CINEMA ലേഖനം

ഏറ്റവും മനോഹരമായ വിവർത്തന കവിത"സ്വന്തം ഭാഷയിലെ കൃതിയായിരുന്നില്ല ഇർഫാൻ ഖാൻ. ഏറ്റവും ഇഷ്ടപ്പെട്ട വിവർത്തന കൃതിയായിരുന്നു. അതീവ പരിചിതത്വത്തിൽ നിന്ന് ഒന്ന് തെന്നി നിന്ന് അയാൾ ആവിഷ്ക്കരിക്കുമ്പോൾ ,നാം ആ കൈയ്യിലെ സിഗരറ്റിനെപ്പോലും ഇഷ്ടപ്പെട്ടു പോകും."

ഒരു വലിയ കാലം, ഈ അടുത്ത കാലം വരെയും മലയാളം ഒഴികെയുള്ള ഭാഷകളിലെ ചിത്രങ്ങൾ അധികം കാണാത്ത ഒരാളായിരുന്നു ഞാൻ. ഭാഷ അറിയില്ല എന്നത് പ്രശ്നം തന്നെയായിരുന്നു. ഓരോ കാലത്തും തെന്നിയും തെറിച്ചും കണ്ണിൽ എത്തിയിരുന്ന ചില ചിത്രങ്ങൾ ഒഴിച്ചാൽ എന്റെ സിനിമാസ്വാദനം വളരെ കുറവായിരുന്നു. ലോകസിനിമയിലെയും, ഇന്ത്യൻ സിനിമയിലെയും പല മുഖങ്ങളും പേരുകളും എനിക്കന്യമായിരുന്നു. പക്ഷെ, ചില മനുഷ്യരുണ്ടല്ലോ. നമ്മളെ വല്ലാതെ ആകർഷിക്കും. കൊല്ലത്ത്, അമ്മേടെ ചേട്ടന്റെ വീട്ടിൽ ഇരുന്നാണ് ‘സ്ലം ഡോഗ് മില്യനയർ’ എന്ന സിനിമ ഭാഷയറിയാതെ കണ്ടത്. അതിലെ പോലീസ് ഓഫീസറെ കണ്ടപ്പോൾ “ഇത് അയാളല്ലേ?” എന്ന് പണ്ടെന്നോ പരിചയപ്പെട്ട ഒരാളെ കണ്ടപോലെ എനിക്കുണ്ടായ ആഹ്ലാദം ഞാൻ ഓർക്കുന്നു. അത്രയും പരിചയമുളള മുഖമായിരുന്നു ഇർഫാൻ ഖാൻ.

ആ ശൈലിയുടെ ആഭരണങ്ങളെല്ലാം അഴിച്ചുമാറ്റി വളരെ ലഘുവായ, ലളിതമായ, നിത്യസാധാരണമായ ഭാവങ്ങളുടെ അത്യഗാധമായ ഒരു സംവേദനശേഷിയെ കണ്ടെത്തി അതിനെ തന്റെ അഭിനയത്തിലേക്ക് വളരെ വിജയകരമായി സന്നിവേശിപ്പിച്ചു എന്നുള്ളതാണ് ഇർഫാൻ ഖാൻ എന്ന നടനെ ഒരു നടനിൽ നിന്നും വലിയ ഒരു പ്രതിഭയാക്കി മാറ്റുന്നത്

