LITERATURE അഭിമുഖം സംവാദം 

എഴുത്തുവഴികളിലെ മരുപ്പച്ചകള്മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ നിന്നു കൊണ്ടുതന്നെ പ്രവാസജീവിതങ്ങളെക്കുറിച്ചും സാംസ്കാരികമേഖലകളെക്കുറിച്ചും വിശദമായ പഠനങ്ങളും വിവർത്തനങ്ങളും നടത്തിയ ഒരു ബഹുമുഖ പ്രതിഭയാണ് വി മുസഫർ അഹമ്മദ്. അദ്ദേഹം കേന്ദ്ര സാംസ്കാരികവകുപ്പിന്‍റെ സീനിയർ ഫെലോഷിപ്പ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.. അവയിൽ പ്രധാനപ്പെട്ടത് കേരള സാഹിത്യ അക്കാദമി അവാർഡ് കമല സുരയ്യ പുരസ്കാരം കെ.വി. സുരേന്ദ്രനാഥ് പുരസ്കാരം എന്നിവയാണ്‌. പന്ത്രണ്ടിലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. അവയിൽ ചിലത് സര്വ്വകലാശാലകളില്‍ പാഠപുസ്തകങ്ങളുമായിട്ടുണ്ട്. Camels in the Sky എന്നൊരു പുസ്തകം യൂണിവേഴ്സിറ്റി പ്രസ് ഇന്‍ഡ്യ പുറത്തിറക്കിയിട്ടുണ്ട്. 'മരുഭൂമിയുടെ ആത്മകഥ'യും 'മരുമരങ്ങളും' കൂടിച്ചേർന്ന് ഇംഗ്ലീഷിലുണ്ടായ പുസ്തകമാണത്. ഏറ്റവും പുതിയ പുസ്തകം - ബങ്കറിനരികിലെ ബുദ്ധന്‍. ഡീസി ബുക്‌സാണതു പുറത്തിറക്കിയിരിക്കുന്നത്. മുസഫർ അഹമ്മദിലെ എഴുത്തുകാരനു അതിർത്തികളില്ല. അതിർത്തികൾ വേർതിരിക്കുന്ന രാഷ്ട്രീയത്തെ ഒന്നാക്കുന്ന കവിതകളും സംഗീതവും ഉണ്ട്, ആ എഴുത്തുകളില്‍. ലിറ്റററ്റോര്‍ സാന്‍സ് ഫ്രൊണ്ടീയര്‍ (Litterateur Sans Frontier) എന്നൊക്കെ വിളിക്കാവുന്ന ഒരു അപൂർവ്വ ഗണത്തില്‍ ഉള്‍പ്പെടുത്താം. 'മരുഭൂമിയുടെ ആത്മകഥ'യും, 'മരുമരങ്ങളും' മനുഷ്യരും സഹജീവജാലങ്ങളും പ്രകൃതിയും കൂടിച്ചേര്‍ന്ന ജൈവബന്ധങ്ങളുടെ കഥയാണ് പറയുന്നത്. അനുഭവിച്ചുമാത്രം നാം പിന്‍പറ്റേണ്ട അറിവുകളാണതില്‍. കാടുപോലെയും കടൽപോലെയും മരുഭൂമിക്കും അതിന്‍റേതായ ജൈവവൈവിധ്യങ്ങളും ജീവജാലങ്ങളുമൂണ്ട്. ആ യാത്ര സാധ്യമാകാത്തവർക്ക് കൂടെ വന്ന് ആ വിശേഷങ്ങൾ പറഞ്ഞുതരികയാണ് മുസഫർ അഹമ്മദ് എന്ന യാത്രികൻ. യുദ്ധത്തിന്‍റേയും സമാധാനത്തിന്‍റേയും പ്രതീകങ്ങളാണ്‌ ബങ്കറും ബുദ്ധനും. ആ പ്രതീകങ്ങളെ മുൻനിർത്തിയാണ് 'ബങ്കറിനരികിലെ ബുദ്ധനി'ലൂടെ മുസഫർ അഹമ്മദ് ഇന്ത്യയിലേയും അയല്‍‌പക്കങ്ങളിലേയും സമകാലിക രാഷ്ട്രീയ വ്യഥകളെക്കുറിച്ച് നമ്മോട് പറയുന്നത്. ശ്രീലങ്കയിലും മ്യാന്മറിലുമൊക്കെയായി ബുദ്ധന്‍റെ കാല്‍‌പ്പാടുകള്‍ പിന്തുടരുന്നുവെന്ന് അവകാശപ്പെടുന്ന അഹിംസാവാദികളായ മതാനുയായികള്‍ ഹിംസ്രജന്തുക്കളുടെ സ്വഭാവം കൈവരിച്ചതെങ്ങനെ എന്നുള്ള കാര്യമൊക്കെ നാം ഇനിയും വിശാലമായി ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. സ്വന്തം പ്രവാസം അവസാനിച്ചിട്ടും, വ്യാപകമായ കുടിയേറ്റങ്ങളും അതു സംബന്ധമായ പ്രശ്നങ്ങളും ചർച്ച ചെയ്യുന്ന ഒരു ലോകത്തുതന്നെയാണ് മുസഫർ അഹമ്മദ് ഇപ്പോഴും തുടരുന്നത്. യുദ്ധവിജയങ്ങളുടെ സ്മാരകചിഹ്നങ്ങളണിഞ്ഞ പട്ടാളക്കാരെ നമ്മൾ കണ്ടിട്ടുണ്ടാവും. അരിഞ്ഞെടുത്ത തലകളുടെ എണ്ണം നോക്കി ഗോത്രത്തലവന്മാരെ നിശ്ചയിക്കുന്ന നാഗന്മാരെക്കുറിച്ച് മുസഫര്‍ എഴുതിയിട്ടുണ്ട്. അതിലൊരു ഗോത്രം ആ നേട്ടങ്ങളെ ശരീരത്തിലേയ്‌ക്കു പച്ചകുത്തിച്ചേര്‍ക്കുന്ന കോന്യാക്കുകളാണ്‌. അവരുടെ ശരീരത്തിൽ നിന്ന് നാം വായിക്കുന്നത് അവരുടെ ആത്മകഥകളാണെന്നാണ്‌ മുസഫര്‍ എഴുതിയത്. ആ കുറിപ്പുകള്‍ നമുക്ക് പ്രിയങ്കരങ്ങളാണ്‌. ആ തലമുറ അവസാനിക്കുന്നതോടെ അവരുടെ ആചാരങ്ങളും ചരിത്രത്തിലേക്ക് വഴിമാറുകയാണ്. അതുപോലെ തന്നെയാണ്‌ അറേബ്യന്‍ ലോകത്ത് ജീവിച്ചവര്‍ക്കും അവിടം കാണാനാഗ്രഹിച്ചവര്‍ക്കും മുസഫറിന്‍റെ മരുഭൂമിക്കുറിപ്പുകളും.
1. ചിതറിത്തെറിച്ച് പല ഇടങ്ങളിലായി ഒത്തുചേരുന്ന ഡയസ്‌പോറ-ജീവിതങ്ങൾ ഒരു തരത്തിൽ പറഞ്ഞാൽ നമ്മുടെ വേർതിരിവുകളെ ഒരു പരിധിവരെ ഇല്ലാതാക്കിയിട്ടുണ്ട്. നോവെല് കൊറോണവൈറസ്‌കാലത്തിനു ശേഷമുള്ള യാത്രകളേയും കുടിയേറ്റങ്ങളെയും അങ്ങ് എങ്ങനെയാണ് നോക്കിക്കാണുന്നതെന്നു മുസഫറിനോടു ചോദിച്ചുകൊണ്ട് നമുക്ക് ഈ സം‌വാദം തുടങ്ങിവയ്ക്കാം.
 
മുസഫർ : വിദേശത്തുനിന്നുള്ള ഇത്തരം ഒരു വേദിയില്, ഇങ്ങനെയൊക്കെ നിങ്ങളോടു സംസാരിക്കുവാനാവുക എന്നത് സന്തോഷകരമായ ഒരു കാര്യമാണ്‌. പലരും എന്നോടു ചോദിക്കുന്ന ഒരു കാര്യമാണ്‌ കോറോണക്കാലത്തും തൊട്ടുപിന്നീടും എങ്ങനെയൊക്കെയായിരിക്കും യാത്രകളെന്ന്. കൊറോണയെ ബന്ധിപ്പിക്കുന്ന രസകരമായ ഒരു കാര്യം സൂചിപ്പിച്ചുകൊണ്ടു തന്നെ ഞാന് തുടങ്ങാം.
ആറേഴു മാസങ്ങള്ക്കു മുമ്പ് ഞങ്ങള് കുറേപ്പേര് മദ്ധ്യയൂറോപ്പിലൂടെ യാത്ര ചെയ്യുകയുണ്ടായി. നെതര്ലന്‌ഡ്‌സിലെ ലെയ്‌ഡെന് സര്വ്വകലാശാല നടത്തിയ ഒരു ഏഷ്യന് സെമിനാറില് പങ്കെടുക്കുന്ന ഏഴുപേരില് ഒരാളായിരുന്നു ഞാന്. യൂറോപ്പിലേയ്ക്കുള്ള യാത്രയായതിനാല് സൗകര്യപ്പെടുന്ന മറ്റു രാജ്യങ്ങള് കൂടി സന്ദര്ശിച്ചുവരാനായിരുന്നു ഞങ്ങളുടെ പരിപാടി. അതിന്റെ ഭാഗമായി ഞങ്ങള് പാരീസിലുമെത്തി. 2015 ല് ഫ്രാന്സില് ഭീകരവാദികള് ഒരു സ്ഫോടനപരമ്പര തന്നെ അഴിച്ചുവിട്ടിരുന്നു. അതിനെത്തുടര്ന്ന് സര്ക്കാര് സുരക്ഷാപരിശോധനകള് കര്ശനമാക്കിയിരുന്നു. അതിന്റെ ഭാഗമെന്നോണം പലസ്ഥലത്തും ലോക്കര് സൗകര്യങ്ങളുള്ള ക്ലോക് റൂമു(Cloak Rooms)കള് നിറുത്തലാക്കിയിരുന്നു. പാരീസിലെ ലൂവ്‌ര് മ്യൂസിയം (Louvre Museum) കാണാന് ഞങ്ങള് തീരുമാനിച്ചിരുന്നു. അതിനായി ഞങ്ങള്ക്ക് ലഗേജുകള് എവിടെയെങ്കിലും സുരക്ഷിതമായി വച്ചുപോകേണ്ടിയിരുന്നു. പലസ്ഥലത്തും ഞങ്ങള് അന്വേഷിച്ചിട്ടും ഫലമുണ്ടായില്ല. അവസാനം മ്യൂസിയത്തിന്റെ തന്നെ മുമ്പില് കച്ചവടം ചെയ്യുന്ന ഒരാളെ പരിചയപ്പെടുമ്പോള് അയാളൊരു വഴി പറഞ്ഞുതന്നു. ഔദ്യോഗികമായി ക്ലോക് റൂമുകള് നിറുത്തലാക്കിയിരിക്കുകയാണെങ്കിലും, ഏതാണ്ട് ഇരുന്നൂറോളം മീറ്റര് അകലെ ഒരു ഹോട്ടലുണ്ടെന്നും അവര് ഒരു ബാഗിന്‌ 5 യൂറോ എന്ന നിരക്കില് സൂക്ഷിക്കുമെന്നുമായിരുന്നു അത്. ആ ഹോട്ടലിന്റെ പേരിനു അന്നു ഞങ്ങള്ക്ക് വലിയ പുതുമയൊന്നും തോന്നിയിരുന്നില്ല. അതുകൊണ്ടുതന്നെ അതങ്ങനെ മനസ്സില് പതിഞ്ഞുനിന്നുമില്ല. അന്നത്തെ യാത്രകളെക്കുറിച്ചെഴുതാനായി, പിന്നീട് ചിത്രങ്ങള് പരതുമ്പോള് മാത്രമാണ്‌ ആ പേരിന്റെ പ്രത്യേകത ശ്രദ്ധയില് പെടുന്നത്. ആ ഹോട്ടലിന്റെ പേര്‌ ‘ലെ കൊറോണ’ എന്നായിരുന്നു. അന്ന് ആ പേരിന്‌ അത്ര സാംഗത്യമുണ്ടായിരുന്നില്ലല്ലോ!

പുനര്‍‌യാത്രകള്‍ക്കുള്ള സമയമായിട്ട് നമുക്ക് ഈ കാലത്തെയെടുക്കാം. അത് മനസ്സിന്‍റെ യാത്രയാണ്‌. യഥാര്‍ത്ഥത്തിലുള്ള യാത്രയല്ല. എന്നാല്‍ അയഥാര്‍ത്ഥവുമല്ല.

