ലേഖനം

പേജുകള്‍ക്കിടയില്‍ ഏതൊരാളും ഏകാകിയാണ്.“ I'm old-fashioned and think that reading books is the most glorious pastime that humankind has yet devised. “ (Wislawa Szymborska, Nonrequired Reading)
വായന ഏകാന്തമായ പ്രവൃത്തിയായിരിക്കുമ്പോള് തന്നെ വായനയിലൂടെ കൂട്ടായ്മകൾ സജീവമാകുകയും ചെയ്യുന്നു. ഒരു കൂട്ടം ആളുകള് ഒരാളുടെ വായന ശ്രദ്ധിച്ച് കൊണ്ട് പ്രവൃത്തിയിലേര്പ്പെടുന്ന ദൃശ്യം ബാല്യകാലത്തെ സവിശേഷ കാഴ്ച്ചകളിലൊന്നായിരുന്നു. ദീനേശ് ബീഡി കേന്ദ്രത്തിന്റെ മുന്നിലൂടെ ബസ് സ്റ്റോപ്പിലേക്ക് പോകുമ്പോള് ഒരാള് തന്റെ ഘനമാര്ന്ന ശബ്ദത്തില് പത്രം വായിക്കുന്നത് കേള്ക്കാം. ജനലിലൂടെ അകത്തേക്ക് നോക്കിയാല് കാണുന്നത് കുറേ പേര് ബീഡി തെറുക്കുന്നതും ഒരാള് അവര്ക്കായി പത്രം വായിക്കുന്നതുമാണ് . അയാളുടെ പങ്ക് ബീഡി തെറുപ്പ്, വായന കേള്ക്കുന്നവര് ചേർന്ന് നിര്വഹിക്കുന്നു. കേരളത്തിന്റെ സാമൂഹികപരിസരത്തില് മാത്രം ദൃശ്യവേദ്യമായ കാഴ്ച്ചയാണിത്. ഇങ്ങനെയൊരു പൊതുമണ്ഡല (Public sphere ) ത്തിന്റെ രൂപീകരണം സാധ്യമാക്കിയ ചരിത്രപശ്ചാത്തലത്തെ നാം ഓര്മ്മിക്കേണ്ടുന്ന സന്ദര്ഭമാണ് ഓരോ വായനദിനവും.ദൈനംദിന രാഷ്ട്രീയ പ്രവര്ത്തനങ്ങളിലൊന്നായി വായനയും, ചര്ച്ചകളും മാറുന്ന അവസ്ഥ.
ജീവിതത്തിന്റെ അനേകം പരാധീനതകളില് നിന്ന് വിമോചനം തേടി വായനശാലയുടെ തണുത്ത പ്രതലത്തില് കാലൂന്നി പതുക്കെ പുസ്തകങ്ങള് വായിക്കുന്ന ഒരാളെ കണ്ടിട്ടുണ്ട്. അയാളുടെ തളര്ന്ന കണ്ണുകള് ഇടയ്ക്കിടെ തളര്ച്ച ബാധിച്ച് അടഞ്ഞുപോവാറുണ്ട്. ഇടയ്ക്കിടെ അത് നനയാറുണ്ട്. പേജുകള്ക്കിടയില് ജീവിതത്തില് എന്ന പോലെ അയാള് ചിലപ്പോള് ഒറ്റപ്പെടുന്നു. ഇതിലുമെത്രയോ ലളിതമാണല്ലോ തന്റെ അനുഭവങ്ങള് എന്ന് അയാള് ആശ്വാസം കൊള്ളുന്നു.
ഒരിടത്ത് നിശബ്ദതയും ഏകാന്തതയും ഒരു വശത്ത് വായന എന്ന പ്രവൃത്തിയെ പുല്കുമ്പോള്, മറ്റൊരിടത്ത് ആള്ക്കൂട്ടവും പ്രവൃത്തിയും വായനയെ നിര്ണ്ണയിക്കുന്നു. രണ്ട് വ്യത്യസ്ത വായനസന്ദര്ഭങ്ങള്.
 

”The book is like the spoon, scissors, the hammer, the wheel. Once invented, it cannot be improved. You cannot make a spoon that is better than a spoon. When designers try to improve something like the corkscrew, their success is very limited; most of their “improvements” don’t even work……….

