de Facto സാമൂഹ്യം

ഒരു കച്ചവട സിനിമയുടെ കഥഓര്‍ക്കാനൊരു വഴിയുണ്ട്. മേയ് ഏഴ് എന്ന തീയതി ഓര്‍ക്കുക. 2020 എന്ന വര്‍ഷം ഓര്‍ക്കുക. വിശാഖപട്ടണം എന്ന സ്ഥലനാമമോര്‍ക്കുക. ആർ. ആർ. വെങ്കിട്ട പുരം എന്ന ടൗൺഷിപ്പിനെ ഓർക്കുക. അവിടെയുള്ള എല്‍.ജി പോളിമേഴ്‌സ് എന്ന രാസശാലയുടെ പേരോര്‍ക്കുക. ഇപ്പോള്‍ ഒരു പക്ഷെ, നിങ്ങള്‍ പലതുമോര്‍ത്തു തുടങ്ങുന്നു. മേല്‍പ്പറഞ്ഞത് വെറുമൊരു ചലച്ചിത്രസംക്ഷിപ്തമല്ലെന്ന് നിങ്ങള്‍ക്ക് ഓര്‍മ വരുന്നു. ഇനി അതിനൊരു പേര് കൊടുക്കണമെങ്കില്‍ 'കഥ തുടരുന്നു ' എന്ന് പൈങ്കിളിപ്പേരാവും നിര്‍ഭാഗ്യവശാല്‍ ഏറ്റവുമധികം യോജിക്കുക.

വളരെ സഹജമായിത്തന്നെ സര്ക്കാര്-നിയമസംവിധാനങ്ങള് എത്രത്തോളം ദാരുണവും അസംബന്ധപൂര്ണവും ആണെന്ന് പറയുന്ന ഒരു ചലച്ചിത്രമുണ്ട്. പേര് പെട്ടന്ന് ഓര്മയിലെത്തുന്നില്ല. ഒരു പക്ഷെ, ദാരുണവും അസംബന്ധവും എന്ന് മാത്രമല്ല, അവ ദയാരഹിതവും നിരര്ത്ഥകവുമാണെന്ന് കൂടി ആ ചലച്ചിത്രം അര്ത്ഥശങ്കയ്ക്കിടയില്ലാത്തവിധം തെളിയിക്കുന്നുണ്ട്.

 

