അഭിമുഖം സംവാദം 

വിസ്‌മയങ്ങളെ ചിറകിലേറ്റിയ ബീനകാനഡയിലെ വായനാരാമം അംഗങ്ങള്‍ കെ.എ.ബീനയുമായി നടത്തിയ സംഭാഷണം

പതിമ്മൂന്നുവയസ്സില് റഷ്യ കാണാനുള്ള ഭാഗ്യം ഉണ്ടാവുക. അതിനെക്കുറിച്ച് എഴുതാന് കഴിയുക. അന്നത്തെ മുഖ്യധാരാപ്രസിദ്ധീകരണമായ മാതൃഭൂമി ആഴ്ചപ്പതിപ്പില് അത് പ്രസിദ്ധീകൃതമാകുക. ദൃശ്യമാധ്യമങ്ങള് തലപൊക്കി നോക്കാത്ത ഒരുകാലത്തെ വായനയുടെ വിസ്തൃതലോകം അത് ഹൃദയത്തിലേറ്റുക. ഇക്കാര്യങ്ങളെല്ലാം കെ.എ. ബീനയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്‌. അതുകൊണ്ടു തന്നെയാവും, അന്നതുവായിച്ച ഇപ്പോഴത്തെ ഏറ്റവും മുതിര്ന്ന തലമുറയുടെയുള്ളില് ബീനയെ ഇപ്പോഴും ആ പതിമ്മൂന്നുവയസ്സുകാരിയാക്കി നിറുത്തുന്നതും. ജോലിത്തിരക്കിലും യാത്രകളിലുമായുള്ള ജീവിതം! അപ്പുവിനെ കൂട്ടിപ്പിടിച്ച്‌ അമ്മയും മകനും കളിക്കാനാവുന്നില്ലല്ലോ എന്ന വേവലില് അവനായി തിളച്ചുതൂവിയ കുഞ്ഞിക്കഥകളാണ്‌ പില്ക്കാലത്ത് ലോകം മുഴുവനുമുള്ള കുട്ടികള് വായിച്ചത്. പിന്നീടത് കുട്ടികള്ക്കുമപ്പുറം, ആ കാലം കഴിഞ്ഞെത്തിയ മനുഷ്യര്ക്കിടയിലെ ബന്ധങ്ങളുടെ കഥകളായി. ബീനയുടെ യഥാര്ത്ഥജീവിതത്തിലെപ്പോലെ, വിട്ടുപോയതും മറന്നുപോയതുമായ ബന്ധങ്ങളുടെ കണ്ണികള് തേടിപ്പിടിക്കലായി.

ഭര്‍ത്താവു മരിച്ചിട്ടും, മീന്‍‌തല ഉപേക്ഷിക്കാനാവാതെ തുടരാന്,‍ വിധവയല്ലെന്നു പ്രഖ്യാപിക്കുന്ന മമ്‌തയെന്ന വീട്ടുജോലിക്കാരി. (ബംഗാളികള്‍ക്കിടയിലെ വിധവകള്‍ക്ക് നഷ്ടമാകുന്ന സൗഭാഗ്യങ്ങളിലൊന്ന് അവരുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമായ മീന്‍‌തലയാണ്‌) വിധവയാകാന്‍ ആദ്യം ഭാര്യയാവണ്ടേയെന്ന് ഈ ലോകത്തിലൊരു പക്ഷേ ആദ്യമായി ചോദിച്ചത് മമ്‌തയും അത് കേട്ടത് ബീനയുമാകും. ഇഞ്ചിച്ചായ കുടിച്ചുകൊണ്ടാരംഭിക്കുന്ന പാത്രം കഴുകലിന്‍റെ പിന്‍‌പാട്ടായി അവള്‍ക്ക് ഗായതീമന്ത്രം കേള്‍ക്കണം. ബീനയുടെ ‘മമ്‌താ ബാനര്‍ജി’ ബീനയെ രബീന്ദ്രസംഗീതത്തിന്‍റെ തീവ്രാരാധികയാക്കി മാറ്റുന്നു. ‘ബ്രഹ്മപുത്രയിലെ വീടി’ന്‍റെ ചുവരുകളിലേയ്ക്ക് ചെവികൊടുത്താല്‍, വീടുകളും കുടുംബങ്ങളും വിട്ട് ആ രാഷ്ട്രീയം കേന്ദ്രസംസ്സ്ഥാനബന്ധങ്ങളിലെ ശീതയുദ്ധങ്ങളിലേയ്ക്ക് പോകുന്നതുകാണാം.

