അഭിമുഖം സംവാദം 

കഥയിലെ അമലോത്‌ഭവങ്ങള്‍പുതിയ എഴുത്തിന്‍റെ ഏറ്റവും തെളിഞ്ഞ, വെല്ലുവിളിക്കുന്ന മുഖങ്ങളിൽ ഒന്നെന്ന് സക്കറിയ രേഖപ്പെടുത്തിയ ഒരാളാണ് ഈയാഴ്ച കാനഡയിലെ വായനാരാമത്തിന്‍റെ അതിഥിയായി എത്തിയത് - അമൽ! എഴുത്തുകാരൻ, കാർട്ടൂണിസ്ററ്, ചിത്രകാരൻ, അദ്ധ്യാപകൻ, ഗ്രാഫിക് നോവലിസ്റ്റ് എന്നീ വൈവിദ്ധ്യമാർന്ന മേഖലകളിലൊക്കെ പ്രാവീണ്യം തെളിയിച്ചയാളാണ്‌, അമല്‍. 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്കാരം, അതേ വർഷം തന്നെയുള്ള ബഷീർ യുവപ്രതിഭാ പുരസ്കാരം, തകഴി കഥാപുരസ്കാരം, സി.വി. ശ്രീരാമൻ കഥാപുരസ്കാരം തുടങ്ങിയ അനേകം നേട്ടങ്ങള്‍ അമലിനുണ്ട്. കൽഹണൻ (നീ/ഞാൻ ആരാണ്?), വ്യസനസമുച്ചയം, ബംഗാളി കലാപം തുടങ്ങിയ നോവലുകളും അനേകം ചെറുകഥകളും ഇതിനകം രചിച്ചിട്ടുണ്ട്. മലയാള സാഹിത്യത്തിൽ സ്വന്തമായൊരിടം ഉറപ്പിച്ച്, ലോകമലയാളികളുടെ ചർച്ചാകേന്ദ്രമായി മാറിയ അധികം പേരൊന്നും നമ്മുടെ പുതുതലമുറയില്‍ ഇല്ല. അമലിന്‍റെ കഥാഭൂമിക മറ്റാരുടേതിനേക്കാളും വ്യത്യസ്തമാണ്‌. ആത്മയുദ്ധങ്ങളില്‍ തുടങ്ങി ഏകാന്തയുടെ വിറളിപിടിച്ച പെരുക്കങ്ങളിലേയ്ക്ക് കടന്ന്, സമകാലിക രാഷ്ട്രീയങ്ങളിലേയ്ക്ക് വിരല്‍ ചൂണ്ടുമ്പോള്‍ അത് കേരളവും ഇന്ത്യയും വിട്ട് ലോകമെന്ന വിശാലതയാര്‍ന്ന തീരങ്ങള്‍ തേടുകയാണ്‌. സൂക്ഷ്മാംശങ്ങളിലൂടെ, വാക്കുകള്‍ കൊരുത്തെടുത്തുവെട്ടുന്ന കഥാവഴികളില്‍ പലപ്പോഴും ആത്മകഥാംശവും കാണാം.
കഥാകാരന് അമലുമായി, വായനാരാമം-കാനഡ വിശേഷങ്ങള് പങ്കിടുന്നു.
ഏകോപനം : ജൂന സജു
അമലുമായുള്ള സംഭാഷണത്തിലെ പ്രസക്തഭാഗങ്ങള്
 
 

1. കൽഹണൻ എന്ന നോവലിൽ കാർട്ടൂണിസ്റ്റ് ഗോപിക്കുട്ടൻ്റെ ജീവിതത്തെയാകെ കൽഹണൻ സ്വാധീനിക്കുകയാണ് – അമലിൻ്റെ എഴുത്തു ജീവിതത്തിൽ ഇതുപോലൊരു കൽഹണൻ കടന്നു വരാറുണ്ടോ?

ഞാൻ കാർട്ടൂൺ വരയ്ക്കുകയും എഴുതുകയും ചെയ്തിരുന്നു. 15-17 വയസ്സായപ്പോൾത്തന്നെ ഞാൻ വരച്ച കാർട്ടൂണുകൾ അച്ചടിച്ചു വരാൻ തുടങ്ങിയിരുന്നു. ഒരുപാടു വർഷങ്ങൾ അതിൽത്തന്നെ മുഴുകി, കാർട്ടൂണുകൾ വരച്ചു മുന്നോട്ടു പോയി. അതിനിടയിൽ വായനയും എഴുത്തുമുണ്ടായിരുന്നു. എങ്കിലും വര തന്നെയായിരുന്നു പ്രധാനം. പത്രത്തിലൊക്കെ വരയ്ക്കാനവസരവും ലഭിച്ചു. മാവേലിക്കരയിലെ രാജാ രവിവർമ്മ ഫൈനാർട്ട്സ് കോളേജിൽ ചേർന്നപ്പോഴാണ് ചിത്രകലയിലെ പെയ്ൻറിങ്ങ് പോലെയുള്ളവ
യെയാണ് അവിടെ ഗൗരവമായി കണ്ടിരുന്നതെന്നറിയുന്നത്. അവിടെ കാർട്ടൂണിന് വലിയ താൽപ്പര്യം അധികമാരിലും കണ്ടിരുന്നില്ല. ക്രമേണ എന്നിലും അത് കുറഞ്ഞു വരികയും സാഹിത്യത്തെ കൂടുതൽ ഗൗരവത്തോടെ സമീപിക്കുകയും ചെയ്തു. നാലു വർഷത്തോളം മാവേലിക്കരയിൽ ചിത്രകലയും എയ്സ്തെറ്റിക് തിയറി പോലെയുള്ള വിഷയങ്ങളും കൂടിച്ചേർന്നൊരു പഠനമായിരുന്നു. കോളേജിൽ കാർട്ടൂൺ എന്ന കലയെ ഒരു മൈനര് ആർട്ടായിട്ടായിരുന്നു കണ്ടത്. അതെനിക്കൊരു പ്രശ്നമായിരുന്നു. നമ്മുടെ മാനസികാവസ്ഥ പല ഘട്ടത്തിലും ഇതിനിടയിൽ അകപ്പെട്ടു പോയി. എഴുത്തും, വരയും അതിൽ തന്നെ കാർട്ടൂൺ- കോമിക്ക് കലകളോടുള്ള സമീപനവും എല്ലാം ഞാനെൻ്റെയുള്ളിൽ അടിച്ചമർത്തി വെച്ചു.
 
ഗൗരവമായി എഴുത്തിലേക്കു തിരിഞ്ഞപ്പോഴാണ് ശാന്തിനികേതനിൽ തുടർപഠനത്തിനായി ചേർന്നത്. അവിടെ കാർട്ടൂൺ ക്രിട്ടിക് പഠനത്തിൻ്റെ ഭാഗമായി ചെയ്യേണ്ടി വന്നു. അന്ന് പൂർണ്ണമായും കാർട്ടൂണിനെ വിമർശിച്ചുകൊണ്ടാണ് ഞാൻ പ്രബന്ധം ചെയ്തത്. പതിമൂന്നു വയസ്സു മുതൽ ചെയ്തു വന്ന സംഗതി 2011 ൽ നിർത്തിയപ്പോൾ ഉള്ളിൽ വല്ലാത്ത ടെൻഷനുണ്ടായിരുന്നു. കുറച്ചു വർഷം അതെനിക്കു തന്നെ വിഷമമുണ്ടാക്കി. സത്യം പറഞ്ഞാൽ അതാണ് ‘ കൽഹണൻ’ എന്ന നോവലായിട്ടെഴുതിയത്. ഇരുപത്തിനാലുകാരനായ എൻ്റെയനുഭവങ്ങൾ തന്നെയാണ് നാല്പത്തൊമ്പതുകാരനായ ഗോപിക്കുട്ടൻ എന്ന കഥാപാത്രത്തിലൂടെ വായനക്കാരിലേക്കെത്തിച്ചത്. പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം ഇപ്പോഴാണ് ഞാൻ വീണ്ടും കാർട്ടൂൺ വരയ്ക്കാൻ തുടങ്ങിയത്. ഇന്നു രാവിലെ അമേരിക്കയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടൊരു കാർട്ടൂൺ വരയ്ക്കുകയുണ്ടായി. 2011 ൽ കാർട്ടൂൺ വര നിർത്തി എഴുത്തിലേക്കു കൂടുതൽ ശ്രദ്ധിച്ചെങ്കിലും എൻ്റെ തന്നെ, എഴുത്തുകാരനെന്നോ വരയ്ക്കുന്നയാളെന്നോ ഉള്ള വ്യക്തിത്വസംഘർഷമാണ് ‘കൽഹണൻ’ എന്ന നോവലിലുള്ളത്.
 

