LITERATURE പ്രതികരണം സംവാദം 

എച്ച്‌മുക്കുട്ടി – അതിജീവനത്തിന്‍റെ ഒറ്റമരംഎൺപതുകളിൽ ആനുകാലികങ്ങളിലൂടെ എഴുത്തിൻ്റെ ലോകത്തു സാന്നിധ്യമറിയിച്ച എച്ച്മുക്കുട്ടിയാണ് ജൂൺ 21 നു വായനാരാമത്തോടു സംവദിക്കാനെത്തിയത്. 'എച്ച്മുവോട് ഉലകം' എന്ന ബ്ലോഗിലൂടെയാണ് വായനക്കാരുടെ ഹൃദയങ്ങളിൽ എച്ച്മു സ്ഥാനമുറപ്പിച്ചത്. ആദ്യ സമാഹാരമായ അമ്മീമ്മക്കഥകളിലൂടെ എച്ച്മു താൻ അമ്മീമ്മയെന്നു വിളിക്കുന്ന മുത്തശ്ശിയുടെയുടെ അനിതര സാധാരണമായ ജീവിതം വരച്ചിടുന്ന എച്ച്മുക്കുട്ടി 'വേറിട്ടു മാത്രം കത്തിയമരുന്ന ശരീരങ്ങൾ' എന്ന നോവലിലൂടെ അരികുവത്ക്കരിക്കപ്പെടുന്ന ഭിന്നലിംഗക്കാരുടെ നോവാഴങ്ങളിലേക്കു അനുവാചകരെ എത്തിക്കുന്നു. 'എച്ച്മുക്കുട്ടിയുടെ കഥകൾ' 'ജീവിത'മാണ്, 'വ്യാഴവട്ടങ്ങളിൽ ചിതറിത്തെറിക്കുന്നത്', 'ഇതെൻ്റെ രക്തമാണിതെൻ്റെ മാംസമാണെടുത്തുകൊള്ളുക' എന്നിവയാണ് എച്ച്മുക്കുട്ടിയുടെ മറ്റു കൃതികൾ. കപട മുഖംമൂടിധാരികൾ സമൂഹത്തിൽ വിതറിയ നുണകളുടെ നാരായവേരുകൾ പിഴുതെടുക്കാൻ, സ്വന്തം ജീവിതം തന്നെ ബലിയർപ്പിക്കേണ്ടി വന്നത്, ഫോണിൽ എഴുതിയ ഏറ്റവും വലിയ മലയാള പുസ്തകമായി വായനക്കാർക്കു നൽകിയ എച്ച്മുക്കുട്ടിയെ, ആർജ്ജവമുള്ള എഴുത്തും നിലപാടുകളുമുള്ള എച്ച്മുക്കുട്ടിയെന്ന വ്യക്തിയെ കൂടുതലായറിയുവാൻ വായനാരാമത്തിൻ്റെ സംവാദത്തിലേക്ക് ...

1. “നോ ഫ്രണ്ട് ബട്ട് ദി മൗണ്ടൻസ്” എന്ന ബെഹ്‌റൂസ് ബുച്ചാനിയുടെ പുസ്തകം തടവിൽ കഴിയുമ്പോഴുള്ള അദ്ദേഹത്തിൻ്റെ മൊബൈൽ ഫോൺ സന്ദേശങ്ങളാണ്. പേർഷ്യൻ ഭാഷയിൽ സുഹൃത്തിനയച്ച സന്ദേശങ്ങൾ ഇംഗ്ലീഷിൽ മൊഴിമാറ്റം ചെയ്തു പുസ്തകമായി പ്രസിദ്ധീകരിക്കുകയാണുണ്ടായത്. അതു പോലെ ഫോണുപയോഗിച്ചു സോഷ്യൽ മീഡിയയിൽ എഴുതപ്പെട്ട ആത്മകഥാപരമായ പുസ്തകമാണ് “ഇതെൻ്റെ രക്തമാണിതെൻ്റെ മാംസമാണെടുത്തു കൊള്ളുക” എന്നത്. ഈ പുസ്തകം സാഹിത്യലോകം മാറ്റി നിർത്തിയെന്ന വായനക്കാരുടെ തോന്നലിൽ തെറ്റുണ്ടോ? ഇംഗ്ലീഷിലേക്കു മൊഴിമാറ്റാനുള്ള സാധ്യതയുണ്ടോ?

എച്ച്മുക്കുട്ടി: എൻ്റെയറിവിൽ ഇതുവരെ ആരുംതന്നെ പുസ്തകം ഇംഗ്ലീഷിലേക്കു മൊഴിമാറ്റം ചെയ്യാനാവശ്യപ്പെടുകയോ അതിനുവേണ്ടി പരിശ്രമിക്കുകയോ ചെയ്തിട്ടില്ല. അതിനായി മലയാളവും ഇംഗ്ലീഷും നന്നായി കൈകാര്യം ചെയ്യുന്നവരാരും ഇതുവരെ എന്നെ സമീപിച്ചിട്ടുമില്ല. കഥാകൃത്തായ ജോർജ് ജോസഫ് ഒരിക്കലെന്നോടു പറഞ്ഞിരുന്നു, മറ്റു ഭാഷകളിലേക്കു ഈ പുസ്തകം മൊഴിമാറ്റം ചെയ്യപ്പെടണമെന്ന്. അതിനു തയ്യാറുള്ള സുഹൃത്തുക്കളുണ്ടോ എന്നുമദ്ദേഹം ചോദിച്ചിരുന്നു. എനിക്കങ്ങനെയുള്ള പരിചയങ്ങളൊന്നുമില്ല. ഇതുവരെയാരും എന്നോട് അങ്ങനെ ചോദിക്കുകയോ മൊഴിമാറ്റം ചെയ്യാൻ താല്പര്യം അറിയിക്കുകയോ ചെയ്തിട്ടില്ല.

‘ഇതെൻ്റെ രക്തമാണ് ഇതെന്റെ മാംസമാണെടുത്തു കൊള്ളുക’ എന്നുള്ള ആത്മകഥ സോഷ്യൽ മീഡിയയിൽ എഴുതിത്തുടങ്ങിയതു വേറെ പേരിലായിരുന്നു. എഴുതിത്തുടങ്ങുമ്പോൾ അതിനെന്തു പേരിടണമെന്നെനിക്കു യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. ആദ്യം ‘മതക്കുറിപ്പുകൾ’ എന്ന പേരിലാണു തുടങ്ങിയത്. ജീവിതത്തിൽ കുറെഭാഗം മതത്തിന്റെ കടന്നുകയറ്റമാണല്ലോ എന്നുള്ളതുകൊണ്ടാണത്. പിന്നെയെനിക്കുതന്നെ അതു ശരിയാകാത്ത പോലെ തോന്നി. അപ്പോൾ ഞാനതിനു ‘ദില്ലി കുറിപ്പുകൾ’ എന്നു പേരിട്ടു. ജീവിതം ദില്ലിയിലേക്കു മാറുന്ന സാഹചര്യങ്ങളുണ്ടായിരുന്നല്ലോ. എന്നാൽ, അതും ഉചിതമായി തോന്നിയില്ല. പിന്നെയാണ് ബൈബിളിലെ വാചകം “ഇതെൻ്റെ രക്തമാണ് ഇതെൻ്റെ മാംസമാണെടുത്തു കൊള്ളുക” എന്ന പേരിൽ തുടർന്നെഴുതിയത്.അതൊരു 60-70 ഭാഗമായപ്പോൾത്തന്നെ, അച്ചടിക്കാൻ തയ്യാറാണെന്നു ഡി.സി പറഞ്ഞിരുന്നു . പക്ഷേ ഡി.സി ബുക്സ് അതിനുമുമ്പും കഥകൾ അച്ചടിക്കാമെന്നു പറയുകയും രണ്ടുമൂന്നു വർഷമായി കഥകൾ അവരുടെ കൈയിൽ വയ്ക്കുകയും ചെയ്തിട്ടുണ്ട്. എനിക്കു വായനക്കാരില്ല എന്നായിരുന്നുഅച്ചടിക്കാത്തതിനെക്കുറിച്ചു അവരുടെ പബ്ലിക്കേഷൻ ഡിപ്പാർട്ട്മെൻറ് പറഞ്ഞത്. അതുകൊണ്ട് അവരെൻ്റെ കഥകൾ പ്രസിദ്ധീകരിച്ചില്ല. പിന്നീട് ചിന്ത പബ്ലിക്കേഷൻ്റെ കൈയിൽ കൊടുത്തു. ഒരു വർഷമെടുത്തെങ്കിലും ‘എച്ച്മുക്കുട്ടിയുടെ കഥകൾ’ എന്ന പുസ്തകം അവർ പുറത്തിറക്കി. അതാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കാമെന്ന് ഡി.സി പറഞ്ഞെങ്കിലും ഞാൻ അവരെ വിശ്വാസത്തിലെടുക്കാതിരുന്നത്. 60-70 ഭാഗങ്ങളിലുള്ളതിനേക്കാൾ സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകൾ ഇനിയും ചെയ്യാനുണ്ടെന്നു എനിക്കറിയാമായിരുന്നു. അതെല്ലാം പ്രസിദ്ധപ്പെടുത്തുമെന്നുറപ്പില്ലാത്തതിനാൽ ഞാൻ വിശ്വസിച്ചില്ലെന്നുള്ളതാണു സത്യം. എന്നാൽ, രണ്ടുമൂന്ന് അഭിമുഖങ്ങളും മറ്റും നടന്നതു കൊണ്ട് ഈ എഴുത്ത് കുറച്ചുകൂടി ശ്രദ്ധിക്കപ്പെടുകയുമുണ്ടായി. ഞാൻ എഴുതിക്കഴിഞ്ഞ് അധികം വൈകാതെ തന്നെ ഈ പുസ്തകം ഡി.സി പ്രസിദ്ധീകരിക്കുകയും ചെയ്തു. ‘ഇതെൻ്റെ രക്തമാണ് മാംസമാണെടുത്തു കൊള്ളുക’ എന്നു ഞാൻ എഴുതിയ സമയത്താണ് ബാലചന്ദ്രൻ ചുള്ളിക്കാട് അതിൽ ഒരു പ്രധാന കഥാപാത്രമായി വരുന്നത്. പുസ്തകം, പ്രസിദ്ധീകരിക്കുന്ന സമയത്താണ് ഡി.സി അതിനെക്കുറിച്ച് എന്നോട് പറഞ്ഞത്. നമുക്ക് പുസ്തകത്തിൻ്റെ പേര് ബാലചന്ദ്രൻ്റെ കവിതയിലെ രണ്ടു വരികളാക്കി മാറ്റാമെന്ന്. എനിക്കു തോന്നിയത് പേരിന് ഓട്ടോറിക്ഷ വിളിച്ചു പോകാനുള്ള ദൂരമുണ്ടല്ലോന്നാണ്. അത്രയും വലിയൊരു പേരു വേണോന്ന് ഞാൻ ചോദിച്ചപ്പോൾ അവർ പറഞ്ഞത് എച്ച്മുക്കുട്ടിയെന്ന് വലുതാക്കിയും മറ്റേത് ചെറുതാക്കിയും എഴുതുകയുള്ളൂ എന്നാണ്. ബാലചന്ദ്രൻ്റെ പുസ്തകത്തിൽ നിന്നു വരികളെടുക്കാമോയെന്ന് ഡി.സി ചോദിക്കുകയും അദ്ദേഹത്തിനു വിരോധമൊന്നുമില്ലെന്നു അറിയിക്കുകയുമുണ്ടായി. അങ്ങനെ ആ പേര് തീരുമാനിക്കപ്പെടുകയും പുസ്തകം ആ രീതിയിൽത്തന്നെ പുറത്തിറങ്ങുകയും ചെയ്തു.

