കാൻ തുടങ്ങി. പിന്നീട് ലാലൻ വലിയ ഗായകനായപ്പോൾ ആളുകൾ ലാലനോട് “ലാലൻ തത്വശാസ്ത്രങ്ങൾ ഒക്കെ പറയുന്നുണ്ടല്ലോ, സത്യത്തിൽ ലാലൻ ഹിന്ദുവിന് ജനിച്ചതല്ലേ” എന്നു ചോദിച്ചു.

ആളുകൾ ചോദിച്ചതിന് അദ്ദേഹം മറുപടി പറഞ്ഞതിങ്ങനെയാണ്, “അതെനിക്കറിയില്ല, ഞാൻ ഹിന്ദുവിനാണോ മുസൽമാനാണോ ജനിച്ചതെന്ന്. അതെനിക്കറിയേണ്ട ആവശ്യമേ ഇല്ല. അതെന്നെ ഒരുകാലത്തും സഹായിച്ചിട്ടില്ല. പക്ഷെ ഒന്നെനിക്കറിയാം. ഒരു നദീതീരത്ത് നിരവധിപേർ അക്കരെക്കടക്കാൻ എത്തുകയാണ്. നിരവധി ഭാഷക്കാർ, വ്യത്യസ്ത ദേശക്കാർ, വ്യത്യസ്ത വേഷം ധരിച്ചവർ, സ്ത്രീകൾ, വിശ്വാസികൾ, കുട്ടികൾ, അവിശ്വാസികൾ അങ്ങനെ നിരവധിപേർ. അവർക്കു അക്കരെ കടക്കണമായിരുന്നു. കടക്കാൻ ഒരു വള്ളമേയുള്ളൂ, ഒരു വള്ളക്കാരനേയുള്ളൂ, അയാൾക്ക് ഒരു തുഴയേയുള്ളൂ. അയാൾ അക്കരെ കടത്തുന്നു. ആ വള്ളക്കാരൻ അവരെ മുക്കിക്കൊല്ലുന്നില്ല. ഭദ്രമായി അവരെ അക്കരെയെത്തിക്കുന്നു. അവർ അവരവരുടെ കാര്യങ്ങളിലേക്ക് പോകുന്നു. ഇനി മനസിലാക്കുക, കടക്കാനൊരു നദീ തീരമേയുണ്ടായിരുന്നുള്ളൂ. ഒരു തുള്ളി ജലമേയുണ്ടായിരുന്നുള്ളൂ. ആ ഒരു തുള്ളി ജലത്തിന്റെ വ്യത്യസ്ത രൂപങ്ങളിലൂടെയാണ് അയാൾ നിങ്ങളെ തുഴഞ്ഞ് കൊണ്ടുപോയത്.”

“വേദപുരാണങ്ങൾ ഉണ്ടാക്കിയത് ഹിന്ദുവല്ലേ ലാലാ” എന്ന് ചോദിച്ചപ്പോൾ “വേദപുരാണങ്ങൾ ഉണ്ടാക്കിയത് ഹിന്ദുവാണോ മുസൽമാനാണോ എന്നെനിക്കറിയില്ല, എനിക്കത് അറിയേണ്ട ആവശ്യമില്ല. കാരണം, വർത്തമാനത്തിൽ ജീവിക്കാൻ അതൊന്നും എനിക്കാവശ്യമേ ഇല്ല, പക്ഷെ, ഒന്നെനിക്കറിയാം. വേദപുരാണങ്ങളെ ഉണ്ടാക്കിയവനെ ഉണ്ടാക്കിയത് ഒരു സ്ത്രീയാണെന്ന്. അതുമാത്രം എനിക്കറിഞ്ഞാൽ മതി. അതുകൊണ്ട് സ്ത്രീയാവുക, സൃഷ്ടിയാവുക, സൃഷ്ടി കർത്താവാകുക.

“അതുകൊണ്ട് ലാലൻ വീണ്ടും പറയുന്നു, ലാലൻ ഹിന്ദുവിനോ മുസൽമാനോ ജനിച്ചതല്ല. ലാലൻ ജനിക്കുകയോ മരിക്കുകയോ ചെയ്തിട്ടില്ല. ലാലൻ മനുഷ്യനേയല്ലാ. ലാലൻ നിങ്ങളുടെ ഒരു ചിന്ത മാത്രമാണ്.

മനുഷ്യന്റെ കണ്ണുനീരിനെക്കുറിച്ച് അറിയുന്നവന് മാത്രമേ ഒരു നല്ലൊരു ആർട്ടിസ്റ്റ് ആകാൻ പറ്റൂ. മതവും വിശ്വാസവും നിങ്ങളിൽ കുത്തിവയ്ക്കപ്പെടുന്നത് എമ്പതിയില്ലായ്മയാണ്. ലോകത്ത് തൊണ്ണൂറ് ശതമാനവും കൊലപാതകങ്ങൾ നടത്തിയിരിക്കുന്നതും വർഗ്ഗീയ കലാപങ്ങൾ നടത്തിയിരിക്കുന്നതും വിശ്വാസികളാണ്.

ഗുരു ബസുദേബ് ദാസിനെ കണ്ടു മുട്ടുന്നത് ശാന്തിനികേതനിൽ വെച്ചാണ്. അദ്ദേഹം റോഡിലിരുന്ന് പാടുന്ന സമയത്ത് ഞാൻ അദ്ദേഹത്തിനടുത്ത് ചെന്ന് ഇതെനിക്ക് പഠിക്കാൻ പറ്റുമോ എന്ന് ചോദിക്കുകയായിരുന്നു. ഉടനെയദ്ദേഹം എന്നെ കൂടെക്കൂട്ടി അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുപോയി താമസിപ്പിച്ചു. എനിക്ക് താമസിക്കാൻ സ്ഥലമൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കൂടെ താമസിച്ചാണ് ഞാൻ ശാന്തിനികേതനിൽ ക്ലാസിനു പോയിക്കൊണ്ടിരുന്നത്. കാലത്ത് അദ്ദേഹത്തിന്റെ ഒരു ക്ലാസ് കഴിഞ്ഞു ഞാൻ ശാന്തി നികേതനിലേക്ക് പോകും. പിന്നീട് അദ്ദേഹത്തിന്റെ കൂടെ പരിപാടികൾക്ക് ഞാൻ പോകാൻ തുടങ്ങി. അങ്ങനെ പലരും ധരിച്ചിരുന്നത് ഞാൻ ഒരു ബംഗാളിയാണെന്നാണ്. അന്നദ്ദേഹം പഠിപ്പിക്കുകയായിരുന്നില്ല, എനിക്ക് പകർന്നു തരികയുമായിരുന്നില്ല. പകരം അദ്ദേഹം എന്നെ അദ്ദേഹത്തിൻ്റെ മാറോട് ചേർക്കുകയായിരുന്നു. അതും കുടുംബത്തിൽ. അദ്ദേഹത്തിന്റെ മക്കളും ഭാര്യയും പാടും. ഭക്ഷണം കഴിക്കുമ്പോൾ, ഉറങ്ങുമ്പോൾ എന്നുവേണ്ട സദാസമയവും അങ്ങനെയവർ പാടിക്കൊണ്ടിരിക്കും. എപ്പോഴും പുതിയ പുതിയ പാട്ടുകൾ ഇങ്ങനെ വന്നുകൊണ്ടിരിക്കും. നേരത്തെ പറഞ്ഞതു പോലെ ഞാൻ ബാവുൾ ആവുകയായിരുന്നു.