ലോകം ഏതാണ്ട് ഒരു നിശ്ചലാവസ്ഥയിലേയ്ക്ക് എത്തിനില്ക്കുകയാണ്‌ ഇപ്പോള്. നോവെല് കൊറോണ വൈറസ് നമ്മുടെയൊക്കെ ജീവിതത്തെ മാറ്റിമറിച്ചിരിക്കുന്നു. നമ്മള് ഉള്ളിലേയ്ക്കെടുക്കുന്ന വായുവിനെ നമ്മള് ഭയക്കേണ്ടി വന്നിരിക്കുന്നു. അതുപോലെ, നമ്മുടെ ഉച്ഛ്വാസങ്ങള് മറ്റുള്ളവര്ക്ക് ഉപദ്രവകരമായ ഒരു കുറ്റമാകാതിരിക്കാന് നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സുരക്ഷാമാനദണ്ഡങ്ങള് പാലിച്ച് നമുക്ക് വീട്ടിലിരിക്കേണ്ടി വന്നിരിക്കുന്നു. കോറോണ ജീവിതത്തിലും നമ്മുടെ സ്വഭാവത്തിലും ഒത്തിരി മാറ്റങ്ങള് വരുത്തിയിട്ടുണ്ട്. നമുക്കിപ്പോള് പുറത്തിറങ്ങുമ്പോള് മാസ്‌ക്കുകള് ധരിക്കേണ്ടിവന്നിരിക്കുന്നു. തിരക്കുണ്ടായിരുന്ന സ്ഥലങ്ങള് വിജനങ്ങളായിരിക്കുന്നു. നമ്മുടെ പ്രഭാത-സായാഹ്ന യാത്രകള്ക്ക് പഴയതുപോലെയുള്ള സ്വാതന്ത്ര്യം ഇല്ലാതെയായിരിക്കുന്നു. പക്ഷേ, അടുത്തുള്ള വസ്തുക്കളേയും, ജീവികളേയും, സ്ഥലങ്ങളേയും നാം ശ്രദ്ധിക്കാന് തുടങ്ങിയിക്കുന്നു. ദൂരെയുള്ളവരെ നാം വിളിച്ചുസംസാരിക്കാന് തുടങ്ങിയിരിക്കുന്നു. സമയം കൈയിലൊതുങ്ങാന് തുടങ്ങിയിരിക്കുന്നു. അങ്ങനെ പലതും നാം കണ്ടെടുക്കാന് തുടങ്ങിയകാലമാണിത്. പഴയതുപോലെയുള്ള നീണ്ടയാത്രകള്ക്കു പറ്റിയ സമയമല്ലല്ലോ ഇത്. അങ്ങനെയുള്ള ഒരു ചെറുനടത്തത്തിലാണ്‌ എനിക്ക് ഞങ്ങളുടെ വീടിനടുത്തുള്ള ഒരു സ്ഥലം പെട്ടെന്നോര്മ്മ വരുന്നത്. രണ്ടുമൂന്നു കിലോമീറ്ററുകള്ക്കുള്ളിലായി ഒരു Laterite National Geo-heritage Monument ഉണ്ട്. അതൊന്നു കാണാമല്ലോ. പലപ്പോഴും അടുത്തുള്ള ചില പ്രധാനസ്ഥലങ്ങളെക്കുറിച്ചുള്ള അറിവുകള് നേടുന്നതിനു നാം അവധികൊടുക്കാറാണു പതിവ്‌. അങ്ങനെയുള്ള കാര്യങ്ങള്ക്ക് നമുക്കിപ്പോള് മുന്‌ഗണന കൊടുക്കാമെന്നു തോന്നുന്നു. അങ്ങനെ അനായാസം ചെയ്യാവുന്ന ചെറിയ യാത്രകള് നമുക്കിപ്പോള് തരപ്പെടുത്താം. അതിലുമുപരിയായി നമ്മള് യാത്ര ചെയ്ത സ്ഥലങ്ങളില് കണ്ടുമുട്ടിയ പലരെക്കുറിച്ചും നമുക്കിപ്പോള് അന്വേഷിക്കാന് സമയമുണ്ട്. അവരെങ്ങനെ ജീവിക്കുന്നു എന്നന്വേഷിക്കുക. അവര്ക്കും ആ സ്നേഹാന്വേഷണങ്ങള് ഇഷ്ടമാകും. ഞാന് തന്നെ എന്റെ സൗദിഅറേബ്യയിലെ റൂബ് അല് ഖാലി (Empty Quarter) യാത്രകളിലൊക്കെ ഒത്തിരി സഹായം ചെയ്തുതന്ന ഒരു ചെറുപ്പക്കാരനായ ബദുവിനെ വിളിക്കുകയുണ്ടായി. കോവിഡ്‌കാലം അദ്ദേഹത്തിന്റെ ജീവിതത്തില് വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല എന്നാണു പറഞ്ഞത്. ഞാനിപ്പോള് വായിച്ചുകൊണ്ടിരിക്കുന്നത് ടിം മക്കിന്റോഷി (Tim Mackintosh)ന്റെ ഒരു പുസ്തകമാണ്‌. അദ്ദേഹം ഇബ്‌നു ബത്തൂത്ത യാത്ര ചെയ്ത വഴികളിലൂടെ സഞ്ചരിച്ചയാളാണ്‌. ഇബ്‌നു ബത്തൂത്ത ഇന്ത്യയിലൊക്കെ വന്നിട്ടുള്ളയാളാണെന്ന് എല്ലാവര്ക്കുമറിയാം. അതുപോലെ നമ്മുടെ പ്രശസ്ത എഴുത്തുകാരനായ സക്കറിയ എസ്.കെ.പൊറ്റെക്കാട് യാത്ര ചെയ്ത സ്ഥലങ്ങളിലൂടെ യാത്ര ചെയ്തതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്.അത്തരം വായനകള് നടത്തുക. അതൊരു പുനര്സന്ദര്ശന(Revisit)മാണ്‌. ആ രീതിയിലുള്ള പുനര്‌യാത്രകള്ക്കുള്ള സമയമായിട്ട് നമുക്ക് ഈ കാലത്തെയെടുക്കാം. അത് മനസ്സിന്റെ യാത്രയാണ്‌. യഥാര്ത്ഥത്തിലുള്ള യാത്രയല്ല. എന്നാല് അയഥാര്ത്ഥവുമല്ല. നീണ്ടയാത്രയ്ക്ക് പരിമിതികളുള്ളപ്പോള് നമുക്ക് പഴയ എഴുത്തുകാരുടെ യാത്രയെഴുത്തുകളിലൂടെ കടന്നുപോകാന് ഈ സമയം ഉപകരിക്കും. വളരെ ചുരുക്കിപ്പറഞ്ഞാല് നമുക്കിക്കാലം ഒരു കായികമത്സരാര്ത്ഥിയുടെ വ്യായാമ (Warm-up)കാലം പോലെ ഇതിനെ എടുക്കാമെന്നു തോന്നുന്നു.

വേറൊരു കാര്യം മരുഭൂമിയുടെ വിസ്തൃതിയാണ്‌. ആ വിശാലതയിൽ നിൽക്കുമ്പോൾ നമ്മൾ വളരെ ചെറിയ ഒരു ജീവിയായി മാറുന്നതായിട്ടു തോന്നും. ഒരു ഭാഗത്തു ആ വിശാലതയും മറുഭാഗത്തു മരിച്ചു കഴിഞ്ഞുവെന്നു കരുതുന്ന ഒരു വസ്തുവിൽ ജീവൻ നിറയുന്ന അത്ഭുതവും.

2. മരുഭൂമി ആദ്യമൊന്നും താങ്കളിൽ കൗതുകമുണർത്തിയില്ലെന്ന് “മരുഭൂമിയുടെ ആത്മകഥ”എന്ന പുസ്തകത്തിൻ്റെ ആമുഖത്തിൽ പറയുന്നുണ്ട്. പിന്നീട് ജോലിയുടെ ഭാഗമായി നടത്തിയ മരുഭൂയാത്രകളിലൂടെയാണ് ആ ഭൂമികയെ അറിഞ്ഞത്. ഈ മണൽയാത്രാനുഭവങ്ങൾ എഴുത്തിലുണ്ടാക്കിയ സ്വാധീനം പങ്കുവയ്ക്കാമോ?

മുസഫർ: നമ്മുടെ ചുറ്റുപാടുമുളള പ്രകൃതിയല്ല സൗദി അറേബ്യയിലുള്ളത്. അവിടെ എല്ലാ ഭാഗത്തും മണൽക്കുന്നുകളാണു കാണുന്നത്. മണലാരണ്യം, മരുഭൂമി എന്നൊക്കെ വിളിക്കുന്ന പ്രദേശമാണ്‌. ആദ്യമൊക്കെ അതുകാണുമ്പോൾ മണൽ കൂടിക്കിടക്കുന്നു എന്നല്ലാതെ മറ്റൊന്നും തോന്നു കയില്ല. മലയാളിയെ സംബന്ധിച്ചാണെങ്കിൽ, മരുഭൂമിയെന്നുപറഞ്ഞാൽ ഒന്നുമില്ലാത്ത ഒരുസ്ഥലമെന്നാണല്ലോ‌ സങ്കല്പ്പം.പക്ഷേ പിന്നീട്‌ പതുക്കെ പതുക്കെ നമ്മൾ അതിനകത്തേക്കു പോകുമ്പോഴാണ്‌ മരുഭൂമിയും ഒരു പാരിസ്ഥിതിക സംവിധാനത്തിൻ്റെ ഭാഗമായാണ് ‌നിലനിൽക്കുന്നതെന്നു മനസ്സിലാവുന്നത്‌. അതിനകത്തു വെളളമുളള ചില പ്രദേശങ്ങളുണ്ട്, പലതരംചെടികളുണ്ട്, മരങ്ങളുണ്ട്‌, മൃഗങ്ങളുണ്ട്‌. മൃഗങ്ങളെന്നു പറഞ്ഞാൽ കഴുതപ്പുലി, ചെന്നായ, അറബ്‌ പുള്ളിപ്പുലി ഇവയൊക്കെയാണ്. പിന്നെ ഗസേൽസ്‌ (Gazelles) എന്നും അറബിയിൽ ദാബി എന്നും പറയുന്ന മാനുകളുമുണ്ട്‌. ‘ദാബികളുണ്ടായിരുന്ന സ്ഥലം’ എന്നയർത്ഥത്തിലാണ് അബുദാബി എന്ന പേരു വന്നത്‌. അധികം മരങ്ങളില്ലാത്തതു കാരണം മണലിലാണ് പക്ഷികൾ കൂടുകൂട്ടുന്നത്. ചെറിയകമ്പുകളും പലതരം നാരുകളും മണലിൽ സ്ഥാപിച്ചുണ്ടാക്കിയെടുക്കുന്ന വള്ളികളിലാണ്‌ ഈ പറവകൾ വിശ്രമിക്കുന്നത്. മൃതമായ ഒരു ഭൂമിയായിട്ടാണ്‌ മലയാളികൾ മരുഭൂമിയെ കാണുന്നത്‌. ഒരുപാട്‌ പുഴകളും മറ്റുമുള്ള നാട്ടിൽ നിന്നു ചെല്ലുന്നതു കൊണ്ടുള്ളസ്വാഭാവിക തോന്നലാണത്. അതിനകത്തേക്കു ചെല്ലുമ്പോഴാണ് ജീവൻ്റെ പല അത്ഭുതങ്ങളും നമ്മൾ കാണുന്നത്‌.അതിൽ പ്രധാനപ്പെട്ടത് ‌ ‘ഗാഫ്‌’ എന്ന മരവുമായി ബന്‌ധപ്പെട്ട ചില കാര്യങ്ങളാണ്. മരുഭൂമിയിൽ വർഷങ്ങളായി മഴ പെയ്യാതെയിരിക്കുന്ന പ്രദേശത്തൊക്കെ ഈ ഗാഫ്‌ മരം വീണു മണലിലേക്കു മുഖംകുത്തിക്കിടന്നു മരിച്ചിട്ടുണ്ടാകും. എന്നാൽ നിനച്ചിരിക്കാതെ നാലോ അഞ്ചോ വർഷങ്ങൾക്കു‌ശേഷം മഴ പെയ്യുകയും, ആ മഴ കിട്ടുന്നതോടുകൂടി ഗാഫ് മരം പതുക്കെയുണർന്നു എണീറ്റു നില്ക്കുന്ന കാഴ്ച നമുക്ക് കാണാം. മറ്റൊരു കാര്യം,കുറേക്കാലമായി മഴ കിട്ടാത്തതുകൊണ്ട് ഗാഫിൻ്റെ വിത്തുകളൂർന്ന് മണ്ണി ൻ്റെ അടിയിലേക്കു പോയിട്ടുണ്ടാകും. മഴകിട്ടുമ്പോൾ ഈ വിത്തുകൾ മുകളിലേക്കു പൊന്തിവന്ന് തൈയാവുകയും കുറച്ചുനാൾ കഴിയുമ്പോൾ ഒരു മരമായും മാറിയിട്ടുണ്ടാകും. ഈ സംഗതി വളരെ അത്ഭുതകരമായ ഒരു പ്രതിഭാസമായി എനിക്കു തോന്നിയിട്ടുണ്ട്‌. വേറൊരു കാര്യം മരുഭൂമിയുടെ വിസ്തൃതിയാണ്‌. ആ വിശാലതയിൽ നിൽക്കുമ്പോൾ നമ്മൾ വളരെ ചെറിയ ഒരു ജീവിയായി മാറുന്നതായിട്ടു തോന്നും. ഒരു ഭാഗത്തു ആ വിശാലതയും മറുഭാഗത്തു മരിച്ചു കഴിഞ്ഞുവെന്നു കരുതുന്ന ഒരു വസ്തുവിൽ ജീവൻ നിറയുന്ന അത്ഭുതവും. ഇതാണ്‌ മരുഭൂമിയിൽ ഇത്രയും കാലം യാത്ര ചെയ്തിട്ടു എന്താണു ‌മനസ്സിലാക്കിയതെന്നു ചോദിച്ചാൽ എളുപ്പത്തിൽ എനിക്കു പറയാനുളളത്‌. അത് മരുഭൂമിയെക്കുറിച്ചുളള എഴുത്തിനൊപ്പം തന്നെ എൻ്റെ ചിന്തകളേയും സ്വാധീനിച്ചിട്ടുണ്ട്‌. മരുഭൂമിയെ സംബന്‌ധിച്ചു ‌പറയുകയാണങ്കിൽ, ഈ ഭൂമിക്കൊരു അനിശ്ചിതത്ത്വമുണ്ട്‌. മരുഭൂമിയിലൂടെ നമ്മൾ യാത്രചെയ്യുമ്പോൾ പെട്ടെന്ന് നിലയ്ക്കാത്ത രീതിയിൽ മണൽക്കാറ്റടിച്ചാൽ, അതുവരെയുളള നമ്മുടെ എല്ലാ പദ്ധതികളും തെറ്റും. ഒന്നനങ്ങാൻ പോലും പറ്റാതെയാകും. എപ്പോൾ വേണമെങ്കിലുമത് സംഭവിക്കാം. ഒരിക്കലും ഒരു മണൽക്കൂന അടയാളമായി വച്ചിട്ട്,‌ പോയി തിരിച്ചു വരാൻ പറ്റില്ല. ചിലപ്പോൾ നിർത്താതെ കാറ്റടിച്ച്‌ മണൽക്കൂന പരന്നു സമതലമായിപ്പോകും. നമ്മൾ അടയാളം വച്ച മണൽക്കൂന തിരിച്ചുവരുമ്പോൾ അവിടെ ഉണ്ടാവില്ല. ഈയൊരു അനിശ്ചിതമായ സംഗതി മരുഭൂമിയിലുണ്ട്. അതു‌ മനുഷ്യജീവിതത്തിൻ്റെ ഒരു പ്രധാനപ്പെട്ട സ്വഭാവമാണ്‌. നമ്മൾ, ജീവിതത്തിൽ പലകാര്യങ്ങൾക്കും പദ്ധതിയിടുകയും അങ്ങനെയൊന്നല്ലാത്ത ഒരു ജീവിതം കിട്ടുകയും ചെയ്യുമെന്ന് മരുഭൂമിയാണ്‌ എന്നെ പഠിപ്പിച്ചത്‌. മരുഭൂമിയെക്കുറിച്ചുളള എൻ്റെ സങ്കൽപ്പങ്ങൾ ദിനേന മാറിക്കൊണ്ടിരിക്കുന്നു. ആദ്യത്തെ യാത്രയിൽ തോന്നുന്നതല്ല അടുത്ത യാത്രയിൽ തോന്നുന്നത്‌. അങ്ങനെ പതുക്കെ ഈ മരുഭൂമി എനിക്കു പരിചിതമായ ഒരു പ്രദേശമായി മാറി. ആ മരുഭൂമിയിൽ നടക്കുന്ന പ്രകൃതിയുടെ പലതരം രസകരമായ പ്രവർത്തനങ്ങൾ നമ്മൾ കാണുകയാണ്‌. അവിടെ ജീവിക്കുന്ന ബദുക്കൾ എങ്ങനെയാണ്‌ അത്രയും രൂക്ഷമായ കാലാവസ്ഥയെ അതിജീവിക്കുന്നതെന്നും എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ജീവിതത്തെപ്പറ്റി അതുവരെയുള്ള ധാരണകൾ മാറി. എങ്ങനെയായിരിക്കുമെന്ന് നമുക്കു പ്രവചിക്കാനാകാത്ത മനുഷ്യസ്വഭാവം പോലെയാണ് പ്രകൃതിയും. മരുഭൂമിയെക്കുറിച്ചുള്ള സങ്കല്പ്പം തന്നെ മാറി. അതെൻ്റെ എഴുത്തിനെയും സ്വാധീനിച്ചിട്ടുണ്ട്‌. ഇത്തരം കുറച്ചു കാര്യങ്ങളാണ് പതിമൂന്നു വർഷങ്ങളിലെ മരുഭൂയാത്രകളിൽ എന്നെ സ്വാധീനിച്ചിട്ടുളളത്‌.