അയ്യപ്പൻ മോശമായി പെരുമാറിയെന്നൊരാൾ എഴുതുമ്പോൾ നിങ്ങളങ്ങനെ പെരുമാറിയില്ലേ എന്നാരെങ്കിലും തിരിച്ചു ചോദിക്കും. അതുകൊണ്ടാണ് പുരുഷ എഴുത്തുകാർ അതിനെക്കുറിച്ചു സംസാരിക്കാത്തത്. പിന്നെ സുന്ദരികളായ സ്ത്രീകളെഴുതുന്നതെന്തും ആളുകൾ വായിക്കും എന്നൊക്കെപ്പറയും.

നമ്മുടെ പ്രഗത്ഭരായ സാഹിത്യകാരന്മാരൊന്നും ആ പുസ്തകത്തെ കണ്ടതായി നടിച്ചിട്ടില്ല. ഒരു ചെറിയ ഫേസ്ബുക്ക് കുറിപ്പു പോലും ശ്രദ്ധിക്കുകയും ഇടപെടുകയും ചെയ്യുന്ന മീഡിയകളോ അച്ചടി- ഓൺലൈൻ മാധ്യമങ്ങളോ അതിനെക്കുറിച്ചു മിണ്ടിയിട്ടില്ല. പല സ്ത്രീയെഴുത്തുകാരും ഫെമിനിസ്റ്റുകളും ഫോണിൽ വിളിച്ചു പറയും, അവർ പുസ്തകത്തെക്കുറിച്ചെഴുതുമെന്ന്. പക്ഷേ അവരാരും എഴുതില്ലെന്നെനിക്കുറപ്പാണ് . പുരുഷ എഴുത്തുകാരെ സംബന്ധിച്ചാണെങ്കിൽ പ്രധാന പ്രശ്നം ഞാൻ അയ്യപ്പനെയും ഡി. വിനയചന്ദ്രനെയുമൊക്കെ ഒരളവോളം വെളിപ്പെടുത്തിയെന്നുള്ളതാണ്. വേറെയൊരാൾ ചെയ്തതു ശരിയല്ല എന്നു ചൂണ്ടിക്കാണിക്കുമ്പോൾ നിങ്ങളങ്ങനെ ചെയ്തിട്ടുണ്ടല്ലോ എന്നൊരു ചോദ്യം വരും. ആ ചോദ്യം വരുമെന്നുറപ്പുള്ള ഒരാളും ആ സംഭവത്തിനെ ചൂണ്ടിക്കാണിക്കുകയോ പറയുകയോ ചെയ്യില്ല. അയ്യപ്പൻ മോശമായി പെരുമാറിയെന്നൊരാൾ എഴുതുമ്പോൾ നിങ്ങളങ്ങനെ പെരുമാറിയില്ലേ എന്നാരെങ്കിലും തിരിച്ചു ചോദിക്കും. അതുകൊണ്ടാണ് പുരുഷ എഴുത്തുകാർ അതിനെക്കുറിച്ചു സംസാരിക്കാത്തത്. പിന്നെ സുന്ദരികളായ സ്ത്രീകളെഴുതുന്നതെന്തും ആളുകൾ വായിക്കും എന്നൊക്കെപ്പറയും. മറ്റൊന്ന്, ഇങ്ങനെയുള്ള പീഡനങ്ങളുണ്ടായി പതിനഞ്ചു ദിവസത്തിനകം തുറന്നുപറയണമെന്നൊക്കെ അല്ലെങ്കിൽ അതിനു വിലകല്പിക്കേണ്ടതില്ല എന്നൊക്കെ നമ്മുടെ പ്രഗല്ഭരായ എഴുത്തുകാർ സംസാരിക്കുകയുണ്ടായി. എന്നാൽ, പുസ്തകത്തെക്കുറിച്ച് ഒരക്ഷരം പോലും പറഞ്ഞില്ല. ഫെമിനിസ്റ്റുകൾ, വനിതായെഴുത്തുകാർ തുടങ്ങിയവരെ സംബന്ധിച്ച പ്രധാന പ്രശ്നം മറ്റൊന്നാണ്. കേരളത്തിലെ ഫെമിനിസ്റ്റുകളെയെല്ലാം മാമോദീസ മുക്കിയിട്ടുള്ളത് സാറടീച്ചറാണ്. അപ്പോൾ ടീച്ചറെ തുറന്നു കാണിച്ചത് നമ്മുടെ ഫെമിനിസ്റ്റുകൾക്കു പറയാൻ ബുദ്ധിമുട്ടുണ്ട്. ടീച്ചറുടെ എഴുതുവാനുള്ള പ്രതിഭയൊന്നും ഞാൻ ചോദ്യം ചെയ്യുന്നില്ല. അതിനോടൊക്കെ എനിക്കു വളരെ ആദരവും ബഹുമാനവുമാണ്. ടീച്ചർ എഴുതുന്നതെല്ലാം വായിക്കാറുണ്ട്. അതു വേറെ കാര്യം. പക്ഷേ എനിക്കിങ്ങനെയൊരു കാര്യമുണ്ടായപ്പോൾ ടീച്ചർ പറയുന്ന സ്ത്രീബോധ്യങ്ങൾ എൻ്റെ കാര്യത്തിൽ ചെയ്യാൻ സാധിച്ചില്ല എന്നതിനേക്കാൾ ടീച്ചർ ഒരു ഡബിൾ ഗെയിം കളിച്ചു എന്നതാണേറ്റവും സങ്കടകരമായ കാര്യം. അതൊക്കെ പറഞ്ഞിരിക്കുന്ന പുസ്തകത്തെക്കുറിച്ചു സംസാരിക്കുന്നതും എഴുതുന്നതും ബുദ്ധിമുട്ടുള്ളതു കൊണ്ടാണ് സ്ത്രീ എഴുത്തുകാരും ഫെമിനിസ്റ്റുകളും മൗനമായിരിക്കുന്നത്. എല്ലാവരും ഫോൺ ചെയ്യുമ്പോൾ അതിനെക്കുറിച്ചു സംസാരിക്കും പക്ഷേ അവരാരും പരസ്യമായി എഴുതുകയില്ലെന്നു എനിക്കു വ്യക്തമായി അറിയാം. ഒരു വർഷത്തോളമായി പുസ്തകം ഇറങ്ങിയിട്ട്… ആ പുസ്തകം വായിക്കുന്നത് സാധാരണ മനുഷ്യരാണ്. സത്യത്തിൽ അവരാണ് എന്നെ സന്തോഷിപ്പിക്കുന്നത്. ഇന്നു രാവിലെ പുസ്തകം വായിച്ച ഒരമ്മ എന്നോടു സംസാരിച്ചു. സാധാരണക്കാരായ മനുഷ്യരാണ് എന്നെ വിളിക്കുന്നതും പുസ്തകത്തെക്കുറിച്ചൊക്കെ പറയുന്നതും. കാനഡയിലുള്ള നിങ്ങൾ എന്നോടു സംസാരിക്കുന്നു. അതുപോലെ ഫിൻലാൻഡ്, റഷ്യ തുടങ്ങി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നു മലയാളം അറിയുന്ന ആളുകൾ വിളിക്കുന്നതും ഇമെയിൽ അയയ്ക്കുന്നതും വളരെ സന്തോഷകരമാണ്. ഞാൻ ഇങ്ങനെയെൻ്റെ മുറിവുകളെക്കുറിച്ചു സംസാരിക്കുമെന്നു വിചാരിച്ചതല്ല. ചില പ്രത്യേക ഉന്തലുകൾ, തള്ളിയിടലുകളാണ് എന്നെ അതിലേക്കു കൊണ്ടെത്തിച്ചത്. അതുകൊണ്ട് സാധാരണക്കാരുടെ വായനയാണ് എന്നെ സന്തോഷിപ്പിക്കുന്നത്.

2. പ്രശസ്തിയുടെ പരമോന്നതിയിൽ നിൽക്കുന്ന പൊയ്മുഖങ്ങളെ അനാവരണം ചെയ്തപ്പോൾ വരും വരായ്കകളെപ്പറ്റി ആശങ്കപ്പെടാതെ മുന്നോട്ടു നയിച്ച പ്രചോദനം എന്താണ്‌?