എങ്ങനെ ബാവുൾ ആകുന്നു എന്നതാണ്. ബാവുൾ ഗായകൻ ആകുന്നതല്ല, ബാവുൾ ആവുക എന്നു പറഞ്ഞാൽ ഒരു വലിയ ജനക്കൂട്ടത്തിന്റെ ഭാഗമാവുകയാണ്. പിന്നീട് പല ബാവുൾ ഗായകരിൽ നിന്നും ഞാൻ പഠിച്ചു. പിന്നീടാണ് ലാലൻ ഫകീറിനെക്കുറിച്ചു കേട്ടത്. അദ്ദേഹത്തെപ്പറ്റി കൂടുതൽ അറിഞ്ഞപ്പോൾ മനസ്സിലായി അദ്ദേഹം ഒരു റെബലിയൻ ആയിരുന്നെന്ന്. അങ്ങനെയാണ് ആ ലെവലിലേക്കുള്ള ചിന്തകളിലേക്ക് പോയത്. ലാലൻ ജനിച്ചു വളർന്നതെല്ലാം ബംഗ്ലാദേശിലാണ്. കൽക്കത്തയിലല്ല.

സന്താളികൾ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ആദിവാസികൾ ആണ്. ആയിരത്തി എണ്ണൂറ്റി അൻപത്തേഴിലെ സ്വാതന്ത്ര്യ സമരം നടത്തുന്നത് സത്യത്തിൽ ആദിവാസികളാണ്. ചരിത്രത്തിൽ അവർ മറച്ചു വയ്ക്കപ്പെട്ടതാണ്. ഝാൻസിറാണിയുടെ പടയിൽ എല്ലാവരും സന്താളികൾ ആയിരുന്നു. ആദിവാസികൾ ആണ് ആദ്യത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമരം നടത്തുന്നത്. സന്താളികൾക്കു വേറെ ഭാഷയും വേറെ കലാരൂപങ്ങളും ഉണ്ട്. സന്താളി ഭാഷയ്ക്ക് സ്ക്രിപ്റ്റ് ഇല്ല. അവരോടൊപ്പം സമയം ചിലവഴിച്ചപ്പോഴാണ് അവരുടെ ഭാഷയും അവരുടെ ജീവിതവും അവരുടെ ചരിത്രവും നമുക്കറിയാൻ പറ്റിയത്. അപ്പോൾ നമ്മളും അവരിൽ ഒരാളായി മാറും. പൊതുവെ അവർ മറ്റുള്ളവരെ അടുപ്പിക്കില്ല. നിറത്തിലും രൂപത്തിലുമുള്ള വ്യത്യാസമാക്കിയിരിക്കാം അതിനൊരു കാരണം. പക്ഷെ എന്തുകൊണ്ടോ അവരുടെ വീട്ടിൽ ഉറങ്ങാനും കിടക്കാനുമുള്ള സൗകര്യം അവർ എനിക്ക് തന്നു. അവരുടെ വീടിന്റെ ഉമ്മറത്ത് വൈക്കോൽ പായവിരിച്ചു കിടന്നാണ് ഉറങ്ങിയിരുന്നത്. ആ കാലഘട്ടത്തിൽ നമ്മൾ ബാവുൾ സംഗീതം പഠിക്കുന്നു, രവീന്ദ്ര സംഗീതം പഠിക്കുന്നു, ഹിന്ദുസ്ഥാനി പഠിക്കുന്നു. ഇവിടെ നിന്ന് കർണാട്ടിക്‌ പഠിക്കുന്നു. പക്ഷെ ഇതൊക്കെ കഴിഞ്ഞ് ഞാൻ സന്താളികളുമായി ഇടപെടാൻ തുടങ്ങിയപ്പോൾ സന്താളികളുടെ സംഗീതം ബാവുൾ സംഗീതത്തേക്കാൾ വ്യത്യസ്തമായ സംഗീതം ആണെന്ന് തിരിച്ചറിയുന്നു. അത് വലിയൊരു ചരിത്രമാണ്. മറ്റേത് ഒരു ചാർവാക ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു സൂഫി പാരമ്പര്യമാണ്. എന്നാൽ വലിയൊരു റാഡിക്കൽ മൂവ്മെന്റിന്റെ പാരമ്പര്യമാണ് സന്താളികൾക്കുള്ളത്. അമേരിക്കയിലെ റെഡ് ഇൻഡ്യൻസിന്റെയൊക്കെ ചരിത്രം പോലെയാണ് ഈ സന്താളികൾക്കുള്ളത്. കാരണം ഇന്ത്യ പണ്ട് അവരുടെ സ്ഥലമായിരുന്നു. നമ്മൾ അത് പിടിച്ചെടുത്തതാണ്. ആ ഒരു ചരിത്രം വേറെയുണ്ട്. തീർച്ചയായും അവരുടെ സംഗീതം തികച്ചും വ്യത്യസ്തമാണ്.

5. ഭാരതപൗരത്വനിയമത്തിലെ അസമത്വത്തിൽ താങ്കളുടെ നിലപാടുകൾ കവിതകളിലൂടെയും കുറിപ്പുകളിലൂടെയും നിരന്തരം പങ്കു വെച്ചിരുന്നു. അതിനോടുള്ള പ്രതികരണങ്ങളെ കുറിച്ച് പറയാമോ?