ഒരു പുലര്ച്ചയില് ഒരാള് ചുമച്ചു കൊണ്ട് ഉറക്കത്തില് നിന്ന് പൊടുന്നനെ ഉണരുന്നിടത്ത് നിന്നാണ് ചലച്ചിത്രത്തിലെ സംഭവപരമ്പരകള്ക്ക് തുടക്കമാവുന്നത്. ചുറ്റും പടരുന്ന അസാധാരണമായ ഗന്ധത്തില് നിന്നും അടുത്ത രാസനിര്മ്മാണശാലയില് നിന്നും വിഷവാതകം ചോര്ന്നതാണെന്ന് അയാള്ക്ക് മനസ്സിലാവുന്നു. ജീവന് രക്ഷിക്കാനായി അയാള് പുറത്തേക്കൊടുന്നു. ശബ്ദപഥത്തില് മനുഷ്യന് ഭയന്നോടുന്ന ശബ്ദങ്ങളും, ജീവനായുള്ള ആര്ത്തനാദങ്ങളുമെല്ലാം ഉയരുന്നു. പ്രായമായവര്, രോഗികള്, എന്തിന് ചെറുപ്പക്കാര് പോലും ഉള്ളിലേക്കിരച്ചു കയറിയ വാതകത്തിന് കീഴടങ്ങി നിലത്തേക്ക് വീണുടയുന്നു. ചിലര് ഇരുചക്രവാഹനങ്ങളില് കയറി അപായകരമായ വേഗതയില് പായാന് ശ്രമിക്കുന്നു. വിഫലമായ പലായനം, അപകടങ്ങളിലും, തളര്ന്നുവീഴലിലും തന്നെ ചെന്നെത്തുന്നു.
ഒരു ഗ്രാമമായിരുന്നു ആദ്യമത്. അവിടേക്കാണീ വ്യവസായശാല വരുന്നത്. പതിയെപ്പതിയ ഗ്രാമം വളര്ന്നു ചെറിയൊരു ടൗണ്ഷിപ്പായി. ശാലയുടെ മൂന്ന് കിലോമീറ്റര് ചുറ്റളവില് തന്നെ നാല്പ്പതിനായിരം മനുഷ്യര് തിങ്ങിത്താമസിക്കുന്ന സ്ഥിതിയായി. വാതകച്ചോര്ച്ച അവരില് പന്ത്രണ്ട് പേരെ തല്ക്ഷണം കൊലപ്പെടുത്തി. വാതകച്ചോര്ച്ചയുടെ ആരോഗ്യാനന്തരഫലങ്ങള് നീരീക്ഷിക്കാന് ഗ്രാമവാസികളുടെ രണ്ട് തലമുറകള് വരെ ഗിനിപ്പന്നികളാവണമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി.
പതിവ് പോലെ അധി:കൃതര് എത്തി. സര്ക്കാര് ട്രിബ്യൂണലിനെ നിയോഗിച്ചു. ട്രിബ്യൂണലിന്റെ തെളിവെടുപ്പിനിടയില് ചില ഞെട്ടിപ്പിക്കുന്ന സത്യങ്ങള് പുറത്തുവന്നു.
1. ദ്രവീകൃതവാതകം ഒരു നിശ്ചിതതാപനിലയില് എത്തുമ്പോഴാണ് ബാഷ്പീകരിക്കുകയെന്നതിനാല് നിരന്തരം അത് സര്ക്കുലേറ്റ് ചെയ്യപ്പെട്ടു കൊണ്ടിരിക്കേണ്ടതുണ്ട്. ഇതിന് സെല്ഫ് പോളിമറൈസേഷന് എന്ന് പറയും. ഈ പ്രക്രിയ ഒഴിവാക്കാനുള്ള ‘ഇന്ഹിബിറ്റര് ‘ രാസശാലയില് ഉണ്ടായിരുന്നില്ല. ഒപ്പം താപനില അളക്കാനുളള സംവിധാനങ്ങളും ഉണ്ടായിരുന്നില്ല.
2. ദ്രവീകൃതവാതകം സൂക്ഷിച്ചിരുന്ന ടാങ്ക് പഴയതും നിയമം അനുശാസിക്കുന്ന സുരക്ഷാസജ്ജീകരണങ്ങള് ഇല്ലാത്തതുമായിരുന്നു.
3. കഴിഞ്ഞ 22 വര്ഷമായി ഈ രാസശാല പ്രവര്ത്തിച്ചു കൊണ്ടിരുന്നത് നിയമം അനുശാസിക്കുന്ന പാരിസ്ഥിതികാനുമതികള് ഒന്നും തന്നെ ഇല്ലാതെ ആയിരുന്നു. പ്രാദേശീകഭരണകൂടത്തിന്റെ മലീനീകരണനിയന്ത്രണസംവിധാനം നല്കിയ അനുമതിയുടെ ബലത്തില് മാത്രമാണ് രാസശാല പ്രവര്ത്തിച്ചു കൊണ്ടിരുന്നത്.
 
4. രാസശാലയുടെ ചുറ്റുമുള്ള ഭൂരിഭാഗം ജനങ്ങളും കര്ഷകരാണ്. വിളവെടുക്കേണ്ട സമയമായിരുന്നു. വാതകച്ചോര്ച്ച ഉണ്ടായതിനാല് അവരോട് വിളവ് ഉപേക്ഷിക്കുവാന് അധി:കൃതര് ആവശ്യപ്പെടുന്നു. അതുമാത്രമായിരുന്നില്ല നഷ്ടം, വളര്ത്തുമൃഗങ്ങളിലേറെയും വിഷവാതകത്താല് കൊല്ലപ്പെട്ടിരുന്നു.
5. തീര്ന്നില്ല, അവരുടെ ജലസ്രോതസ്സുകളും വിഷം തീണ്ടിയോ എന്ന സംശയത്തിന്റെ നിഴലിലാണ്. അധി:കൃതര് അവസാനവാക്ക് പറയുന്നത് വരെ ജലവും നിഷേധിക്കപ്പെടുകയാണ് ആ സമൂഹത്തിന്.
ചുരുക്കത്തില് നിയമം ഉണ്ട്. അതിനെ ഫലദായകമാക്കാനുള്ള സംവിധാനങ്ങളും ഉണ്ട്. പക്ഷെ ആ സംവിധാനങ്ങള് തന്നെ നിയമത്തെ വന്ധീകരിക്കുന്നു. അതിനെ പരിഹാസ്യമാക്കുന്നു. അങ്ങനെ അനുഗ്രഹിക്കേണ്ട കൈകള് തന്നെ അന്ത്യക്രിയ ചെയ്യുന്ന അവസ്ഥ സംജാതമാകുന്നു. മുകളിലെ കഥയില് കാലനുസൃതമായി നടക്കേണ്ട പരിശോധനകള് നടന്നാല് പോലും ആ മരണങ്ങള് ഒഴിവാകുമായിരുന്നു എന്ന് നമുക്ക് സാമാന്യഗതിയില് കണക്കുകൂട്ടാം. പക്ഷെ, പരമപ്രധാനമായൊരു അനുമതിയില്ലാതെ ഒരു രാസശാല ജനവാസകേന്ദ്രത്തില് 22 വര്ഷം നിരന്തരം പ്രവര്ത്തിക്കുക എന്നതിലേക്കെത്തുമ്പോഴോ?
 