ബഷീർ കടന്നുപോയതിനു ശേഷം, അത്രത്തോളം ഉപാധികളില്ലാതെ പിന്നൊരു സ്നേഹം എന്നെ തേടിയെത്തിയിട്ടില്ല എന്നു ഞാൻ പിന്നീട് എഴുതിയിട്ടുണ്ട്. യാതൊരു ഉപാധികളുമില്ലാതെ മനുഷ്യനെ സ്നേഹിക്കാൻ പറ്റുമെന്നും നമ്മളെപ്പോലെത്തന്നെ നമ്മുടെ സുഹൃത്ത് അല്ലെങ്കിൽ അപ്പുറത്തു നിൽക്കുന്ന ഒരാളിനെ സ്വന്തമായി കരുതാനും ഒന്നാകാനുമൊക്കെയുള്ള പാഠങ്ങൾ ബഷീറാണ് പഠിപ്പിച്ചത്

ഗ്രാമീണജീവിതത്തിന്റെ പച്ചനിറമുള്ള ബഹുരൂപികളേയും അവരുടെ സഹജീവികളേയും കാണിച്ചുതന്ന് അവരുണ്ടാക്കുന്ന തൊന്തരവുകളുടെയും കഥയില്ലായ്മകളുടേയും കഥപറഞ്ഞ്‌ ഇന്നും ചിരഞ്‌ജീവിയായി നമ്മുടെ മനസ്സുകളില് ജീവിക്കുന്ന ബേപ്പൂര് സുല്ത്താന് പതിനെട്ടു പെയ്‌ജുള്ള ഒരു കത്ത് ആ അപരിചിതയായ പെണ്‌കുട്ടിക്ക് അയയ്ക്കണമെങ്കില്  അവള്  സാധാരണക്കാരിയാവില്ല. ആ ഊഷ്മളബന്ധത്തെക്കുറിച്ച് ഒരു പുസ്തമെഴുതാന് ബീനയ്ക്കേ കഴിയൂ. കൂട്ടുകാരി മിഹ്‌റീന്റെ താജിക്കി ഭാഷകേള്ക്കുമ്പോള് ബീനയുടെ മനസ്സ് ബഷീറിന്റെ ലോകം പോലെ കാടുകയറിപ്പോകുന്നതുകാണാം. യാത്രയുടേയും എഴുത്തിന്റേയും വഴികളിലേയ്ക്ക് പിടിച്ചുകയറ്റിയ അച്ഛനേയും അമ്മയേയും കുറിച്ച് പലപ്പോഴായി എഴുതിയ വിശേഷങ്ങള് നമ്മുടെയൊക്കെ മനസ്സുകളിലിപ്പോഴും ബാക്കിനില്ക്കുന്നുണ്ട്. 

കാനഡയിലെ ഏറ്റവും വലിയ മലയാളിവായനക്കൂട്ടമായ ‘വായനാരാമ’ത്തിലെ അംഗങ്ങളോടാണ്‌ 2020 മെയ് 17 ഞായറാഴ്ച, എഴുത്തുകാരിയും മാധ്യമപ്രവര്ത്തകയുമായ കെ.എ. ബീന രണ്ടുമണിക്കൂര് സംസാരിച്ചിരുന്നത്. കഥാകൃത്ത് നിര്മല, രാജ് പദ്‌മനാഭന്, കുഞ്ഞൂസ്, ജോജി, ഫാത്തിമ മുബീന്, അഞ്‌ജുഷ വര്മ്മ, ഡോ.സലീമ, റെയ്‌ഹാന, ജൂന, ഹസീന മെഹ്‌ഫില്, പ്രസാദ് സാം, സംഗമേശ്വരന്, സുരേഷ് നെല്ലിക്കോട് എന്നിവര് ചോദ്യങ്ങളും വര്ത്തമാനങ്ങളുമായി കൂടെയും.

‘ബീന കണ്ട റഷ്യ’ എന്ന യാത്രാവിവരണത്തോടെ എഴുത്തിന്റെ ലോകത്തിലേക്കു കടന്നുവന്ന് അവിടെ തന്റേതായ സ്ഥാനമുറപ്പിച്ച ബീന, പിന്നീട് ഇരുപത്തെട്ടു പുസ്തകങ്ങൾ വായനാലോകത്തിനു നല്‌കി. യാത്രാവിവരണം, ചെറുകഥാസമാഹാരങ്ങൾ, ലേഖനങ്ങൾ, ഓർമ്മക്കുറിപ്പുകൾ എന്നിവ അതിൽ ഉൾപ്പെടുന്നു. കൂടാതെ പത്രമാധ്യമങ്ങളിലും പ്രസിദ്ധീകരണങ്ങളിലും പതിവായി പംക്തികൾ കൈകാര്യം ചെയ്യുന്നുമുണ്ട്. കേന്ദ്രസർക്കാരിന്റെ ഇന്ത്യൻ ഇൻഫർമേഷൻ സർവീസിൽ ചേർന്നു ഓൾ ഇന്ത്യ റേഡിയോയുടെയും ദൂരദർശൻറെയും ന്യൂസ് എഡിറ്ററായും പ്രസ് ഇൻഫർമേഷൻ ബ്യുറോ, ഡയറക്ടർ ഓഫ് അഡ്വെർടൈസ്‌മെന്റ്‌, വിഷ്വൽ പബ്ലിസിറ്റി എന്നീ മേഖലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ദൂരദർശന്റെ ഡെപ്യൂട്ടി ഡയറക്ടറാണ് കെ. എ. ബീന. ഇങ്ങനെ വിശദമായി ഗ്രൂപ്പ് അംഗങ്ങൾക്കു ബീനയെ പരിചയപ്പെടുത്തി വായനാരാമത്തിലേക്കു ബീനയെ സ്വാഗതം ചെയ്തത് റെയ്‌ഹാനയാണ്.

