നിരൂപണം

വിഭജനങ്ങൾക്കെതിരായ യുദ്ധം നയിക്കുന്ന മീൻ കറിസമകാലിക മലയാളം വാരികയിൽ പ്രസിദ്ധീകരിച്ച ടി അരുൺ കുമാറിൻറെ “മാച്ചേർ കാലിയ “എന്ന കഥ, സമകാലിക യാഥാർത്ഥ്യങ്ങളെ പ്രഖ്യാപനങ്ങൾ ഒന്നുമില്ലാതെ തൊട്ട് രുചിയ്ക്കാൻ പറ്റിയ കഥയാണ് .

കൊച്ചിയിലെ ഫ്ളാറ്റിൽ സ്വച്ഛന്ദ ജീവിതം നയിക്കുന്ന മനുവും, അതിഥിയായി എത്തുന്ന, യു എൻ ജോലിയുമായി ഉലകം ചുറ്റുന്ന കാമുകി യമുനയും, വിശേഷ ദിനങ്ങളിൽ അവർക്ക് കടുകരച്ച മീൻ കറി വെയ്ക്കാനെത്തുന്ന തപനും മകൾ റീമയുമാണ് ഇതിലെ കഥാപാത്രങ്ങൾ.

ലോകം മുഴുവൻ ഒരൊറ്റ ഗ്രാമമായി മാറിയ ഗ്ലോബലൈസേഷൻ കാലത്ത് നിന്ന്, കോവിഡ് കാലമായപ്പോൾ ഓരോ രാജ്യവും, നഗരവും അതിർത്തി വരയ്ക്കുന്ന തിരക്കിലാണ് .

പൗരത്വവും ,രേഖകളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്ന നമ്മുടെ നാട് .

എയർ ഫോഴ്‌സ് കാലത്ത് ബംഗാളി സുഹൃത്തുക്കളോട് ഏറെ അടുത്ത് ഇടപെട്ടിരുന്നു .ഫുട്‍ബോളും സിനിമയും ചിത്രകലയും മീൻ കറിയും ഒക്കെ ഇഷ്ടപ്പെടുന്ന ,സമാന സ്വഭാവമുള്ളവർ . അവരുടെ മീൻ കറി ,കഥയിൽ പ്രതിപാദിക്കുന്നപോലെ ഏറെ പ്രത്യേകതയുള്ളതാണ് .ആദ്യം മീൻ , മസാല പുരട്ടി കടുകെണ്ണയിൽ വറുത്തെടുക്കും .പിന്നീട് കടുകും മഞ്ഞളുമരച്ച അരപ്പിൽ ഉണ്ടാക്കിയെടുക്കുന്ന കറി ഏറെ വിശേഷപ്പെട്ടതാണ് .ആ സമയത്തും ബംഗ്ലാദേശിൽ നിന്ന് കുടിയേറിപ്പാർത്തവരും ,തദ്ദേശീയരായ ബംഗാൾ നിവാസികളും തമ്മിൽ ചിലപ്പോഴൊക്കെ ഒരു ഉരസ്സൽ ഉള്ളത് പോലെ തോന്നാറുണ്ട്.

യൂ എൻ അഭയാർത്ഥി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയുന്ന യമുന തുടക്കത്തിൽ പറയുന്നത് “അഭയാർത്ഥികളോട് ലോകം കടപ്പെട്ടിരിക്കുന്നു. എന്തെന്നാൽ അവർ ചുമന്നു നടക്കുന്നത്, വലിയ വലിയ സംസ്കാരങ്ങളെക്കൂടിയാണ്. ” എന്നാണ്. എന്നാൽ ബംഗാൾ സ്വദേശി തപനെയും മകൾ റീമയെയും കാണുമ്പോൾ യമുന, അവരുണ്ടാക്കിയ മീൻ കറിയുടെ രുചി മറന്ന് അവരുടെ വേരുകൾ തേടുകയാണ്. ആ സംശയത്തിന് റീമ കൃത്യമായ മറുപടി യമുനയ്ക്ക് നൽകുന്നുണ്ട് .”മനുഷ്യന്റെ ചരിത്രത്തെപ്പറ്റി ഒരു പുണ്ണാക്കും നിങ്ങൾക്ക് അറിയില്ല ‘ എന്ന്.

കഥാ ശരീരത്തിൽ ചേരാത്ത ഒരു വിഭവവും ഈ രസക്കൂട്ടിൽ ഇല്ല .

തപന്റെ ചിന്താഗതി വളരെ കൃത്യമാണ്

‘ഒരു മീൻകറി പോലും വിഭജനങ്ങൾക്കെതിരെയായ വലിയ യുദ്ധങ്ങൾ നയിക്കുന്നുണ്ട്. അത് നമ്മൾ, ബുദ്ധിജീവികളായ മനുഷ്യർ എത്ര കണ്ട് തിരിച്ചറിയുന്നുണ്ട് എന്നതിലാണ് കാര്യമിരിക്കുന്നത്.

“ഈ തിരിച്ചറിവ് എല്ലാവരിലും ഉണ്ടാകട്ടെ. പ്രമേയം കൊണ്ടും, ഘടന കൊണ്ടും, ശൈലി കൊണ്ടും കഥ നമ്മളെ സ്പർശിയ്ക്കുന്നു.

Print Friendly, PDF & Email

About the author

മുരളി മീങ്ങോത്ത്

ഇന്ത്യന്‍ വ്യോമസേനയിലായിരുന്നു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.