Uncategorized

സച്ചി : കണ്ടറിയാൻ ബാക്കിവെച്ചുപോയത്മരണം എന്ന സാധ്യതകളുടെ ഏറ്റവും വലിയ കലയിലേക്ക് സച്ചിയും പോയിരിക്കുന്നു. സാധ്യതകളുടെ അങ്ങേയറ്റം തേടിയ ആവിഷ്കർത്താവായിരുന്നു സച്ചി .മരണത്തിൻ്റെ നിശ്ചലമായ കയത്തിനുള്ളിൽ അയാൾ പോയെന്ന് ഇപ്പോഴും ഉൾക്കൊള്ളാനാവുന്നില്ല.
‘ലൈഫി’ൻ്റെ സാധ്യതകളും ലൈവ്ലിനസ്സിൻ്റെ ചടുലതകളുമായിരുന്നു സച്ചിയുടെ സൃഷ്ടികളിൽ എപ്പോഴും ത്രസിച്ചു നിന്നിരുന്നത്.
ഓരോ കഥാപരിസരങ്ങളിലും സാധ്യമായ കൗതുകങ്ങളുടെ അങ്ങേയറ്റം അയാൾ ആവിഷ്ക്കരിച്ചുകൊണ്ടേയിരുന്നു. മുണ്ടൂർ മാടൻ പോലീസായതും ശന്തനുവിന് തൻ്റെ പ്രണയത്തെ തേടി ലോകം മുഴുവൻ അലയാനായതും സാധ്യതയുടെ എക്സ്ട്രീമുകളുടെ ഉപയോഗമായിരുന്നു.
 
അനാർക്കലിയും അയ്യപ്പനും കോശിയുമായിരുന്നു സച്ചിയുടെ സംവിധാന സൃഷ്ടികൾ.അതാതിൻ്റെ ആഖ്യാന പരിസരങ്ങളിൽ പ്രേക്ഷകരെ സമകാലത്ത് അത്രയേറെ എൻഗേജ് ചെയ്യിച്ച ചിത്രങ്ങൾ ഇല്ലെന്ന് തന്നെ പറയാം.
മലയാളം അന്നുവരെ കാണാത്ത ഒരു മനോഹരപ്രണയചിത്രമായിരുന്നു അനാർക്കലി. അന്യഭാഷാചിത്രങ്ങളിൽ നാം കണ്ടു പരിചയിച്ച പ്രണയഭാവുകത്വവും പരിസരവും അനാർക്കലിയിൽ മനോഹരമായി സച്ചി ഇണക്കിച്ചേർത്തു .
മലയാളത്തിൻ്റെ പരിസരത്തിൽ നിന്നു കൊണ്ട്
പ്രണയത്തിൻ്റെയും വിരഹത്തിൻ്റെയും തീവ്രമായ പോർട്രേയലിനുള്ള ഭൂമികയായി ലക്ഷദ്വീപിൻ്റെ ദൃശ്യ സാധ്യതകൾ സച്ചി പരമാവധി ഉപയോഗിക്കുന്നു. അയ്യപ്പനും കോശിക്കും തങ്ങളുടെ കൊല്ലാനും ചാവാനുമുള്ള കളിയ്ക്ക് അട്ടപ്പാടിയുടെ കയറ്റിറക്കങ്ങളേക്കാൾ പറ്റിയ മറ്റൊരു സ്ഥലവുമില്ല. ടെറയിനുകളുടെ ദൃശ്യ സാധ്യതയെ കഥാപരിസരങ്ങൾക്ക് യോജ്യമായ വിധം അത്രയും ചേർത്ത് നിർത്തിയ കഥാകാരനാണ് സച്ചി.
 

തൻ്റെ കണ്ണുകൾ ദാനം ചെയ്താണ് സച്ചി കടന്നു പോകുന്നത്. ഒരു കാഴ്ചയുടെ കലാകാരൻ എങ്ങനെയാണ് അതിലപ്പുറം തൻ്റെ വേർപാടിനെയും സാധ്യതയാക്കുക?