‘കിസ്സയും ‘പാൻ സിങ് തോമറും’ കണ്ട ഒരാൾക്ക് അത്ര വേഗം മനസിൽ നിന്ന് കുടിയൊഴിപ്പിക്കാൻ കഴിയുന്ന ഒരു മുഖമല്ല ഇർഫാൻ. ഒരു ഇന്ത്യൻ അംബാസിഡറായി ലോകത്തോട് അയാൾ സിനിമയിലൂടെ സംസാരിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഒന്നാം ലോകത്തിന്റെ സിനിമയിൽ അയാൾ ഇന്ത്യൻ സിനിമയുടെയും ഇന്ത്യക്കാരുടെയും മുഖമായിരുന്നു. കുറച്ച് കടത്തിപ്പറഞ്ഞാൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ മുഖം തന്നെയായിരുന്നു.
നിശ്ചയമായും ഇന്ത്യയിലെ ഏറ്റവും നല്ല അഭിനേതാക്കളിൽ ഒരാളായിരുന്നു ഇർഫാൻ ഖാൻ. ബോളിവുഡിലെ കാർണിവലിസത്തിന്റെ ഗുരുത്വാകർഷണതിലേക്ക് അയാൾ ഒരിക്കലും ആകർഷിക്കപ്പെട്ടില്ല. അവിടെതന്നെയുള്ള സവർണ്ണ – പുരുഷ – ശരീര – സൗന്ദര്യങ്ങളോട് മല്ലിടാനൊത്ത ‘അത്തരം’ ശേഷികളൊന്നും അയാൾക്കുണ്ടായിരുന്നില്ല. അതിനാൽ തന്നെ ബോളിവുഡ് ബോക്‌സ് ഓഫീസിലെ ഇടിമുഴക്കമാകാനോ ഒരു ചെറുകാറ്റാകാനോ പോലും പലപ്പോഴും ഇർഫാനായില്ല. ബോളിവുഡിൽ ഖാൻ ത്രയം ബോക്‌സ്ഓഫീസുകൾ പിടിച്ചടക്കാനാരംഭിച്ച തൊണ്ണൂറുകളിൽ, നവഉദാരവത്കരണത്തിലേക്ക് നമ്മൾ എടുത്തെറിയപ്പെട്ട തൊണ്ണൂറുകളിൽ, ഇൻഡസ്ട്രികൾ എല്ലാം വലുതായ, സിനിമാരീതികൾ എല്ലാം പുതുക്കപ്പെട്ട തൊണ്ണൂറുകളിൽ ഇർഫാൻ അവസരങ്ങൾക്ക് വേണ്ടിയുള്ള യാത്രയിലായിരുന്നു.
 
1988 ലെ സലാം ബോംബെ മുതൽക്കിങ്ങോട്ട് എണ്ണിയും പെറുക്കിയുമെടുക്കാനൊക്കുന്ന സിനിമകളിൽ അയാൾക്ക് മിക്കവാറും ഉണ്ടായിരുന്നത് ഒരു വിഷാദഭാവമായിരുന്നു. പുകയൂതി വീർത്ത് കലങ്ങിയപോലെങ്കിലും ഒരു ജീവിതത്തിന്റെ മുഴുവൻ സത്തയും പേറുന്ന കണ്ണുകൾ, മെലിഞ്ഞുണങ്ങിയ ശരീരം, കാറ്റടിച്ച് പാറിപ്പോയാൽ കോതി ഒതുക്കാതെ നേരെയിരിക്കാത്ത തലമുടി ഒക്കെ ഇർഫാനിലൂടെ മാത്രം നമ്മൾ അനുഭവിച്ചതാണ്. ഒരുപക്ഷേ, അങ്ങനെയല്ലാത്ത ഒരു ഇർഫാൻ ഖാൻ നമ്മുടെ സങ്കല്പത്തിൽ പോലും ഉണ്ടാകില്ല.
