ലേഖനം

എല്ലാ ബദലുകളും ബദലുകളല്ല.സ്വകാര്യതാ നിയമലംഘനം ആരോപിച്ച് ചൈനീസ് ബന്ധമുള്ള 59 ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. അതിര്‍ത്തിയിലെ കടന്നുകയറ്റത്തിനെതിരെ ഇന്ത്യയുടെ പ്രതിഷേധം എന്ന നിലയിലാണ് ആപ്പുകള്‍ നിരോധിച്ചതെങ്കിലും സ്വകാര്യതാ ലംഘനമാണ് കാരണമായി പുറത്ത് പറഞ്ഞതെന്ന് മാത്രം. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് പ്രവര്‍ത്തനാനുമതി കൊടുത്തപ്പോള്‍ നിയമപ്രശ്നം പറഞ്ഞില്ല എന്ന ചോദ്യവുമുണ്ട്.

നിരോധിച്ച ആപ്പുകളില്‍ പ്രമുഖസ്ഥാനത്തുള്ളത് ‘ടിക്ടോക്’ ആണ്. ഒരു മിനിറ്റില്‍ താഴെയുള്ള വീഡിയോകള്‍ അപ് ലോഡ് ചെയ്യാനും കാണാനുമുള്ള വളരെ യൂസര്‍ ഫ്രണ്ട് ലി ആയ ഒരു ആപ്പാണ് ‘ടിക്ടോക്’. ലോകമെമ്പാടുമുള്ള എണ്‍പത്തഞ്ചു കോടിയോളം ജനങ്ങളാണ് ‘ടിക്ടോക്’ ഒരു ക്രിയേറ്റീവ് പ്ലാറ്റ്ഫോം ആയി ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ മാത്രം ഏകദേശം 46.7 കോടി ആള്‍ക്കാര്‍ ടിക്ടോക് ഉപയോഗിച്ചിരുന്നു. കേരളത്തിലെ അല്ലെങ്കില്‍ ഇന്ത്യയിലെ ഏതെങ്കിലും ഒരു ഗ്രാമത്തില്‍ ഇരുന്ന് തന്റെ അഭിനയ ശേഷിയോ മറ്റ് സര്‍ഗ്ഗാത്മകതയോ കണ്ടെത്തലുകളോ ഒരു മിനിട്ടിനുള്ളില്‍ റിക്കോര്ഡ് ചെയ്ത് ലോകം മുഴുവന്‍ കാണിക്കാനുള്ള അവസരമാണ് മലയാളികള്‍ക്ക്/ഇന്ത്യാക്കാര്‍ക്ക് നഷ്ടമായത്. ലോകമെമ്പാടുമുള്ള നൂറുകണക്കിന് സെലിബ്രിറ്റി അക്കൌണ്ടുകളെ ഫോളോ ചെയ്യുകയും അവരുടെ ക്രിയേറ്റിവിറ്റിയും ജീവിതരീതികളും മനസിലാക്കുകയും ഒരു തരത്തിലുള്ള സാംസ്‌കാരിക വിനിമയം തന്നെയായിരുന്ന ഈ കുഞ്ഞന്‍ വീഡിയോകള്‍ നിരോധിച്ചതിലൂടെ ആയിരക്കണക്കിന് ആരാധകരെയാണ് സര്‍ക്കാര്‍ നിരാശരാക്കിയത്. പുതിയ അറിവുകള്‍ പങ്കുവെക്കുകയും കാണാത്ത കാഴ്ചകള്‍ കാട്ടിത്തരികയും ചെയ്തുകൊണ്ടിരുന്ന ആയിരക്കണക്കിന് പ്രൊഫൈലുകളാണ് നമുക്ക് അപ്രാപ്യമായത്. ഒരു ചെറിയ ശതമാനം ആള്‍ക്കാര്‍ ‘ടിക്ടോക്’ പോലുള്ള മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ട് എന്ന കാര്യം മറച്ചുവെക്കുന്നില്ല.

