LITERATURE കഥ

ഗുർമേലിനെ നിങ്ങളറിയുംഎയർ മെൻ ബിലറ്റിൽ താമസിക്കുന്നവർക്ക് ഗുർമേലിനെ അറിയാതെ വരില്ല .. പ്രധാന പാതയുടെ അരികിൽ ഒറ്റപ്പെട്ട് നിൽക്കുന്ന എയർഫോഴ്‌സ് യൂണിറ്റ് കണ്ടാൽ കാട്ടിനകത്തെ ഏതോ ആശ്രമമാണെന്ന് തോന്നിയേക്കാം .ചെറിയ യൂണിറ്റായത് കൊണ്ട് കല്യാണം കഴിക്കാത്തവർ താമസിക്കുന്ന ബില്ലറ്റിൽ പാല് തിളച്ചു മറിഞ്ഞാലോ ,നവവധുവിനെയും കൊണ്ട് ക്വാർട്ടറിൽ താമസമാക്കിയ ആരെങ്കിലും അച്ഛനാകാൻ പോകുന്ന വാർത്തയോ എല്ലാവരുടെ ചെവികളിലും എത്തും .സർവീസിന്റെ ഔദ്യോഗിക ഉടയാടകളില്ലാത്ത നാട്ടിൻപുറമാണെന്നു ആർക്കെങ്കിലും തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല.

രാവിലെ ഏകദേശം പത്ത് മണിയോടടുപ്പിച്ച് ഗുർമേൽ ഗാർഡ് റൂം കടന്ന് വരും.എന്നും വരുന്നത് കൊണ്ട് ഗേറ്റിലെ കാവൽകാരനും ഗാർഡ് റൂമിൽ ഉള്ളവർക്കും ഗുർമേൽ പരിചിതനാണ്.ഓരോരുത്തരെയും പ്രത്യേകം അഭിവാദ്യം ചെയ്ത് കൊണ്ട് തന്റെ സൈക്കിൾ റിക്ഷ പതുക്കെ ചവിട്ടി കൊണ്ട് വരും .റോഡിനരികിൽ വിറക് കണ്ടാൽ അതെടുത്ത് വെയ്ക്കും .യൂണിറ്റിൽ കണ്മുന്നിൽ വരുന്ന ഓരോരുത്തരോടും ഗുർമേൽ ‘നമസ്തേ സാബ് ” എന്ന് പറഞ്ഞിരിയ്ക്കും .ചുണ്ടിലോ കയ്യിലോ എന്നും ബീഡി കാണും .കൃശഗാത്രനായ, ഗുർമേൽ ,വെയിൽ കൊണ്ട് നിറം മങ്ങിയ ദേഹവും,കറ പിടിച്ച പല്ലുകൾ കാട്ടിചിരിച്ചു കൊണ്ട് , ,കലങ്ങിയ കണ്ണുകളുമായിട്ടാണ് കാണപ്പെട്ടത്.

