LITERATURE Uncategorized അഭിമുഖം സംവാദം 

കഥയുടെ ചന്ദ്രികാവസന്തംഎഴുതിത്തുടങ്ങുന്ന കാലത്ത് സമൂഹം ഇടപെടല്‍ നടത്തി വിഴുങ്ങിക്കളഞ്ഞ എഴുത്തുകാരിയാണ്‌ ചന്ദ്രിക. എഴുത്തിന്‍റെ ദേവതയ്ക്കും ചന്ദ്രികയ്ക്കുമിടയില്‍ ആ മരുഭൂമിക മാറാതെ നിലകൊണ്ടത് ഏതാണ്ട് ഒന്നര വ്യാഴവട്ടത്തിലധികം. ഗ്രഹണത്തിനുശേഷം, ഒളിയുദ്ധങ്ങളുടെ ചുവടുകള്‍ കൃത്യമായി പഠിച്ചെടുത്ത്, ആത്മരക്ഷയ്ക്കുള്ള മന്ത്രങ്ങള്‍ മന:പാഠമാക്കി, നഷ്ടമായെന്നു പലരും കരുതിയ ചാന്ദ്രപരിവേഷങ്ങളണിഞ്ഞ്, പുറത്തുവന്ന ചന്ദ്രമതി പഴയ ചന്ദ്രിക തന്നെയാണെന്ന് തിരിച്ചറിയാന്‍ കാലം കുറെയെടുത്തു. അതൊരു പകരം‌വീട്ടലായിരുന്നു. ആവിഷ്ക്കാരസ്വാതന്ത്ര്യങ്ങള്‍ക്കുമേല്‍ വിലങ്ങിട്ടു പൂട്ടാനിറങ്ങിയ സമൂഹത്തോടുള്ള പകരം ചോദിക്കലുക്കള്‍. കാലവും അതിനു കൂട്ടുനിന്നു. ഒരുപക്ഷേ, എഴുത്തിന്‍റെ പുതുതലമുറയ്ക്കു കിട്ടിയ ആ സ്വാതന്ത്ര്യം പോലും ചന്ദ്രമതിയെപ്പോലുള്ള അപൂര്‍വ്വം ചിലര്‍ കലാപം നടത്തി നേടിക്കൊടുത്തതാണ്‌. എഴുത്തുവഴികളില്‍ നേരിട്ട പരീക്ഷകളെക്കുറിച്ച്, വെല്ലുവിളികളെക്കുറിച്ച് കഥാകാരി ചന്ദ്രമതി മനസ്സുതുറക്കുകയാണ്‌, കാനഡയിലെ വായനാരാമം അംഗങ്ങള്‍ക്കു മുമ്പാകെ.
നിരവധിപ്പേർ പങ്കെടുത്ത സംവാദത്തിലേക്കു ചന്ദ്രമതി ടീച്ചറെ സ്വാഗതം ചെയ്തത് ഡോക്ടർ. സലീമയാണ്.
ചോദ്യോത്തരങ്ങളിലെ പ്രസക്തഭാഗങ്ങ
 
 സ്ത്രീ എങ്ങനെയായിരിക്കണം എന്നുള്ള സമൂഹത്തിന്റെ മുഖ്യധാരാ വിശ്വാസങ്ങളെ അല്ലെങ്കിൽ സങ്കല്പങ്ങളെ അട്ടിമറിക്കുന്ന കഥാപാത്രങ്ങൾ ആണ് ടീച്ചറിന്റേത്. പ്രത്യേകിച്ച് ആദ്യകാലങ്ങളിൽ എഴുതിയ കഥകളിൽ. അതുപോലെത്തന്നെ അക്കാലത്തു കൈകാര്യം ചെയ്തിരുന്ന വിഷയങ്ങളുടെ പേരിൽ വളരെയധികം വിമർശനങ്ങളും ദുരനുഭവങ്ങളും നേരിടേണ്ടി വന്നിട്ടുമുണ്ട്. വാക്കിന്റെയും വിജ്ഞാനത്തിന്റെയും ദേവതയായി സരസ്വതീദേവിയെ പ്രതിഷ്ഠിക്കുകയും അതെസമയം സ്ത്രീകൾക്കു വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്തിരുന്ന നാടാണ് നമ്മുടേത്. പിന്നീട് ചില മാറ്റങ്ങൾ ഉണ്ടായെങ്കിലും ടീച്ചറടക്കമുള്ള മിക്ക എഴുത്തുകാരികൾക്കും അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്നങ്ങൾ ചെറുതൊന്നുമല്ല. ഇപ്പോഴും ഒരുപാടൊന്നും മാറിയിട്ടില്ലെങ്കിലും ഈ സൈബർ യുഗത്തിൽ എഴുത്തിന്റെ കാര്യത്തിൽ സ്ത്രീകൾ കുറേക്കൂടി സ്വതന്ത്രരായിരിക്കുന്നു എന്നുവേണം കരുതാൻ. അല്ലെങ്കിൽ അവർക്കായൊരിടം തുറന്നു കിട്ടിയെന്നു തോന്നുന്നു. അതിന്റേതായ ഗുണവും ദോഷവുമുണ്ട്. ഈ സൈബർ യുഗത്തിലെ എഴുത്തിനെ ടീച്ചർ എങ്ങനെ നോക്കിക്കാണുന്നു?

എന്റെ കുടുംബത്തിൽ പെൺകുട്ടികളെയൊന്നും പതിനെട്ടു വയസ്സുകഴിഞ്ഞാൽ ജീവിക്കാൻ സമ്മതിക്കുകയില്ല. കൊന്നുകളയുകയല്ല. അത് വളരെ ആലങ്കാരികമായിട്ടുള്ള കൊല്ലലാണ് ‌. പതിനെട്ടു വയസ്സായാൽ കല്യാണം. കല്യാണം കഴിച്ചു കഴിഞ്ഞാൽപ്പിന്നെ അയാൾ വരയ്ക്കുന്ന വരയ്ക്കപ്പുറം പോകാൻ പറ്റില്ലല്ലോ. അടങ്ങിക്കിടന്നോളും. അങ്ങനെയൊരു ധാരണയുള്ള വളരെ യാഥാസ്ഥിതികമായൊരു തറവാടായിരുന്നു എന്റേത്.

ഞാൻ എഴുതിത്തുടങ്ങിയത് എഴുപതുകളിലാണ്. ആ കാലഘട്ടത്തിലെ സമൂഹം എത്രത്തോളം യാഥാസ്ഥിതികമായിരുന്നുവെന്ന് അന്നു കേരളത്തിൽ ഉണ്ടായിരുന്നവർക്കറിയാം. ഇന്ന്, ഫെമിനിസമൊക്കെ വളരെ ശക്തമായിട്ടുള്ള സമയമാണ്. അതുകൊണ്ടുതന്നെ ഇന്ന് സ്ത്രീകൾക്ക് ഒരുപാട് പ്രാധാന്യം കിട്ടുന്നുണ്ട്. പക്ഷെ അന്ന് ഒരുപാട് പോരാട്ടങ്ങൾ കഴിഞ്ഞിട്ടാണ് ശ്രദ്ധിക്കപ്പെടാനുള്ള ഒരവസരം സ്ത്രീകൾക്കു കിട്ടിയത്. ഒരുപാട് പെണ്ണുങ്ങൾ എഴുപതുകളിൽ എഴുതിയിരുന്നു. നിങ്ങളൊക്കെ എഴുപതുകളിലെ ആനുകാലികസാഹിത്യവുമായി പരിചയമുള്ളവരാണോ എന്നറിയില്ല. അന്ന് വളരെ ശക്തമായി എഴുതിയിരുന്ന സ്ത്രീകളുണ്ടായിരുന്നു. ഞാൻ, ഗ്രേസി, കുമാരി ബി.സുനന്ദ, ലത, പിന്നെ സുമിത്ര വർമ്മ, എം.ജി.രാധാകൃഷ്ണന്റെ ഭാര്യ പദ്‌മജ, അവരുടെ ഇരട്ടസഹോദരി അന്തരിച്ച ഗിരിജ… അങ്ങനെ പത്തുപതിനഞ്ചു പെണ്ണുങ്ങൾ അന്നു ശക്തമായി എഴുതിയിരുന്നു. അതിന്റെയൊരു സമാനത എന്തായിരുന്നെന്നുവച്ചാൽ, നമ്മളൊക്കെ കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നാണെഴുതിയിരുന്നെങ്കിലും ഞങ്ങളനുഭവിച്ച പ്രശ്നങ്ങൾ ഏതാണ്ടൊരുപോലെത്തന്നെയായിരുന്നു. ഒത്തിരിയെതിർപ്പുകൾ എല്ലാവർക്കും ഉണ്ടായിരുന്നു. പെണ്ണുങ്ങൾ സംസാരിക്കാൻ പാടില്ല എന്നു വിശ്വസിച്ചിരുന്ന ഒരു യാഥാസ്ഥിതിക സമൂഹം. പെണ്ണുങ്ങൾ സംസാരിക്കുകയാണെങ്കിൽ വല്ല ഭക്തിവിഷയങ്ങളോ, പുരാണങ്ങളോ ചർച്ച ചെയ്തോളൂ, എഴുതുകയാണെങ്കിൽ പുരാണ കഥകളൊക്കെയാണെങ്കിൽ കുഴപ്പമില്ല. പ്രത്യേകിച്ച് കല്യാണം കഴിക്കാത്ത പെൺകുട്ടികൾ ദാമ്പത്യത്തെക്കുറിച്ചെഴുതാൻ പാടില്ല. അവിഹിതബന്ധത്തെക്കുറിച്ചെഴുതാൻ പാടില്ല. അങ്ങനെയെന്തെങ്കിലും എഴുതിയാൽ അവൾക്കെന്തെങ്കിലും ഒക്കെയുണ്ട് എന്നു പറഞ്ഞു പുറകെ നടക്കുന്ന കുറെ പാപ്പരാസികൾ ഉണ്ടായിരുന്നു. അവരന്നുമുണ്ട്, ഇന്നുമുണ്ട്.
 