എച്ച്മുക്കുട്ടി: ഞാനതു എഴുതുന്ന കാലത്ത്, എല്ലാത്തരം വരുംവരായ്കകളേയും എന്റെ ജീവിതത്തിൽ നേരിട്ടു ‌കഴിഞ്ഞിരുന്നു. ജീവിതമേ വേണ്ട , കല്ലിലടിച്ച പൂങ്കുല പോലെ അവസാനിപ്പിച്ചു പോകേണ്ടിയിരുന്ന ഒരവസ്ഥയിൽ നിന്നാണ്‌ ഞാൻ പിന്നീടുളള ഓരോ അടിയും പെറുക്കിവെച്ചു മുമ്പോട്ടു വന്നത്‌. നമ്മൾ നഷ്‌ടങ്ങളുടെ അവസാനത്തെ പടിയിലേക്കെത്തിക്കഴിയുമ്പോൾപ്പിന്നെ വരുംവരായ്കകളൊന്നും നമ്മളെ ഭയപ്പെടുത്തുകയില്ല എന്നതാണ്‌ എൻ്റെ ജീവിതപാഠം. എനിക്കു വീടില്ലാതായി. അഡ്രസ്സില്ലാതായി. റേഷൻകാർഡിൽ നിന്നു എൻ്റെ പേരു വെട്ടിക്കളയുന്നു. ഞാൻ തീവണ്ടിയിലെ ജനറൽ കമ്പാർട്ടുമെന്റുകളിൽ തലങ്ങും വിലങ്ങും യാത്ര ചെയ്യുന്നു. എനിക്കുടുക്കാനുളള വസ്ത്രം ഞാൻ മറ്റുളളവരോട്‌ ചോദിക്കുന്നു.അതെല്ലാം ഞാനനുഭവിക്കുന്ന കാലത്ത്, അന്ന് കേരള സ്റ്റേറ്റ് ഹെൽത്ത്‌ സർവീസസിൻ്റെ അഡീഷണൽ ഡയറക്ട്ടറുടെ മകളാണ്. എന്നിട്ടാണ്‌ ഡൽഹിയിൽ എനിക്കുടുക്കാനുളള വസ്ത്രം വേറെ ഒരാളോടു ചോദിക്കുന്ന ഒരവസ്‌ഥ വന്നത്. അങ്ങനെ ഒരവസ്‌ഥയിലേക്കു നമ്മൾ എത്തിക്കഴിയുമ്പോൾ, ഇവരെ കൊണ്ടാടുന്ന മനുഷ്യരുടെ മുൻപിൽ, അവരെക്കുറിച്ച്‌ ഞാൻ എഴുതുന്ന സമയത്ത്‌, എൻ്റെ ഭൂതകാലം എനിക്കു തന്നിട്ടുളള എല്ലാ മുറിവുകളും എനിക്കു പകർന്ന ഒരു വല്ലാത്ത ധൈര്യമുണ്ട്‌. എന്തൊക്കെയാണ്‌ ഒരു മനുഷ്യനു ജീവിതത്തിൽ നഷ്ടപ്പെടുക? എനിക്ക്‌ എൻ്റെ പേര്‌, വീട്‌ , ജോലി , മകൾ എല്ലാം നഷ്ടമായി. പിന്നെ ആരുമില്ലായ്മ. കണ്ണൻ എന്നെ സഹായിക്കാനുണ്ട്‌ എന്നു പറയുമ്പോഴും എനിക്കു കണ്ണനുമായിട്ടുളള ബന്‌ധം ഇന്നതാണെന്നോ, അല്ലെങ്കിൽ സമൂഹത്തിനു മുൻപിൽ ഇയാൾ എൻ്റെ സുഹൃത്താണെന്നോ പറഞ്ഞു ബോധിപ്പിക്കാൻ പറ്റിയില്ല. അപ്പോൾ ആ ബന്‌ധം, ഒരു അവിഹിതബന്‌ധമായിട്ടു മാത്രമേ നമ്മുടെ സമൂഹം കാണുകയുളളൂ. അതിൻ്റെ നടുക്കാണ് ‌ ഞാൻ നിൽക്കുന്നത്‌. ഈ പ്രപഞ്ചത്തിൽ ഞാൻ ഒറ്റയ്ക്കാണ്‌. ഒരാൾ പോലും എൻ്റെ കൂടെയില്ല. തിരിച്ച്‌ എൻ്റെ വീട്ടിൽ കയറാൻ എനിക്കു പറ്റില്ല. കണ്ണൻ്റെ വീട്ടിൽ കയറാൻ എനിക്കു പറ്റില്ല. എനിക്ക്‌ ഒരു സ്‌ഥലത്തും പോകാനില്ല. ആകെ ഒറ്റപ്പെട്ടു. അങ്ങനെയുള്ളൊരാൾ, അത്രയും അനുഭവങ്ങളിൽ കൂടി കടന്നു പോന്നിട്ടുളള ഒരാൾ, ആ ആളെ ഇങ്ങനെയെല്ലാം ദ്രോഹിച്ച മനുഷ്യരെക്കുറിച്ച്‌ സംസാരിക്കുമ്പോൾ അവരുടെ പ്രശസ്തി ഇയാളെ സംബന്‌ധിച്ച്‌ എങ്ങനെയാണ്‌ ഒരു പ്രധാനപ്പെട്ട കാര്യമായി മാറുന്നത്‌. അവരുടെ പ്രശസ്തിയെന്ന് പറയുന്നത്‌ കാപട്യത്തിൽ പൊക്കിയിട്ടുളള പ്രശസ്തിയാണ്‌. അയ്യപ്പൻ്റെ കവിതകൾ വളരെ ഗംഭീരമാണെന്നും ആ കവിതകൾ എഴുതിയ ആൾ വേറെ ആണെന്നും ശരിക്കുമുളള അയ്യപ്പൻ വേറെ ആണെന്നും ആളുകൾ എന്നോടു ‌ വാദിച്ചിട്ടുണ്ട്‌. എനിക്കു യാതൊരു വിരോധവും ഇല്ല. അയ്യപ്പൻ്റെ കവിതകൾ പ്രതിഭയുടെ സ്ഫുരണങ്ങളാണെന്നും അസാമാന്യ പ്രതിഭാശാലിയായ എഴുത്തുകാരനാണെന്നും ആയിക്കൊളളട്ടെ, എനിക്ക്‌ ഒരു കാര്യത്തിലേ നിർബന്‌ധമുളളൂ. ആ കവിതകൾ നിങ്ങൾക്ക്‌ ആസ്വദിക്കുവാൻ കഴിയും. അത്‌ സന്തോഷമുളള കാര്യമാണ്‌. പക്ഷേ അതേ തലത്തിൽ അത്‌ എന്നോട്‌ ആസ്വദിക്കുവാൻ നിങ്ങൾ പറയരുത്‌. അതു ‌ പറയാനുളള അവകാശം ആർക്കുമില്ല. അയ്യപ്പൻ്റെ വേറൊരു രൂപം കണ്ടിട്ടുളള എന്നോട്‌ ആ കവിതകൾ പ്രതിഭാധനൻ്റെ കവിതകളാണെന്ന്, അതിനെ നിങ്ങളാസ്വദിക്കുന്ന പോലെ ആസ്വദിക്കണം എന്ന് എന്നോട്‌ പറയരുത്‌. ഞാൻ അങ്ങോട്ട്‌ പറയുന്നില്ല, നിങ്ങളത്‌ ആസ്വദിക്കരുതെന്ന് . അതുകൊണ്ട്‌ ആ പ്രശസ്തിയോ അവരുടെ സൽപ്പേരോ എന്നെ ബാധിക്കുന്നില്ല. എൻ്റെ മുറിവുകളിലൂടെ നടന്ന്, തല കല്ലിലടിക്കുന്ന പോലെയുളള ജീവിതാനുഭവങ്ങളിലൂടെ നടന്നു കഴിയുമ്പോൾ ഈ പ്രശസ്തിയെല്ലാം കാപട്യത്തിൻ്റെ പുറത്തുണ്ടായതാണ് ‌ എന്ന തിരിച്ചറിവുണ്ടാകുകയും അതിനെക്കുറിച്ച്‌ സംസാരിക്കാനായി യാതൊരു ബുദ്ധിമുട്ടും തോന്നാത്ത ഒരവസ്ഥയിലേക്ക്‌ എത്തുകയും ചെയ്തു.

തോട്ടി എന്ന പേരു പറയുന്നതു തന്നെ എന്തോ ഒരു പ്രശ്നം പോലെയാണ്. തോട്ടിവേലയും സ്ത്രീധന നിരോധന നിയമം പോലെയാണ്. ഇന്ത്യയിൽ സ്ത്രീധനം നിയമപരമായി നിരോധിച്ചിരിക്കുന്നു . പിന്നെ ആരും സ്ത്രീധനം വാങ്ങുന്നില്ല എന്നാണു സങ്കല്പം. അതുപോലെ തോട്ടിവേലയും നിരോധിച്ചിരിക്കുന്നു. പിന്നെ ആരും ആ ജോലി ചെയ്യുന്നില്ല എന്നാണു നമ്മുടെ സങ്കല്പം.

3. തകഴിയുടെ ‘തോട്ടിയുടെ മകൻ’, പി. സുരേന്ദ്രൻ്റെ ‘ഈശ്വരൻ്റെ നേരങ്ങൾ’ തുടങ്ങിയ രചനകൾ പോലെ “തോട്ടികൾ” എന്നു വിളിച്ച് അകറ്റിനിർത്തുന്ന മനുഷ്യജന്മങ്ങളെക്കുറിച്ച് എച്മു എഴുതിയിട്ടുണ്ട്. ആ അനുഭവങ്ങൾ പങ്കുവയ്ക്കാമോ?

എച്ച്മുക്കുട്ടി: വളരെ സങ്കടമുള്ള ഒരു കാര്യമായിരുന്നത്. അതിൽ എഴുതിയിട്ടുള്ള കാര്യങ്ങളെല്ലാം തന്നെ തികച്ചും പരമാർത്ഥമാണ്. എനിക്കാ സമയത്ത് താമസിക്കാനുള്ള സൗകര്യമില്ലായ്മ, ആ സമയത്തുള്ള ഒറ്റപ്പെടൽ, വീട്ടിൽ ഒരസൗകര്യമുണ്ടാകുമ്പോൾ ആരേയും വിളിച്ചു പറയാൻ സാധിക്കാത്തൊരു അവസ്ഥ, സഹായത്തിനു ആരുമില്ലാത്ത അവസ്ഥ ഒക്കെയുണ്ടായിരുന്നു.മലയാളി സ്ത്രീകൾ എന്നാൽപൊതുവെ അറിയപ്പെടുന്നത് നഴ്സുമാർ അല്ലെങ്കിൽ വരേണ്യവർഗ്ഗത്തിൽപ്പെട്ട ആരെങ്കിലുമാണെന്നാണ്. പിന്നെ സദാചാരം അവർക്കു പ്രശ്നമാണ്. വൃത്തി പ്രശ്‌നമാണ്. അങ്ങനെയൊക്കെയുള്ള പല പ്രശ്നങ്ങളുടെ ഇടയിൽ ഒരു ബാത്ത്റൂം പോലും കിട്ടാത്ത ഒരു പരിതസ്ഥിതി ജീവിതത്തിലുണ്ടായിട്ടുണ്ട്. ആ കുറിപ്പിൽ എഴുതിയിട്ടുള്ള എല്ലാ കാര്യങ്ങളും അതുപോലെ ഉണ്ടായതു തന്നെയാണ്.

അങ്ങനെയാണ് ചന്ദൻ എന്നു പറയുന്ന ആളുടെയടുത്തെത്തുന്ന അവസ്ഥയുണ്ടാകുന്നത്. ആ കുഞ്ഞുങ്ങൾ വീട്ടിൽ വരുന്ന അവസ്ഥയുണ്ടാകുന്നതും. പിന്നീട് അവരുടെ കോളനികളിൽ ഞാൻ പോയിട്ടുണ്ട്.പലപ്പോഴും അവരുടെ സ്ത്രീകൾ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ രാത്രിയാവുന്നതു വരെ കാത്തിരിക്കുന്നതു കണ്ടിട്ടുണ്ട്. തെരുവുകളിൽ സാധാരണ ധാരാളം വെളിച്ചമുണ്ടാകും. ആ വെളിച്ചം ഒന്നു മങ്ങിയതിനു ശേഷമേ അവർക്കു കുറ്റിക്കാടുകൾ അന്വേഷിച്ചു പോകാനാവൂ. അങ്ങനെയുള്ള ജീവിത പരിതസ്ഥിതികൾ ഞാൻ കണ്ടിട്ടുണ്ട്. അവിടെയുള്ള ഒരുപാടു സ്ത്രീകളും പുരുഷന്മാരും ഡൽഹിയിലും ജയ്പൂർ, ബീഹാർ, ഉത്തർപ്രദേശ് അങ്ങനെ പലയിടങ്ങളിലും സമയം വൈകുന്നതു വരെ കാത്തിരിക്കുകയും മറ്റും ചെയ്യുന്നതു കണ്ടിട്ടുണ്ട്. അവരിൽ ഒരുപാടു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും പിന്നീട് ക്ഷയരോഗാശുപത്രിയിലൊക്കെ ചെന്നുപെടുകയും ചെയ്യുന്നുണ്ട്. ഏറെ ദുരിതമാർന്ന ജീവിതം നയിക്കുന്ന ഒരുപാടു പേർ തോട്ടിക്കോളനികളിൽ ഉണ്ട്. തോട്ടി എന്ന പേരു പറയുന്നതു തന്നെ എന്തോ ഒരു പ്രശ്നം പോലെയാണ്. തോട്ടിവേലയും സ്ത്രീധന നിരോധന നിയമം പോലെയാണ്. ഇന്ത്യയിൽ സ്ത്രീധനം നിയമപരമായി നിരോധിച്ചിരിക്കുന്നു . പിന്നെ ആരും സ്ത്രീധനം വാങ്ങുന്നില്ല എന്നാണു സങ്കല്പം. അതുപോലെ തോട്ടിവേലയും നിരോധിച്ചിരിക്കുന്നു. പിന്നെ ആരും ആ ജോലി ചെയ്യുന്നില്ല എന്നാണു നമ്മുടെ സങ്കല്പം. നമുക്കങ്ങനെ സങ്കൽപ്പത്തിൻ്റെ കരിമ്പടം മൂടി എത്രകാലം വേണമെങ്കിലും മുമ്പോട്ടു പോകാം. പക്ഷെ ഇതൊക്കെ ഇപ്പോഴും നടക്കുന്ന കാര്യങ്ങൾ തന്നെയാണ്. ഇതൊന്നും ഉന്മൂലനം ചെയ്തിട്ടില്ല. ഇനി കോവിഡാനന്തര കാലത്ത് എന്താവും എന്നറിയില്ല.ആ കുറിപ്പിൽ എഴുതിയിട്ടുള്ള കാര്യങ്ങളെല്ലാം എൻ്റെ സ്വന്തം അനുഭവങ്ങളാണ്. മറ്റാരുടേയും അനുഭവങ്ങൾ പകർത്തിയതല്ല. ഞാൻ കടന്നുപോയ പരിതസ്ഥിതിയാണ്. അങ്ങനെയുള്ള ദിവസം എൻ്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. പിന്നീട്, അവരുമായി കൂടുതൽ അടുത്തിടപഴകാനും അവരുടെ വീടുകളിൽ ചില്ലറ റിപ്പയർ വർക്കുകളിൽ പങ്കെടുക്കാനും അവരുടെ കുട്ടികളോടു സംസാരിക്കാനും ഒരു പരിശ്രമം എനിക്കു പറ്റാവുന്ന രീതിയിൽ നടത്തിയിട്ടുണ്ട്. ഇപ്പോൾ അതിലൊരു സന്തോഷമുള്ള കാര്യമെന്താണെന്നു വെച്ചാൽ ചന്ദൻ്റെ കുട്ടികൾ വലുതായി. അവർക്കു ഡൽഹി അഡ്മിനിസ്റ്റ്രേഷനിൽ ചെറിയ ജോലികൾ കിട്ടിയിട്ടുണ്ട് . അതൊരു സന്തോഷമുള്ള കാര്യമാണ്. അങ്ങനെ ചിലരുടെ ജീവിതമെങ്കിലും നന്നായി വന്നിട്ടുണ്ടെന്ന് ആരെങ്കിലും ഫോൺ ചെയ്യുമ്പോൾ എനിക്കറിയാൻ കഴിയുന്നുണ്ട്.എന്നാൽപ്പോലും ഈ ദുരിതങ്ങളെല്ലാം ഇപ്പോഴും നിലവിലുണ്ടെന്നുള്ളതു തന്നെയാണ് സത്യം. അത് ‘തോട്ടിയുടെ മകൻ’ വായിച്ചതുകൊണ്ടെഴുതിയ കുറിപ്പല്ല. അത്, രണ്ടു ദിവസത്തെ എൻ്റെ സ്വന്തം അനുഭവങ്ങളാണ്. സ്വയം അനുഭവിച്ച കാര്യങ്ങൾ മാത്രമാണ് എഴുതിയിട്ടുള്ളത്.

