COLUMNS de Facto

സംഭവങ്ങളുടെ മുറിയിലെ മീശയും ലജ്ജയുംലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയും അക്ഷരങ്ങള്‍ക്ക് മരണവാറണ്ട് പുറപ്പെടുവിക്കുന്നതില്‍ പിന്നിലായില്ല : റുഷ്ദിയുടെ സാത്താനിക് വെഴ്‌സസ് മുതല്‍ ലജ്ജയും, പോളിയെസ്റ്റര്‍ പ്രിന്‍സും വരെ വിവിധ ഇന്ത്യന്‍ സര്‍ക്കാരുകള്‍ നിരോധിച്ച് മാതൃകയായി. 'ക്രിസ്തുവിന്റെ ആറാംതിരുമുറിവ് ' മുതല്‍ 'മീശ' വരെ നീളുന്ന അക്ഷരഹത്യയുടെ / വയലൻസിന്റെ ചരിത്രം നമ്മള്‍ മലയാളികള്‍ക്കുമുണ്ടല്ലോ.

ചരിത്രത്തില്‍ ഏറ്റവുമധികം കഴുവേറ്റപ്പെട്ടിട്ടുള്ളത് ഒരു ദ്വയമാണ് – മനുഷ്യനും അവന്റെ അക്ഷരങ്ങളും. പ്രത്യയശാസ്ത്രഭേദങ്ങളില്ലാതെ, എല്ലാവരും അക്ഷരങ്ങളെ കൂട്ടക്കൊല ചെയ്യുന്നു. അതിന്റെ ചരിത്രം ഒരു പക്ഷേ മനുഷ്യന്‍ ലിഖിതവിദ്യ കണ്ടെത്തിയ കാലത്ത് തന്നെ തുടങ്ങിയതാണെന്ന് പറയേണ്ടിവരും. എഴുതപ്പെട്ട ഒന്നിന്റെ സ്ഥായിയായ നിലനില്‍പ്പിന് വേണ്ടി പുതുതായി എഴുതപ്പെടുന്ന മറ്റൊന്ന് ബലികൊടുക്കപ്പെടുന്നു. പഴയഅക്ഷരക്രമങ്ങള്‍ക്ക് വേണ്ടി പുതിയഅക്ഷരക്രമങ്ങള്‍ കൊല്ലപ്പെടുന്ന കാഴ്ച ചരിത്രത്തിലുടനീളം ഉള്ളതാണ്.

വംശീയഉന്‍മൂലനം പോലെ ഏകാധിപതിയായമനുഷ്യന്‍ ആവര്‍ത്തിച്ചു പരീക്ഷിച്ച ഒന്നാണ് സാംസ്‌ക്കാരികഉന്‍മൂലനവും.

ഉദാഹരണത്തിന് ആദ്യമെഴുതപ്പെട്ട മതപുസ്തകങ്ങള്‍ക്ക് വേണ്ടി പിന്നീട് വന്ന മതപുസ്തകങ്ങള്‍, മതപുസ്തകങ്ങള്‍ നിലനിര്‍ത്താനായി കുരുതി കൊടുക്കപ്പെട്ട ശാസ്ത്രപുസ്തകങ്ങള്‍, ശാസ്ത്രത്തിന്റെ ധാര്‍മികതയേയോ, മാനവികതയില്ലായ്മയേയോ ചോദ്യം ചെയ്ത എഴുത്തുകളെ ആക്രമിക്കാന്‍ ശാസ്ത്രത്തിനും മടിയുണ്ടായില്ല എന്നതാണ് ഇതിന്റെ അസംബന്ധപൂര്‍ണമായ മറ്റൊരു തുടര്‍ച്ച. ചുരുക്കത്തില്‍ ഓരോരുത്തരും മതമൗലികവാദിയെന്നോ, ഫാസിസ്റ്റെന്നോ, കമ്മ്യുണിസ്റ്റ് എന്നോ ഭേദമില്ലാതെ ഏറ്റവുമാദ്യം, എല്ലാക്കാലത്തും കഴുവേറ്റിയത് അക്ഷരങ്ങളെ ആയിരുന്നൂവെന്ന് കാണാം. തൂക്കിലേറ്റപ്പെട്ട അക്ഷരങ്ങളുടെ അമര്‍ന്നുപോയ നിലവിളിയാല്‍ നമ്മുടെ ചരിത്രം പാപപങ്കിലമായിക്കിടക്കുന്നു. എന്തിന് ഈ പാപത്തില്‍ നിന്നും ജനാധിപത്യഇന്ത്യ പോലും മോചിതമല്ല. ജനാധിപത്യത്തിന്റെ പരാധീനതയായ പ്രീണനരാഷ്ട്രീയത്താല്‍ കഴുവേറ്റപ്പെട്ട അക്ഷരങ്ങള്‍ ഇന്ത്യയുടെ ദേശ ശരീരത്തിലും ചിതറിക്കിടപ്പുണ്ട്.