തുടർന്നു നടന്ന ചോദ്യോത്തരവേളയിലെ പ്രസക്ത ഭാഗങ്ങൾ:

രാജ്. പി: കുട്ടികളെ സംബന്ധിക്കുന്ന കഥകളെഴുതാനാണോ കൂടുതൽ താൽപര്യം? മുതിർന്നവരുടേതിനേക്കാൾ കുട്ടികളുടെ മനസ്സ് കൂടുതൽ കാണാൻ കഴിയുന്നുണ്ടെന്ന് തോന്നുന്നല്ലോ. ശരിയാണോ?  

ബീന: ഞാൻ കുട്ടികളുടെയും വലിയവരുടെയും കഥകൾ എഴുതാറുണ്ട്. പക്ഷേ, കുട്ടികൾക്കു വേണ്ടീട്ടൊരു ആറോളം നോവലുകൾ എഴുതിയതു കൊണ്ടായിരിക്കുമെന്നു തോന്നുന്നു ഇങ്ങനെയൊരു ചോദ്യം വന്നത്. കുട്ടികൾക്കു വേണ്ടിയെഴുതുന്നത് എളുപ്പമാണോന്നു ചോദിച്ചാൽ നമ്മളൊരു കുട്ടിയായി മാറേണ്ടിവരും. നമ്മുടെ വലിയ കാലത്തു നിന്ന്, വലിയ ആളുകളുടെ ലോകത്തു നിന്നൊക്കെ മാറി കുട്ടികളുടെ ലോകത്തേക്കു പോകുമ്പോൾ മാത്രമേ കുട്ടികൾക്കു വേണ്ടി എഴുതാൻ പറ്റൂ. പിന്നെ എനിക്ക് തോന്നുന്നു എന്റേതൊരു കുട്ടിയെഴുത്താണെന്ന് വിചാരിക്കുന്നത് എന്റെ ആദ്യത്തെ പുസ്തകം കൊണ്ടായിരിക്കും. ‘ബീന കണ്ട റഷ്യ’ കുട്ടിക്കാലത്ത് എഴുതിയ പുസ്തകമായതു കൊണ്ട് മിക്കവരും ഒരു കുട്ടി എഴുത്തുകാരിയായിട്ടാണ് എന്നെ കാണുന്നത്. ഞാൻ കുട്ടികൾക്കു വേണ്ടി എഴുതിയ പ്രധാനപ്പെട്ട എഴുത്ത് എന്നു പറയുന്നത് ഒരു നോവൽ സീരീസ് ആയിരുന്നു, ബാലനോവലുകൾ. ‘അമ്മക്കുട്ടിയുടെ ലോകം’, ‘അമ്മക്കുട്ടിയുടെ അത്ഭുതങ്ങൾ’, ‘അമ്മക്കുട്ടി സ്കൂളിൽ’ എന്നു മൂന്നു പുസ്തകങ്ങളാണ് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചത്. ആ പുസ്തകങ്ങളാണെന്‍റെ പ്രധാനപ്പെട്ട ബാലസാഹിത്യം എന്നു പറയാവുന്നത്. സത്യം പറഞ്ഞാൽ, അതു ഞാനെന്‍റെ മകനു വേണ്ടി ‘അമ്മക്കുട്ടി’ ആയിരുന്നപ്പോൾ എഴുതിയ പുസ്തകങ്ങളാണ്. പിന്നീടത് പ്രസിദ്ധീകരിച്ചപ്പോൾ എല്ലാ കുട്ടികളും തന്നെ അതിഷ്ടപ്പെടാൻ തുടങ്ങി. അങ്ങനെയാണ് ബാലസാഹിത്യത്തിലേക്കു ഞാൻ വരുന്നത്.

ജൂന: സഞ്ചാരസാഹിത്യത്തിൽ എസ്‌. കെ. പൊറ്റക്കാടൊക്കെ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ കാലഘട്ടത്തിലാണ് മാഡത്തിന്റെ ‘ബീന കണ്ട റഷ്യ’ മാതൃഭൂമിയിൽ സീരിയലൈസ് ചെയ്‌തു വരുന്നത്. അതും പതിമൂന്നാമത്തെ വയസ്സിൽ! ആ പുസ്തകത്തിന് അന്നു കിട്ടിയ സ്വീകാര്യതയുടെ ആഴം ഉൾക്കൊള്ളാൻ ആ പ്രായത്തിൽ കഴിഞ്ഞിരുന്നുവോ?  

