Uncategorized ഓർമ്മ

ഒരു വിദ്യാരംഭ കാലത്ത്നഗരം വിഴുങ്ങിത്തുടങ്ങും മുമ്പുള്ള ഗ്രാമങ്ങളിലെ സർക്കാർ പള്ളിക്കൂടങ്ങളിലേക്ക് ആദ്യമായി സ്കൂൾ വിദ്യാർത്ഥിയായി കടന്നുചെല്ലുന്ന ഓരോ കുട്ടികളും 'ഉണ്ണിക്കുട്ട'ന്മാരായിരുന്നു.

ഇടവപ്പാതിക്കൊപ്പം പതിവുതെറ്റിക്കാതെ കാലവർഷമെത്തി. നീണ്ട വേനലവധിയുടെ ആലസ്യത്തിൽ നിന്ന് പുത്തൻ അദ്ധ്യായന വർഷത്തിലേക്ക് പുത്തനുടുപ്പും ബാഗും പുതുമണമുള്ള പുസ്തകങ്ങളും നിറങ്ങളും കണ്ണീരും ചിരികളുമായി ഒരു പുതിയ തലമുറ പള്ളിക്കൂടത്തിലേക്ക് യാത്ര തുടങ്ങുമ്പോൾ മഴയ്ക്ക് നേരേ ചൂടാൻ പുത്തൻ കുഞ്ഞിക്കുടകൾ വിരിയാറുണ്ട്. എന്നാൽ, ലോകം മുഴുവൻ പൂട്ടിയിട്ട ഒറ്റമുറിയാക്കുന്ന മഹാമാരിയുടെ തടവിൽ ഇത്തവണ ആ പതിവ് തെറ്റുകയാണ്.

ആദ്യവിദ്യാലയോർമ്മകൾ ! അവിടുത്തെ ആദ്യദിനം ഒരിക്കലും മങ്ങാത്ത ഒരോർമ്മ തന്നെയാണ്. അതിനാൽ തന്നെ നന്തനാരുടെ ‘ഉണ്ണിക്കുട്ടന്റെ ലോകം’ എന്റേതുകൂടിയായിരുന്നു. ഒരുപക്ഷേ, 90’കൾ വരെനീണ്ട തലമുറകളുടെ ലോകം ‘ഉണ്ണിക്കുട്ട’ന്റെ കൂടിയായിരുന്നു എന്നുവേണമെങ്കിലും പറയാം. നഗരം വിഴുങ്ങിത്തുടങ്ങും മുമ്പുള്ള ഗ്രാമങ്ങളിലെ സർക്കാർ പള്ളിക്കൂടങ്ങളിലേക്ക് ആദ്യമായി സ്കൂൾ വിദ്യാർത്ഥിയായി കടന്നുചെല്ലുന്ന ഓരോ കുട്ടികളും ‘ഉണ്ണിക്കുട്ട’ന്മാരായിരുന്നു. ‘ഉണ്ണിക്കുട്ടൻ സ്കൂളിൽ’ എന്ന കഥ മലയാളം ഉപപാഠ പുസ്തകത്തിൽ പാഠമാകുന്നതും നാട്ടിൻപുറത്തെ യു.പി സ്കൂളിലെ പഠനകാലത്തായിരുന്നു. ആ ചിരപരിചിതമായ കഥ മുഴുവൻ എനിക്ക് ജീവിതമായിരുന്നു.

ചെമ്പരത്തി പൂ കൊണ്ട് ബ്ലാക്ക് ബോർഡ് മായ്ക്കുമ്പോൾ ഉണ്ടാകുന്ന മണം, ‘സ്ലൈറ്റ് മാപ്പാ’യിരുന്ന വെള്ളത്തണ്ട്/മഷിത്തണ്ട് ചെടിയുടെ മണം, കഞ്ഞിപ്പുരയിൽ ചെടിച്യാര് ഉപ്പിട്ട് വേവിയ്ക്കുന്ന ചെറുപയർ പുഴുക്കിന്റെ, ഉച്ചകഞ്ഞി തിളച്ചു മറിയുന്നതിന്റെ, ആദ്യ ഇന്റർവെല്ലിനു അടുപ്പുകൂട്ടി വച്ച ചായ തിളയ്ക്കുന്ന മണം തൊട്ട്, മേൽക്കൂരയില്ലാത്ത മൂത്രപ്പുരയുടെ ദുർഗന്ധം വരേ മൂക്കിന്റെ തുഞ്ചത്തുണ്ട്.