ഇന്ത്യയിലെ സാധാരണ മനുഷ്യർ, പങ്കുവയ്ക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യമെന്നത് അവരുടെ ദാരിദ്ര്യവും പിന്നോക്കാവസ്ഥയും ജീവിക്കാനുള്ള നിവൃത്തിയില്ലായ്മയുമൊക്കെയാണ്. കേരളത്തിലുള്ള നമുക്കത് വളരെ അത്ഭുതകരമായിത്തോന്നും.

4. ചേരിയിൽ ജീവിക്കുന്നവരെക്കുറിച്ച് , പുറമ്പോക്കിൽ ജീവിക്കുന്നവരെക്കുറിച്ച്, ഗ്രാമങ്ങളിൽ ജീവിക്കുന്നവരെക്കുറിച്ചുമൊക്കെ എഴുതിയ അതി തീക്ഷ്ണമായ അനുഭവക്കുറിപ്പുകളാണല്ലോ ‘ജീവിതമാണ്’ എന്ന പുസ്തകം. വെള്ളത്തിൽ ഉപ്പെന്നപോലെ ഭൂമിയിൽ അലിഞ്ഞു ചേർന്നേക്കാവുന്ന കുറേപ്പേർ. ..എഴുത്തുകാരിക്ക് അവരിൽ കാണാൻ പറ്റുന്ന ‘നാനാത്വത്തിൽ ഏകത്വം’ എന്തായിരിക്കുമെന്നറിയാൻ ആഗ്രഹമുണ്ട്?

എച്ച്മുക്കുട്ടി: നാനാത്വത്തിൽ ഏകത്വം എന്നു നമ്മൾ ഇന്ത്യയെക്കുറിച്ചു പറയുകയാണെങ്കിൽ, ഇന്ത്യയിലെ സാധാരണ മനുഷ്യർ, പങ്കുവയ്ക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യമെന്നത് അവരുടെ ദാരിദ്ര്യവും പിന്നോക്കാവസ്ഥയും ജീവിക്കാനുള്ള നിവൃത്തിയില്ലായ്മയുമൊക്കെയാണ്. കേരളത്തിലുള്ള നമുക്കത് വളരെ അത്ഭുതകരമായിത്തോന്നും. കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാൾ വേറൊരു തലത്തിൽ നിൽക്കുന്ന ഒരു സംസ്ഥാനമാണ്. ഒരു പക്ഷെ, യൂറോപ്യൻ ജീവിതരീതിയോടു കുറേക്കൂടി അടുത്തുവന്നിട്ടുള്ള ഒരു സംസ്ഥാനമാണ് കേരളം. കേരളത്തിൻ്റെ മേൽത്തട്ട് എന്തായാലും അങ്ങനെത്തന്നെയാണ്. കേരളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടു സഹിക്കുന്ന ആളുകൾ നമ്മുടെ ആദിവാസി ജനവിഭാഗമാണ്. അവർക്കിപ്പോഴും ഒരുപാടു പ്രയാസങ്ങൾ കേരളത്തിലുണ്ട്.പക്ഷെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ കേരളത്തിലേതു പോലെയല്ല. ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ നാനാത്വത്തിൽ ഏകത്വം എന്നു പറഞ്ഞാൽ അവരുടെ ഈ കഷ്ടപ്പാടുകളുടെ പങ്കുവയ്‌പ്പാണ്‌. ബാക്കിയുള്ള പങ്കുവയ്പ്പുകൾ എന്നു പറയുന്നത് ഒരു ഭാംഗ് കലക്കിയ പാനീയം കുടിക്കുന്നതു പോലെയേയുള്ളൂ. അതുമല്ലെങ്കിൽ ഒരുത്സവം അല്ലെങ്കിൽ ഒരാഘോഷം എന്നു പറയുന്നതു പോലെയേ ഉള്ളൂ. അത് കുറച്ചു ദിവസത്തേക്ക്, അല്ലെങ്കിൽ കുറച്ചു നേരത്തേക്കുള്ള പങ്കുവയ്ക്കൽ മാത്രമാണ്. ശാശ്വതമായി അവർ പങ്കു വയ്ക്കുന്നത് ഈ ദുരിതമാണ്. ദുരിതങ്ങളുടെ പങ്കു വയ്പ്പാണ്, ഇന്ത്യയുടെ മിക്കവാറും സംസ്ഥാനങ്ങളിലുള്ള ജനങ്ങളുടെയും ഞാൻ കണ്ട ഏകത്വം എന്നു പറയുന്നത് അവരുടെ കഷ്ടപ്പാടുകളാണ് . അവരിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വേറെ വേറെ രീതിയിലുള്ള കഷ്ടപ്പാടുകളുണ്ട്. അവർ പൊതുവായി നേരിടുന്ന കഷ്ടപ്പാടുകൾ വേറെയും ഉണ്ട്. എന്നാലും ആഘോഷങ്ങളോ സന്തോഷങ്ങളോ ജീവിത നിലവാരങ്ങളുടെ ഉയർച്ചയോ ഒന്നുമല്ല അവർ പങ്കുവയ്ക്കുന്ന ഏകത്വം.

സാമ്പത്തിക സ്വാതന്ത്ര്യമുണ്ടെങ്കിൽ ചില കാര്യങ്ങൾ നമുക്ക് നടത്തിക്കിട്ടാൻ എളുപ്പമായിരിക്കും. ഭക്ഷണം കിട്ടാൻ എളുപ്പമായിരിക്കും. ഇത് ഒരു പ്രധാന കാര്യമായി എനിക്ക് പറയാൻ തോന്നാറുണ്ട്. പിന്നൊന്ന്, സ്വാതന്ത്ര്യബോധം ഉണ്ടാവുക എന്നുള്ളതാണ്. അതുണ്ടാവാൻ എന്തു വേണം എന്നു ചോദിച്ചാൽ കണ്ണു തുറന്നു ലോകത്തിനെ കാണണം എന്നു ഞാൻ പറയും.

5. തീക്ഷ്ണമായ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയിട്ടുള്ള വ്യക്തിയാണ് എച്ച്മുക്കുട്ടി. ഒരുപാടു വർഷങ്ങൾക്കു ശേഷം സമൂഹമാധ്യമങ്ങളിലൂടെയാണ് അതിനെപ്പറ്റി തുറന്നു സംസാരിക്കാനുള്ള ശബ്ദം കണ്ടെത്തുന്നത്. പീഡനങ്ങളോടു പ്രതികരിക്കാനോ അതിൽ നിന്നു രക്ഷപ്പെടാനോ ജോസഫ് എന്ന വ്യക്തിയിലുള്ള ആശ്രയത്വം തടസ്സമായി നിന്നിരുന്നു. ഈ അനുഭവങ്ങളുടെ വെളിച്ചത്തിൽ പുതിയ തലമുറയിലെ മനുഷ്യരോട് പ്രത്യേകിച്ചു സ്ത്രീകളോട് എച്ച്മുക്കുട്ടിക്കു എന്താണ് പറയാനുള്ളത്?

എച്ച്മുക്കുട്ടി: അങ്ങനെ പുതിയ തലമുറയിലെ സ്ത്രീകളോട് എന്തെങ്കിലും പറയാനുള്ള അറിവോ കഴിവോ എനിക്കുണ്ടെന്നു തോന്നുന്നില്ല. പക്ഷെ , ഇങ്ങനെ ചോദിച്ചതുകൊണ്ടു ഞാൻ ആലോചിച്ചു പോയിട്ടുള്ള ചില കാര്യങ്ങൾ പങ്കുവയ്ക്കാം.ഏറ്റവും പ്രധാനമായ കാര്യം സ്വന്തം കാലിൽ നിൽക്കാത്ത, അവനവൻ്റേതായ ഒരു ഇടവും വരുമാനവും ഒന്നും ഇല്ലാത്ത ആളുകൾക്കു കൊള്ളാവുന്ന ഒരു ഏർപ്പാടല്ല കല്യാണം. അത്, അറേഞ്ച്ഡ് ആയാലും പ്രേമവിവാഹം ആയാലും. കാരണം, സ്വന്തം കാലിൽ നിൽക്കുന്ന ഒരാൾക്കുണ്ടാവുന്ന ആത്മവിശ്വാസം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. സ്ത്രീയായാലും പുരുഷനായാലും സ്വന്തം കാലിൽ നിൽക്കാൻ സാധിക്കണം. സാമ്പത്തികസ്വാതന്ത്ര്യം ഉണ്ടായാൽ ബാക്കിയെല്ലാം ശരിയാകുമോ എന്നു ചോദിക്കരുത്. ശരിയായിക്കൊള്ളണമെന്നില്ല. അങ്ങനെ ശരിയാവാത്ത ഒരുപാടു ജീവിതങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ , വരുമാനമുണ്ടെങ്കിൽ ഒരു പിടി ചോറിനു വേണ്ടി ആർക്കും നിങ്ങളെ അടിമപ്പണി ചെയ്യിക്കാൻ സാധിക്കുകയില്ല.