നിരോധിക്കപ്പെട്ട മറ്റൊരു ആപ്പാണ് ഡോക്യുമെന്റുകള്‍ സ്കാന്‍ ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ‘ക്യാംസ്കാനര്‍’. എന്നാല്‍ ‘ക്യാംസ്കാനര്‍’ നിരോധിച്ചാല്‍ ബദല്‍ ആപ് എന്ന നിലയില്‍ നൂറുകണക്കിന് മറ്റ് ആപ്പുകള്‍ ഇന്ന് നിലവില്‍ ഉണ്ട്. അതുപോലെയല്ല ഒരു സോഷ്യല്‍ മീഡിയ ആപ് നിരോധിക്കുമ്പോള്‍ സംഭവിക്കുന്നത്‌. ഉദാഹരണത്തിന് ഫെയ്സ്ബുക്കോ ട്വിറ്ററോ ഇന്ത്യയില്‍ നിരോധിച്ചാല്‍ എന്ത് സംഭവിക്കും എന്ന്‍ ആലോചിച്ചാല്‍ മതി. ഈ സോഷ്യല്‍ മീഡിയ ആപ്പുകളെല്ലാം വന്‍തോതില്‍ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ട്. അതിന്റെ ഒരു ചെറിയ ഉദാഹരണമാണ്‌ ഗൂഗിളില്‍ നമ്മള്‍ ഒരു സാധനം സേര്‍ച്ച്‌ ചെയ്താല്‍ അടുത്ത പ്രാവശ്യം ഫെയ്സ്ബുക്ക് തുറക്കുമ്പോള്‍ അതിന്റെ സ്പോണ്‍സേര്‍ഡ് പേജ് പ്രത്യക്ഷപ്പെടുന്നത്.

ഒരു ‘സൈബര്‍ ജീവി’ എന്ന നിലയില്‍ ഒളിച്ചു വെക്കാന്‍ ഒന്നുമില്ലാത്ത ഒരു ആഗോള പൌരനായി മാറിയിട്ടുണ്ട് ഇന്ന് നാം ഓരോരുത്തരും. വെബ്സൈറ്റുകളുടെയും ആപ്പുകളുടെയും സ്വകാര്യതാ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെടുമ്പോള്‍ അവ പരിഹരിച്ചു സൈബര്‍ ലോകത്ത് തുടരാനാണ് മുന്‍കാലങ്ങളില്‍ സര്‍ക്കാര്‍ ഈ വക കമ്പനികള്‍ക്ക് നിര്‍ദ്ദേശം കൊടുത്തിരുന്നത്. എന്നാല്‍ ഈ ഇളവ് ഇപ്പോള്‍ നിരോധിച്ച ആപ്പുകള്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. യൂട്യൂബ് പോലെ വരുമാനം ഉപഭോക്താക്കളുമായി പങ്കുവെക്കാത്ത ‘ടിക്ടോക്’ പരസ്യവരുമാനത്തില്‍ നിന്ന് പ്രതിവര്‍ഷം 85-90 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് നേടിയിരുന്നത്. എന്നാല്‍ നല്ലൊരു ശതമാനം ഓഹരികള്‍ ചൈനീസ് കമ്പനികള്‍ കൈവശം വെച്ചിരിക്കുന്ന ‘പേടിഎം’ ‘സോമാറ്റോ’ തുടങ്ങിയവക്ക് എതിരെ ഒരു നടപടിയുമില്ല.

