ART നിരൂപണം

നമ്മൾ കാണാതെ പോയ കാഴ്ചകൾ



പുറംകാഴ്ചകളുടെ സാധ്യതകൾ എല്ലാം അസാധ്യമാക്കുന്ന ഒരു കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത് അത് കൊണ്ട് നമ്മൾ കണ്ടതും കാണാത്തതുമായ സ്ഥലങ്ങളിലെ അനിലിന്റെ ചിത്രകാഴ്ചകൾ നിർന്നിമേഷനായി കണ്ടു നിന്നു. കാസർഗോഡ് ജില്ലയിലെ രാവണീശ്വരം സ്വദേശിയായ അനിൽ, കേരളം കർണ്ണാടക,, തമിഴ്നാട് രാജസ്ഥാൻ, മഹാരാഷ്ട്ര, കാശ്മീർ എന്നിവിടങ്ങളിലെ യാത്രകൾക്കിടയിൽ പ്രകൃതി ഒരുക്കുന്ന വിസ്‌മയകരമായ ക്യാമറ കാഴ്ചകൾ. ഡ്രോൺ ഫോട്ടോഗ്രാഫിയുടെ സാധ്യതകളും ഗംഭീരമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പല ഫോട്ടോകളിലും സാങ്കേതികവും സൗന്ദര്യാത്മകവുമായ മിനുക്ക് പണികളും നടത്തിയിട്ടുണ്ട്.

ഓളങ്ങളുടെ നീലക്കിടക്കയിൽ പരന്നിരിക്കുന്ന കടലും വെള്ളി നക്ഷത്രങ്ങൾ വിതറിയിട്ട നീലാകാശമുറ്റവും, സൂര്യന്റെ ഉദയാസ്തമനങ്ങളാൽ ഭാവവർണ്ണങ്ങൾ മാറുന്ന ഇടങ്ങളും, ദ്വീപുകളിലെ പച്ചപ്പും എല്ലാം ഈ ഫോട്ടോകളിൽ തെളിഞ്ഞു കാണാം.

കടലും ആകാശവും കോട്ടയും ചിത്രീകരിച്ച ശിവപ്പ നായിക് നിർമ്മിച്ച ബേക്കൽ കോട്ടയുടെ പച്ചപ്പിനിടയിൽ തെളിഞ്ഞു കാണുന്ന ഒറ്റവഴിയിലൂടെ തിടുക്കത്തിൽ നീങ്ങൂന്ന സഞ്ചാരിയെ നോക്കു. കാഴ്ചയുടെ സമസ്ത ജാലകങ്ങളും തുറന്നുതരുന്ന ഫോട്ടോ

കേരളത്തിലെ ഏറ്റവും ഉയർന്ന പാലമായ, പെരിയയ്ക്ക് അടുത്തുള്ള ആയംകടവ് പാലത്തിന് മുകളിൽ പതിച്ച ഉദയ കിരണങ്ങളുടെ തിളക്കം. മേൽപറമ്പ്, കീഴൂരിലെ കടപ്പുറത്തെ വർണ്ണ വഞ്ചികൾ, കളിപ്പാട്ടങ്ങൾ പോലെ നിരന്നു നിൽക്കുന്നു

നീലേശ്വരത്തിനു അടുത്തുള്ള കോട്ടപ്പുറം കടപ്പുറത്തെ അസ്തമന സമയത്തെ കല്പവൃക്ഷങ്ങളുടെ പ്രതിബിംബം ചേതോഹരമായ കാഴ്ചയാണ്. രാജസ്ഥാനിലെ പുഷ്കർ മേളയുടെ ദൃശ്യങ്ങൾ, കോലാപ്പൂരിലെ പത്താൻകേടലിയിലെ മഞ്ഞൾ ഉത്സവത്തിലെ പീത വർണ്ണ കാഴ്ചകൾ, മൂന്നാറിലെ സീസൺ താഴ്‌വരയ്ക്ക് മുകളിലെ ചക്രമുടിയിലെ ഇരുളിൽ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം..ഹോസെഗട്ട തടാകം, കടമക്കുടി ദ്വീപിലെ ഹരിതജലാശയങ്ങൾ, മന്ദരാബാദ് കോട്ട എല്ലാം കാണാൻ അനിലിന്റെ ഇൻസ്റ്റാഗ്രാം പേജ് സന്ദർശിച്ചാൽ മതി

Print Friendly, PDF & Email