ബീന : ഇല്ല. ഞാൻ ഒട്ടും മനസ്സിലാക്കിയിരുന്നില്ല എന്നെനിക്കു തോന്നുന്നു. റഷ്യയിൽ പോയി തിരിച്ചു വന്നപ്പോൾ അന്ന് നാടു മുഴുവൻ സ്വീകരണങ്ങൾ ഉണ്ടായിരുന്നു. സ്‌കൂളിൽ സ്വീകരണം, ബാലഭവനിൽ വച്ച് സുഗതകുമാരി ടീച്ചറുടെ ആഭിമുഖ്യത്തിൽ സ്വീകരണം, പിന്നെ ഞാൻ താമസിച്ചിരുന്ന പേരൂർക്കടയിലൊക്കെ പന്തലിട്ട് സ്വീകരണം ഉണ്ടായിരുന്നു. റേഡിയോയിൽ ബാലലോകത്തിൽ വിളിച്ചിരുന്നു.. ഇതങ്ങനെ ഒരു കൊച്ചുകുട്ടി സോവിയറ്റ് യൂണിയനിൽ പോയി എന്നുള്ളതാഘോഷിക്കുമ്പോഴും എനിക്കൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. അതു കഴിഞ്ഞു പുസ്തകം എഴുതാനുള്ള കാരണമെന്താണെന്ന് വച്ചാൽ, എവിടെ പോയാലും ആളുകൾ ഈ വിശേഷങ്ങൾ ചോദിക്കും. അപ്പോൾ ഞാൻ വിചാരിച്ചു അച്ഛൻ ഒരുപാട് കത്തുകൾ എഴുതി കണ്ടിട്ടുണ്ട്. അതുപോലെ എഴുതാമെന്ന് വിചാരിച്ചു. അന്ന് അച്ഛനടുത്തില്ല. അപ്പോൾ എഴുതിക്കഴിഞ്ഞു ഇതാരെയാണു കാണിക്കേണ്ടതെന്ന് അറിയില്ലായിരുന്നു. എഴുതിയത് നല്ലതാണോയെന്നും അറിയില്ലായിരുന്നു. അങ്ങനെയാണ് എനിക്കു പരിചയമുള്ള എം.എസ്‌ നായരെയും, ഉഷ. എസ്.‌ നായരെയും കാണിക്കാൻ തീരുമാനിച്ചത്. അവരതു വായിച്ചു ഒന്നുരണ്ടു മാറ്റങ്ങളൊക്കെ വരുത്താൻ പറഞ്ഞു. പറഞ്ഞപോലുള്ള മാറ്റങ്ങളൊക്കെ വരുത്തിയതിനു ശേഷം പിന്നെന്തു ചെയ്യണമെന്ന് നിശ്ചയമില്ലായിരുന്നു. അക്കാലത്തു വീട്ടിൽ മാതൃഭൂമിയും ബാലരമയും വരുത്തുന്നുണ്ട്. പക്ഷെ ബാലരമയിൽ ഇത്രയും വലിയൊരു ലേഖനം കൊടുക്കില്ലെന്നറിയാമായിരുന്നു. അമ്മ സ്ഥിരമായി മാതൃഭൂമി വായിക്കും. അതിൽ എം ടി വാസുദേവൻ നായരുടെ പേരു കണ്ടതുകൊണ്ടാണ് ഞാൻ അദ്ദേഹത്തിനു നേരിട്ട് അയച്ചു കൊടുക്കുന്നത്. അയച്ചു കൊടുക്കുമ്പോൾ അതിന്റെ ഒരു കോപ്പി പോലും എടുത്തു വച്ചില്ലായിരുന്നു. കോപ്പിയെടുക്കണം എന്നൊന്നും അറിയില്ലായിരുന്നു. പ്രസിദ്ധീകരിക്കാൻ പോവുകയാണെന്നു പറഞ്ഞ് ഒന്നുരണ്ടു മാസങ്ങൾക്കുള്ളിൽ തന്നെ എം ടി യുടെ മറുപടി വന്നു. ഒരു ചെറിയ കുട്ടിക്കെഴുതുന്നപോലെ തന്നെയായിരുന്നു അദ്ദേഹം എഴുതിയിരുന്നത്. ആ കത്തിപ്പോഴും എന്റെ കയ്യിലുണ്ട്. അതിൽ ഫോട്ടോസൊക്കെ അയയ്ക്കാൻ പറഞ്ഞിട്ടുണ്ടായിരുന്നു. അതുകഴിഞ്ഞു മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കാൻ തുടങ്ങിയപ്പോൾ ഒരുപാടുപേർ കത്തുകൾ അയയ്ക്കാൻ തുടങ്ങി. അന്നു ഫേസ്ബുക്കൊന്നുമില്ലല്ലോ. ആ കത്തുകളൊക്കെ ഇപ്പോൾ എടുത്തുവായിക്കുമ്പോഴാണ് അത്രയും വലിയ ഒരു അനുഭവത്തിലൂടെയാണ് ഞാനന്നു കടന്നു പോയിരുന്നതെന്നു എനിക്കു മനസ്സിലാകുന്നത്.

മുബീൻ: ആറാം ക്ലാസ് വിദ്യാർത്ഥിയായിരിക്കുമ്പോൾ “ബാല്യകാലസഖി” വായിച്ച ആരാധനയിൽ തുടങ്ങിയ റ്റാറ്റയുടെ പൊന്നമ്പിളിയായ ബീനയുടെ അനുഭവങ്ങൾ ഒന്നു പങ്കുവയ്ക്കാമോ?  