ജന്മനാ കുറ്റവാളികളെന്ന് ചാപ്പ കുത്തപ്പെട്ടിട്ടുള്ള ആ സമൂഹങ്ങൾക്ക് ഇന്നും ഇന്ത്യയിലെ മുഖ്യധാരയിലേക്കു വലിയ തോതിലുള്ള പ്രവേശനം കിട്ടിയിട്ടില്ല എന്നത് വേദനാജനകമായൊരു കാര്യമാണ്. അതാണ് ഇന്ത്യൻ യാഥാർത്ഥ്യവും.

3. “ചില പുസ്തകങ്ങൾ മറിക്കുമ്പോൾ കിട്ടുന്ന പേജിൽ ആ രചനയുടെ ഹൃദയം പതിഞ്ഞു കിടക്കുന്നുണ്ടാകും..” – ഉചല്യയുടെ പുനർ വായനയ്ക്കിടയാക്കിയ ആ യാത്രയെക്കുറിച്ചൊന്നു പറയാമോ?

മുസഫർ : വളരെ രസകരമായിട്ടുള്ള ഒരു യാത്രയായിരുന്നത്. ഞങ്ങൾ, മൂന്നു സുഹൃത്തുക്കളായിരുന്നു ആ യാത്രയിലുണ്ടായിരുന്നത്. പ്രശസ്ത എഴുത്തുകാരനായ ബെന്യാമിൻ, ഞാൻ, പിന്നെ ഖത്തറിലുള്ള റഷീദ്. പൂനെ മുതൽ ഒരു ജീപ്പിലായിരുന്നു യാത്ര. ലക്ഷ്മൺ ഗയ്‌ക്‌വാദ് എന്ന എഴുത്തുകാരൻ്റെ നാടായിരുന്നു ലക്ഷ്യം. അദ്ദേഹവുമായി ഞങ്ങൾ ആദ്യമേ ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിൻ്റെ വീട്ടിലായിരുന്നു ഞങ്ങൾ താമസിച്ചത്. അദ്ദേഹം ഉചല്യയെന്ന സമുദായക്കാരനാണ്. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കുന്ന കാലത്ത് ‘കുറ്റവാളി ഗോത്രങ്ങൾ’ എന്നു വിളിച്ചിരുന്ന ചില സമൂഹങ്ങളുണ്ടായിരുന്നു. അതായത്, ചില പ്രത്യേക സമുദായങ്ങളെയും ഗോത്രങ്ങളെയും അവർ ജന്മനാ കുറ്റവാളികളാണ്, കുറ്റകൃത്യങ്ങൾ ചെയ്യുന്നവരാണ് എന്നൊക്കെ മുദ്രകുത്തി തരം തിരിച്ചിരുന്നു. അവരുടെ ജീവിതവൃത്തി എന്നതു തന്നെ ഇത്തരത്തിൽ കുറ്റകൃത്യങ്ങൾ ചെയ്യലാണെന്നു ചാപ്പ കുത്തപ്പെട്ട സമൂഹങ്ങൾ! Denotified tribes എന്നാണ് ചരിത്രത്തിൽ അതിനെ രേഖപ്പെടുത്തിയിരുന്നത്. അത്തരം സമുദായത്തിൽ പിറന്നയാളാണ് ലക്ഷ്മൺ ഗയ്‌ക്‌വാദ് . അദ്ദേഹത്തിൻ്റെ ‘ഉചല്യ’ വളരെ പ്രശസ്തമായ രചനയാണ്.

ലക്ഷ്മൺ ദായുടെ സഹായമുണ്ടായിരുന്നതിനാൽ പൊതുസമൂഹം ഇന്നും സ്വീകരിക്കാത്ത ആ വിഭാഗം ആളുകൾക്കിടയിൽ കുറേ ദിവസങ്ങൾ ചിലവഴിക്കാൻ ഞങ്ങൾക്കു സാധിച്ചു. ഹിന്ദി സംസാരിക്കാനറിയാമായിരുന്നതിനാൽ അവരുമായി പെട്ടെന്നു അടുക്കുകയും ചെയ്തു. അവിടെയുള്ള സ്ഥലങ്ങൾ കാണാനും ആളുകളോടു സംസാരിക്കാനുമൊക്കെയുള്ള സൗകര്യം അദ്ദേഹം ഒരുക്കിത്തന്നു. ജന്മനാ കുറ്റവാളികളെന്ന് ചാപ്പ കുത്തപ്പെട്ടിട്ടുള്ള ആ സമൂഹങ്ങൾക്ക് ഇന്നും ഇന്ത്യയിലെ മുഖ്യധാരയിലേക്കു വലിയ തോതിലുള്ള പ്രവേശനം കിട്ടിയിട്ടില്ല എന്നത് വേദനാജനകമായൊരു കാര്യമാണ്. അതാണ് ഇന്ത്യൻ യാഥാർത്ഥ്യവും. 1947 ഓഗസ്റ്റ് 15 നു ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയെങ്കിലും ഈ കുറ്റവാളി ഗോത്രങ്ങൾ അപ്പോഴും സ്വതന്ത്രരായിട്ടില്ല. അന്നവർ താമസിച്ചിരുന്നത് വീടുകളിലല്ല, പകരം ഒരു തുറസ്സായ സ്ഥലത്ത് ഒരു വലിയ കയറു കെട്ടിയായിരുന്നു അവരുടെ താമസം. ഇന്ത്യയ്ക് സ്വതന്ത്ര്യം കിട്ടി പതിന്നാലു വർഷങ്ങൾക്കു ശേഷം 1961 ആഗസ്ത് 31 ന് നെഹ്റു വന്നാണ്‌ ഈ കയർ അഴിച്ച് അവരെ തുറന്നുവിടുന്നത്. അതായത്, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി വർഷങ്ങൾ കഴിഞ്ഞാണ് ഉചല്യ അടക്കമുള്ള നാൽപ്പത്തിരണ്ടോളം സമുദായങ്ങൾക്കു സ്വാതന്ത്ര്യം കിട്ടുന്നത്.
അവർ നാടോടികളാണ്. അവരിൽ ശ്മാശാനങ്ങളിൽ ജീവിക്കുന്നവരുമുണ്ട്. ശ്മാശാനത്തോടു ചേർന്നുള്ള സ്ഥലങ്ങളിൽ കുടിൽകെട്ടി താമസിക്കുകയും ആളുകളെ ദഹിപ്പിക്കാൻ കൊണ്ടുവരുമ്പോൾ ബാക്കിയാകുന്ന വസ്ത്രങ്ങളും, പ്രാർത്ഥനയ്ക്കു ഉപയോഗിക്കുന്ന അരിയും സാധനങ്ങളും പെറുക്കിയെടുത്തു ജീവിക്കുകയും ചെയ്യുന്നു. ഇവരിൽ പലരും ഇന്നും പൊതുസമൂഹത്തിലേക്കു വന്നിട്ടില്ല. ലക്ഷ്മൺ ഗയ്‌ക്‌വാദിനാൽ പ്രചോദനം നൽകപ്പെട്ട ഈ സമുദായത്തിലെ ഒരു യുവതി ബോംബെയിൽ അസിസ്റ്റൻ്റ് പോലീസ് കമ്മീഷണറായിട്ടുണ്ട്. അങ്ങനെ വളരെ അപൂർവ്വം ആളുകളാണ് അവരിൽ നിന്നും മുഖ്യധാരയിലേക്കു വന്നിട്ടുള്ളത്. ഒരു സ്ഥലത്തു സ്ഥിരമായി ജീവിക്കാത്തതിനാൽ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനും ഇത്തരം നാടോടികൾക്കു കഴിയുന്നില്ല.
മുംബൈയിലൊക്കെ സ്ഥിരമായി കേൾക്കുന്ന ഒരു പറച്ചിലുണ്ട്, ഏപ്രിൽ-മെയ് മാസങ്ങളിൽ ഷോലാപൂരിൽ നിന്നുള്ളവർ മുംബൈയിലേക്കു വരും. അവർ കൊള്ളക്കാരാണ് എന്നൊക്കെ. ഷോലാപൂരാണ് ഉചല്യ പോലെയുള്ള സമൂഹങ്ങളുടെ സ്ഥലം. കാലങ്ങൾക്കുശേഷവും ബ്രിട്ടീഷുകാർനല്കിയ തെറ്റായ വിശേഷണത്തിൽ കുടുങ്ങിക്കിടക്കുകയാണ് അവരുടെ ജീവിതങ്ങൾ. മലയാളത്തിലാദ്യമായി ഇവരെക്കുറിച്ചെഴുതാൻ ശ്രമിച്ചത് ആനന്ദാണ്. ആനന്ദിൻ്റെ നോവലുകളിലും ലേഖനങ്ങളിലും നിങ്ങൾക്കതു കാണാം . ലക്ഷ്മൺ ഗയ്‌ക്‌വാദിൻ്റെ ‘ഉചല്യ’ നിങ്ങൾ വായിക്കണം. അദ്ദേഹത്തിൻ്റെ ആത്മകഥാപരമായ നോവലാണ്. ഒരു ദളിത് സാഹിത്യമെന്നു വിളിക്കാവുന്ന നോവൽ. കാളിയത്ത്‌ ദാമോദരൻ്റെ വിവർത്തനത്തിൽ ഉചല്യ മലയാളത്തിലും വന്നിട്ടുണ്ട്.
4. എഴുതപ്പെട്ട ചരിത്രങ്ങൾ പലപ്പോഴും നീതിയുക്തമല്ലാതാകാറുണ്ട്. യാത്രകളിൽ എപ്പോഴെങ്കിലും നമ്മൾ അറിഞ്ഞതിൽ നിന്നും തികച്ചും വ്യത്യസ്തമായൊരു ചരിത്രം ഒരു പ്രദേശത്തെക്കുറിച്ചോ ഒരു വ്യക്തിയെക്കുറിച്ചോ അറിയാൻ സാധിച്ചിട്ടുണ്ടോ?
മുസഫർ: അങ്ങനെയൊരുപാട് സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ വളരെ പെട്ടെന്ന് ഓർമ്മവരുന്നത് അറബ് മരുഭൂമിയിലെ ആദിവാസികളായ, അല്ലെങ്കിൽ അവിടെ ആദ്യമുണ്ടായ മനുഷ്യരായ ബദുക്കളെക്കുറിച്ചു എഴുതിയിട്ടുള്ള ചരിത്രമാണ്. കുട്ടിക്കാലം മുതൽക്കേ തറവാട്ടിലൊക്കെ കേട്ടിരുന്നതും നമ്മളൊക്കെ മനസ്സിലാക്കിയിരുന്നതും അതുപോലെ ബ്രിട്ടീഷുകാർ ഉൾപ്പെടെയുളള സഞ്ചാരികൾ എഴുതിയിട്ടുള്ളതുമൊക്കെ ഇവർ കൊള്ളക്കാരും നരഭോജികളും ആണെന്നാണ്. അതെന്തുമാത്രം തെറ്റായിട്ടുള്ള ഒരു കാര്യമാണെന്നോ! ഇന്നിപ്പോൾ അവരുടെ ഇടയിലൊക്കെ പോയാൽത്തന്നെ അറിയാം, സാധാരണയായി നൂറ് – നൂറ്റിരണ്ട് അല്ലെങ്കിൽ നൂറ്റിനാല് വയസ്സുവരെയൊക്കെ ജീവിക്കുന്നവരാണീ ബദുക്കളെന്ന്. അവരെക്കുറിച്ച് അല്ലെങ്കിൽ ഓരോ സ്ഥലത്തെയും ആദിമവാസികൾ അപരിഷ്കൃതരാണെന്നും അവർ ഈ ലോകത്തിനുപറ്റുന്നവരല്ലെന്നും അവർ നരഭോജികളുമൊക്കെയാണെന്നുള്ള കഥകൾ സൃഷ്ട്ടിക്കുന്നത്‌ ബ്രിട്ടീഷുകാരടക്കം അവിടെ അധികാരം സ്ഥാപിച്ചിട്ടുള്ള എല്ലാ കൊളോണിയൽ ശക്തികളുടെയും വക്താക്കൾ, ആ സ്ഥലം സ്വന്തമാക്കാൻ ചെയ്യുന്ന ഒരു രീതിയാണ്. അതെനിക്ക് കൃത്യമായി ബോധ്യപ്പെട്ടിട്ടുള്ള ഒരു അനുഭവമാണ്.
 
