കഥ

ഈ ചട്ണിയ്ക്കെന്ത് രുചിയാണ്സൈറ്റിലിരുന്ന് യൂസഫിന് ഒരു സ്വസ്ഥതയും തോന്നിയില്ല. തൊഴിലാളികൾക്കുള്ള സുരക്ഷാ വിശദീകരണങ്ങളും കോവിഡ് വന്നതിനു ശേഷമുള്ള ആരോഗ്യ മുൻ കരുതലുകളുമെല്ലാം പലപ്രാവശ്യം ഓർമ്മപ്പെടുത്തിയ മീറ്റിംഗ് കഴിഞ്ഞ് ഉച്ചനേരത്തെ ഇടവേളയ്ക്ക് പോട്ടാ ക്യാബിനിൽ ഇരിക്കുകയായിരുന്നു. റസിയയുടെ വോയ്‌സ് മെസേജ് ഉണ്ടായിരുന്നു.”യൂസഫിച്ചാ ,എനക്ക് ഒന്നും കയ്യുന്നില്ല, ചോറ് ബെയ്ക്കാനേ തോന്നുന്നില്ല “
റസിയ ഗർഭിണിയാണ്, കഴിഞ്ഞ മാസം ഒന്നിച്ച് നാട്ടിൽ പോകാനിരുന്നതാണ്. കോവിഡ് വന്നതോടെ കാര്യങ്ങൾ മാറി. ഇനി ഇവിടെത്തന്നെ പ്രസവം നടത്തുന്നതായിരിക്കും നല്ലതെന്ന് യൂസഫിന് തോന്നി.
 
ഞാൻ നേരത്തെ വരാൻ നോക്കാമെന്നൊരു മെസേജ് അയച്ചിട്ട് യൂസഫ് പാർസലായി എത്തിയ ഭക്ഷണം കഴിക്കാൻ തുടങ്ങി. ഭക്ഷണം കഴിഞ്ഞ് ഒന്ന് മയങ്ങാൻ ക്യാബിനിലെ ലൈറ്റ് ഓഫ് ചെയ്യാൻ ഒരുങ്ങുമ്പോഴാണ് സൈറ്റ് എൻജിനിയർ കാർത്തിക് വിളിച്ചത്.
”ഡാ അറിഞ്ഞോ, നമ്മുടെ പ്രോജക്ട് മാനേജർ ഖാലിദിന് കോവിഡ് പോസിറ്റിവ് “
“അതെയോ, ഞാൻ അറിഞ്ഞില്ല. അപ്പൊ നമ്മളുടെ റിസൾട്ട് വന്നില്ലേ ? “
“ഇല്ല നാളെ കിട്ടുമെന്ന് തോന്നുന്നു “
ആധി പിടിയ്ക്കാൻ മറ്റൊരു കാരണം കൂടിയായി യൂസഫിന്.
കാർത്തിക് തഞ്ചാവൂർ കാരനാണ്. താമസം തൊട്ടടുത്ത ഫ്ലാറ്റിലാണ്. ഭാര്യ മല്ലിക ഇവിടെ സ്‌കൂൾ ടീച്ചറാണ്. പക്ഷെ നാട്ടിലൊരു പരീക്ഷ എഴുതാൻ പോയതാണ് മാർച്ചിൽ. അവിടെ കുടുങ്ങി നിൽക്കുകയാണ് കാർത്തിക്കിന്റെ അച്ഛൻ വെങ്കിടേശനും ‘അമ്മ പാർവതിയമ്മാളും വിസിറ്റിൽ വന്നതാണ്. അവരുടെ തിരിച്ചു പോക്കും വൈകിയിരിക്കുകയാണ്. എങ്കിലും കാർത്തികിന് അവർ കൂടെയുള്ളതൊരു ആശ്വാസം തന്നെ .
ഇടയ്ക്ക് റസിയയ്ക്ക് കൂട്ടായും അവരെത്താറുണ്ട്. ശൂന്യമായ പകലിൽ അവരുടെ സന്ദർശനം റസിയയ്ക്ക് ആശ്വാസം തന്നെ. 
കോവിഡിന്റെ ആവിർഭാവത്തിൽ റസിയയ്ക്ക് നാട്ടിൽ പോകാൻ കഴിയാതിരുന്നതിൽ ഏറ്റവും സങ്കടപ്പെടുന്നത് റസിയയുടെ ഉമ്മയാണ്. മകളുടെ കന്നി പ്രസവത്തിന് തയ്യാറായി നിൽക്കുകയായിരുന്നു ഉമ്മ. റസിയയെ എന്നും വിളിച്ച് കാര്യങ്ങൾ അറിയുന്നത് കൊണ്ട് ഒരു സമാധാനം. യാത്ര ഒഴിവാക്കി ഇവിടെത്തന്നെ പ്രസവം നടത്താനും യൂസഫ് ആ സമയത്ത് ലീവെടുക്കും എന്ന് പറഞ്ഞിട്ടും അവർക്ക് സമാധാനമില്ല
കാസറഗോട്ടെ ചൂരിയിലുള്ള വീട്ടിലിരുന്ന് അവർ റസിയയ്ക്ക് വേണ്ടി വേവലാതി പൂണ്ടു.
 