രബീന്ദ്രനാഥ് ടാഗോർ പല മേഖലകളിലും കഴിവു തെളിയിച്ച വ്യക്തിയാണ്. എയ്സ്തെറ്റിക്സ് എന്ന ക്ലാസ്സിൽ അദ്ദേഹത്തിന്റെ ചിത്രങ്ങളെക്കുറിച്ചു പഠിക്കുവാനുണ്ടായിരുന്നു.അതിലെ അദ്‌ഭുതം അദ്ദേഹം കുട്ടിക്കാലം മുതൽക്കു തന്നെ കഥകളും നോവലുകളും കവിതകളുമൊക്കെ എഴുതുകയും, പാട്ടുകൾക്കു സംഗീതം നല്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിലെല്ലാമുപരി ലോകപ്രശസ്തനായ ഒരു ചിത്രകലാകാരനാണ് അദ്ദേഹമെന്നത് പലർക്കും അറിയില്ല

2. വായനയോടൊപ്പം കാഴ്ചയുടെ പ്രസക്തിയും ആസ്വദിക്കുവാൻ കഴിയുന്ന ഗ്രാഫിക് ശൈലി കഥയിലും നോവലുകളിലും കൊണ്ടുവരുമ്പോൾ സാഹിത്യത്തിലാണോ കലയിലാണോ സംതൃപ്തി ലഭിക്കുന്നത് ?
രണ്ടു കാര്യങ്ങൾ ഒരുമിച്ചു ചെയ്തുകൊണ്ടിരുന്ന ഒരാൾ എന്ന നിലയിൽ എനിക്കെപ്പോഴും പ്രശ്നങ്ങളുണ്ടായിരുന്നു. എന്റെ വ്യക്തിപരമായ അനുഭവം എന്ന നിലയിൽ പറയുകയാണെങ്കിൽ ഏതു മേഖലയിലാണെങ്കിലും നമ്മൾ നൂറു ശതമാനം ശ്രദ്ധ കൊടുത്ത് നന്നായി ശ്രമിച്ചാൽ മാത്രമേ നല്ല ഫലം കിട്ടുകയുള്ളൂ. ചിത്രകല ഗൗരവമായിത്തന്നെ പഠിക്കണമെന്നത് എനിക്കു വലിയ ആഗ്രഹമായിരുന്നു. ഫൈൻ ആർട്സ് കോളേജിൽ പഠിച്ചിരുന്ന സമയത്തും ഞാൻ എഴുതുവാൻ ശ്രമിച്ചു. പക്ഷേ രണ്ടിലും കൂടി നൂറു ശതമാനം സമയം കൊടുക്കുവാൻ പറ്റില്ല എന്നതും സത്യമായിരുന്നു. രബീന്ദ്രനാഥ് ടാഗോർ പല മേഖലകളിലും കഴിവു തെളിയിച്ച വ്യക്തിയാണ്. എയ്സ്തെറ്റിക്സ് എന്ന ക്ലാസ്സിൽ അദ്ദേഹത്തിന്റെ ചിത്രങ്ങളെക്കുറിച്ചു പഠിക്കുവാനുണ്ടായിരുന്നു.അതിലെ അദ്‌ഭുതം അദ്ദേഹം കുട്ടിക്കാലം മുതൽക്കു തന്നെ കഥകളും നോവലുകളും കവിതകളുമൊക്കെ എഴുതുകയും, പാട്ടുകൾക്കു സംഗീതം നല്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിലെല്ലാമുപരി ലോകപ്രശസ്തനായ ഒരു ചിത്രകലാകാരനാണ് അദ്ദേഹമെന്നത് പലർക്കും അറിയില്ല. അറുപതു വയസ്സൊക്കെ ആയപ്പോഴാണ് അദ്ദേഹം പെട്ടെന്നു വരയ്ക്കുവാൻ തുടങ്ങിയത്. പിന്നീട് വർഷങ്ങളോളം അദ്ദേഹം വരച്ചുകൊണ്ടേയിരുന്നു. സ്പാനിഷ് ആർട്ടിസ്റ്റായ സാൽവദോർ ഡാലിയുടെയും മറ്റും സമകാലികനായിരുന്നു ടാഗോർ. വിദേശരാജ്യങ്ങളിൽ പോയി ചിത്രകലകൾ കാണുകയും അവയെപ്പറ്റി പഠിക്കുകയും ചെയ്തു. അതുവരെ എഴുതുന്നതിൽ നൂറു ശതമാനം ശ്രദ്ധയും താല്പര്യവും നൽകിയിരുന്ന അദ്ദേഹം പിന്നീട് വരയ്ക്കുവാൻ തന്റെ നൂറു ശതമാനം സമയവും താല്പര്യവും മാറ്റിവച്ചു. ചിത്രകലയെ ഗൗരവത്തോടെ നോക്കുന്ന ഒരാൾക്ക് ടാഗോർ വളരെ പ്രധാനപ്പെട്ട ഒരു ഉദാഹരണമാണ്.എന്നെ സംബന്ധിച്ചിടത്തോളം നൂറു ശതമാനം ശ്രദ്ധയും രണ്ടിനും കൂടി കൊടുക്കുവാൻ സാധ്യമല്ലായെന്നു മനസിലാക്കി കുറച്ചു വർഷങ്ങളായിട്ടു വരയ്ക്കുന്നത് നിർത്തിവച്ചു. ഞാൻ ആറുവർഷം ചിത്രകല അഭ്യസിച്ചു. ഫൈൻആർട്സ് കോളേജിൽ നാലു വർഷവും കൊൽക്കത്തയിൽ പി.ജി. ചെയ്യുവാൻ രണ്ടു വർഷവും ചെലവഴിച്ച ഞാൻ പിന്നീട് അഞ്ചു വർഷത്തോളം അതിഥിഅദ്ധ്യാപകനായി കോളേജിൽ പഠിപ്പിച്ചു. ഇന്നുവരെയുള്ള ജീവിതത്തിന്റെ പകുതിയും ചിത്രകലയ്ക്കുവേണ്ടി ചെലവഴിച്ച ഞാൻ പിന്നീട് എഴുതുവാൻ തുടങ്ങിയപ്പോൾ ചിത്രകല എന്നത് ഇല്ലുസ്‌ട്രേഷൻസ് വരയ്ക്കാനോ മറ്റുള്ളവർ ആവശ്യപ്പെടുന്നതു വരച്ചു കൊടുക്കുവാനോ മാത്രമായി ചുരുക്കുകയാണ് ചെയ്തത്. പത്തു വർഷത്തിനു ശേഷമാണ് ഒരു കാർട്ടൂൺ ഞാൻ ഇപ്പോൾ വരയ്ക്കുന്നത്.ഞാൻ താമസിക്കുന്ന ടോക്ക്യോ നഗരം കലയുടെ അന്താരാഷ്ട്ര കേന്ദ്രം കൂടിയാണ്. പുസ്തകങ്ങളിൽ കണ്ടിരുന്ന ചിത്രങ്ങളും ശില്പങ്ങളും മറ്റും ഇവിടെ എനിക്കു നേരിട്ടു കാണുവാൻ സാധിച്ചു. ചിത്രകല എന്റെയുള്ളിൽ എപ്പോഴുമുണ്ട്. കൂടുതൽ താല്പര്യം വരുമ്പോൾ അതിലേക്കു പോകണം എന്നുമുണ്ട്. ഇപ്പോൾ ഞാൻ എന്റെ നൂറു ശതമാനം സമയവും എഴുതുവാൻ ശ്രമിക്കുന്നു.
 

3. ഫേസ്ബുക്കിലെ പല ചതിക്കുഴികളെക്കുറിച്ചും അമൽ വിശദമായി പറഞ്ഞ ‘വ്യസന സമുച്ചയം’ ഇറങ്ങിയ അതേ വർഷം തന്നെയാണ് താരതമ്യേന അതേ വിഷയങ്ങളിലൊന്ന് പ്രമേയമായ സിനിമ ‘ഒരു വടക്കൻ സെൽഫി’ ഇറങ്ങിയത്. ഇതു തികച്ചും യാദൃച്ഛികമായിരിക്കാമെങ്കിലും അതൊരു ചോദ്യമായോ ചർച്ചയായോ താരതമ്യപ്പെടുത്തലായോ മുന്നിലെത്തപ്പെട്ടിട്ടുണ്ടോ?