ബോളിവുഡിലെ ചിരപരിചിതമായ ഒരു അഭിനയശൈലിയെ ബ്രേക്ക് ചെയ്തുകൊണ്ടാണ് അയാൾ സിനിമയിലേക്ക് വരുന്നത്. സ്വതവേ വളരെ വാചാലമായ, ലൗഡ് ആയ, എക്സപ്രസീവ് ആയ ഒരു അഭിനയ ശൈലിയാണ് ബോളിവുഡിൽ സ്വീകാര്യമായിരുന്നത്. തട്ടുപൊളിപ്പൻ മസാല സിനിമകളിലും, ബോളിവുഡിലെ കലാമൂല്യമുള്ള സിനിമകളിലും കാണുന്നത് ഈ പൊതു അഭിനയശൈലിയാണ്. ആ ശൈലിയുടെ ആഭരണങ്ങളെല്ലാം അഴിച്ചുമാറ്റി വളരെ ലഘുവായ, ലളിതമായ, നിത്യസാധാരണമായ ഭാവങ്ങളുടെ അത്യഗാധമായ ഒരു സംവേദനശേഷിയെ കണ്ടെത്തി അതിനെ തന്റെ അഭിനയത്തിലേക്ക് വളരെ വിജയകരമായി സന്നിവേശിപ്പിച്ചു എന്നുള്ളതാണ് ഇർഫാൻ ഖാൻ എന്ന നടനെ ഒരു നടനിൽ നിന്നും വലിയ ഒരു പ്രതിഭയാക്കി മാറ്റുന്നത്. ഒരുപക്ഷേ, ബോളിവുഡിലെ ആദ്യകാല താരരാജാക്കന്മാർ മുതൽ ഖാൻ ത്രയവും അതിന് ശേഷമുള്ള പുതിയ നിര നടന്മാർ ഉൾപ്പെടെ പുലർത്തിയിരുന്ന ഒരു അഭിനയശൈലിയെ പാടെ തിരസ്കരിച്ചുകൊണ്ട് തന്റെ കഥാപാത്രങ്ങളുടെ സൂക്ഷ്മഭാവങ്ങളിലൂടെ ഖാൻ നിറഞ്ഞാടി. ചെറുതെങ്കിലും ഒരു ബാന്ധവം ഓം പുരിയിലോ, നസറുദ്ധീൻ ഷായിലോ ഒക്കെ മാത്രമേ നമുക്ക് കല്പിക്കാനാവൂ. തന്റെ കണ്ണുകളെ അതിമനോഹരമായി ഉപയോഗിച്ച്, മെയ് ചലനങ്ങളെ അതിനോട് ചേർത്ത് കൊണ്ട് ഭാവബദ്ധമായി അങ്ങേയറ്റം സൂക്ഷ്മമായി കണികളോട് സംവദിക്കുന്നുണ്ട് ഇർഫാൻ. കണ്ണിന്റെ കൃഷ്ണമണിയുടെ ഇളക്കം കൊണ്ടോ, തന്റെ നടത്തത്തിന്റെ പ്രത്യേകത കൊണ്ടോ, വളരെ സാധാരണമായ ഒരു ചലനം കൊണ്ടോ ആ നിമിഷത്തിന്റെ മുഴുവൻ ഭാവവും കാണികളിലേക്ക് ഒഴുക്കിവിടുന്ന ഒരു അഭിനയശൈലി ഇർഫാൻ സ്വീകരിക്കുന്നുണ്ട്.
 