സൈക്കിൾ റിക്ഷയുടെ പിറകിൽ നല്ല സ്ഥലമുണ്ട് .പതുക്കെ സൈക്കിൾ ചവിട്ടി യൂണിറ്റിന്റെ അറ്റത്തുള്ള എയർ മെൻ മെസ്സിലേക്കെത്തും .പ്രാതല് കഴിഞ്ഞ് വലിയ സ്റ്റീൽ ചായപ്പാത്രത്തിന്റെ അടിയിലുള്ള ഇത്തിരി ചായ കുടിച്ച് ,മെസ്സിൽ ഇറ്റുവീണ ചായ തുടച്ച് ആ പാത്രം കഴുകി ഗുർമേൽ മെസ്സിൽ ഹാജർ കൊടുക്കും .കുറച്ചുനേരം അവിടെ വെയിലിൽ പുറത്തിറങ്ങി ബീഡി വലിച്ച് പാചകക്കാരോട് കുശലം പറഞ്ഞ് പിന്നെ ഗുർമേൽ ഓരോ ക്വാർട്ടർ ലക്ഷ്യമായി പോകും .അല്ലറ ചില്ലറ പണികൾ ചെയ്തത് മൂന്നു മണിയോടടുത്ത് മെസ്സിൽ വന്ന്‌ മെസിന്റെ അകത്ത് പോയി ചപ്പാത്തിയുടെ മൂലകളും ,ചോറും ദാലുമെല്ലാം തട്ടിയിട്ട് നിറഞ്ഞ പ്ലാസ്റ്റിക് പാത്രം പുറത്തേക്കെടുത്ത് വരും സൈക്കിൾ റിക്ഷയിൽ ഉള്ള പാത്രത്തിലേക്ക് അത് തട്ടി ഡബ്ബ കഴുകി വെയ്ക്കും .തന്റെ എരുമകൾക്ക് കൊടുക്കാനാണ് ഈ ഭക്ഷണം കൊണ്ട് പോകുന്നത് .അതിനിടയിൽ ആരെങ്കിലും ഗുർമേലിന്‌ ജോലികൾക്ക് പ്രതിഫലമായി ഒന്നോ രണ്ടോ പെഗ്ഗും കൊടുത്ത് കാണും .വെള്ളം ചേർത്തോ ചേർക്കാതെയോ അതെല്ലാം കുടിച്ച് ഗുർമേൽ ചിരിച്ച് കൊണ്ട് ഇരുട്ടി തുടങ്ങുമ്പോൾ തിരിച്ച് പോകും.. ചിലപ്പോൾ പത്തോ അമ്പതോ രൂപ കൊടുക്കും .അതിനും വാങ്ങി കുടിക്കുകയാണ് പതിവ് .ചിലർ പഴയ ഷർട്ട് എടുത്ത് കൊടുക്കും .എന്ത് കൊടുത്താലും ധന്യവാദ് സാബ് ജി എന്ന് പറയും

ഗാർഡ് റൂമിൽ നിന്ന് ഒന്ന് രണ്ടു കലോമീറ്റർ അകലെ ഗ്രാമത്തിൽ , കടുക് പാടങ്ങൾക്കിടയിലുള്ള ചെറിയ വീട്ടിലാണ് ഗുർമേൽ താമസിച്ചിരുന്നത്.ഒരു മകളുണ്ടായിരുന്നത് കല്യാണം കഴിഞ്ഞ് പോയി . ഗുർമേലിന്റെ മദ്യപാനത്തിൽ പൊറുതിമുട്ടി ഭാര്യ ഗുർമേലിനെ ഉപേക്ഷിച്ചു മുമ്പേ പോയിരുന്നു ,ചില ദിവസങ്ങളിൽ ഗുർമേൽ മെസ്സിലേക്ക് വരില്ല .കള്ള് കുടിച്ചോ ഭാംഗ് വലിച്ചോ ലഹരിയിൽ ചൂടി കട്ടിലിൽ അങ്ങനെ കിടക്കും .അത്യാവശ്യത്തിന് മാത്രമേ ഭക്ഷണം കഴിക്കുകയുള്ളൂ .ഗുർമേൽ വന്നില്ലെങ്കിൽ പ്രതിസന്ധിയിലാകുന്നത് മെസ്സ് ആണ് .ചിലപ്പോൾ ലോജിസ്റ്റിക്കിൽ നിന്ന് മെസ്സിലേക്ക് അരിയും പരിപ്പും ഗ്യാസുമെല്ലാം കൊണ്ട് വരുന്നത് ഗുർമേലിന്റെ സൈക്കിൾ റിക്ഷയിലാണ് .സൈക്കിൾ റിക്ഷ ചവിട്ടി നോക്കിയിട്ടുണ്ടോ / ഭാരത്തോട് കൂടി അത് ചവിട്ടാൻ നല്ല കരുത്ത് വേണം ,പ്രതേകിച്ച് കയറ്റങ്ങളിൽ.