പോളി വർഗ്ഗീസ് : ഇന്ത്യയിൽ നടക്കുന്ന ഫാസിസത്തിനെതിരെ നിരന്തരമായി സംസാരിക്കുന്ന ഒരാളാണ് ഞാൻ. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദളിതരും ന്യുനപക്ഷവും നിരന്തരമായി ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. 1947 ൽ സ്വാതന്ത്യം കിട്ടിയത് മുതൽ, ഈ നിമിഷം വരെ ദളിതരുടെയോ അല്ലെങ്കിൽ ബഹുഭൂരിപക്ഷം വരുന്ന ന്യൂനപക്ഷങ്ങളുടെയോ ഒരു സർക്കാർ ഇവിടെയൊന്നും രൂപീകരിക്കപ്പെട്ടിട്ടില്ല. ഇവിടെ സർക്കാർ ഉണ്ടാക്കിയിരിക്കുന്നത് ടാറ്റയും ബിർളയുമാണ്. അതിനുശേഷം ഇപ്പോൾ അംബാനിയാണ്. ബ്രാഹ്മിണിക്കൽ സാധ്യതകളുടെ ഒരു സർക്കാർ ആണ് ഇവിടെ രൂപം കൊണ്ടിട്ടുള്ളത്. ഇന്ത്യൻ ഭരണഘടന വളരെ മനോഹരമായ ഭരണ ഘടനയാണെങ്കിലും, ഇന്ത്യൻ കോൺസ്റ്റിറ്റ്യുഷൻ വളരെ മനോഹരമായി എഴുതപ്പെട്ടതാണെങ്കിലും, അതിലുള്ള ന്യായങ്ങളും നീതികളും സാധാരണ ജനങ്ങൾക്ക് അപ്രാപ്യമാണ്. ഇത് പണമുള്ളവൻ്റെ മാത്രം അധികാരവുമായി ബന്ധപ്പെട്ടുകിടക്കുന്ന വിഷയം മാത്രമാണ്. ഈ കഴിഞ്ഞ ആന്റീ സി.എ.എ സമരത്തിൽ ഞാൻ സജീവമായിരുന്നു. ഷഹീൻ ബാഗിൽ ഞാനെൻ്റെ മോഹൻ വീണ വായിച്ചിരുന്നു. അതു മാത്രമല്ല, ഞാൻ അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി. നിരന്തരമായി ഈ സമരങ്ങളെ സപ്പോർട്ട് ചെയ്‌യുകയും, ഇവിടെയുള്ള ഫാസിസത്തിനെതിരെ, വർഗീയവാദത്തിനെതിരെ, കമ്മ്യൂണലിസത്തിനെതിരെ, സംസാരിക്കുന്നതിന്റെ ഭാഗമായി ഒരുപാട് ശത്രുക്കളെ ഞാൻ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഡീമോണിറ്റൈസേഷന്റെ ഭാഗമായി ഇന്ത്യയിലെ മിക്കവാറും മ്യൂസിക് ഓർഗനൈസേഷനുകളെ പിരിച്ചു വിടുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഡീമോണിറ്റൈസേഷനെതിരെ സംസാരിച്ചതിന്റെ പേരിൽ ആർ.എസ്.എസ്സിന്റെ ഭാഗത്തു നിന്നും പലതവണ വധഭീഷണിയുണ്ടായിട്ടുണ്ട്. അതൊന്നും എന്റെ പ്രശ്നമല്ല. പക്ഷെ ഞാൻ ഇങ്ങനെയേ മുന്നോട്ടുപോകാൻ ഉദ്ദേശിക്കുന്നുള്ളൂ. പട്ടിണികിടന്നു മരിക്കാനായിട്ട് ടാക്സ് കൊടുക്കേണ്ടതില്ല നമ്മുടെ രാജ്യത്ത്. അതുകൊണ്ട് പട്ടിണി കിടന്നു മരിക്കാൻ തന്നെ തയ്യാറാണ്. റോഡിൽ ഇരുന്നു വായിക്കും ഞാൻ. എന്റെ ഭരണഘടനയെ നില നിർത്തുക. മനോഹരമായ ഇന്ത്യൻ ഭരണഘടനയെ നിലനിർത്തുക. പക്ഷെ അതുപോലും തമസ്കരിക്കപ്പെടുക, അതിൽ ഒരു സാധാരണക്കാരന് കിട്ടേണ്ട നീതിപോലും അപ്രാപ്യമാകുന്ന രീതിയിലാണ് ഇന്ത്യൻ ഫാസിസം വളരുന്നത്. ഇന്ത്യൻ ഫാസിസത്തിന്റെ വളർച്ചക്ക് ഒരു പ്രധാനപ്പെട്ട കാരണം ഇന്ത്യയിലെ ഇടതു പക്ഷത്തിന്റെ തകർച്ചകൂടെയാണെന്ന് ഞാൻ പരിപൂർണ്ണമായി വിശ്വസിക്കുന്നു. ഇടതുപക്ഷം ഒരു കോർപ്പറേറ്റ് സ്വഭാവത്തിലേക്ക് പോയിട്ടുണ്ട്. അതൊരു വലിയ തകർച്ചയായി ഞാൻ വിശ്വസിക്കുന്നു. ഒരുപക്ഷെ ഈ കോവിഡിന്റെ കാലഘട്ടത്തിൽ സംഭവിക്കാൻ പോകുന്നത്, ഒരു പരിധിവരെ ദളിതുകൾ മുന്നോട്ടുവരാനുള്ള സാദ്ധ്യതയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരം പോലെ തന്നെ ഈ ഫാസിസത്തിനെതിരെ ഒരു ശക്തമായ സമരം, അമേരിക്കയിലെ ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ പോലൊരു സമരം ഇന്ത്യയിൽ വരികയാണെങ്കിൽ അതിൽ മുന്നിൽ നിൽക്കുന്നത്, ഇവിടുത്തെ ദളിതുകളും ന്യുനപക്ഷങ്ങളുമായിരിക്കും. അതുകൊണ്ട് ഈ സമരത്തിൽ ഞാൻ സജീവമായി ജനങ്ങളുടെയൊപ്പമാണ്. ഞാൻ ദൈവത്തിനൊപ്പമല്ല. ജനങ്ങളോടോപ്പമാണ്.

നവരസങ്ങൾ കണ്ണുകളിലാണ് ആദ്യം പ്രതിഫലിക്കുന്നത്. കണ്ണുകളും മുഖത്തെ പേശികളും ഫ്ളക്സിബിളായിരിക്കണം. ശൃംഗാരം നമുക്കൊക്കെ പരിചയമുള്ളതാണ്.

6. “തനിച്ചാവുകയാണ്‌ ഏറ്റവും വലിയ രാഷ്ട്രീയം” എന്നു താങ്കൾ പറഞ്ഞതിനെ ഒന്ന്‌ വിശദീകരിക്കാമോ?

പോളി വർഗ്ഗീസ്: ഞാൻ തനിച്ചായതുകൊണ്ടാണിപ്പോൾ നിങ്ങളോടൊപ്പം ഇരിക്കാൻ കഴിയുന്നത്. തനിച്ചായതുകൊണ്ടാണെനിക്ക് ലോകത്തിന്റെ രാഷ്ട്രീയം മുന്നോട്ട് വയ്ക്കാൻ പറ്റുന്നത്. ഞാൻ എന്റെ നിലപാടുകളോടൊപ്പം എന്റെ അന്വേഷണത്തോളം, എന്റെ യാഥാർഥ്യത്തോളം, എന്റെ സത്യങ്ങളോളം ഞാൻ അറിഞ്ഞതുകൊണ്ടാണത്. എനിക്കാരെയും കൂട്ടണമെന്നില്ല. നിങ്ങളുടെ വേദന എന്റെ വേദനയാണെന്ന് ഞാൻ തിരിച്ചറിയുന്നത് ഞാൻ തനിച്ചായപ്പോഴാണ്. കാരണം ഞാൻ തനിച്ചായപ്പോഴാണ്, വേദനയും മറ്റും അനുഭവിക്കുമ്പോഴാണ്, അതിന്റെ കാഠിന്യം അറിയുന്നത്. ഭൂമിയിലെ മുഴുവൻ മനുഷ്യന്റേയും കണ്ണുനീരിന്റെ രസം ഉപ്പാണ്. എല്ലാ ജീവികളുടെയും കണ്ണുനീരിന്റെ രസം ഉപ്പാണ്. ഈ ഭൂമിയെ മുക്കാലും വിഴുങ്ങിയിരിക്കുന്ന കടൽ ഉപ്പാണ്. ഉപ്പിന്റെ രാഷ്ട്രീയമാണ് ഗാന്ധിജി മുന്നോട്ടു വച്ചത്. ‘ജീവന്റെ ഉപ്പാകൂ’ എന്ന് പറഞ്ഞത് ബൈബിളിലാണ്. മനുഷ്യന്റെ കണ്ണുനീരിനെക്കുറിച്ച് അറിയുന്നവന് മാത്രമേ ഒരു നല്ലൊരു ആർട്ടിസ്റ്റ് ആകാൻ പറ്റൂ. മതവും വിശ്വാസവും നിങ്ങളിൽ കുത്തിവയ്ക്കപ്പെടുന്നത് എമ്പതിയില്ലായ്മയാണ്. ലോകത്ത് തൊണ്ണൂറ് ശതമാനവും കൊലപാതകങ്ങൾ നടത്തിയിരിക്കുന്നതും വർഗ്ഗീയ കലാപങ്ങൾ നടത്തിയിരിക്കുന്നതും വിശ്വാസികളാണ്. മതവിശ്വാസമില്ലാത്തവൻ ദൈവത്തിൽ വിശ്വസിക്കാൻ അങ്ങനെ കലാപം നടത്തിയിട്ടില്ല. മതം, വിശ്വാസം, ജാതി, ദൈവം, ദേശീയത ഇതെല്ലം വിഷലിപ്തമായ സാധനങ്ങൾ ആണ്. ഇതിൽ നിന്നെല്ലാം വിമോചിക്കപ്പെടാനുള്ളതാണ്. അതാണ് ഞാൻ ആദ്യമേ പറഞ്ഞത്, ഫ്രേംലെസ്സ് ആവുക എന്നുള്ളത്. എന്റെ സംഗീതം എന്ന് പറഞ്ഞാൽ എന്റെ സംഗീതമാണോ എന്നറിയില്ല; നിങ്ങളുടെ കണ്ണുനീർ കൂടെയാണ് ഞാനിവിടെ വായിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെയാണ് ഫ്രെയിംലെസ്സ് എന്ന് പറയുന്നത്. അപരത്വം എന്ന് പറയുന്നത്. എന്റെ രാഷ്ട്രീയം തനിച്ചാക്കപ്പെടുകയാണ്. ഞാൻ തനിച്ചാക്കപ്പെടുമ്പോഴാണ് നീ തനിച്ചാക്കപ്പെടുന്ന വേദന ഞാൻ മനസ്സിലാക്കുന്നത്. ഞാനും നീയും പരസ്പരം തിരിച്ചറിയുമ്പോഴാണ് നീയും ഞാനും തനിച്ചല്ല എന്നും, നമ്മൾ ഒന്നാണെന്നും ഉള്ള തിരിച്ചറിവിലെത്തുന്നത്. അങ്ങനെ നമ്മൾ രണ്ടുപേരും കൂടി വലിയ യാത്രകൾ ചെയ്യുന്നു. ആ വലിയ യാത്രയെയാണ് വലിയ മുന്നേറ്റമായി ലോകത്തിലേക്ക് ബാക്കിവെയ്ക്കാൻ പോകുന്നത്. അതാണ് ഞാൻ പറഞ്ഞത്, അപരത്വത്തിലേക്കുള്ള യാത്ര എന്ന്. ഇപ്പോൾ ഞാൻ ഇങ്ങനെ സംസാരിക്കുമ്പോൾ ഞാൻ നിങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ നിങ്ങളാവുകയാണ്. നമ്മൾ എവിടെയാണെന്നുള്ളത് അപ്രസക്തമാണ്. പരസ്പരം അറിയുന്നുണ്ടോ എന്നുള്ളതിലാണ് കാര്യം. നമ്മൾ പരസ്പരം കേൾക്കുന്നുണ്ടോ എന്നുള്ളതാണ്. അതുകൊണ്ടുതന്നെ ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ എന്റെ പ്രശ്നമായി മാറുന്നു. കഴിഞ്ഞയാഴ്ചയാണ് ‘ബ്ലാക്ക് ലൈവ്സ് മാറ്ററിനു’ വേണ്ടി കറുത്തവർഗ്ഗക്കാരനായ ഒരു കലാകാരനൊപ്പം ഞാൻ മോഹൻ വീണ വായിച്ചത്. അതെന്റെ പ്രശ്നമാണ്. ഷഹീൻ ബാഗിൽ പങ്കെടുത്തത് അതെന്റെ പ്രശ്നമായതുകൊണ്ടാണ്. ലോകത്തിലെ എല്ലാ ജീവികളുടെ പ്രശ്നവും എന്റെയും പ്രശ്നമാണ്. എനിക്ക് മാത്രമായി ഒരു ലോകവും എനിക്കുമാത്രമായി ഒരു പ്രശ്നവുമില്ല. ഇന്ത്യക്കാരന് വേണ്ടിമാത്രമായി ഒരു ഇന്ത്യയുമില്ല. പ്ലൂരലിസം ആണ് ലോകത്ത് എല്ലാ ജനതയുടെയും അടിസ്ഥാനം. ആഫ്രിക്കയിൽ നിന്നും ഉണ്ടായവരാണ് നമ്മൾ. അല്ലാതെ ഇന്ത്യയിൽ നിന്നും ഉണ്ടായതല്ല.

