CINEMA നിരീക്ഷണം

കാലമല്ല; കലയുടെ ആഴം.



‘റെബെൽ വിത്തൗട് എ കോസ്’, ‘ഈസ്റ്റ്‌ ഓഫ് ഈഡൻ’, ‘ജയന്റ്’ എന്നിങ്ങനെ മൂന്നേ മൂന്നു സിനിമകളിൽ മാത്രം സ്റ്റാറിങ് റോളിൽ അഭിനയിച്ചിട്ടുള്ള ജെയിംസ് ഡീൻ ഇപ്പോഴും അമേരിക്കയിൽ ഒരു കൾചറൽ ഐക്കൺ എന്ന നിലയിൽ ഓർമിക്കപ്പെടുന്നു. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ 50 സ്ക്രീൻ ലെജൻഡ്‌സിന്റെ പട്ടികയിൽ ഇടം പിടിച്ചിട്ടുമുണ്ട് അദ്ദേഹം. ജെയിംസ് ഡീനിനെപ്പോലെ, റിവർ ഫീനിക്സിനെപ്പോലെ, ഹീത്ത് ലെജറെപ്പോലെ അകാലത്തിൽ മരിച്ചുപോയ പ്രതിഭാശാലികളായ നടന്മാരുടെ നിരയിലാണ് സുശാന്ത് സിംഗ് രജ്പുത്തിന്റെയും സ്ഥാനം. വർക്കുകളുടെ എണ്ണമോ കരിയർ ദൈർഘ്യമോ ഇത്തരം കലാകാരന്മാരുടെ കാര്യത്തിൽ പ്രസക്തമല്ല.

 

‘കിസ് ദേശ് മേം ഹേ മേരാ ദിൽ’ എന്ന ടിവി സീരിയലിലൂടെ അരങ്ങേറിയ സുശാന്ത് സിംഗ് രജ്പുത് ആകെ 12 ബോളിവുഡ് ഫീച്ചർ സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. (ഏറ്റവുമൊടുവിൽ വർക് ചെയ്ത ‘ദിൽ ബേചാര’ റിലീസ് ആകുവാനിരിക്കുന്നു) ഡെബ്യൂ പടമായ ‘കൈ പോ ചെ!’, ‘ശുദ്ധ് ഡേസി റൊമാൻസ്’, സപ്പോർട്ടിങ് റോളിൽ അഭിനയിച്ച ‘പി കെ’, ‘എം എസ് ധോണി: ദ അൺടോൾഡ് സ്റ്റോറി’, ‘കേദാർനാഥ്’, ‘ചിച്ചോരെ’ എന്നിങ്ങനെ കൂടുതലും വിജയചിത്രങ്ങൾ. മിതത്വവും സ്വാഭാവികതയുമുള്ള അഭിനയശൈലിയാണ് അദ്ദേഹത്തിന്റേത്. രാജ്കുമാർ റാവു, നീരജ് കാബി, മനോജ്‌ ബാജ്പേയ്, രൺവീർ ഷോരി തുടങ്ങിയ അതികായന്മാരോടൊപ്പം സ്ക്രീൻ പങ്കിടുമ്പോഴും ഈയൊരു ട്രേഡ്മാർക്ക്‌ ക്വാളിറ്റി നിലനിർത്തിക്കൊണ്ട് തന്നെ ശോഭിക്കാനും അദ്ദേഹത്തിനായി. ബോക്സ്‌ ഓഫീസിൽ വലിയ ചലനമുണ്ടാക്കാൻ സാധിക്കാതെ പോയ ‘ഡിറ്റക്ടീവ് ബ്യോംകേശ് ബക്ഷി!’, ‘സോൻചിരിയ’ എന്നീ സിനിമകളാണ് അദ്ദേഹത്തിന്റെ ബെസ്റ്റ് എന്നാണ് വ്യക്തിപരമായ അഭിപ്രായം. രണ്ടും പീരിയഡ് മൂവികളാണ്. ‘പി കെ’യിലെ സർഫറാസിനേയും, ധോണിയെയും പോലെ കൽക്കട്ടയിലെ യുവ കുറ്റാന്വേഷകനായ ബ്യോംകേശ് ബക്ഷിയെയും, ചമ്പൽ വാലിയിലെ തീവെട്ടിക്കൊള്ളക്കാരനായ ലഖാൻ സിംഗിനെയും കുറച്ചു കാലത്തേക്കെങ്കിലും പ്രേക്ഷകർ ഓർത്തിരിക്കും.
ഡിറ്റക്ടീവ് ബ്യോംകേശ് ബക്ഷി!
 
 

മികച്ച നടനുള്ള ദേശീയ പുരസ്കാര ജേതാക്കളായ ഉത്തം കുമാറിൻ്റെയും രജിത് കപൂറിൻ്റെയും രൂപത്തിൽ സ്ക്രീനിൽ അവതരിച്ച, വലിയ റീഡേഴ്സ് ഫോളോയിംഗ് ഉള്ള ഒരു കഥാപാത്രത്തെ തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ അവതരിപ്പിച്ചു ഫലിപ്പിച്ച സുശാന്ത് സിംഗ് അവിസ്മരണീയനായ നടൻ തന്നെ. ഓർമ്മയിൽ ഏറ്റവും ചെറുപ്പക്കാരനായ ബ്യോംകേശ് ബക്ഷിയുടെ രൂപത്തിലായിരിക്കും അദ്ദേഹം അവശേഷിക്കുക. സോ ലോങ്ങ്, ശ്രീ സുശാന്ത് സിംഗ് രജ്പുത്.

 

Print Friendly, PDF & Email