വായന എന്ന പദം പുസ്തക വായനയെ മാത്രമല്ല ഉള്ക്കൊള്ളുന്നത്. പുസ്തകവുമായി അതിനുള്ള ചേര്ച്ച കാരണം ആ സമസ്തപദത്തിന് ലഭിച്ച പ്രചുരപ്രചാരം അതിനെ പുസ്തകവായന മാത്രമാക്കി ചുരുക്കി. വീണയും വയലിനും നാം വായിക്കുകയാണല്ലോ. മനുഷ്യരെയും പ്രപഞ്ചത്തെയും നാം സൂക്ഷ്മമായി വായിക്കുന്നു. ഒരു ഗാഢപാരായണം തന്നെ നടത്തുന്നു. പാരായണം എന്ന പദത്തിന് പൂര്ണ്ണമായും ഏതെങ്കിലും കാര്യത്തില് മനസ്സ് വെച്ച് പ്രവര്ത്തിക്കല് ( പാരാ – അയന ) എന്നും അര്ത്ഥമുണ്ട്.(ശബ്ദതാരാവലി ). ശ്രദ്ധാപൂര്വ്വം ചെയ്യേണ്ട പ്രവൃത്തികളിലൊന്നായി അത് മാറുന്നു. ഓരോ കാലഘട്ടത്തിലും ഒരു വ്യക്തിയുടെ ജീവിതത്തില് അതിനുള്ള സ്ഥാനം മാറി വരുന്നു. വായന എന്ന പ്രവൃത്തിക്ക് വ്യക്തിയോടൊപ്പം തന്നെ പരിണാമം സംഭവിക്കുന്നു. വായന സമീപിക്കുന്ന രീതിയിലാണ് മാറ്റം പ്രകടമാവുന്നത്. ജീവിതത്തില് നിന്ന് ആര്ജ്ജിക്കുന്നു വിവിധ അനുഭവങ്ങള് വായനയില് കാര്യമായി ഇടപെടുന്നു. പുസ്തകം ഒരു ജൈവാനുബന്ധമായി മാറുന്നു. വായനയെ കുറിച്ചോര്ക്കുമ്പോൾ പുസ്തകത്തെ കുറിച്ച് ഓര്ക്കാതെ വയ്യ. ആ ഓര്മ്മ പതിയെ പതിയെ ഇ – റീഡറില്ലേക്ക് സംക്രമിക്കുന്നു. പുസ്തകത്തോടുള്ള ഗൃഹാതുരപ്രേമത്തില് നിന്ന് മാറുന്ന രൂപത്തോട് കൂടി ചേരേണ്ട കാലമാണിത്. ദി ഷോ മസ്റ്റ് ഗോ ഓണ് എന്നത് വായനയ്ക്ക് ബാധകമാണ് . ഉമ്പര്ട്ടോ എക്കോയ്ക്ക് സ്തുതി ചൊല്ലി ഈ വാക്യമോര്ക്കാം ”The book is like the spoon, scissors, the hammer, the wheel. Once invented, it cannot be improved. You cannot make a spoon that is better than a spoon. When designers try to improve something like the corkscrew, their success is very limited; most of their “improvements” don’t even work………..The book has been thoroughly tested, and it’s very hard to see how it could be improved on for its current purposes. Perhaps it will evolve in terms of components; perhaps the pages will no longer be made of paper. But it will still be the same thing.”
(This not the end of the book )
 

വീട്ടിലാവാം, ഓഫീസിലാവാം പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കുക വഴി അത് വ്യക്തിയുടെ ഭാവുകത്വത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്ന ബോധം നമ്മളിലുണ്ടാകുന്നു.

2
പുസ്തകം കേവല വായനയ്ക്കുള്ള ഉപാധി എന്നതിനപ്പുറം പിയര് ബോര്ദ്യുവിന്റെ ഭാഷയില് സാംസ്കാരിക മൂലധനം(culture capital ) കൂടിയാണ് . 1986 ല് പ്രസിദ്ധീകരിച്ച Forms of capital എന്ന ലേഖനത്തില് മൂന്ന് തരത്തിലുള്ള മൂലധനരൂപങ്ങളെക്കുറിച്ച് ബോര്ദ്യൂ വിശദീകരിക്കുന്നുണ്ട് (culturel , economical , social ). ശരീരവത്കൃത (embodiement ) അവസ്ഥ, വസ്തുവത്കൃത (objectified ) അവസ്ഥ ,സ്ഥാപനവത്കൃത (institutionilized ) അവസ്ഥ എന്നിങ്ങനെ മൂന്നായി സാംസ്കാരിക മൂലധനത്തെ വിഭജിക്കാം . ”Cultural capital can exist in three forms: in the embodied state, i.e., in the form of long-lasting dispositions of the mind and body; in the objectified state, in the form of cultural goods (pictures, books, dictionaries, instruments, machines, etc.), which are the trace or realization of theories or critiques of these theories, problematics, etc.; and in the institutionalized state, a form of objectification which must be set apart because, as will be seen in the case of educational qualifications, it confers entirely original properties on the cultural capital which it is presumed to guarantee.” എന്ന് ബോര്ദ്യൂ കുറിക്കുന്നു.
 