വരുമാനമുണ്ടായാലുള്ള ഒരു പ്രധാന കാര്യം എന്താണെന്നു ചോദിച്ചാൽ പൈസ കൊടുത്തായാലും ആഹാരം വാങ്ങാൻ സാധിക്കും. എനിക്ക് അതു പോലും പറ്റാതായ സന്ദർഭങ്ങളുണ്ട്. ഒരു കുപ്പി സോഡ കുടിക്കാൻ വേണ്ടി ഒരു ദിവസം രാവിലെ മുതൽ വൈകുന്നേരം വരെ, ഗർഭിണിയായിരുന്ന സമയത്ത് ഞാൻ കാത്തിരുന്നിട്ടുണ്ട്. എന്നിട്ടും സോഡ കിട്ടിയില്ല. ആ ഇരിപ്പ് അതീവ ദയനീയമായ ഒന്നാണ്. മകളെ വളർത്താനുള്ള യോഗ്യത എന്നതു പൈസയുണ്ടാവുക എന്നതാണ്. അതിൽത്തന്നെയുള്ള തമാശ എന്താണെന്നാൽ നിയമപരമായി വിവാഹം കഴിക്കാത്ത ഒരാളോടാണ് ഞാൻ പൈസ ചോദിക്കുന്നത് എന്നുകൂടി ആലോചിക്കണം. സാമ്പത്തിക സ്വാതന്ത്ര്യമുണ്ടെങ്കിൽ ചില കാര്യങ്ങൾ നമുക്ക് നടത്തിക്കിട്ടാൻ എളുപ്പമായിരിക്കും. ഭക്ഷണം കിട്ടാൻ എളുപ്പമായിരിക്കും. ഇത് ഒരു പ്രധാന കാര്യമായി എനിക്ക് പറയാൻ തോന്നാറുണ്ട്. പിന്നൊന്ന്, സ്വാതന്ത്ര്യബോധം ഉണ്ടാവുക എന്നുള്ളതാണ്. അതുണ്ടാവാൻ എന്തു വേണം എന്നു ചോദിച്ചാൽ കണ്ണു തുറന്നു ലോകത്തിനെ കാണണം എന്നു ഞാൻ പറയും. ഞാൻ താമസിക്കുന്ന ഇടം, എൻ്റെ മുറി, എൻ്റെ കമ്പ്യൂട്ടർ, എൻ്റെ ടി വി എന്നൊക്കെ ആണെങ്കിൽ നമുക്കു സ്വാതന്ത്ര്യബോധത്തിൻ്റെ പ്രശ്നമേ വരുന്നില്ല. പക്ഷെ പുറത്തേക്കു നോക്കിയാൽ ആ ഒരു അവസ്ഥയിൽ മാറ്റമുണ്ടാകും എന്നു തോന്നുന്നു. വിദ്യാഭ്യാസവും സാമ്പത്തിക സ്വാതന്ത്ര്യവും സ്ത്രീ ആയാലും പുരുഷൻ ആയാലും നേടേണ്ടതാണ്. സംസ്കാരവും വളർത്തിയെടുക്കുവാൻ ശ്രമിക്കണം. സംസ്കാരം ജനിക്കുമ്പോൾ ഉണ്ടാകുന്നതല്ല. അതു വളർത്തിയെടുക്കാൻ ശ്രമിച്ചാൽ വളർന്നു വരുന്നൊരു കാര്യമാണ്.ഇതു മൂന്നും ഉണ്ടെങ്കിൽ ഒരുപക്ഷേ നമുക്കു ജീവിതത്തിനെ നേരിടാൻ സാധിച്ചേക്കും. അപ്പോഴും ഒരു പക്ഷേ.., എന്നേ ഞാൻ പറയൂ. കാരണം ഇതിനൊന്നിനും പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങൾ ജീവിതത്തിൽ വന്നു കൂടായ്കയില്ല. ജീവിതം വലിയൊരു പ്രഹേളികയാണ്. ഇതെല്ലാം ഉണ്ടല്ലോ എന്നിട്ടും എൻ്റെ ജീവിതം എന്താ ഇങ്ങനെ എന്നു നിരാശപ്പെടേണ്ട അവസ്ഥയിലുള്ള ആളുകളേയും ഞാൻ കണ്ടിട്ടുണ്ട്.ഇത്രയൊക്കെയേ എനിക്ക് ഇതേക്കുറിച്ച് പറയാൻ അറിയാവു.

6. എച്ച്‌മുവിൻ്റെ രാഷ്ട്രീയം മുലപ്പാലിൻ്റെ രാഷ്രീയമാണെന്നു പറയുകയുണ്ടായല്ലോ. അതൊന്നു വിശദീകരിക്കാമോ?

എച്ച്മുക്കുട്ടി : അത് അങ്ങനെത്തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്. കാരണം, ജീവിതത്തെ എപ്പോഴും മുൻപോട്ടു നയിച്ചത്, അല്ലെങ്കിൽ അതിനൊരു പ്രധാനപ്പെട്ട കാരണം ഉണ്ടായത് , എൻ്റെ ജീവിതത്തിനെത്തന്നെ ഉദാഹരണമായി പറയുകയാണെങ്കിൽ, ഞാനെൻ്റെ ആത്മകഥയിൽ പറഞ്ഞിട്ടുള്ളത് പോലെ, സ്ത്രീയും പുരുഷനും ആഗ്രഹിച്ച് ഒരു കുഞ്ഞുണ്ടാകുന്നതു പോലെയല്ല, എനിക്കൊരു മകളുണ്ടായത്. ഞാൻ മാത്രമാണ് ആ മകളുടെ ഉത്തരവാദിയെന്നുള്ളൊരു തോന്നൽ ആ ദിവസം മുതൽ എന്നിൽ ഉറച്ചതാണ്. അവളെ പ്രസവിക്കുന്നതിനു മുമ്പു തന്നെ അവൾക്കു വേണ്ടിയുള്ള മുലപ്പാലൊക്കെ ഞാൻ മാനസികമായി ഉണ്ടാക്കിവച്ചുകഴിഞ്ഞിരുന്നു. പിന്നീട് ആ ഒരു നഷ്ടം സംഭവിച്ചു കഴിഞ്ഞപ്പോൾ അതിനുവേണ്ടി പൊരുതുകയും ആ കുഞ്ഞിനെ തിരിച്ചു പിടിക്കാൻ വേണ്ടി ജീവിതത്തിലെ ഒരുപാടു വർഷങ്ങൾ ചെലവഴിക്കുകയും ചെയ്തു കഴിഞ്ഞപ്പോൾ, പ്രത്യേകിച്ച് ഇന്ത്യയിലെ കുടുംബ കോടതികളിൽ പോയൊരു പരിചയം വച്ചിട്ട്, ഞാൻ നമ്മുടെ അമ്മമാരെക്കുറിച്ച്, കൂടുതൽ കൂടുതൽ ആലോചിക്കാൻ തുടങ്ങി എന്നുള്ളതാണു സത്യം. അതുപോലെ നമ്മൾ കോടതിയിൽ പോയി നിൽക്കുമ്പോഴാണ് ഓരോരോ കാഴ്ചകൾ കാണുന്നത്. ആ ആലോചനകളിൽ നിന്നും ആ കാഴ്ചകളിൽ നിന്നുമൊക്കെയാണ് ആ ഒരു രാഷ്ട്രീയം ഉണ്ടെന്നു സത്യത്തിൽ ഞാൻ മനസ്സിലാക്കാൻ തുടങ്ങിയത്.ആ രാഷ്ട്രീയം എന്നു പറയുന്നത്, സത്യം പറഞ്ഞാൽ നമ്മുടെ നാട്ടിൽ ഒരു തരത്തിലും പരിചയമില്ലാത്ത കാര്യമാണ്. നമ്മുടെ രാഷ്ട്രീയം പുരുഷന്മാരുടെ മേഖല മാത്രമാണ്. അതിനകത്ത് സ്ത്രീകൾക്കു വളരെ കുറച്ചു സ്‌പേസ് മാത്രമേയുള്ളൂ. ആ സ്‌പേസ് ഉണ്ടെങ്കിൽപ്പോലും അത്, സ്ത്രീയുടെ വിചാരവികാരങ്ങളെ ഒന്നും അടിസ്ഥാനപ്പെടുത്തിയുള്ളതല്ല. എങ്ങനെ കൂടുതൽ നല്ല പുരുഷനേതാവിനെപ്പോലെ പ്രവർത്തിക്കാമെന്നുള്ളതാണ് നമ്മുടെ രാഷ്ട്രീയത്തിലെ സ്ത്രീകൾ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. സത്യത്തിൽ അങ്ങനെയല്ല ഭരണാധിപ വേണ്ടത്.

നമ്മുടെ പ്രകൃതിയിലുള്ള എല്ലാ മൃഗങ്ങൾക്കും ഉണ്ടാകുന്നതുപോലെയുള്ള ഒരു സംഭവമാണ്. അതിനെ ആ രീതിയിൽ തിരിച്ചറിയാനും, പ്രകൃതിയെക്കൂടി നമ്മുടെ രാഷ്ട്രീയത്തിൽ കലർത്തിക്കൊണ്ടുവരാനും സാധിക്കുക എന്നുള്ളതാണ് മുലപ്പാലിൻ്റെ രാഷ്ട്രീയം എന്നതു ‌കൊണ്ട് ഞാൻ സത്യത്തിൽ ഉദ്ദേശിച്ചിട്ടുള്ളത്.

നമ്മൾ നമ്മളുടേതായ ഒരു രാഷ്ട്രീയം രൂപം കൊള്ളിക്കേണ്ട സമയം കഴിഞ്ഞു. ആ ഒരു പ്രധാനപ്പെട്ട പോയിന്റിലാണ് മുലപ്പാലിൻറെ രാഷ്ട്രീയം ചർച്ച ചെയ്യേണ്ടത്. എന്നു വെച്ചാൽ മുലപ്പാലില്ലാത്ത സ്ത്രീകളുടെ രാഷ്ട്രീയം വേണ്ട എന്നല്ല. മുലപ്പാൽ ഒരു പ്രതീകം മാത്രമാണ്. അതു സ്ത്രീയുടേതു മാത്രമല്ല. നമ്മുടെ പ്രകൃതിയിലുള്ള എല്ലാ മൃഗങ്ങൾക്കും ഉണ്ടാകുന്നതുപോലെയുള്ള ഒരു സംഭവമാണ്. അതിനെ ആ രീതിയിൽ തിരിച്ചറിയാനും, പ്രകൃതിയെക്കൂടി നമ്മുടെ രാഷ്ട്രീയത്തിൽ കലർത്തിക്കൊണ്ടുവരാനും സാധിക്കുക എന്നുള്ളതാണ് മുലപ്പാലിൻ്റെ രാഷ്ട്രീയം എന്നതു ‌കൊണ്ട് ഞാൻ സത്യത്തിൽ ഉദ്ദേശിച്ചിട്ടുള്ളത്. ആ രാഷ്ട്രീയത്തിനെ അവഗണിക്കുന്നതു കൊണ്ടാണ്, പ്രകൃതിയുടെ മുലപ്പാൽ തിളച്ചു തൂവി നമുക്കു താങ്ങാൻ പറ്റാത്ത ആവിയായി മാറുന്നത്. പ്രകൃതിയുടെ മുലപ്പാൽ തൂവുന്നതെങ്ങനെയാണെന്നു പലയിടത്തും നമ്മളിപ്പോൾ കാണുന്നുമുണ്ട്. ആ ആവിയുടെ പൊള്ളൽ എത്രയാണെന്നറിയുന്നുമുണ്ട്. ആ ഒരു രാഷ്ട്രീയ ബോധമാണ് നമുക്കുണ്ടാകേണ്ടത്. എല്ലാവരെയും ഒരുമിച്ചു ചേർത്തു പിടിക്കാൻ, എല്ലാത്തിൻ്റെയും മൂല്യത്തെ കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്ന ഒരു രാഷ്ട്രീയം. പക്ഷെ എന്തുചെയ്യാം, നമ്മുടെ പൊളിറ്റിക്‌സിൽ ഒരുപാട് ‘പെറ്റിനെസ്’ ഉണ്ട് ; പെറ്റിനെസ് എന്നു തന്നെ പറയണം. അല്ലെങ്കിൽ ഒത്തിരി നിസ്സാര കാര്യങ്ങൾക്കു വേണ്ടി മാത്രം സമയം കളയുന്ന, കഷ്ടിച്ച് അഞ്ചുകൊല്ലത്തെ വികസനത്തെക്കുറിച്ചുമാത്രം ചിന്തിക്കുന്ന രാഷ്ട്രീയമാണ് നമുക്കു പരിചയമുള്ളത്.