2015 – ൽ നോവൽ ഇറങ്ങിയതിനു ശേഷമാണ് സിനിമയിറങ്ങുന്നത്. സിനിമയുടെ ക്ലൈമാക്സിൽ ഈ നോവലിലെ പ്രധാനപ്പെട്ടകാര്യം പറയുന്നുണ്ട്. അതു ഞാൻ എനിക്കു പരിചയമുള്ള സിനിമാക്കാരോടൊക്കെ പറഞ്ഞിട്ടുണ്ട്. സിനിമയെടുത്തവർ ഒരു പക്ഷേ ഈ നോവൽ വായിച്ചുകാണാം എന്നും വായിച്ചുകാണില്ല എന്നുമൊക്കെ അവർ അഭിപ്രായങ്ങളും പറഞ്ഞു. അതല്ലാതെ ആ സിനിമയുടെ സാങ്കേതിക പ്രവർത്തകരുമായി പരിചയമില്ലാത്തതുകൊണ്ട് ഇതിന്റെ കാരണങ്ങൾ ഒന്നും അന്വേഷിച്ചതോ അറിഞ്ഞതോയില്ല . പക്ഷെ ഇതെല്ലാർക്കും തോന്നുന്ന ഒരു ആശയമാണെന്നു തോന്നുന്നു. എന്നെ സംബന്ധിച്ച് ഇതെന്റെ വീട്ടിൽ നടന്ന ഒരു സംഭവമാണ്. വ്യക്തിപരമായി എന്നെ ബാധിച്ചതാണ് ആ സംഭവം. അങ്ങനെയാണ് ഞാനതു എഴുതിയത്. പിന്നീടാണ് ഈ സിനിമ വന്നത്. ഞാൻ എല്ലാ സിനിമയും തീയേറ്ററിൽ പോയി കാണുന്ന ആളാണ്. കണ്ടപ്പോൾ തന്നെ എനിക്കും തോന്നി. പക്ഷെ അതിന്റെ ക്ലൈമാക്സ് മാത്രമേയുള്ളൂ അങ്ങനെ. സിനിമയുമായി ബന്ധപ്പെട്ട സുഹൃത്തുക്കളിൽ നിന്നും മാത്രം സൂചനകൾ ഉണ്ടായിട്ടുണ്ട്. സാഹിത്യത്തിൽ ഒരുപാട് സുഹൃത്തുക്കൾ ഉണ്ടെങ്കിലും അവരാരും സിനിമയുമായി താരതമ്യപ്പെടുത്തി പറഞ്ഞിട്ടില്ല. കാരണം എനിക്ക് തോന്നുന്നത് ഈ പറഞ്ഞ എല്ലാ എഴുത്തുകാർക്കും പ്രധാനപ്പെട്ട പല കഥകൾ വായിക്കുമ്പോഴും സിനിമയുടെ ഏതെങ്കിലും വിഷ്വലുമായി ഒരു സാമ്യം തോന്നാറുണ്ട്. എന്റെ സുഹൃത്തുക്കളുടെ തന്നെ പലരുടെയും കഥ , ഏതെങ്കിലും ഒരു സിനിമയുടെ സീനിൽ ഇതു വന്നിട്ടുണ്ടെന്ന് ശക്തമായ തോന്നലുണ്ടാകും. സിനിമ എന്നത് രണ്ടര മണിക്കൂറിൽ എത്രയോ ഫ്രെയിമിലൂടെ കാണിക്കുന്നതാണ്. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളും ഏകദേശം ചർച്ച ചെയ്യാൻ പറ്റുന്നത് സിനിമയിലാണ്. കഥയിലാണെങ്കിൽ ഏതെങ്കിലും ഒരു ഏരിയ ആയിരിക്കും എടുത്തെഴുതുന്നത്. അത് സ്വാഭാവികമായിട്ടും സിനിമയിൽ എന്തായാലും വരാം. അല്ലെങ്കിൽ ആ താരതമ്യം ഉണ്ടാവാം. കാരണം, കണ്ട സിനിമയിലെ വിഷ്വൽസ് നമ്മുടെയുള്ളിൽ അങ്ങനെത്തന്നെയുണ്ടാവും. അപ്പോൾ സ്വാഭാവികമായും വായിക്കുന്ന ആൾക്ക് ഇത് ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് തോന്നി, ആദ്യം തന്നെ കണക്ട് ചെയ്യുന്നത് സിനിമയോടായിരിക്കും. അല്ലെങ്കിൽ വിഷ്വലിനോടായിരിക്കും . അത് സിനിമയുടെ സാധ്യതയായാണ് തോന്നുന്നത്. കഥയുടെ പ്രശ്നമായി തോന്നുന്നില്ല. കാരണം കഥ എപ്പോഴും ചെറിയൊരു വിഷയത്തിനെയോ അല്ലെങ്കിൽ ഒരു പ്രധാനപ്പെട്ട വിഷയത്തിന്റെ ചുറ്റുപാടിനെക്കുറിച്ചോ ആയിരിക്കും എഴുതുന്നത്. സിനിമ അങ്ങനെയല്ല. ഒരു പാട്ടിലൂടെ തന്നെ എത്രയോ കാലഘട്ടത്തെ കാണിക്കാൻ പറ്റും. അതിന്റെ ചെറിയൊരു ഭാഗം മാത്രമാണ് കഥ. നോവലും സിനിമയും തമ്മിലുള്ള ബന്ധം ഞാൻ എന്തായാലും ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷെ നമുക്കൊരിക്കലും താരതമ്യം ചെയ്യാൻ പറ്റില്ല. മാത്രമല്ല, നോവൽ വന്നതിനു ശേഷമാണു സിനിമ വന്നത് എന്ന് നോക്കിയാൽ പറയാൻ പറ്റും. പക്ഷെ സിനിമ കാണുന്ന ഒരാളിന് ഈ കാണുന്ന ടൈം പീരീഡ് ഒരിക്കലും ഓർമ വരണമെന്നില്ല.
 

എനിക്ക് തോന്നുന്നത് കഥയും വരയും ഒരുപോലെ കൈകാര്യം ചെയ്യുന്ന ആൾക്കാർക്കു മാത്രം പറ്റുന്ന ഒരു കാര്യമാണ് ഗ്രാഫിക് നോവൽ. രാഷ്ട്രീയമൊക്കെ കൈകാര്യം ചെയ്യാൻ പറ്റിയ ഒരു മീഡിയം ആണ് ഗ്രാഫിക് നോവൽ. കശ്മീരിലെ പ്രശ്നങ്ങൾ ഒക്കെ ഗ്രാഫിക് നോവലിൽ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷെ കേരളത്തിൽ അങ്ങനെ പൊളിറ്റിക്കലായി ഇതൊന്നും ഉപയോഗിക്കാൻ ശ്രമിക്കുന്നതായോ ശ്രമിച്ചു വരുന്നതായോ കാണുന്നില്ല

4. മലയാളിക്കു ഇന്നും അത്ര പരിചിതമല്ലാത്തവയാണ് ഗ്രാഫിക് നോവലുകൾ. ‘ദ്വയാർത്ഥം’ ചെയ്യുമ്പോൾ അതെങ്ങനെ മലയാളി സ്വീകരിക്കുമെന്ന് ചിന്തിച്ചിരുന്നോ?
 
എനിക്കു തോന്നുന്നത് നമ്മുടെ പലപല കാര്യങ്ങളും സ്ഥാപനവൽക്കരിച്ചവതരിപ്പിക്കുന്നത് സംസ്ക്കാരത്തിന്റെ ഭാഗമായി കാണുന്നത് പാശ്ചാത്യനാടുകളിലായിരിക്കും. അതേസമയം, കേരളത്തിൽ നമുക്ക് അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ ഒക്കെ കേരളത്തിന്റെ സംസ്ക്കാരത്തിന്റെ തന്നെ ഭാഗമായിരുന്നു, ഒരു സമയത്ത്. പുറകിൽ നിന്നു വായിക്കുക എന്ന സ്വഭാവം തന്നെ മലയാളി ആരംഭിച്ചതിനു കാരണം ഒന്ന് അരവിന്ദനും മറ്റേതു ടോംസുമായിരുന്നു. മനോരമയൊക്കെ കിട്ടിയാൽ ആദ്യം തുറന്നു നോക്കുന്നത് പുറകിലായിരുന്നു. കാർട്ടൂൺ അല്ലെങ്കിൽ കോമിക്സ് അതുപോലെ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ ഒക്കെ നോക്കുമായിരുന്നു. അതിനും പത്തുപതിനൊന്നുമൊക്കെ വർഷങ്ങൾക്കു ‌ ശേഷമാണ് വെസ്റ്റിലൊക്കെ ഒരു ഗ്രാഫിക് നോവൽ ചെയ്യപ്പെടുന്നത്. 1972 -ലോ മറ്റോ ആണത് . എന്നാൽ അതിലും ഒരു പതിറ്റാണ്ടു മുമ്പേയാണ് കേരളത്തിൽ ഇതു ചെയ്തിരുന്നത്. എങ്കിലും അതൊരു വിഭാഗമായോ വർഗ്ഗീകരിച്ചോ ഒന്നും അന്നു കാണിച്ചിരുന്നില്ല. ഇപ്പോഴും പല മേഖലകളിലും ആ ഒരു അവസ്ഥ നമുക്കു കാണാൻ പറ്റും.
ഡിക്ടറ്റിവ്, ഫിക്ഷൻ, ഹൊറർ, റൊമാൻസ് എന്നൊക്കെ പറഞ്ഞു ഭാഗം തിരിച്ചു കാണിച്ചാണ് ഇപ്പോൾ സാഹിത്യത്തെ നമ്മൾ വിപണനം ചെയ്തുകൊണ്ടിരിക്കുന്നത്. പക്ഷെ കേരളത്തിൽ അങ്ങനൊരവസ്ഥ ഇത്രയും കാലമുണ്ടായിരുന്നില്ല. ഇപ്പോഴത് മാറിത്തുടങ്ങിയിട്ടുണ്ട്. മിസ്റ്ററി എഴുത്തുകാർ, ക്രൈം എഴുത്തുകാർ പിന്നെ അതിനകത്തു തന്നെ സൈക്കോളജിക്കൽ മിസ്റ്ററി, സൈക്കോളജിക്കൽ ക്രൈം എന്നൊക്കെയുള്ള ഉപഭേദങ്ങൾ ഒക്കെ കാണാം. അല്ലെങ്കിൽ ഇൻവെസ്റ്റിഗേഷൻ, ത്രില്ലർ എന്നൊക്കെ ഇപ്പോൾവന്നു തുടങ്ങിയിട്ടുണ്ട്. മുമ്പ് കേരളത്തിൽ അങ്ങനെയൊന്നും വന്നിട്ടില്ലായിരുന്നു. ഇത് ഈ പറഞ്ഞ ഒരു ട്രെൻഡിന്റെ ഭാഗമായിട്ടു വരുന്നതാണ്.
 
