ചുവരെഴുത്തുകൾ

കുടുംബശ്രീ 2.0 നു സമയമായി….കുടുംബശ്രീ വേർഷൻ 2.0 നു സമയമായി. അതിനൊപ്പം ഒരു ധന്യശ്രീ വേർഷൻ 1.0 കൂടി തുടങ്ങിവെയ്ക്കണം!
നമ്മുടെ ഭരണാധികാരികൾക്കും ആസൂത്രണവിദഗ്ദ്ധർക്കും സ്വല്പം കൂടി വെളിച്ചമുണ്ടായിരുന്നുവെങ്കിൽ, റിട്ടയർ ചെയ്ത മുതിർന്ന പൗരന്മാരെക്കൊണ്ടു് സമൂഹത്തിനും പൊതുസ്ഥാപനങ്ങൾക്കും തിരിച്ചും ഒരുപാട് ഉപകാരങ്ങൾ ചെയ്യിക്കാനാവും.
ഒരു ഉദാഹരണം പറയാം.
എല്ലാ സ്കൂളുകളിലും ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂർ മാറ്റിവെയ്ക്കട്ടെ:
ഭാവിയിൽ കുട്ടികൾക്കു് ഏതുതൊഴിൽരംഗത്തെത്തിപ്പെടണമെന്നു തീരുമാനിക്കുന്നതിൽ സഹായിക്കുന്ന വിധത്തിൽ ആ ഗ്രാമത്തിലോ പരിസരത്തോ ഉള്ള റിട്ടയേർഡ് ഉദ്യോഗസ്ഥർ ഓരോ ആഴ്ചയിലും ഓരോ ആൾ എന്ന വിധത്തിൽ, ആ ഒരു മണിക്കൂർ കുട്ടികളുമായി ഇടപെടട്ടെ.
തങ്ങളുടെ തൊഴിൽജീവിതത്തിലുണ്ടായ ഏതെങ്കിലും നല്ലതോ മോശമോ ആയ അനുഭവങ്ങളെപ്പറ്റിയോ തങ്ങളുടെ ജീവിതം മാറ്റിമറിച്ച സംഭവങ്ങളെപ്പറ്റിയോ തങ്ങളുടെ ബാലകാലജീവിതത്തെപ്പറ്റിയോ അവർ സംസാരിക്കട്ടെ. ആവശ്യമെങ്കിൽ താല്പര്യമുള്ളവരുടെയും വിഷയങ്ങളുടെയും ഒരു വർഷത്തേക്കുള്ള ലിസ്റ്റ് മുൻകൂട്ടി തയ്യാറാക്കുകയും അതു് ഒരു PTA സ്ക്രീനിങ്ങ് കമ്മിറ്റി അംഗീകരിക്കുകയും ചെയ്യട്ടെ.
പടിഞ്ഞാറൻ നാടുകളിൽ കാഴ്ചബംഗ്ലാവുകളിലും ലൈബ്രറികളിലും വളണ്ടിയർമാരായി സന്ദർശകരെ ഗൈഡ് ചെയ്യുന്നതു് PSCയ്ക്കുപോലും വേണ്ടാത്ത സെക്യൂരിറ്റി ഗാർഡുകളല്ല. മുമ്പ് അതേ സ്ഥാപനത്തിന്റെ ഡയറക്ടറായോ തൊട്ടടുത്ത യൂണിവേഴ്സിറ്റിയിൽ ചരിത്ര- പുരാവസ്തുശാസ്ത്രവകുപ്പുകളിലും മറ്റും പ്രൊഫസർമാരായോ ഒക്കെ റിട്ടയർ ചെയ്ത പണ്ഡിതന്മാരാണു്. അവരുമായി സഹവർത്തിക്കുമ്പോഴാണു് അത്തരം മ്യൂസിയങ്ങളിൽ പ്രദർശനത്തിനുവെച്ചിട്ടുള്ള വസ്തുക്കളുടെ യഥാർത്ഥമൂല്യവും മറ്റും വിജ്ഞാനകുതുകിയായ ഒരു സന്ദർശകനു മനസ്സിലാക്കാനാവുക.
ഉയർന്ന ശമ്പളമോ മറ്റു് ആനുകൂല്യങ്ങളോ പ്രതീക്ഷിച്ചല്ല അവരൊന്നും അവിടെ ഈ സേവനം ചെയ്യുന്നതു്. അവർക്കിതു് സ്വന്തം തൊഴിൽ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ ദിനങ്ങളിലേക്കുള്ള അനുസ്മരണയാത്രകളാണു്.
അവരെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവും ധന്യമായ മണിക്കൂറുകളാണു് അവ.
പോലീസ് വകുപ്പിൽനിന്നും മറ്റും റിട്ടയർ ചെയ്തവർക്കു് രാവിലെയും വൈകീട്ടും തിരക്കുള്ള സ്കൂൾ സമയത്തു് നിരത്തുകളിൽ വാഹനങ്ങളേയും കാൽനടക്കാരായ കുട്ടികളേയും ഗതാഗതത്തിൽ സഹായിക്കാൻ നിന്നുകൂടാ?
നമ്മുടെ നാട്ടിൽ തന്നെ, കുറേ വർഷങ്ങൾക്കു മുമ്പ് കളക്ടറേറ്റിലും താലൂക്കാപ്പീസിലും മറ്റും അക്ഷരാഭ്യാസമില്ലാത്ത ആളുകൾക്കു് സൗജന്യമായി അപേക്ഷാഫോറങ്ങളും മറ്റും പൂരിപ്പിക്കാൻ സഹായിച്ചിരുന്ന ചില റിട്ടയേർഡ് അമ്മാവന്മാരെ ഓർമ്മയുണ്ടു്.
അഥവാ ആരെങ്കിലും പോക്കറ്റ് മണിയായി വല്ലതും കൊടുത്താൽ ആ ഗുണഭോക്താക്കളുടെക്കൂടി സന്തോഷത്തിനായി അതു വാങ്ങുമെന്നല്ലാതെ, ഞാനറിയുന്ന ആ കാരണവന്മാർ അഴിമതിയുടെ ഏജന്റുമാരോ കൈക്കൂലിയുടെ ബിനാമിച്ചാനലുകളോ ഒന്നുമായിരുന്നില്ല. പിന്നീടു് ഇത്തരം സേവനങ്ങളൊക്കെ അങ്ങനെയുള്ളവർ ഹൈജാക്ക് ചെയ്തു എന്നിരിക്കിലും.
എല്ലാരും വേണ്ട. ഇതിനൊക്കെ താല്പര്യവും അർപ്പണമനോഭാവവുമുള്ളവർ പത്തിലൊന്നു പേർ വെച്ചായാൽ പോലും അതുകൊണ്ടുണ്ടാവുന്ന മാറ്റങ്ങൾ എത്ര അത്ഭുതകരമായിരിക്കും?
കുടുംബശ്രീ വേർഷൻ 2.0 നു സമയമായി. അതിനൊപ്പം ഒരു ധന്യശ്രീ വേർഷൻ 1.0 കൂടി തുടങ്ങിവെയ്ക്കണം!
https://www.facebook.com/viswaprabha/posts/10159851236503135
Print Friendly, PDF & Email