കവിത

ഇരട്ടകൾ കണ്ട സ്വപ്നംതനിച്ചുറങ്ങാനേ കഴിഞ്ഞിട്ടില്ല!
ഉറക്കത്തിന്റെ പുൽമേടുകളിൽ ഉരുമ്മിക്കൊണ്ടൊരു നാവ്
എപ്പോഴും കൂടെ മേഞ്ഞു….
ചുമലിലേറ്റാനുള്ള കുരിശുകളിൽ മുള്ളാണി തറഞ്ഞു തീരും വരെ,
പടിയിറക്കപ്പെട്ടെങ്കിലും ദൈവത്തിന്റെ വിരുന്നു കാരായി…
ചുഴികുത്തുന്നൊരൊഴുക്കിൽ തലകീഴായ വേതാളങ്ങളായി,
തുറന്നിട്ടില്ലാത്ത വെളിച്ചത്തിന്റെ പായൽ ക്കുളങ്ങൾ സ്വപ്നം കണ്ടു പുളച്ചു നീന്തിയവർ നാം…
നേരം പുലർന്നെന്ന് പതിവിരുട്ടു വന്നു വിളിച്ചുണർത്തുമ്പോൾ, എന്നും തിരയാറുണ്ട് നിന്റെ മാത്രം കണ്ണിൽ,
ഞാനിന്നലെക്കണ്ട ചുവന്ന റോസാപ്പൂക്കളുടെ മുൾത്തോട്ടം…
നുണയും മുന്പലിഞ്ഞു തീർന്ന നിരാശ കയ്ക്കുന്ന മധുരങ്ങൾ….
യക്ഷികൾ എകിറുകാട്ടിച്ചിരിക്കുന്ന ഇരുട്ടു പൊന്തകളിൽ വാ പിളർത്തി നിൽക്കുന്ന ഭയങ്ങൾ…
കാലദേശങ്ങൾ വേർതിരിച്ച വിടവുകളിൽ നിന്ന്…
ചതഞ്ഞ നാവു നീട്ടി ഞാനിന്നീ മഴ കുടിക്കുമ്പോൾ,
പരിചിതമായൊരു ദാഹം ഇന്നുംപങ്കു ചോദിക്കുന്നു…
തറഞ്ഞ ചില്ലുകൾ വലിച്ചൂരിയെറിഞ്ഞ് പെരുമഴയത്തൊറ്റയ്ക്കീ വഴി നടന്നു തീർക്കുമ്പോൾ, പരിചിതമായൊരു സങ്കടം മേലേ കുടപിടിക്കുന്നു….
അദ്ഭുതമാണ് രക്തത്തിന്റെ സംവേദനം….
അതിലേറെ പ്രാകൃതമാണ് പിണഞ്ഞ വേരുകൾ വലിച്ചിഴച്ചുള്ള അതിന്റെ ദേശാടനം….
Print Friendly, PDF & Email