COLUMNS de Facto Uncategorized നിരീക്ഷണം

നിയന്ത്രണരേഖയിലെ ചില്ലിചിക്കൻസത്യവും പ്രചരണവും തമ്മിലുള്ള ദൂരം ഇന്ത്യയിൽ എക്കാലവും വലുതായിരുന്നു എന്ന് നാം തിരിച്ചറിഞ്ഞേ പറ്റൂ.പലപ്പോഴും വളരെ വൈകി മാത്രമായിരിക്കും നാം വൈകാരികതകളില്‍ നിന്ന് മോചിതരാവുന്നതും യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതും. യുദ്ധത്തെ സംബന്ധിച്ച് യാഥാര്‍ത്ഥ്യവും വസ്തതുതയും മനസ്സിലാക്കുക എന്നത് പരമപ്രധാനമാണ് താനും. ചൈനയുമായുള്ള യുദ്ധം നമുക്ക് ജയിക്കണമെങ്കില്‍ അതിനുള്ള ആയുധങ്ങള്‍ നയതന്ത്രവും, സാമ്പത്തികവിപ്‌ളവും നിര്‍ണായകമേഖലകളിലെ സ്വയം പര്യാപതതയും മാത്രമായിരിക്കും.

രണ്ട് ആണവരാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തിസംഘര്‍ഷത്തില്‍ ചില്ലിചിക്കനും ഗോബിമഞ്ചൂരിയനും എത്ര മാത്രം നിര്‍ണായകമാണ് ? വര്‍ഷങ്ങളിലൂടെ നീളുന്ന ഈ സംഘര്‍ഷത്തില്‍ അനായാസമായൊരു വഴിത്തിരിവ് ഉണ്ടാക്കാന്‍ ഈ വിഭവങ്ങളുടെ ബഹിഷ്‌ക്കരണത്തിലൂടെ കഴിയുമോ ? കഴിയും എന്ന് വിശ്വസിക്കുക മാത്രമല്ല അത് ഉച്ചത്തില്‍ ആഹ്വാനം ചെയ്യുക കൂടി ചെയ്ത ഭരണാധികാരികളുടെ ചിത്രം കൂടിയാണ് ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ ഈ നാളുകള്‍ നമുക്ക് കാട്ടിത്തരുന്നത്. ഇതെഴുതുമ്പോഴേക്കും ഗാള്‍വാന്‍ വാലിയില്‍ ഇരുപത് സൈനികരെ നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ചൈനീസ് ഭാഗത്ത് നിന്നുള്ള നഷ്ടത്തിന്റെ യഥാര്‍ത്ഥചിത്രം അവര്‍ പുറത്ത് വിട്ടിട്ടില്ല. ആരോപണ-പ്രത്യാരോപണങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. ഇതിനിടയില്‍ ഇന്ത്യയില്‍ ഒരു വലിയ ആഹ്വാനം മുഴങ്ങുന്നുണ്ട് താനും : ചൈനയുമായുള്ള വ്യാപാരബന്ധത്തിന്റെ ബഹിഷ്‌ക്കരണം, അഥവാ ‘ബോയ്‌ക്കോട്ട് ചൈന ‘ എന്നതാണ് ആ മുദ്രാവാക്യം.