7. ക്യൂബൻ കലാകാരന്മാരുമായി ചേർന്ന് അടുത്തിടെ പുറത്തിറങ്ങിയ “മിറാൻഡോ ഹൊറിസോണ്ടെ” എന്ന സംഗീത ആൽബത്തിനുള്ള വഴിത്തിരിവായത് എന്താണ്?

പോളി വർഗ്ഗീസ്: ദുബായിൽ നിന്നാണ് ഞാൻ ക്യൂബൻ കലാകാരന്മാരെ ആദ്യമായി കാണുന്നത്. അങ്ങനെ അവരെന്നെ ക്യൂബയിലേക്ക് ക്ഷണിച്ചു. അവിടെ വെച്ചാണ് ഞങ്ങളിത് റെക്കോർഡ് ചെയ്തത്. പ്രധാനപ്പെട്ട വിഷയം അവരെന്നോട് പറഞ്ഞത് ഇന്ത്യൻ മ്യൂസീഷ്യൻസിനെ അവർക്ക് വലിയ ആരാധനയാണെന്നും, എന്നാൽ ഇതുവരെ അവരുടെ കൂടെ പെർഫോം ചെയ്യാൻ തയ്യാറായിട്ടില്ലെന്നുമായിരുന്നു. അതിനു കാരണമായി പറഞ്ഞത് ഇന്ത്യൻ മ്യൂസിഷ്യൻസുമായി കൊളാബറേറ്റ് ചെയ്യാൻ അവർക്ക് അവസരം ലഭിക്കാറില്ല എന്നാണ്. അവർ ക്യൂബൻ കലാകാരന്മാരാണെന്ന് കേട്ടതിനാൽ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന മ്യൂസിഷ്യൻസിനും അവരിലേക്ക് എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയബോധമില്ലെന്നർത്ഥം. ക്യൂബയെക്കുറിച്ച് നമുക്കുള്ള ധാരണ അവർ കമ്മ്യൂണിസ്റ്റുകാരും ലോകത്തിൻ്റെ ശത്രുക്കളാണെന്നുമൊക്കെയുള്ള രീതിയിലാണ്. അത്തരത്തിലാണ് കാപിറ്റലിസം നമ്മളിൽ ഇഞ്ചക്ട് ചെയ്തു വച്ചിട്ടുള്ളത്.

അതു കേട്ടപ്പോൾ എൻ്റെ പ്രതികരണം ആ ക്യൂബൻ കലാകാരന്മാരോടൊപ്പം വായിക്കാൻ തയ്യാറാണെന്നായിരുന്നു. എൻ്റെ കൺസേർട്ട് അവർ കേട്ടു. അങ്ങനെ ദുബായിൽ വെച്ച് റിഹേഴ്സൽ ചെയ്തു. പിന്നെ അമേരിക്കയിൽ പോയപ്പോൾ അവിടെനിന്ന് ക്യൂബയിലേക്കും പോയി. അവിടെ വെച്ച് പെർഫോം ചെയ്തു. റെക്കോർഡും ചെയ്യുകയുണ്ടായി. ക്യൂബയെ അറിഞ്ഞു ജീവിച്ചു.

എൻ്റെ മുൻപിൽ ജാതിയോ മതമോ കമ്മ്യൂണിസമോ ഇല്ല. അതിനുമപ്പുറമുള്ള ജനതയാണുള്ളത്. അധികാരികളും അധികാരവും ഇല്ല. ഒരു കലാകാരൻ്റെ പ്രശ്നം അധികാരമല്ല. അധികാരത്തോട് ഭ്രമമുള്ളവൻ ആത്മാനുരാഗിയാണ്. ആയിരക്കണക്കിന് ആരാധകരുള്ള നടന്മാർ എപ്പോഴും കണ്ണാടിയിൽ നോക്കിക്കൊണ്ടിരിക്കും. സൗന്ദര്യം കുറയുന്നുണ്ടോ, മുടിയിഴകൾ പോകുന്നുണ്ടോ, മുഖത്ത് ചുളിവുകൾ വീഴുന്നുണ്ടോ, എന്നൊക്കെ ശ്രദ്ധിക്കും. ചിലർക്ക് ലണ്ടനിൽ പോയി ചുളിവുകൾ നീക്കം ചെയ്യണം. ചുളിഞ്ഞവന് ജീവിതമില്ലേ ഈ ലോകത്ത്? കറുത്തമുഖമുള്ളവർക്ക് ജീവിതമില്ലേ? ഉണ്ട്.