വസ്തുവത്കൃത അവസ്ഥ എന്ന ഗണത്തില് പുസ്തകശേഖരണത്തെയും ,അവയുടെ പ്രദര്ശനത്തെയും ഉള്പ്പെടുത്താമെന്ന് തോന്നുന്നു. അതുവഴി കൈവരുന്ന സാംസ്കാരിക മൂലധനം പ്രധാനപ്പെട്ടതാണ്. വീട്ടിലാവാം, ഓഫീസിലാവാം പുസ്തകങ്ങള് പ്രദര്ശിപ്പിക്കുക വഴി അത് വ്യക്തിയുടെ ഭാവുകത്വത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്ന ബോധം നമ്മളിലുണ്ടാകുന്നു. നെഹ്റുവിന്റെ മുറിയില് കണ്ട റോബര്ട്ട് ഫ്രോസ്റ്റിന്റെ വരികളെക്കുറിച്ച് കൃഷ്ണമേനോന് എഴുതി കണ്ടിട്ടുണ്ട്. അത് നെഹ്റുവിന്റെ ലോകബോധത്തിന്റെ അടയാളമായി കൃഷ്ണമേനോന് കുറിക്കുന്നു. അത് വഴി വസ്തുവത്കൃത അവസ്ഥ എന്ന സാംസ്കാരിക മൂലധനം നെഹ്റു കയ്യാളുന്നു. ഭാവുകത്വത്തെ ഈ പ്രദര്ശനപരത നിര്ണ്ണയിക്കുന്നതായി വരുന്നു. വ്യക്തിയുടെ ഭാവുകത്വത്തിന്റെ നിദര്ശനമായി അയാളുടെ അടുക്കിവെക്കലിനെ, ചിട്ടയെ കാണുന്നു. പക്ഷെ അതിനെ നിര്ണ്ണയിക്കുന്ന സാമ്പത്തികപരിസരത്തെയും, സാമൂഹിക പരിസരത്തെയും കാണാതെ പോവരുത്. സാമ്പത്തിക -സാമൂഹിക പരിസരങ്ങളാണ് ഈ ഭാവുകത്വവികാസത്തെ സ്വാധീനിക്കുന്നത്. പ്രിവിലേജ് നല്കുന്ന സാധ്യതകള് ഈ അടുക്കിവെക്കലുകളില് പ്രവര്ത്തിക്കുന്നുണ്ട്. ആയതിനാല് വായനയെ, പുസ്തകത്തെ കേവല കാല്പനിക പരിസരത്തില് നിന്നു അല്പം അകന്നും സമീപിക്കാം. അത് വായന എന്ന പ്രവൃത്തിയുടെ രാഷ്ട്രീയപാരായണമായി മാറുന്നു. പാരായണങ്ങളിലൂടെ രൂപപ്പെട്ട വ്യക്തിയെ വായിക്കുന്നു.അതുവഴി സമൂഹ ചരിത്രത്തില് വായന എന്ന പ്രക്രിയ ഇടപെട്ട രീതികള് പരിശോധിക്കുന്നു.അത് മറ്റൊരു സാധ്യതയാണ്,അനന്തമായ പാരായണങ്ങളുടെ ഭൂമിക.

വായനശാലയിലെത്തുന്ന ഒരാള്‍ ഒരു അന്വേഷകന്റെ സൂക്ഷ്മശ്രദ്ധയും ജാഗ്രതയും ദീക്ഷിച്ച് റാക്കുകള്‍ക്കിടയിലൂടെ നടക്കുന്നു. തനിക്ക് വേണ്ട പുസ്തകങ്ങള്‍ അന്വേഷിക്കുന്നു. അന്വേഷിച്ചവ കിട്ടിയില്ലെങ്കില്‍ കിട്ടിയവയില്‍ സംതൃപ്തി തേടുന്നു. വിവരങ്ങളുടെ കുത്തൊഴുക്കില്‍ തിരഞ്ഞവ കിട്ടിയില്ലെങ്കിലും കിട്ടിയവയില്‍ ആശ്വാസം കൊള്ളുന്ന അതിന്റെ ദിശയില്‍ മറ്റൊന്നിലേക്ക്,അവിടെ നിന്നും മറ്റൊന്നില്ലേക്ക്. അനന്തമായ അലച്ചില്‍.