അവിടെ അധികാരഭീകരത, തുറിച്ച് നിൽക്കുന്നത് അയാളുടെ കണ്ണുകളിലും പലപ്പോഴും തുടിച്ച് നിൽക്കുന്ന മീശയിലും താടി രോമങ്ങളിലുമാണ്. ശരീരം കൊണ്ട് ഒരിക്കലും അയാൾക്ക് ഒരു നേതാവാകാനുള്ള കെൽപ്പില്ല എന്നത് തിരിച്ചറിയണം.

ഇന്ത്യ – പാകിസ്ഥാൻ അതിർത്തി ഗ്രാമത്തിൽ താമസിക്കുന്ന സിഖ് ജനതയുടെ ഇന്ത്യൻ പ്രവിശ്യയിലേക്കുള്ള കുടിയേറ്റത്തിലൂടെയാണ് ക്വിസ എന്ന പഞ്ചാബി സിനിമ ആരംഭിക്കുന്നത്. അവരുടെ നേതാവായി ഉമ്പർ സിംഗ് എന്ന ഇർഫാൻ കഥാപാത്രം പ്രത്യക്ഷപ്പെടുന്നുണ്ട്. ഉമ്പർ സിംഗിന് ഒരു ഭാര്യയും മൂന്ന് പെൺകുട്ടികളുമാണ്. ഇന്ത്യയിൽ താമസമാക്കിയ സമയത്താണ് അവർക്ക് നാലാമത്തെ കുഞ്ഞ് ജനിക്കുന്നത്. ‘പാരമ്പര്യം’ നിലനിർത്താൻ ആൺ കുഞ്ഞിനെയാണ് ഉമ്പർ സിംഗ് പ്രതീക്ഷിക്കുന്നത്. ഒടുവിൽ ജനിക്കുന്ന പെൺകുഞ്ഞിനെ ‘ആണായി’ വളർത്താൻ ഉമ്പർ സിംഗ് തയ്യാറാകുന്നു. കൻവർ എന്ന ആണായി മാറിയ പെൺകുട്ടിയിലൂടെ കഥ മുന്നേറുന്നു. നീലി എന്ന ‘ജിപ്സി’ പെൺകുട്ടിയുമായി കൻവറിന്റെ വിവാഹം ഒരു ‘പ്രത്യേക സാഹചര്യത്തിൽ’ ഉറപ്പിക്കപ്പെടുന്നു. ആ വിവാഹബന്ധം നിഷ്കളങ്കമായ ഒന്നായിരുന്നില്ല എന്നത് പ്രധാനമാണ്. നീലിയും കൻവറും തമ്മിലുള്ള ഹെട്രോനോർമേറ്റീവ് ലൈംഗിക ബന്ധത്തിന് യാതൊരു സാധ്യതയും നിലവിലില്ല. പാരമ്പര്യം കാക്കേണ്ടത് ഉമ്പറിനെ വേട്ടയാടുന്നു. അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന നീലിയോട് ഉമ്പർ ലൈംഗിക ബന്ധത്തിന് ശ്രമിക്കുന്നു. ആ സമയം ഉമ്പർ കൻവറിനാൽ വധിക്കപ്പെടുന്നു.
സിഖ് സമൂഹത്തിലൂടെ ഇന്ത്യൻ സമൂഹങ്ങളിലെ ആണാധികാരവ്യവസ്ഥയെ പ്രശ്നവത്കരിക്കുന്നുണ്ട് ക്വിസ. ക്വിസയിലെ ഇർഫാൻ കഥാപാത്രത്തിന് ഒന്നിലധികം തലങ്ങളുണ്ട്. അതിൽ ഒന്ന് ഒരു ജനതയുടെ നേതാവിന്റെ മുഖമാണ്. അവിടെ അധികാരഭീകരത, തുറിച്ച് നിൽക്കുന്നത് അയാളുടെ കണ്ണുകളിലും പലപ്പോഴും തുടിച്ച് നിൽക്കുന്ന മീശയിലും താടി രോമങ്ങളിലുമാണ്. ശരീരം കൊണ്ട് ഒരിക്കലും അയാൾക്ക് ഒരു നേതാവാകാനുള്ള കെൽപ്പില്ല എന്നത് തിരിച്ചറിയണം. മറ്റൊന്ന് ഒരു ഭർത്താവിന്റെയും കുടുംബനാഥന്റെയും മുഖമാണ്. ഇവിടെ ഉമ്പറിന്റെ ഭാവങ്ങൾക്ക് വലിയ വ്യത്യാസമുണ്ട്. പുറത്ത് തന്റെ ശബ്ദത്തിന്റെ, കണ്ണുകളുടെ, താടിരോമങ്ങളുടെ ഒക്കെ സഹായത്തോടെ നേതാവാകുന്ന സമയം കുടുംബത്തിൽ ശരീരത്തിന്റെ കരുത്തും അയാൾ പ്രകടിപ്പിക്കുന്നുണ്ട്. വാത്സല്യം നിറഞ്ഞ ഒരച്ഛൻ ആയി ഉമ്പർ എക്കാലവും പെരുമാറുന്നത് കൻവറിനോട് മാത്രമാണ്. ഈ നിലയിൽ ഒരു ഷിഫ്റ്റ് ഒരേ കഥാപാത്രത്തിന് കൊടുക്കാൻ ഇർഫാന് നിഷ്പ്രയാസം സാധിച്ചിരുന്നു.
 

അപ്രതീക്ഷിതമായി തന്നിലേക്ക് എത്തിച്ചേരുന്ന പുതിയ രുചിക്കൂട്ടുകൾ നിറഞ്ഞ ചോറ്റുപാത്രത്തിലെ ഭക്ഷണം ആദ്യം തൊട്ട നേരം തന്നെ ചുണ്ടിലെ രസമുകുളങ്ങൾ അയാളെ പുളകിതനാക്കുന്നു. അത് ഭൗതികമായ അർത്ഥത്തിൽ മാത്രമുണ്ടായ ഒരു മാറ്റമാണെന്ന് കാണാനാകില്ല. തീർത്തും പരുക്കനായി മാത്രം കണ്ടിട്ടുള്ള സാജൻ അവിടെ നിന്ന് തന്റെ ജീവിതത്തിന്റെ കാല്പനികാംശങ്ങളെ കൂടി കണ്ടെടുക്കുകയാണ്.