ഇന്നും പ്രശ്നങ്ങൾ മാറിയിട്ടില്ല എന്നു പറയുന്നത് ശരിയാണ്. പക്ഷേ, അന്നത് കുറച്ചു കൂടുതലായിരുന്നു. എന്റെ കാര്യത്തിലത്‌ വളരെ കൂടുതലായിരുന്നു. തീക്ഷ്ണതയുള്ളതായിരുന്നു. വെള്ളായണിയിലെ ഒരു ഗ്രാമമായിരുന്നു എന്റേത്. അവിടെ ഏറ്റവും യാഥാസ്ഥിതികമായ ഒരു കുടുംബത്തിലായിരുന്നു ഞാൻ ജനിച്ചത്. എന്റെ കുടുംബത്തിൽ പെൺകുട്ടികളെയൊന്നും പതിനെട്ടു വയസ്സുകഴിഞ്ഞാൽ ജീവിക്കാൻ സമ്മതിക്കുകയില്ല. കൊന്നുകളയുകയല്ല. അത് വളരെ ആലങ്കാരികമായിട്ടുള്ള കൊല്ലലാണ്‌. പതിനെട്ടു വയസ്സായാൽ കല്യാണം. കല്യാണം കഴിച്ചു കഴിഞ്ഞാൽപ്പിന്നെ അയാൾ വരയ്ക്കുന്ന വരയ്ക്കപ്പുറം പോകാൻ പറ്റില്ലല്ലോ. അടങ്ങിക്കിടന്നോളും. അങ്ങനെയൊരു ധാരണയുള്ള വളരെ യാഥാസ്ഥിതികമായൊരു തറവാടായിരുന്നു എന്റേത്. എന്റെ കഥകൾ മാതൃഭുമിയിലൊക്കെ വരാൻ തുടങ്ങിയപ്പോൾ, ഇവൾക്കിതൊക്കെ എങ്ങനെയറിയാം, ഇവളെങ്ങനെ ഭാര്യാഭർതൃ ബന്ധത്തെക്കുറിച്ചെഴുതുന്നു തുടങ്ങിയ ചോദ്യങ്ങൾ ഇവരുടെയൊക്കെ മനസ്സിലും പിന്നെ വായിക്കുന്നവരുടെ മനസ്സിലും എന്റെ അധ്യാപകരുടെ മനസ്സിലുമൊക്കെയുണ്ടായിരുന്നു. തുറന്നെഴുതാൻ കൊള്ളാമോ എന്നൊക്കെയുള്ള ചോദ്യങ്ങൾ. അതിനോടൊക്കെ പൊരുതാൻ വലിയ പാടായിരുന്നു
.
ഇന്നിപ്പോൾ കാനഡയിൽ താമസിക്കുന്ന നിങ്ങൾക്ക്, ഒരുപക്ഷെ മനസ്സിലാക്കാൻ പ്രയാസം കാണും. പക്ഷെ അന്നൊക്കെ സ്ത്രീകളെ കല്യാണച്ചന്തയിലെ ഒരു വില്പനച്ചരക്കായിട്ടായിരുന്നു കരുതിയിരുന്നത്. അപ്പോൾ ഞാൻ എഴുതുന്ന ഓരോ കഥയും എന്റെ വിവാഹച്ചന്തയിലെ മൂല്യം ഇടിച്ചുകൊണ്ടിരുന്നു. ഇങ്ങനെയാണെങ്കിൽ എന്നെ ആരു കെട്ടുമെന്നോർത്ത് എന്റെ അമ്മക്കൊക്കെ വലിയ സങ്കടമായിരുന്നു. അമ്മാവന്മാരെക്കൊണ്ട് തല്ലിപ്പിക്കുകയൊക്കെ ചെയ്തു. പക്ഷെ ഞാൻ നന്നാവില്ലായിരുന്നു. തല്ലേണ്ടമ്മാവാ ഞാൻ നന്നാവില്ല എന്നു പറഞ്ഞതുപോലുള്ള പെണ്ണായിരുന്നു. അതുകൊണ്ടാണെനിക്കിന്നിവിടെ എത്താൻ പറ്റിയത്.

എന്നിട്ടും അതിനെയൊക്കെ മറികടന്നു ഒരുപാടൊക്കെ എഴുതി. പക്ഷെ, the last straw that broke the camel’s back എന്നു പറഞ്ഞതു പോലെ ചില സംഭവങ്ങൾ ഒരുമിച്ചുവന്ന് എന്നെക്കൊണ്ട് പേന താഴെ വയ്പ്പിച്ചു. അതാണ് ആ പതിനെട്ടു വർഷത്തെ വിടവ് വന്നത്. അതിനു ശേഷം തിരിച്ചു വന്നപ്പോഴാണ് തൂലികാനാമം സ്വീകരിച്ചു ഞാൻ ചന്ദ്രമതി എന്ന പേരിൽ എഴുതാൻ തുടങ്ങിയത്. പക്ഷെ ആ പതിനെട്ടു വര്ഷങ്ങളുടെ വിടവ് -വർഷങ്ങൾക്കു വ്യത്യാസം വന്നേക്കാം- എല്ലാ എഴുത്തുകാരികൾക്കും ഉണ്ടായിരുന്നു. അഷിതക്കുണ്ടായിട്ടുണ്ട്. ഗ്രേസിക്കുണ്ടായിട്ടുണ്ട്. ഞങ്ങളൊക്കെ തിരിച്ചുവന്നു. പക്ഷെ പലരും പിന്നീട് തിരികെ വരാതെ അപ്രത്യക്ഷരായി. ഇന്നവരൊക്കെ എവിടെയാണെന്നുമൊന്നും എനിക്കറിയുകയുമില്ല. അവരൊക്കെ അങ്ങനെ സമൂഹത്താൽ നിശ്ശബ്ദരാക്കപ്പെട്ടവരാണ്. അവരുടെ വോയിസ് കാസ്ട്രേഷൻ എന്നു വേണമെങ്കിൽ പറയാം. അതിനെയങ്ങു വെട്ടിക്കളയുകയായിരുന്നു.

പണ്ട് ഞാൻ എം.എ ക്കു പഠിക്കുന്ന സമയത്തു മുരിക്കിൻപൂവുകൾ എന്ന പേരിൽ ആർത്തവത്തെക്കുറിച്ചൊരു കഥയെഴുതിയതിന്, ക്ലാസ്സിലെ ടീച്ചർ എന്നെ പരസ്യമായി വഴക്കു പറഞ്ഞു. കീറ്റ്സും, ഷെല്ലിയും, എമിലി ഡിക്കിന്‍സനും ഒക്കെ പഠിച്ചിട്ടും തനിക്കീ വൃത്തികേടുകളേ കണ്ടുള്ളുവോ എഴുതാൻ എന്നു ചോദിച്ചു. ആർത്തവകാലത്ത് സ്ത്രീകളെ ഒറ്റപ്പെടുത്തുന്ന യാഥാസ്ഥിതിക തറവാടുകളെക്കുറിച്ചുള്ള ഒരു നിരൂപണമായിരുന്നു ആ കഥ.