നഴ്‌സറി സ്കൂൾ അനുഭവങ്ങൾ ഒന്നുമില്ലെങ്കിലും വീട്ടിലിരുന്നാൽ സ്കൂളിലെ മണിയടിയും കുട്ടികളുടെ ആരവവും കേൾക്കുന്ന വിളിപ്പുറത്തെ സ്കൂളിനോട്‌ ഒട്ടും അപരിചിതത്വം തോന്നിയിരുന്നില്ല. പക്ഷേ പുതിയ മുഖങ്ങൾ തെല്ലമ്പരപ്പിക്കാതെയും ഇരുന്നില്ല. എന്നിട്ടും.., എന്നിട്ടും കരയാതിരുന്ന കണ്ണുകൾ. “കരച്ചിലും പിഴിച്ചിലും” അടങ്ങിയ ഇന്റർവെൽ സമയത്ത് പുതിയ സമപ്രായക്കാരുടെ കുത്തിനോവിക്കുന്ന വർത്തമാനങ്ങളിൽ പോലും നിറഞ്ഞു നിന്ന കണ്ണുകൾ തുളുമ്പാതെ കാത്തു. കുട്ടികളോളം ബാലിശമായി ഇടപെട്ട ക്ലാസ്സ്‌ ചാർജുള്ള അദ്ധ്യാപികയോട് കടുത്ത അമർഷം തോന്നി. ഏവർക്കും പ്രിയങ്കരിയായിരുന്ന ആ അദ്ധ്യാപികയും ഞാനും തമ്മിൽ എന്തായിരുന്നു, എന്തിനായിരുന്നു ആ വിധം പരസ്പര വൈരികളായി തീർന്നത്? പിൽക്കാലത്തും തെളിമയോടെ എത്ര ആലോചിച്ചിട്ടും അതിനൊരുത്തരം കിട്ടിയില്ല. ടി.ടി.സി കഴിഞ്ഞയുടൻ താൽകാലികാടിസ്ഥാനത്തിൽ അദ്ധ്യാപികയായെത്തിയ ഷീബ ടീച്ചർ കടന്നു വരും വരെയുള്ള മാസങ്ങൾ കയ്‌പ്പേറിയതായിരുന്നു. പക്ഷേ, ഇത്തരം കയ്‌പ്പക്കകളെ കരിമ്പാക്കി മാറ്റാൻ കഴിയുന്ന അദ്ധ്യാപകരും കുട്ടികളും വേറെയും ചുറ്റിലായ് നിറഞ്ഞു നിന്നു എന്നത് അനുഗ്രഹമായിരുന്നു.

എന്നിലും ഏഴെട്ട് വയസ്സ് മുതിർന്ന ഏടത്തിയുടെ കേരളപാഠാവലിയിലെ പുറംചട്ടയിലോ ഉൾത്താളിലോ കാണാറുള്ള അർദ്ധചതുരാകൃതിയിലുള്ള ഓടു മേഞ്ഞ ഒറ്റനില സ്കൂളിന്റെ വർണ്ണചിത്ര വാർപ്പ് മാതൃകയായിരുന്ന ആ എൽ.പിസ്കൂളിന്റെ ഓരോ കോണും ഇന്നും ഓർമ്മയിലുണ്ട്. ചെമ്പരത്തി പൂ കൊണ്ട് ബ്ലാക്ക് ബോർഡ് മായ്ക്കുമ്പോൾ ഉണ്ടാകുന്ന മണം, ‘സ്ലൈറ്റ് മാപ്പാ’യിരുന്ന വെള്ളത്തണ്ട്/മഷിത്തണ്ട് ചെടിയുടെ മണം, കഞ്ഞിപ്പുരയിൽ ചെടിച്യാര് ഉപ്പിട്ട് വേവിയ്ക്കുന്ന ചെറുപയർ പുഴുക്കിന്റെ, ഉച്ചകഞ്ഞി തിളച്ചു മറിയുന്നതിന്റെ, ആദ്യ ഇന്റർവെല്ലിനു അടുപ്പുകൂട്ടി വച്ച ചായ തിളയ്ക്കുന്ന മണം തൊട്ട്, മേൽക്കൂരയില്ലാത്ത മൂത്രപ്പുരയുടെ ദുർഗന്ധം വരേ മൂക്കിന്റെ തുഞ്ചത്തുണ്ട്.വെള്ളിയാഴ്ചകളിൽ കൂടിയിരുന്ന സാഹിത്യ സമാജങ്ങൾ, സ്കൂളിൽ സംഘടിപ്പിച്ചിരുന്ന 1 രൂപ വീതം വച്ച് നൽകി കണ്ട സർക്കസ് പ്രകടനങ്ങൾ, മാജിക് ഷോകൾ, പുഴക്കരയിലേക്ക് നടത്തിയ യാത്രകൾ, എൽ.എസ്.എസ് പരീക്ഷ എഴുതാൻ തോട്ടര ഹൈസ്കൂളിലേക്ക് നടത്തിയ ആദ്യത്തെ തോണിയാത്ര അങ്ങനെ… അങ്ങനെ… അങ്ങനെ… ജീവിതത്തിൽ വെറുക്കാൻ ചിലതൊക്കെ ഉണ്ടാകുന്ന കാലഘട്ടത്തിലും വെറുക്കാതിരിക്കാൻ പ്രേരിപ്പിക്കുന്ന പലതും- ചില ബാലൻസിംഗ് അനുഭവങ്ങൾ ഇതുപോലെ അന്നുതൊട്ടിന്നുവരെ സംഭവിച്ചു കൊണ്ടേയിരിക്കുന്നു.

