കവിത നിരൂപണം

കോക്ടെയിൽ അല്ല വാക്ക്ടെയിൽ!രാത്രിയെ പ്രലോഭിപ്പിച്ചൊരു കുപ്പിയിലാക്കി, ബിയറും ഭാവനയും സമാസവും മിക്സു ചെയ്തെഴുതിയതാണ് അരുൺകുമാറിന്റെ “ആകാശം etc” എന്ന പേരിൽ പുറത്തിറങ്ങിയ കവിതകൾ.

‘പർവ്വതങ്ങൾക്കുച്ചിയിലുലാത്തുന്ന
മഴമേഘങ്ങളുടെ കാവൽക്കാരാ,
ഇന്നു രാത്രിത്തന്നെ ആ തൂവൽ കൊണ്ട് ഗിറ്റാർ മീട്ടി
ഈയുറക്കത്തിൽ നിന്ന് കനംകുറഞ്ഞ മറ്റൊരു ഉറക്കത്തിലേക്ക്
മാറ്റി കിടത്തുന്നുണ്ട് നിന്നെ ഞാൻ’
എന്ന വരികളിൽ നിന്നു തന്നെ അതു വ്യക്തമാണല്ലോ!
കവിതയുടെ ആത്മാവു തേടി അയാൾ പുസ്തകം മുഴുവൻ അലഞ്ഞു നടക്കുന്നുണ്ട്.

‘ആരുടെയോ ദേഹത്തിൻറെ
മഴനിഴൽ പ്രദേശത്തിനപ്പുറത്തേക്ക്
നഗ്നതയുടെ കുപ്പായം ധരിച്ചു പായുന്നവരേ, നിങ്ങളുടെ ചവിട്ടു
താളങ്ങളിലാണ്
ഇനി തിരമാലകൾ കുതിക്കുക,
ഹൃദയങ്ങൾ സ്പന്ദിക്കുക, കുലുക്കുഴിയുക’.

അതെ, കൊടുങ്കാറ്റിലെ കോഴിക്കൂടാകുന്നുണ്ട് അരുൺ പ്രസാദിന്റെ വാക്കിൻറെ ആകാശം!

ആദ്യ പേജുകളിൽ തന്നെയുള്ള ’15 വയസ്സിൽ നാടുവിട്ട..’ എന്ന വിവർത്തനകവിത ഒരു ചാട്ടുളി പോലെ വായനക്കാരുടെ നെഞ്ചിൽ തറച്ചുകയറും. പതിനഞ്ചു വയസ്സിൽ സ്വന്തം ചിറ്റപ്പനാൽ ദുരുപയോഗിക്കപ്പെട്ട്, ഭാവിയിൽ എഴുത്തുകാരിയായി ത്തീർന്ന ഹെതർ മാർട്ടിന്റെ ജീവിത തുടിപ്പുകൾ പേജുകളിൽ സ്പന്ദിക്കുമ്പോൾ എന്തിനെന്നറിയാതെ നമ്മൾ നാദിയ മുറാദിനെ ഓർക്കും. നിവർന്നുനിന്നു കൊണ്ടവൾ പറയുന്നു,

‘ചിറ്റപ്പാ നിങ്ങൾക്കിനിയെന്നെ
തൊട്ടു നോക്കാനാവില്ല.
ഈ ദേഹം അമ്പിന്റെ ആകൃതിയിൽ പറന്നിറങ്ങിയ ഒരു
പക്ഷിക്കൂട്ടത്തിനു തീറ്റിയായി കൊടുക്കുവാൻ ഞാൻ തീരുമാനിച്ചു’.
വേദനകൾ അയാൾക്കു തന്നെ തിരികെ നൽകി ആത്മാഭിമാനത്താൽ ജ്വലിക്കുകയാണ് ഹെതർമാർട്ടിൻ.

പക്ഷേ ‘രൂപാന്തരീകരണം’ പോലെ പിന്നീടു വരുന്ന ചില കവിതകളാകട്ടെ വാക്കുകളുടെ ചതുപ്പുനിലങ്ങളായ് മാറുന്നു.

‘ബാഡ് റൊമാൻസ്’ എന്ന കവിതയും അതേ ഫീൽ ആണു തരുന്നത്.

പക്ഷേ ‘ബ്രേക്കപ്പ് പാർട്ടി’യിലൂടെ വീണ്ടും തഴച്ചു വളർന്ന്
രോമാഞ്ചങ്ങളുടെ കാടുകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. കവിതയെ തിരക്കഥാ രൂപത്തിൽ ഒടിച്ചു മടക്കി അവതരിപ്പിക്കുന്നുണ്ട്, അമ്പരപ്പിക്കുന്നുണ്ട്.

‘ഡ്രാക്കുള’ എന്ന കവിതയിൽ നെരൂദയുടെ കുതിരവണ്ടിയുടെ
കുളമ്പടികൾ കേൾക്കാം,
നേർത്ത ശബ്ദത്തിലാണെങ്കിലും.

പക്ഷേ ‘ഹോമോഫോബിയ’യിലൂടെ താഴേക്ക് ഒരൊറ്റ വീഴ്ചയാണ്.
വാക്കുകളുടെ ചെളിക്കുണ്ടുകൾ, അതിന്റെ ചൂരു പകരുന്ന
തിക്കുമുട്ടലുകൾ- ഇവയിൽ നിന്നു വമിക്കുന്ന ദുർഗന്ധത്തെ
ഇതനുഭവേദ്യമാക്കുന്നു.