ബീന: നമ്മുടെയൊക്കെ കുട്ടിക്കാലത്തെ ക്രെയ്സ് ആയിരുന്നുവല്ലോ ബഷീറും ബഷീറിയൻ സാഹിത്യവുമൊക്കെ. ഞാൻ ബഷീറിന്റെ പുസ്തകങ്ങൾ ഒരുപാട് വായിച്ചിട്ടുണ്ടായിരുന്നു. പിന്നെ ബഷീറിനോട് ഒരുപാട് ഇഷ്ടവുമുണ്ട്. ഞാൻ കാര്യവട്ടത്ത് ജേർണലിസം ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോൾ ഒരു തീസിസ് എഴുതണമായിരുന്നു. അത് ഏതെങ്കിലും വിഷയത്തെക്കുറിച്ചു സീരിയസ് ആയിട്ടുള്ള ബുക്കായിരിക്കണമെന്നാണ്. അറിയപ്പെടുന്ന പത്രപ്രവർത്തകനായ കെ. ബാലകൃഷ്ണനും കൗമുദി വാരികയും മലയാളപത്രപ്രവർത്തനത്തിനു നൽകിയ സംഭവനകളെക്കുറിച്ചായിരുന്നു എന്റെ തീസിസ്. അങ്ങനെ, അന്ന് ഈ ‘കൗമുദി’യിൽ എഴുതിയിരുന്ന എല്ലാഎഴുത്തുകാർക്കും ഞാൻ കത്തുകളെഴുതി. കൂട്ടത്തിൽ വൈക്കം മുഹമ്മദ് ബഷീറിനും ഒരു കത്തയച്ചു. പക്ഷേ എനിക്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ അഡ്രസ് ഒന്നും അറിയാത്തതുകൊണ്ട്, ഞാൻ അദ്ദേഹം പൊന്നാനിയിലാണെന്നുള്ള ധാരണയിൽ പൊന്നാനി എന്നു മാത്രം വച്ചാണ് കത്തയച്ചത്. പക്ഷെ അതെങ്ങനേയോ അദ്ദേഹത്തിനടുത്തു തന്നെ തെറ്റിത്തിരിഞ്ഞെത്തി. അപ്പോൾ അദ്ദേഹം അതിനൊരു മറുപടി അയച്ചു. എനിക്കിപ്പോഴുമത് വിശ്വസിക്കാനാവില്ല. അത്രയും വലിയൊരെഴുത്തുകാരൻ ഒരു കുട്ടിക്ക് എങ്ങനെയാണ് അങ്ങനൊരു മറുപടി അയയ്ക്കുന്നതെന്ന്. അതായതു അദ്ദേഹത്തിന്റെ ലെറ്റർഹെഡിലുള്ള പതിനെട്ട് പേജുകളുള്ള എഴുത്തായിരുന്നു അത്. അതിനകത്തു വളരെ വിശദമായിട്ടുതന്നെ ലോകത്തിനെക്കുറിച്ചുള്ള പലപല കാര്യങ്ങള്‍, ബാലകൃഷ്ണനെക്കുറിച്ചും കൗമുദിയെക്കുറിച്ചുമുള്ള വിവരങ്ങള്‍, പിന്നെ എനിക്ക് കുറെ ഉപദേശങ്ങള്‍, അദ്ദേഹത്തിന്റെ കുറേ ജീവിതം എന്നിവയടങ്ങിയിരുന്നു. എന്നെ പൊന്നമ്പിളീ എന്നായിരുന്നു കത്തിൽ അഭിസംബോധന ചെയ്തിരുന്നത്. അദ്ദേഹം മരിക്കുന്നത് വരെ പൊന്നമ്പിളി എന്നായിരുന്നു വിളിച്ചിരുന്നത്. അങ്ങനെ ആ കത്തിൽ തുടങ്ങിയതായിരുന്നു സൗഹൃദം. പിന്നെ നിരന്തരം കത്തുകൾ അയയ്ക്കുമായിരുന്നു. കല്യാണം കഴിഞ്ഞു ഞങ്ങൾ ആദ്യമായി പോയത് ബഷീറിനെ കാണാനായിരുന്നു. അവിടെ പോയി ഇടയ്ക്ക് താമസിക്കാറുണ്ടായിരുന്നു. അവസാനത്തെ കത്ത് അദ്ദേഹത്തിനു ശ്വാസംമുട്ടൽ വന്നു തീരെ വയ്യാതായിരിക്കുന്ന സമയത്ത്, അമരവിളയിൽ നിന്നും കുറച്ചു പച്ചമരുന്നുകൾ എത്തിച്ചു കൊടുക്കണമെന്നു പറഞ്ഞുകൊണ്ടായിരുന്നു. അതു