വെസ്റ്റിൽ കോമിക്‌സും മറ്റും വായിച്ചും കണ്ടും ശീലമുണ്ട്. അപ്പോൾ അതിന്റെയുള്ളിൽ നിന്നും ഗൗരവമായിട്ടു മനുഷ്യരുടെ കാര്യങ്ങൾ എടുത്തു ചെയ്യുന്ന ദീർഘമായിട്ടുള്ളൊരു ചിത്രകാവ്യത്തിന് അവർ ഗ്രാഫിക് നോവൽ എന്നു പേരിട്ട്, അവർ എളുപ്പത്തിൽ ഒരു വിഭാഗത്തിനു കീഴിൽ അവതരിപ്പിച്ചു വിജയിച്ചു. പക്ഷെ കേരളത്തിൽ അങ്ങനൊരു സ്വഭാവം ഇല്ലാത്തതുകൊണ്ടാണ് നമ്മൾക്കതില്ലാതിരുന്നത് എന്നാണ് തോന്നിയിട്ടുള്ളത്. ഇവിടെ തന്നെയാണ് ഏറ്റവും ആദ്യം അത് തുടങ്ങിയത് പക്ഷെ നമ്മുടെ ഒരു പ്രശ്നം എന്ന് പറഞ്ഞാൽ എല്ലാം വളരെ പതിയെ മാത്രമേ അംഗീകരിക്കുകയുള്ളൂ. എവിടെയെങ്കിലും ഇങ്ങനെയൊരു കാര്യം പരീക്ഷിച്ചു വിജയിച്ചു കഴിഞ്ഞു മാത്രമേ നമ്മളത് അംഗീകരിക്കുകയുള്ളൂ. അത് ഒരു വശം മാത്രമാണ്.
പിന്നൊന്ന് ഇതിന്നു വേണ്ടി ശ്രമിക്കാൻ ഒരുകൂട്ടം ആളുകൾ തന്നെ വേണം. എന്റെ അനുഭവത്തിൽ തന്നെ ഒരുദാഹരണം പറയാം. ഉണ്ണി.ആർ എന്ന കഥാകൃത്തിനെ ഡിസി ബുക്ക്സ് മലയാളത്തിലെ ഒരു ഗ്രാഫിക് പരമ്പര ചെയ്യാൻ ഏല്പിച്ചു. രണ്ടായിരത്തിപ്പതിമൂന്നിലൊക്കെയാണ്. ഗ്രാഫിക് നോവൽ ചെയ്യുന്നയാൾ കഥാകൃത്തുമായിരിക്കണം എന്നൊരു പ്രശ്നം ഉണ്ടായിരുന്നു . ചെയ്യുന്നയാൾക്ക് കഥ കൈകാര്യം ചെയ്യാനും അറിയണം, അതു വരച്ചു ഫലിപ്പിക്കാനും അറിയണം. ഇതു രണ്ടും കൈകാര്യം ചെയ്യുന്നവർ എത്രപേരുണ്ടെന്നുള്ള ഒരു കാര്യം ഇവിടെ വരുന്നുണ്ട്. വരയ്ക്കുന്ന ആളുകൾ ഒരുപാടുണ്ട്. കേരളം നിറയെ ചിത്രകാരന്മാർ ഉണ്ട്. ഒരു വർഷം പല കോളേജിൽ നിന്നും പത്തിരുന്നൂറു ചിത്രകാരന്മാർ വരുന്നുണ്ട്. പക്ഷെ ഇതിൽ എത്രപേർക്ക് കഥയുണ്ടാക്കി അതിനു വരയ്ക്കാൻ പറ്റുമെന്ന് ഒരു ചോദ്യമുണ്ട്. അതുകൊണ്ടുതന്നെ ഡിസി ബുക്ക്സ് ചെയ്തതെന്താണെന്നു വച്ചാൽ ബഷീർ, എൻ.എസ്.മാധവൻ, പദ്മരാജൻ, മാധവിക്കുട്ടി, സഖറിയ തുടങ്ങിയവരുടെ കൃതികൾ തെരഞ്ഞെടുത്തിട്ടു അത് ചിത്രകാരന്മാരെക്കൊണ്ടു വരപ്പിക്കാനുള്ള ഒരു പദ്ധതിയാണ് ഉണ്ണി. ആറിനെ ഏല്പിച്ചത്. അദ്ദേഹം ഒരു പത്ത് ചിത്രകാരന്മാരെ തെരഞ്ഞെടുത്തു കഥകൾ കൊടുത്തു. അതിൽ ഒരെണ്ണം എനിക്കും വരയ്ക്കാൻ തന്നു. അത് പത്മരാജൻ്റെ ‘കള്ളൻ പവിത്രൻ’ ആയിരുന്നു. ഞാനതു അദ്ദേഹം പറഞ്ഞ സമയത്തിനു തന്നെ വരച്ചു കൊടുത്തു. കെ .പി മുരളീധരൻ എന്ന കലാകാരന് ഇതുപോലുള്ള കഥകൾ കിട്ടിക്കഴിഞ്ഞാൽ അതിനെ വിഷ്വലൈസ് ചെയ്യാൻ പറ്റും. നിങ്ങൾ കേട്ടുകാണും. പക്ഷെ , ഇതുപോലുള്ള കഥകൾ കിട്ടിക്കഴിഞ്ഞാൽ അതിനെ വിഷ്വലൈസ് ചെയ്യാൻ പറ്റും. ബഷീറിന്റെ പ്രേമലേഖനവും പിന്നീട് ഒന്ന് രണ്ടു ഗ്രാഫിക് നോവലുകളുമൊക്കെ അദ്ദേഹം ചെയ്തിരുന്നു. എന്നാൽ പത്തിൽ എട്ടുപേരും വരച്ചതുമില്ല കൊടുത്തതുമില്ല. കാരണം ഒന്നുകിൽ അവർക്കു വരക്കാൻ പറ്റുന്നില്ല. അല്ലെങ്കിൽ അവരുടെ ചിത്രം ഈ കഥയുമായി സങ്കലനം ചെയ്തെടുക്കുന്നതിൽ എന്തോ ഒരു വിമുഖത. അങ്ങനെ ഈ പ്രൊജക്റ്റ് ഉപേക്ഷിക്കപ്പെട്ടു. അല്ലെങ്കിൽ ആ പത്തു പുസ്തകങ്ങൾ ഒരു ഗ്രാഫിക് പരമ്പരയായി കേരളത്തിൽ വന്നേനെ. ചിലപ്പോഴൊരു മാറ്റവും ഉണ്ടായേനെ. ബഷീറിന്റെ പ്രേമലേഖനവും പദ്മരാജന്റെ കള്ളൻ പവിത്രനും ഡി.സി ഇറക്കി. മറ്റുള്ളവർക്ക് കഥ കൊടുത്തിട്ടുപോലും എന്തുകൊണ്ടതിനു സാധിച്ചില്ലെന്ന് ഞാൻ ആലോചിക്കാറുണ്ട്. എനിക്ക് തോന്നുന്നത് കഥയും വരയും ഒരുപോലെ കൈകാര്യം ചെയ്യുന്ന ആൾക്കാർക്കു മാത്രം പറ്റുന്ന ഒരു കാര്യമാണ് ഗ്രാഫിക് നോവൽ .
പക്ഷെ മറ്റൊരു നല്ല കാര്യം കണ്ടത്, ഈയിടെ ഓൺലൈനിലൊക്കെ പല നല്ല ഗ്രാഫിക് നോവലുകളും പ്രസിദ്ധീകരിക്കുകയുണ്ടായി. കേരളത്തിൽ പ്രിന്റ് മീഡിയയിൽ അതു വിജയിക്കുമോ എന്നൊരു സംശയമുണ്ട്. രാഷ്ട്രീയമൊക്കെ കൈകാര്യം ചെയ്യാൻ പറ്റിയ ഒരു മീഡിയം ആണ് ഗ്രാഫിക് നോവൽ. ഇന്ത്യയിൽ ഗ്രാഫിക് നോവൽ ആദ്യമായി അവതരിപ്പിച്ച ഒറിജിത്‌ സെൻ ബംഗാളിയിൽ ചെയ്യുന്നുണ്ട്. അതുപോലെ സാരാനാഥ് ബാനർജി ഇംഗ്ലീഷിൽ ചെയ്തിട്ടുണ്ട്. അങ്ങനെ പലരും സമർത്ഥമായി ഇതിനെ ഉപയോഗിച്ചിട്ടുണ്ട്. കശ്മീരിലെ പ്രശ്നങ്ങൾ ഒക്കെ ഗ്രാഫിക് നോവലിൽ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷെ കേരളത്തിൽ അങ്ങനെ പൊളിറ്റിക്കലായി ഇതൊന്നും ഉപയോഗിക്കാൻ ശ്രമിക്കുന്നതായോ ശ്രമിച്ചു വരുന്നതായോ കാണുന്നില്ല.
 