ലഞ്ച് ബോക്സിലെ സാജൻ ഫെർണാണ്ടസ് അതിമനോഹരമായ മറ്റൊരു കഥാപാത്രമാണ്. ദൈനംദിന ജീവിതത്തിലെ വിരസത അയാളുടെ കണ്ണുകളിലും ഓരോ അംഗചലനങ്ങളിലുമുണ്ട്. ബോംബെ പോലൊരു നഗരത്തിൽ നിത്യേന കാണുന്ന, ആൾക്കൂട്ടത്തിൽ ഒരാൾ മാത്രമായ സാജൻ അതിമനോഹരമായി ഇർഫാനിൽ കുടിയേറുന്നുണ്ട്. അപ്രതീക്ഷിതമായി തന്നിലേക്ക് എത്തിച്ചേരുന്ന പുതിയ രുചിക്കൂട്ടുകൾ നിറഞ്ഞ ചോറ്റുപാത്രത്തിലെ ഭക്ഷണം ആദ്യം തൊട്ട നേരം തന്നെ ചുണ്ടിലെ രസമുകുളങ്ങൾ അയാളെ പുളകിതനാക്കുന്നു. അത് ഭൗതികമായ അർത്ഥത്തിൽ മാത്രമുണ്ടായ ഒരു മാറ്റമാണെന്ന് കാണാനാകില്ല. തീർത്തും പരുക്കനായി മാത്രം കണ്ടിട്ടുള്ള സാജൻ അവിടെ നിന്ന് തന്റെ ജീവിതത്തിന്റെ കാല്പനികാംശങ്ങളെ കൂടി കണ്ടെടുക്കുകയാണ്. ഇളയുടെ ആദ്യ കത്തിന് അയാൾ മറുപടി എഴുതുന്നു എന്നതിൽ തന്നെ ഈ അംശം കണ്ടെടുക്കാനാകും. ആ കത്ത് ഒട്ടും കാല്പനികമായ ഒന്നല്ലെങ്കിലും, സാജനെ മുൻ നിർത്തുമ്പോൾ കത്തെഴുത്ത് എന്നത് അതികാല്പനികമായ ഒന്നാണ്. പിന്നീട് ഇള എഴുതി അയക്കുന്ന കത്തുകൾ വായിക്കാനുള്ള അയാളുടെ പരിശ്രമങ്ങളിലും ഇളക്ക് അയാളെഴുത്തുന്ന ഓരോ മറുപടിയിലും ഈ കാല്പനികാംശം കാണാനൊക്കും. പ്രണയത്തിൽപ്പെട്ടൊരാൾക്ക് ആദ്യമായി കിട്ടുന്ന കത്ത് വായിക്കുന്ന ഒരാളുടെ എല്ലാ ആവലാതികളും സാജന്റെ മുഖത്തുണ്ട്. കത്ത് ഒളിപ്പിച്ച് പിടിക്കുമ്പോൾ, കണ്ണട മൂക്കിലേക്കിറക്കി വെച്ച്, കത്ത് കുറച്ച് അടുപ്പിച്ച് വെച്ച്, പുരികങ്ങൾ പൊക്കി വെച്ചൊക്കെ അയാൾ ആ വായന അത്രമേൽ പരിചിതമാക്കുന്നു. ജീവിതത്തിൽ പ്രണയലേഖനങ്ങൾ ഇങ്ങനെയല്ലാതെ വായിച്ച എത്ര മനുഷ്യരുണ്ടാകും!
രാത്രിയിൽ നഗരത്തിലെ വീടിന്റെ ബാൽക്കണിയിൽ നിന്ന് വിദൂരതയിലേക്ക് കണ്ണെറിഞ്ഞാൽപ്പോലും അപ്പുറത്തെ ചുമരിലോ ജനവാതിലുകളിലോ തട്ടി തിരിച്ച് വരുന്ന കാഴ്ചകളാണ് സാജന്റെ ലോകം. അവിടെ സിഗരറ്റ് വലിച്ച് നിൽക്കുമ്പോൾപ്പോലും തൊട്ടപ്പുറത്തെ വീടിന്റെ തീൻമേശയിലെ ഭക്ഷണം അയാളിൽ താൻ കഴിച്ച ഉച്ചഭക്ഷണത്തിന്റെ സ്വാദ് എത്തിക്കുന്നുണ്ട്. അത് നിശ്ചയമായും സാജന്റെ പഴയകാലത്തിന്റെ ഓർമ്മകളെക്കൂടി അയാളിലേക്ക് കൊണ്ടുവരുന്നുണ്ട്. ബൽക്കണിയിലെ അരഭിത്തിയിൽ കൈകൊടുത്ത്, ചാരിനിന്ന്, ഒരു ചെറിയ ഘർഷണത്താൽ കത്തിച്ച സിഗരറ്റ് അനായാസം വലിച്ച് ചിന്തകളെ ഉള്ളിലേക്കാവാഹിച്ച എത്രയോ മനുഷ്യർ ഉണ്ടാകാം; വൻ നഗരങ്ങളിലെ മധ്യവർഗ ജീവിതങ്ങളിൽ വിശേഷിച്ചും.