7. “മുൻവിധികളുടെ ആഴം കൂടിയ ബലതന്ത്രങ്ങൾ” എന്ന ലേഖനത്തിൽ പറയുന്ന പോലെ സ്ത്രീ-പുരുഷ ബന്ധങ്ങളുടെ സമവാക്യങ്ങൾ രൂപപ്പെടുന്നതിൽ ചില മുൻവിധികളുണ്ട്‌, കണക്കുകൂട്ടി ചേർക്കപ്പെടുന്ന തിട്ടപ്പെടുത്തലുകളുണ്ട്. അതിനെക്കുറിച്ച് എച്ച്മുവിനു പറയാനുള്ളതു കേൾക്കാൻ ആഗ്രഹമുണ്ട്.

എച്ച്മുക്കുട്ടി : സ്ത്രീകൾ എങ്ങനെ ആയിരിക്കണമെന്നും പുരുഷന്മാർ എങ്ങനെയൊക്കെ ആയിരിക്കണമെന്നും നമ്മുടെ പൊതുസമൂഹത്തിനു ചില നിർബന്ധങ്ങളുണ്ട്. ആ നിർബന്ധങ്ങളിൽ പോറ്റി വളർത്തപ്പെട്ടിട്ടുള്ളതുകൊണ്ട് നമുക്കും ആ രീതിയിലുള്ള നിർബന്ധങ്ങളുണ്ട്. ഭാര്യ വീട്ടിലിരുന്നു കുഞ്ഞുങ്ങളെ നോക്കുന്നു, അടുക്കളയിൽ ജോലി ചെയ്യുന്നു എന്നുള്ള റോൾ റിവേഴ്സിൽ വന്നു കഴിഞ്ഞാൽ വളരെ ബുദ്ധിമുട്ടാണ്. ഭർത്താവിനു മാത്രമല്ല ഭാര്യക്കും ഭയങ്കര ബുദ്ധിമുട്ടാണ്. മറ്റുള്ള ആണുങ്ങളുടെ പോലെ നിങ്ങൾ ജോലിക്കു പോകാത്തതെന്താണ് എന്നുള്ളത് വളരെ പ്രശ്നമായിത്തീരും. ഇതൊക്കെ മുൻവിധിയുടെ ഭാഗമായി സംഭവിക്കുന്നതാണ്.ഒരാളുടെ ജീവിതം മറ്റൊരാളുടെ പോലെയാകില്ല. എല്ലാവരുടെയും ജീവിതം വ്യത്യസ്തമാണ് . അതുകൊണ്ടുതന്നെ ഒരോ ജീവിതവും സമാനതകളില്ലാത്തവയാണ്. ഒരിക്കലും ഒരു കഥാകൃത്തിന് കഥ എഴുതുവാൻ പഞ്ഞം ഉണ്ടാവുകയില്ല. ലോകത്ത് ഏകദേശം എഴുനൂറ്റിചില്വാനം കോടി മനുഷ്യർ ഉണ്ടെന്നു പറയപ്പെടുന്നു. ഓരോ മനുഷ്യനും ജീവിതത്തിൽ ഓരോ കഥയുണ്ടാകും. അത്രയും കഥ എഴുതാൻ ഒരാൾ വിചാരിച്ചാൽ കഴിയില്ലല്ലോ . അപ്പോൾ ഒരാൾ മാത്രം കഥ എഴുതുന്നു എന്നതിൽ സങ്കടപ്പെടേണ്ട കാര്യമില്ല. അങ്ങനെയുള്ളവർക്കാണ് റോൾ റിവേഴ്സൽ സഹിക്കാൻ പറ്റാതെയാകുന്നത് . അതു പോലെയാണ് ഭിന്നലിംഗക്കാർ വരുമ്പോൾ പ്രശ്‌നമുണ്ടാകുന്നത്. കാരണം, സ്ത്രീ-പുരുഷൻ എന്നുള്ളവരുടെ റോളിൽ അതിൽപ്പെടാത്ത ഒരാൾ വന്നു കഴിയുമ്പോൾ ബുദ്ധിമുട്ടാകുന്നു. അതു നമുക്ക് സഹിക്കാൻ സാധിക്കുന്നില്ല. ഇതെല്ലാം മുൻവിധിയുടെ ഭാഗമായിട്ടു വരുന്നതാണ്.ഒരാൾ ഇന്നപോലെയാവണം, ഒരു സ്ത്രീ അല്ലെങ്കിൽ ഒരു പുരുഷൻ ഇന്നപോലെയാവണം എന്നുള്ള നമ്മുടെ സമൂഹം കല്‌പിച്ചിട്ടുള്ള മുൻവിധികളാണ് സ്ത്രീപുരുഷ ബന്ധത്തെ അടഞ്ഞതാക്കി തീർക്കുന്നത്. ഇത്തരം മുൻവിധികൾ നമ്മൾ നെഞ്ചിലേറ്റുമ്പോൾ “ഇവരെന്താ ഇങ്ങനെ?” എന്നു നമുക്കു തോന്നുന്ന അപാകതകൾ മനുഷ്യജീവിതത്തെ ചിലപ്പോഴൊക്കെ മോശമായി ബാധിക്കാറുണ്ട്.ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ച് വളരെ സമാധാനപരമായിട്ടുള്ള ജീവിതം നയിക്കുവാൻ ഏറ്റവും എളുപ്പമുള്ള കാര്യം മുൻവിധികൾ ഇല്ലാതെ ജീവിക്കുക എന്നുള്ളതാണ്. അത് ഒരു എഴുത്തുകാരിക്കോ എഴുത്തുകാരനോ ബാധകമായിട്ടുള്ള കാര്യമല്ലായെന്നു ഒരു വർഗത്തെ വേർതിരിച്ചു കാണിക്കേണ്ട ആവശ്യമില്ല. എൻ്റെ ഒരു അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണെങ്കിൽ മനുഷ്യർക്കു സാധാരണ ഒരു ജീവിതം നയിക്കുവാൻ ആദ്യം വേണ്ടത് മുൻവിധികൾ ഇല്ലാതെ ജീവിക്കുക എന്നതാണ്. മുൻവിധികൾ ഇല്ലാതെ ജീവിക്കാൻ കഴിഞ്ഞാൽ നമുക്ക് ഏറെ സ്വാതന്ത്ര്യബോധം ഉണ്ടാകും. പരീക്ഷണങ്ങൾക്കു ധൈര്യം ഉണ്ടാകും. ഭീരുത്വം മാറി നില്കും. അതു സ്ത്രീപുരുഷ ബന്ധത്തിൽ മാത്രമല്ല രാഷ്ട്രീയത്തിൽ, സാമൂഹിക ബന്ധങ്ങളിൽ, നമ്മുടെ സംസ്ക്കാര ചരിത്രങ്ങളിൽ എല്ലാത്തിലും മുൻവിധി ഒരു വലിയ പിടുത്തമായിട്ട് എനിക്കു തോന്നിയിട്ടുണ്ട്.

8. വർണ്ണ-വർഗ്ഗ വിവേചനങ്ങൾ, അപമാനിക്കപ്പെടലുകൾ നിത്യേനെയെന്നോണം നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. ജയമോഹൻ്റെ നൂറുസിംഹാസനങ്ങളിലെ കാപ്പൻ്റെ അനുഭവങ്ങളിൽ നിന്നു നമ്മൾ ഏറെയൊന്നും മുന്നോട്ടു പോയിട്ടില്ല. പെണ്ണു കറുത്തിട്ടാണ് എന്നതിൽത്തുടങ്ങി പേരറിയുന്നതും അറിയാത്തതുമായ മരണങ്ങളിൽ എത്തി നിൽക്കുന്നു. ഇതിനെക്കുറിച്ച് എച്ച്‌മുവിൻ്റെ പ്രതികരണം അറിയുവാൻ താല്പര്യമുണ്ട്.