ഞാൻ ഒറ്റ മകളായിരുന്നു. സഹോദരങ്ങൾ ആരുമില്ല. അതുകൊണ്ടു തന്നെ പുസ്തകങ്ങളായിരുന്നു എന്റെ കൂട്ട്. അങ്ങനെ പ്രായത്തിൽ കവിഞ്ഞ വായനയുണ്ടായിരുന്നു. ഇന്നു പറയുമ്പോൾ അത് നിസ്സാരമായിത്തോന്നാം. കാരണം ഇന്നത്തെ കുട്ടികൾ അതൊക്കെ ചെയ്യുന്നുണ്ട്. ഞാനെന്റെ പതിനാലാമത്തെ വയസ്സിലാണ് നബക്കോവിന്റെ ലോലിത വായിച്ചത്. പ്രമാണി കുടുംബങ്ങളിൽ കടത്താത്ത ഒരു അശ്‌ളീലഗ്രന്ഥം. എന്റെ അച്ഛന്റെ ലൈബ്രറിയിൽ എല്ലാം ഉണ്ടായിരുന്നു. ഞാനതെടുത്തു വായിച്ചു. അങ്ങനെയൊക്കെ ചെയ്യുമ്പോൾ സ്വാഭാവികമായിട്ടും നമ്മളിലേക്ക് അറിവുകൾ വരികയാണ്. എല്ലാം നമ്മൾ അനുഭവിക്കണമെന്നില്ല. മരണത്തെക്കുറിച്ചെഴുതാൻ മരിക്കാൻ പറ്റില്ലല്ലോ. അങ്ങനെ വായിക്കുന്ന അനുഭവങ്ങളിൽ നിന്ന്, കേട്ടറിവുകളിൽ നിന്ന്, കണ്ടറിവുകളിൽ നിന്നൊക്കെ നമ്മളിലേക്ക് ഓരോന്നു പകരുകയാണ്. അതൊക്കെയാണ് കഥകളാകുന്നത്. അതു മനസ്സിലാക്കാൻ വയ്യാത്തവരാണ് സ്ത്രീ എഴുതുന്നതെല്ലാം അവളുടെ അനുഭവങ്ങളാണെന്ന് പറഞ്ഞ് അവളെക്കുരിശിലേറ്റാൻ മരക്കുരിശുമായി പുറകിൽ നടക്കുന്നത്. അതുപോലുള്ളവർ ഇന്നുമുണ്ട്. കുറച്ചൊക്കെ മാറിക്കഴിഞ്ഞു. പക്ഷെ മുഴുവനൊന്നും മാറിയിട്ടില്ല. ഇപ്പോഴും പലർക്കും യാഥാസ്ഥിതിക സമൂഹത്തിന്റെ അമ്പു കൊള്ളാതെ രക്ഷപ്പെടാൻ വയ്യ എന്ന ഒരു പരിതഃസ്ഥിതിയാണെന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങള്ക്ക് അവിടെയിരുന്നു കാണുമ്പോൾ വ്യത്യസ്തമായ ഒരു വീക്ഷണമാണോയെന്നു എനിക്കറിയില്ല. ഇത്തരത്തിലുള്ള ആളുകൾ നമുക്കുചുറ്റുമുണ്ടെങ്കിൽ, സ്ത്രീയുടെ ഒരു യഥാർത്ഥ ചിത്രീകരണം നടത്തുക ഒരു എഴുത്തുകാരിക്ക് പ്രയാസമാണ്. പക്ഷെ ഇന്ന് സിത്താരയെപ്പോലൊരു എഴുത്തുകാരി അഗ്നിപോലൊരു കഥയെഴുതുമ്പോൾ എനിക്കഭിമാനമാണ്. സന്തോഷമാണ്. അവൾക്കതിനു സാധിച്ചല്ലോ എന്ന്. നാലുപേർ ചേർന്ന് ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്നതാണ് ആ കഥ. അതിനിടയിൽ അവർ ആ പെൺകുട്ടി ധരിച്ച സാനിറ്ററി നാപ്കിൻ വലിച്ചെറിയുകയും റേപ്പ് പൂർത്തീകരിക്കുകയും ചെയ്യുന്നതാണ് കഥ. പണ്ട് ഞാൻ എം.എ ക്കു പഠിക്കുന്ന സമയത്തു മുരിക്കിൻപൂവുകൾ എന്ന പേരിൽ ആർത്തവത്തെക്കുറിച്ചൊരു കഥയെഴുതിയതിന്, ക്ലാസ്സിലെ ടീച്ചർ എന്നെ പരസ്യമായി വഴക്കു പറഞ്ഞു. കീറ്റ്സും, ഷെല്ലിയും, എമിലി ഡിക്കിന്സനും ഒക്കെ പഠിച്ചിട്ടും തനിക്കീ വൃത്തികേടുകളേ കണ്ടുള്ളുവോ എഴുതാൻ എന്നു ചോദിച്ചു. ആർത്തവകാലത്ത് സ്ത്രീകളെ ഒറ്റപ്പെടുത്തുന്ന യാഥാസ്ഥിതിക തറവാടുകളെക്കുറിച്ചുള്ള ഒരു നിരൂപണമായിരുന്നു ആ കഥ. പക്ഷെ, അതിന്റെ പിന്നിലെ സ്പിരിറ്റ് ഉൾക്കൊള്ളാതെ എന്നെ ശരിക്കുമവർ വഴക്കു പറഞ്ഞു. അങ്ങനെയൊരുപാട് കാര്യങ്ങൾ വന്നതുകൊണ്ടാണ് ഞാനിനി എഴുതുന്നില്ല എന്നു തീരുമാനിച്ചത്. ഞാൻ എഴുതിയില്ലെങ്കിലും മലയാള സാഹിത്യത്തിന് ഒന്നും സംഭവിക്കില്ല. പക്ഷെ, എഴുതിയാൽ എനിക്കെന്തെങ്കിലും സംഭവിക്കും എന്നു തോന്നിയത് കൊണ്ടാണ് ഞാനതു നിർത്തിയത്. ഇന്നും സ്ത്രീകൾക്ക് ജീവിക്കാൻ മോശമില്ലന്ന് പ്രവാസവീക്ഷണത്തിൽ നിങ്ങള്ക്കു തോന്നുന്നുണ്ടെങ്കിൽ അതാവും സത്യം.
തികച്ചും ഒരു യാഥാസ്ഥിതിക കുടുംബത്തിൽ നിന്നും വന്നതാണെങ്കിലും എഴുതിത്തുടങ്ങിയ കാലഘട്ടത്തിൽ അച്ഛന്റെ പിന്തുണയുണ്ടായിരുന്നല്ലോ. ടീച്ചറിന്റെ എഴുത്തുയാത്രയിലുള്ള അച്ഛന്റെ സ്വാധീനത്തെക്കുറിച്ചു വിശദീകരിക്കാമോ?
 
തിനെട്ടു വയസ്സിനു ശേഷം പെൺകുട്ടികളെ ജീവിക്കാൻ അനുവദിക്കാത്ത ഒരു കുടുംബമായിരുന്നു അതെന്നു ഞാൻ പറഞ്ഞുവല്ലോ. അതെന്റെ അമ്മയുടെ കുടുംബമായിരുന്നു. അച്ഛൻ മറ്റൊരു കുടുംബത്തിൽ നിന്നു വന്നയാളായതുകൊണ്ടായിരിക്കാം, ഈ കുടുംബത്തിലെ യാഥാസ്ഥിതിക പുരുഷന്മാരെക്കാളെല്ലാം മാറി വിപ്ലവകരമായ ഒരു സ്വാധീനമാണ് എന്നിൽ ചെലുത്തിയിരുന്നത്. അച്ഛനെന്നോട് പറഞ്ഞിരുന്നു, നന്നായി പഠിച്ചു, ജോലിയൊക്കെ കിട്ടിയതിനു ശേഷമേ എന്നെ വിവാഹം കഴിപ്പിക്കുകയുള്ളൂ എന്ന്. ഞാൻ ഏതു പുസ്തകം വായിക്കുന്നത് കണ്ടാലും ഒന്നും പറയില്ല. പുസ്തകം പിടിച്ചു വാങ്ങിച്ച് പൂട്ടി വയ്ക്കാറുമില്ല. ബാലസാഹിത്യമെന്നുപറഞ്ഞു വേലികെട്ടിത്തിരിച്ചിട്ടില്ല. ആദ്യമൊക്കെ എഴുതുമ്പോൾ കഥകൾ ഞാൻ അച്ഛനെ കാണിക്കുമായിരുന്നു. തിരുത്തിത്തരാൻ പറയുമായിരുന്നു. പിന്നെ എന്നോടു പറഞ്ഞു അതു വേണ്ടെന്ന്. കാരണം ഞാനതു കാണിക്കുമ്പോൾ അച്ഛനെക്കരുതിയായിരിക്കും എഴുതുന്നതെന്ന്. അച്ഛനിഷ്ടമല്ലാത്തതു എഴുതരുതെന്നോർത്ത് സെല്ഫ് സെൻസർഷിപ്പ് വരും. അത് വേണ്ട. സ്വയം എഴുതിക്കോളൂ. പ്രസിദ്ധീകരിക്കാൻ അയച്ചോളൂ എന്ന്. പിന്നീട് കാണിച്ചിട്ടില്ല. ഒരു നിമിഷത്തിൽ അച്ഛന്റെയും ക്ഷമ നശിച്ചുപോയി. ഞാൻ ‘ധ്രുവങ്ങൾ’ എന്നൊരു കഥയെഴുതി. ഇരട്ടസഹോദരിമാർ ഒരേ ആളിനെ സ്നേഹിക്കുന്നതിനെക്കുറിച്ചായിരുന്നു അത്. അത് അച്ഛന്റെ ഓഫീസിലെ ആരോ എന്തോ പറഞ്ഞെന്നു പറഞ്ഞു “എത്രയോ വിഷയങ്ങൾ വേറെ കിടക്കുന്നു. നിനക്കിതൊക്കെയേ കിട്ടിയുള്ളൂ ” എന്ന് ചോദിച്ചു. അതും, ക്ലാസ്സിലെ ശാസനയൊക്കെയും ചേർന്നാണ് ഞാൻ പിന്നെ നിഷ്ക്രിയയായിപ്പോയത്. പക്ഷെ ഞാൻ അന്നും ഇന്നും എവിടെ പ്രസംഗിച്ചാലും പറയാറുണ്ട്, ഞാൻ അച്ഛന്റെ മകളാണെന്ന്‌. ആ അച്ഛന്റെ മകളായിരുന്നില്ലെങ്കിൽ എനിക്കൊരിക്കലും ഇങ്ങനെ എഴുതാൻ പറ്റുമായിരുന്നില്ല. അത്രത്തോളം വായിക്കാൻ സമ്മതിച്ചു, ഒരുതരത്തിലുമുള്ള വിലക്കുകളില്ലാതെ വായിക്കാൻ അനുവദിച്ചു. അതൊക്കെക്കൊണ്ട് എനിക്ക് വളരാനും എഴുതാനുമൊക്കെ സാധിച്ചു. അച്ഛന്റെ സ്വാധീനം എന്നു പറഞ്ഞാൽ അത് വളരെ വലുതാണ്.