മീര നായരുടെ നെയിംസെയ്ക്കിൽ അശോക് ഗാംഗുലി എന്ന ഇന്തോ – അമേരിക്കൻ കഥാപാത്രത്തെ ഇർഫാൻ ഗംഭീരമാക്കിയിട്ടുണ്ട്. ബംഗാളിലെ ഗാംഗുലി കുടുംബത്തിൽപ്പെട്ട, അമേരിക്കയിൽ ഗവേഷണം നടത്തുന്ന അശോക്, ബംഗാളിൽ നിന്ന് അഷിമയെ വിവാഹം ചെയ്ത് അമേരിക്കയിൽ ജീവിക്കുന്നതും അവരുടെ കുടുംബവും അതിനോട് ചേർന്ന ഇതരവ്യവഹാരങ്ങളുമാണ് ചിത്രത്തിലുള്ളത്. അതിലൂടെ കുടുംബമെന്ന ഘടനയെ അതിന്റെ അധികാരത്തെ ആകെ പ്രശ്നവത്കരിക്കാനുള്ള ശ്രമം സംവിധായക നടത്തുന്നുണ്ട്. ഇവിടെ ഇർഫാൻ അതിഗംഭീരമായ പകർന്നാട്ടം നടത്തുന്നുണ്ട്. സിനിമയുടെ ആരംഭത്തിലെ ട്രെയിൻ യാത്രയിൽ ഇർഫാൻ മുത്തച്ഛന്റെ അടുത്തേക്ക് അവധി ചെലവഴിക്കാൻ പോകുകയാണ്. ആ യാത്ര അദ്ദേഹത്തിന്റെ ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കാൻ തക്ക ശേഷിയുള്ള ഒന്നായി തീരുന്നു. അതിലൂടെ, നിക്കോളാസ് ഗോഗോൾ എന്ന റഷ്യൻ എഴുത്തുകാരനും ഓവർകോട്ട് എന്ന പുസ്തകവും അയാളുടെ ജീവിതത്തിലെ അതിജീവനഘടകങ്ങളായി വിശ്വസിക്കപ്പെടുന്നു. മകന് നിഖിൽ ഗോഗോൾ എന്ന പേരിടുന്നത് പോലും അപ്രകാരമാണ്. പലപ്പോഴുമുള്ള ഇർഫാൻ കഥാപാത്രങ്ങളെപ്പോലെ ഒട്ടുമേ റൊമാന്റിക് ആയി തോന്നാത്ത ഒരു മനുഷ്യനാണ് അശോക്. അയാളുടെ ചേഷ്ടകളിൽ കാല്പനികാംശങ്ങൾ കണ്ടെടുക്കുക ശ്രമകരമാണ്. പിന്നീട് ഇന്ത്യയിലേക്കുള്ള യാത്രയിൽ, ജീവിതമെന്നാൽ അശോകും അഷിമയും മാത്രമായി ചുരുങ്ങപ്പെടുന്ന കാലങ്ങളിലൊക്കെ അയാൾ തന്നിൽ വറ്റി വരണ്ടിട്ടില്ലാത്ത കാല്പനികതയെ കണ്ടെടുക്കുന്നുണ്ട്. എന്നാൽ കാല്പനികാംശങ്ങൾ എല്ലാ കാലത്തും അയാൾ ജീവിതത്തിൽ കാത്തിട്ടുണ്ട് എന്നത് തെളിഞ്ഞുകാണുന്നുമുണ്ട്. മുത്തച്ഛൻ കൊടുത്ത പുസ്തകം സൂക്ഷിക്കുന്നതിൽ, അതിജീവിക്കപ്പെട്ട ട്രെയിൻ അപകടത്തിലൂടെ പ്രിയപ്പെട്ടതാകുന്ന നിക്കോളാസ് ഗോഗോളിൽ, മകന് ആ പേരിടുന്നതിൽ, ജന്മനാട്ടിലേക്കുള്ള യാത്രയിൽ ഒക്കെ അയാൾ സൂക്ഷിക്കുന്ന താല്പര്യം ഈ കാല്പനികതയുടേതാണ്. മകന്റെ അമേരിക്കക്കാരിയായ കാമുകിയോട് അപരിചിതത്വം കലർന്നതെങ്കിലും പാകപ്പെട്ട ഇടപെടൽ അയാൾ നടത്തുന്നുണ്ട്. ഓരോ അംഗചലനത്തിലും ആ ബന്ധത്തിലെ അനിശ്ചിതത്വവും പ്രകടമാണ്. മരണത്തിന് തൊട്ടുമുന്നേ അശോക് അഷിമയെ വിളിക്കുന്നുണ്ട്. ആ വിളിയിൽ സ്നേഹത്തിന്റെ വലിയ ഭാവത്തെ ഇർഫാൻ ഒളിപ്പിച്ച് വെക്കുന്നുണ്ട്. അത് പ്രേക്ഷകരിലേക്ക് നിഷ്പ്രയാസം കൺവേ ചെയ്യപ്പെടുന്നുമുണ്ട്.