അവിടെയാണ് നമ്മള്, നമ്മുടെ സംവിധാനങ്ങള്, നിയമവ്യവസ്ഥ, ജനാധിപത്യം എല്ലാം തോറ്റുപോകുന്നത്.
ഇനിയൊന്നോര്ത്തു നോക്കൂ. നമ്മളില് പലരും ഈ ചലച്ചിത്രം കണ്ടു കാണും. എന്തായിരിക്കാം അതിന്റെ പേര് ?
പെട്ടന്ന് ഓര്മ കിട്ടിയെന്ന് വരില്ല.
പക്ഷെ, ഓര്ക്കാനൊരു വഴിയുണ്ട്. മേയ് ഏഴ് എന്ന തീയതി ഓര്ക്കുക. 2020 എന്ന വര്ഷം ഓര്ക്കുക. വിശാഖപട്ടണം എന്ന സ്ഥലനാമമോര്ക്കുക. ആർ. ആർ. വെങ്കിട്ട പുരം എന്ന ടൗൺഷിപ്പിനെ ഓർക്കുക. അവിടെയുള്ള എല്.ജി പോളിമേഴ്‌സ് എന്ന രാസശാലയുടെ പേരോര്ക്കുക. ഇപ്പോള് ഒരു പക്ഷെ, നിങ്ങള് പലതുമോര്ത്തു തുടങ്ങുന്നു. മേല്പ്പറഞ്ഞത് വെറുമൊരു ചലച്ചിത്രസംക്ഷിപ്തമല്ലെന്ന് നിങ്ങള്ക്ക് ഓര്മ വരുന്നു. ഇനി അതിനൊരു പേര് കൊടുക്കണമെങ്കില് ‘കഥ തുടരുന്നു ‘ എന്ന് പൈങ്കിളിപ്പേരാവും നിര്ഭാഗ്യവശാല് ഏറ്റവുമധികം യോജിക്കുക.
 
കാരണം, നമ്മളീ ചലച്ചിത്രം എക്കാലവും കണ്ടുകൊണ്ടേയിരിക്കുന്നതാണ് : 1944-ല് ബോംബെയില്, 1975-ല് ധന്ബാദില്, 1984-ല് ഭോപ്പാലില്, 2009-ല് കോര്ബയിലും ജയ്പ്പൂരിലും. അതങ്ങനെ നിയമങ്ങളും കാവലാളുകളും ഉറങ്ങുന്ന, നിറഞ്ഞ സദസ്സില് തകര്ത്തോടിക്കൊണ്ടിരിക്കുന്നു. വെള്ളിവെളിച്ചം പൊലിയുമ്പോള് മുന്നിരയിലെ കാണികള് മരിച്ചുവീഴുന്നു. ഉറങ്ങുന്നവര് മരണത്തിലേക്ക്, നേരമ്പോക്കിലേക്ക് ചിരിച്ചുണരുകയും ചെയ്യുന്നു. അധികം വൈകാതെ തന്നെ അടുത്ത ഷോ ആരംഭിക്കുകയായി.
കഥ ഇങ്ങനെ തുടര്ന്ന് കൊണ്ടേയിരിക്കും.
 
Print Friendly, PDF & Email

About the author

ടി. അരുണ്‍കുമാര്‍

കേരളകൗമുദിയിൽ ദീർഘനാൾ പത്രാധിപസമിതി അംഗം ആയിരുന്നു, ഇപ്പോൾ  സ്വതന്ത്ര മാധ്യമപ്രവർത്തകൻ, ആനുകാലികങ്ങളിലും, പ്രമുഖ ഓൺലൈൻ മാധ്യമങ്ങളിലും എഴുതുന്നു. കഥാരചനക്കുള്ള കേരളസർവകലാശാലയുടെ വി പി ശിവകുമാർ എൻഡോവ്മെന്റ്, മാധ്യമരംഗത്തെ മികവിന് ഇൻഡിവുഡ് മീഡിയ എക്സലെൻസ്‌ അവാർഡ് എന്നിവ നേടിയിട്ടുണ്ട്. "ചീങ്കണ്ണിയെ കടലിൽ ചുട്ടത് " ആദ്യ കഥാസമാഹാരം