യൂറോപ്പിലൊക്കെ പറയുന്ന ഹൈവേ റോബറി പോലുള്ള സംഭവങ്ങൾ അന്നു മരുഭൂമിയിലൊക്കെ സ്വാഭാവികമായിട്ടും ഉണ്ടായിട്ടുണ്ടാകാം. പക്ഷെ അവർ നരഭോജികളാണെന്നൊക്കെ വരുത്തുന്ന വിധങ്ങൾ ഇങ്ങനെയൊക്കെയാണ്. പിൽക്കാലത്ത് നമ്മൾ ചരിത്രമാണ്, വസ്തുതയാണ്, യഥാർത്ഥ്യമാണ് എന്ന വിധത്തിൽ കാര്യങ്ങളുണ്ടാക്കുന്ന രീതിയും ഇങ്ങനെയൊക്കെയാണ്. ഞാൻ ബദുമൂപ്പന്മാരുമായി സംസാരിച്ചിട്ടുണ്ട്. അവർ പറഞ്ഞത് അവരുടെ മണ്ണു സ്വന്തമാക്കണമെങ്കിൽ അവർ അപരിഷ്കൃതരാണെന്നും മനുഷ്യസ്വഭാവങ്ങളൊന്നും ഇല്ലാത്തവരാണെന്നും വളരെ ക്രൂരന്മാരായിട്ടുള്ള ആളുകളാണെന്നും സ്ഥാപിക്കണം . അത് സ്ഥാപിക്കാൻ വേണ്ടിയുള്ള അനേകം കഥകളിലൊന്നായിരുന്നു അതും. അവർക്കാർക്കും അവരുടെ പൂർവികർ അവിടെമനുഷ്യരെ പിടിച്ചു തിന്നതായിട്ടുള്ള യാതൊരു അറിവോ തെളിവുകളോ ഇല്ലെന്ന് അവർ പറയുകയുണ്ടായി. അങ്ങനെ നോക്കുമ്പോൾ ഓരോ ചരിത്രസ്ഥലങ്ങളിലും നമ്മൾ ചെല്ലുമ്പോഴും അത് ചരിത്രമാവാം അല്ലെങ്കിൽ ആഖ്യാനം ചെയ്തതാവാം ഇത്തരത്തിലുള്ള അനുഭവങ്ങൾ നമുക്കുണ്ടാവാറുണ്ട്. അതിൽ എനിക്ക് പെട്ടെന്ന് ഓർമ വരുന്ന ഒരുകാര്യമാണ് ബദുക്കളെക്കുറിച്ചുള്ളത്. അവരോട് ഇതിനെക്കുറിച്ച് വളരെ ദീർഘമായി സംസാരിച്ചിട്ടുണ്ട്. ചരിത്രമാണെന്ന് നാം ധരിക്കുന്ന കാര്യങ്ങൾ, അങ്ങനെയല്ലെന്നും നേരെ തിരിച്ചാണെന്നും എനിക്ക് ബോധ്യമായി. ബദുക്കളുടെ സ്നേഹം മുഴുവൻ കിട്ടാൻ ഭാഗ്യം ഉണ്ടായ ഒരാളും കൂടെയാണ് ഞാൻ. അവരുടെസ്ഥലത്തു ചെന്നപ്പോൾ ആദ്യം അവർക്കൊരു സംശയമൊക്കെതോന്നി. അവർ കുറെ ചോദ്യങ്ങളൊക്കെ ചോദിച്ചു. ഞാനടക്കമുള്ളവർ ആ സ്ഥലം കാണാൻ വന്നതാണെന്ന് മനസ്സിലായതോടു കൂടി അവർ പെരുമാറിയ രീതി, കാണിച്ചസ്നേഹം, അവരുടെ വീടുകളിൽ താമസിച്ചത്, ഭക്ഷണം തന്നത്, അതൊരുക്കാൻ വേണ്ടി ആലപോലുള്ള സ്ഥലത്തു പോയി അവിടെ കെട്ടിയിട്ടിരുന്ന ആടുകളിൽ ഏതാണ് വേണ്ടതെന്നു വച്ചാൽ അതിനെ നമുക്ക് അറക്കാം എന്നു പറഞ്ഞത്… എല്ലാം അനുഭവിച്ചറിഞ്ഞപ്പോൾ എനിക്കു വളരെ സംശയം തോന്നി, അവരെയെങ്ങനെയാണ് നരഭോജികളെന്നു ചിത്രീകരിച്ചിട്ടുള്ളതെന്ന്! അവരോടു തന്നെ ചോദിച്ചപ്പോഴാണ് ഈ കഥ അവരെ ഒറ്റപ്പെടുത്താനും അപരവൽക്കരിക്കാൻ വേണ്ടിയും അവരെ ആ സ്ഥലത്തു ജീവിക്കാൻ അനുവദിക്കാതിരിക്കാൻ വേണ്ടിയും ഉണ്ടാക്കിയതാണെന്നു വ്യക്തമായത്. ചരിത്രത്തിൽ ഇങ്ങനെയുള്ള വളരെയധികം കാര്യങ്ങളുണ്ട്. വളരെ വിശദമായി സംസാരിക്കേണ്ട ഒരു വിഷയമാണത്. അതിലൊരനുഭവം അല്ലെങ്കിലൊരു തിരിച്ചറിയൽ മാത്രമാണ് ഞാനിപ്പോൾ നിങ്ങളുമായി പങ്കു വെച്ചത്

ഒരു ഫിക്ഷൻ എഴുതുമ്പോൾ അതിനു വേണ്ടി മാസങ്ങളോളം അതിനകത്തു ജീവിക്കണം. എന്നാൽ, അതിനുള്ള പ്രാപ്തിയെനിക്കില്ല എന്നെനിക്കു തോന്നാറുണ്ട്.

5. മണലാര്യങ്ങളിൽ നിന്നും അമേരിക്കൻ ഭൂഖണ്ഡത്തിലേക്കു ചേക്കേറിയവരാണ് ഞങ്ങളിൽ ചിലരെങ്കിലും. ഒരേ സമയം വിസ്മയവും വിഭ്രമവുമാവുന്ന അവസ്ഥകളെ മരുഭൂമിയിൽ കാണുന്നതുപോലെത്തന്നെ ഇവിടെയും ഞങ്ങൾക്കനുഭവപ്പെടാറുണ്ട്. മലയാളികൾ കൂടുതലായി അമേരിക്കൻ സ്വപ്നത്തിലേക്കു ചേക്കേറുന്ന ഈ കാലഘട്ടത്തിൽ താങ്കളുടെ അനുഭവക്കുറിപ്പുകളെ മറ്റൊരു ക്യാൻവാസിൽ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരുപക്ഷേ, താങ്കൾ ഇവിടെയായിരുന്നെങ്കിൽ എന്നൊരു സാങ്കല്പികതലത്തിൽ?

മുസഫർ: ഞാൻ ഫിക്ഷൻ എഴുതിയിട്ടുള്ളൊരാളാണ്. ഈ കാലഘട്ടത്തിനിടയിൽ എട്ടോളം ചെറുകഥകൾ എഴുതിയിട്ടുണ്ട്‌ . പല സുഹൃത്തുക്കളും എന്നോടിതു ചോദിക്കാറുണ്ട്. അവരുടെയഭിപ്രായത്തിൽ എൻ്റെ യാത്രാവിവരണങ്ങളൊക്കെത്തന്നെ ഒരു ഫിക്ഷൻ രചനയുടെ സ്വഭാവമുള്ളതാണെന്നാണ്. തികച്ചും ഫിക്ഷനായ ഒരു നോവൽ ചെയ്യണമെന്നു എനിക്കാഗ്രഹമുണ്ടായിരുന്നു. എന്തുകൊണ്ടോ അതു നടക്കുന്നില്ല. അതിനു പ്രധാനകാരണമായിട്ടു എനിക്കു തോന്നുന്നത് ഞാനൊരു ആർത്തിക്കാരനായ ഫിക്ഷൻ വായനക്കാരനാണെന്നതാണ്. ‘നിനക്കു ചോറും കഞ്ഞിയുമൊന്നും വേണ്ട, പുസ്‌തകം മാത്രം മതിയല്ലോ’യെന്നു പണ്ട് എൻ്റെ ഉമ്മ എന്നെ കളിയാക്കിയിരുന്നു. ഞാൻ രാവും പകലുമിരുന്നു നോവലുകൾ വായിക്കും. ആ ശീലം ഇപ്പോഴും എനിക്കുണ്ട് .ഇന്നു ഞാൻ വായിച്ചതു ഹെമിങ്‌വേയുടെ പ്രസിദ്ധീകരിക്കാത്ത ഒരു കഥയാണ് – ഈയിടെയത് ന്യൂയോർക്കർ വാരികയിൽ വന്നിരുന്നു. അദ്ദേഹം ‘ കിഴവനും കടലും’ എന്ന കഥ എഴുതുന്നതിനു മുമ്പ് അല്ലെങ്കിലത് എഴുതാൻ ശ്രമിച്ചിരുന്ന കാലഘട്ടത്തിൽ എഴുതിയ ഒരു കഥയായിട്ടു നമുക്കു തോന്നും . അദ്ദേഹം ആ കഥ പ്രസിദ്ധികരിച്ചിട്ടില്ല. അദ്ദേഹത്തിൻ്റെ മകൻ അതു കണ്ടെത്തി. പിന്നീട് പേരക്കുട്ടിയത് ന്യൂയോർക്കറിന് നൽകി. അതിപ്പോൾ പ്രസിദ്ധീകരിച്ചു . “Pursuit as Happiness” എന്നാണാക്കഥയുടെ പേര് .ഞാൻ പറഞ്ഞു വന്നത്, ഫിക്ഷൻ ഒരുപാടു വായിക്കുന്ന ഒരാളായതു കൊണ്ട് അതെഴുതാനുള്ള ആത്മവിശ്വാസം കുറഞ്ഞു പോയി എന്നു വേണം പറയാൻ. ഒരു സമയത്തു ഞാൻ ഒരു നോവലിൻ്റെ പതിനഞ്ചോളം അധ്യായങ്ങൾ എഴുതിയതാണ്. ഏകദേശം നാല്പതു അധ്യായങ്ങളുള്ള നോവലായിരുന്നു ഉദ്ദേശിച്ചത്. പക്ഷെ അതെന്നെ തൃപ്തിപ്പെടുത്തിയിരുന്നില്ല. അങ്ങനെയൊരു നോവലുമായി എൻ്റെ വായനക്കാരുടെ മുൻപിൽ വരാനുള്ള ആത്മവിശ്വാസം എനിക്കുണ്ടായിരുന്നില്ല . കാരണം മറ്റൊന്നുമല്ല , ഞാൻ അത്രത്തോളം ഫിക്ഷനെ ഇഷ്ടപ്പെടുന്ന ഒരാളാണ് . ആളുകൾ പലപ്പോഴുമെന്നോട് ഫിക്ഷൻ എഴുതാൻ താല്പര്യമില്ലേയെന്നു ചോദിക്കുമ്പോൾ, ഞാൻ പറയാറുള്ളത്, ആഗ്രഹമുണ്ടെന്നു തന്നെയാണ്. ഒരു ഫിക്ഷൻ എഴുതുമ്പോൾ അതിനു വേണ്ടി മാസങ്ങളോളം അതിനകത്തു ജീവിക്കണം. എന്നാൽ, അതിനുള്ള പ്രാപ്തിയെനിക്കില്ല എന്നെനിക്കു തോന്നാറുണ്ട്. ഒരുദാഹരണം പറഞ്ഞാൽ , ഹെമിങ്‌വേ പറയുന്ന ഒരു കാര്യമുണ്ട്. അദ്ദേഹത്തെ പ്രസംഗിക്കാൻ വിളിച്ചാൽ അദ്ദേഹം വിസ്സമ്മതിക്കും. അതിനു കാരണം തിരക്കിയാൽ അദ്ദേഹം പറയുന്നത്, “എനിക്കു ദിവസേനെ ഒരു പത്തു പേജെങ്കിലും എഴുതണം. അതിനു കഴിഞ്ഞില്ലെങ്കിൽ എനിക്കു തന്നെ എന്നെയൊരു എഴുത്തുകാരനായിട്ടു കാണാൻ സാധിക്കില്ല. അവിടെ വന്നാൽ അതു നടക്കില്ല “.അദ്ദേഹത്തിനു നോബൽ സമ്മാനം കിട്ടിയ സമയത്തു അദ്ദേഹം പറഞ്ഞത്, “ഇതു വാങ്ങാൻ വേണ്ടി ഞാൻ അവിടെ വരെ വന്നാൽ , എൻ്റെ ദിവസേന ഉള്ള ഈ പത്തു പേജ് എഴുത്തു മുടങ്ങും” എന്നാണ്.നമ്മൾ ആരാധിക്കുന്ന പ്രസിദ്ധരായിട്ടുള്ള എഴുത്തുകാരെയെടുത്താൽ നമുക്കു കാണാൻ സാധിക്കുന്നത്, അവർ എത്രയോ കാലം ആ കഥാപാത്രങ്ങളെ പോലെ ജീവിക്കുന്നുവെന്നാണ്. അങ്ങനെ ഒരുപാടു കാലം ആ കഥാപാത്രങ്ങളുടെ കൂടെ ജീവിക്കാനായി നല്ല കരുത്താവശ്യമുണ്ടെന്നാണ് എൻ്റെ കാഴ്ചപ്പാട്. ഞാൻ പല തരത്തിലുള്ള താല്പര്യങ്ങളുള്ള ഒരു വ്യക്തിയായതു കൊണ്ട് അങ്ങനെ ഒരു കഥയ്ക്കു വേണ്ടി സമയം മാറ്റിവെയ്ക്കാൻ എനിക്കു കഴിയാറില്ല. ഇപ്പോൾത്തന്നെ ഒരു നീണ്ട കഥയുടെ പ്ലോട്ടും കുറിപ്പുകളും ഞാൻ തയ്യാറാക്കിയിരുന്നു . പക്ഷെ അതിനു വേണ്ടിയുള്ള എഴുത്തു മാത്രം നടത്താൻ സാധിക്കുന്നില്ല . അതിനൊരു പ്രധാന കാരണം ഒരുപാടു യാത്ര ചെയ്യുമ്പോൾ യാത്രാവിവരണങ്ങൾക്കായി കൂടുതൽ സമയം മാറ്റി വയ്‌ക്കേണ്ടി വരാറുണ്ട്‌ എന്നതാണ് . ഫിക്ഷൻ ഏഴുതകയും ഒപ്പം യാത്രകളും ചെയ്യുന്ന ഒരാളാണെങ്കിൽ യാത്രാവിവരണം എഴുതാതെ തൻ്റെ കഥയുടെ ഏതെങ്കിലുമൊരു ഭാഗത്തു അതുൾപ്പെടുത്തുകയാണ് സാധാരണ ചെയ്യുക .
അതുകൊണ്ടുതന്നെ ഒരു നീണ്ട ഫിക്ഷനെഴുതണം എന്നതൊരു ആഗ്രഹവും സ്വപ്നവുമായി ഇപ്പോഴുമുണ്ട്. പക്ഷേ, അതെപ്പോൾ സാധിക്കുമെന്ന് എനിക്കറിയില്ല. എൺപത്തിനാലിൽ “പൂമ്പാറ്റ പൊടി” എന്നൊരു ചെറുകഥ ഞാൻ എഴുതിയിട്ടുണ്ട്. പിന്നീടും ഞാൻ കഥകൾ എഴുതിയിട്ടുണ്ട്. കവിതകൾ എഴുതിയിട്ടുണ്ട്. ഏറ്റവുമവസാനം എഴുതിയ “ചെന്നായ അടക്ക്” എന്ന കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് പ്രസിദ്ധീകരിച്ചത്. ഇത്തരത്തിൽ പല ജോണറുകൾ പരീക്ഷിച്ചു. ഇനിയുള്ള ജീവിതത്തിൽ ഒരു നോവൽ പരീക്ഷിക്കാൻ എനിക്കു സാധിക്കുമോയെന്നുള്ളത് മനുഷ്യൻ എന്ന നിലയിലും എഴുത്തുകാരൻ എന്ന നിലയിലും ഞാൻ എന്നോടു തന്നെ ചോദിക്കുന്ന ചോദ്യമാണ്. താങ്കളുടെ ചോദ്യം ഒരുപാടു സന്തോഷം നല്കി. വളരെ നന്ദി….

6. മയിലുകൾ സവാരിക്കിറങ്ങിയ ചെരുവിലൂടെ”എന്ന പുസ്തകത്തിൽ ഓർമ്മകളുമായി മൽപ്പിടുത്തം നടത്തുന്ന എഴുത്തുകാരനെ കാണാൻ കഴിയുന്നു. പ്രവാസ ജീവിതമായിരുന്നോ ഇതു പോലെയൊരു പുസ്തകത്തിന് പ്രചോദനമായത്?
 