ജനകീയമായ ഒരു ബോളിവുഡ് അഭിനയ ശൈലിയെ തിരസ്കരിക്കുകയും അതിനപ്പുറത്തേക്ക് സൂക്ഷ്മമായ ഒരഭിനയശൈലിയെ ഇന്ത്യൻ സിനിമയുടെ ഭൂമികയിലേക്ക് അവതരിപ്പിക്കുകയും ചെയ്ത ഒരു പ്രതിഭയായിരുന്നു ഇർഫാൻ ഖാൻ.

ഹൈദറിലെ റുഫ്താർ ആകട്ടെ, ഷേക്സ്പീരിയൻ ഗോസ്റ്റ് ആയി മാറുന്നു. ഇർഫാൻ ആകട്ടെ നടത്തത്തിൽ തന്നെ റൂഫ്താറിന്റെ ആത്മാവിനെ ആവാഹിക്കുകയും ചെയ്യുന്നുണ്ട്. ഹൈദരിലെ ഇൻട്രോയിൽ നമ്മൾ കാണുന്ന നടപ്പിൽ തന്നെ ആ ആത്മാവ് ഉണ്ട്. ആ നിലയിൽ ജനകീയമായ ഒരു ബോളിവുഡ് അഭിനയ ശൈലിയെ തിരസ്കരിക്കുകയും അതിനപ്പുറത്തേക്ക് സൂക്ഷ്മമായ ഒരഭിനയശൈലിയെ ഇന്ത്യൻ സിനിമയുടെ ഭൂമികയിലേക്ക് അവതരിപ്പിക്കുകയും ചെയ്ത ഒരു പ്രതിഭയായിരുന്നു ഇർഫാൻ ഖാൻ. ഒരുപക്ഷേ, ഇർഫാൻ ഖാന്റെ അങ്ങേയറ്റം ഭ്രമാത്മകവും ഭീകരവും ഭീഭത്സവുമായ ഒരു കഥാപാത്രമായിരുന്ന ഉമ്പർ സിംഗ്, ഹൈദരിലെ അസാധ്യമായ കഥാപാത്രം, ലഞ്ച് ബോക്‌സിലെ പരിചിതമായ മുഖമുള്ള സാജൻ, ലൈഫ് ഓഫ് പൈയിലെ, വിചിത്രാനുഭവങ്ങൾ ഉള്ള കഥാപാത്രം ഒക്കെയായി നിഷ്പ്രയാസം മാറാനും, ഇതിലേക്കൊക്കെ തന്റെ ശരീരത്തെയും ഓരോ സൂക്ഷ്മഭാവത്തെയും സ്വാഭാവികമായി ഒഴുക്കിവിടാനും കഴിഞ്ഞിരുന്ന ഒരു നടനാണ് മരിച്ചുപോയത്. ഒരർത്ഥത്തിൽ ഇർഫാൻ ചെയ്ത കഥാപാത്രങ്ങൾ നമ്മളോട് അത്രയും ചേർന്ന് നിന്നവയായിരുന്നു. ഒരു പാൻ ഇന്ത്യൻ സ്വഭാവം ആ കഥാപാത്രങ്ങൾക്ക് മിക്കതിനും ഉണ്ടായിരുന്നു. ഒരർത്ഥത്തിലും കള്ളിയിൽ പെടുത്താനൊക്കാത്ത ചില മനുഷ്യർ ഉണ്ട്. ഇർഫാൻ അത്തരത്തിൽ ഒരാളായിരുന്നു. പൂർവ്വമാതൃകകളോ പിൻതുടർച്ചയോ ഇല്ല എന്നുള്ളതാണ് ഇർഫാനെ പകരം വെക്കാനില്ലാത്ത ഒരു നടനാക്കുന്നത്. ആ സൂക്ഷ്മത മറ്റെവിടെയും കാണാനൊക്കില്ല. പിന്നെയും തുടർച്ച നമുക്ക് കാണാനൊക്കുന്നത് നവാസുദ്ധീൻ സിദ്ദിഖിയിലാണ്.