എച്ച്മുക്കുട്ടി: വളരെ നിർഭാഗ്യകരമെന്നു മാത്രമേ എനിക്കു പറയാൻ സാധിക്കുകയുള്ളു. ഇപ്പോൾ അമേരിക്കയിൽ നടക്കുന്ന പ്രശ്നങ്ങൾ – കറുത്ത വർഗ്ഗക്കാർ നേരിടുന്ന വംശീയാധിക്ഷേപം, വർത്തമാനകാലത്തിൽ ഇന്ന് ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് . ഇന്ത്യയിലും നടക്കുന്ന ഒരു വിവേചനമാണല്ലോ ഇത് – താഴ്ന്ന ജാതിയിൽപ്പെട്ടിട്ടുള്ളവർ നേരിടുന്ന പ്രശ്നങ്ങൾ. അവർ ജീവിക്കാൻ പോലും അർഹതപ്പെട്ടവർ അല്ലെന്നു തോന്നിപ്പിക്കുംവിധമുള്ള ‘നൂറു സിംഹാസനങ്ങളി’ലെ പോലെ എത്രയോ സംഭവങ്ങൾ നമുക്കിടയിൽ നടക്കുന്നു .കന്നടയിൽ ചരിത്രാസ്പദമായ ചില ലേഖനങ്ങൾ ഉണ്ട് – ‘ജ്വലിക്കുന്ന പാദങ്ങൾ’ . സമൂഹത്തിലുള്ള പലതരം വേർതിരിവുകളെക്കുറിച്ച് അതിൽ പ്രതിപാദിക്കുന്നുണ്ട്. നിറത്തിൻ്റെയും വർഗ്ഗത്തിൻ്റെയും ജോലിയുടെയുമൊക്കെ പേരിലും വേർതിരിവുകൾ സൃഷ്ടിച്ച് മനുഷ്യരുടെയിടയിൽ ഒരു ശത്രുതാ മനോഭാവം ആസൂത്രിതമായി വളർത്തിയെടുക്കുക എന്നുള്ളത് മതവും, രാഷ്ട്രീയ അധികാരവും എല്ലാ കാലവും പയറ്റിപ്പോന്ന ഒരു തന്ത്രമാണ്. മതവും രാഷ്ട്രീയ അധികാരവും എന്നും ഭയപ്പെട്ടിരുന്നത് ജനങ്ങളുടെ ഐക്യത്തിനെയാണ്. ജനങ്ങൾ ഐക്യപ്പെട്ടു കഴിഞ്ഞാൽ ഇവ രണ്ടും നടത്തിപ്പോരുന്ന ചൂഷണങ്ങൾ ചോദ്യം ചെയ്യപ്പെടുമെന്ന് ഇവർക്കു തികഞ്ഞ ബോധ്യമുണ്ട് . ഇങ്ങനെ ഒരു ബോധമുള്ളതു കൊണ്ടാവണം , മനുഷ്യരെ പല വർഗ്ഗങ്ങളായി, കള്ളികളായി, തരങ്ങളായി തിരിച്ച്‌ അവരെ പരസ്പ്പരം പോരടിപ്പിക്കാൻ പലതരത്തിലുള്ള ഇന്ധനം നല്കികൊണ്ടുള്ള തന്ത്രങ്ങൾ മെനഞ്ഞ്‌ അധികാരികൾ മുന്നോട്ടു പോവുന്നത്.ഈ തന്ത്രത്തെ മറികടക്കാനാണ് യഥാർത്ഥത്തിൽ എഴുത്തുകാരും, കലാപ്രവർത്തകരും ,സാംസ്‌കാരിക പ്രവർത്തകരും, ശാസ്ത്രജ്ഞന്മാരും, ചരിത്രപണ്ഡിതന്മാരും ശ്രമിക്കേണ്ടത്. പക്ഷെ നിർഭാഗ്യവശാൽ മേൽ പറഞ്ഞവരെല്ലാവരും മനുഷ്യരാണ്. ഇവരെല്ലാവരും ഇതിൽ ഏതെങ്കിലുമൊരു കള്ളിയിൽപ്പെടുന്നതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ഒരു സമരം നയിക്കാൻ ഇവർക്കാർക്കും പറ്റാത്ത ഒരു അവസ്ഥയാണ് ഇന്നുള്ളത്. ഇനി ആരെങ്കിലും ഇത്തരത്തിലുള്ള ഒരു സമരം നയിക്കാൻ മുന്നിട്ടിറങ്ങിയാൽ തന്നെ, മറ്റുള്ള എല്ലാവരും കൂടി പെരുമാൾ മുരുകനെ ചെയ്ത പോലെ അടിച്ചൊതുക്കിക്കളയും . അങ്ങനെ ഒരാൾ എഴുതാൻ പാടില്ല എന്നു പ്രഖ്യാപിച്ചുകളയും. ഇത്തരം കാര്യങ്ങളോടു പൊരുതുക എന്നത് ഏതൊരു മനുഷ്യനും എക്കാലവും നേരിടുന്ന ഒരു പ്രതിസന്ധിയാണ്. എങ്കിലും പറ്റാവുന്ന രീതിയിൽ നമ്മളെല്ലാവരും ഒരുമിച്ചു നിന്ന് ഈ അവസ്ഥയെ നേരിടുക എന്നൊരു മാർഗ്ഗമേ നമ്മുടെ മുന്നിലുള്ളു. വിജയിക്കണമെന്ന വാശി വയ്‌ക്കേണ്ട ആവശ്യമില്ല, കാരണം നമ്മൾ നേരിടുന്നത് നിസ്സാരമായ ഒരു കാര്യത്തോടല്ല. അതുകൊണ്ട് ഇന്ന് നമ്മൾ ഒരു സമരത്തിനു ഇറങ്ങിത്തിരിച്ചാൽ നാളെ തന്നെ വിജയം കൈവരിക്കാം എന്നു കരുതരുത്. യുഗങ്ങൾ എടുത്തേക്കാവുന്ന ഒരു സമരമാവാമിത്‌. പക്ഷെ എന്തിനും ഒരു ചെറു തീപ്പൊരി ഉണ്ടാവുക എന്നുള്ളത് അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ്. എല്ലാ തരത്തിലുള്ള വേർതിരിവുകൾക്കും എതിരെ ഒന്നിച്ചു നിൽക്കുകയും, എല്ലാ തരത്തിലുള്ള വേർതിരിവുകളും ഇല്ലായ്മചെയ്യുംവരെ ഒന്നിച്ചു പൊരുതുകയും ചെയ്യുക എന്നുള്ളത് ജനാധിപത്യബോധമുള്ള എല്ലാ മനുഷ്യരുടേയും പ്രാഥമികമായ ഒരു കടമ തന്നെയാണ്.

9. എച്ച്‌മുക്കുട്ടിയുടെ കുറേ നല്ല അനുഭവങ്ങളും അതുപോലെ ഓർമ്മകളും ലാറി ബേക്കറുമായി ചേർന്നതാണല്ലോ. ലാറി ബേക്കറുമായുണ്ടായിരുന്ന ആ ഊഷ്മളബന്ധത്തെക്കുറിച്ചു പറയാമോ?

ഇതുവരെ ഡാഡിയെക്കുറിച്ച്‌ മലയാളത്തിലൊരു പുസ്തകം വന്നിട്ടില്ല. ഇപ്പോൾ എൻ്റെ ഒരു സുഹൃത്തായ ഗീതാഞ്ജലി കൃഷ്ണൻ ഡാഡിയെക്കുറിച്ചൊരു മലയാളം പുസ്തകം എഴുതുന്നുണ്ട്. ഉടനെ കലാകൗമുദിയിൽ സീരിയലൈസ് ചെയ്തു വരും.

എച്ച്മുക്കുട്ടി: അതൊരു പ്രത്യേകതരം ബന്ധമായിരുന്നു, ഇപ്പോഴുമാണ്. കാരണം എനിക്കിപ്പോഴും ഡാഡിയെക്കുറിച്ചു സംസാരിക്കുമ്പോൾത്തന്നെ ഒരു പ്രത്യേക ഊർജ്ജം വരുന്നതു പോലെ തോന്നാറുണ്ട്. ഒരു തരത്തിലുള്ള മറവുകളും വെച്ചുകെട്ടലുകളുമില്ലാതെ എന്നോട് ഇടപെട്ടിട്ടുള്ളത്, എന്നോട് വാത്സല്യം കാണിച്ചിട്ടുള്ളത് ഡാഡി തന്നെയാണ്. ഞാനാദ്യം തൃശ്ശൂർ വീടുപണി ചെയ്യുന്ന സമയത്ത് വന്നിട്ടുള്ള ഡാഡിയും പിന്നീട് ദില്ലിയിൽ വച്ച് എന്നെ കണ്ടിട്ടുള്ള ഡാഡിയും അതുകഴിഞ്ഞ് എൻ്റെ ജീവിതത്തിൽ വന്നുകൂടിയ പ്രശ്നങ്ങളിൽ കൂടെയുണ്ടായ ഡാഡി. അതെല്ലാമായിരുന്നു അദ്ദേഹം. അദ്ദേഹത്തിനതെല്ലാം കൃത്യമായി അറിയാമായിരുന്നു. ഒത്തിരി എന്നോട് സംസാരിച്ചിട്ടുണ്ട്.എനിക്കും കണ്ണനുമായി കുഞ്ഞുണ്ടാവാത്തതെന്തെന്നുള്ള ചോദ്യം ആദ്യമായി ഒരുപക്ഷേ ഡാഡിയാണ് എന്നോട് ചോദിച്ചിട്ടുള്ളത്. “‘ anymore children?”അപ്പോൾ ഞാൻ പറഞ്ഞു. ” ഇല്ല”“ why? “അപ്പോൾ ഞാൻ പറഞ്ഞു “ he is very concerned about the world population “അപ്പോൾ ഡാഡി എന്നോട് പറഞ്ഞു “what ? Is he such a boring person? really ? “അങ്ങനെ എന്നോട് സംസാരിക്കാൻ, അത്രയും അടുപ്പത്തിൽ എന്നോട് സംസാരിക്കുന്ന എന്നെ ഇഷ്ടപ്പെട്ടിരുന്ന, സ്നേഹിച്ചിരുന്ന ഒരാളാണ് ലാറി ബേക്കർ. എപ്പോൾ അവധിക്കു വന്നാലും ഞങ്ങൾ ബേക്കർജിയെ കാണാൻ പോകുമായിരുന്നു. മസൂർദാൽ ഡാഡിക്കു ഭയങ്കര ഇഷ്ടമായിരുന്നു. ചുവന്നപരിപ്പ്- അത് ഞങ്ങൾ നോർത്തിൽ നിന്നു കൊണ്ടുവന്ന് ഡാഡിക്കു കൊടുക്കുമായിരുന്നു. കുറേ സമയം വീട്ടിൽ ചെലവഴിക്കും. മർമലൈഡും കേക്കുമൊക്കെ മമ്മി ഉണ്ടാക്കിത്തരും. അതൊക്കെ ഞങ്ങൾ അവിടെയിരുന്നു കഴിക്കും. ഒത്തിരി സംസാരിക്കും. വാസ്തുവിദ്യയെപ്പറ്റിയും മനുഷ്യരുടെ പലതരം അല്പത്തരങ്ങളെപ്പറ്റിയുമൊക്കെ സംസാരിക്കാറുണ്ട്. ഒത്തിരി കാര്യങ്ങൾ പറയുമായിരുന്നു. അദ്ദേഹത്തിൻ്റെ ജീവിതത്തിൽ വന്നിട്ടുണ്ടായിട്ടുള്ള ചില പ്രതിസന്ധികളെക്കുറിച്ചു എന്നോടൊറ്റക്കും ഞങ്ങളോടൊരുമിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്.എൻ്റെ മകളെ ബേക്കറിന് ഒത്തിരി ഇഷ്ടമായിരുന്നു. അവൾക്കു മടിയിൽ കയറിയിരിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹം കൊടുത്തിരുന്നു. പിന്നെ ബേക്കറിൻ്റെ താടിയിയിൽ റബ്ബർബാൻഡ് ചുറ്റുക, മുടിയിൽ റബ്ബർബാൻഡ് ചുറ്റുക തുടങ്ങിയ കുസൃതികൾക്കൊക്കെ അദ്ദേഹം സന്തോഷത്തോടെ ഇരുന്നു കൊടുക്കുമായിരുന്നു. അവൾ ലാറി ബേക്കർ മുത്തശ്ശാ എന്നു വിളിക്കും. അവൾക്ക് അദ്ധ്യാപികയാവണം എന്നു പറഞ്ഞപ്പോൾ അദ്ദേഹം അദ്ധ്യാപനത്തിനെക്കുറിച്ച് ഒരു ലെക്ചർ കൊടുത്തു. ഇതൊക്കെ ഇങ്ങനെയൊക്കെ പാലിക്കാൻ സാധിക്കുമെങ്കിൽ നീ അദ്ധ്യാപികയാകൂ എന്നു പറഞ്ഞു. വളരെ ഊഷ്മളമായ ഒരു ബന്ധമാണ് ഡാഡിയുമായിട്ട് ഞങ്ങൾക്കുണ്ടായിരുന്നത്. ഇതുവരെ ഡാഡിയെക്കുറിച്ച്‌ മലയാളത്തിലൊരു പുസ്തകം വന്നിട്ടില്ല. ഇപ്പോൾ എൻ്റെ ഒരു സുഹൃത്തായ ഗീതാഞ്ജലി കൃഷ്ണൻ ഡാഡിയെക്കുറിച്ചൊരു മലയാളം പുസ്തകം എഴുതുന്നുണ്ട്. ഉടനെ കലാകൗമുദിയിൽ സീരിയലൈസ് ചെയ്തു വരും. അതു വായിക്കാൻ ഞാനിങ്ങനെ കാത്തിരിക്കുകയാണ്. ഡാഡിയെക്കുറിച്ച് പറയുന്ന എല്ലാ കാര്യങ്ങളും അദ്ദേഹത്തിൻ്റെ എഴുത്തും അദ്ദേഹത്തിൻ്റെ വരയും എല്ലാമെല്ലാം എനിക്കു സന്തോഷം തരുന്ന കാര്യങ്ങളാണ്. അതുപോലെ കണ്ണിൽ അസുഖം ബാധിക്കുകയും അന്ധത വരുകയും ചെയ്തുകഴിഞ്ഞപ്പോൾ ഫോണിലൂടെ എന്നോടു പറഞ്ഞു ” my drawing days are over”. അതു കേട്ടപ്പോൾ എനിക്കു ഭയങ്കര സങ്കടമായി. കാരണം അദ്ദേഹം വരക്കുന്നത് നിറുത്തുക എന്നു പറയുന്നത് , അതൊരു കാലഘട്ടത്തിൻ്റെ അവസാനമാണ്. എനിക്കു ഡാഡിയെ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്ന ഒരു കാര്യമെന്ന് പറഞ്ഞാൽ ആ വീട്ടിൽ പോകുമ്പോൾ …യാതൊരു തരത്തിലുള്ള വേർതിരിവുകളുമില്ലാത്ത ഒരു മനുഷ്യനായിരുന്നത് കൊണ്ടാണ്. ഇങ്ങനെ ഏറ്റവും ഗാഢമായിട്ട്, ഏറ്റവും സ്നേഹമായിട്ട് എന്നെ നെഞ്ചോടു ചേർത്തു പിടിച്ചിട്ടുള്ള ഒരു മനുഷ്യൻ ലാറി ബേക്കറാണ്. ആ ഒരു ആലിംഗനം നഷ്ടപ്പെട്ടു പോയത് ജീവിതത്തിലെ ഒരു സുരക്ഷിതത്വക്കുറവായിട്ടു പോലും ഫീൽ ചെയ്തിട്ടുണ്ട്. ഇപ്പോഴും അതങ്ങനെ തോന്നുന്നുണ്ട്. അത്രയും അടുപ്പവും അത്രയും സ്നേഹവും ലാറി ബേക്കറുമായിട്ടുണ്ട്.