3
വായനയെ രൂപപ്പെടുത്തുന്നതിലും വിപുലമാക്കുന്നതിലും പ്രധാന പങ്ക് വായനശാല വഹിക്കുന്നുണ്ട്. പുസ്തകങ്ങള് സംരക്ഷിക്കുന്ന ഒരിടം എന്നതിലുപരി പ്രദേശത്തിന്റെ രാഷ്ട്രീയത്തെ,സാംസ്കാരിക പ്രവര്ത്തനങ്ങളെ നിര്ണ്ണയിച്ചാണ് അത് നിലകൊള്ളുന്നത്. അനേകം മനുഷ്യരുടെ ദീര്ഘനാളത്തെ പ്രയത്നഫലമാണ് വായനശാലകളായി നിലനില്ക്കുന്നത്. പുസ്തകശേഖരണവും,സംരക്ഷണവും,വിതരണവും അനുബന്ധപരിപാടികളും വായനശാല എന്ന സ്ഥാപനം കേന്ദ്രമാക്കി നടത്തുന്നു. വായനശാലയെക്കുറിച്ച് ഓര്ക്കുമ്പോള് സക്കറിയയുടെ ‘യേശുപുരം പബ്ലിക്ക് ലൈബ്രറിയെപ്പറ്റി ഒരു പരാതി ‘ എന്ന കഥ ഓര്മ്മ വരും. ഈ കഥ ഒരു വായനശാലയില് ഇരുന്ന് തന്നെയാണ് വായിച്ചത്. ഒരു മഴക്കാലത്ത് മഴയില് നനഞ്ഞ് കുതിര്ന്ന ചുമരിനോട് ചേര്ന്ന പുസ്തകങ്ങളെല്ലാം തണുപ്പടിച്ച് നാശമായി. ചൂടും തണുപ്പും തീവ്രമായാല് പുസ്തകം പതിയെ ഇല്ലാതായിത്തുടങ്ങും. കുട്ടികളും ലൈബ്രേറിയനും ചേര്ന്ന് പുസ്തകങ്ങള് ഉണക്കി വെയ്ക്കും. പാതി നശിച്ച പുസ്തകങ്ങള് കുട്ടികള് സ്വന്തമാക്കും. അതിലെ കഥ പാതിയില് വായിച്ച് മുഴുവനാകാത്ത നിരാശയില് വെറുതെ ഇരിക്കും. ആ ലൈബ്രറിയോളം ഏകാന്തത നിറഞ്ഞ പ്രകൃതി മറ്റെവിടെയും അറിഞ്ഞിട്ടില്ല. ഇത്രയേറെ നിശബ്ദത കടലിന്റെ അടിത്തട്ടില് പോലും ഉണ്ടാവുമെന്ന് തോന്നുന്നില്ല. മുറാകാമിയുടെ ‘Wind cave ‘ എന്ന കഥയില് ഗുഹയിലേക്ക് പോയ പെണ്ക്കുട്ടി തന്റെ സഹോദരന് ഗുഹാനുഭവം വിവരിച്ച് കൊടുക്കുന്നുണ്ട്.കടലിന്റെ അടിത്തട്ടോളം നിശബ്ദത എന്നാണ് ആ സ്ഥലത്തെ അവള് വിശേഷിപ്പിക്കുന്നത്.
 