ജെയിംസ് ജോയ്‌സ് പറഞ്ഞിട്ടില്ലേ, “എക്സൈൽ, കണ്ണിങ്, സൈലൻസ്”. ഇത് മൂന്നുമാണ് ഒരു എഴുത്തുകാരിക്ക് ആവശ്യം. എക്സൈൽ: ഒന്നുകിൽ നമ്മളെ ടോർമെൻറ് ചെയ്യുന്ന ആ നാട്ടിൽ നിന്നും സ്വയം മാറുക. സ്വയം നാടുകടത്തുക. രണ്ട്, കണ്ണിങ്: അതാണ് ഞാൻ എടുത്തത്. ചന്ദ്രമതി എന്ന തൂലികാ നാമം ഉൾപ്പെടെയുള്ള എന്റെ കണ്ണിങ്. മൂന്നാമത്തേത് സൈലൻസ്: മിണ്ടാതിരിക്കുക. പതിനെട്ടു വർഷം ഞാൻ അതും ചെയ്തു.

കുറേക്കാലം മുൻപ്, മുരിക്കിൻപൂവിന്റെ ചുവപ്പിൽ ഉറഞ്ഞുപോയൊരു കുമാരി ചന്ദ്രിക പാൽക്കുളങ്ങരയുണ്ട്. കുട്ടിയായിരുന്നു. ഇന്ന് ടീച്ചർ റിട്ടയേർഡ് പ്രൊഫസർ ആണ്. സാഹിത്യ അക്കാഡമി ജേതാവാണ്. അതേപോലെ മുപ്പതിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. പതിനഞ്ചിലേറെ അവാർഡുകൾ വാങ്ങി. മലയാള സാഹിത്യരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ചന്ദ്രമതിക്ക്‌ ആ കുട്ടിയോട് എന്താണ് പറയാനുള്ളത്?
 
രു വല്ലാത്ത കുഴയ്‌ക്കുന്ന ചോദ്യമാണല്ലോ! ചന്ദ്രമതി, കുമാരി ചന്ദ്രികയിൽ നിന്നും തികച്ചും വ്യത്യസ്തയാണ്. കുമാരി ചന്ദ്രിക എന്നു പറഞ്ഞാൽ നേരെനിന്നു അമ്പു തൊടുക്കുന്നവളാണ്. അതുകൊണ്ടാണ് അവൾ അതുപോലെ തിരിച്ചു അമ്പുകൾ നേരിടേണ്ടി വന്നത്. ഈ ചന്ദ്രമതി അങ്ങനെയല്ല. അവൾ ആക്ഷേപഹാസ്യത്തിന്റെ സാധ്യത കുറെയൊക്കെ കണ്ടറിഞ്ഞതുകൊണ്ടു മരത്തിനു പുറകിൽ മറഞ്ഞുനിന്നു അമ്പെയ്തു ബാലിയെക്കൊല്ലുന്ന ശ്രീരാമനെപ്പോലുള്ളവളാണ്. അതായത്, നമ്മൾ നേരിട്ടു വെട്ടുന്നതിനു പകരം ലക്ഷ്യവേധിയായ ഹാസ്യത്തിന്റെ അമ്പു തൊടുത്താൽ കൊള്ളേണ്ടിടത്ത് ശരിക്കു കൊള്ളുമെന്ന് അറിഞ്ഞവളാണ്. അതുകൊണ്ടുതന്നെ ചന്ദ്രമതി ഇന്ന് കുമാരി ചന്ദ്രികയെ കണ്ടുമുട്ടുകയാണെങ്കിൽ പറയും “പെണ്ണേ, നീയൊരു വിഡ്ഢിയായിരുന്നു” എന്ന്. കാരണം തുറന്നങ്ങു എഴുതിയതുകൊണ്ടാണ് അത്രയും എതിർപ്പ് അന്ന് നേരിടേണ്ടി വന്നത്. നല്ല സട്ടിലായി പൊതിഞ്ഞു മൂർച്ചയുള്ളൊരസ്ത്രമായി വിട്ടിരുന്നെങ്കിൽ ഇന്ന് ഞാൻ ചെയ്യുന്നതുപോലെ വലിയ പ്രശ്നങ്ങൾ ഇല്ലാതെ പോയിരുന്നേനെ. ഒരുപക്ഷേ, എനിക്കാ മൗനവും വേണ്ടി വരില്ലായിരുന്നു. മുരിക്കിൻപൂ വന്നപ്പോൾ തുടങ്ങിയ ആ ഒരു മൗനം. രചനക്ക് കൗശലം ആവശ്യമാണ്. ജെയിംസ് ജോയ്‌സ് പറഞ്ഞിട്ടില്ലേ, “എക്സൈൽ, കണ്ണിങ്, സൈലൻസ്”. ഇത് മൂന്നുമാണ് ഒരു എഴുത്തുകാരിക്ക് ആവശ്യം. എക്സൈൽ: ഒന്നുകിൽ നമ്മളെ ടോർമെൻറ് ചെയ്യുന്ന ആ നാട്ടിൽ നിന്നും സ്വയം മാറുക. സ്വയം നാടുകടത്തുക. രണ്ട്, കണ്ണിങ്: അതാണ് ഞാൻ എടുത്തത്. ചന്ദ്രമതി എന്ന തൂലികാ നാമം ഉൾപ്പെടെയുള്ള എന്റെ കണ്ണിങ്. മൂന്നാമത്തേത് സൈലൻസ്: മിണ്ടാതിരിക്കുക. പതിനെട്ടു വർഷം ഞാൻ അതും ചെയ്തു. അതുകൊണ്ട് ജോയ്സും ഞാനും തമ്മിൽ നല്ലൊരു ബന്ധമാണ്.
 
പൊതുവെ സ്ത്രീകളുടെ എഴുത്തിൽ സെന്റിമെൻസ് ആണ് കൂടുതൽ. ബൗദ്ധികപരമായിട്ടെഴുതുന്ന സാറ ജോസഫിനെപ്പോലുള്ള എഴുത്തുകാരാണെങ്കിൽ അവർ വളരെ സീരിയസും ആയിപ്പോകും. പക്ഷെ ഇതിന്റെ നടുക്കുകൂടി തമാശയുടെ ചെറിയൊരു വെയിൻ ഉണ്ടെന്ന് കണ്ടുപിടിച്ചു കഴിഞ്ഞാൽ എളുപ്പമാണ്. പക്ഷെ സാറ ടീച്ചറിന്റെ ഇപ്പോഴത്തെ കഥകളിലൊക്കെ ഈ ഹാസ്യം വളരെ ശക്തമായി വരുന്നുണ്ട്. ആദ്യമൊക്കെ അവർ ദാമ്പത്യത്തിന്റെ അപചയങ്ങളെക്കുറിച്ചും, ഫെമിനിസത്തിന്റെ ആവശ്യകതയെക്കുറിച്ചുമൊക്കെ എഴുതിക്കൊണ്ടിരുന്നു. പക്ഷെ ഹാസ്യം ഏറ്റവും നല്ലൊരു ആയുധമാണ്. അത് ഞാൻ മന:പ്പൂർവ്വം പോയി എടുത്തതൊന്നുമല്ല. രണ്ടാമത്തെ വരവിലെന്റെ കയ്യിലോട്ടങ്ങു വന്നതാണ്. അതങ്ങനെയായിപ്പോയതാണ്. അത്രയേയുള്ളൂ.