വംശീയഉന്‍മൂലനം പോലെ ഏകാധിപതിയായമനുഷ്യന്‍ ആവര്‍ത്തിച്ചു പരീക്ഷിച്ച ഒന്നാണ് സാംസ്‌ക്കാരികഉന്‍മൂലനവും. ഗ്രന്ഥപ്പുരകള്‍ ചുട്ടുകരിക്കലാണ് ഇതിലെ പ്രധാനനടപടി. ഗ്രന്ഥശാലകള്‍ ഇല്ലാതാക്കുന്നതിലൂടെ ആശയങ്ങളുടെ സാമൂഹികവ്യാപനത്തെ ഇല്ലാതാക്കാമെന്ന് ഇവര്‍ കരുതുന്നു. ഒരു ചെറിയ പന്തം കൊണ്ട് ഒരു വലിയ സംസ്‌ക്കാരത്തെയും ചരിത്രത്തെയും അറിവിന്റെ ശേഖരത്തെയും വര്‍ത്തമാനത്തില്‍ നിന്ന് മായിച്ചു കളയാമെന്നത് പ്രത്യയശാസ്ത്രഭ്രാന്തന്‍മാരെ സംബന്ധിച്ച് വലിയ സാധ്യതയാണ്. അക്ഷരങ്ങളാണ് ഒരേ സമയം അവരുടെ സാധ്യതയും പോരായ്മയും. അതുകൊണ്ടവര്‍ ചില അക്ഷരങ്ങള്‍ മായിച്ചു കളഞ്ഞ് പകരം പുതിയത് എഴുതിച്ചേര്‍ക്കുന്നു. വര്‍ത്തമാനകാല ഇന്ത്യയില്‍ പാഠപുസ്തകങ്ങളും, ചരിത്രഗവേഷണവും, സാംസ്‌ക്കാരിക-രാഷ്ട്രീയചരിത്രവുമെല്ലാം തിരുത്തപ്പെടുന്നത് നമ്മള്‍ ഇങ്ങനെ കാണുന്നതാണല്ലോ. ഇത് പക്ഷെ പുതുതല്ല. ചരിത്രത്തിലുടനീളം ഈ അക്ഷരക്കുരുതി നടത്താന്‍ ആരും പിന്നിലായിരുന്നില്ല. കമ്മ്യൂണിസ്റ്റുകാരനും, സാമ്രാജത്വവാദിയും, ഫാസിസ്റ്റുമെല്ലാം അവരവരുടെ കഴുമരങ്ങള്‍ ഇതിനായി മാത്രം മത്സരിച്ചു പണിതുയര്‍ത്തിയത് ചരിത്രത്തിന്റെ നാല്‍ക്കവലയില്‍ ഒരു വിലാപം പോലെ നില്‍പ്പുണ്ട്. ചരിത്രത്തിലേക്ക് തിരിഞ്ഞ്, അധിനിവേശത്തിന്റെ പടയോട്ടങ്ങളിലേക്ക് നോക്കിയാല്‍ കാണാം, എല്ലാവരും ഗ്രന്ഥപ്പുരകള്‍ക്ക് തീകൊടുക്കാനൊരു പന്തം കരുതിയിരുന്നു എന്ന്.