ഒരാൾ ഒന്നെഴുതിക്കഴിഞ്ഞാൽ വായിക്കുന്ന നൂറുപേർക്കു നൂറു കാഴ്ചപ്പാടല്ലേ. ഒരു ചിത്രകാരൻ വരയ്ക്കുമ്പോൾ അതായിമാറും. സ്വേച്ഛയാ അങ്ങനെയായി മാറും. ഒരു കഥയെ ഒരുപാടുപേർ വരയ്ക്കുമ്പോഴും ഓരോരുത്തർക്കും ഓരോപോലെയായിരിക്കും.

5. ചിത്രകാരനും എഴുത്തുകാരനും ആയ അമലിന്റെ കഥ പ്രസിദ്ധീകരിച്ചു വരുമ്പോൾ അതിലെ ചിത്രം കഥയോടു നീതി പുലർത്തുന്നില്ല എന്നു തോന്നിയിട്ടുണ്ടോ?
ആ ചോദ്യം എനിക്കു വളരെ ഇഷ്ടപ്പെട്ടു. ഞാനത്, എപ്പോഴും ഓർക്കുന്ന കാര്യമാണ്. ഞാൻ ഒരുപാട് കഥകളൊക്കെ എഴുതിയെങ്കിലും ഞാൻ തന്നെ അതിലൊരു ദൃശ്യമെടുത്തു വരയ്ക്കുന്നത് എനിക്ക് വളരെ വെറുപ്പാണ്. എന്താണെന്നറിയില്ല, ഞാൻ എഴുതുന്ന കഥയ്ക്ക് വരയ്ക്കാൻ എനിക്കിഷ്ടമല്ല. വേറൊരാൾ അതിനെ എങ്ങനെ വരച്ചുകാണുമെന്നുള്ള താല്പര്യമാണ് എപ്പോഴുമുള്ളത്. അവരുടെയുള്ളിൽ അതെങ്ങനെയായിരിക്കും എന്നറിയാനാണ് ഇഷ്ടം. സാഹിത്യം എന്നു പറയുന്നത് അതാണല്ലോ. ഒരാൾ ഒന്നെഴുതിക്കഴിഞ്ഞാൽ വായിക്കുന്ന നൂറുപേർക്കു നൂറു കാഴ്ചപ്പാടല്ലേ. ഒരു ചിത്രകാരൻ വരയ്ക്കുമ്പോൾ അതായിമാറും. സ്വേച്ഛയാ അങ്ങനെയായി മാറും. ഒരു കഥയെ ഒരുപാടുപേർ വരയ്ക്കുമ്പോഴും ഓരോരുത്തർക്കും ഓരോപോലെയായിരിക്കും. അതാണെനിക്കിഷ്ടം. ഞാൻ തന്നെ വരയ്ക്കുമ്പോൾ എന്റെയുള്ളിലുള്ളത് വരച്ചു തളച്ചിടുന്നതുപോലെ തോന്നും. അതുകൊണ്ടു തന്നെ ഞാൻ എഴുതിയ ഒന്നിനും ഞാൻ വരച്ചിട്ടില്ല. ഇനി വരക്കാനും എനിക്കിഷ്ടമല്ല.
 
6. ദിനം പ്രതി വർദ്ധിക്കുന്ന ട്രോളുകൾ കാർട്ടൂൺ എന്ന കലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ?
 
ഇത്‌, ഞാൻ ഏകദേശം 2010 -2012 മുതൽ ആലോചിച്ച്‌ വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുന്ന വിഷയമാണ്. ട്രോൾ എന്ന ഒരു സംഗതി വന്നതു മുതൽ കാർട്ടൂൺ എന്ന കലാരൂപം അവസാനിച്ചതു പോലെയാണ്‌. അതിന്റെ മരണം തന്നെ സംഭവിച്ചു. കഴിഞ്ഞ പത്തു വർഷമായി വിഷ്വൽ മീഡിയയുടെ ഒരു വൻ പ്രളയം തന്നെ ഉണ്ടായി. അത്‌ ഒരു വിധത്തിൽ നല്ലതായിരുന്നു. ഈ ഉത്തരാധുനികത എന്നു കേട്ടിട്ടില്ലേ. അതിന്റെയൊരു പ്രശ്നം എന്താണെന്നു വെച്ചാൽ അത്‌ വളരെ നെഗറ്റീവ്‌ ആയിരുന്നു. ഒന്നും സത്യമല്ല, മൗലികതയുള്ള കാര്യങ്ങൾക്ക്‌ ഒരു വിലയുമില്ല. യാതൊന്നിനും ഒരു നിലനിൽപ്പും ഇല്ല, എല്ലാം അവസാനത്തിലേക്കാണ്‌ പോകുന്നത് എന്നൊരു പ്രത്യയശാസ്ത്രമായിരുന്നത്.
അതു കഴിഞ്ഞ്‌ ആഗോളവൽക്കരണം വന്നപ്പോൾ മീഡിയ, നെറ്റ്, ഇമേജ്‌ ഒക്കെ എല്ലാവർക്കും കിട്ടിത്തുടങ്ങി. അവിടെ എല്ലാ ആപ്ലിക്കേഷനുകളുമുണ്ട്‌. പെയിന്റിങ് ആപ്ലിക്കേഷൻ ഉപയോഗിച്ചു ആർക്കു വേണമെങ്കിലും വരയ്ക്കാം. ഛായാചിത്രമൊക്കെ വരയ്ക്കാൻ എളുപ്പമായി. ടിക്ടോക്കിൽ ആർക്കു വേണമെങ്കിലും എന്തും അഭിനയിക്കാം. പാടാം. ആർക്കു വേണമെങ്കിലും അഭിനയിച്ചിട്ട്‌ യൂട്യൂബിൽ പോസ്റ്റ്‌ ചെയ്യാം. എല്ലാ ക്രിയേറ്റിവിറ്റിയും എല്ലാ ആൾക്കാർക്കും ഷെയർ ചെയ്ത്‌ ഉപയോഗിക്കാൻ പറ്റിയ ഒരു സാധ്യത പുതിയകാല മീഡിയം നമുക്കു നൽകി. ഒറിജിനൽ എന്നൊരു സാധ്യത നശിപ്പിച്ചെന്ന് പറയാൻ പറ്റില്ല, ജനാധിപത്യമായിയെന്നു പറയാം. അങ്ങനെ തന്നെയാണ്‌ കാർട്ടൂണും.
മുൻകാലങ്ങളിൽ കാർട്ടൂൺ പത്രമാധ്യമത്തിനൊപ്പമാണ്‌ നിൽക്കുന്നത്‌.‌ കേരളത്തിൽ എത്ര പത്രങ്ങളുണ്ട്‌, അതിൽത്തന്നെ മാതൃഭൂമിയിലോ മനോരമയിലോ വരയ്ക്കുന്ന ആൾക്കാരിലൂടെ മാത്രമാണ്‌ കാർട്ടൂണുകൾ ‌ എല്ലാവരും കാണുന്നത്‌. അതാണ്‌ ഗൗരവമായിട്ടുളള ഒരു കാർട്ടൂൺ പ്ലാറ്റ് ഫോം. പിന്നെയുള്ളത് മനോരമയിലും മംഗളത്തിലും വരുന്ന ബോക്സ്‌ കാർട്ടൂണുകൾ ആണ്‌. അത്രേയുള്ളൂ കേരളത്തിൽ. പത്രമാധ്യമകാർട്ടൂണിസ്റ്റുകൾ കൈയാളിയിരുന്ന ഒരു മേഖലയാണ്‌. ഫേസ്ബുക്ക്‌ വന്നതോടു കൂടി പത്രക്കാരുടെ മധ്യസ്ഥതയില്ലാതെ ആർക്കും വരച്ചു ‌ പോസ്റ്റു ചെയ്യാമെന്നായി. ആർക്കും കാർട്ടൂണിസ്റ്റ്‌ ആകാമെന്നായി. കേരളത്തിലെ ആളുകൾ വളരെ സർക്കാസ്റ്റിക്‌ ആണ്‌. എല്ലാം പുച്ഛത്തോടെ കാണുകയും കളിയാക്കുകയും അതോടൊപ്പം നന്നായി തമാശ ആസ്വദിക്കുന്നവരുമാണ്‌.ഞങ്ങൾ കൂട്ടുകാർ ചേരുമ്പോൾ എപ്പോഴും പറഞ്ഞിരുന്ന തമാശകൾ സിനിമയിൽ നിന്നുളളതാണ്‌. കിലുക്കം, ഗോഡ്ഫാദർ അങ്ങനെ പല വിഷ്വൽ കോമഡി സീനുകളാണ്‌ പറഞ്ഞു ചിരിച്ചിരുന്നത്‌. അതിനെ ദൃശ്യത്തിലൂടെയും കൂടെ കൂട്ടണം എന്നുണ്ട്‌. അപ്പോൾ പെട്ടെന്നിങ്ങനെ ട്രോൾ ഒരു സാധ്യതയായി. കാർട്ടൂണിനെ പോലെയുളള ഒരു ഫോം ആയ മെമെയിൽ കൂടി ഇഷ്‌ടമുളള മാറ്റങ്ങൾ വരുത്താം. ചിത്രവും ടെസ്റ്റും തമാശയും ഒക്കെ ഉണ്ടാകും. അതിനെ കേരളം മുഴുവൻ ഏറ്റെടുത്തു തരംഗമാക്കി. പ്രത്യേകിച്ചും യുവതലമുറയാണ് അത്‌ കൊണ്ടാടുന്നത്‌. പൊളിറ്റിക്സ്‌ തന്നെ ആവണമെന്നില്ല , ക്രിക്കറ്റ്‌ ട്രോൾ, സിനിമ ട്രോൾ എല്ലാമുണ്ട്‌. എങ്ങനെ വേണമെങ്കിലും ട്രോൾ ഉപയോഗിക്കാനുളള ഒരു സാധ്യത വന്നു. ഞാൻ മനസ്സിലാക്കിയ മറ്റൊരു കാര്യം, കഴിഞ്ഞ അഞ്ചു വർഷമായി കാർട്ടൂണിന്‌ യാതൊരു പ്രസക്തിയും ഇല്ലെന്നാണ്‌. പത്രത്തിൽ സ്ഥിരമായി വരയ്ക്കുന്നവർ ഒരു ചടങ്ങു പോലെ വരയ്ക്കുന്നെന്നേയുളളൂ. ട്രോളിന്റെ ഒരു പ്രശ്നം എന്താണെന്നു വെച്ചാൽ, അതൊട്ടും ക്രിയേറ്റീവ്‌ ആയ കാര്യം അല്ല കൈകാര്യം ചെയ്യുന്നത് . കാർട്ടൂണിൽ ഉളള കാര്യം ഒരിക്കലും ട്രോളിലില്ല. അത്‌ ഒരു അപഹാസമായിട്ടു തമാശ പറഞ്ഞു പോകുന്നു. ആൾക്കാർ അതു കാണുന്നു. മറക്കുന്നു. എത്രയോ ആയിരം ട്രോളുകളാണ് ദിവസേന അപ്പ്ലോഡ് ചെയ്യപ്പെടുന്നത്. അവ, ആരുടേയും ഉള്ളിലിരിക്കുന്നുമില്ല.
 