നമ്മളൊരു പട്ടിയുടെ പടം വരയ്‌ക്കുന്നു. അതിൻ്റെ വാല് വരക്കാനായി രണ്ട് ഓപ്ഷനുണ്ട്. ഒന്നുകിൽ താഴേക്ക് മടങ്ങിയിട്ടോ അല്ലെങ്കിൽ അഗ്രം മുകളിലേക്ക് നിൽക്കുന്നതു പോലെയോ വരക്കാം. നല്ല എഴുത്താൾ എപ്പോഴും വാലിൻ്റെ പടം വരക്കുമ്പോൾ ശകലം മുകളിലേക്ക് നിൽക്കുന്നതു പോലെയേ വരയ്ക്കൂ.

ചില ചുഴലിക്കാറ്റുകൾ മനുഷ്യ നിശ്വാസങ്ങൾ പോലെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റില്ല… ” കഥ അഞ്ചാമൻ്റെ വരവ് അവസാനിക്കുന്നത് ആ കഥയുടെ മുഴുവൻ സത്തയും ഉൾക്കൊണ്ടിട്ടാണ്. ചന്ദ്രിക ടീച്ചറുടെ കഥകൾ വായനയെ ആഴത്തിൽ സമീപ്പിക്കുന്നവർക്കാണ് കൂടുതൽ നന്നായി ആസ്വദിക്കാനാവുകയെന്ന് തോന്നിയിട്ടുണ്ട്. അത് ശരിയാണോ? അങ്ങിനെയെന്തെങ്കിലും വിമർശനം ടീച്ചർ കേട്ടിട്ടുണ്ടോ?
 
ല്ല. സത്യം പറഞ്ഞാൽ വലിയ അക്കാഡമിഷ്യൻസുണ്ടല്ലോ, അവർക്കൊന്നും മനസ്സിലാകാറില്ല. അവർ കഥയുടെ മുകളിലൂടെയൊന്ന് തൊട്ടു പോവുകയേയുള്ളൂ. സാധാരണ വായനക്കാരാണ് ഏറ്റവും കൂടുതൽ മനസ്സിലാക്കുന്നത്. എൻ്റെയനുഭവത്തിൽ നിന്നെനിക്ക് പറയാൻ പറ്റും. ‘അഞ്ചാമൻ്റെ വരവി ‘നെ പല പുതിയ മാനങ്ങളുള്ള കഥയായിട്ട് വളരെ പ്രശസ്തരായ എഴുത്തുകാർ പഠനങ്ങൾ നടത്തുകയുണ്ടായി. എന്നാൽ സാധാരണക്കാരിയായ ഒരു സ്ത്രി എന്നോട് പറഞ്ഞു. ഒരു ട്രെയിൻ യാത്രയിലാണ് ഞങ്ങൾ പരിചയപ്പെട്ടത്. “ടീച്ചർ അഞ്ചാമൻ്റെ വരവെഴുതിയ ചന്ദ്രമതിയല്ലേ?” അതെയെന്നെൻ്റെ മറുപടി കേട്ടപ്പോൾ, ടീച്ചറെ അതെൻ്റെ കഥയാണെന്ന് പറഞ്ഞ് അവരെൻ്റെ കൈയിൽ പിടിച്ചു. എന്നിട്ട് തുടർന്നു, “ഞാൻ ആത്മഹത്യ ചെയ്യാൻ റെയിൽവേ ട്രാക്കിലൂടെ നടന്നിട്ടുണ്ട്. ദൂരെ നിന്ന് ട്രെയിൻ വരുന്നത് കണ്ട് ഭയന്ന് ചാടി മാറിയിട്ടുണ്ട്. ” സാവിത്രിയായി ടീച്ചർ അവതരിപ്പിച്ച കഥാപാത്രം ഞാൻ തന്നെയാണെന്ന് പറഞ്ഞ് എൻ്റെ കൈയിൽ പിടിച്ച് കുറച്ച് നേരം കരഞ്ഞു. അവർക്കാണ് ഈ പറഞ്ഞ ക്രിട്ടിക്കുകളെക്കാൾ കഥയെ മനസ്സിലായത്.
 
പിന്നെ റെയിൻ ഡിയർ എന്ന കഥ. അത് വന്നു കഴിഞ്ഞപ്പോൾ സോവിയറ്റ് യൂണിയൻ്റെ പതനമാണെന്ന് പറഞ്ഞ് വലിയ പഠനങ്ങളുണ്ടായി. അതെഴുതുമ്പോൾ സോവിയറ്റ് യൂണിയൻ എൻ്റെ മനസ്സിനരികിൽ കൂടെ പോയിട്ടില്ല. പക്ഷെ അവർക്കത് കണ്ടുപിടിക്കാനാവുന്നുണ്ട്. പിന്നെയൊരു കാര്യമുണ്ട്, നമ്മളൊരു കഥ പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ എഴുത്തുകാർക്ക് അതിനു മേൽ യാതൊരു അവകാശവുമില്ല. സൃഷ്ടിയെ വായനക്കാരനും, വിമർശകരും, പണ്ഡിതരുമൊക്കെ അങ്ങെടുക്കും. നമുക്ക് മിണ്ടാതിരിക്കാനേ പറ്റൂ. തീരെ ഡാമേജിങ് ആയിട്ടെന്തെങ്കിലും പറഞ്ഞാൽ പ്രതികരിക്കാമെന്നെല്ലാതെ. അപ്പോൾ മാത്രമേ ഇടപെടേണ്ടൂ. അങ്ങനെയിതുവരെ എൻ്റെ കഥകളെ ഡാമേജ് ചെയ്യാനാരും ശ്രമിച്ചിട്ടില്ല. ഈ ചോദ്യം വളരെ നല്ല ചോദ്യമാണ്. ഞാനങ്ങിനെ ആലോചിച്ചിട്ട് പോലുമില്ല.
 