സക്കറിയയുടെ “യേശുപുരം പബ്ലിക്ക് ലൈബ്രറിയെപ്പറ്റി ഒരു പരാതി ‘ ഒരു കത്തിന്റെ രൂപത്തില് എഴുതിയ കഥയാണ്.ലൈബ്രറിയിലെ ആയുഷ്കാലാംഗം ലൈബ്രറിയെ സംബന്ധിച്ച തന്റെ ആശങ്കകള് പറയുന്നതാണ് പ്രമേയം. ലൈബ്രറിയുടെ ആയുഷ്കാലം അംഗം എന്നതിനാല് ലൈബ്രറിയുടെ നാശം തന്റെയും നാശമാണെന്ന് ആ വായനക്കാരന് വിശ്വസിക്കുന്നു. ലൈബ്രറിയെ അലങ്കോലമാക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തെ അയാള് വിമര്ശിക്കുന്നു. പുസ്തകങ്ങളെ ഏതോ അബോധപ്രേരണയാല് റാക്കുകള് മാറ്റി വെക്കുന്ന പ്യൂണിനെ അയാള് പരിഹസിക്കുന്നു. എന്നാല് പുസ്തകങ്ങളുടെ ഈ ലോകം തുറന്ന് തരുന്ന അത്ഭുത പ്രപഞ്ചത്തിന്റെ വ്യാപ്തിയില് മതിമറക്കുന്നു. വായനശാലയിലെത്തുന്ന ഒരാള് ഒരു അന്വേഷകന്റെ സൂക്ഷ്മശ്രദ്ധയും ജാഗ്രതയും ദീക്ഷിച്ച് റാക്കുകള്ക്കിടയിലൂടെ നടക്കുന്നു. തനിക്ക് വേണ്ട പുസ്തകങ്ങള് അന്വേഷിക്കുന്നു. അന്വേഷിച്ചവ കിട്ടിയില്ലെങ്കില് കിട്ടിയവയില് സംതൃപ്തി തേടുന്നു. വിവരങ്ങളുടെ കുത്തൊഴുക്കില് തിരഞ്ഞവ കിട്ടിയില്ലെങ്കിലും കിട്ടിയവയില് ആശ്വാസം കൊള്ളുന്ന അതിന്റെ ദിശയില് മറ്റൊന്നിലേക്ക്,അവിടെ നിന്നും മറ്റൊന്നില്ലേക്ക്. അനന്തമായ അലച്ചില്. ലൈബ്രറിയിലെ വിഷയവൈവിധ്യം തന്നെ ഒരു ഖണ്ഡികയില്
 
”ജീവശാസ്ത്രം, യാത്രാവിവരണം, ജന്തുശാസ്ത്രം, സാഹിത്യനിരൂപണം,ഗണിതം, തത്ത്വശാസ്ത്രം, സംഗീതം,സമുദായികശാസ്ത്രം, സാമുദ്രികശാസ്ത്രം, ചെറുകഥ……. വൈദ്യം, നാടകം, പ്രകൃതിചികിത്സ, മനഃശാസ്ത്രം, സര്ക്കസ്സ്, തോക്ക് നിര്മ്മാണം,എസ്കറ്റോളജി എന്നീ വിഷയങ്ങള് ഭൂമിശാസ്ത്രത്തിന്റെ അലമാരയില് ഒരുമിച്ചിരിക്കുന്നു. ഭൂമിശാസ്ത്രം മാത്രം ഇല്ല. ”

