CINEMA Uncategorized

അനാഥമായ നായികാ ശില്‌പംഈ ലോക്ക് ഡൗൺ കാലത്തെ സാഹിത്യവ്യാപാരങ്ങളും പഠനവും മാറ്റി നിർത്തിയാൽ ഏറ്റവും വലിയ വിനോദമെന്നത് സിനിമ കാണുക എന്നതാണ്.തിയറ്ററിൽ പോയി കാണുക ഇപ്പോൾ സാധ്യമാകുന്ന ഒന്നല്ലല്ലോ.പലരും പറയും മല്ലികയ്ക്ക് പഴയ സിനിമകളോടാണ് കമ്പം എന്ന്. സത്യത്തിൽ എനിക്ക് നല്ല സിനിമകളോടാണ് കമ്പം അതിൽ കൂടുതലും ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളാണ് . 1950-60-70കളങ്ങളിലെ പ്രസക്തമായ തിരകഥകളും, സംവിധാനമികവും, സിനിമാറ്റോഗ്രാഫിയും, പാട്ടുകളും പിന്നെ നടിമാരുമൊക്കെ വല്ലാത്തൊരു കൗതുകമല്ലെ നമ്മിൽ ഉണർത്തുന്നത്. അക്കൂട്ടത്തിലെ മനസ്സിനെ ആകർഷിച്ച ചില നായികമാരെ നേരിൽ കാണാനും താല്പര്യം തോന്നിയിട്ടുണ്ട്. പലരേയും പോയി കണ്ടിട്ടുമുണ്ട്. ചിലരൊക്കെ സിനിമയിലെ പോലെ ആയിരുന്നില്ല.അതിലും പാവമായിരുന്നു. എതിർ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതൊക്ക വിശദമായി പിന്നീട് എഴുതാം. ഇന്ന് ഞാൻ ഇവിടെ എഴുതുന്നത് എന്നെ ഏറെ ആകർഷിച്ച ഒരു കലാകാരിയെ പറ്റിയാണ്.

 

1969ൽ മെരിലാൻഡ് സ്റ്റുഡിയോയിൽ നിർമിച്ച “കുമാരസംഭവം”എന്ന സിനിമയിലെ, പി സുശീല നയിച്ച സംഘഗാനത്തിൽ പദ്മിനിയോടൊപ്പം അഭിനയിച്ച നടിമാരിൽ ഒരാളെ നന്നായി ഓർക്കുന്നു. പിന്നീട് 1970കളിലെ മിക്ക ചിത്രങ്ങളിലും ഞാൻ അവരെ കണ്ടിരുന്നു. പക്ഷെ 1972ന് ശേഷമുള്ള പല നല്ല സിനിമകളിലും ആ നടിയെ കണ്ടിട്ടേ ഇല്ല. എത്രപേർ അവരെ ഇന്ന് ഓർക്കുന്നു എന്നും അറിയില്ല. എം എൽ സരസ്വതി എന്നാണ് അവരുടെ പേര്.ഒരുകാലത്തെ നായികമാരെ കുറിച്ചുള്ള എന്റെ അന്വേഷണത്തിൽ എം എൽ സരസ്വതി എന്ന ഈ നടി എങ്ങും എത്താതെ നിൽക്കുകയാണ് .
 

ഷീല നായികയായ “നാഴികകല്ലിൽ “രേഖ എന്ന കഥാപാത്രമായി എത്തിയ എം എൽ. സരസ്വതി അച്ഛനായി അഭിനയിച്ച ശങ്കരാടിക്കൊപ്പം ഭംഗിയായി തന്നെ അഭിനയിച്ചു. “വിത്തുകൾ “ലെ സഹ നടിയും, വിജയശ്രീ നായികയായ “യവ്വനം”ത്തിലേ കഥാപാത്രത്തെയും ഭംഗിയായി അവതരിപ്പിച്ചു. പ്രസാദ് നായകനായ “സുമംഗലി’യിലെ “മാൻ മിഴികൾ ഇടഞ്ഞു “എന്ന പി. ജയചന്ദ്രന്റെ ഗാനം ഒരു തലമുറയുടെ തുടിപ്പായി. ഈ ചിത്രത്തിൽ തകർത്തഭിനയിച്ച സരസ്വതിയായിരുന്നു “ഭാര്യമാർ സൂക്ഷിക്കുക “എന്ന ചിത്രത്തിലെ “വൈക്കത്തഷ്ടമി നാളിൽ “എന്ന ഗാനരംഗത്തിൽ നിത്യഹരിത നടൻ പ്രേംനസീറിനൊപ്പം വെള്ളിതിരയിൽ മിന്നിതിളങ്ങിയത്.