കോളേജുകളിൽ പ്രസംഗിക്കാൻ പോകുമ്പോൾ അവിടെ പഠിക്കുന്ന ചില വിദ്യാർത്ഥികൾ വന്ന് പറയാറുണ്ട്. “ടീച്ചറെ ആ കഥ ഞാൻ വായിച്ചു. എൻ്റെ വീട്ടിലങ്ങനെ സംഭവിച്ചു ” എന്നൊക്കെ. തിരിച്ചു പോകുമ്പോൾ വീട്ടിലൊന്ന് വന്ന് അമ്മയെ കാണണം, അമ്മയ്ക്ക് ടീച്ചറെ കാണാൻ ഇഷ്ടമാണ്. അവിടെ ചെല്ലുമ്പോൾ പുസ്തകങ്ങളിൽ അവർ ഓട്ടോഗ്രാഫ് വാങ്ങിക്കും. ഇതൊക്കെ ചെയ്യുമ്പോൾ നമ്മളറിയുന്നു ഇവരൊക്കെയാണ് ലൈഫിനെ തൊടുന്നതെന്ന്. അവരെ ഞാനറിയുന്നില്ല പക്ഷെ അവരെന്നെയറിയുന്നു. ഇതുപോലെയുള്ള സന്ദർഭങ്ങളൊരുപാട് എഴുത്തുകാർ നേരിടേണ്ടി വന്നിട്ടുണ്ട്. അഞ്ചാമൻ്റെ വരവിനെക്കുറിച്ച് പരാമർശിച്ചതു കൊണ്ടു മാത്രം പറയുകയാണ്. ആ കഥയെനിക്ക് കുറെ അവാർഡുകൾ നേടി തന്നതാണ്. വ്യക്തിപരമായ വ്യഥകൾ അഭിമുഖീകരിക്കുമ്പോഴാണ് ഞാനതെഴുതിയത്. ആ സമയത്ത് ശരിക്കും ഞാനവളെ ട്രെയിനിൻ്റെ മുന്നിലിട്ട് കൊല്ലണമെന്ന് തന്നെയാണ് കരുതിയത്.
പക്ഷെ, അപ്പോൾ ഞാനെൻ്റെ ഗുരുനാഥൻ ഡോ.അയ്യപ്പപണിക്കർ പറഞ്ഞതോർത്തു. നമ്മളൊരു പട്ടിയുടെ പടം വരയ്‌ക്കുന്നു. അതിൻ്റെ വാല് വരക്കാനായി രണ്ട് ഓപ്ഷനുണ്ട്. ഒന്നുകിൽ താഴേക്ക് മടങ്ങിയിട്ടോ അല്ലെങ്കിൽ അഗ്രം മുകളിലേക്ക് നിൽക്കുന്നതു പോലെയോ വരക്കാം. നല്ല എഴുത്താൾ എപ്പോഴും വാലിൻ്റെ പടം വരക്കുമ്പോൾ ശകലം മുകളിലേക്ക് നിൽക്കുന്നതു പോലെയേ വരയ്ക്കൂ. അത് പോലെയൊരു ശുഭാപ്തി വിശ്വാസം കഥകളിൽ വേണമെന്നദ്ദേഹം എപ്പോഴും പറയും. ആ വാക്കുകൾ മനസ്സിൽ വന്നതു കൊണ്ട് രണ്ടാമതും മൂന്നാമതും മാറ്റിയെഴുതുമ്പോഴാണ് ഞാനാ വാൽകഷ്ണം എഴുതിയത്. “ചില ചുഴലിക്കാറ്റുകൾ മനുഷ്യനിശ്വാസങ്ങൾ പോലെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റില്ലെ”ന്ന്. സാവിത്രിയുടെ നിശ്വാസം തന്നെയാണ് ആ ട്രെയിനപകടപ്പെടാൻ കാരണമെന്നെഴുതിയത്. അത് ഈ പറഞ്ഞ പോലെ ഉള്ളിലൊരുപാട് അടക്കി പിടിക്കുന്ന സ്ത്രി, അവളുടെയൊരു നിശ്വാസത്തിന് ട്രെയ്നിനെ പാളത്തിൽ നിന്ന് തട്ടിമറിക്കാൻ കരുത്തുണ്ടെന്ന് വരുന്നതൊരു വലിയ കാര്യമായി ഞാനവതരിപ്പിച്ചതാണ്. നമ്മൾ നിസ്സാരരായി കാണുന്ന പല സ്ത്രീകളുടെയും ആന്തരികമായ കരുത്ത് വളരെയധികമാണ്. പെരുമൺ ട്രാജഡിയൊക്കെ മനസ്സിലുണ്ടായിരുന്നു. പാഞ്ഞ് വന്ന ട്രെയിൻ പെട്ടെന്ന് അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞു. സംഭവത്തെ കുറിച്ചന്വേഷിക്കാനെത്തിയവർ പറഞ്ഞത് ചുഴലിക്കാറ്റാണ് കാരണമെന്നാണ്. എന്നാൽ ദൃക്സാക്ഷികളും, പരിസരവാസികളും പറഞ്ഞത് ചുഴലിക്കാറ്റ് പോയിട്ട് അപ്പോഴൊരു ചെറു കാറ്റ് പോലുമുണ്ടായിരുന്നില്ലത്രേ. പിന്നെയെന്തു കൊണ്ട് ഇങ്ങിനെ സംഭവിച്ചുവെന്നത് അറിയില്ല. ഈ സംഭവം സാവിത്രിയുടെ കഥയിലേക്ക് കൊണ്ടു വന്നിട്ടാണ് ആ വാൽകഷ്ണമെഴുതിയത്. അതായിരിക്കാം ആ കഥയ്ക്ക് കൂടുതൽ സ്വീകാര്യമായതെന്ന് ഞാൻ വിശ്വസിക്കുന്നു.
 
‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിൽ കാൻസർ ബാധിതയായ നായിക പലവട്ടം കുടുംബാംഗങ്ങളോട് ഓർമ്മിപ്പിക്കുന്നുണ്ടല്ലോ – നിങ്ങളുടെ മൂടിക്കെട്ടിയ മുഖഭാവമെല്ലാം മാറ്റി കുറച്ചു സമയമെങ്കിലും ചിരിക്കുന്ന മുഖത്തോടെ, സന്തോഷത്തോടെ ഇരുന്നു കാണിക്കാമോ എന്ന്. ആദ്യമൊക്കെ അവർ അതു പറഞ്ഞപ്പോഴും കുടുംബാംഗങ്ങൾക്ക് അതു മനസ്സിലാക്കാനോ അതുപോലെയാവാനോ കഴിയുന്നില്ല. ജീവിതത്തോട് മല്ലടിക്കുന്ന ഒരാൾക്ക് യഥാർത്ഥത്തിൽ ആവശ്യമായ മാനസിക സപ്പോർട്ട് നല്കാൻ കൂടെയുള്ളവർക്ക് പലപ്പോഴും കഴിയാറില്ല എന്നുള്ള ഒരു സന്ദേശമാണോ ഇതിലൂടെ പകരാൻ ശ്രമിച്ചത്?
 

രോഗാവസ്ഥയിൽ ആണെങ്കിലും രോഗിക്കു വെറുതെയിരുന്നാൽ മതി. കുടുംബത്തിലുള്ളവർക്കാണ് വിഷമങ്ങളും മറ്റും. വിഷമങ്ങൾ ഉള്ളിലടക്കി ചിരിക്കാനും അവർ ശ്രമിക്കും. അല്ലെങ്കിൽ രോഗിക്കു വിഷമമായാലോ… എനിക്കാണെങ്കിൽ എല്ലാവരും ചിരിച്ചു സന്തോഷമായിരിക്കണം എന്നാണ്. കരച്ചിൽ ഏറ്റവും പ്രിയപ്പെട്ട ഒരാൾക്കു മുന്നിൽ മാത്രമേ വരൂ. ഞാൻ ജനിച്ചപ്പോൾ ഏതോ ഒരു ചിരി ദേവത എന്നെ വന്നു തൊട്ടിട്ടുണ്ടെന്നു തോന്നുന്നു, അതു കൊണ്ടാണ് ഞാനിങ്ങനെ എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്നത്.

‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലെ തന്നെ ഒരു സീൻ ആണ്. ധൈര്യശാലിയായ നായിക ആദ്യമായി ചികിത്സയ്ക്ക് പോകാൻ വേണ്ടി കാറിൽ കയറുന്നു. അപ്പോൾ മകന് കാർ സ്റ്റാർട്ട് ചെയ്യാൻ കഴിയുന്നില്ല. ആ അവസരത്തിൽ അവർ മകനോട് പറയുന്ന ചില കാര്യങ്ങളുണ്ട് – കാര്യമായ അന്ധവിശ്വാസങ്ങളില്ലെങ്കിലും അവർക്ക് ചെറിയ ചില വിശ്വാസങ്ങളുണ്ട് എന്ന്. എന്നിട്ട് ആ കാർ ഒന്നുകൂടി സ്റ്റാർട്ട് ചെയ്യാൻ ആവശ്യപ്പെടുന്നു. ഒപ്പം അവർ മകനോട് ഇതും പറയുന്നു. ഇപ്പോൾ കാർ സ്റ്റാർട്ടായാൽ അവർ ചികിത്സയ്ക്ക് പോകുന്നതു കൊണ്ട് ഫലമുണ്ടാവും എന്ന്. മകൻ കാർ ഒന്നുകൂടി സ്റ്റാർട്ടാക്കാൻ ശ്രമിച്ചു. അതു സ്റ്റാർട്ടായി. അവർക്കും മകനും സമാധാനമായി. ജീവിതത്തിൻ്റെ ചില പരീക്ഷണഘട്ടങ്ങളിൽ പിടിവള്ളിയായി മനസ്സിൽ കടന്നുകൂടുന്ന ഇത്തരം ചെറിയ വിശ്വാസങ്ങളിലുള്ള വിജയങ്ങൾ അനിർവചനീയമായ ഒരു ധൈര്യമോ ശക്തിയോ നമ്മളിൽ പകരുന്നുണ്ടോ? വിശ്വാസങ്ങളെക്കുറിച്ച് എന്താണ് ടീച്ചറുടെ അഭിപ്രായം?