കഴിഞ്ഞ് രണ്ടുമൂന്നു ദിവസങ്ങൾക്കുശേഷം അദ്ദേഹം മരിച്ചു. അവസാനത്തെ കത്തയച്ചത് എനിക്കായിരുന്നു. അത്രയും മനോഹരമായൊരു സൗഹൃദം സാദ്ധ്യമാണെന്ന് എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്. ബഷീർ കടന്നുപോയതിനു ശേഷം, അത്രത്തോളം ഉപാധികളില്ലാതെ പിന്നൊരു സ്നേഹം എന്നെ തേടിയെത്തിയിട്ടില്ല എന്നു ഞാൻ പിന്നീട് എഴുതിയിട്ടുണ്ട്. യാതൊരു ഉപാധികളുമില്ലാതെ മനുഷ്യനെ സ്നേഹിക്കാൻ പറ്റുമെന്നും നമ്മളെപ്പോലെത്തന്നെ നമ്മുടെ സുഹൃത്ത് അല്ലെങ്കിൽ അപ്പുറത്തു നിൽക്കുന്ന ഒരാളിനെ സ്വന്തമായി കരുതാനും ഒന്നാകാനുമൊക്കെയുള്ള പാഠങ്ങൾ ബഷീറാണ് പഠിപ്പിച്ചത്. പക്ഷെ ഞാൻ അതേക്കുറിച്ചൊന്നും എഴുതിയിട്ടുണ്ടായിരുന്നില്ല. പിന്നീട് ഡിസി ബുക്ക്സ്, ബഷീർ എനിക്കയച്ച കത്തുകൾ പുസ്തകമാക്കുകയുണ്ടായി. അതു കഴിഞ്ഞൊരിക്കൽ ബഷീറിന്റെ ഭാര്യ, ഞാൻ ഉമ്മച്ചി എന്നു വിളിച്ചിരുന്ന ഫാബി ബഷീർ ഒരാഗ്രഹം പറഞ്ഞു. ഉമ്മച്ചിയേയും കൂടെ ചേർത്ത് ബഷീറിനെക്കുറിച്ചൊരു പുസ്തകം എഴുതണമെന്ന് . അതിനു മുന്നേ എഴുതിയ പുസ്തകങ്ങൾ ഒന്നും ഉമ്മച്ചിക്കിഷ്ടപ്പെട്ടിരുന്നില്ല. ബീനക്ക് എഴുതിക്കൂടേയെന്ന് ഉമ്മച്ചി ചോദിച്ചു. അങ്ങനെ ഞാൻ ബേപ്പൂരിൽ പോയി അഞ്ചാറുദിവസം ഉമ്മച്ചിയുടെ കൂടെ വൈലാലിൽ താമസിച്ച് ‘ബഷീർ എന്ന അനുഗ്രഹം’ എന്ന പുസ്‌തകം എഴുതുകയുണ്ടായി. അതെന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമാണെന്ന് തോന്നുന്നു. കാരണം അതിനു വേണ്ടി ബഷീറിനെക്കുറിച്ചെഴുതിയ പുസ്തകങ്ങളെല്ലാം ഞാൻ വായിച്ചു, ബഷീറിന്റെ പുസ്തകങ്ങളും എല്ലാം വായിച്ചു. ആ പുസ്തകം എഴുതിയകാലത്തൊക്കെ എനിക്കു ഭയങ്കര സന്തോഷമായിരുന്നു. ഞാൻ ഓഫീസിൽ പോയിട്ട് വൈകുന്നേരം തിരിച്ചു ഓടി വീട്ടിലേക്കെത്തുമായിരുന്നു. എന്താണെന്നുവച്ചാൽ എനിക്കെഴുതണമായിരുന്നു. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എഡിറ്ററായിരുന്ന ചന്ദ്രിക ആഴ്ചപ്പതിപ്പിലായിരുന്നു അതു പ്രസിദ്ധീകരിച്ചത്. ആ മാസങ്ങൾ എനിക്കു വളരെ സന്തോഷമുള്ള മാസങ്ങളായിരുന്നു. എന്താണെന്നുവച്ചാൽ ഏതോ ഒരു സ്വർഗ്ഗലോകത്തു എത്തുന്നതുപോലെയായിരുന്നു അത്. ബഷീറിനെക്കുറിച്ചുള്ള പുസ്തകങ്ങൾക്കിടയിൽ വന്നിരിക്കുക, അതിനെക്കുറിച്ചാലോചിക്കുക.. ഞാൻ അറിയാതെ തന്നെ എനിക്കെഴുതാൻ പറ്റുമായിരുന്നു. അതാണെന്റെ ബഷീർ അനുഭവം.