സത്യത്തില്‍ ഇനിയുള്ള നാളുകളില്‍ ഒരു തുറന്നയുദ്ധം രാഷ്ട്രങ്ങള്‍ തമ്മില്‍ സാധ്യമാണെന്ന് ലോകം വലുതായൊന്നും വിശ്വസിക്കുന്നില്ല. സമ്പദ് വ്യവസ്ഥകളും സ്വതന്ത്രവിപണിയും അത്രകണ്ട് ലോകത്തിന്റെ പ്രാഥമികപരിഗണനകള്‍ ആയി മാറിയിട്ടുണ്ട്. ലോകവും കാലവും വളരെ മോശപ്പെട്ട ഒന്നായി മാറിയെന്ന് കവികളും വികാരജീവികളും അഭിപ്രായപ്പെടുമ്പോള്‍ വിവരവിശകലനത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹികശാസ്ത്രജ്ഞര്‍ മുന്നോട്ട് വയ്ക്കുന്ന ചിത്രം മറ്റൊന്നാണ്. സത്യത്തില്‍ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ക്ക് ശേഷം ലോകം കൂടുതല്‍ മെച്ചപ്പെട്ട ഒരിടമായി മാറിക്കൊണ്ടേയിരിക്കുകയാണെന്നതാണ് വസ്തുത. ഭൗതികമായി മാത്രമല്ല, നൈതികമായും ധാര്‍മ്മികമായും ലോകം കൂടുതല്‍ മെച്ചപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അത് കൊണ്ടാണ് അമേരിക്കയില്‍ പൊലീസിന്റെ ബൂട്ടിനടിയില്‍ ഒരു കറുത്തവര്‍ഗ്ഗക്കാരന്‍ കൊല്ലപ്പെടുമ്പോള്‍ കറുത്തവരും വെളുത്തവരും ഒരുമിച്ച് ‘ബ്‌ളാക്ക്‌ലൈഫ് മാറ്റേഴ്‌സ് ‘ എന്ന് മുദ്രാവാക്യമുയര്‍ത്തി തെരുവില്‍ തോളോട് തോള്‍ ചേരുന്നത്. അടിയന്തിരമായി തന്നെ പൊലീസില്‍ അഴിച്ചുപണി നടത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാവുന്നത്. കോറോണക്കാലത്തിലൂടെ കടന്ന് പോവുമ്പോള്‍, എന്തൊക്കെ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടായിരുന്നെങ്കിലും ലോകവും ജീവിതവും എത്രയോ മനോഹരമായിരുന്നൂവെന്ന് കൂടിയാണ് നാം മനസ്സിലാക്കുന്നത്. നഷ്ടമാണ് ഒന്നിന്റെ യഥാര്‍ത്ഥമൂല്യത്തെ മനസ്സിലാക്കിത്തരുന്നത് എന്ന നിരീക്ഷണം വളരെ ശരിയാണ് എന്ന് നമുക്ക് തന്നെ ബോധ്യപ്പെടുന്നത് ഇങ്ങനെയൊക്കെയാണ്.

