ഓർമ്മ

ആകാശം തുറന്നിട്ട ആശ്ലേഷങ്ങൾനമ്മൾ എങ്ങനെ ജീവിച്ചു എന്നതിന് വലിയ പ്രാധാന്യമൊന്നുമില്ല .നമുക്കത് എങ്ങനെ ഓർത്തെടുക്കാൻ കഴിയുന്നു എന്നതാണ് പ്രധാനം.
അഗാധമായ ആശ്ലേഷങ്ങളുടെ ഉയിർത്തെഴുന്നേൽപ്പ് പോലെയാണ് ചില സായാഹ്നങ്ങളിൽ ഓർമ്മകൾ ലിഫ്റ്റ് കയറി വരുന്നത് .അവ ചിലപ്പോൾ കോവിഡ് ഭീതിയിൽ മരവിച്ച ചുമരുകൾ നിറയ്ക്കും .മൂന്ന് ദശകങ്ങൾക്ക് മുമ്പ് കൊച്ചിയിലെ മുല്ലശ്ശേരി കനാലിലെ മൂലയ്ക്കുള്ളൊരു കെട്ടിടത്തിൽ പോയി പരീക്ഷയെഴുതിയതും പിന്നീട് അടിവസ്ത്രം മാത്രമിട്ട് വൈദ്യ പരിശോധനയ്ക്കായി അക്ഷമരായി ഇരുന്നതും എങ്ങനെ മറക്കാനാണ് .രണ്ടോളം മണിക്കൂറെടുത്ത് ആ വലിയ പുസ്തകങ്ങൾ പൂരിപ്പിച്ച് നൽകിയ ക്ഷമ .
എല്ലാം ജീവിതത്തിൽ പുതിയൊരു തുടക്കമുണ്ടാകുമെന്ന പ്രതീക്ഷയിൽ ,ഒടുവിൽ യാത്രയയക്കാൻവന്ന വീട്ടുകാരോട് കൈവീശി ഒന്നിച്ചൊരു കമ്പാർട്ട്മെന്റിൽ .
മരബെഞ്ചിൽ കനത്ത മൗനം പോലും സൗഹൃദത്തിലെ ആദ്യത്തെ ഖണ്ഡികയായിരുന്നു .ബാംഗ്ലൂരിൽ ഇറങ്ങിയ മകരമഞ്ഞിൽ അകന്നു നിന്ന കൈവിരലുകൾ പോലും തണുത്തു വിറച്ചു
.റെയിൽവേ സ്റ്റേഷനിൽ നിന്ന് യൂണിറ്റ് വരെ ഒരു വണ്ടിയിൽ കയറി പരിഭ്രമത്തോടെ ഇരുന്നപ്പോൾ ഇടയ്ക്കാരോ ചിരിച്ചത് എല്ലാവരും ഏറ്റെടുത്തു
മെസ്സിൽ എത്തിയയുടനെ ആരെങ്കിലും ചായ തരുമെന്ന് വെറുതെ പ്രതീക്ഷിച്ചപ്പോൾ കിട്ടിയ സ്റ്റീൽ മഗ്ഗിന്റെ വലിപ്പം കണ്ട് അന്താളിച്ചെങ്കിലും കിട്ടിയ ചായ ഊതികുടിച്ചപ്പോഴും , നാമമാത്രമായി ജാമും ബട്ടറും പുരട്ടിയ ബ്രഡ് കിട്ടിയപ്പോൾ,,എത്രയോ വർഷങ്ങളിലേക്കുള്ള ഞായറാഴ്ചത്തെ പ്രാതൽ അതായിരിക്കും എന്ന് അപ്പോൾ ഓർത്തില്ല
പരിശീലനത്തിന്റെ ബാലപാഠങ്ങൾ .അന്യസംസ്ഥാനക്കാരുടെ മുഖങ്ങളെല്ലാം ഒരു പോലെയാണല്ലോഅന്ന് തോന്നിയിരുന്നു ,അവരുടെ ഭാഷയും പേരും പഠിച്ചെടുക്കാൻ അധിക നാളുകൾ വേണ്ടിവന്നില്ല. നിറയെ വിശേഷങ്ങൾ നിറച്ച കത്തുകൾ വരുന്ന ഉച്ചനേരം. പേരറിയാത്ത ആഘോഷങ്ങളിൽ പോലും ഒന്നിച്ച് തിമിർത്ത നാളുകൾ.
 

ഇന്ത്യയെന്ന ഭൂപടത്തിൽ തലങ്ങനേയും വിലങ്ങനെയും എല്ലാ അതിർത്തികളും മായ്ച്ച് പേരറിയാത്ത ഇടങ്ങളിൽ പോയി, വിശപ്പും, രുചിയും മാത്രം നോക്കിക്കഴിച്ച ഭക്ഷണങ്ങൾ.