മാധ്യമം പത്രത്തിൽ രാകേഷ്‌ എന്നൊരാൾ വരയ്ക്കുന്നുണ്ട്‌. ഞാൻ ശ്രദ്ധിച്ചതിൽ ആൾക്കാർക്ക്‌ ഇപ്പോൾ കുറച്ചെങ്കിലും ഇഷ്ട്ടമുളളത്‌ ആ കാർട്ടൂൺ ആണ്‌. വരച്ചു കഴിഞ്ഞ്‌ ഫേസ്ബുക്കിൽ ഇട്ടാൽ അതിനൊരു വൈറൽ സ്റ്റാറ്റസ്‌ ഉണ്ട്‌. 1K,2K ലൈക്സും, ഒരുപാട്‌ ഷെയറും ഉണ്ട്‌. രാകേഷ്‌ ട്രോളിനോടു അടുത്തു നിൽക്കുന്ന രീതിയിലാണ്‌ വരയ്ക്കുന്നത്‌.

കുട്ടികൾ വലുതായി, അവർക്കു തിരിച്ചറിവുകൾ വന്ന ശേഷമേ മതമൊക്കെ വേണ്ടതുള്ളൂ. അതിനെ സൂചിപ്പിക്കുന്ന കഥയായിരുന്നത്. ഒരു മതത്തെയും പ്രത്യേകമായി പറയാതെ പൊതുവെ എല്ലാ മതങ്ങളെയും വിമർശിച്ചു കൊണ്ടുള്ള ഒരു കഥ

7. പല ഫാസിസ്റ്റുകളും പരീക്ഷിച്ച catch them young പദ്ധതി നടപ്പിലാക്കുന്ന പുരോഹിതനദ്ദേഹത്തിന്റെ യും ചൊറിയുന്ന ചേനയുടെ കൃഷിക്കാരന്റെയും കഥ പറയുന്ന “ചേന” യിലെ രാഷ്ട്രീയത്തെപ്പറ്റി വിശദീകരിക്കാമോ?
 
അടിസ്ഥാനപരമായി ‘ചേന’ മതത്തെ വിമർശിച്ചു കൊണ്ടുള്ള കഥയാണ്. അതെഴുതുമ്പോൾത്തന്നെ അറിയാമായിരുന്നു, മതത്തിൽ വിശ്വസിക്കുന്നവർ ഈ കഥ ഇഷ്ടപ്പെടില്ലയെന്ന്. ദൈവത്തിനെതിരെയും മതത്തിനെതിരെയും നമുക്കു പൊതുവായി സംസാരിക്കാൻ പറ്റും. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ മതവിമർശനം നടത്തുന്ന കഥയാണത്. എല്ലാവരും അത്തരത്തിൽ എഴുതുന്നുണ്ട്. അതിൽപ്പെട്ട ഒരു സാധാരണ കഥയാണ് ചേനയും. അതിലെ കഥാപാത്രങ്ങൾക്കു ഡോക്ടർ, വക്കീൽ എന്നൊക്കെയുള്ള പൊതുപേരുകളാണ് നല്കിയിരിക്കുന്നത്. ചേന കൃഷി ചെയ്യുന്ന ആളുടെ പേരോ മറ്റു കാര്യങ്ങളോ ഒന്നും പറയുന്നില്ല.ഈയടുത്ത കാലത്തായി യൂട്യൂബിലും വാട്ട്സാപ്പിലും മറ്റും വൈറലായ ചില വിഡിയോകൾ നിങ്ങളും കണ്ടിരിക്കുമല്ലോ. അതായത്, ചെറിയ കുട്ടികൾ മതപ്രഭാഷണം നടത്തുന്ന വിഡിയോകൾ. എല്ലാ മതത്തിലും പെട്ട ആളുകൾ അത്തരം വിഡിയോകൾ കൊടുത്തിട്ടുണ്ട്. അതു കണ്ടപ്പോൾ എനിക്കു വളരെ വിഷമം തോന്നി. മതമെന്നത് വലിയ അർത്ഥതലങ്ങളുള്ള സംഭവമാണ്. കുട്ടികൾ അതിനെപ്പറ്റി അറിഞ്ഞു കൊണ്ടായിരിക്കില്ല അങ്ങനെ ചെയ്യുന്നത്. കുട്ടികൾ വലുതായി, അവർക്കു തിരിച്ചറിവുകൾ വന്ന ശേഷമേ മതമൊക്കെ വേണ്ടതുള്ളൂ. അതിനെ സൂചിപ്പിക്കുന്ന കഥയായിരുന്നത്. ഒരു മതത്തെയും പ്രത്യേകമായി പറയാതെ പൊതുവെ എല്ലാ മതങ്ങളെയും വിമർശിച്ചു കൊണ്ടുള്ള ഒരു കഥ.പുറം കാഴ്ചകൾ കണ്ടു പലരും കഥയെ വിമർശിച്ചു. ഇതു കേരളത്തിന്റെയൊരു പ്രത്യേകതയാണ്. കഥ കണ്ടു എന്നാണ് പലരും പറയുക, വായിച്ചു എന്നല്ല.
 
8. അനാറുൾ, വേരറ്റ മരമായി ‘ബംഗാളി കലാപ’ത്തിൽ നിറഞ്ഞു നിൽക്കുന്നു. അനാറൂളിൽ ജപ്പാനിൽ ജീവിക്കുന്ന അമലിന്റെ സ്വത്വം ഉണ്ടോ?
 