പ്രൊജക്റ്റ് മാനേജർക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യവുംതന്റെയും റസിയയുടെയും റിസൾട്ട് നാളെ കിട്ടുമെന്നും യൂസഫ് റസിയയെ വിളിച്ച് പറഞ്ഞു. പേടിക്കാനൊന്നുമില്ല .എന്തായാലും ഇന്ന് സിറ്റൗട്ടിൽ ഞാൻ കിടന്ന് കൊള്ളാമെന്ന് യൂസഫ് പറഞ്ഞു. റസിയയ്ക്ക് വിഷാദിക്കാൻ വീണ്ടും കാരണങ്ങൾ.
യൂസഫിന് സ്വസ്ഥതയില്ലാത്തൊരു രാത്രി. ബെഡ്‌റൂമിൽ റസിയയ്ക്കും. രാവിലെ തയ്യാറായി റസിയയോട് ധൈര്യമായിട്ട് ഇരിക്കണമെന്ന് പറഞ്ഞിട്ട് യൂസഫ് കാർ പാർക്കിങ്ങിലേക്ക് പോയി. മാസ്‌ക് ധരിക്കുന്നത് ഇപ്പോൾ ഒരു ജീവിതചര്യയായിമാറിയിരിക്കുന്നു. സൈറ്റിൽ കുറച്ചു തൊഴിലാളികളും ഐസൊലേഷൻ വാർഡിലാണ് .
സേഫ്റ്റി മീറ്റിംഗിനൊന്നും പോകാതെ യൂസഫ് നേരെ ക്യാബിനിൽ പോയി ഇരുന്നു. ആരും വരാതിരിയ്ക്കാൻ ക്യാമ്പിന്റെ വാതിലിന് കൊളുത്തിട്ടു. കുറച്ചു കഴിഞ്ഞ് ഫോണിൽ മെസേജ് വന്നു. കോവിഡ് പോസിറ്റിവ് ആണെന്ന്. ഭാഗ്യത്തിന് റസിയയുടേത് നെഗറ്റിവ് ആണ്.
ആ ഒരു ആശ്വാസത്തിൽ പിടിച്ചു തൂങ്ങിയെങ്കിലും ഇനിയുള്ള പരീക്ഷണ കാലത്തെക്കുറച്ച് യൂസഫ് ആലോചിച്ചു. കുറച്ച് കഴിഞ്ഞ് ആശുപത്രിയിൽ പോകാൻ, ആംബുലൻസ് വരും.
റസിയയെ തൽക്കാലം വിളിക്കേണ്ടെന്ന് വിചാരിച്ചു. കാർത്തിക് അണ്ടർ ഗ്രൗണ്ടിൽ ആണെന്ന് തോന്നുന്നു. വിളിച്ചിട്ട് കിട്ടുന്നില്ല. കുറച്ച് കഴിഞ്ഞ് കാർത്തിക്കിന്റെ ഫോൺ വന്നു”. റിസൾട്ട് വന്നോ ? എന്റേത് നെഗറ്റിവ് .”
യൂസഫ്, തന്റേത് പോസിറ്റീവ് ആണെന്നും റസിയയുടേത് നെഗറ്റിവ് ആണെന്നും പറഞ്ഞു.
“ഡോണ്ട് വറി ഡാ. ഞാൻ ഉണ്ടല്ലോ അടുത്ത് തന്നെ. റസിയയുടെ കാര്യമോർത്തിട്ട് നീ പരിഭ്രമിയ്ക്കരുത് “
പിന്നെ അപ്പാവും അമ്മയും ഉണ്ടല്ലോ.”
കാർത്തിക്കിന്റെ വാക്കുകൾ കേട്ട് യൂസഫിനിത്തിരി ധൈര്യം വന്നു. ക്യാബിനകത്തെ എ സി ഓഫ് ചെയ്തിരുന്നപ്പോൾ നല്ല ചൂടാണ്. പുറത്ത് വിയർക്കുന്ന വെയിൽ .. ജോലിക്കാര്യങ്ങൾ മാനേജറായ ജോസഫ് സാറിനെ വിളിച്ചു പറഞ്ഞു. അദ്ദേഹവും ആശ്വസിപ്പിച്ചു. റെജിസ്റ്ററുകളൊക്കെ മേശപ്പുറത്തുണ്ട്.
സൈറ്റിൽ ആംബുലൻസ് വന്ന ശബ്ദം കേട്ട്, യൂസഫ് നടന്നു. സൈറ്റ് സ്റ്റോറിലെ രണ്ട് പേരും കൂടി ഉണ്ടായിരുന്നു. ഗംഗാറാമും കബീറും .
രാവിലെ ഉപ്പ് മാവ് ഉണ്ടാക്കിയെങ്കിലും കഴിയ്ക്കാനൊരു ഉത്സാഹം ഇല്ലാതെ റസിയ ടി വി ഓൺ ചെയ്തിരിക്കുകയായിരുന്നു. അപ്പോഴാണ് ബെല്ലടി ശബ്‌ദം .അപ്പുറത്ത് നിന്ന് പാർവതിയമ്മളാണ്
കയ്യിൽ ദോശയും ചമ്മന്തിയും .
“യ്യോ ഇതൊന്നും വേണ്ടായിരുന്നമ്മാ”
മോള് കഴിയ്ക്ക് പാർവതിയമ്മാൾ നിർബന്ധിച്ചു
റസിയ മൊരിഞ്ഞ ദോശയെടുത്ത് മുളകും തേങ്ങയുമരച്ച ചട്ണിയിൽ മുക്കി കഴിച്ചു. 
ഹോ എന്തൊരു രുചിയാണ് .
റസിയ കൊതിയോടെ കഴിക്കുന്നത് പാർവതിയമ്മാൾ നോക്കി നിന്നു.
 
വര – വിനോദ് അമ്പലത്തറ
 
Print Friendly, PDF & Email

About the author

മുരളി മീങ്ങോത്ത്

ഇന്ത്യന്‍ വ്യോമസേനയിലായിരുന്നു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.