 

കലയോട് ആത്മാർത്ഥമായി ഇരിക്കുമ്പോൾ തന്നെ ജീവിതത്തോടും രാഷ്ട്രീയത്തോടും ഇർഫാൻ ആത്മാർത്ഥത പുലർത്തിയിരുന്നു എന്നതാണ് അയാളെ കാലത്തോട് സംവദിച്ച ഒരു നല്ല മനുഷ്യനാക്കുന്നത്. അദ്ദേഹത്തിന്റെ വൈവാഹികജീവിതം മറ്റൊരു തലത്തിൽ മാതൃകയാണ്. ഇസ്ലാം മതവിശ്വസിയായ ഇർഫാൻ വിവാഹം കഴിച്ചത് ആസാമിലെ ഹിന്ദു കുടുംബത്തിൽ ജനിച്ച, നാഷണൽ ഡ്രാമ സ്‌കൂളിലെ പഠനകാലത്ത് പ്രണയത്തിലായ, സുദപ സിക്താറിനെയാണ്. മതം എന്നത് സഹജീവിസ്നേഹത്തിനിടയിൽ അതിർവരമ്പുകൾ നിർമ്മിക്കാൻ പോന്ന ശക്തിയുള്ള ഒന്നല്ല എന്ന് ഇർഫാൻ തന്റെ ജീവിതത്തിലൂടെ പ്രഖ്യാപിച്ചു. അവിടെയാണ് ഇസ്‌ലാം പൗരോഹിത്യത്തിന് അയാൾ അനഭിമതനായി മാറുന്നത്. ഇസ്‌ലാം മതത്തിലെ മൃഗബലിയെ ഇർഫാൻ എതിർത്തു. മതം ചെയ്യുന്നതും പ്രഖ്യാപിക്കുന്നതുമെല്ലാം മതത്തിന് വേണ്ടി മാത്രമാണെന്നും മതത്തിന്റെ അന്തഃസത്ത മനസിലാക്കാതെ മതവാദിയായി ജീവിക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നു. “ഇർഫാൻ, നിങ്ങൾ അഭിനയിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചാൽ മതി” എന്ന് മതത്തിന് അദ്ദേഹത്തോട് പറയേണ്ടി വന്നത് ഈ സാഹചര്യത്തിലാണ്.
എത്രമാത്രം കാലം നമ്മൾ ഇർഫാനെ സിനിമകളിൽ കണ്ടു എന്നതല്ല. മറിച്ച്, എത്ര മനോഹരമായി നമ്മളെ സിനിമ കാണാൻ പഠിപ്പിച്ചു എന്നതാണ് ഇർഫാനെ എന്നും ഓർമ്മിക്കാനുള്ള വലിയ കാരണങ്ങളിൽ ഒന്ന്. പി എൻ ഗോപീകൃഷ്ണൻ തന്റെ എഴുത്തിൽ പറഞ്ഞപോലെ, “സ്വന്തം ഭാഷയിലെ കൃതിയായിരുന്നില്ല ഇർഫാൻ ഖാൻ. ഏറ്റവും ഇഷ്ടപ്പെട്ട വിവർത്തന കൃതിയായിരുന്നു. അതീവ പരിചിതത്വത്തിൽ നിന്ന് ഒന്ന് തെന്നി നിന്ന് അയാൾ ആവിഷ്ക്കരിക്കുമ്പോൾ ,നാം ആ കൈയ്യിലെ സിഗരറ്റിനെപ്പോലും ഇഷ്ടപ്പെട്ടു പോകും.”
 
Print Friendly, PDF & Email