‘വൈറസ്’ എന്ന കവിതയാകട്ടെ ഒരു വിപ്ലവമാണ്. പക്ഷേ വാക്കിൻറെ പഴന്തുണിക്കെട്ടുകൾ ആണീ വിപ്ലവത്തിന്റെ ഊടുംപാവും എന്നുമാത്രം.

‘റൂത്ത്..’ എന്ന കവിതയിലൂടെ വീണ്ടും അരുൺ വാക്കിന്റെ രാത്രികളെ മെരുക്കുന്നു. സ്വന്തം തുടയിറച്ചി അതിനു വാഗ്ദാനം ചെയ്യുന്നു.

നഗരമാംസം മണക്കുന്ന
മുറികളും ചുറ്റുപാടുകളും കൊണ്ടുണ്ടാക്കപ്പട്ടതാണ്
അരുണിന്റെ കവിതാ ബിംബങ്ങൾ.അതുകൊണ്ടാവണം പലപ്പോഴും വാക്കിൻറെ ഒരു ആൾക്കൂട്ടം ആകുന്നുണ്ടവ. ‘സഹവാസ’ത്തിൽ പറയുന്നതുപോലെ ‘ഭാരം കൂടി ചില്ല ഒടിഞ്ഞു വീഴുന്നു’.

ഈ പാപമെല്ലാം കഴുകിക്കളയുന്നുണ്ട് സഹവാസം എന്ന മേൽപ്പറഞ്ഞ കവിത. ഒരുപക്ഷേ, ഈ സമാഹാരത്തിലെ ഏറ്റവും മികച്ചത്.
‘ഉള്ളിലേക്ക് ,ഉള്ളിലേക്ക്’ ആകട്ടെ കഥയാണ്; സ്വപ്നം പോലൊന്ന്.
പക്ഷേ, ചതുപ്പു മണ്ണിൽ ചവിട്ടി കുഴച്ചാണതിന്റെ നിർമ്മിതി എന്നു മാത്രം.

തുടർന്ന് സുതാര്യമായ ശരീരത്തിൽ ഉന്മാദപ്പൂ ചൂടി വരുന്ന രണ്ട് കവിതകളുണ്ട്;’ബയോവെപ്പൺ’ പിന്നെ’ഗ്യാങ്സ്റ്റർ’.
‘ഇനിയാർക്കു വേണ്ടിയും കാത്തു നിൽക്കുന്നില്ല’- അതാകട്ടെ കവിതയുടെ മുഖത്തെ നുണക്കുഴിയാണ്.!
ദാ, വീണ്ടുമൊരു കൂപ്പുകുത്തൽ, ‘സാഡിസ്റ്റ്’ എന്ന കവിതയിലൂടെ,
സ്വയം* ഗം ചെയ്തു കൊണ്ട് വായിക്കേണ്ട കവിത.
“ആക്സിലേറ്ററിൽ കാലുകൾ അമർത്തുമ്പോഴുള്ള നിൻറെ എൻജിന്റെ
ഇരമ്പലുകളുണ്ടല്ലോ..
ഗിറ്റാറുകൾ, ആയിരമായിരം ഗിറ്റാറുകൾ ചെവിയിൽ
പൊഴിഞ്ഞു വീഴുന്നു’.
എന്ന വരികളിലൂടെ വീണ്ടും കവിതയുടെ വിരൽച്ചില്ല തുടുക്കുന്നുണ്ട്.

പീഡോഫീലിക് നിറങ്ങൾ ചാലിച്ച ഒരു കവിത 186-ആം പേജിൻറെ ഭിത്തിയിൽ നിന്ന് വഴുക്കുന്നുമുണ്ട്. കവിതകൾക്ക് കയ്പുരസമേറുന്നു എന്നു തോന്നിയതു കൊണ്ടാകണം അവസാന പേജുകളിൽ ‘മരണഹൂറി’ എന്നൊരു മാസ്മരിക രചന അയാൾ കോറിയിട്ടത്.

നിഗൂഢതയുടെ വലയങ്ങളാൽ ചുറ്റപ്പെട്ട്, പെണ്ണായി മാറി സ്വന്തം സുഹൃത്തിനെ പ്രാപിക്കാൻ ആശിക്കുന്ന ഒരുവന്റെ പാരവശ്യം അതിൽ കാണാം.

‘തേഞ്ഞു തീരാറായ നിൻറെ മെതിയടിയിൽ ഒരിക്കൽ കാലുകൾ
ആഴ്ത്തിയപ്പോൾ
നിൻറെ കാലുകളുടെ തഴമ്പിച്ച ചൂട് വന്നെന്നെ കൊത്തി’
എന്ന വരികളിലതു തെളിയുന്നു!

ഇങ്ങനെ നായകനും പ്രതിനായകനുമായി അരുൺ തൻറെ പുസ്തകത്തിൻറെ പേജുകളിലൂടെ തൂലികയും പടവാളുമായി ചുറ്റിയടിക്കുന്നു.

Print Friendly, PDF & Email