ചുവരെഴുത്തുകൾ ലേഖനം

പുതുമഴകാൺകെ വരൾച്ച മറക്കും…സനാതനധർമ്മങ്ങളും യാഥാസ്ഥിതിക മതബോധവും പറയുന്ന ശുദ്ധി ഇതല്ല. അവർ അതിനെ മനുഷ്യന്റെ വംശീയബോധവുമായി ബന്ധിപ്പിച്ചുകൊണ്ടാണ് വിശദീകരിക്കുന്നത്. അങ്ങനെയാണ് ശുദ്ധിയില്ലാത്തവർ, ശുദ്ധിയുള്ളവർ എന്നതരത്തിൽ അവർ മനുഷ്യരെ വിഭജിച്ചത്. അങ്ങനെയാണ് ‘ശുദ്ധി‘യുള്ളവർക്ക് പ്രവേശിക്കാനുള്ള ഇടവും ‘ശുദ്ധി‘യില്ലാത്തവർക്ക് പ്രവേശിക്കാൻ പാടില്ലാത്ത ഇടവും ഉണ്ടായത്. എന്നാൽ, ശുദ്ധി എന്നതിന് മനുഷ്യന്റെ വംശചരിത്രവുമായോ ജനിതക ഘടനയുമായോ ബന്ധമൊന്നുമില്ലെന്നും അത് ശാസ്ത്രചിന്തയുടെ അടിസ്ഥാനത്തിൽ എല്ലാവിഭാഗം മനുഷ്യരും ആർജ്ജിക്കേണ്ട അവബോധമാണെന്നുമാണ് ഈ കൊറോണക്കാലത്ത് സയൻസ് നമ്മളോട് പറയുന്നത്. മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള് വഴിയായാണ് സയൻസ് ശുദ്ധി എന്ന ആശയം അവതരിപ്പിക്കുന്നതെങ്കിൽ, മനുഷ്യരെ അയിത്തം കല്പിച്ച് മാറ്റിനിർത്താനും അവരെ വംശീയമായി ഭിന്നിപ്പിക്കാനുമുള്ള ഉപാധിയായാണ് ശുദ്ധിയെ യാഥാസ്ഥിതിക മതനേതൃത്വം വിശദീകരിച്ചത്.

ലോകത്തെ രണ്ടായി വിഭജിക്കുന്ന തിരക്കിലാണ് പലരും. കൊറോണയ്ക്ക് മുമ്പും കൊറോണയ്ക്ക് ശേഷവും എന്ന ഈ തരം തിരിവ് സാമൂഹ്യശാസ്ത്രത്തിന്റെ യുക്തിയിൽ ശരിയാകാമെങ്കിലും മനുഷ്യപ്രകൃതിയുടെ കണക്കിൽ ഇത് അത്ര ശരിയാകാനിടയില്ല. ഭൂമിയിൽ ഇതിനു മുമ്പ് മനുഷ്യർക്കിങ്ങനെ രാവും പകലും തുടർച്ചയായി വീട്ടിൽ കഴിയേണ്ടിവന്നിട്ടില്ലെന്നതും സാമൂഹ്യബന്ധങ്ങളിൽനിന്നകന്ന് ജീവിക്കാൻ ഭയം ഒരു കാരണമായിട്ടില്ലെന്നതും ശരിയായിരിക്കാം. എന്നാൽ ഭൂതകാലത്തെ വകഞ്ഞുമാറ്റി വർത്തമാനത്തിൽ നിന്നുതളിർക്കാനുള്ള മനുഷ്യന്റെ അടിസ്ഥാന ചോദന കാണാതിരിന്നുകൂടാ. ‘ഒരു താരകയെക്കാൺകെ രാവു മറക്കും പുതുമഴകാൺകെ വരൾച്ച മറക്കും‘ എന്ന് ഒരു കവി പറയുന്നതിൽ മറവിയുടെ ജീവിതദർശനമാണുള്ളത്. ഭീതിദമായ രാത്രി മറക്കാൻ ഒരു നക്ഷത്രം മതി എന്നതും പൊള്ളുന്ന വരൾച്ച മറക്കാൻ ഒരു പുതുമഴമതി എന്നതും ഇവിടെ നമുക്ക് വെറും ഒരു കവിഭാവനയല്ല. നമ്മുടെയെല്ലാം അനുഭവങ്ങളാണ്. അല്ലെങ്കിൽ ഭൂമിയിൽ മനുഷ്യനെന്ന സാമൂഹ്യജീവി അതിജീവിച്ചു വന്നതിന്റെ ചരിത്രമാണത്. ദുരന്താനുഭവങ്ങളെ ഓർമ്മയുടെ കൂട്ടിലേയ്ക്ക് തള്ളി വർത്തമാനത്തിൽ ജീവിതം ജീവിച്ചുതീർക്കുന്നതാണ് മനുഷ്യന്റെ ഇതുവരെയുള്ള ചരിത്രം. ഒരു ലോകയുദ്ധത്തിന്റെ ഭീകരമായ അനുഭവം അടുത്ത ലോകയുദ്ധത്തിൽനിന്നും മനുഷ്യനെ വിലക്കിയിട്ടില്ല. ഒന്നാം ലോകയുദ്ധം രണ്ടാം ലോകയുദ്ധം എന്ന പ്രയോഗങ്ങളിൽത്തന്നെ ഒരു മൂന്നാം ലോകയുദ്ധത്തെക്കുറിച്ചുള്ള പ്രതീക്ഷയുണ്ട്. സുനാമിത്തിരവന്ന് ജീവിതം തകർത്തെറിഞ്ഞിട്ടും പ്രളയം വന്ന് വിഴുങ്ങിയിട്ടും മനുഷ്യർ കടൽക്കരയിൽനിന്നും പുഴയോരത്ത് നിന്നും എങ്ങോട്ടും പോയിട്ടില്ല! ഒരൊറ്റ സൂര്യോദയത്തിൽ ജീവിതം പഴയപടിയായി മാറുന്നതാണ് നാം കണ്ടത്. അതുകൊണ്ടാണ് ഒരു ചിരിയിൽ മൃതിയെപ്പോലും മറന്ന് രസിക്കുന്ന ഒന്നായി ‘പാവംമാനവഹൃദയം‘ മാറുന്നത്. പറഞ്ഞുവരുന്നത്, നഷ്ടങ്ങളുടെ കണക്ക്പുസ്തകം അടച്ചുവെയ്ക്കുന്നതിലും അത് തുറക്കാതിരിക്കുന്നതിലുമുള്ള മനുഷ്യരുടെ അബോധമായ മിടുക്കിനെക്കുറിച്ചാണ്. കൊറോണയ്ക്ക് ശേഷം ലോകം മറ്റൊരു ലോകമായിരിക്കുമെന്നും അവിടെ ജീവിക്കുന്ന മനുഷ്യർ എന്തോ പുതിയതരം മനുഷ്യരായിരിക്കുമെന്നും ധരിക്കുന്നതിലൊന്നും വലിയ കാര്യമുണ്ടാകുമെന്ന് തോന്നുന്നില്ല.