ഇത് അപരിഷ്‌കൃത മനുഷ്യന്റെ കൈത്തൈറ്റായിരുന്നു എന്ന് നമ്മള്‍ കരുതിത്തുടങ്ങുമ്പോള്‍ നാം പിന്നെയും തോറ്റുപോകുക മാത്രം ചെയ്യുന്നു. രാഷ്ട്രീയവിപ്‌ളവങ്ങളുടെയും സാമൂഹികവിപ്‌ളവങ്ങളുടെയും കാലത്തും ഇക്കഥ തുടരുന്നു. കഴുമരത്തില്‍ നിന്ന് ഗില്ലറ്റിനിലേക്കും, വൈദ്യുതക്കസേരയിലേക്കും അവിടെ നിന്ന് വിഷസൂചിയിലേക്കുമെല്ലാം നരഹത്യ ആധുനീകരിക്കപ്പെട്ട പോലെ നിരോധനത്തിലേക്കും സെന്‍സര്‍ഷിപ്പിലേക്കുമെല്ലാം അക്ഷരങ്ങളുടെ മരണക്കുരുക്ക് പുതുക്കപ്പെട്ടു. പാസ്തര്‍നക്കിന്റെ ഡോക്ടര്‍ ഷിവാഗോയും, ഡാനിയല്‍ ഡിഫോയുടെ റോബിന്‍സണ്‍ ക്രൂസോയും വരെ സോവിയറ്റ് യൂണിയനില്‍ നിരോധിക്കപ്പെട്ടതാണ്. മനുഷ്യന്റെ സാമൂഹികശക്തിയെ കുറച്ചു കാണിക്കുന്നു എന്നതായിരുന്നു റോബിന്‍സണ്‍ ക്രൂസോയില്‍ കമ്മ്യൂണിസ്റ്റുകാര്‍ കണ്ട കുറ്റം എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലാവുമല്ലോ ഇവരുടെ തലച്ചോര്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് എങ്ങനെയാണെന്ന്. മതരാഷ്ട്രങ്ങളിലെയും മറ്റിടങ്ങളിലെയും നിരോധനത്തിന്റെ കണക്കൊന്നും തല്‍ക്കാലം ഇവിടെ പറയുന്നില്ല. അതിനായി ഒരു പുസ്തകം തന്നെ വേറെ എഴുതാവുന്നതാണെന്ന് ആര്‍ക്കാണ് അറിയാത്തത് ? ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയും അക്ഷരങ്ങള്‍ക്ക് മരണവാറണ്ട് പുറപ്പെടുവിക്കുന്നതില്‍ പിന്നിലായില്ല : റുഷ്ദിയുടെ സാത്താനിക് വെഴ്‌സസ് മുതല്‍ ലജ്ജയും, പോളിയെസ്റ്റര്‍ പ്രിന്‍സും വരെ വിവിധ ഇന്ത്യന്‍ സര്‍ക്കാരുകള്‍ നിരോധിച്ച് മാതൃകയായി. ‘ക്രിസ്തുവിന്റെ ആറാംതിരുമുറിവ് ‘ മുതല്‍ ‘മീശ’ വരെ നീളുന്ന അക്ഷരഹത്യയുടെ / വയലൻസിന്റെ ചരിത്രം നമ്മള്‍ മലയാളികള്‍ക്കുമുണ്ടല്ലോ.ഇനി നമുക്ക് ആദ്യം സൂചിപ്പിച്ച സംഗതിയിലേക്ക് മടങ്ങിവരാം. ചരിത്രത്തിൽ എല്ലാക്കാലത്തും അക്ഷരങ്ങളെ കഴുവേറ്റിയിരുന്നുവെന്നാണല്ലോ നാം പറഞ്ഞു വച്ചത്. വർത്തമാന കാലത്തും അത് നടന്നു പോകുന്നതിന്റെ നിസഹായമായ കാഴ്ച തുടരുക തന്നെയാണ്. അതങ്ങനെയേ വരൂ എങ്കിലും.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ സുരക്ഷാഉപദേഷ്ടാവായിരുന്ന ജോണ്‍ ബോള്‍ട്ടന്റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമായ ‘ ദി റൂം വെയര്‍ ഇറ്റ് ഹാപ്പന്‍ഡ് ‘ പുറത്തിറങ്ങിയത് ഇക്കഴിഞ്ഞ ജൂണ്‍ ഇരുപത്തിമൂന്നിനാണ്. സെന്‍സേഷണലിസത്തിലൂടെ കാശുണ്ടാക്കാനാനണ് ബോള്‍ട്ടന്‍ ശ്രമിക്കുന്നതെന്ന് ട്രമ്പും അനുയായികളും ആരോപിച്ചു. എങ്കിലും ഒരു പുസ്തകം പുറത്തുവരുന്നതിന് മുമ്പ് അതിനെ ചാപ്പയടിക്കാനുള്ള ശ്രമം ആധികാരികതയില്ലായ്മ കൊണ്ട് തന്നെ സംശയിക്കപ്പെടും. ഇനി ബോള്‍ട്ടന്റെ പുസ്തകം അത്തരമൊരു പരിശ്രമമാണ് എന്ന് തന്നെ ഇരിക്കട്ടെ, കാലം ആ പുസ്തകത്തെ ചവറ്റുകുട്ടയിലേക്ക് എറിഞ്ഞുകൊണ്ട് മറുപടി നല്‍കുമെന്ന് പ്രത്യാശിക്കുകയാണ് ആത്മവിശ്വാസത്തിന്റെ മാര്‍ഗമെന്നത്. എന്നാല്‍ ട്രമ്പ് ഇതൊന്നും ചെയ്തില്ല. പുസ്തകം പുറത്തിറങ്ങാതിരിക്കാന്‍ നിയമപരമായും അല്ലാതെയും സാധ്യമായ വഴികളത്രയും അദ്ദേഹം തേടി. ഭാഗ്യവശാല്‍ മരണക്കുരുക്കില്‍ ബോള്‍ട്ടന്റെ അക്ഷരങ്ങള്‍ തൂങ്ങിയാടിയില്ല. ഫെഡറൽ കോടതി ട്രമ്പിന്റെ വാദമുഖങ്ങൾ തളളി. പുസ്തകമിപ്പോള്‍ ലോകവിപണിയിലുണ്ട്.