ചുരുക്കത്തില്‍ ലോകം കൂടുതല്‍ സമാധാനമുള്ള ഒരിടമായി നിലനില്‍ക്കുന്നത് സാമ്പത്തികവ്യവസ്ഥയും സ്വതന്ത്രവിപണിയും അതതിന്റെ പങ്ക് നിര്‍വഹിക്കുന്നത് കൊണ്ട് കൂടിയാണെന്ന് സ്റ്റീവന്‍ പിങ്കറിനെപ്പോലുള്ളവര്‍ വിവരവിശകലനം ചെയ്ത് കൊണ്ട് തെളിയിക്കുന്നുണ്ട്. ഉദാഹരണത്തിന് ഇന്തോ-ചൈനയുദ്ധം പ്രത്യക്ഷത്തില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ ഹാനികരമാണെന്ന് തോന്നാം. എന്നാല്‍ തിരിച്ചാണെന്നതാണ് സത്യം. ഇന്ത്യയ്ക്ക് നഷ്ടപ്പെടാന്‍ അധികമൊന്നുമില്ല. എന്നാല്‍ അതിവേഗം ലോകത്തെ ഒന്നാംനമ്പര്‍ സമ്പദ് വ്യവസ്ഥയായി കുതിക്കുന്ന ചൈനയ്ക്ക് നഷ്ടപ്പെടാന്‍ വിദേശമൂലധനവും, ലാഭപങ്കാളിത്തവും, ലോകവിപണിയിലേക്കുള്ള ഉത്പാദനത്തിന്റെ വേഗവുമുണ്ട്. അത് കൊണ്ട് തന്നെ പുതിയ കാലത്ത് യുദ്ധമെന്നത് ആയുധം കൊണ്ടുള്ള ഒരു പ്രാകൃതസംഘര്‍ഷമായി നിലനില്‍ക്കില്ല. സത്യത്തില്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്ന ഒരു രാജ്യത്തിനും ഭാവിയില്‍ അത് കൊണ്ട് വലിയ ഉപയോഗമൊന്നും വരാന്‍ പോകുന്നില്ലെന്നതാണ് സത്യം. ആയുധങ്ങള്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങള്‍ക്ക് ഒരു ചെറിയ കാലയളവില്‍ക്കൂടി ആയുധക്കമ്പോളത്തില്‍ നിന്ന് ലാഭമുണ്ടാക്കാന്‍ കഴിയുമായിരിക്കും. എന്നാല്‍ അനതിവിദൂരഭാവിയില്‍ തന്നെ ആയുധങ്ങളും യുദ്ധവും നിരര്‍ത്ഥകമാണെന്ന് ലോകം അസന്നിഗ്ധമായി തിരിച്ചറിഞ്ഞ് കഴിയുമ്പോള്‍ ആ സാധ്യതയും അവസാനിക്കും. പിന്നീട് യുദ്ധവും പിടിച്ചടക്കലുകളും അധിനിവേശങ്ങളും ശാക്തികചേരികളും താല്‍പര്യങ്ങളുമില്ലാത്ത ഒരു സുന്ദരലോകം നിലവില്‍ വരുമെന്നല്ല പറയുന്നത്. മറിച്ച് ബലാബലങ്ങളുടെ, സംഘര്‍ഷങ്ങളുടെ സ്വഭാവം മാറുമെന്നാണ്. കൂടുതല്‍ സാമ്പത്തികമുന്നേറ്റങ്ങളിലൂടെ, ഭാവനാത്കമായ ആഭ്യന്തരവളര്‍ച്ചയിലൂടെ, വിവേകപൂര്‍ണമായ സുസ്ഥിരവികസനത്തിലൂടെ, വിവരവിപ്‌ളവത്തിന്റെ മുന്നണിയില്‍ സ്ഥാനമുറപ്പിക്കുന്നതിലൂടെ മാത്രം രാഷ്ട്രങ്ങള്‍ക്ക് പരസ്പരം മത്സരിക്കാനും മുന്നേറാനുമൊക്കെ കഴിയുന്ന ഒരു ലോകമാണ് വരാന്‍ പോകുന്നത്. ഒരു വെടിയുണ്ട പോലും പായിക്കാതെ, മാധ്യമങ്ങളില്‍ സൈനികശക്തിയുടെ ഗീര്‍വ്വാണം മുഴക്കാതെ ആരാണ് കേമനെന്നും ആരാണ് ശക്തനെന്നും നിര്‍ണയിക്കപ്പെടുന്ന ഒരു ലോകമാണ് നമ്മളെയൊക്കെ കാത്തിരിക്കുന്നതെന്ന് വിശ്വസിക്കാനാണ് ഇതെഴുതുന്ന ലേഖകന് ഇഷ്ടം . അവിടെ ചില്ലിചിക്കനും ഗോബിമഞ്ചൂരിയനും എത്രമാത്രം പ്രസക്തിയുണ്ട് എന്നതാണല്ലോ നമ്മുടെ ചോദ്യം. അതിലേക്ക് തന്നെ തിരിച്ചുവരാം.

2018-19 സാമ്പത്തികവര്‍ഷത്തില്‍ അമേരിക്കയിലേക്ക് മാത്രം 14 ബില്യണ്‍ ഡോളറിന്റെ മരുന്നുകള്‍ ഇന്ത്യ കയറ്റിഅയച്ചിട്ടുണ്ട്. പക്ഷെ ഈ മേഖലയിലേക്ക് വേണ്ട അസംസ്‌കൃത-ഘടകവസ്തുക്കളുടെ മൂന്നിലൊന്നും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്, ചൈനയില്‍ നിന്നും !