മുസഫർ: മയിലുകൾ സവാരിക്കിറങ്ങിയ ചെരുവിലൂടെ”എന്ന പുസ്തകം എഴുതുന്നത് ഞാൻ കേരളം വിട്ടതിന് ശേഷമാണ്. പ്രധാനമായും നമ്മൾ നമ്മുടെ നാടിനെ ഓർക്കുന്നത് നാട്ടിൽ നിന്നും വിട്ടു നിൽക്കുമ്പോഴാണ്. ആ സമയങ്ങളിൽ പ്രത്യേകിച്ച് കുട്ടിക്കാല ഓർമ്മകൾ, അത് നമ്മുടെ അടുത്തേക്ക് വരുന്നത് പോലെ തോന്നും. ഒരിക്കൽ യൂറോപ്യൻ കൂട്ടുകാരനോട് മലയിടങ്ങളിൽ നിന്നും കൂട്ടത്തോടെ മയിലുകൾ പുറപ്പെട്ടുവരുന്നതും ആ സമയത്ത് ഇടിവെട്ടുന്നതും കൂണുകൾ പൊങ്ങിവരുന്നതുമൊക്കെയുള്ള അനുഭവങ്ങൾ പങ്കുവച്ചപ്പോൾ അദ്ദേഹം പറഞ്ഞു, ‘സാധാരണ ലോകനിലവാരമുള്ള സിനിമകളിൽ മാത്രമാണ് ഇതെല്ലാം കണ്ടിട്ടുള്ളത്, നിങ്ങൾ ഇതൊന്നും എഴുതാനുള്ള പരിപാടിയില്ലേയെന്ന്’. അങ്ങനെ അതിനെപറ്റി ആലോചിച്ചപ്പോളാണ് നമ്മുടെ കുട്ടിക്കാല ഓർമ്മകൾ , വലിയുമ്മമാർ, അവർപറഞ്ഞുതന്ന കഥകൾ നമ്മുടെ നാട്ടിൻ്റെ കഥകൾ, രുചികൾ അങ്ങനെ അനേകായിരം ഓർമ്മകൾ തെളിയുന്നത്!!
സ്വന്തം ഓർമ്മകൾ എഴുതേണ്ട ഒന്നല്ല അതൊക്കെ മറ്റാരൊക്കെയോ ചെയ്യേണ്ടതാണെന്ന ചിന്തയാണെന്നാണ് നമ്മിൽ പലർക്കും. എഴുത്തുകാരൊക്കെ വേറെവിടെയോ ആണ് നാട്ടിലൊന്നുമില്ലെന്ന തോന്നലായിരുന്നു. ചെറുകാടെന്ന ഒരു എഴുത്തുകാരനെപ്പറ്റി പറഞ്ഞു തന്ന് ആ തോന്നൽ തിരുത്തിയത് ഉപ്പയാണ്.
എന്നാൽ പ്രവാസത്തിൽ നിന്ന് നാം എഴുതാമെന്ന് ചിന്തിക്കുമ്പോഴാണ് നാടും നാട്ടോർമ്മകളും വളരെ അടുത്താണെന്നും, അതെത്രത്തോളം വിലപിടിച്ചതാണെന്നും നമുക്ക് തോന്നിത്തുടങ്ങുന്നത്. ഒരിക്കൽ ജിദ്ദയിൽ ഒരു സ്റ്റാർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയപ്പോൾ കൂട്ടുകാരൻ്റെ ചോദ്യം നിങ്ങൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഭക്ഷണം ഏതാണെന്നും അതാരുണ്ടാക്കി തരുന്ന ഭക്ഷണമാണെന്നുമായിരുന്നു. അപ്പോഴാണ് അതിനെ കുറിച്ച് ചിന്തിച്ചത്. വലിയുമ്മമാരും ഉമ്മയും ഉണ്ടാക്കിത്തന്ന ഭക്ഷണമാണ് കഴിച്ചതിൽ ഏറ്റവും സ്വാദ് തോന്നിയത്. ഓർത്തപ്പോൾ എനിക്ക് കരച്ചിൽ വന്നു. കാരണം, അന്ന് രുചിയോടെ ഭക്ഷിച്ചെങ്കിലും ഒരിക്കലും ഞാൻ അവരോട് നന്നായിട്ടുണ്ടെന്ന് പറഞ്ഞിട്ടില്ലായിരുന്നു. ഉമ്മയോട് ഇന്നും പറയാം പക്ഷെ വലിയുമ്മമാരോട് പറയാൻ പറ്റില്ല. അതുപോലെ, പെങ്ങളോടൊപ്പം സ്കൂളിലേയ്ക്ക് പോയതും നായ ഓടിച്ചതുമൊക്കെ.. ഇങ്ങനെയുള്ള ഒരുപാട് ഓർമ്മകളിൽ നിന്നുമാണ് ‘മയിലുകൾ സവാരിക്കിറങ്ങുമ്പോൾ’ എന്ന പുസ്തകം പിറന്നെതെന്ന് ചുരുക്കം.
 

ബദൂക്കളോട് ചോദിച്ചാൽ അവർക്ക് ഇന്നയിടത്തു പാമ്പുണ്ടെന്ന് പറയാൻ സാധിക്കും. പാമ്പെവിടെയുണ്ട്, തേളെവിടെയുണ്ട് അല്ലെങ്കിൽ വെള്ളമെവിടെയുണ്ടെന്നൊക്കെ സാധാരണയായി ഒരുപിടി മണലെടുത്ത്‌ മണപ്പിച്ച് അവർക്കു പറയാൻ പറ്റും. അതവരുടെ ഒരു കഴിവാണ്.

7. കാനഡയിലെ യാത്രകളിൽപ്പോലും ഇരുന്നൂറും മുന്നൂറും കിലോമീറ്ററുകൾ കഴിഞ്ഞാൽപ്പിന്നെ അധികം ആശുപത്രികളൊന്നും കാണാറില്ല. എന്തെങ്കിലുമൊരു അടിയന്തിര ചികിത്സ ആവശ്യമായി വന്നാൽ അവരെന്തായിരിക്കും ചെയ്യുക എന്നാലോചിക്കാറുണ്ട്. താങ്കൾ മരുഭൂമിയിൽ വളരെയധികം യാത്രകൾ ചെയ്ത ഒരാളാണല്ലോ. പെരുമ്പാമ്പ് വിഴുങ്ങിയ ആളെക്കുറിച്ചൊക്കെ താങ്കൾ എഴുതിയത് വായിച്ചിട്ടുണ്ട്. മരുഭൂമിയിൽ ജീവിക്കുന്നവർ, സ്വരക്ഷക്കായി എടുക്കാറുള്ള മുൻകരുതലുകളെക്കുറിച്ചൊന്നു വിശദീകരിക്കാമോ?

മുസഫർ: എല്ലാ ആദിമനിവാസികളെപ്പോലെയും സ്വന്തം ചികിത്സാ രീതികളുള്ള ആളുകളാണവരും. അവരുടേതായ ചികിത്സാസമ്പ്രദായങ്ങളും മരുന്നുകളുമുണ്ട്. സൗദി അറേബ്യയിൽ ചില സ്ഥലങ്ങളിൽ പ്രവേശനമില്ലെങ്കിലും വലിയ തോതിലുള്ള സാറ്റലൈറ്റ് സഹായസംവിധാനങ്ങൾ ഇപ്പോഴുണ്ട്. അടുത്ത കാലംവരെയും ബദുക്കളുടെയിടയിൽ പ്രസവമെടുപ്പൊക്കെ അവർ സ്വയം ചെയ്യുകയായിരുന്നു. ഇപ്പോഴതിനു കുറച്ചൊക്കെ മാറ്റം വന്നിട്ടുണ്ട്. കൂടാതെ പുതിയ ഹെൽത്ത് സിസ്റ്റവും വന്നിട്ടുണ്ട്. അത്രയും അടിയന്തിരമായ സ്ഥിതി വരികയാണെങ്കിൽ, അവരെ വിമാനമാർഗ്ഗം കൊണ്ടുപോകുവാനുള്ള സംവിധാനങ്ങളും സൗദി അറേബ്യയിൽ ഉണ്ട്. എങ്കിലും സൗദിയുടെ പലഭാഗങ്ങളും ഈ പറഞ്ഞ ഹെൽത്ത് സിസ്റ്റത്തിൽ ബന്ധിക്കപ്പെട്ടിട്ടില്ലെന്നുള്ളതാണ് മറ്റൊരു വസ്തുത. മരുഭൂമിയിൽ വലിയതോതിൽ ഉരഗങ്ങളുണ്ട്. നിറയെ പാമ്പുകളുള്ള ഇടമാണ്. പച്ചയിലകൾക്കിടയിൽ കാണാറുള്ള നമ്മുടെ പച്ചിലപ്പാമ്പിനെ പച്ചനിറത്തിനിടയിൽ തിരിച്ചറിയാൻ പറ്റാത്തതുപോലെത്തന്നെ, മണലിൻ്റെ അതേ നിറത്തോടുകൂടിയ പാമ്പുകൾ മണലിൽ പൂണ്ടുകിടക്കുന്നതിനാൽ അവയെ തിരിച്ചറിയാൻ പ്രയാസമാണ്. മഴക്കാടുകളിലുള്ള പാമ്പുകളെപ്പോലെ ഉഗ്രവിഷമുള്ളവയാണ് മണൽക്കാടുകളിലെയും പാമ്പുകൾ. ദംശനമേറ്റാൽ രക്ഷപ്പെടാൻ വളരെ ബുദ്ധിമുട്ടാണ്. പണ്ടത്തെക്കാലത്ത് അത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവർക്കതിനനുസരിച്ചുള്ള വിഷസംഹാര ചികിത്സകളും ഉണ്ടായിരുന്നു. അവരതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ഇപ്പോൾ കുറേക്കൂടി സൗകര്യങ്ങളുണ്ടെങ്കിലും അത്യാവശ്യചികിത്സ വേണ്ട ചില സന്ദർഭങ്ങളിൽ വളരെ അപൂർവ്വമായിട്ടാണെങ്കിലും ആളുകൾ ചികിത്സ കിട്ടാതെ മരിക്കുന്നുണ്ട്.
മറ്റു ഗൾഫ് രാജ്യങ്ങളെയപേക്ഷിച്ച്, സൗദിയുടെ പ്രത്യേകത അതിൻ്റെ വലിപ്പമാണ്. ഏകദേശം ഇന്ത്യയുടെയൊക്കെ ഒരു മുക്കാൽ വലിപ്പമുള്ള രാജ്യമാണ് സൗദി. അതുകൊണ്ടുതന്നെ അവിടെ വിവിധ സാംസ്ക്കാരികമേഖലകളുമുണ്ട്. ഓരോ സ്ഥലത്തെയും ആളുകളുടെ ജീവിതരീതിയിലും ഭക്ഷണത്തിലും വ്യത്യാസമുണ്ട്. ചികിത്സാസൗകര്യങ്ങളും വളരെ കുറവാണ്. മരുഭൂമിയിൽ സർവ്വസാധാരണമായി കാണാറുള്ള തേളിൻ്റെ കുത്തേറ്റാൽ പോലും ജീവിതം അപായത്തിലാകാം. പൊതുവെ മനുഷ്യർക്കൊരു സ്വഭാവമുണ്ട്. മരുഭൂമിയിലൊക്കെ പോയാൽ വെറുതെ കാലുകൾ കൊണ്ട് മണലിലങ്ങനെ തട്ടിക്കൊണ്ടിരിക്കും. അത് തട്ടുന്നത് മിക്കവാറും ഒരു പാമ്പിൻ്റെ തലയിലായിരിക്കും. അത് നമുക്കറിയാൻ പറ്റില്ല. പക്ഷെ ബദൂക്കളോട് ചോദിച്ചാൽ അവർക്ക് ഇന്നയിടത്തു പാമ്പുണ്ടെന്ന് പറയാൻ സാധിക്കും. പാമ്പെവിടെയുണ്ട്, തേളെവിടെയുണ്ട് അല്ലെങ്കിൽ വെള്ളമെവിടെയുണ്ടെന്നൊക്കെ സാധാരണയായി ഒരുപിടി മണലെടുത്ത്‌ മണപ്പിച്ച് അവർക്കു പറയാൻ പറ്റും. അതവരുടെ ഒരു കഴിവാണ്. മരുഭൂമിയിൽ നമ്മൾ എപ്പോഴും ശ്രദ്ധിക്കണം. കാരണം മരുഭൂമിയിൽ ടെന്റൊക്കെ അടിച്ചു കിടക്കുമ്പോൾ , ടെന്റടിച്ചിരിക്കുന്നത് എവിടെയാണെന്ന് നമുക്ക് ധാരണയില്ലെങ്കിൽ അതപകടമാണ്. പ്രത്യേകിച്ച് മഞ്ഞുകാലത്ത്. ഈ പാമ്പുകൾ കൂട്ടത്തോടെ സഞ്ചരിക്കുന്ന സന്ദർഭങ്ങളുണ്ട്. അതു പോകുന്ന വഴിയിലൊക്കെയാണ് നമ്മളെങ്കിൽ പ്രശ്നമാണ്. സാധാരണയായി ബദുക്കളോട് ചോദിച്ചിട്ടൊക്കെയാണ് ടെന്റൊക്കെ അടിക്കുന്നത്. അസുഖങ്ങൾക്ക് അവരുടേതായ പച്ചമരുന്നുകളുണ്ട്. അവരുടേതായ ചികിത്സാരീതികളും. പക്ഷെ, പെട്രോളിൻ്റെ വരവോടു കൂടി ഇതിൽ പതുക്കെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഒന്നാമത് ഈ ബദൂക്കൾ അവസാനിക്കുകയാണ്. മരുഭൂമിയിൽത്തന്നെ താമസിക്കുന്ന ആളുകൾ ചുരുക്കമായിരിക്കുന്നു. ഒടുവിൽ ഞാനവിടെ സന്ദർശിക്കുമ്പോൾ അതിനു മുൻപ് കണ്ടിരുന്നതിൽ നിന്നും അവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. ഇപ്പോൾ അതിലും കുറഞ്ഞിട്ടുണ്ടാകും. ആളുകളൊക്കെ നഗരങ്ങളിലേക്കു കുടിയേറുകയാണ്. പുതിയ തലമുറയ്ക്ക് അവിടെ ജീവിക്കാനോ, ഒട്ടകത്തെയും ആടിനെയുമൊക്കെ വളർത്തിയുള്ള കാർഷിക ജീവിതത്തോടോ അവർക്ക് താല്പര്യമില്ല.