ഓരോരുത്തര്‍ വായിക്കുമ്പോഴും പുസ്തകം ഓരോന്നായി പരിണമിക്കുന്നു. ആദ്യ വായനയില്‍ കണ്ട പുസ്തകമല്ല, രണ്ടാമത്തെ പ്രാവശ്യം വായിക്കുമ്പോള്‍. ഒരു പുസ്തകം, അനേകം അര്‍ത്ഥങ്ങള്‍. അനേകം വികാസപരിണാമങ്ങള്‍ ഒരോ വായനകാരനെ/വായനകാരിയെ അഭിമുഖീകരിക്കുമ്പോഴും പുസ്തകത്തിന് സംഭവിക്കുന്നു.

ലൈബ്രറിയുടെ അകത്ത്, അതിന്റെ നിഗൂഢതകളില് തൂങ്ങി മരിക്കുന്ന അനേകം പുസ്തകങ്ങളെയാണ് സക്കറിയ തന്റെ കഥയിലൂടെ സ്പര്ശിക്കുന്നത് . ഭൂഗര്ഭ അറയില് കേന്ദ്രീകരിച്ച റഫറന്സ് വിഭാഗവും അവിടെ രഹസ്യങ്ങള് നിഗൂഹനം ചെയ്ത ക്ലാര്ക്കും പുസ്തകങ്ങളും. ക്ലാര്ക്കിന്റെ തൂങ്ങിമരണവും. അങ്ങനെ ആകാംക്ഷാജനകമായ ഒരു ആഖ്യാനമായി മാറുന്നതിനോടൊപ്പം തന്നെ റാക്കുകളില് നിശബ്ദമരണം സ്വീകരിക്കുന്ന പുസ്തകങ്ങളെ സംബന്ധിച്ച ആകുലതയായും കഥ മാറുന്നു. ലോക്ക്ഡൗണ് വേളയില് അടച്ച് പൂട്ടപ്പെട്ട ഗ്രന്ഥാലയങ്ങള്.ഇനിയൊരിക്കലും ആ വായനശാല തേടി വരാത്ത ഭൂമിയില് നിന്ന് മറഞ്ഞ് പോയ വായനക്കാര്. പുസ്തകം മടക്കാന് സാധിക്കാതെ,പുതിയവ കൈപ്പറ്റാന് സാധിക്കാതെ മരണമടഞ്ഞവര്. രോഗം പുനര്നിര്മ്മിച്ച ലോകത്തിലേക്കാണ് പുസ്തകങ്ങളും കടന്ന് ചെല്ലുന്നത്. പുസ്തകങ്ങളാല് നിര്മ്മിച്ച,വായന എന്ന സര്ഗ്ഗപ്രക്രിയയാല് നിര്മ്മിക്കപ്പെട്ട ലോകത്തിന്റെ അനേകം ആശങ്കകള്. വായനശാല വാസൂള്ളയെപ്പോലെ പുസ്തകം മോഷ്ടിച്ചിട്ടായാലും ലൈബ്രറി പരിരക്ഷിക്കുന്നവര്. അവരിലൂടെയാണ് പൊതുമണ്ഡലം രൂപീകൃതമാകുന്നത്.ജനാധികാരം സുസ്ഥിരമാകുന്നത്.