പ്രസ്തുത ഡയലോഗുകൾ “ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള” എന്ന സിനിമയിൽ ഉള്ളതാണ്. ഈ ഭാഗം എന്റെ പുസ്തകത്തിൽ ഉള്ളതല്ല. അൽത്താഫ് സലിം എന്ന സംവിധായകൻ എന്റെ കഥ സിനിമയാക്കിയപ്പോൾ അദ്ദേഹത്തിന്റെ കയ്യിൽ നിന്നുമിട്ട ചില സംഭാവനകളിൽ ഒന്നാണിത്. വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും രണ്ടും രണ്ടാണ്. വളരെ ചെറുപ്പത്തിൽ ഞാൻ ഒരു അന്ധവിശ്വാസിയായിരുന്നുവെന്ന് പറയാം. ഞാൻ ഒരു ഗ്രാമത്തിലായിരുന്നു വളർന്നത്. ഗ്രാമത്തിലെ വിശ്വാസങ്ങൾ പലപ്പോഴും അന്ധവിശ്വാസങ്ങളായിരിക്കും. അവിടെ ഒരു വയറുവേദന വന്നാൽപ്പോലും ഒരു വല്യമ്മയെ വിളിച്ചു കൊതിക്കോതിക്കുക എന്നൊരു പ്രയോഗം ഉണ്ട്. കൊതിക്കോതി കഴിയുമ്പോഴേയ്ക്കും വയറിന്റെ എല്ലാ പ്രശ്നങ്ങളും മാറും. മാറി എന്നവർ പറയുമ്പോൾ നമ്മുടെ വയർ ശാന്തമാകും. നമ്മുടെ മനസ്സ് അങ്ങനെ വിശ്വസിക്കുകയാണ്. ഇതൊക്കെ വെറുതേ പറയുന്നതാണെന്ന് മനസിലാക്കുവാൻ എനിക്ക് കുറേ സമയമെടുത്തു . പണ്ടൊക്കെ പറയുന്ന ഒരു കാര്യമുണ്ട്. കുടത്തിൽ എന്തോ വച്ച് കത്തിച്ചിട്ടു വെള്ളത്തിന്റെ മുകളിൽ കമഴ്ത്തിയാൽ അതിന്റെ വായുമർദ്ദം കൊണ്ട് വെള്ളം മുഴുവനും കുടത്തിലേക്കു വലിയും. അതുപോലെ ഒക്കെത്തന്നെയാണ് കൊതിക്കോതുക. ഒരു കുടം വെള്ളം വയ്ക്കുകയും അതിലെ വെള്ളത്തിന്റെ ശബ്ദം കേൾക്കുമ്പോൾ നിങ്ങളുടെ വയറിന്റെ പ്രശ്നങ്ങൾ എല്ലാം തീർന്നു എന്ന് അവർ പറയുകയും ചെയ്യുമ്പോൾ നമ്മൾ അത് വിശ്വസിക്കുന്നു. അതാണ് അന്ധവിശ്വാസം. അതുപോലെ തന്നെ ഗിഫ്റ്റുകളും ബ്രൈബുകളും കൊടുത്ത് ആളുകളെ പ്രസാദിപ്പിച്ചാൽ കാര്യങ്ങൾ സാധിക്കും എന്നു പറയുന്നതും ഒരുതരത്തിൽ അന്ധവിശ്വാസമാണ്. ഗണപതിക്ക് ഒരു തേങ്ങാ ഉടച്ചാൽ വിചാരിക്കുന്ന കാര്യം സാധിക്കും, ശത്രുസംഹാര പുഷ്‌പാഞ്‌ജലി കഴിച്ചാൽ ശത്രുവിന്റെ തല പൊട്ടിപ്പിളരും എന്നൊക്കെ വിശ്വസിക്കുന്നത് അന്ധവിശ്വാസമാണ്. കറുത്ത പൂച്ച കുറുകെ ചാടിയാൽ കാറ് എടുക്കാനോ, യാത്ര പോകാനോ പാടില്ല എന്നൊക്കെ പറയും. അതൊക്കെ മനസ്സിന്റെ കളികളാണെന്നു മനസിലാക്കാൻ എനിക്ക് എന്റെ കുട്ടിക്കാലം വിടേണ്ടി വന്നു. അതുവരെ ഞാൻ ഭയങ്കര അന്ധവിശ്വാസി തന്നെ ആയിരുന്നു. പക്ഷെ, അതൊക്കെ എന്റെ കഥയെഴുത്തിന് വളരെ സഹായകമായിട്ടുണ്ട്. എന്റെ കഥയിലെ പല കഥാപാത്രങ്ങളെയും അന്ധവിശ്വാസികളായി അവതരിപ്പിക്കുവാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ഈ അടുത്ത് പ്രസിദ്ധീകരിച്ച “ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരും” എന്ന ഒരു കഥയിൽ മരിച്ചുപോയവരുടെ മണം പിടിക്കാൻ കഴിവുള്ള ഒരു സ്ത്രീയെ അവതരിപ്പിച്ചിട്ടുണ്ട്. സത്യത്തിൽ എനിക്കറിയാം മരിച്ചവർക്കു അങ്ങനെ ഒരു മണമില്ലായെന്ന്. അഥവാ അങ്ങനെ ഒരു മണം ഉണ്ടെങ്കിൽ അത് ജീവിച്ചിരിക്കുന്നവർക്ക് പിടിക്കാനും പറ്റില്ലാ. പക്ഷെ , ആ കഥാപാത്രത്തെ അങ്ങനെ കൊണ്ടുവന്നപ്പോൾ അതിനു ഒരു ഗ്ലാമർ വന്നു. അതൊക്കെ രചിക്കുവാൻ അന്ധവിശ്വാസങ്ങൾ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. നമ്മൾ വളരുന്ന ചുറ്റുപാടുകളും സ്വാധീനങ്ങളും നമ്മളെയും നമ്മുടെ എഴുത്തിനെയും വളരെയധികം സ്വാധീനിക്കും.

ഒരു സ്ത്രീ വീടുവിട്ടിറങ്ങി, തിരിച്ചുവന്നാല്‍ അവളെ ആരും പഴയതുപോലെയാവില്ല സ്വീകരിക്കുന്നത്. വീട്ടിലുള്ള അംഗങ്ങള്‍ മാത്രമല്ല, വീടുപോലും അവളെ തിരിച്ചറിയില്ല.

Heads I win, tails you lose എന്നുള്ള നിബന്ധന പോലെ ഏതുവിധേനയും ജയിച്ചുനില്ക്കാന് വിധിക്കപ്പെട്ട ഒരു കൂട്ടം. വീട്ടിലേയ്ക്കു മടങ്ങാനാഗ്രഹിക്കുന്നവരേക്കാള് എത്രയോ മടങ്ങു വലുതാണ്‌ വീടുവിട്ടിറങ്ങാനാഗ്രഹിക്കുന്നവര് എന്നു പറയുന്നതുപോലെ തോറ്റുനില്ക്കുന്ന കുറേ മനുഷ്യര്. എന്താണിങ്ങനെയുള്ളവരുടെ കഥകള്?
 