അട്ടപ്പാടിയുടെ
ദൃശ്യപരിസരങ്ങൾ മാത്രമല്ല,കൊല്ലാനും ചാവാതിരിക്കാനുമുള്ള പ്രയാണവും പോർക്കലിയും ചതിക്കുഴികളുമെല്ലാം ഭരതൻ്റെ താഴ്‌വാരത്തെ പലയിടങ്ങളിലും ഓർമ്മിപ്പിക്കുന്നുണ്ട്.
സിനിമ എന്നത് കൂട്ടായ്മയുടെ കലയാണെന്ന ബോധ്യമാണ് സച്ചിയെ നയിച്ചത്. സ്വതന്ത്ര സംവിധായകൻ എന്ന പേര് ചാർത്തപ്പെട്ടപ്പോൾ ആ പ്രയോഗത്തെ അയാൾ സ്നേഹപൂർവ്വം നിരസിച്ചിരുന്നു. കൂട്ടായ്മയുടെ സാധ്യതകളാണ് തൻ്റെ സൃഷ്ടികളുടെ പൂർണത എന്ന് സച്ചി പറഞ്ഞു. സേതുവുൾപ്പെടെയുള്ള ചലച്ചിത്രനിർമാണത്തിലെ കൂട്ടുകളോടൊപ്പമായിരുന്നു സച്ചി മിക്കവാറുമെല്ലാം അടയാളപ്പെടുത്തപ്പെട്ടുകൊണ്ടിരുന്നത്.
ഇതേ ബന്ധത്തിന്റെ ബലവും ഭാരവുമായിരുന്നു സച്ചിയുടെ പാത്രസൃഷ്ടികളിലും ദൃശ്യമായിരുന്നത്. ആൺകോയ്മയുടെ കൊലവിളികൾക്കിടയിലും അയ്യപ്പൻ നായരും കോശിയും തമ്മിൽ നിലനിൽക്കുന്നത് ഏറ്റവും ദൃഢമായ ഒരു ബന്ധമാണ്.
ഹൈക്കോടതിയിൽ വക്കീലായിരുന്നു സച്ചി. ആ തൊഴിലിടം നൽകിയ അനുഭവവും സാധ്യതകളും അയാൾ സൃഷ്ടികളിൽ സൂക്ഷ്മമായി ഉപയോഗിച്ചു.
ജനപ്രിയത എന്നതിനെ ഏതൊക്കെയോ അളവുകോലുകൾ കൊണ്ട് നമ്മൾ വശങ്ങളിലേക്ക് തട്ടിയിട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അംഗീകാരപത്രങ്ങളിലെ പേരുകളിൽ പിന്നെയേ അയാൾ വരുമായിരുന്നുള്ളൂ.
കവി കൂടിയായിരുന്നു സച്ചി . വായനയുടെയും നാടകപ്രവർത്തനത്തിൻ്റെയും പിൻബലവുമുണ്ടായിരുന്നു.
സാധ്യമായ ഇടങ്ങളിലൊക്കെ സട്ടിലായെങ്കിലും സിനിമകളിൽ തൻ്റെ രാഷ്ട്രീയ ബോധ്യങ്ങൾ അയാൾ പറഞ്ഞു പോയിരുന്നു. വിമർശനമാവശ്യപ്പെട്ട ഇടങ്ങളും അതിലുണ്ടായിരുന്നുവെന്ന് മറക്കുന്നില്ല.
ഭംഗിയായി എഴുതിഫലിപ്പിച്ച മറ്റ് പത്ത് ചിത്രങ്ങളും സച്ചിയുടെ മികവ് വെളിവാക്കുന്നുണ്ടായിരുന്നു. എല്ലാ ജോണറുകളുമുണ്ടായിരുന്നു ആ കൂട്ടത്തിൽ. നർമ്മവും ഉദ്വേഗവും ഉള്ളുലയ്ക്കുന്ന നിമിഷങ്ങളുമെല്ലാം അതാവശ്യമുള്ള ഗ്രാവിറ്റിയിൽ പകർന്നു നല്കാൻ സച്ചിയ്ക്കായി .
തൻ്റെ കണ്ണുകൾ ദാനം ചെയ്താണ് സച്ചി കടന്നു പോകുന്നത്. ഒരു കാഴ്ചയുടെ കലാകാരൻ എങ്ങനെയാണ് അതിലപ്പുറം തൻ്റെ വേർപാടിനെയും സാധ്യതയാക്കുക?
നന്ദി സച്ചീ, നിങ്ങളുടെ കഥപറച്ചിലുകൾ ഞങ്ങളെ ഒരു നിമിഷം വിനാ എൻഗേജ് ചെയ്യിച്ചിരുന്നു. ഈ അടച്ചിടൽ കാലം ഞങ്ങൾ താണ്ടുന്നത് അത് തീരുമ്പോൾ നിങ്ങളുൾപ്പെടെയുള്ള ആവിഷ്കർത്താക്കൾ ഇനിയുമത് ചെയ്യുമെന്ന പ്രതീക്ഷ കൊണ്ടു കൂടിയായിരുന്നു.
അതൊക്കെ കളഞ്ഞ് ഇത്ര നേരത്തേ എവിടേക്കാണ് നിങ്ങളൊക്കെ പോവുന്നത് ?
Print Friendly, PDF & Email