ഞാനിത് പറയാൻ കാരണം ഒരു വിഷയം കൂടിയുണ്ട്. എൻ്റെ കൽക്കത്ത ജീവിതത്തിൻ്റെയൊരു ഘട്ടത്തിൽ ഏകദേശം ഒരു മാസത്തോളം കടന്നുപോയത് ഞാനൊരു ഹിജഡയായിട്ടാണ്. ഒരു മാസക്കാലം ഹിജഡയായി അവരുടെ കൂടെ ജീവിച്ചു. ആ ജീവിതം എന്താണെന്ന് എനിക്കറിയാം. അത്രത്തോളമവർ തിരസ്കരിക്കപ്പെടുന്നുണ്ട്, മാറ്റി നിർത്തപ്പെടുന്നുണ്ട്, ചൂഷണം ചെയ്യപ്പെടുന്നുമുണ്ട്. ഒരു സ്ത്രീ അപമാനിക്കപ്പെടുന്നതിനേക്കാൾ കൂടുതലായി ഒരു ഹിജഡ അപമാനിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് ഞാൻ ഹിജഡകൾക്കൊപ്പമാണ് – സ്ത്രീകൾക്കുമൊപ്പമെന്ന പോലെ.

8. കഥകളി, ചാക്യാർകൂത്ത് എന്നിവ കലാമണ്ഡലത്തിൽ പഠിച്ചിരുന്ന കാലത്തെ അനുഭവങ്ങൾ പങ്കുവെക്കാമോ? ഈ പഠനം പിന്നീട് നാടകം, സിനിമ എന്നീ കലാരൂപങ്ങളുടെ പ്രവർത്തനങ്ങളിൽ സഹായിച്ചിരുന്നോ?

പോളി വർഗ്ഗീസ്: ഞാൻ കലാമണ്ഡലത്തിൽ വരുന്നതിന് മുമ്പേ നാടക പ്രവർത്തനം നടത്തിയിരുന്നു. അമെച്വർ നാടക സംഘങ്ങളിലൂടെയൊക്കെ ഞാൻ പ്രവർത്തിക്കുന്നുണ്ടായിരുന്നു. കലാമണ്ഡലത്തിൽ ഐച്ഛിക വിഷയമായിട്ടെടുത്തത് മൃദംഗമാണ്, കഥകളിയല്ല. പക്ഷേ, എൻ്റെ ലോക്കൽ ഗാർഡിയൻ ഗോപിയാശാനായിരുന്നു. അദ്ദേഹത്തിന് ഞാൻ കഥകളി പഠിച്ചേ പറ്റൂ. അങ്ങനെ ആശാൻ്റെ നിർബന്ധ പ്രകാരമാണ് ഞാൻ കഥകളി പഠിക്കുന്നത്. ആശാൻ്റെ കൂടെ വേഷം കെട്ടിയിട്ടുമുണ്ട്.

കലാമണ്ഡലത്തിൽ ഞാൻ ഇതു മാത്രമല്ല പഠിച്ചിരുന്നത്. ഉണ്ണികൃഷ്ണൻ ഇളയത് എന്നൊരു സംസ്കൃത പണ്ഡിതനുണ്ടായിരുന്നു, അവിടത്തെ അദ്ധ്യാപകനായിട്ട്. അദ്ദേഹത്തിൻ്റെ കീഴിൽ ഞാൻ ഉപനിഷത്തുകൾ പഠിക്കാൻ വേണ്ടി പോയിരുന്നു. സംസ്കൃതവും വേദങ്ങളും ഉപനിഷത്തുകളുമൊക്കെ പഠിച്ചിട്ടാണ് അവിടന്ന് ഇറങ്ങുന്നത്.

കലാമണ്ഡലത്തിൽ പഠിക്കുന്ന കാലഘട്ടത്തിൽ സ്റ്റേജിൽ കഥകളി പെർഫോം ചെയ്യുമ്പോൾ അതേ ആളുകൾ തന്നെയാണ് വേദിയിൽ മൃദംഗവും വായിക്കുന്നത്.

മ്യൂസിക് തെറാപ്പി എന്നൊക്കെ പറഞ്ഞ് ആളുകളെ പറ്റിക്കുന്ന ധാരാളം പരിപാടികളുണ്ട്. ഈ ലോകത്തിൽ ഇന്നേവരെ സംഗീതം കൊണ്ട് ആരും മഴ പെയ്യിച്ചിട്ടില്ല. പാട്ടു പാടിയാൽ മഴ പെയ്യുമോ എന്ന് ഞാൻ ഭീംസെൻ ജോഷിയോടു ചോദിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് “മഴക്കാലമാണെങ്കിൽ മഴ പെയ്യും” എന്നാണ്.

എനിക്കിപ്പോൾ നിങ്ങളോട് ഇങ്ങനെ സംസാരിക്കാൻ പറ്റുന്നത് കഥകളിയോ കൂത്തോ നാടകമോ പഠിച്ച ആൾ എന്ന നിലയിലല്ല. ഇതെല്ലാം ചേർന്ന ഒരു സംഭാഷണമാണ് ഈ നടന്നുകൊണ്ടിരിക്കുന്നത്. ചിലപ്പോൾ സറ്റയർ ആയും ചിലപ്പോൾ ക്രിട്ടിസിസം ആയും ചിലപ്പോൾ വിഷയങ്ങളിലേക്ക് ഊളിയിട്ടും ഒക്കെ ഞാൻ സംസാരിക്കുന്നു. ഇതൊക്കെ ചാക്യാർകൂത്ത് അല്ലെങ്കിൽ നാടകം നമുക്ക് തന്നിട്ടുള്ള വലിയൊരു എനർജി ആണ്.

ഒരു പക്ഷേ ഞാൻ സ്റ്റേജിൽ പെർഫോം ചെയ്യാതിരിക്കുമ്പോഴും നാടകപ്രവർത്തനം ചെയ്യുന്നുണ്ട്. കഥകളി എന്നെ സംബന്ധിച്ചിടത്തോളം വളരെ മനോഹരമായ ഒരു ആർട്ട് ഫോം ആണ്. കഥകളിയിൽ ഞാൻ കോൺസൻട്രേറ്റ് ചെയ്തിരുന്നത് നവരസങ്ങളിലാണ്. എനിക്കിഷ്ടമായിരുന്നു നവരസങ്ങൾ. എൻ്റെ മുഖത്തേക്ക് ശ്രദ്ധിച്ചു നോക്കിയാൽ നിങ്ങൾക്കത് മനസ്സിലാവും. ഗോപിയാശാൻ്റെ കീഴിലാണ് ഞാൻ നവരസങ്ങൾ പഠിച്ചത്. മുഖത്ത് തള്ളവിരൽ കൊണ്ടുള്ള ഉഴിച്ചിലുണ്ട്. അതു കഴിഞ്ഞാൽ കണ്ണു സാധകം. കണ്ണിൽ എണ്ണയൊഴിച്ച് കണ്ണ് വിടർത്തിപ്പിടിച്ച് എല്ലാ ഭാഗത്തേക്കും ചുറ്റിക്കും. പിന്നെ മുദ്രകൾ. അത് വേറെ വിഷയം. നവരസങ്ങൾ കണ്ണുകളിലാണ് ആദ്യം പ്രതിഫലിക്കുന്നത്. കണ്ണുകളും മുഖത്തെ പേശികളും ഫ്ളക്സിബിളായിരിക്കണം. ശൃംഗാരം നമുക്കൊക്കെ പരിചയമുള്ളതാണ്. എൻ്റെ മുഖത്തേക്ക് നോക്കിക്കോളു.

(പോളി ശൃംഗാരം, കരുണം, രൗദ്രം, ഭയാനകം എന്നീ രസങ്ങൾ കഥകളി, നാടകം, സിനിമ എന്നിവയ്ക്ക് വേണ്ടുന്ന രീതിയിൽ, മൂന്നു വ്യത്യസ്ത തീവ്രതകളിൽ അഭിനയിച്ച് കാണിക്കുന്നു.)