ഡെന്നിസാണ് അറബി സാഹിത്യത്തിലെന്നെ ജ്ഞാനസ്നാനം ചെയ്യിച്ചയാൾ! കാണാമറയത്തെ ഗുരുതുല്യനായിട്ടുള്ള വ്യക്തി. എല്ലാകാലത്തും വളരെ സ്നേഹത്തോടെ ഇടപ്പെട്ടു. അദ്ദേഹത്തിന്റെ ആത്മകഥയെനിക്കയച്ചുതന്നു. ഒരു ഘട്ടത്തിലദ്ദേഹം വിവർത്തനം ചെയ്ത കയ്യെഴുത്തു പ്രതി മറ്റാർക്കും കൊടുക്കരുതെന്നു പറഞ്ഞെനിക്കയച്ചു തരും

നാലഞ്ചു വർഷങ്ങൾക്കു മുമ്പ് മലയാളിയായ ഒരു ഗൈനക്കോളജിസ്റ്റിൻ്റെ കുറിപ്പുണ്ടായിരുന്നു. തൊണ്ണൂറുകളിലൊക്കെ നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് അദ്ദേഹം അതിൽ എഴുതിയിരിക്കുന്നത്. വിവരം കിട്ടിയതനുസരിച്ച് ഒരു ബദൂതമ്പിൽ, പ്രസവവേദനയനുഭവിക്കുന്ന ഒരു സ്ത്രീയുടെ അടുത്തേക്ക് അദ്ദേഹം വളരെ വേഗത്തിൽ കാറോടിച്ചെത്തി. അവിടെയെത്തുമ്പോൾ പ്രസവം കഴിഞ്ഞ ആ സ്ത്രീ, ഒരു കത്തിയെടുത്ത് മറുപിള്ളയെ മുറിച്ച് കുഞ്ഞിനേയും അവരെയും സ്വന്തമായി വേർപ്പെടുത്തുന്നതു കണ്ടതായി അയാൾ അതിൽ എഴുതിയിട്ടുണ്ട്. ആ ഒരവസ്ഥ, നമ്മളെപ്പോലെ കുറേക്കൂടി ആധുനികമായ സാഹചര്യത്തിൽ ജീവിക്കുന്നവർക്ക് ആലോചിക്കാൻ ബുദ്ധിമുട്ടാണ്. സൗദിയിലെ ഗോത്രവർഗ്ഗക്കാരിൽ ഇത്തരം അവസ്ഥകൾ ഇന്നു വളരെ കുറഞ്ഞിട്ടുണ്ട്. അവിടെ ജീവിക്കുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞിരിക്കുന്നു.

8. മലയാളിക്ക് അന്യമായിരുന്നൊരു സംസ്കൃതിയെ പരിചയപ്പെടുത്തുന്ന കൃതിയാണ് മുസഫറിൻ്റെ “അറബ് സംസ്കൃതി – വാക്കുകൾ വേദനകൾ ” എന്നത്. ഈ പ്രവാസ-സാഹിത്യ പഠനഗ്രന്ഥ രചനയുമായി ബന്ധപ്പെട്ട യാത്രകൾ / വായനകളൊന്ന് ഞങ്ങൾക്കുവേണ്ടി പങ്കുവയ്ക്കാമോ?

മുസഫർ : ഏതു നാട്ടിൽ ചെല്ലുമ്പോഴും അവിടുത്തെ സാഹിത്യത്തെയും സംസ്കാരത്തെയും കുറിച്ച് നാട്ടുകാരായ ആളുകളോടു അന്വേഷിച്ചറിയാൻ ശ്രമിക്കാറുണ്ട്. ഞാൻ സൗദി അറേബ്യയിൽ ചെല്ലുന്നകാലത്തു എനിക്ക് കിട്ടിയചിത്രം, അറബ് ഭാഷയിൽ അങ്ങനെയൊരു സാഹിത്യമൊന്നുമില്ലെ ന്നായിരുന്നു. മതപരമായൊരു വിശുദ്ധ ഗ്രന്ഥമുണ്ട് എന്നല്ലാതെ അറബ് സാഹിത്യമെന്നൊന്നില്ല എന്നായിരുന്നു. അവിടെയുള്ള മലയാളികളോടു സംസാരിക്കുമ്പോൾ അവർ പറയുന്നൊരു കാര്യം. അറബിഭാഷയിൽ അറബ് സാഹിത്യമെന്ന് പറയുന്ന ഒന്നില്ല. പക്ഷെ അത് ശരിയാവാനൊരു വഴിയുമില്ലായിരുന്നു. കാരണം, Naguib Mahfouz ന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്. അദ്ദേഹം ഈജിപ്തുകാരനാണ്, കെയ്റോയിലാണ് ജീവിച്ചിരുന്നത്. അറബി ഭാഷയിലെഴുതുന്ന ഒരാൾക്ക് നോബൽ സമ്മാനം കിട്ടയത് Naguib Manfouz നു മാത്രമാണ്. സ്വാഭാവികമായും അറബ് ഭാഷയിൽ സാഹിത്യമുണ്ട്. ആധുനികസാഹിത്യമാണ് ഞാൻ പറയുന്നത് പൗരാണിക സാഹിത്യമല്ല. എൻ്റെ ഓഫീസിൽ ജോലിചെയ്തിരുന്ന സുഡാനിയോട് അവരുടെ നാട്ടിലെ സാഹിത്യത്തെ കുറിച്ച് ചോദിച്ചു. ആഫ്രിക്കയിലാണെങ്കിലും സുഡാനിലെ ഭാഷ അറബിയാണ്. അയാളെന്നോട് പറഞ്ഞത്, “ഞാൻ വലിയ വായനക്കാരനൊന്നുമല്ല, പുസ്തകത്തിനോട് ദേഷ്യമാണ്. പക്ഷെ, നിങ്ങളുടെ ഈ ചോദ്യം വളരെ പ്രധാനപ്പെട്ടതാണ്. എനിക്കഭിമാനത്തോടെ പറയാൻ പറ്റും സുഡാനിൽ രണ്ടു തവണ നോബൽ സമ്മാനത്തിന് പരിഗണിച്ച എഴുത്തുകാരനുണ്ട്. അദ്ദേഹത്തിൻ്റെ പേരിൽ ഞങ്ങളുടെ നാട് അറിയപ്പെടുന്നതിൽ എനിക്ക് അഭിമാനമുണ്ട്”. ത്വയ്യിബ് സാലിഹ് എന്നാണദ്ദേഹത്തിൻ്റെ പേര്. Season of Migration to the North എന്ന ചെറിയൊരു നോവലാണദ്ദേഹത്തി ൻ്റെ മാസ്റ്റർപീസായി കരുതുന്നത്. ‘മുഷിമുൽ ഹിജ്റ ഇലശ്ശിമാൽ’ എന്നറബിയിൽ പറയും. നോർത്തിലേക്ക് കുടിയേറുന്നതിനെ പറ്റിയാണ്. ആ നോവലിലെ കഥാപാത്രം സുഡാനിൽ നിന്ന് ലണ്ടനിലേക്ക് കുടിയേറുന്ന യാളാണ്. യഥാർത്ഥത്തിൽ ത്വയ്യിബ് സാലിഹ് തന്നെ അങ്ങിനെയാരാളാണ്. ബി ബി സി യിൽ ജോലികിട്ടിയതിനെ തുടർന്ന് ലണ്ടനിലേക്ക് പോവുകയും അവിടെ നിന്ന് ബ്രിട്ടീഷ് വംശജയെ വിവാഹം കഴിക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ തന്നെ ആത്മകഥാപരമായ അംശങ്ങളുള്ള നോവലാണത്.എനിക്കാണെങ്കിൽ അറബിയിലൊരു ലേഖനമോ പത്രമോ, കഥകളോ, നോവലുകളോവായിക്കാനുള്ള പരിജ്ഞാനമില്ലതാനും. ഇപ്പോഴുമില്ല. വളരെ കുറച്ച് വാക്കുകൾ മാത്രമേ വായിക്കാനാകൂ. പിന്നെയുള്ളത് വിവർത്തനങ്ങളാണ്. എങ്ങിനെയാണ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത പുസ്തകങ്ങൾ കിട്ടുക? അന്ന് ജിദ്ദയിലൊന്നും ഇത്തരത്തിലുള്ള പുസ്തകങ്ങൾ ലഭ്യമല്ലായിരുന്നു. വളരെ ബുദ്ധിമുട്ടാണ്. ആകെയുള്ള പുസ്തകകട ജരീറായിരുന്നു. സൗദിയിൽ വരുന്ന പുസ്തകങ്ങൾ സെൻസർഷിപ്പൊക്കെ കഴിഞ്ഞെത്തുന്നതായിരുന്നു. മലയാള പുസ്തകങ്ങൾ ഒട്ടും കിട്ടുകയില്ല. ആ സമയത്തു തീർത്തും അവിചാരിതമായാണ് ജരീറിൽ ഞാനൊരു പുസ്തകം കാണുന്നത്. ‘Under The Naked Sun’ എന്ന പുസ്തകം. വിവിധങ്ങളായ പത്തു പതിനാറു അറബ് കഥകളുടെ മൊഴിമാറ്റമായിരുന്നു. ഈ കഥകളുടെ വിവർത്തകൻ ഡെന്നിസ് ജോൺസൺ ഡേവിസ് എന്നൊരാളായിരുന്നു. 1999 ലാ ണ് ഞാൻ സൗദിയിലെത്തുന്നത്. അന്നവിടെ ഇന്റർനെറ്റ്‌ സൗകര്യമൊന്നുമില്ല. പിന്നീട് ഇന്റർനെറ്റ്‌ കുറേശ്ശയായി കിട്ടി തുടങ്ങിയെങ്കിലും ഗൂഗിളൊന്നുമില്ല. അന്നത്തെ ഏറ്റവും വലിയ സർച്ച് എൻജിൻ മാമയായിരുന്നു. വളരെകുറച്ച് കാര്യങ്ങളെ നെറ്റിൽ നിന്ന് കിട്ടൂ. തെരഞ്ഞു തെരഞ്ഞു ഒടുവിൽ ഡെന്നിസിനെ ബന്ധപ്പെടാനുള്ള ഇമെയിൽ ലഭിച്ചു. അങ്ങനെയാണ് ഡെന്നിസുമായി ഞാനൊരു ബന്ധം സ്ഥാപിച്ചെടുത്തത്. ഡെന്നിസ് കെയ്റോയിലായിരുന്നു താമസിച്ചിരുന്നത്. കെയ്റോയിൽപോയി അദ്ദേഹത്തെ നേരിൽ കാണണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അന്നത്തെ ജീവിതസാഹചര്യങ്ങൾ കൊണ്ട് നടന്നില്ല. ഡെന്നിസ് അടുത്തിടെ മരണപ്പെട്ടു. മരിക്കുമ്പോൾ ഏതാണ്ട് നൂറ് വയസ്സിനടുത്തായിരുന്നു (95 വയസ്സ് ). “ജ്ഞാന വൃദ്ധൻ ” എന്നു തന്നെ വിളിക്കേണ്ടുന്നൊരാളായിരുന്നു. ഞാൻ എൻ്റെ കാര്യങ്ങളൊക്കെ അദ്ദേഹത്തോട് പറഞ്ഞു. എനിക്ക് അറബി വായിക്കാനറിയില്ലെന്നും, എന്നാൽ ഈ പ്രദേശത്തിൻ്റെ സാഹിത്യമറിയാൻ എന്താണ് ചെയ്യേണ്ടതെന്നദ്ദേഹത്തോടു തന്നെ ചോദിച്ചു. കുറച്ചു വിവർത്തനങ്ങളുണ്ടെന്നും അതെനിക്ക് കിട്ടാനുള്ള സംവിധാനമുണ്ടാക്കാമെന്നുമായിരുന്നു മറുപടി.അറബ് സാഹിത്യ-സാംസ്കാരിക ലോകത്ത് വളരെയധികം സ്വാധീനമുള്ള വ്യക്തിയായിരുന്നു ഡെന്നിസ്. പല പ്രസാധകർക്കും ഡെന്നിസ് എനിക്കു വേണ്ടി എഴുതി,”ഇങ്ങിനെയൊരു ഇന്ത്യക്കാരൻ ജിദ്ദയിലുണ്ട്. അയാൾക്ക് ഇന്നയിന്ന പുസ്തകങ്ങൾ വായിക്കാനാഗ്രഹമുണ്ടെങ്കിലും അതവിടെ കിട്ടുന്നില്ല. ഞാൻ ശുപാർശചെയ്യുകയാണ്. നിങ്ങൾക്ക് വിശ്വസിക്കാം. അയാൾക്ക് പുസ്തകം ഇഷ്ടപ്പെട്ടാൽ ഒരു ചെറുകുറിപ്പെങ്കിലുമെഴുതും. ഞാൻ നിങ്ങൾക്ക് ഉറപ്പ്‌ തരുന്നു , പുസ്തകങ്ങളുടെ കോപ്പി അയച്ചുകൊടുക്കണം.” ഏറ്റവും രസകരമായ കാര്യമെന്താണെന്ന് വച്ചാൽ ഡെന്നിസ് ജോൺസൺ ഡേവിസ് പറഞ്ഞതു കൊണ്ട് ഞങ്ങൾ നിങ്ങൾക്കീ പുസ്തകമയക്കുന്നു എന്നൊരു കുറിപ്പ് പുസ്തകങ്ങളുടെ ഒന്നാം പേജിലുണ്ടാവും. അങ്ങിനെയെനിക്ക് പുസ്തകങ്ങൾ വരാൻതുടങ്ങി. ജിദ്ദയിൽ അന്ന് പുസ്തകങ്ങൾ നഷ്ടപ്പെടുമായിരുന്നു. പരിശോധന കഴിഞ്ഞു അവർക്കിഷ്ടപ്പെടാത്ത പുസ്തകങ്ങൾ കളഞ്ഞ് ബാക്കിയാണ് കിട്ടുക. കുറെയൊക്കെ അങ്ങിനെ നഷ്ടപ്പെട്ടെങ്കിലും എനിക്ക് കെയ്റോയിലെ അമേരിക്കൻ യൂണിവേഴ്സിറ്റി പ്രസിൽ നിന്ന് പുസ്തകങ്ങൾ വരാൻ തുടങ്ങി. അങ്ങനെയാണ് ഞാൻ വിവർത്ത നങ്ങൾ വായിക്കാൻ തുടങ്ങിയത്. പിന്നെ ചില പുസ്തകങ്ങൾ AUC പ്രസ്സിൽ ലഭ്യമല്ലെങ്കിൽ അതു കിട്ടുന്ന പ്രസാധകരുടെ വിവരങ്ങൾ തരികയും ചെയ്തു. ഞാനതെല്ലാം അവിടെ നിന്ന് വാങ്ങിക്കുകയും ചെയ്തിരുന്നു . ഡെന്നിസാണ് അറബി സാഹിത്യത്തിലെന്നെ ജ്ഞാനസ്നാനം ചെയ്യിച്ചയാൾ! കാണാമറയത്തെ ഗുരുതുല്യനായിട്ടുള്ള വ്യക്തി. എല്ലാകാലത്തും വളരെ സ്നേഹത്തോടെ ഇടപ്പെട്ടു. അദ്ദേഹത്തിന്റെ ആത്മകഥയെനിക്കയച്ചുതന്നു. ഒരു ഘട്ടത്തിലദ്ദേഹം വിവർത്തനം ചെയ്ത കയ്യെഴുത്തു പ്രതി മറ്റാർക്കും കൊടുക്കരുതെന്നു പറഞ്ഞെനിക്കയച്ചു തരും. ആഴ്ചയിലൊരിക്കൽ ഞങ്ങൾ ടെലിഫോണിൽ ദീർഘമായി സംസാരിക്കുമായിരുന്നു.അറബ് വസന്തസമയത്ത് കണ്ണിനൊരു ഓപ്പറേഷൻ കഴിഞ്ഞു വീട്ടിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം. സമരങ്ങളും പ്രക്ഷോഭങ്ങളും കാരണം അദ്ദേഹത്തിനു കൃത്യമായി ഡോക്ടറുടെ അടുക്കലെത്താൻ സാധിക്കാതെയായി. കണ്ണിൽ പഴുപ്പ് വന്നപ്പോൾ എങ്ങിനെയെങ്കിലും രക്ഷപ്പെടുകയല്ലാതെ വേറെ വഴിയല്ലെന്ന് മനസ്സിലായതോടെ മൊറോക്കയിലേക്കു പോവുകയാണുണ്ടായത്. അവിടെ ‌ വീണ്ടും ചികിത്സ തുടരുകയും കണ്ണിന്റെ പ്രശ്നങ്ങൾ കുറെയൊക്കെ ശരിയാവുകയും ചെയ്തിരുന്നു. “മുസഫർ ഇനിയെന്റെയടുത്ത്‌ നിന്നൊന്നും പ്രതീക്ഷിക്കണ്ട, ഞാനിനി പുസ്തകമൊന്നും ചെയ്യാൻ പോകുന്നില്ല. I fall upon my age എന്നദ്ദേഹമെന്നോട് പറയുമ്പോൾ ഡെന്നീസ് സ്വന്തമായൊരു നോവലെഴുതിക്കൊണ്ടിരിക്കുകയായിരുന്നു. ഫോട്ടോഗ്രാഫറായ പോള ക്രോസിയാനിയാണ് ഡെന്നിസിന്റെഭാര്യ. അവരുമായി ഇപ്പോഴും കമ്യൂണിക്കേഷനുണ്ട് . ഡെന്നിസ് വഴിയെനിക്ക് ലഭിച്ച പുസ്തകങ്ങളെല്ലാം ഞാൻ നാട്ടിലേക്ക് വരുമ്പോൾ കൊണ്ടുവന്നു. ഇപ്പോഴും അതെന്റെ പുസ്തക ഷെൽഫിലുണ്ട്.ഇപ്പോൾ വളരെയധികം അറബ് സാഹിത്യ കൃതികളുടെ വിവർത്തനങ്ങൾ ലഭ്യമാണ്. എല്ലാസാഹിത്യവും വായിക്കാനെനിക്ക് താൽപ്പര്യവുമാണ്. 13 വർഷത്തെ സൗദി ജീവിതമാണ് അതിലേക്കു നയിച്ചത്. ആ വായനയുടെ പ്രതിഫലനമാണ് അറബ് സംസ്കൃതി- വാക്കുകൾ വേദനകളെന്നു പറയുന്ന പുസ്തകം. അതിൽ ചില എഴുത്തുകാരെ അഭിമുഖം ചെയ്തതുണ്ട്. ത്വയ്യിബ് സാലിഹുമായുള്ള അഭിമുഖമായിരുന്നു നടക്കാതെ പോയത്. ഞങ്ങൾ തമ്മിൽ ബന്ധപ്പെടുന്ന സമയത്ത് അദ്ദേഹം രോഗഗ്രസ്‌തനായിരുന്നു. എന്നാലും ടെലിഫോൺ വഴി സംസാരിക്കുകയുണ്ടായി. പാരീസിൽ മഹ്മൂദ് ദർവിഷുണ്ടായിരുന്ന സമയത്തു ഞാനദ്ദേഹവുമായി പത്തു മിനിട്ട് ഫോണിൽ സംസാരിച്ചു. അഡോണിസുമായി അക്കാലത്തേ ബന്ധമുണ്ട്. കുമാരനാശാൻവിശ്വപുരസ്കാരം വാങ്ങാനദ്ദേഹം കേരളത്തിൽ വന്നപ്പോൾ ഞാൻ കാണുകയും അഭിമുഖം ചെയ്യുകയുമുണ്ടായി. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കവർസ്റ്റോറിയായിരുന്നു.അങ്ങിനെ, പൊതുവെ മലയാളിക്കറിയാത്ത ഒരു സാഹിത്യലോകം പരിചയപ്പെടാൻ സാധിച്ചു. അറബ് സാഹിത്യത്തെക്കുറിച്ച് വളരെ തെറ്റായ ധാരണയാണ് നമുക്കുള്ളത്. ആധുനിക അറബ് സാഹിത്യം സമ്പന്നമാണ്. The Celestial Bodies എഴുതിയ Jokha Alharthi എന്ന ഒമാനി എഴുത്തുകാരിക്കാണല്ലോ കഴിഞ്ഞ വർഷത്തെ ബുക്കർ സമ്മാനം കിട്ടിയത്. ഇപ്പോൾ അതിന്റെ വിവർത്തനം “നിലാവിന്റെ പെണ്ണുങ്ങൾ” എന്ന പേരിൽ മലയാളത്തിൽ ലഭ്യമാണ്. ലോകത്ത് ഏത് നാട്ടിലുള്ള മനുഷ്യനും സാഹിത്യമോ കലയോ ഇല്ലാതെ നിലനിൽക്കാൻപറ്റില്ല. അതാണവരുടെ അടിസ്ഥാനം. അറബ് ലോകത്ത് പോയപ്പോൾ ഞാൻ മനസ്സിലാക്കിയതാണ്. 