2009 മുതല്‍ ഗൂഗിളും ഫെയ്സ്ബുക്കും ട്വിറ്ററും പോലുള്ള സമൂഹ മാധ്യമങ്ങള്‍ നിരോധിക്കുകയും അവയ്ക്ക് ബദലായുള്ള ആപ്പുകള്‍ ഉപയോഗിക്കുകയും ചെയ്യുന്ന ഒരു രാജ്യമാണ് ചൈന. അവരാണ് ആപ്പുകള്‍ നിരോധിച്ചത് ഇന്ത്യ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നത് എന്നത് മറ്റൊരു തമാശയാണ്. ചില ചൈനീസ് വിമതരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ വേണ്ടി, ഗൂഗിൾ സെർവറുകൾക്കെതിരെ സ്റ്റേറ്റ് സ്പോൺസർ ചെയ്ത സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് 2010ല്‍ ഗൂഗിൾ അതിന്റെ ചൈനയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു. അതിനും ഒരു വര്ഷം മുന്പ് 2009 ജൂലൈയിലെ കലാപത്തെത്തുടർന്ന് ചൈന ഫേസ്ബുക്ക് പ്രവര്‍ത്തനം തടഞ്ഞു, കാരണമായി പറഞ്ഞത് സിൻജിയാങ് സ്വാതന്ത്ര്യ പ്രവർത്തകർ തങ്ങളുടെ ആശയവിനിമയ ശൃംഖലയുടെ ഭാഗമായി ഫേസ്ബുക്ക് ഉപയോഗിക്കുന്നു, തീവ്രവാദികളുടെ വിവരങ്ങൾ നൽകുന്നത് ഫേസ്ബുക്ക് നിഷേധിക്കുന്നു തുടങ്ങിയവയാണ്. ‘ഫെയ്സ്ബുക്കിനു പകരം ‘വീചാറ്റ്’ (WeChat), വാട്സാപ്പിനു പകരം ‘ടെന്സെന്റ്’ (Tencent QQ), ഗൂഗിളിനു പകരം ‘സ്യൂ’ (Zhihu) തുടങ്ങിയവയാണ് ചൈനീസ്‌ ബദലുകള്‍. ഇന്റര്‍നെറ്റ്‌ വഴിയുള്ള വിവരശേഖരണവും കൈമാറ്റവും ഒരു നവലോകത്തില്‍ എത്രമാത്രം പ്രസക്തമാണ് എന്നതാണ് ഇത്തരം ആപ്പുകള്‍ നിരോധിക്കുമ്പോള്‍ നാം ചിന്തിക്കേണ്ടത്.

ടിക്ടോക് ന് പകരം ഇന്ത്യന്‍ ആപ്പുകളായ ‘മിത്രോണ്‍’ ‘ചിങ്കാരി’ തുടങ്ങിയവയാണ് ബദലുകളായി നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ ഈ ആപ്പുകള്‍ ഇന്ത്യക്ക് പുറത്ത് വിദേശരാജ്യങ്ങളിലെ എത്ര പേര്‍ ഉപയോഗിക്കുന്നുണ്ട് എന്നതാണ് ‘ദേശി’ ആപ്പുകള്‍ ടിക്ടോക്പോലുള്ള ആപ്പുകള്‍ക്ക് ശെരിക്കും ബദലുകള്‍ ആണോ എന്ന് തീരുമാനിക്കുന്നത്‌. ഒരു അന്തര്‍ ദേശീയ നിലവാരത്തിലേക്ക് ഇന്ത്യന്‍ ആപ്പുകള്‍ എത്തിപ്പെടാന്‍ എത്രനാള്‍ കാത്തിരിക്കേണ്ടി വരും?

എല്ലാ നിരോധനവും ബദലുകള്‍ക്ക് വഴിവെക്കുകയില്ല. എല്ലാ ബദലുകളും ബദലുകളാവുകയുമില്ല! പൊട്ടക്കിണറ്റിലെ തവളകളെ പോലെ ലോക ചലനങ്ങള്‍ അറിയാതെ പോകുന്ന അടിമകളായ ഒരു ജനവിഭാഗത്തെ സൃഷ്ടിക്കാനേ ഇത്തരം നിരോധനങ്ങള്‍ സഹായിക്കൂ. ഫാസിസ്റ്റുകള്‍ ആഗ്രഹിക്കുന്നതും അതുതന്നെയാണല്ലോ!

Print Friendly, PDF & Email