ഇതൊക്കെ എൻ്റെ നാടക പ്രവർത്തനത്തിലും എൻ്റെ സിനിമാ ജീവിതത്തിലും സഹായിച്ചിട്ടുണ്ട്. സംഗീതത്തിൽ സഹായിച്ചിട്ടുണ്ട്. എൻ്റെ ജീവിതത്തിൽ ഏറ്റവും ഗംഭീരമായി എന്നെ സ്വാധീനിച്ച, സഹായിച്ച ഒരു കാലഘട്ടമാണ് കലാമണ്ഡലം കാലഘട്ടം. സംസ്കൃതഭാഷ, മലയാളസാഹിത്യം, കൂത്ത്, കൂടിയാട്ടം, മൃദംഗം, തിമില, ചെണ്ട, തായമ്പക ഇതൊക്കെ പഠിച്ച് കേരളത്തിൻ്റെ അടിസ്ഥാന സ്വഭാവങ്ങളിലൂടെ കടന്നു പോയതിനു ശേഷമാണ് ഞാൻ ഹിന്ദുസ്ഥാനി സംഗീതത്തിലേക്ക് പോവുന്നത്. അതുകൊണ്ട് എൻ്റെ സുവർണ കാലഘട്ടം എന്ന് പറയാവുന്നത് കലാമണ്ഡലം ജീവിതമാണ്.

നമ്മൾ ജീവിതത്തെ കണ്ടെടുക്കേണ്ടത് സത്യത്തിൽ ധനികരിൽ നിന്നല്ല. ജീവിതത്തെ കണ്ടെടുക്കേണ്ടത് ഏറ്റവും ദരിദ്രരായ ജനതയിൽ നിന്നാണ്. ഏറ്റവും ദരിദ്രരായവർ, ഏറ്റവും ഒറ്റപ്പെട്ടവർ, തിരസ്കരിക്കപ്പെട്ടവർ, തടവറയിൽ അകപ്പെട്ടവർ… അവരിൽ നിന്നാണ് നമ്മൾ നമ്മളെ കണ്ടെടുക്കേണ്ടത്.

9. താങ്കൾ, കോവിഡ് അതിജീവിച്ച ആളാണല്ലോ. അതിനു സംഗീതം താങ്കളെ എത്രമാത്രം സഹായിച്ചു എന്നറിയാൻ ആഗ്രഹമുണ്ട്. അതിനെപ്പറ്റി പറയാമോ? അതുപോലെ രോഗചികിത്സയിൽ സംഗീതത്തിന്റെ ഉപയോഗത്തെപ്പറ്റി താങ്കളുടെ അഭിപ്രായവും അനുഭവങ്ങളും പങ്കു വെയ്ക്കാമോ?

പോളി വർഗ്ഗീസ്: ചികിത്സക്കായി ഞാൻ മോഹൻവീണ വായിച്ചിരുന്നെങ്കിൽ ഇന്നിവിടെ എത്തുമായിരുന്നില്ല. സംഗീതം കൊണ്ടു് ഇവിടെ ആരുടെയും അസുഖം മാറിയിട്ടില്ല. ഞാൻ കോവിഡ് പിടിപെട്ട് ഒരാഴ്ച ഐ സി യുവിലും ഒരാഴ്ച വാർഡിലും കഴിച്ചുകൂട്ടി. എന്റെ മൂന്നാമത്തെ നെഗറ്റിവ് റിസൽട്ട് ഇന്നലെ വന്നതേയുള്ളൂ. കോവിഡിനെ മാനുഷിക പരിണാമത്തിന്റെ ഭാഗമായാണ് ഞാൻ കാണുന്നത്. ഒരു രോഗമെന്നതിനേക്കാൾ കോവിഡിനെ അങ്ങനെ കാണാനാണ് ഞാൻ താല്പര്യപ്പെടുന്നത്. അതല്ലെങ്കിൽ നിപ്പ പോലെ ഇത് കോഴിക്കോട് അല്ലെങ്കിൽ ചൈനയുടെ ഏതെങ്കിലും ഭാഗങ്ങളിൽ അവസാനിക്കേണ്ട രോഗമായിരുന്നു. ലോകമെമ്പാടുമിതു പരന്നെങ്കിൽ ഇത് മനുഷ്യചരിത്രത്തിന്റെ അവശ്യഘടകമാണ്.മറ്റൊരു കാര്യം – കോവിഡിനെ അതിജീവിച്ചവരായിരിക്കും ജീവിതവും അതിജീവിക്കുക എന്നു ഞാൻ പറയും.കോവിഡ് എന്നിലുണ്ടാക്കിയ മാറ്റത്തെപ്പറ്റി പറയാം. ആദ്യം ശ്വാസം കിട്ടാതെ ഓക്സിജൻ മാസ്ക് വച്ചുകൊണ്ടിരുന്ന്‌ ഞാൻ മടുത്തു. പിന്നീട് നിവർത്തിയില്ലാതെ stuck ആയി. അതിനുശേഷം ഡോക്ടർമാരും നേഴ്സുമാരും നെഞ്ചിൽ ബലമായി അമർത്തുന്നതും ഇടിക്കുന്നതും എനിക്കോർമ്മയുണ്ട്. ഞാൻ ജീവിതത്തിലേക്കു മടങ്ങിവരുമെന്നു പ്രതീക്ഷിച്ച ഒരാളല്ല. മരിക്കാൻ ഞാൻ തയ്യാറായിരുന്നു. ഞാൻ അതിജീവിച്ചു എന്നു പറയുന്നതിനേക്കാൾ, ഞാൻ എന്നെ പരിഷ്‌ക്കരിച്ചു എന്നു പറയാനാണ് എനിക്കിഷ്ടം. അതുവരെ പോസിറ്റീവ് ആയിരുന്ന ഞാൻ പെട്ടെന്ന് നെഗറ്റിവ് ആയപ്പോൾ എനിക്ക് പേടിയായി. പോസിറ്റീവ് ആയാൽ മതിയായിരുന്നു എന്നു തോന്നി. കാരണം, ഞാൻ കോവിഡുമായി ഒരു നല്ല ബന്ധത്തിലായിക്കഴിഞ്ഞിരുന്നു.കോവിഡിനെ നമ്മൾ ശത്രുവായി പ്രഖ്യാപിക്കുമ്പോഴേ പ്രശ്നമുള്ളൂ.

കോവിഡ് ശരീരത്തിനും മനസ്സിനും നൽകിയ മാറ്റം ഗംഭീരമാണ്. എന്റെ ചിന്തകൾക്ക് വല്ലാത്ത മാറ്റം വന്നു. എന്റെ അന്വേഷണങ്ങൾക്കു മാറ്റം വന്നു. എനിക്ക് നല്ല ശ്രദ്ധ കിട്ടിത്തുടങ്ങി. സ്വയം കൂടുതൽ ഫ്രഷ് ആയി തോന്നാൻ തുടങ്ങി. അതുവരെ ഉണ്ടായിരുന്ന എന്റെ തിരിച്ചറിവുകൾ ഒന്നുകൂടി പരിഷ്കരിക്കപ്പെട്ടു. കൂടുതൽ നല്ല അന്വേഷണങ്ങൾക്ക് കോവിഡ് എന്നെ പ്രാപ്‌തനാക്കി. കോവിഡ് കാലം അങ്ങനെയാണ് എന്നെ സഹായിച്ചത്.

മ്യൂസിക് തെറാപ്പി എന്നൊക്കെ പറഞ്ഞ് ആളുകളെ പറ്റിക്കുന്ന ധാരാളം പരിപാടികളുണ്ട്. ഈ ലോകത്തിൽ ഇന്നേവരെ സംഗീതം കൊണ്ട് ആരും മഴ പെയ്യിച്ചിട്ടില്ല. പാട്ടു പാടിയാൽ മഴ പെയ്യുമോ എന്ന് ഞാൻ ഭീംസെൻ ജോഷിയോടു ചോദിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് “മഴക്കാലമാണെങ്കിൽ മഴ പെയ്യും” എന്നാണ്. അത്രേയുള്ളു കാര്യം. നിങ്ങളുടെ അസുഖം മാറാൻ ഏറ്റവും നല്ല വഴി നല്ല ഹോസ്പിറ്റലിൽ പോയി നല്ല ഡോക്ടർമാരെ കാണുകയും മരുന്നു കഴിക്കുകയും മാത്രമാണ്.