എം എൽ സരസ്വതിയുടെ മികച്ച അഭിനങ്ങളിൽ എനിക്ക് ഏറെയും അവരിലെ കലാകാരിയെ കാണാൻ കഴിഞ്ഞത് അനാഥശില്പങ്ങളിലെ രാധയിലാണ്. എന്തൊരു പ്രകടനമായിരുന്നു. പ്രസാദിനൊപ്പം അവരെയും പിന്നെ കാലം അവരെ മറന്നു. 1972ൽ രാഗിണി അഭിനയിച്ച മധു നായകനായ “ലക്ഷ്യം” ത്തിൽ പ്രസാദ് അഭിനയിച്ചിരുന്നുവെങ്കിലും ആ ചിത്രത്തിന്റെ പ്രിന്റ് ലഭ്യമല്ലാത്തതിനാൽ ഞാനാ ചിത്രം കണ്ടിട്ടില്ല.
1972ൽ കർണാടകത്തിൽ ചിത്രീകരിച്ച മലയാളചിത്രമായ “പട്ടാഭിഷേകം”ത്തിൽ ഉഷാനന്ദിനി, ശ്രീലത, എം എൽ. സരസ്വതി എന്നീ മൂന്ന് നായികമാർ ആയിരുന്നു. ഒട്ടുംമോശമല്ലാത്ത മികച്ച അഭിനയമാണ് ഈ ചിത്രത്തിൽ അവർ കാഴ്ചവെച്ചത്.
 

എം എൽ സരസ്വതിയുടെ മികച്ച അഭിനങ്ങളിൽ എനിക്ക് ഏറെയും അവരിലെ കലാകാരിയെ കാണാൻ കഴിഞ്ഞത് അനാഥശില്പങ്ങളിലെ രാധയിലാണ്. എന്തൊരു പ്രകടനമായിരുന്നു.

വിജയരാജമല്ലിക 
“ചിത്രമേള”, “വിരുന്ന്ക്കാരി”, എന്നീ മലയാളസിനിമകളിൽ കണ്ട ഈ നടിയെ പിന്നെ ചില തമിഴ് ചിത്രങ്ങളിലും കണ്ടതായി ഓർക്കുന്നു. “സ്ത്രീ “യിലൂടെ കെ ആർ. വിജയയും, “കനൽപൂവ് “ലൂടെ ഷീലയും മിനി സ്‌ക്രീനിൽ എത്തിപ്പോൾ എം എൽ സരസ്വതിയെ മാത്രം ഞാൻ എവിടെയും കണ്ടില്ല. പെരുമ്പാവൂരോ മറ്റോ ജനിച്ച് വളർന്ന അവർ സിനിമയിൽ അഭിനയിക്കാൻ മദ്രാസ്സിലേക്ക് പോയി എന്നാണ് ഒരിക്കൽ എവിടെയോ വായിച്ചത്. അവർ ഇന്ന് എവിടെയെന്നറിയില്ല.
 
ഒരു തലമുറയുടെ സിനിമാസങ്കൽപ്പങ്ങളെ അത്രമേൽ തന്നിലേക്കാവഹിച്ച എം എൽ. സരസ്വതിയെ പോലെ എത്രയോ നടിമാർ ഓർമകളുടെ ഏടുകളിലേക്ക് ഒതുങ്ങിയിക്കുന്നു. അവർ എവിടെയാണെങ്കിലും അവരുടെ അഭിനയത്തെ ഇഷ്ടപെട്ട ആരാധിക എന്ന നിലയിൽ എന്നും അഭിമാനമവും സ്നേഹവുമാണ്
Print Friendly, PDF & Email