അറബികൾക്ക് സാഹിത്യമില്ലായെന്നതൊരു മുൻവിധിയും തെറ്റിദ്ധാരണയുമാണ്. അറബികൾക്കെന്നല്ല എല്ലാവർക്കുമുണ്ട്. നാഗാലാൻഡിൽപോയപ്പോൾ നാഗകളോട് ഞാൻ ചോദിച്ചു , “എന്താണ് നിങ്ങളുടെ സാഹിത്യമെന്ന് “. പുതിയ സാഹിത്യമെഴുതുന്നവരുണ്ട്. പക്ഷെ അവിടുത്തെ പ്രായമായ നാഗകൾ പറഞ്ഞത് ഞങ്ങളുടെ ഫോക്ക് ടെയ്ൽസാണ് ഞങ്ങളുടെ സാഹിത്യമെന്നാണ്. അത് ഇംഗ്ലീഷിൽവന്നിട്ടുണ്ടെന്നും വളരെ പ്രായമുള്ള നാഗ അയാളുടെ വീടിനുള്ളിൽ നിന്ന് ‘ Folk Tales of Nagaland’ എന്ന പുസ്തകമെടുത്ത് കാണിക്കുകയും ചെയ്തു.എല്ലാ സമൂഹങ്ങൾക്കും സമുദായങ്ങൾക്കും സ്വന്തം സാഹിത്യമുണ്ടെന്ന് നമ്മൾ മനസ്സിലാക്കണം. അറബികൾക്ക് സാഹിത്യമില്ലെന്ന് വിശ്വസിക്കുന്ന സ്ഥലമാണ് കേരളം. അവിടേയ്‌ക്ക് അറബിസാഹിത്യത്തിന്റെ സ്വഭാവം ഇങ്ങിനെയൊക്കെയാണെന്ന് പുസ്തകത്തിലൂടെ പറയാനായി. ഒരു കാലത്ത് സോവിയറ്റ് യൂണിയനിലെ എഴുത്തുകാർ സെൻസർഷിപ്പ് കാരണം ജീവനും കൊണ്ട് ഓടിപ്പോയിരുന്നു. അതുപോലെ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസിയെഴുത്തുകാരുള്ള ഭാഷ കൂടിയാണ് അറബി. അതിനു കാരണം അവരുടെ സ്വന്തം നാടുകളിൽ നിന്ന് എഴുതാൻ പറ്റാത്തതു കൊണ്ട് ഓടി പ്പോവുകയാണ്. പാരീസിലൊക്കെ പോയാൽ നമുക്ക് കാണാം. അറബി എഴുത്തുകാർ വരുന്ന കഫേകൾ…. അവർക്കു മാത്രമായിട്ടുള്ള സാഹിത്യ സദസ്സുകളൊക്കെ. മറ്റൊരു സംഗതി, നിങ്ങളൊക്കെ ശ്രദ്ധിക്കേണ്ടത് ബനിപൽ മാസികയാണ്. ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിക്കു ന്ന ബനിപൽചതുർമാസ മാസികയിൽ അറബ് സാഹിത്യത്തിന്റെ വിവർത്തനങ്ങളാണുണ്ടാവുക. ബനിപൽ പ്രസാധകയും മുൻ പത്രാധിപരുമായ മാർഗരറ്റ് ഒബാങ്കും ഡെന്നിസിനെ പോലെയെന്നോട് സ്നേഹം കാണിച്ച വ്യക്തിയാണ്. മാർഗരറ്റ് സ്ഥിരമായി എനിക്കത് സൗജന്യമായി അയച്ചു തരുമായിരുന്നു . ഞാനത് വായിക്കുകയും ബനിപലിനെക്കുറിച്ച് ഒന്നുരണ്ടു ലേഖനങ്ങൾ ഞാനെഴുതുകയും ചെയ്തിട്ടുണ്ട്. ചില എഴുത്തുകാരുമായുള്ള അഭിമുഖത്തിന് സൗകര്യമൊരുക്കിയതും മാർഗരറ്റായിരുന്നു. ഇതെല്ലാം ടെലിഫോൺ/ഇമെയിൽ അഭിമുഖങ്ങളാണ്. ഡെന്നിസും മാർഗരറ്റും ഇംഗ്ലീഷിലുള്ള അറബ് സാഹിത്യവിവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ എന്നെയേറെ സഹായിച്ചിട്ടുണ്ട്. എനിക്കവരോട് വലിയ കടപ്പാടുണ്ട്. അവരുടെ സഹായവും പിന്തുണയും വെളിച്ചവുമില്ലായിരുന്നെങ്കിൽ ‘അറബ്‌സംസ്കൃതി- വാക്കുകൾ വേദനകൾ’ പോലെയൊരു പുസ്തകം എനിക്കു സാധ്യമാകുമായിരുന്നില്ല.

നമ്മൾ എവിടേക്കാണ് പോകുന്നത്, ഏതുതരം കാലാവസ്ഥയിലാണ് നമ്മൾ ജീവിക്കാൻ പോകുന്നത്, നമ്മുടെ ചുറ്റുപാടും എന്തു തരം മനുഷ്യരായിരിക്കും ഇതൊന്നുമറിയില്ലെങ്കിലും ഉണങ്ങി നശിച്ചില്ലാതാവുന്നില്ല.

9. അറബ് സാഹിത്യത്തിലെ വാമൊഴി കവിതകളെപ്പറ്റി താങ്കൾ എഴുതിയിട്ടുണ്ടല്ലോ. അതിനെക്കുറിച്ച് വിശദീകരിക്കാമോ? അങ്ങനെയുള്ള ആളുകളുമായി പരിചയമുണ്ടായിരുന്നോ?

മുസഫർ: അറബ് സാഹിത്യത്തിലെ വാമൊഴിക്കവിതകൾ വളരെസമ്പന്നമാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി ഞാനതിനെക്കുറിച്ചൊരു പുസ്തകമെഴുതാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ആ കവിതകൾ മലയാളത്തിലാക്കുമ്പോൾ അവയുടെ തനതായ താളവും രൂപകങ്ങളും ചോർന്നു പോകുന്നതായി അനുഭവപ്പെടുന്നു. സാക്ഷരർ എന്നു പറയുന്ന ആളുകളുടെ യുക്തിയിലാണ് നമ്മുടെ സാഹിത്യസങ്കൽപ്പം നിൽക്കുന്നത്. എഴുത്തും വായനയും അറിയാത്തവരുടെ സാഹിത്യമെന്താണ്? അതെങ്ങിനെയാണ്? കവിതയാണ് അവരുടെ പ്രധാന സാഹിത്യ സൃഷ്‌ടി. ഒരാളിൽ നിന്ന് മറ്റൊരാളിലേക്കു താളത്തിലും ഈണത്തിലും അത് കൈമാറുന്നു. ആ സമൂഹത്തിലെ ഓരോ വ്യക്തിയുടെയും ഓർമയിലാണതു സൂക്ഷിക്കുന്നത്. അല്ലാതെ അതാരും എഴുതുന്നില്ല. മനസ്സിൽതോന്നുന്നത് നിരക്ഷരരായ ഈ മനുഷ്യരുടെ കവിതകളും പാട്ടുകളുമായി ആ സമൂഹത്തിലെ എല്ലാവരിലേക്കും എത്തുന്നു. എഴുത്തും വായനയുമറിയുന്നവരുടെ യുക്തിയല്ല അവരുടേത്.വാമൊഴി കവികൾ ഒരുപാടുണ്ട്. ബദു മഹാകവി എന്നറിയപ്പെടുന്ന അബ്ദുർ റഹ്മാൻ അദ്ദിൻദാൻ സൗദിയിലാണ് ജീവിച്ചിരുന്നത്. ഞാനവിടെ എത്തുന്നതിന് തൊട്ടുമുൻപ് അദ്ദേഹം മരണപ്പെട്ടു. അദ്ദേഹത്തിന്റെ കവിതകൾ എൺപതുകളിൽ സൗദിയിലെ ഡച്ച് അംബാസഡറായി റിയാദിലെത്തിയ മാർസൽ ക്രൂപ്പർഷോയിക്ക് ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയിട്ടുണ്ട്. അറബി ഭാഷ പഠിക്കാനായി മാർസൽ കെയ്റോയിലെ പ്രശസ്തമായ Al Azhar യൂണിവേഴ്സിറ്റിയിൽ ചേർന്നു. എന്നിട്ട് അഞ്ചുമാസം മാർസൽ മഹാകവിയോടൊപ്പം ജീവിച്ചു, അദ്ദിൻദാൻ കവിതകൾ ചൊല്ലുമ്പോൾ റെക്കോർഡു ചെയ്യുകയായിരുന്നു മാർസൽ. അറുനൂറിലേറെ വാമൊഴിക്കവിതകൾ വരമൊഴിയാക്കുകയും പിന്നീടത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയാണുണ്ടായത്. അതു പോലെ ബദുസ്ത്രീകളുടെ കവിതകളുമുണ്ട്. നിരക്ഷരരായ അവർ അവരുടെ തോന്നലുകൾ, ഭാവനകൾ, പ്രശ്നങ്ങൾ എല്ലാം വാമൊഴിക്കവിതയിലൂടെയാണ് പറഞ്ഞിരുന്നത്. നമ്മുടെ നാട്ടിലുമുണ്ടത്. വാമൊഴി പാരമ്പര്യം എല്ലാ സമൂഹത്തിലുമുണ്ട്. അബ്ദുർറഹ്മാൻ അദ്ദിൻദാന്റെ കവിതകളുടെ പുസ്തകം വായനക്കായി ലഭിച്ചത് King Abdul Aziz University യിൽ നിന്നാണ്. അറബിയും ഇംഗ്ലീഷും കൂടിയുള്ള രണ്ടു വാല്യങ്ങളിലായിട്ടാണ് കവിതകളുള്ളത്. ലോകത്തിന്റെ പ്രശ്നങ്ങളും ബദു-കവിതകളിൽ വിഷയമായിട്ടുണ്ട്. സ്വന്തം ഭരണാധികാരികളെ വിമർശിച്ചു കൊണ്ടും അവരുടെ ചുറ്റുമുള്ള കാര്യങ്ങളോട് പ്രതികരിക്കുന്നതുമായ വാമൊഴിക്കവിതകളുമുണ്ടായിട്ടുണ്ട് . മുനീറാ അൽ ഗദീർ പ്രസിദ്ധീകരണയോഗ്യമാക്കുകയും ചെയ്ത ബദുസ്ത്രീകളുടെ വാമൊഴിക്കവിതകളുടെ പഠനവും ശേഖരവുമുണ്ട്. വളരെ വിശദമായി അതിൽ പറയുന്നുണ്ട്. കഴിഞ്ഞ മൂന്നാലു വർഷമായി ആ കവിതകളെ അതിന്റെ തനത് രചനാശൈലിയോടു ‌ കൂടി മലയാളത്തിലൊരു പുസ്തകമെഴുതാനുള്ള പരിശ്രമമാണ് എന്റേത്‌. ഞാൻ ചെയ്തുനോക്കിയിടത്തോളം എനിക്കതിനു സാധിച്ചിട്ടില്ല. മലയാളത്തിലെ പല പ്രശസ്ത കവികളുമായി അതിനു സ്വയമുള്ള രചനാശൈലി കൊണ്ടുവരാൻ സാധിക്കുമോ എന്നന്വേഷിക്കുകയാണ്. അതിൽ വിജയിച്ചാൽ തീർച്ചയായും ആ പുസ്തകം ചെയ്യണമെന്നു തന്നെയാണ് ആഗ്രഹം.