വീട് വീടല്ലാതാകുമ്പോഴാണ്‌ നാം നേരത്തേ പറഞ്ഞ സ്പെയ്‌സിന്റേയും ക്വാളിറ്റിയുടേയും ഒക്കെ പ്രശ്നങ്ങളുണ്ടാകുന്നത്. സ്ത്രീകള് വീടുവിട്ടിറങ്ങേണ്ടിയും വരുന്നത്. പുരുഷന്മാര്ക്ക് എപ്പോള് വേണമെങ്കിലും വീടുവിട്ടിറങ്ങാം. അത് നല്ല കാര്യമാണ്‌. തിരിച്ചുവരുമ്പോഴും അതേ സ്വീകരണങ്ങളും കിട്ടും. ഒരുപാട് അനുഭവങ്ങളുണ്ടായെന്നും സമൂഹത്തിനു ഗുണകരമായെന്നും അത് ചിത്രീകരിക്കപ്പെടും. ഒരു സ്ത്രീ വീടുവിട്ടിറങ്ങി, തിരിച്ചുവന്നാല് അവളെ ആരും പഴയതുപോലെയാവില്ല സ്വീകരിക്കുന്നത്. വീട്ടിലുള്ള അംഗങ്ങള് മാത്രമല്ല, വീടുപോലും അവളെ തിരിച്ചറിയില്ല. വേണ്ടരീതിയില് സ്വീകരിക്കില്ല. വീടുവിട്ടിറങ്ങാനുള്ള ഒരാഗ്രഹം – അനുഭവങ്ങള്ക്കായുള്ള ഒരു ദാഹം എല്ലാ സ്ത്രീകള്ക്കും ഉണ്ടാവാറുണ്ട്. എനിക്കുമുണ്ടായിട്ടുണ്ട്. നമുക്ക് ഈ ചട്ടക്കൂട്ടില് നിന്നാല് ജീവിതമെന്തെന്ന് അറിയാനാവില്ല. ഇവിടെ നിന്നിറങ്ങിയാലേ അത് സാധ്യമാകൂ, എന്നുണ്ട്. പക്ഷേ, ഇറങ്ങിയാല് കൊടുക്കേണ്ട വിലയോ? വീടെന്നല്ല, നാടുപോലും സ്വീകരിക്കാത്ത അവസ്ഥയാകും, അവള്ക്ക്. തിരിച്ചുവന്നാല് നമ്മള് വ്യത്യസ്തരായിരിക്കും. അപരിചിതയായിരിക്കും. ബുദ്ധനെപ്പോലെ ഞാന് ആരെന്നന്വേഷിക്കേണ്ട അവസ്ഥയിലാകും.
അങ്ങനെയുള്ള സംഘര്ഷങ്ങളെക്കുറിച്ചാണ്‌ ഞാന് ‘വാണ്ടര്ലസ്റ്റി’ല് സൂചിപ്പിച്ചത്. അയാള് രണ്ടുതവണ വീടുവിട്ടിറങ്ങിയ ആളാണ്‌. ഇനിയും ഇറങ്ങിയേക്കുമൊന്നൊരു സൂചന അയാളാ പെണ്കുട്ടിക്കു കൊടുക്കുന്നുണ്ട്. അവളത് നിസ്സാരമായി തള്ളുന്നുമുണ്ട്. കാരണം, അവളുടെയുള്ളിലും ‘വാണ്ടര്ലസ്റ്റു’ള്ള ഒരു സ്ത്രീയുണ്ട്. സ്ത്രീകള് സാധാരണ അത് അടക്കിവയ്ക്കാറാണുള്ളത്. അവള്ക്ക് അതിനുമുമ്പായി ചെയ്തുതീര്ക്കേണ്ട ഒത്തിരി ‘കടമകളു’ണ്ട്. കുടുംബം നോക്കാനുണ്ട്. ഒരു പുരുഷനത് അതിവേഗം, അനായാസം സാധ്യമാകുന്നുണ്ട്. അയാള്ക്ക് ഓഫീസ് ജീവിതത്തിന്റെ ഭാഗമായി ഒരു കോണ്ഫെറന്സിനു പോകണമെങ്കില് ഭാര്യ പെട്ടിയൊരുക്കി കൊടുക്കാറുണ്ട്. പക്ഷേ, ഭാര്യയ്ക്ക് യാത്ര ചെയ്യണമെങ്കില് ഒത്തിരി അഡ്‌ജസ്റ്റ്മെന്റ്സ് ചെയ്യേണ്ടതായിട്ടുണ്ട്. ‘തികച്ചും വൈവാഹികം’ എന്ന ഒരു കഥയില് ഞാനത് സൂചിപ്പിച്ചിട്ടുമുണ്ട്. അടുത്തവീട്ടിലെ ആള്ക്കാരോടു പറയുക… വീട്ടുജോലിക്കാരിയെ അറിയിക്കുക… അങ്ങനെ പലതും അവളുടെ ജോലിയാണ്‌. ഒരു മണിക്കൂര് പോലും പുറത്തേയ്ക്കിറങ്ങണമെങ്കില് അവള് ഒരുപാടുകാര്യങ്ങള് അതിനു മുമ്പായി ചെയ്യേണ്ടിയിരിക്കുന്നു. വാണ്ടര്ലസ്റ്റ് ഉള്ളിലുള്ള ഒരു സ്ത്രീക്കു മാത്രമേ എന്തെങ്കിലും പുതിയതായി കാണാനോ കണ്ടുപിടിക്കാനോപോലും കഴിയുന്നുള്ളു. വീടുവിട്ടിറങ്ങി, തിരിച്ചുവരുന്ന പുരുഷനെ വളരെ കരുണയോടെയാണ്‌ വീടും സമൂഹവും സ്വീകരിക്കുന്നത്. സ്ത്രീയെ അങ്ങേയറ്റം ക്രൂരമായും. സ്ത്രീ ആഗ്രഹങ്ങളെ അമര്ത്തിവയ്ക്കുന്നുണ്ട്. അത്തരം യാത്രകള് നടന്നില്ലെങ്കിലും, അതൊരാഗ്രഹമായി മനസ്സിലുണ്ടെങ്കില്, കത്തുന്ന ഒരു തീക്കഷണമായി ഉള്ളിലുണ്ടെങ്കില്, പലപ്പോഴും അവള്ക്കൊരു ആന്തരികയാത്രയ്ക്കെങ്കിലും കഴിയും. തിരിച്ചുവരുന്നവളെ വീട് അങ്ങേയറ്റം ക്രൂരതയോടെ തള്ളിപ്പറയുകയാണു പതിവ്. എല്ലാ സമൂഹത്തിലും അത് ഒരുപോലെയാണെന്നു തോന്നുന്നു. പല സുഹൃത്തുക്കളുടെ ജീവിതത്തില് നിന്നും ഞാന് കേട്ടിരിക്കുന്നത് അങ്ങനെയാണ്‌. വീടുവിട്ടിറങ്ങി തിരിച്ചുവന്നാല് നാം മുമ്പെങ്ങനെയായിരുന്നോ അങ്ങനെ ഒരിക്കലും ആവാന് കഴിയില്ല. 
വീടും വീട്ടുകാരുമൊക്കെ കഥാപാത്രങ്ങളായിവരുമ്പോള് , ഈ എഴുത്തുകാരിയുടെ പുതിയ രചനകള് ആരെയെങ്കിലുമൊക്കെ ചൊടിപ്പിച്ചിട്ടുണ്ടാവില്ലേ?

വ്യക്തിപരമായി ഉണ്ടായിട്ടില്ല. ഞാന് നേരിട്ട് അമ്പെയ്യാറില്ല. ഒളിയമ്പെയ്യുന്ന ആളല്ലേ! അതുകൊണ്ടുതന്നെ എന്നെയാണ്‌ ലക്ഷ്യവേധിയാക്കിയിരിക്കുന്നത് എന്നും പറഞ്ഞ് ആരും വന്നിട്ടില്ല. അപൂര്വ്വം ചില കഥകള്ക്ക് ഉണ്ടായിട്ടുണ്ടെന്നും പറയാം. ‘ശൈശവം’ എന്നൊരു കഥയെഴുതിയിരുന്നു. നബൊക്കോവിന്റെ ഒരു ആശയം തിരിച്ചിട്ടതാണത്. നബൊക്കോവിന്റെ നായകനെപ്പോലെയൊരാള് എന്റെ വീടിനടുത്ത് ജീവിച്ചിരിപ്പുണ്ടെന്ന് എനിക്കൊട്ടുമറിയില്ലായിരുന്നു. അത് എന്റെ ഒരു സുഹൃത്തിന്റെ ഭര്ത്താവായിരുന്നു. അദ്ദേഹം അവരോടു പറഞ്ഞു: നിന്റെ കൂട്ടുകാരി ഒരു കഥ എഴുതിയിട്ടുണ്ട്. അതില് നിന്റെ സംഭാവനയുണ്ടെന്നു തോന്നുന്നു.
സുഹൃത്തു പറഞ്ഞു : എനിക്കറിയില്ല. ഞാനൊന്നും പറഞ്ഞിട്ടില്ല.
”ആളത്ര ശരിയല്ലെന്നും അവരോടത്ര കൂട്ടുകൂടേണ്ടെന്നും” ഭര്ത്താവു പറഞ്ഞുവെന്ന് പിറ്റേദിവസം സുഹൃത്ത് എന്നോടു പറഞ്ഞു. ഞാന് പറഞ്ഞു : നല്ല കാര്യം. എന്നെ എന്റെ പാട്ടിനു വിട്ടേയ്ക്കൂ. വര്ഷങ്ങള്ക്കു ശേഷമാണ്‌ ഞാനറിയുന്നത്, അദ്ദേഹത്തിനങ്ങനെയൊരു ഭൂതകാലമുണ്ടായിരുന്നെന്ന്. പക്ഷേ, എനിക്കദ്ദേഹത്തെ തീരെയറിയില്ലായിരുന്നു. അതുപോലെ ‘വാണ്ടര്ലസ്റ്റ്’ എന്ന കഥയ്ക്കും ചെറിയൊരനുഭവം. എഴുത്തിന്റെ മൂന്നാം വര്ഷം ആഘോഷിക്കുന്ന ഒരാളെക്കുറിച്ച് അതില് പരാമര്ശിച്ചിരുന്നു. അതിനെതിരേ മോശം പ്രതികരണം കിട്ടിയിട്ടുണ്ട്. എഴുത്തിന്റെ അഞ്ചാം വര്ഷവും പത്താം വര്ഷവും പതിനഞ്ചാം വര്ഷവുമൊക്കെ ആഘോഷിക്കുന്നവരായിരുന്നു അവര്. 25 വര്ഷത്തിന്റെ മാമാങ്കത്തിലെത്തിച്ചവരുമുണ്ടായിരുന്നു, അതില്. തനിക്കു പറ്റില്ലെങ്കില് താന് ചെയ്യേണ്ട. മറ്റുള്ളവര് ചെയ്യുന്നതിനെ എന്തിനു പരിഹസിക്കുന്നു എന്നായിരുന്നു എന്നോടുള്ള ചൊദ്യം. ഫെയ്‌സ്ബുക്കിലൊക്കെ പരസ്യമായി പറഞ്ഞില്ല. ഇന് ബോക്സിലൊക്കെ വന്നു ദേഷ്യം പ്രകടിപ്പിച്ചവരുണ്ട്. എന്റെ അസ്ത്രങ്ങള് ലക്ഷ്യസ്ഥാനത്തു പതിക്കുന്നുണ്ടല്ലോ എന്നു ഞാനും സന്തോഷിച്ചു.

നിര്മല ചര്ച്ചയില് പങ്കെടുത്തവരോടുള്ള നന്ദി പ്രകാശിപ്പിച്ചു.
(ഏകോപനം : കുഞ്ഞൂസ്)
Print Friendly, PDF & Email

About the author

കുഞ്ഞൂസ്

കുഞ്ഞൂസ് ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. എറണാകുളം ജില്ലയിലെ മരട് സ്വദേശി. ഇപ്പോള്‍ കാനഡയിലെ മിസ്സിസ്സാഗയില്‍ താമസിക്കുന്നു.