ഇത്തരമൊരു നിഗൂഢ ഗ്രന്ഥാലയത്തെയാണ് ബോര്ഹസ് ‘ The babel library യില് വിഭാവനം ചെയ്യുന്നത്. ബാല്യസ്മൃതികളില് വായിച്ച പുസ്തകം മാത്രം തെളിഞ്ഞ് നില്ക്കുന്ന ഒരു ‘വലിയ ‘ വായനക്കാരന് അസ്തമിച്ച കാഴ്ച്ചയിലും വായന എന്ന പ്രക്രിയ നിര്ബാധം തുടര്ന്നു. വായന ഓര്ത്തെടുക്കല് കൂടി ചേരുന്ന പ്രക്രിയയാണ്. ‘The book of sand ‘ എന്ന രസകരമായ കഥയിലും ബോര്ഹസ് മുന്നോട്ട് വെയ്ക്കുന്നതു വായന എന്ന പ്രക്രിയയുടെ അനന്തവൈവിധ്യങ്ങളെയാണ്. രാജസ്ഥാനില് നിന്നും ആഖ്യാതാവിന് ലഭിച്ച ഒരു പുസ്തകമാണ് കഥയിലെ കേന്ദ്രബിന്ദു. ഓരോരുത്തര് വായിക്കുമ്പോഴും പുസ്തകം ഓരോന്നായി പരിണമിക്കുന്നു. ആദ്യ വായനയില് കണ്ട പുസ്തകമല്ല, രണ്ടാമത്തെ പ്രാവശ്യം വായിക്കുമ്പോള്. ഒരു പുസ്തകം, അനേകം അര്ത്ഥങ്ങള്. അനേകം വികാസപരിണാമങ്ങള് ഒരോ വായനക്കാരനെ/വായനക്കാരിയെ അഭിമുഖീകരിക്കുമ്പോഴും പുസ്തകത്തിന് സംഭവിക്കുന്നു. വിചിത്രമായ ആ പുസ്തകത്തെ ഒടുക്കം ലൈബ്രറിയിലെ റാക്കുകള്ക്കിടയിലാണ് ആഖ്യാതാവ് ഉപേക്ഷിക്കുന്നത്. ഇല ഒളിപ്പിക്കാന് ഉചിതമായ സ്ഥലം കാടാണെന്ന വാക്യമാണ് ഒടുക്കം ആഖ്യാതാവ് പറയുന്നത്. ബോര്ഹസ്സിന്റെ ഭാവനയില് ‘പുസ്തകം ‘ എന്ന വസ്തുവും ‘വായന’ എന്ന പ്രക്രിയയും സവിശേഷമായ ഇടപെടല് നടത്തുന്നു. ആഖ്യാനങ്ങളെ മുഴുവന് നിയന്ത്രിക്കുന്ന കേന്ദ്ര ഘടകമായി അവ മാറുന്നു. ജീവിതം നിരാര്ദ്രമായി പെരുമാറുമ്പോള് സമാധാനം ലഭിക്കുന്ന,അല്ലെങ്കില് മറ്റൊരു അവസ്ഥയിലേക്ക് പലായനം ചെയ്യാനുള്ള നൗകയായി പുസ്തകം മാറുന്നു.
4
ചലിക്കുന്നവര്ക്ക് ദൃഷ്ടാന്തമുണ്ടെന്ന വചനത്തിന് കരയിലിരുന്നപ്പോള് ഒരു വായനശാലയും അവിടുത്തെ മരബെഞ്ചും മനസ്സില് വന്നു. അവിടെ നിത്യേന ഒരു നീണ്ട് മെലിഞ്ഞ ശരീരപ്രകൃതമുള്ള മനുഷ്യന് വരുമായിരുന്നു. നിത്യേന കാണുന്ന വ്യക്തിയായിരുന്നിട്ടും അയാളുടെ ശബ്ദം എങ്ങനെയെന്ന് ഞാന് കേട്ടില്ലായിരുന്നു. ഒരു പുഞ്ചിരി അങ്ങോട്ട് കൈമാറാറുണ്ടായിരുന്നു. അയാള് പതിയെ തല ഒന്ന് കുലുക്കി തിരിച്ചഭിവാദ്യം ചെയ്യും. ഒരോ ദിവസവും അയാളോട് മിണ്ടാനൊരുങ്ങിയാണ് വായനശാലയിലെത്തിയത്. സ്കൂള് ഉള്ള ദിവസങ്ങളില് വൈകുന്നേരമാണ് വായനശാലയിലേക്ക് പോവുക. ആ ദിവസത്തെ മുഴുവന് ക്ഷീണവും അഴുക്കും ദേഹത്തും മനസ്സിലുമുണ്ടാകും. കൂട്ടുകാര് കളിയാക്കിയതില് നൊന്ത് പോയ മനസ്സിനെ തലോടുന്നത് പുസ്തക റാക്കുകള്ക്കിടയിലെ ചെറിയ ഇടത്ത് വച്ചാണ്. ‘പ്രാവ് എത്ര ചെറിയ ഇടം കൊണ്ടാണ് അത്ര വലിയ അഴകുണ്ടാക്കുന്നത് ‘ എന്ന് സുന്ദരസ്വാമിയെ ആറ്റൂര് മൊഴിമാറ്റി കണ്ടപ്പോള് ഓര്മ്മിച്ചത് ആ ഇടത്തെയാണ്. രാമേശ്വരത്തെ നീളന് ഇടനാഴിയുടെ രഹസ്യാത്മകത പോലെ എന്തോ ഒന്ന് ആ റാക്കുകള്ക്കിടയിലും സജീവമായുണ്ട്. ആ മനുഷ്യനെ ഞാനാദ്യമായി കാണുന്നത് അവിടെ വച്ചാണ്. ഭയപ്പാടോടെ അയാളുടെ മുഖത്ത് നോക്കാതെയാണ് അന്ന് ഞാന് പുറത്തേക്കോടിയത്. ഓരോ ദിവസം കഴിയുന്തോറും ഇടയിലെ മഞ്ഞുരുകി. പക്ഷെ അയാള് ആരോടും മിണ്ടാത്തത് എന്നെ അത്ഭുതപ്പെടുത്തി.