10ഗാഫ് മരത്തിനെ പ്രവാസ ജീവിതത്തിന്റെ രൂപകമായി താങ്കളുടെ മിക്ക രചനകളിലും കണ്ടിട്ടുണ്ട്. എന്തു കൊണ്ടാണത്? അതിന്റെ പ്രാധാന്യം, മിത്തും യാഥാർഥ്യവും ഒന്നു വിശദീകരിക്കാമോ?

മുസഫർ: തുടക്കത്തിലേ തന്നെ ഞാൻ അതിനെക്കുറിച്ചു സൂചിപ്പിക്കുകയുണ്ടായി. ഈ മരങ്ങൾ ഒടിഞ്ഞു കിടക്കുന്ന അവസ്ഥയിലും ഒരു മഴയിൽ പച്ചപ്പിലേക്കു വരികയാണ്. നമ്മുടെ ഗൾഫ് കുടിയേറ്റം അല്ലെങ്കിൽ ഏതു കുടിയേറ്റത്തെ കുറിച്ച് ‌ പറയുകയാണെങ്കിലും അവിടെയെല്ലാം നമ്മുടെ കാലാവസ്ഥയുമായി ഒരു ബന്ധവുമില്ലാത്ത വളരെ കഠിനമായിട്ടുള്ള ഒരു കാലാവസ്ഥയിലേക്കാണ് നമ്മൾ യാത്ര ചെയ്യുന്നത്. ജർമ്മനിയിലേക്ക് രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത് കേരളത്തിൽ നിന്നും പോയിട്ടുള്ള അയ്യായിരം നഴ്സുമാരെ കേന്ദ്രീകരിച്ചൊരു ഡോക്യൂമെന്ററി വന്നിട്ടുണ്ട്. അതിന്റെ സംവിധായക ഷൈനി ജേക്കബ് ബെഞ്ചമിൻ ആ അനുഭവത്തെക്കുറിച്ചെഴുതിയിട്ടുണ്ട്. അതിലവർ പറയുന്നുണ്ട്, ഈ കുടിയേറി പാർക്കുന്ന നഴ്സുമാർ യൂറോപ്പിൽ ചെല്ലുമ്പോൾ അവിടെ മഞ്ഞു പൊടിഞ്ഞു കൊണ്ടിരിക്കുകയാണ്. അവർ അവരുടെ ജീവിതത്തിൽ അങ്ങനെ മഞ്ഞുപെയ്യുന്നത് മുന്നേ കണ്ടിട്ടില്ല. ഇതെന്താണെന്ന് അവർക്കു മനസ്സിലാകുന്നില്ല. അവർ വിചാരിക്കുന്നത് നമ്മൾ നാട്ടിൽ കാണാറുള്ള ഉന്നമരത്തിന്റെ കായ പൊട്ടി പഞ്ഞി വരികയാണെന്നായിരുന്നു. യഥാർത്ഥത്തിൽ അതു മഞ്ഞ് പെയ്യുന്നതായിരുന്നു. നമ്മുടെ കേരളവുമായി കാലാവസഥകൊണ്ടോ ജീവിത സങ്കല്പങ്ങൾ കൊണ്ടോ യാതൊരു ബന്ധവുമില്ലാത്ത സ്ഥലങ്ങളിലേക്ക് കുടിയേറ്റം ചെയ്തു ഒരു ഗാഫ് മരത്തെപ്പോലെ നമ്മൾ പോവുകയുമാണ്. നമ്മൾ എവിടേക്കാണ് പോകുന്നത്, ഏതുതരം കാലാവസ്ഥയിലാണ് നമ്മൾ ജീവിക്കാൻ പോകുന്നത്, നമ്മുടെ ചുറ്റുപാടും എന്തു തരം മനുഷ്യരായിരിക്കും ഇതൊന്നുമറിയില്ലെങ്കിലും ഉണങ്ങി നശിച്ചില്ലാതാവുന്നില്ല. ആറോ ഏഴോ കൊല്ലങ്ങൾ കൂടുമ്പോൾ കിട്ടുന്ന മഴയിൽ വീണ്ടുമത് പച്ചപിടിച്ചു തിരിച്ചു വരികയാണ്. അതു തന്നെയാണ് മലയാളിയുടെ പ്രവാസം എന്നു നമ്മൾ പറയുന്ന ഈ സങ്കല്പത്തിന്റെ അടിസ്ഥാനം. നമ്മൾ വാടിപ്പോകുമെന്നു വിചാരിക്കും, പക്ഷെ നമ്മൾ വാടിപ്പോകുന്നില്ല; മലയാളി ഓരോ രാജ്യങ്ങളിൽ ചെന്ന് നേരായ രീതിയിൽ ഉപജീവനം നടത്തി സ്വാഭിമാനത്തോടുകൂടി ജീവിക്കുന്ന ഒരാളായി മാറുകയാണ്. അതിന് മരുഭൂമിയിൽ ഞാൻ കണ്ട ഏറ്റവും വലിയ ഉപമ ഗാഫ് മരം തന്നെയാണ്. ഞാൻ തന്നെയാലോചിക്കുകയാണ് നമ്മൾ കോട്ടും ജാക്കറ്റുമൊക്കെ ഇട്ടു പാരീസിൽ പോയപ്പോൾ അവിടെ ഉഷ്ണക്കാറ്റ് ആഞ്ഞടിക്കുകയാണ്. ഒരു സഞ്ചാരിയായിപ്പോകുമ്പോൾ ആ ചൂടുകാറ്റുള്ളതുകൊണ്ടു പാരീസിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകാമെന്നു വിചാരിക്കാൻ പറ്റില്ല. കാരണം നമ്മുടേതല്ലാത്ത ഒരന്തരീക്ഷത്തിൽ, പ്രതീക്ഷിക്കാത്ത, തികച്ചും വൈരുദ്ധ്യമുള്ള ഒരു കാലാവസ്ഥയിൽ നമ്മൾ പോവുന്നത് മരുഭൂമിയിലെ ഒരു ഗാഫ്മരത്തെയാണ് ഓർമിപ്പിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഗാഫാണ് പ്രവാസത്തിന്റെ ഏറ്റവും വലിയ ചിഹ്നമെന്നു ഞാൻ വിശേഷിപ്പിക്കുകയും ചെയ്തത്.
 
11. കൈയിൽ കിട്ടുന്നതെല്ലാം വായിക്കണമെന്നും അതല്ല, തിരഞ്ഞെടുത്ത പുസ്തകങ്ങൾ മാത്രം വായിക്കണമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ധാരാളം വായിക്കുന്ന ഒരാൾ എന്ന നിലയ്ക്ക്, എണ്ണമറ്റ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടുന്ന ഈ കാലത്ത് വായന എങ്ങനെ വേണം എന്നാണ് താങ്കളുടെ അഭിപ്രായം?
മുസഫർ: കഴിയുന്നത്ര വായിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ. കുറേ കഴിയുമ്പോൾ നമുക്ക് അങ്ങനെ വായിക്കാൻ കഴിയാതെ വരും. പടിഞ്ഞാറൻനാടുകളിൽ പലരുടെയും വായനാരീതി ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് . അവർ അവരുടെ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമേ വായിക്കാറുള്ളൂ. വായിക്കുക എന്നത് വളരെ അദ്ധ്വാനവും ഉത്തരവാദിത്വവും ഉള്ള ഒരു കാര്യമാണ്. പലരും വിചാരിക്കുന്നത്പോലെ ഒരു നേരമ്പോക്കല്ല. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ട്രാവൽ, ഹിസ്റ്ററി, പോയട്രി, ഫിക്ഷൻ എന്നിവ എല്ലാം വായിക്കുന്ന ആളാണ്. പക്ഷേ എനിക്ക് വളരെ ഇഷ്ടമുള്ള ഒരു കവിതാപുസ്തകം വായിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് എനിക്കൊരു ആത്മകഥ കിട്ടുകയാണെങ്കിൽ ഞാൻ മറ്റുപുസ്തകങ്ങൾ മാറ്റിവച്ചിട്ട്‌ അത് വായിക്കും. അതല്ല ആരുടെയെങ്കിലും അഭിമുഖം ഉള്ള പുസ്തകം കിട്ടുകയാണെങ്കിൽ മറ്റെല്ലാം മാറ്റിവച്ചിട്ട് അതു വായിക്കും. കാരണം മനുഷ്യരുടെ ജീവിതത്തിൽ നിന്നു നമുക്കറിയാത്ത പലതും ലഭിക്കും. ഒരുപക്ഷേ തൊട്ടടുത്ത വീട്ടിലെ ആളിന്റെ ആത്മകഥ വായിക്കുമ്പോഴായിരിക്കും ഇങ്ങിനെകൂടി ഉണ്ടായിട്ടുണ്ടെന്നു നമുക്കു മനസ്സിലാവുക. ഞാൻ ഏറ്റവും കൂടുതൽ വായിക്കാൻ ആഗ്രഹിക്കുന്നതും വായിച്ചിട്ടുള്ളതും ആത്മകഥകൾ ആണ്. പിന്നൊന്ന്, ബാലസാഹിത്യമാണ്. ബാലസാഹിത്യം എന്നാൽ ഏറ്റവും ലളിതമായി കുട്ടികൾക്കു മനസ്സിലാകുന്ന വിധത്തിൽ എഴുതിയിട്ടുണ്ടാവും. വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് ആ എഴുത്ത്. ഒരു സമയം കഴിഞ്ഞാൽ നമ്മൾ എല്ലാം തിരഞ്ഞ്‌ നോക്കിയെടുക്കുന്ന വായനക്കാരാകും. എല്ലാമൊന്നും വായിക്കാൻ കഴിയില്ല. ഓരോരുത്തർക്കും ഏറ്റവുമിഷ്ടം തോന്നുന്നതും അവരെ ആനന്ദിപ്പിക്കുന്നതും എന്താണോ ആ മേഖലയിലുള്ള മികച്ച പുസ്തകങ്ങൾ തിരഞ്ഞെടുത്തു വായിക്കുക എന്നതാണ് ഏറ്റവും നല്ലതെന്നാണ് എൻ്റെ അഭിപ്രായം. ഈ കോവിഡ് കാലത്ത് ഞാൻ അടുത്ത് വായിച്ച പുസ്തകം ‘ഫാങ്ങ് ഫാങ്ങ്’ എന്ന ചൈനീസ് എഴുത്തുകാരിയുടെ ‘വുഹാൻ ഡയറീസ്’ ആണ്. കോവിഡ് രോഗം ആദ്യമായി പൊട്ടിപ്പുറപ്പെട്ട വുഹാനിലെ അറുപതു ദിവസത്തെ ഡയറിയാണത്. അവിടെയുണ്ടായ പല പ്രശ്നങ്ങളും വിവരിക്കുന്ന പുസ്തകം അവസാനിക്കുന്നതവരുടെ വീടിൻറെ ജനാലയുടെ വെളിയിൽ ഒരു കുഞ്ഞു ചിരിക്കുന്ന ശബ്ദത്തെപ്പറ്റി പറഞ്ഞു കൊണ്ടാണ്. അങ്ങനെ ലോകത്തിൻറെ ഭാവിയെപ്പറ്റിയുള്ള പ്രതീക്ഷയോടെയാണ് ആ പുസ്തകം അവസാനിക്കുന്നത്. നമ്മളെ ആഹ്‌ളാദിപ്പിക്കുന്ന, നമ്മുടെ മനസ്സിലേക്ക് വെളിച്ചം വീശുന്ന എന്താണോ അതാണ് വായിക്കേണ്ടതെന്നാണ് എൻറെ അഭിപ്രായം. ഒരു പുസ്തകം വായിക്കുന്നതിന്, മുൻപുള്ളതിനേക്കാൾ ‘ വളർന്ന’ മനുഷ്യനായിരിക്കണം അതിനുശേഷം ഉണ്ടാകേണ്ടത്. ‘യുദ്ധവും സമാധാന’വും വായിച്ച ഒരാൾക്ക് വായനയ്ക്കു മുമ്പുള്ള ആളുമായി തീർച്ചയായും വ്യത്യാസമുണ്ടാവും. ആ ഒരു സങ്കല്പത്തിൽ നിന്നു കൊണ്ടാണ് നമ്മൾ പുസ്തകങ്ങൾ വായിക്കേണ്ടത്. നമ്മുടെ ഇഷ്ടവും താല്പര്യവും എന്താണെന്ന് മനസ്സിലാക്കിയ ശേഷം പിന്നീടുള്ള വായന അതിനനുസരിച്ചായിരിക്കണം.
രണ്ടുമണിക്കൂറോളം തന്റെ എഴുത്തുവഴികളെക്കുറിച്ചു സംസാരിച്ച വി.മുസഫര് അഹമ്മദിനു വായനാരാമം അംഗങ്ങള് നന്ദി പറഞ്ഞു.
Print Friendly, PDF & Email