10. ‘Beyond the silence’ എന്ന സൗദി അറേബ്യൻ സിനിമ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം, സിനിമ എന്നിവയെപ്പറ്റി ഒന്നു പറയാമോ?

പോളി വർഗ്ഗീസ്: അത് സൗദിയിൽ നിന്നു പലായനം ചെയ്ത് ദുബായിലെത്തിയ ഒരു സൗദി അറേബ്യൻ സ്ത്രീയാണ് സംവിധാനം ചെയ്തത്. അബീർ അബ്ദുള്ള. അവരുടെ കുടുംബം മുഴുവൻ സൗദിയിൽ നിന്ന് പലായനം ചെയ്തതാണ്.

അവർ പിന്നെ ലണ്ടനിൽ പോയി സിനിമ സംവിധാനം പഠിക്കുകയായിരുന്നു. ഞാൻ UAE യിൽ ഉണ്ടായിരുന്ന സമയം അവരെന്നെ കാണാൻ വന്നു. അന്നെന്നോട് ചോദിച്ചത് എനിക്ക് അഭിനയിക്കാൻ പറ്റുമോ എന്നായിരുന്നു. എൻ്റെ സംഗീതക്കച്ചേരി കേട്ടുകൊണ്ടിരിക്കുകയായിരുന്നു അവർ. ഞാനാദ്യം ഞെട്ടിപ്പോയി.

ആ സിനിമയുടെ പ്രത്യേകത എന്താണെന്നു വെച്ചാൽ സൗദി അറേബ്യയിലെ വലിയൊരു സ്വാതന്ത്യത്തിൻ്റെ വിഷയം അതിലുണ്ട്. ആ സ്ത്രീ ഒരു ലെസ്ബിയൻ ആണ്. സൗദി അറേബ്യയിലെ ഒരു സ്ത്രീ, താൻ ലെസ്ബിയനാണെന്നു സ്വയം പ്രഖ്യാപിച്ച് ഒരു സിനിമ ചെയ്യുകയാണ്. ആ സിനിമയിൽ എൻ്റെ നായികയായിട്ട് അഭിനയിച്ചത് അവരുടെ സഹോദരിയാണ്. അവർ ഒരു ചിത്രകാരിയാണ്. ആ കുടുംബം മൊത്തം റിബൽ ആണ്. ആ സിനിമ പ്രഖ്യാപിക്കുന്നത് freedom of expression ആണ്. ഒരു സ്ത്രീയുടെ, ഒരു കലാകാരൻ്റെ, ഒരു ആത്മാന്വേഷകൻ്റെ സ്വാതന്ത്ര്യമാണ്.

ആ സിനിമ ഒരു ലോകോത്തര സിനിമയാണോ എന്നറിയില്ല. പക്ഷെ സൗദിയിലെ ഒരു സ്ത്രീ സിനിമ ചെയ്യുക എന്നതൊരു സംഭവമായിരുന്നു. അതു സപ്പോർട്ട് ചെയ്യുക എന്നത് എൻ്റെ കടമയായിരുന്നു. അവർ നാളത്തെ ഒരു വലിയ സംവിധായികയാവും. ആ സിനിമ ഇന്നു ചർച്ച ചെയ്യപ്പെടുന്നുണ്ട്.സൗദിയിൽ പലയിടത്തും ആ സിനിമ തിരസ്കരിച്ചു. ഖത്തറിലും ദുബായിലും അതു വിജയകരമായി സ്ക്രീൻ ചെയ്തു. ആ സിനിമ വളരെ ശക്തമാണ്. ഒരു സ്ത്രീയെന്ന നിലയിൽ നമ്മൾ സപ്പോർട്ട് കൊടുക്കണമായിരുന്നു. അതു കൊടുത്തു.

11. ‘പക്ഷെ പൂക്കാത്ത മരമാണ്

ഞാന്‍അടുക്കന്തോറും അകലുന്നനിഴലിനെ പ്രാപിക്കാനാഞ്ഞവന്‍’

എന്നെഴുതിയിട്ടുണ്ടല്ലോ…

‘അടുക്കുന്തോറും അകലുന്ന നിഴൽ’ എന്നു വിശേഷിപ്പിച്ചത് പ്രണയത്തെയാണോ?

പോളി വർഗ്ഗീസ്: എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. കവിക്ക് കവിതയെക്കുറിച്ചു വ്യാഖ്യാനിക്കേണ്ടി വരുന്നത് ആത്മഹത്യാപരമാണ്.അത് നിങ്ങളുടെ സ്വാതന്ത്ര്യമാണ്.’അടുക്കുന്തോറും അകലുന്ന നിഴലിനെ പ്രാപിക്കാനാഞ്ഞവൻ’ എന്നാൽ ഞാൻ എന്നിലേക്കുതന്നെ, എന്നെത്തന്നെ പ്രാപിക്കാനാണ് ആഞ്ഞത്.

എന്നുവെച്ചാൽ എൻ്റെ പരിപൂർണ്ണമായ ചില സത്യങ്ങളെ പ്രകടിപ്പിക്കാനുള്ള ആത്യന്തികമായ ഒരു ഉൾക്കരുത്തും ആത്മധൈര്യവും ഞാൻ സംഭരിക്കുമ്പോഴും ഏതോ ഒരു ഭയം എന്നെ പിടികൂടുന്നുണ്ട്. ഒരുപക്ഷെ ആ ഭയമാവാം നിഴൽ. ഒരുപക്ഷെ അതു പ്രണയമാവാം.

കാരണം, ഒരു തരത്തിൽ നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന വലിയൊരു രോഗമുണ്ട് – പ്രണയമില്ലായ്മ. സത്യത്തിൽ പ്രണയം എന്നുള്ളത് ഒരു ശരീരത്തിലേക്കല്ല നമ്മളെ കൊണ്ടുപോകുന്നത്. ശരീരം ഒരു പ്രധാനപ്പെട്ട വിഷയമല്ല. ഒരു ഫ്രെയിം മാത്രമാണ്. പക്ഷെ ശരീരവും മനസ്സും ചേർന്ന ഒരു വലിയ സഞ്ചാരമുണ്ട്; പ്രണയമായാലും ആത്മീയതയായാലും മിഥ്യാസഞ്ചാരമായാലും…ഞാൻ എന്നെ തിരയുന്നത് എന്നിലൂടെ മാത്രമല്ല, എന്നിൽ നിന്നും നിങ്ങളിലേക്കും കൂടിയാണ്. എൻ്റെ നിഴലിനെ എനിക്കു ലഭിച്ചാൽ മാത്രമേ എനിക്ക് നിങ്ങളിലേക്ക് സഞ്ചരിക്കാൻ കഴിയൂ. ഞാൻ എന്നത് എൻ്റെ നിഴലും കുടി ചേർന്നതാണ്. ഞാൻ എന്നത് എൻ്റെ ശത്രു കൂടി ചേർന്നതാണ്. എനിക്ക് നിങ്ങളിലേക്ക് സഞ്ചരിക്കണമെങ്കിൽ എൻ്റെ ശത്രു കൂടി എനിക്ക് ആവണം.

ഞാൻ നല്ലൊരു വില്ലനും നല്ലൊരു നായകനും ആവണമെങ്കിൽ ഇതു രണ്ടും ഞാൻ അനുഭവിച്ചിരിക്കണം. എൻ്റെ നിഴൽ എന്നോടൊപ്പമുണ്ടെങ്കിൽ എനിക്ക് നിങ്ങളിലേക്ക് സഞ്ചരിക്കാൻ കഴിയും. അങ്ങനെയാണ് അതു വായിക്കേണ്ടതെന്ന് തോന്നുന്നു.