ഇന്ന് വായിക്കുന്നവ ഒരു പതിറ്റാണ്ടിന് ശേഷം വായിക്കുമ്പോള്‍ അതിലെ സഞ്ചാരപഥങ്ങളും ചിന്തകളും ഏറെ മാറും. പുസ്തകം സ്ഥരിമല്ലല്ലോ,ചരമാണല്ലോ. അവധാനപൂര്‍വ്വം സമീപിക്കേണ്ട ചിലത് ജീവിതത്തിലുണ്ടെന്ന് അയാളെ ഓര്‍മ്മിക്കുമ്പോഴെല്ലാം മനസ്സില്‍ വരുന്നു.

എന്നും വൈകുന്നേരം വായനശാലയുടെ മുന്നിലെത്തിയാല് അയാളുടെ ചെരിപ്പാണ് തിരയുക. അത് കാണാത്ത ദിവസം ഒരു അസ്വസ്ഥതയാണ്. നിത്യേന നാം കാണുന്ന, ഒരിക്കല്പ്പോലും മിണ്ടിയിട്ടില്ലാത്ത എന്നാല് ജീവിതത്തില്,നമ്മുടെ സ്വാസ്ഥ്യങ്ങളെ നിര്ണ്ണയിക്കുന്ന ചിലരില്ലേ.അയാള് അങ്ങനെയൊരാളായിരുന്നു. അന്ന് ധൈര്യം സംഭരിച്ച് അയാളുടെ അടുത്ത് ചെന്നു. കയ്യിലുള്ള പുസ്തകം ഉയര്ത്തി കാണിച്ച് ‘ഇത് വായിച്ചതാണോ ‘ എന്ന് ചോദിച്ചു. അയാള് ആണ് എന്ന അര്ത്ഥത്തില് തലയാട്ടി. ശേഷം ഒരു മൗനത്തിനും നിശ്വാസത്തിനും ശേഷം ‘ നല്ല പുസ്തകമാണ്,ഇപ്പോ വായിച്ചാല് ഒന്നും തിരിയൂല,ബയ്യെ (പതുക്കെ ) വായിക്ക്ന്നതാവും നല്ലത് ‘ ഞാന് അയാളുടെ ശബ്ദം കേട്ട ആനന്ദത്തില് ഒരു സ്ഥല – ജല വിഭ്രമത്തിലേക്ക് പോയെങ്കിലും പ്രജ്ഞ തിരിച്ചെടുത്ത് നിരാശയോടെ പുസ്തകം ലൈബ്രേറിയനെ ഏല്പ്പിച്ചു. ആ പുസ്തകത്തിന്റെ പേര് ‘മരുഭൂമികള് ഉണ്ടാകുന്നത് ‘ എന്നായിരുന്നു. അയാള് എന്റെ പിറകില് വന്ന് തട്ടിയിട്ട് പറഞ്ഞു. ഇപ്പോ വായിക്ക്ന്നോണ്ട് പ്രശ്നൂല്ല, വെലുതാവുന്ന സമയെടുക്കും തിരിയാന് ‘ അയാളുടെ കയ്യില് തടിച്ച പുറംചട്ടയുള്ള വലിയ പുസ്തകമായിരുന്നു. അത് ഒരു പാഠമാണെന്ന് പിന്നീടാണ് മനസ്സിലായത്. പിന്നീട് ഡിഗ്രിക്ക് പഠിക്കുമ്പോള് ഫിലോസഫി ഓഫ് സയന്സ് എന്ന പേപ്പറെടുത്ത അധ്യാപകന് ക്ലാസ്സിനിടയില് ഈ പുസ്തകത്തെ പരാമര്ശിക്കുകയും അതിലെ ചില വരികള് ഉദ്ധരിക്കുകയും ചെയ്തു. അന്ന് കോളേജ് വിട്ടയുടന് വായനശാലയിലെത്തി ആ പുസതകം എടുത്ത് വായിച്ചു. ആനന്ദിലേക്ക് മുഴുവന് സഞ്ചരിക്കാനുള്ള വാതായനമായിരുന്നു അത്.
ഉള്തെളിവിന്റെ മാനസസരസ്സിലെത്താൻ ഗിരിമുടികള് അല്പം താണ്ടണം. ചില ജീവിതാനുഭവങ്ങള് കൂടി,ചില സ്ഥലങ്ങള്,ചില മനുഷ്യര് കൂടി അതിലേക്ക് ചേരുമ്പോൾ മുന്പ് വായിച്ചവയെ നാം വീണ്ടും ഓര്ക്കുന്നു, ഒരു പുനരായനത്തിന് തയ്യാറെടുക്കുന്നു. ഒരു പക്ഷെ ഇന്ന് വായിക്കുന്നവ ഒരു പതിറ്റാണ്ടിന് ശേഷം വായിക്കുമ്പോള് അതിലെ സഞ്ചാരപഥങ്ങളും ചിന്തകളും ഏറെ മാറും. പുസ്തകം സ്ഥിരമല്ലല്ലോ,ചരമാണല്ലോ. അവധാനപൂര്വ്വം സമീപിക്കേണ്ട ചിലത് ജീവിതത്തിലുണ്ടെന്ന് അയാളെ ഓര്മ്മിക്കുമ്പോഴെല്ലാം മനസ്സില് വരുന്നു. വായന നിശബ്ദമായി ക്ഷമയോടെ നിര്വഹിക്കേണ്ട പ്രവൃത്തിയാണ്. ഇ സന്തോഷ്കുമാറിന്റെ നാരകത്തിന്റെ ഉപമ വായിക്കുമ്പോള് അയാളെയാണ് ഓര്ത്തത്. അയാളാരാണെന്നോ, വീട് നാട്ടിലെവിടെയാണെന്നോ അന്വേഷിക്കാന് മിനക്കെട്ടില്ല. പിന്നീട് കാണാറുണ്ടായിരുന്നെങ്കിലും മിണ്ടാറൊന്നുമില്ല. അയാള് ഇന്ന് വായിക്കുന്നുണ്ടാകും അവധാനപൂര്വ്വം, നിശബ്ദമായി ഭൂമിയെ സ്പര്ശിച്ച് നടക്കുന്ന ചിലരെപ്പോലെ .
Print Friendly, PDF & Email