മരണഭയത്തിൽ അവധിയിൽപ്പോയ ആൾദൈവങ്ങളും അന്ധവിശ്വാസങ്ങളും കണ്ണ് ചിമ്മിത്തുറക്കുന്ന വേഗത്തിൽ തിരികെയെത്തും. അവർ വീണ്ടും കെട്ടിപ്പിടുത്തങ്ങളും ഊതിയവെള്ളം നൽകുന്നതും തുടരും. മനുഷ്യർ പൂർവ്വാധികം ശക്തിയോടെ ഇതിലെല്ലാം അഭിരമിക്കുകയും ചെയ്യും. കാരണം ഏതെങ്കിലും തരത്തിലുള്ള യുക്തിയുടെ പിൻബലത്തിലല്ല ഇവിടെയൊന്നും ആളുകൾ എത്തിപ്പെടുന്നത്. ഈ ദുരന്തകാലത്ത് നിങ്ങളെവിടെയായിരുന്നു എന്ന് ആൾദൈവങ്ങളോട് പലരും ചോദിക്കുന്നതിൽ യുക്തിയാണ് പ്രവർത്തിക്കുന്നത്. എന്നാൽ യുക്തിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ‘ബാധ്യത‘യില്ലാത്ത മറ്റൊരു മണ്ഡലത്തിലാണ് ആൾദൈവങ്ങൾ ജീവിക്കുന്നത്. മനുഷ്യന്റെ അടിസ്ഥാനപരമായ അരക്ഷിതത്ത്വബോധത്തെയാണ് അവർ ഉന്നം വെയ്ക്കുന്നത്. ഏത് ദുരന്തകാലത്തും ദൈവത്തെ കുറ്റവിമുക്തനാക്കി മനുഷ്യനെ പ്രതിസ്ഥാനത്ത് നിർത്താനാണ് മതങ്ങളും ആൾദൈവങ്ങളും ശ്രമിക്കുക. ‘കൊറോണ വൈറസ് സ്രവങ്ങളിലൂടെ പകരുന്നതും വായുവിലൂടെ പകരാത്തതും ദൈവകൃപകൊണ്ടാണെന്നും വായുവിലൂടെ പകർന്നിരുന്നുവെങ്കിൽ നമ്മുടെ വിധി എന്താകുമായിരുന്നു‘ എന്ന് ഒരു ജനപ്രതിനിധി പ്രസംഗിച്ചത് നമ്മുടെ നിയമസഭയിലാണ്. നിപവൈറസ് പടർന്നുപിടിക്കുന്ന കാലത്ത് ഈ ജനപ്രതിനിധി ഇങ്ങനെ പറഞ്ഞതായി അറിവില്ല.! ഇത് വസൂരി ദൈവകോപമാണെന്നും അയിത്തം മുജ്ജന്മപാപത്തിന്റെ കൂലിയാണെന്നും പാവം മനുഷ്യരെ പറഞ്ഞ് വിശ്വസിപ്പിച്ച ഫ്യൂഡൽ മൂല്യബോധത്തിന്റെ പുതിയപതിപ്പല്ലാതെ മറ്റൊന്നുമല്ല. ദൈവങ്ങൾ പോലും അവധിയിൽ പോയ ഈ കാലത്തും ഇവർക്കിത് പറയാനാകുന്നത് മനുഷ്യരുടെ യുക്തിബോധം അത്രമേൽ ദുർബലമായതുകൊണ്ടാണ്.

മറ്റെല്ലാ ദുരന്തകാലത്തെയും പോലെ ഈ ദുരന്തകാലത്തും മനുഷ്യന്റെ രക്ഷയ്ക്കെത്തുന്നത് ശാസ്ത്രബോധവും മതജാതിപരിഗണനയ്ക്കതീതമായ സഹജീവിസ്നേഹവും തന്നെയാണ്.