ഇതൊരു പ്രത്യേക അവസ്ഥയിൽ, രണ്ട് മൂന്ന് വർഷം മുമ്പുള്ള എഴുത്തായിരുന്നു.

12. പോളി എന്ന യാത്രികൻ്റെ രാഷ്ട്രീയം എന്താണ്? ഒന്നു വിവരിക്കാമോ?

പോളി വർഗ്ഗീസ്: അത്യന്തികമായി യാത്രയാണല്ലോ ജീവിതം. നിരന്തരമായി ഒഴുകിക്കൊണ്ടിരിക്കുക എന്നുള്ളതാണ് മനുഷ്യജീവിതത്തിൻ്റെ, എല്ലാ ജീവിതത്തിൻ്റേയും അടിസ്ഥാനം. ഒഴുക്കില്ലാത്ത ഒരു നദി അപകടകരമായ നദിയാണ്. ഒഴുക്കില്ലാത്ത ഒരു കോപ്പയിൽ വെറും വെള്ളം വെച്ചാൽ അതിൽ കൊതുകുകൾ മുട്ടയിടും. നിരന്തരമായി സഞ്ചരിച്ചുകൊണ്ടിരിക്കുക. നിരന്തരമായി ഒഴുകിക്കൊണ്ടിരിക്കുക. നിരന്തരമായി അറിവുകൾ അന്വേഷിച്ചുകൊണ്ടിരിക്കുക.

മനുഷ്യചരിത്രം തന്നെ സഞ്ചാരങ്ങളുടെ ചരിത്രമാണ്. ആഫ്രിക്കയിൽ ജനിച്ച നാം സഞ്ചരിച്ചു സഞ്ചരിച്ച് ഇന്ത്യയിലെത്തി, കാനഡയിലെത്തി, ലോകത്തിൻ്റെ എല്ലാ ഭാഗത്തും എത്തി.

അങ്ങനെ സഞ്ചരിക്കുമ്പോൾ മാത്രമേ നമുക്ക് നമ്മളെ സ്വീകരിക്കാൻ പറ്റുകയുള്ളൂ. ഞാൻ വായിച്ച പുസ്തകങ്ങളേക്കാൾ ഒരുപക്ഷെ ഞാൻ നേരിട്ടു കണ്ട, അനുഭവിച്ച, വണിക്കുകളും വാണിഭക്കാരും തെരുവ് ഗായകരും റിക്ഷാക്കാരുമൊക്കെയാണ് എൻ്റെ യൂണിവേഴ്സിറ്റികൾ. അവരിൽ നിന്നാണ് ഞാനെൻ്റെ ജീവിതത്തെ കണ്ടെടുക്കുന്നത്.

നമ്മൾ ജീവിതത്തെ കണ്ടെടുക്കേണ്ടത് സത്യത്തിൽ ധനികരിൽ നിന്നല്ല. ജീവിതത്തെ കണ്ടെടുക്കേണ്ടത് ഏറ്റവും ദരിദ്രരായ ജനതയിൽ നിന്നാണ്. ഏറ്റവും ദരിദ്രരായവർ, ഏറ്റവും ഒറ്റപ്പെട്ടവർ, തിരസ്കരിക്കപ്പെട്ടവർ, തടവറയിൽ അകപ്പെട്ടവർ… അവരിൽ നിന്നാണ് നമ്മൾ നമ്മളെ കണ്ടെടുക്കേണ്ടത്.

അങ്ങനെ മാലിന്യമില്ലാത്തവരാകാൻ വ്യക്തികളായി ഒഴുകിക്കൊണ്ടേയിരിക്കണം. ആ അർത്ഥത്തിൽ ഞാൻ ശരീരം കൊണ്ട് സഞ്ചരിക്കുന്നു.ശരീരം കൊണ്ടും മനസ്സുകൊണ്ടും സഞ്ചരിച്ചുകൊണ്ടേയിരിക്കുക. നിരന്തമായി സഞ്ചരിച്ചുകൊണ്ടിരിക്കുക. ഈ ഒരു മുറിയിലാണെങ്കിലും മുറിക്കു പുറത്ത് ലോകമുണ്ടെന്ന് തിരിച്ചറിയുക. സഞ്ചാരമാണ് മനുഷ്യനെ സൃഷ്ടിക്കുന്നത്.

മനുഷ്യചരിത്രം തന്നെ സഞ്ചാരങ്ങളുടെ ചരിത്രമാണ്. ആഫ്രിക്കയിൽ ജനിച്ച നാം സഞ്ചരിച്ചു സഞ്ചരിച്ച് ഇന്ത്യയിലെത്തി, കാനഡയിലെത്തി, ലോകത്തിൻ്റെ എല്ലാ ഭാഗത്തും എത്തി.

നമ്മൾ പ്രവാസമെന്ന് ഇതിനെ പറയുമെങ്കിൽ പോലും സത്യത്തിൽ ഇത് പ്രവാസമൊന്നും അല്ല. ഇങ്ങനെയാണ് മനുഷ്യൻ സഞ്ചരിച്ചിട്ടുള്ളത്. മനുഷ്യപരിണാമത്തിൻ്റെ വേറൊരു ഭാഗമായാണ് നിങ്ങൾ കാനഡയിൽ എത്തിപ്പെട്ടത്.

***”അലഞ്ഞുനടക്കുന്നവരെല്ലാം വഴിതെറ്റിയവരാണെന്നു ധരിക്കരുത്!” – ഇതേ അര്‍ത്ഥത്തിലുള്ള ഒരു പ്രയോഗം പലഭാഷകളിലായി കണ്ടിട്ടുണ്ട്. അതവരുടെ കണ്ടെത്തലുകളുടെ യാത്രകളാണ്‌. അത് എളുപ്പമല്ല. എല്ലാം വിട്ടെറിഞ്ഞിറങ്ങിനടക്കാനും, ആ യാത്രകളിലെ പരുപരുത്ത യാഥാര്‍ത്ഥ്യങ്ങളെ നേരിടാനും അസാധാരണമാംവിധമുള്ള ഒരു സിദ്ധി ആര്‍ജ്ജിച്ചവര്‍ക്കുമാത്രമേ അത് കഴിയൂ. ഉപകരണസംഗീതത്തെക്കുറിച്ചും, അതില്‍ത്തന്നെ അപൂര്‍‌വ്വങ്ങളില്‍ അപൂര്‍‌വ്വമായ മോഹന്‍‌വീണയെക്കുറിച്ചും ബാവുല്‍‌സംഗീതത്തെക്കുറിച്ചുമൊക്കെ നാം മലയാളികള്‍ പൊതുവേ അജ്ഞരാണ്‌. അവര്‍ക്കിടയിലാണ്‌ കവി, ഗായകന്‍, മോഹന്‍‌വീണാവാദകന്‍, നടന്‍ നര്‍ത്തകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന നിലകളിലെല്ലാം പ്രതിഭയാര്‍ജ്ജിച്ച പോളി വര്‍ഗ്ഗീസ് പ്രകാശിതനായി നില കൊള്ളുന്നത്.

കനേഡിയന്‍ കൂട്ടായ്മയായ ‘വായനാരാമ’ത്തിന്‍റെ ഒരു സം‌വാദകാലാന്ത്യത്തിലെ അതിഥിയായിരുന്ന പോളിവര്‍ഗ്ഗീസിനോടുള്ള ഹൃദ്യമായ നന്ദിപ്രകാശനത്തിനു പകരമായി ഞങ്ങള്‍ക്കു ലഭിച്ചത് അദ്ദേഹത്തിന്‍റെ മോഹന്‍‌വീണയിലുള്ള ഒരു ശ്രുതിപ്രസാദനമായിരുന്നു.

ഏകോപനം: രാജ് പുരുഷോത്തമൻ

Print Friendly, PDF & Email