മനുഷ്യരും മനുഷ്യരും തമ്മില്‍ മാത്രമല്ല യുദ്ധം. അവരുടെ അക്ഷരങ്ങളും പരസ്പരം യുദ്ധം ചെയ്യുകയാണ്. ജയിക്കുന്നവരുടെ അക്ഷരങ്ങള്‍ തോല്‍ക്കുന്നവരുടെ അക്ഷരങ്ങളെ കൂട്ടക്കൊല ചെയ്യുന്നു.

ഹോംഗ്‌കോങ്ങിന്റെ ജനാധിപത്യപരിശ്രമങ്ങള്‍ക്ക് മേല്‍ ചൈനീസ് സാമ്രാജത്വം കരിനിയമങ്ങളാല്‍ മാത്രമല്ല ഇടപെടുന്നതെന്ന് അവിടെ നിന്ന് വരുന്ന വാര്‍ത്തകളും തെളിയിക്കുന്നു. അക്ഷരങ്ങളെ തൂക്കിലേറ്റുന്ന കിരാതവിദ്യയില്‍ നിന്ന് ‘വൻ ശക്തി’കള്‍ക്കും മോചനമില്ലെന്നത് എത്ര പരിഹാസ്യവും ഭീതിജനകവുമാണെന്ന് നാം മനസ്സിലാക്കുന്നു. ഹോങ്ങ്‌കോങ്ങിലെ ജനാധിപത്യവാദികള്‍ എഴുതിയ പുസ്തകങ്ങള്‍ അവിടങ്ങളിലെ ലൈബ്രറികളില്‍ നിന്ന് അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കയാണ്. ചൈന പുതിയ ദേശീയ സുരക്ഷാനിയമം ഹോംഗ്‌കോങ്ങിന് ബാധകമാക്കിയതിന് ശേഷമാണ് ഈ പുസ്തകങ്ങള്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങിയതെന്ന് കൂടി നമ്മള്‍ മനസ്സിലാക്കണം.

ചുരുക്കത്തില്‍ സമാന്തരമായൊരു യുദ്ധം കൂടി ചരിത്രത്തിലുടനീളം നടന്നുകൊണ്ടിരിക്കുന്നു. മനുഷ്യരും മനുഷ്യരും തമ്മില്‍ മാത്രമല്ല യുദ്ധം. അവരുടെ അക്ഷരങ്ങളും പരസ്പരം യുദ്ധം ചെയ്യുകയാണ്. ജയിക്കുന്നവരുടെ അക്ഷരങ്ങള്‍ തോല്‍ക്കുന്നവരുടെ അക്ഷരങ്ങളെ കൂട്ടക്കൊല ചെയ്യുന്നു. അക്ഷരങ്ങള്‍ക്കായി പുതിയ ബലിപീഠങ്ങളും മരണമുറികളും ഒരുങ്ങുന്നു. സ്വരങ്ങളും വ്യഞ്ജനങ്ങളും അവിടെ പിടഞ്ഞു തീരുന്നു. നമ്മുടെ കാലവീഥിക്കിരുപുറവും അവയുടെ ജഡങ്ങള്‍ കുന്നുകൂടുന്നു. അത് കണ്ടില്ലെന്ന് നടിച്ച് , സ്മാര്‍ട്ട്‌ഫോണുകളിലേക്ക് കുനിഞ്ഞ് നാം വേഗതയില്‍ എങ്ങോട്ടോ നടക്കുന്നു.

Print Friendly, PDF & Email

About the author

ടി. അരുണ്‍കുമാര്‍

കേരളകൗമുദിയിൽ ദീർഘനാൾ പത്രാധിപസമിതി അംഗം ആയിരുന്നു, ഇപ്പോൾ  സ്വതന്ത്ര മാധ്യമപ്രവർത്തകൻ, ആനുകാലികങ്ങളിലും, പ്രമുഖ ഓൺലൈൻ മാധ്യമങ്ങളിലും എഴുതുന്നു. കഥാരചനക്കുള്ള കേരളസർവകലാശാലയുടെ വി പി ശിവകുമാർ എൻഡോവ്മെന്റ്, മാധ്യമരംഗത്തെ മികവിന് ഇൻഡിവുഡ് മീഡിയ എക്സലെൻസ്‌ അവാർഡ് എന്നിവ നേടിയിട്ടുണ്ട്. "ചീങ്കണ്ണിയെ കടലിൽ ചുട്ടത് " ആദ്യ കഥാസമാഹാരം