തീര്‍ച്ചയായും ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ നിര്‍ണായകമായിത്തീരാന്‍ ചില്ലിചിക്കനും ഗോബിമഞ്ചൂരിയനും കഴിയും. അതിന് മാത്രമല്ല, വേണമെന്ന് വച്ചാല്‍ ഫ്രൈഡ്‌റൈസിനും ന്യൂഡില്‍സിനും ബീഫ് ഷ്വാവുനുമെല്ലാമാവും. പക്ഷെ ബഹിഷ്‌ക്കരണമെന്ന മണ്ടത്തരത്തിലൂടെയല്ല. സ്വന്തമാക്കുന്നതിന്റെയും തദ്ദേശീയമായി പരിഷ്‌ക്കരിക്കുന്നതിലൂടെയുമാവും അത് സാധ്യമാവുക. യുദ്ധത്തിന് പകരം നില്‍ക്കുന്നൊരു അടുക്കളപ്പരീക്ഷണം ! ആയുധപരീക്ഷണശാലയ്ക്ക് പകരം ഒരു ഭക്ഷണപരീക്ഷണശാല ! പുതിയ കാര്യമൊന്നുമല്ല. മനുഷ്യകുലത്തിന്റെ എല്ലാ വൈജാത്യങ്ങളെയും അലിയിച്ച് കളയാന്‍ രുചിമുകുളങ്ങള്‍ക്കാവുമെന്ന് ഭക്ഷണവ്യവസായം പണ്ടേ തെളിയിച്ചതാണ്. കെന്റക്കി ചിക്കനും മക്‌ഡൊണാള്‍ഡ്‌സും എന്താണ് ലോകരാഷ്ട്രീയത്തോട്, ലോകത്തിന്റെ സാമ്പത്തിക സംവിധാനത്തോട്, വിപണിയോട് ചെയ്തത് എന്ന് നോക്കിയാല്‍ മതി. എല്ലാ രാഷ്ട്രീയചേരുതിരിവുകള്‍ക്കുമപ്പുറം ഓരോ ഏകാധിപതിയും കെന്റക്കിയിലും കോണിയാക്കിലും റോത്ത്മാന്‍സിലും അലിഞ്ഞിറങ്ങിയ കഥകള്‍ ചരിത്രം പറഞ്ഞുതരും. ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയമായ ഭക്ഷണസംസ്‌ക്കാരങ്ങളില്‍ ഒന്നാണ് ഇന്ത്യയുടേത്. ചൈനീസ് ഭക്ഷണത്തിന്റെ ഇന്ത്യന്‍ പതിപ്പ് അതിന്റെ ഉറവിടമായ ചൈനയെ തന്നെ രുചിയിലും വൈവിധ്യത്തിലും തോല്‍പ്പിച്ചു കൊണ്ട് ആഗോളസമ്പദ് വ്യവസ്ഥയില്‍ വിജയക്കൊടി നാട്ടുന്ന ചിത്രം ഒന്നോര്‍ത്തുനോക്കൂ. അസാധ്യമേയല്ല. എല്ലാവരും ചിക്കന്‍ വില്‍ക്കുന്നിടത്ത് നിന്നാണല്ലോ, കെന്റക്കിയും ചിക്കന്‍ വില്‍ക്കാന്‍ തുടങ്ങിയത് എന്ന് മാത്രം ഓര്‍ത്താല്‍ മതി.