നല്ലൊരു ചോദ്യമാണല്ലോ അത്. പലപ്പോഴും ചില കാര്യങ്ങളിൽ എഴുത്തുകാരന്റെ ആത്മാംശം കൂടി കഥാപാത്രത്തിലേക്കു സന്നിവേശിപ്പിച്ച്, കഥ പറയാറുണ്ട്. എന്നെ സംബന്ധിച്ചു, ഞാൻ രണ്ടായിരത്തി അഞ്ചിലാണ് ശാന്തിനികേതനിൽ പഠിക്കാൻ പോകുന്നത്. അതിനു മുമ്പ് നാട്ടിലൊന്നും ഞാൻ ബംഗാളി തൊഴിലാളികളെ കണ്ടിട്ടില്ല. അന്ന്, കേരളമെന്നു പറഞ്ഞാൽ ആർക്കുമറിയില്ല. മദ്രാസിയെന്നാണ് പൊതുവെ തെക്കേയിന്ത്യയിലുള്ളവരെ അവർ വിളിക്കുന്നത്.ശാന്തിനികേതനിലെ പഠനം കഴിഞ്ഞു, നാട്ടിലേക്കു തിരിക്കുന്നത്, രണ്ടായിരത്തി പതിനൊന്നിലാണ്. അന്ന്, ഗുവാഹത്തി എക്സ്പ്രസ്സിലാണ് എനിക്കു ടിക്കറ്റു കിട്ടിയത്. അതു ആസാമിൽ നിന്നു വരുന്ന ട്രെയിനാണല്ലോ. ഞാൻ നില്ക്കുന്നത് ബോൽപൂർ സ്റ്റേഷനിലും. അവിടെ, ഒരു മിനിറ്റു മാത്രമേ ട്രെയിൻ നിർത്തൂ. കുറെ സാധനങ്ങൾ ഉണ്ടായിരുന്നെങ്കിലും കൂട്ടുകാർ കൂടെയുള്ളതിനാൽ യാതൊരു അങ്കലാപ്പുമുണ്ടായിരുന്നില്ല. എന്നാൽ, ട്രെയിനെത്തിയപ്പോൾ ആകെ അമ്പരന്നു പോയി. കാലുകുത്താനിടമില്ലാത്ത പോലെ റിസർവേഷൻ മുറികൾ പോലും തിങ്ങി നിറഞ്ഞിരിക്കുന്നു. എങ്ങനെയോ കൂട്ടുകാരുടെ സഹായത്തോടെ അകത്തു കേറിപ്പറ്റിയെന്നു വേണം പറയാൻ! റിസർവ്വ് ചെയ്ത സീറ്റിലാകട്ടെ ആളുകൾ ഞെരുങ്ങിയിരിക്കുന്നു. ഇതെന്റെ സീറ്റാണെന്നു പറഞ്ഞിട്ടു ആരും ശ്രദ്ധിക്കുന്നു പോലുമില്ല. പിന്നെ, സാധങ്ങളൊക്കെ സീറ്റിനടയിലേക്കു തിരുകി വെച്ച്, എങ്ങനെയോ മുകൾ ബെർത്തിൽ കയറിപ്പറ്റി അവിടെയുള്ളവരോടൊപ്പം സീറ്റു പങ്കു വെച്ചിരുന്നു. മൂന്നു ദിവസവും അങ്ങനെയായിരുന്നു യാത്ര. ഇവരൊക്കെ എന്തിനാണ് കേരളത്തിലേക്കു പോകുന്നതെന്നും അന്നദ്ഭുതപ്പെട്ടിരുന്നു.പിന്നീട്, പ്രസാധകൻ മാസികയുടെ ഓണപ്പതിപ്പിൽ, ‘ബംഗാൾ കലാപം’ എന്ന പേരിൽ ആ യാത്രയെപ്പറ്റി ഒരു നീണ്ടകഥ പോലെ എഴുതിയിരുന്നു. എന്റെ നാടായ പിരപ്പൻകോടും വെഞ്ഞാറമൂടിലുമൊക്ക ഒരുപാട് ഹോളോബ്രിക്‌സ് കടകളുണ്ട്. അവിടെയൊക്കെ ബംഗാളികളും ആസാമികളും ജോലി ചെയ്യുന്നതു കണ്ടിട്ടുണ്ട്. അങ്ങനെയിരിക്കെ, മാവേലിക്കരയിൽ അദ്ധ്യാപകനായി ജോലി കിട്ടി. അവിടെ ചെന്നപ്പോഴാണ്, മുടിവെട്ടുന്ന കടകളിൽ വരെ ബംഗാളികളെ കണ്ടത്. അവരോടു ബംഗാളിയിൽ സംസാരിച്ചു അവരുടെ കഥകളൊക്കെ കേട്ടു.പിന്നീടാണ് ഞാൻ ജപ്പാനിൽ വരുന്നത്. ജാപ്പനീസ് പഠിക്കുന്നതിനോടൊപ്പം ഒരു കൊറിയർ കമ്പനിയിൽ പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു. ജോലിക്കു പോകുന്ന വഴിയിലെ ചില കാഴ്ചകൾ എന്റെയുള്ളിൽ ഉടക്കി നിന്നു. വിയറ്റ്നാമീസ്, ശ്രീലങ്കൻസ്, ബംഗാളികൾ തുടങ്ങിയവരെ തിക്കിനിറച്ച വണ്ടികൾ. അവരാണ്, ഇവിടെയുള്ള തൊഴിലാളികൾ. അതിനിടയിൽ ഇന്ത്യക്കാരില്ല. ഇന്ത്യക്കാർ, ഇവിടെ പ്രധാനമായും ഐ.ടി മേഖലയിലാണ് ജോലി ചെയ്യുന്നത്. അതിനാൽത്തന്നെ, ഞാൻ ജോലിക്കു ചെന്നപ്പോൾ ഇന്ത്യക്കാരനോ എന്നൊരദ്‌ഭുതം അവരിലുണ്ടായിരുന്നു. അങ്ങനെ അവരുടെ കൂടെ ജോലിക്കു പോകുന്നതിനിടയിലാണ് ഞാൻ പഴയ ട്രെയിൻ യാത്രയെക്കുറിച്ചാലോചിക്കുന്നത്. അതും പിന്നെ, റോഹിൻഗ്യൻ പ്രശ്നം, ഇന്ത്യയിലെ പൗരത്വപരിഷ്ക്കരണം, രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവയും ഞാൻ കണ്ട ആസാം കാഴ്ചകളുമൊക്കെ ചേർന്നാണ് അനാറൂൾ ഇസ്ലാം എന്ന കഥാപാത്രവും ‘ബംഗാളി കലാപം’ എന്ന നോവലും ഉണ്ടായത്. ഇവിടെ, ജപ്പാനിലിരുന്നാണ് അതു വികസിപ്പിച്ചു നോവലാക്കിയത്.
 
9.’കടല് കരയെടുക്കുന്ന രാത്രി’ – എന്റെ ഇഷ്ടകഥകളില് ഒന്നാണ്‌.അതില് വളരെ ശക്തയായ ഒരു കഥാപാത്രമുണ്ട്. ക്ലോഡിയ. ക്ലോഡിയ കഥയിലേയ്ക്ക് [പ്രവേശിക്കുന്നതുപോലും ഒരു ഭീകരരൂപിയായിട്ടാണ്‌. ആ കഥാപാത്രത്തെ എങ്ങനെയാണു കണ്ടെത്തിയത്? ആ കഥാപരിസരം ഒന്നു വിശദീകരിക്കാമോ?
 
തിരുവനന്തപുരത്തിന്റെ ഗ്രാമപ്രദേശങ്ങളില്, പുരുഷന്മാരേക്കാള് ശക്തരായ സ്ത്രീകളെ കണ്ടിട്ടുണ്ട്. നമ്മളെ അവര്ക്ക് പരിചയമൊന്നുമുണ്ടാവില്ല. അവരുമായി ഇടപഴകുമ്പോള് അവരുടെ പല രീതികളും നമ്മളെ വല്ലാതെ ആകര്ഷിക്കാറുണ്ട്. വളരെ ശക്തമായ നിലപാടുകള് ഉള്ളവരാണവര്. പലരും ഒരു കുടുംബത്തിന്റെ ഭാരമൊക്കെ ചുമക്കുന്നവരായിരിക്കും. ആ ഭാരമാണ്‌ അവര്ക്ക് ശക്തി പകരുന്നത്. അതുകൊണ്ടുതന്നെ അവര്ക്ക് ധീരമായ നിലപാടുകളെടുക്കേണ്ടിവരും. പുരുഷന്മാര് മാത്രം ചെയ്തുകൊണ്ടിരുന്ന പല ജോലികളും അവര് ഏറ്റെടുക്കാറുണ്ട്. ഇറച്ചിവെട്ടുന്ന ഒരു സ്ത്രീയെക്കുറിച്ച് ഞാന് എഴുതിയിട്ടുണ്ട്. ചില പണികളൊക്കെ സാധാരണക്കാര്ക്ക് ചെയ്യാന് പറ്റുന്നതുകൂടിയല്ല. കടലില് പോകുന്നവരുണ്ട്. മാലിന്യം കടലില് ഉപേക്ഷിക്കുന്ന ഒരു രീതി ഞാന് കണ്ടിട്ടുണ്ട്. പല രാജ്യങ്ങളും ഇലക്ട്രോണിക് മാലിന്യങ്ങള് പോലും കടലില് തള്ളുന്നതായി കേട്ടിട്ടുണ്ട്. ജൈവമാലിന്യവുമായി കടലില് പോകുന്നവളാണ്‌ ക്ലോഡിയ. പല കഥാപാത്രങ്ങളെ കൂട്ടിയോജിപ്പിച്ചാണ്‌ ഞാന് ക്ലോഡിയയെ നിര്മ്മിക്കുന്നത്. ഒരു വലിയ പാരിസ്ഥിതികപ്രശ്നം കൂടി ആ കഥ ചര്ച്ച ചെയ്യുന്നുണ്ട്.
 