അവധിയ്ക്ക് നാട്ടിൽ പോകാനെത്ര ദിവസം ബാക്കിയുണ്ടെന്ന് എണ്ണിക്കൊണ്ടിരുന്നു .പരിശീലനം പൂർത്തിയാക്കി വിവിധ യൂണിറ്റിൽ പോകുമ്പോൾ സ്ഥിരപ്പെടുത്തിയ ജോലിയായ സന്തോഷമാണോ കൂടെയുള്ളവരെ പിരിയുന്ന സന്താപമാണോ ഉണ്ടായത്?
യൂണിറ്റിൽ മറ്റൊരു ലോകം .മല്ലു ബില്ലറ്റിന്റെ വിശാല ലോകം .സമസ്ത സങ്കടങ്ങൾക്കും പോംവഴി വെട്ടിത്തുറക്കുന്ന കുറേപ്പേർ അവിടെക്കാണും .ഓരോ നിർഭാഗ്യങ്ങളിലും അവസ്ഥകളിലും പെട്ട് ഗതി കിട്ടാതെ ഉഴറുമ്പോൾ അതൊക്കെ ശരിയാകും എന്ന് പറഞ്ഞ് പുറത്തേയ്ക്ക് തട്ടാൻ കുറച്ചു പേർ.
പേരും സ്ഥലവും അറിയാത്ത സ്ഥലത്തേയ്ക്ക് ടി ഡി എന്ന പേരിൽ യാത്രപോകുമ്പോൾ റിസർവേഷനില്ലാത്ത തീവണ്ടിയാത്രകളിൽ കൂടെ ഇരിക്കാൻ മറ്റൊരാൾ കൂടെ ഉണ്ടെന്ന് അറിയുമ്പോളുള്ള ആശ്വാസം .പിന്നെ റോഡ് മാർഗം പോകുമ്പോഴുള്ള ആഹ്ലാദത്തിന്റെ ആകാശങ്ങൾ .എവിടെപ്പോയാലും ഇരുളിന്റെ ആദ്യപകുതിയിൽ മരക്കസേരയിലിരുന്ന് ലഹരി പങ്കുവെയ്ക്കാനുള്ളവർക്ക് ചില്ല് ഗ്ലാസ് മുട്ടിയ്ക്കാം .അല്ലാത്തവർക്ക് പകുതി വെന്ത ഓംലറ്റിന്റെ അരികും മൂലയും കഴിയ്ക്കാം.
പിന്നെപ്പോഴോ സ്വന്തമായ ബൈക്കിൽ അവധി ദിവസങ്ങളുടെ അതിരില്ലാത്ത സ്വാതന്ത്ര്യം ഊറ്റിക്കുടിക്കാൻ ഓടിത്തീർത്ത പാതകൾ.
പിന്നീട് കുടുംബവും കുട്ടികളും ആയപ്പോഴും വലിയൊരു കൂട്ടുകുടുംബമായ അവസ്ഥ.
ഇന്ത്യയെന്ന ഭൂപടത്തിൽ തലങ്ങനേയും വിലങ്ങനെയും എല്ലാ അതിർത്തികളും മായ്ച്ച് പേരറിയാത്ത ഇടങ്ങളിൽ പോയി, വിശപ്പും, രുചിയും മാത്രം നോക്കിക്കഴിച്ച ഭക്ഷണങ്ങൾ.
കൊടുംതണുപ്പിലും പൊരിവെയിലത്തും അജ്ഞാതനായ ശത്രുവിനെതിരെ ജാഗ്രത പുലർത്തി. മഴപെയ്യുമ്പോൾ നാടിനെയോർത്തു.
ഒടുവിൽ ഔദ്യോഗിക കുപ്പായം ഊരിവെയ്ക്കുമ്പോൾ കൂട്ടുകാർ തരുന്ന യാത്രയപ്പിൽ എന്ത് പറയണമെന്നറിയായതെ കണ്ഠമിടറിയോ ?
മാർക്കോസ് എപ്പോഴോ പറഞ്ഞിട്ടുണ്ട് .നമ്മൾ എങ്ങനെ ജീവിച്ചു എന്നതിന് വലിയ പ്രാധാന്യമൊന്നുമില്ല .നമുക്കത് എങ്ങനെ ഓർത്തെടുക്കാൻ കഴിയുന്നു എന്നതാണ് പ്രധാനം.
Print Friendly, PDF & Email

About the author

മുരളി മീങ്ങോത്ത്

ഇന്ത്യന്‍ വ്യോമസേനയിലായിരുന്നു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.