ഇവിടെ ശരിയായ ശാസ്ത്രബോധമാണ് പ്രതിവിധി. വിശ്വാസങ്ങളുടെയോ ആചാരങ്ങളുടെയോ ചുമലിലേറിയല്ല, അന്വേഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയും വികസിപ്പിച്ച ശാസ്ത്രസത്യങ്ങളുടെ പിൻബലത്തിലാണ് മനുഷ്യസമൂഹം ആധുനിക ബോധത്തിലേക്ക് വികസിച്ചതെന്ന യാഥാർത്ഥ്യം ഈ ദുരന്താനുഭവങ്ങളെ മുൻനിർത്തി നാം പറഞ്ഞുകൊണ്ടേയിരിക്കണം. ഈ കൊറോണക്കാലത്ത് സയൻസ് നമ്മളോട് മുഖ്യമായും പറഞ്ഞത് വ്യക്തിശുചിത്വത്തെക്കുറിച്ചാണ്. കൈ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും ശരീരം അണുവിമുക്തമാകാനുള്ള വഴിയാണെന്ന് സയൻസ് ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇവിടെ ശുദ്ധി എന്നത് ഒരു ശാസ്ത്രാശയമാണെന്ന് നമ്മൾ തിരിച്ചറിയുന്നുണ്ട്. എന്നാൽ, സനാതനധർമ്മങ്ങളും യാഥാസ്ഥിതിക മതബോധവും പറയുന്ന ശുദ്ധി ഇതല്ല. അവർ അതിനെ മനുഷ്യന്റെ വംശീയബോധവുമായി ബന്ധിപ്പിച്ചുകൊണ്ടാണ് വിശദീകരിക്കുന്നത്. അങ്ങനെയാണ് ശുദ്ധിയില്ലാത്തവർ, ശുദ്ധിയുള്ളവർ എന്നതരത്തിൽ അവർ മനുഷ്യരെ വിഭജിച്ചത്. അങ്ങനെയാണ് ‘ശുദ്ധി‘യുള്ളവർക്ക് പ്രവേശിക്കാനുള്ള ഇടവും ‘ശുദ്ധി‘യില്ലാത്തവർക്ക് പ്രവേശിക്കാൻ പാടില്ലാത്ത ഇടവും ഉണ്ടായത്. എന്നാൽ, ശുദ്ധി എന്നതിന് മനുഷ്യന്റെ വംശചരിത്രവുമായോ ജനിതക ഘടനയുമായോ ബന്ധമൊന്നുമില്ലെന്നും അത് ശാസ്ത്രചിന്തയുടെ അടിസ്ഥാനത്തിൽ എല്ലാവിഭാഗം മനുഷ്യരും ആർജ്ജിക്കേണ്ട അവബോധമാണെന്നുമാണ് ഈ കൊറോണക്കാലത്ത് സയൻസ് നമ്മളോട് പറയുന്നത്. മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള് വഴിയായാണ് സയൻസ് ശുദ്ധി എന്ന ആശയം അവതരിപ്പിക്കുന്നതെങ്കിൽ, മനുഷ്യരെ അയിത്തം കല്പിച്ച് മാറ്റിനിർത്താനും അവരെ വംശീയമായി ഭിന്നിപ്പിക്കാനുമുള്ള ഉപാധിയായാണ് ശുദ്ധിയെ യാഥാസ്ഥിതിക മതനേതൃത്വം വിശദീകരിച്ചത്. എന്നാൽ, ഈ കൊറോണക്കാലം മറ്റെല്ലാ ശുദ്ധിവാദങ്ങളെയും റദ്ദ് ചെയ്യുകയും മനുഷ്യന് ആരോഗ്യകരമായ ജീവിതം നയിക്കാനാവശ്യമായ ഒരു ജീവിതശീലമാണതെന്ന് ആവർത്തിച്ച് സ്ഥാപിക്കുകയും ചെയ്യുന്നു. മറ്റെല്ലാ ദുരന്തകാലത്തെയും പോലെ ഈ ദുരന്തകാലത്തും മനുഷ്യന്റെ രക്ഷയ്ക്കെത്തുന്നത് ശാസ്ത്രബോധവും മതജാതിപരിഗണനയ്ക്കതീതമായ സഹജീവിസ്നേഹവും തന്നെയാണ്. അല്ലാതെ ജപിച്ച ചരട് കെട്ടിത്തരുന്നവരോ, ഊതിയ വെള്ളം കുടിപ്പിക്കുന്നവരോ, മുട്ടിപ്പായിപ്രാർത്ഥിച്ച് രോഗശാന്തിവരുത്തുന്നവരോ, കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നവരോ അല്ല. അനുഭവങ്ങളിൽനിന്നാണ് അറിവുണ്ടാകുന്നതെങ്കിൽ, ഈ ദുരന്തകാലത്ത് നമ്മൾ മനസ്സിലുറപ്പിക്കേണ്ട പ്രധാന പാഠമാണത്.

Print Friendly, PDF & Email