മുബീൻ: ബീനയെഴുതിയ പുസ്തകങ്ങളിൽ എനിക്കേറ്റവും പ്രിയപ്പെട്ടതും അതു തന്നെയാണ്.  

ബീന: എനിക്കുമത് വളരെ പ്രിയപ്പെട്ടതാണ്. ആ കത്തുകൾ എന്റെ കൈയിലുള്ളപ്പോൾ ഞാൻ ആരോടും പറഞ്ഞിരുന്നില്ല. എനിക്കിങ്ങനെ ബഷീർ കത്തെഴുതിയിരുന്നതായൊന്നും. എനിക്കെന്തെങ്കിലും സങ്കടങ്ങളൊക്കെ വരുമ്പോൾ ഞാനീക്കത്തുകൾ ഓടിച്ചെന്നെടുത്ത് വായിക്കും. അപ്പോഴായിരുന്നു ഞാൻ ശരിക്കും റിക്കവർ ചെയ്യുന്നത്. ഇപ്പോഴും ഞാൻ അതൊക്കെ അതുപോലെ വച്ചിട്ടുണ്ട്. പിന്നീടവ പുസ്തകരൂപത്തിൽ വന്നപ്പോൾ പുസ്തകമെടുത്തും വായിക്കാം. കത്തുകളിപ്പോൾത്തന്നെ പൊടിഞ്ഞു തുടങ്ങി. കുറെ വർഷങ്ങളായില്ലേ… ഞാൻ ഓരോ പേജുകൾ എടുത്തെടുത്തുവച്ച് വായിക്കുമായിരുന്നു. എനിക്കൊരു താങ്ങെന്ന വിധം, എനിക്കാശ്രയിക്കാൻ പറ്റുന്നൊരു സാധനമായിട്ട് ബഷീർ കത്തുകളെ ഞാനും കരുതിയിരുന്നു. എനിക്ക് തോന്നുന്നു, ശരിക്കും അത്തരം ബന്ധങ്ങൾ നമ്മുടെയിടയിലൊക്കെ ഉണ്ടെങ്കിൽ ഈ ഭൂമി സന്തോഷത്തോടെ കുറേക്കാലം കൂടി നമുക്ക് ജീവിച്ചിരിക്കാനുള്ളൊരിടമായി മാറുമെന്ന്. എനിക്ക് അങ്ങനൊരു റിലേഷൻഷിപ് പിന്നീടുണ്ടായിട്ടില്ല. ഞാൻ അതിൽ എഴുതിയിട്ടുണ്ട് ബഷീർ എന്ന് പറയുന്നത് പ്രപഞ്ചം ഉള്ളിൽ കൊണ്ട് നടന്ന മനുഷ്യനായിരുന്നു. അതുപോലെ ഈ പ്രപഞ്ചത്തെ മൊത്തമായി ഉള്ളിൽ കൊണ്ടുനടന്നാലേ നമുക്ക് അത്തരം സ്നേഹങ്ങളും സൗഹൃദങ്ങളും ഉള്ളിൽ സൂക്ഷിക്കാൻ പറ്റൂ. ഇന്നീ കടന്നു പോകുന്ന കാലത്തിലൊക്കെ അത്തരം ബന്ധങ്ങളുടെ ആവശ്യം അല്ലെങ്കിൽ ഓരോ ദിവസവും ആരെയെങ്കിലും വിളിക്കാനുണ്ടെങ്കിൽ, അവരോട് കുറച്ചു സ്നേഹം പങ്കിടാനൊക്കെയുണ്ടെങ്കിൽ അതൊരു വളരെ സന്തോഷമുള്ള കാര്യം തന്നെയാണ്. ഇപ്പോൾത്തന്നെ, എനിക്കെന്റെ എഴുത്തിനെക്കുറിച്ചു പറയുന്നതിനേക്കാളും നമുക്കറിയുന്ന കുറേപ്പേരെ ലോകത്തിന്റെ വേറൊരുഭാഗത്തിരുന്നു കാണാൻ കഴിയുന്നു എന്ന് പറയുന്നതൊരു സന്തോഷമല്ലേ. നമ്മളെല്ലാവരും ഇങ്ങനെ ഓടിക്കൊണ്ടിരിക്കുവാണല്ലോ. മറ്റുള്ളവർക്കു വേണ്ടി സമയം ചിലവഴിക്കാൻ കഴിയുന്നതൊക്കെ കുറവാണ്. ബഷീർ ഓരോരുത്തർക്കും വേണ്ടി എത്രമാത്രം സമയം ചിലവഴിച്ചിരുന്നെന്ന് ഞാൻ ആലോചിക്കും. ഒരുപാടുപേരുമായി അദ്ദേഹം കമ്മ്യൂണിക്കേറ്റ് ചെയ്തിരുന്നു. ഇന്നൊരു എഴുത്തുകാരന് അല്ലെങ്കിൽ എഴുത്തുകാരിക്ക് അവനവന്റെ സമയം അത്രത്തോളം വിനിയോഗിക്കാൻ കിട്ടുമോ എന്നുള്ളത് സംശയമാണ്. അത് അന്നത്തെ കാലത്തിന്റെ പ്രത്യേകതയാണെന്നു തോന്നുന്നു. അവരുടെയിടയിലൊക്കെ ഒരുപാട് സൗഹൃദങ്ങൾ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. എം ടി ആയാലും തിക്കോടിയനായാലും… അവരെല്ലാരും കൂടെയുള്ളൊരു സൗഹൃദമുള്ളതായിക്കേട്ടിട്ടുണ്ട്. വളരെ മനോഹരമായൊരു കാലം.

എന്താണെന്നുവച്ചാൽ മാധവിക്കുട്ടി മരിച്ചിട്ട് ഇത്രകാലം കഴിഞ്ഞിട്ടും അവർക്കൊരു സ്മാരകം പോലുമുണ്ടായിട്ടില്ല. അപ്പോൾ നമ്മളായിട്ടൊരു സ്മാരകം ഉണ്ടാക്കാൻ നോക്കി. എഴുത്തുകാർക്ക് ഏറ്റവും നല്ല സ്മാരകം മരമാണെന്ന് വിശ്വസിച്ചുകൊണ്ടാണ്, ഒരു പൊതുവേദിയിൽ ത്തന്നെ, സ്ത്രീകളുടെ ഒരിടം എന്നനിലയിൽ എല്ലാ മൂന്നാമത്തെ വെള്ളിയാഴ്ചയും അഞ്ചുമണിക്ക് സ്ത്രീകൾ പൊതു വേദിയിൽ ചെന്നിരിക്കുന്ന തിനുവേണ്ടിയിട്ടുള്ള ഒരു സ്പേസ് ആക്കി മാറ്റിയതിനെ.  ഏഴെട്ടുവർഷങ്ങളായി മുടങ്ങാതെ ആ മരത്തിന്റെ ചുവട്ടിലാണ് ഞങ്ങൾ കൂടുന്നത്. അത് നമ്മൾ പറയുന്നൊരു രാഷ്ട്രീയമാണ്. 