10. എച്മുവിന്, ഇന്ത്യ ധനികരെ മാത്രം പൗരരാക്കാൻ താല്പര്യമുള്ള രാജ്യമാണെന്നു പറയേണ്ടി വന്നതെന്തുകൊണ്ടായിരിക്കും?

എച്ച്മുക്കുട്ടി: ആ ഒരു പ്രസ്താവനയിലേക്കു പോകുന്നതിനു മുമ്പ് ഇപ്പോൾ നമ്മുടെ ലോക്ക്ഡൗൺ തന്നെ നോക്കൂ. ഇന്ത്യ മഹാരാജ്യം എങ്ങനെയാണു ലോക്ക്ഡൗൺ പ്രഖ്യാപിച്ചതും, കൈകാര്യം ചെയ്തതും? ഒരു ദിവസം രാത്രി പറയുകയാണ് ലോക്ക്ഡൌൺ ആണെന്ന്. എത്രയെത്ര മനുഷ്യരാണ് ഇവിടെ നിന്നു നടന്നുനടന്ന് പോയത്! ആ മനുഷ്യരെക്കുറിച്ച് ലേശമെങ്കിലും ആശങ്കകൾ ഉണ്ടായിരുന്നെങ്കിൽ, അവർ എങ്ങനെ എത്തും എന്നതിനെക്കുറിച്ചൊക്കെ ആലോചനയുണ്ടാകുമായിരുന്നെങ്കിൽ നമ്മൾ അങ്ങനെ ചെയ്യാൻ മുതിരുകയും, ആ ചെയ്തകാര്യത്തിനെ ഇപ്പഴും ന്യായീകരിക്കുകയും ചെയ്യുമോ? എന്നിട്ടു ഇപ്പോഴെന്തായി!! നമ്മൾ അതെല്ലാം തുറന്നു. ഇന്ത്യ മുഴുവൻ കോവിഡ് ബാധിച്ചിട്ടുണ്ട്. ഒരു സ്ഥലം പോലുമില്ല അതില്ലാത്തതായി എന്നുള്ള പരിതഃസ്ഥിതിയാണ്. നമ്മുടെ രാഷ്ട്രീയമായാലും, നമ്മുടെ ഡെവലപ്‌മെന്റൽ സ്ട്രാറ്റജികളായാലും, ദരിദ്രരെക്കുറിച്ച് അല്ലെങ്കിൽ ഒന്നുമില്ലാത്തവരെക്കുറിച്ചു ഏറ്റവും ഒടുവിൽ മാത്രമേ ചിന്തിക്കുകയുള്ളൂ. വൻകിട കോർപ്പറേറ്റ് കർഷകരുടെ കടങ്ങളൊക്കെ നമ്മൾ എഴുതിത്തള്ളും. ഒരു പാവപ്പെട്ട കർഷകൻ ബാങ്കിൽ ലോണിനു പോയിക്കഴിഞ്ഞാൽ അയാളെ നമ്മൾ അടിച്ചോടിക്കും. കാരണം അയാൾ നമുക്കൊന്നും തിരിച്ചു തരില്ല എന്നുള്ളതാണ് നമ്മുടെ മുൻവിധി. നേരെത്തെ പറഞ്ഞ മുൻവിധിയുടെ ആഴം കൂട്ടിയ ബലതന്ത്രങ്ങൾ അങ്ങനെയൊക്കെയാണ് വർക്ക് ചെയ്യുന്നത്. നമ്മൾ ഇതെഴുതിത്തള്ളുന്ന സമയത്ത് നമുക്കോർമ്മവരില്ല, നമ്മൾ കോർപറേറ്റുകൾക്കുവേണ്ടിയാണ് അതെഴുതിത്തള്ളുന്നതെന്നുള്ള കാര്യം. സുപ്രീം കോടതിയിലേക്കു പോയിട്ട് കേന്ദ്രഗവണ്മെന്റ് പറയുകയാണ്, വൊഡാഫോൺ വരുത്തിയിട്ടുള്ള നികുതി കുടിശ്ശിക, ഇരുപതു കൊല്ലത്തേക്കു പതുക്കെ പതുക്കെ അടയ്ക്കാനുള്ള സാവകാശം കൊടുക്കണമെന്ന്. ഈ രാജ്യത്തിനു പാവപ്പെട്ട മനുഷ്യരെ ആവശ്യമുണ്ടോ? ഉണ്ടെന്നു ഇനിയും നമ്മൾ വിശ്വസിക്കണോ? ഈ രാജ്യത്തിനു പാവപ്പെട്ട മനുഷ്യരെ ആവശ്യമില്ല. നിവൃത്തിയുണ്ടെങ്കിൽ നമ്മുടെ രാജ്യം പാവപ്പെട്ട മനുഷ്യരെ നിരസിക്കുക തന്നെ ചെയ്യും. അതെന്നാണെന്നു മാത്രമേ ആലോചിക്കുന്നുള്ളൂ. ധനികർക്കു സേവനം ചെയ്തു ജീവിക്കാൻ ആവശ്യമുള്ളവരെ മാത്രം നിർത്തി, കഴിഞ്ഞുകൂടാൻ വകയില്ലാത്തവരെ ഇന്ത്യ ഡിസോൺ ചെയ്യുന്ന കാലം വരുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.എന്റെ ഒരു അനുഭവം പറയാം. ദില്ലിയിലെ ചൂടിൽ വറന്നു പൊരിയുന്നൊരു കാലം; ഒരു തുള്ളി വെള്ളം കുടിക്കുവാനില്ലാതെ കഷ്ടിച്ച് മൂന്നു വയസ്സുമാത്രം പ്രായമുള്ളൊരു കൊച്ചുകുഞ്ഞ് അഴുക്കു ചാലിലെ വെള്ളം മുക്കിക്കുടിക്കുകയാണ്. അഴുക്കുചാലിൽ എന്തൊക്കെയുണ്ടാകും! ഒരു കൊച്ചുകുഞ്ഞ്, അഴുക്കുചാലിലെ വെള്ളം കുടിക്കുന്ന അവസ്ഥയുള്ള ഇന്ത്യയിൽ ടാപ്പ് നന്നാക്കിക്കിട്ടാൻ വേണ്ടി ജൽ ബോർഡിനെ സമീപിച്ചു. അപ്പോൾ ജൽ ബോർഡിലെ ഉദ്യോഗസ്ഥൻ കൂളറിന്റെയൊക്കെ തണുപ്പിൽ ഠണ്ടായിയൊക്കെ കുടിച്ചു സുഖമായി ഇരിക്കുകയാണ്. ആവശ്യം അറിയിച്ചപ്പോൾ, അയാൾ ചോദിക്കുകയാണ് “കേരളത്തിൽ നിന്നും കമ്മ്യൂണിസവും കൊണ്ടു വന്നിരിക്കുകയാണല്ലേ” എന്ന്. അയാൾക്ക്‌ ടാപ്പ് നന്നാക്കിക്കുവാൻ യാതൊരു സൗകര്യവുമില്ല. അടുത്ത ശീതകാലം വരെ അവർ ആ ടാപ്പ് നന്നാക്കിയില്ല. ഇനി പറയൂ, നമുക്ക് ദരിദ്രരെ വേണോ? വേണ്ട. നമുക്ക് ദരിദ്രരെ വേണ്ട. എത്രയും എളുപ്പത്തിൽ നമ്മുടെ രാജ്യം ദരിദ്രരെയും ദുർബലരെയും ഡിസോൺ ചെയ്യും. അതെന്റെയൊരു വിശ്വാസമാണ്. ആ വിശ്വാസമുണ്ടായത് എന്റെ ഇത്തരം അനുഭവങ്ങളിൽ നിന്നും ബോദ്ധ്യത്തിൽ നിന്നുമാണ്.

പറയുന്നത് എല്ലാവരും നമ്മുടേതാണ്, നമ്മുടെ മക്കളാണ്, മനുഷ്യരാണ് ഇന്ത്യയുടെ ശക്തി എന്നൊക്കെയായിരിക്കും. സത്യത്തിൽ അങ്ങനെയൊന്നുമല്ല. ചില മനുഷ്യരൊക്കെയാണ് ശക്തി. ചിലർ ദൗർബല്യം തന്നെയാണ്. അല്ലെങ്കിൽ ദരിദ്രരെ പരിഹസിക്കുന്ന ഇത്രയും പഴഞ്ചൊല്ലുകൾ നമുക്കുണ്ടാവില്ല. ദരിദ്രരെ പരിഹസിക്കുന്ന സിനിമകളും, കലാരൂപങ്ങളും, ദരിദ്രരുടെ അവസ്ഥകളേയും പേരുകളെയും പുച്ഛിക്കുന്ന സാംസ്കാരിക പാരമ്പര്യവും നമുക്കുണ്ടാവില്ല. ഇതൊക്കെ ചൂണ്ടിക്കാണിക്കുന്നത് നമുക്ക് ദരിദ്രരെ വേണ്ട എന്നുതന്നെയാണ്.**ജീവിതം തന്ന പാഠങ്ങളാണ്‌ ഒരു വ്യക്തിയെ നിര്‍മ്മിച്ചെടുക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ്‌ എച്‌മുക്കുട്ടിയുടെ ഒരു പുസ്തകം അവസാനിക്കുന്നതുതന്നെ. കാനഡയിലെ വായനക്കാര്‍ക്കായി മനസ്സുതുറന്ന് ഒന്നരമണിക്കൂറോളം സം‌വദിച്ച പ്രിയപ്പെട്ട എഴുത്തുകാരിക്ക് വായനാരാമം അംഗങ്ങള്‍ നന്ദി പ്രകാശിപ്പിച്ചു.

Print Friendly, PDF & Email

About the author

അഞ്ജുഷ വർമ്മ

സ്വദേശം കോട്ടയം. ഒരു അസെർബെയ്ജാൻ കമ്പനിയുടെ ഐ ടി കൺസൾട്ടന്റ് ആയി കാനഡയിൽ ജോലി ചെയ്യുന്നു. 'ഒരു മഹാനദി സമ്മാനിച്ച പുണ്യഭൂമി' എന്നപേരിൽ ഒരു ഈജിപ്ഷ്യൻ യാത്രാവിവരണം എഴുതിയിട്ടുണ്ട്.