മുമ്പ് പോസ്റ്റിംഗ് പോയ കോപ്പൽ ദിലീപ് ചാറ്റർജി മെസ്സിന്റെ ചാർജ് ഉണ്ടായിരുന്നപ്പോൾ ഗുർമേലിന്റെ മകൾ ബബിത മെസ്സിൽ അരി ചേറാനും ആട്ട അരിച്ചു തരാനുമൊക്കെ വന്നിരുന്നു.ഇപ്പോൾ കല്യാണം കഴിഞ്ഞ് പോയത് കൊണ്ട് കാണാറില്ല .ഉച്ച കഴിഞ്ഞൊരു നേരത്ത് അരിച്ചാക്കുകളും ഗോതമ്പു ചാക്കുകളും എണ്ണയും വച്ചിരിക്കുന്ന സ്റ്റോർ റൂമിൽ നിന്ന് ദിലീപ് ചാറ്റർജിയും ബബിതയും വിയർത്തിറങ്ങി വരുന്നത് പാചകക്കാരൻ നാഗരാജ് കണ്ടിരുന്നു . കണ്ടതൊന്നും ആരോടും പറയാതിരിക്കാൻ അന്ന് ഒരു കുപ്പി ഓൾഡ് മങ്ക് ആയിരുന്നു ചാറ്റർജി നാഗരാജിന് കൊടുത്തത് . ഒരു തുണി സഞ്ചിയിൽ കുറച്ച് അരി ബബിതയ്ക്ക് കൊടുത്തിരുന്നുഎന്നിട്ടും ഏതോ രാത്രിയിൽ ,ലഹരിയിൽ നാഗ് രാജ് അത് മറ്റ് പാചകക്കാരോട് പറഞ്ഞു .പക്ഷെ അവർക്കതിൽ പുതുമ തോന്നിയില്ല .മെസിന്റെ അടുക്കളയിൽ തന്നെ ആ വാർത്തയും എരിഞ്ഞു തീർന്നു.

വിറക് തേടി ഗുർമേൽ ചിലപ്പോൾ മയിലുകൾ സ്വൈര വിഹാരം നടത്തുന്ന കാട്ടിനകം പോരെ പോകും .ഹോളിയോ ദീപാവലിയോ വന്നാൽ ഗുർമേലിന്‌ കോളാണ് .ഇഷ്ടം പോലെ മദ്യം എല്ലാവരും കൊടുക്കും .

ജൂലൈ അവസാനമായിരുന്നു .മഴ പെയ്തു തുടങ്ങിയത്.യൂക്കാലിപ്‌സ് മരങ്ങൾക്കിടയിൽ തുള്ളികൾ പെയ്തിറങ്ങി .കാടിന്റെ നടുവിലെ തുടർച്ചയായ മഴ പലർക്കും ഗ്രാമീണ ഓർമ്മകൾ തിരികെ കൊടുത്തു .. യൂണിറ്റും നിശ്ചലാവസ്ഥയിലായിരുന്നു . മൂന്നു ദിവസം കഴിഞ്ഞ് മഴ നിന്നു .മരങ്ങൾ പലയിടത്തും വീണു കിടക്കുന്നത് കൊണ്ട് എല്ലാവരും ഗുർമേലിനെ തിരഞ്ഞു .മഴയ്ക്ക് ശേഷം ആരും അയാളെ കണ്ടിട്ടില്ല .യൂണിറ്റിൽ നിന്ന് പലരും അന്വേഷിച്ച് ഗുർമേലിന്റെ വീട് വരെ ചെന്നു ,എരുമകളുടെ നിർത്താതെ കരച്ചിൽ .വീടിന് പുറത്തിട്ട കട്ടിലിൽ ഗുർമേൽ നനഞ്ഞൊട്ടി കിടക്കുകയായിരുന്നു .ഏറെ വിളിച്ചിട്ടും എഴുന്നേൽക്കാത്തപ്പോൾ ആരോ ശ്വാസം നോക്കി .അത് നിലച്ചിരുന്നു . ആകാശത്ത് കാർമേഘങ്ങൾ വീണ്ടും ഉരുണ്ട് കൂടി

വര -ജയ്‌ മേനോൻ

Print Friendly, PDF & Email

About the author

മുരളി മീങ്ങോത്ത്

ഇന്ത്യന്‍ വ്യോമസേനയിലായിരുന്നു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.