ഇനിബോയ്‌ക്കോട്ട് ചൈനയുമായി ബന്ധപ്പെട്ട കുറച്ചു കണക്കുകള്‍ വളരെ ചുരുക്കിപ്പറയാം. യാഥാര്‍ത്ഥ്യബോധമുള്ളവര്‍ക്ക് നേരം പുലര്‍ന്നെന്ന് മനസ്സിലാക്കാന്‍ ഇത് തന്നെ ധാരാളമായിരിക്കും : ഇന്ത്യയിലേക്കുള്ള ചൈനീസ് ഇറക്കുമതിയെന്നത് അവരുടെ മൊത്തം ഇറക്കുമതിയുടെ വെറും മൂന്ന് ശതമാനം മാത്രമാണ്. ചൈനയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയെന്നത് നമ്മുടെ മൊത്തം കയറ്റുമതിയുടെ അഞ്ചുശതമാനം വരും. ഇറക്കുമതിയിലും ഈ വ്യത്യാസം ഉണ്ട്. നിര്‍മ്മാണമേഖലയിലും അഗ്രോകെമിക്കല്‍ മേഖലയിലുമെല്ലാം വലിയ ആശ്രതിത്വമാണ് നാം ചൈനയോട് പുലര്‍ത്തുന്നത്. ഇതെല്ലാം മാറ്റിവച്ചാലും, ഫാര്‍മ സെക്ടറിലെ കണക്ക് നാം വേറിട്ട് തന്നെ നോക്കിക്കാണണം. മരുന്നുകളുടെ നിര്‍മ്മാണവും കയറ്റുമതിയും ഇന്ത്യയുടെ സാമ്പത്തികശേഷിയില്‍ പരമപ്രധാനമായ ഒരു മേഖലയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ മരുന്ന്‌വ്യവസായയൂണിറ്റാണ് ഇന്ത്യ. 2018-19 സാമ്പത്തികവര്‍ഷത്തില്‍ അമേരിക്കയിലേക്ക് മാത്രം 14 ബില്യണ്‍ ഡോളറിന്റെ മരുന്നുകള്‍ ഇന്ത്യ കയറ്റിഅയച്ചിട്ടുണ്ട്. പക്ഷെ ഈ മേഖലയിലേക്ക് വേണ്ട അസംസ്‌കൃത-ഘടകവസ്തുക്കളുടെ മൂന്നിലൊന്നും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്, ചൈനയില്‍ നിന്നും ! ‘മേക്ക് ഇൻ ഇന്ത്യ’ വന്നിട്ട് വർഷം അഞ്ചാകാൻ പോകുന്നു. ഈ കാലഘട്ടത്തിൽ ചൈനീസ് ആശ്രിതത്വം കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല എന്ന് കണക്കുകൾ പറയും. സത്യവും പ്രചരണവും തമ്മിലുള്ള ദൂരം ഇന്ത്യയിൽ എക്കാലവും വലുതായിരുന്നു എന്ന് നാം തിരിച്ചറിഞ്ഞേ പറ്റൂ.പലപ്പോഴും വളരെ വൈകി മാത്രമായിരിക്കും നാം വൈകാരികതകളില്‍ നിന്ന് മോചിതരാവുന്നതും യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതും. യുദ്ധത്തെ സംബന്ധിച്ച് യാഥാര്‍ത്ഥ്യവും വസ്തതുതയും മനസ്സിലാക്കുക എന്നത് പരമപ്രധാനമാണ് താനും. ചൈനയുമായുള്ള യുദ്ധം നമുക്ക് ജയിക്കണമെങ്കില്‍ അതിനുള്ള ആയുധങ്ങള്‍ നയതന്ത്രവും, സാമ്പത്തികവിപ്‌ളവും നിര്‍ണായകമേഖലകളിലെ സ്വയം പര്യാപതതയും മാത്രമായിരിക്കും.

Print Friendly, PDF & Email

About the author

ടി. അരുണ്‍കുമാര്‍

കേരളകൗമുദിയിൽ ദീർഘനാൾ പത്രാധിപസമിതി അംഗം ആയിരുന്നു, ഇപ്പോൾ  സ്വതന്ത്ര മാധ്യമപ്രവർത്തകൻ, ആനുകാലികങ്ങളിലും, പ്രമുഖ ഓൺലൈൻ മാധ്യമങ്ങളിലും എഴുതുന്നു. കഥാരചനക്കുള്ള കേരളസർവകലാശാലയുടെ വി പി ശിവകുമാർ എൻഡോവ്മെന്റ്, മാധ്യമരംഗത്തെ മികവിന് ഇൻഡിവുഡ് മീഡിയ എക്സലെൻസ്‌ അവാർഡ് എന്നിവ നേടിയിട്ടുണ്ട്. "ചീങ്കണ്ണിയെ കടലിൽ ചുട്ടത് " ആദ്യ കഥാസമാഹാരം