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടക്കുന്നത് ടോക്യോയിലാണ്‌. കഥകളിലെഴുതിയാല്‍പ്പോലും ജനങ്ങള്‍ വിശ്വസിക്കാത്ത സ്വഭാവവൈരുദ്ധ്യങ്ങളുള്ള ആള്‍ക്കാര്‍ ഒട്ടേറെയുള്ള സ്ഥലമാണ്‌. മുറിയില്‍ നിന്നു തീരെ പുറത്തിറങ്ങാത്തവര്‍ ഉണ്ടിവിടെ.

10‌.ജപ്പാന്‌കാര് പൊതുവേ ശാന്തപ്രകൃതരാണ്‌. അവരെ അങ്ങനെയാണ്‌ കണ്ടിരിക്കുന്നത്. അന്തര്മുഖത്വം ഒരു പൊതുസ്വഭാവധാരയാണെന്നുകൂടി പറയാമെന്നു തോന്നുന്നു. ഗൗരവക്കാരാണ്‌. പക്ഷേ, ആള്ക്കൂട്ടത്തിനൊപ്പം ചേരാനും കൂട്ടം കൂടാനുമൊക്കെയുള്ള ഒരു ഡീഫോള്ട്ട് ഡിസൈന് ആണു മലയാളിയുടേത്. ആ മലയാളികളിലൊരാളായ അമല് എങ്ങനെയാണ്‌ അവിടെ ഒത്തുപോകുന്നത്? മലയാളിയുടെ ഏകാന്തതയ്ക്കല്ലേ ജപ്പാന്‌കാരന്റേതിനേക്കാള് ഭാരം കൂടുതലുള്ളത്?
 
 
വളരെ ശരിയാണ്‌. ഞാനത് വല്ലാതെ അനുഭവിക്കുന്നുണ്ടെന്നുള്ളത് സത്യമാണ്‌. ടോക്യോ, ഒസാക്ക പോലുള്ള വലിയ നഗരങ്ങളിലേയ്ക്ക് അവര് വന്നുകൂടുന്നുണ്ടെങ്കിലും അവര് നമ്മളെപ്പോലെ അധികം കൂട്ടം കൂടുന്നില്ല. നഗരങ്ങളിലാണ്‌ എനിക്കും കൂടുതലായി അത് അനുഭവപ്പെട്ടത്. ഗ്രാമങ്ങള് വളരെ മനോഹരങ്ങളാണ്‌. അവിടെയൊക്കെ പോയാല് നമുക്ക് തിരിച്ചുവരാന് കൂടി തോന്നുകയില്ല. നഗരജീവികളെപ്പോലെയല്ല ഗ്രാമവാസികള്. അവരൊക്കെ തമ്മില് അവിടെ നല്ല ബന്ധങ്ങളും അടുപ്പവുമാണ്‌. അവര് പരസ്പരം കാര്യങ്ങളില് ഇടപെടും. പക്ഷേ നഗരവാസികള് പൊതുവേ സ്വന്തം കാര്യങ്ങള് നോക്കി ഒതുങ്ങുന്നവരാണ്‌. കൊറോണവ്യാപനം പോലും അവിടെ കുറവായതിന്റെ ഒരു കാരണം ഈ അകന്നുനില്ക്കലുകളാണ്‌. ഞാനൊരു ഉദാഹരണം പറയാം. ഞാനൊരു റെസ്റ്റോറന്റില് ജോലി ചെയ്യുന്ന കാലം. കൂടെ തൊട്ടടുത്തുനിന്നു ജോലി ചെയ്യുന്നയാള് ഏതാണ്ട് ആറുമാസത്തോളം കഴിഞ്ഞാണ്‌ ഞാന് ഏതുരാജ്യത്തുനിന്നു വന്നതാണെന്നുകൂടി അന്വേഷിക്കുന്നത്. അതുപോലെ മറ്റൊരു സ്ഥലത്തെ സഹപ്രവര്ത്തകന്. അദ്ദേഹമാണെങ്കില് വളരെ ബഹുമാനത്തോടുകൂടി എല്ലാവരോടുമൊക്കെ പെരുമാറുന്നയാളാണ്‌. ഒന്നു രണ്ടു പ്രാവശ്യം അയാളോട് പറഞ്ഞിട്ടുണ്ട് ഞാന് ഇന്ത്യക്കാരനാണെന്നുള്ള കാര്യ. കഴിഞ്ഞയാഴ്ച വീണ്ടും ചോദിച്ചു ഞാന് ഏതുരാജ്യത്തുനിന്നു വന്നതാണെന്ന്‌. എനിക്കയാളോട് മനസ്സിലപ്പോള് ദേഷ്യം തോന്നി. തൊട്ടടുത്തുള്ള ആള്ക്കാരോടുപോലും അടുപ്പം കാണിക്കാത്തവരാണ്‌ കൂടുതലും.
ലോകത്തില് ഏറ്റവും കൂടുതല് ആത്മഹത്യകള് നടക്കുന്നത് ടോക്യോയിലാണ്‌. കഥകളിലെഴുതിയാല്പ്പോലും ജനങ്ങള് വിശ്വസിക്കാത്ത സ്വഭാവവൈരുദ്ധ്യങ്ങളുള്ള ആള്ക്കാര് ഒട്ടേറെയുള്ള സ്ഥലമാണ്‌. മുറിയില് നിന്നു തീരെ പുറത്തിറങ്ങാത്തവര് ഉണ്ടിവിടെ. അനിമേഷന്, കോമിക്‌സ്, കമ്പ്യൂട്ടര് ഒക്കെയായി മുറിയില് അടച്ചുകൂടുന്നവര്. നിരവധിയുണ്ട്. ഭക്ഷണമൊക്കെ പുറത്തുനിന്ന് വരുത്തും. കോറോണക്കാലത്ത് അങ്ങനെയുള്ളവര് മറ്റുള്ളവര്ക്കുമുമ്പില് പരിശുദ്ധരായി മാറിയിട്ടുണ്ട്. അവരെ സംബന്ധിച്ചിടത്തോളം സാമൂഹിക അകലം ഒരു പുതിയ സംജ്ഞയല്ല. ഞാനിവിടെ തുറന്നു സംസാരിക്കുന്നതുപോലും എന്റെ ഭാര്യ കുമിക്കോയോടു മാത്രമാണ്‌. മാതാപിതാക്കള് കുറച്ചു ദൂരെയായതിനാല് അവരെ എന്നും കാണുന്നില്ലല്ലോ. 16 വയസ്സൊക്കെ കഴിഞ്ഞാല് പൊതുവേ എല്ലാവരും സ്വതന്ത്രരാണ്‌. പക്ഷേ, കുടുംബബന്ധങ്ങള് ദൃഢമാണ്‌. കുട്ടികളോടൊക്കെ വളരെ ബഹുമാനമാണ്‌, മുതിര്ന്നവര്ക്കും. അപരിചിതരോട് പൊതുവേ അത്ര പെട്ടെന്ന് അടുക്കാറില്ല. നമ്മള് മലയാളികളെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരവസ്ഥ ബുദ്ധിമുട്ടേറിയതായിരിക്കും. പോണ്ടിച്ചേരി സര്വ്വകലാശാലയിലുണ്ടായിരുന്ന, എഴുത്തുകാരനായ  വി. എച്ച്, നിഷാദിന്റെ  സുഹൃത്ത് പ്രഭാത് ഇവിടെ ജപ്പാനിലുണ്ട്. ഭാര്യ ജപ്പാന്കാരിയാണ്‌. ഒരു ഗ്രാമത്തിലാണ്‌ അവര് താമസിക്കുന്നത്. ഞാന് പോയി കണ്ടിരുന്നു. വളരെ നല്ല ഒരു അനുഭവമായിരുന്നു, എനിക്കത്.
 

ഒന്നരമണിക്കൂറോളം സമയം വായനക്കാരോടു സം‌വദിച്ചതിനു വായനാരാമം അംഗങ്ങള് അമലിനോടു നന്ദി പറഞ്ഞു.

Print Friendly, PDF & Email