ചീരാപ്പൊലിപ്പിച്ചു, കണ്ണിൽ ‘പീള’ കെട്ടി ഉറക്കം തൂങ്ങിയിരുന്നവർ, ബട്ടൻസ് പൊട്ടിയ കുപ്പായങ്ങളിൽ പിൻ ചെയ്തു വന്നിരുന്നവർ, പിൻബഞ്ചിൽ സദാ ഉറക്കം തൂങ്ങിയിരുന്നവർ, ‘തല്ലുകൊള്ളി’ കിരീടം ചൂടി പല ക്ലാസ്സുകളിലും ഹാട്രിക് അടിച്ചിരുന്നിരുന്നവർ, ഒന്നാം ക്ലാസ്സുമുതൽ നാലാം ക്ലാസ്സുവരെ ഒരുബെഞ്ചിൽ അടുത്തടുത്തിരുന്ന പരസ്പരം മനസാക്ഷി സൂക്ഷിച്ചിരുന്ന ചങ്ങാതി അനിൽ പ്രകാശ്. അങ്ങനെ ആ മുഖങ്ങൾ ഇന്നും ഓർമ്മയിലുണ്ട്. കാലങ്ങൾ കടന്ന് പലരും വന്നോർമ്മ പുതുക്കിയ പിൽക്കാലത്ത് പുതിയ മുഖങ്ങളിൽ നിന്ന് പഴയ മുഖങ്ങളെ ഓർത്തെടുക്കാൻ കഴിയാതെ പോയത് ഭൂതകാലം അത്രമേൽ മനസ്സിൽ വേരോടിയതുകൊണ്ടുതന്നെയാവണം.’ഉണ്ണിക്കുട്ടന്റെ ലോകം’ ഇന്നിൽ നിന്ന് എങ്ങനെ ഉണ്ണിക്കുട്ടൻ നോക്കി കാണുന്നു എന്നുപറയാൻ നമുക്കിടയിൽ നന്തനാർ ഇല്ലാതെ പോയി. ഓർമ്മകൾ നല്ലതോ ചീത്തയോ ആവട്ടെ, അവ ഓർത്തെടുക്കാൻ കഴിയുന്നതൊക്കെ ഭാഗ്യങ്ങളാണ്. തിരിഞ്ഞു നോക്കുമ്പോൾ എന്തുകാണുന്നു? എന്തുതോന്നുന്നു? എന്നീ ചോദ്യങ്ങൾ നിരന്തരം മനസ്സിൽ ചോദിക്കുകയെങ്കിലും വേണം. ‘ആദ്യം’ എല്ലാം ഓർമ്മയാണ്. ഏറ്റവും വിലപിടിപ്പുള്ള ഓർമ്മകൾ. ലോകം മുഴുവൻ മഹാമാരി ഭീതിയിൽ കഴിയുന്ന ഈ അദ്ധ്യായനവർഷാരംഭ കാലത്ത് സ്കൂളിൽ പോകാൻ കഴിയാതെ വീട്ടകങ്ങളിൽ ഓൺലൈൻ ക്ലാസ്സുകൾക്ക് മുമ്പിൽ ഇരിക്കുന്ന ‘കുട്ടി’ക്കാലത്ത് വിരസതയകറ്റാൻ ഏതൊരുണ്ണിക്കുട്ടനും വായിച്ചു കൊടുക്കേണ്ടുന്ന, വീണ്ടും ഒരു ഉണ്ണിക്കുട്ടനായി മാറാൻ മുതിർന്നവർക്കും എടുത്തു വായിക്കാവുന്ന ഒരു ഓർമ്മ പുസ്തകം കൂടിയാണ് ഉണ്ണിക്കുട്ടന്റെ ലോകം.

ചിത്രങ്ങൾ വരച്ചത് ദീപക്

Print Friendly, PDF & Email