കുഞ്ഞൂസ് : ഇന്നത്തെക്കാലത്തു എഴുത്തുകാർക്കിടയിൽ അതുപോലുള്ള സൗഹൃദങ്ങൾ ഉണ്ടാകുന്നില്ല, അല്ലേ?  

ബീന : ഞങ്ങൾ തിരുവനന്തപുരത്തു തൊണ്ണൂറ്റാറുമുതൽ വിമൻ റൈറ്റേഴ്‌സ് ഫോറം ഉണ്ടാക്കിയിരുന്നു. തിരുവനന്തപുരത്തു ഏതൊക്കെ എഴുത്തുകാരികളുണ്ടോ അവരെല്ലാവരും ചേർന്നാണതു ചെയ്തത്. സുഗതകുമാരി, സാറ ജോസഫ്, ചന്ദ്രമതി, റോസ് മേരി തൂടങ്ങിയവര്‍. അന്നു ലളിത ലെനിനും തിരുവനന്തപുരത്തുണ്ടായിരുന്നു. മാസത്തിൽ ഒരു ദിവസവും ഞങ്ങൾ ഒന്നിച്ചു കൂടുകയും ഞങ്ങളിൽ ആരെങ്കിലും എഴുതിയതോ വേറെ എഴുത്തുകാരെഴുതിയതോ ഒക്കെ വായിക്കുമായിരുന്നു. സ്ത്രീകളുടേതായിരുന്നു എപ്പോഴും ഫോക്കസ് ചെയ്തിരുന്നത്. കുട്ടിക്കുഞ്ഞു തങ്കച്ചി മുതൽ രാജലക്ഷമി, സരസ്വതിയമ്മ അങ്ങനെ മരിച്ചുപോയവരുടേതടക്കം ഓരോ പ്രാവശ്യവും ഓരോന്നായി വായിക്കുമായിരുന്നു. പിന്നെ ആരുടെയെങ്കിലും പിറന്നാൾ ആഘോഷിക്കും. ചിലപ്പോൾ ആരുടെയെങ്കിലും വീടുകളിൽ കൂടും. അങ്ങനെ എഴുത്തുകാരികളുടെ വളരെ സജീവമായ ഒരു കൂട്ടായ്മ തിരുവനന്തപുരത്തുണ്ടായിരുന്നു. മാനസി ബോംബേന്ന് വരുമ്പോൾ, അല്ലെങ്കിൽ നിർമല.. അങ്ങനെ ആരെങ്കിലുമൊക്കെ ദൂരെനിന്നു വരുമ്പോൾ കാണാൻ ശ്രമിക്കും. ഇപ്പോഴും ശ്രമിക്കാറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് മാധവിക്കുട്ടിയുടെ സ്മരണയ്ക്ക് ഒരു നീർമാതളത്തൈ തിരുനന്തപുരത്തു മാനവീയം വീഥിയിൽ നടുന്നത്. ഇപ്പോഴതിന് ഏഴു വയസ്സായി. ഞങ്ങൾ ആ ചെടിയെ വളരെ നന്നായി പരിപാലിച്ചു. അതിനു വെള്ളമൊഴിച്ചും അതിന്റെ പിറന്നാളിന് ഞങ്ങൾ അതിന്റെ ചുവട്ടിൽ കൂടുകയും (മാധവിക്കുട്ടിയുടെ ചരമദിനമായ മെയ് 31 ന്) പായസം വച്ചും മരത്തെ കുപ്പിവളയൊക്കെ അണിയിച്ചും വലിയൊരാഘോഷം തന്നെ സംഘടിപ്പിക്കാറുണ്ട്. അത് നമ്മുടെയൊരു സ്റ്റേറ്റ്മെന്റാണ്. എന്താണെന്നുവച്ചാൽ മാധവിക്കുട്ടി മരിച്ചിട്ട് ഇത്രകാലം കഴിഞ്ഞിട്ടും അവർക്കൊരു സ്മാരകം പോലുമുണ്ടായിട്ടില്ല. അപ്പോൾ നമ്മളായിട്ടൊരു സ്മാരകം ഉണ്ടാക്കാൻ നോക്കി. എഴുത്തുകാർക്ക് ഏറ്റവും നല്ല സ്മാരകം മരമാണെന്ന് വിശ്വസിച്ചുകൊണ്ടാണ്, ഒരു പൊതുവേദിയിൽത്തന്നെ, സ്ത്രീകളുടെ ഒരിടം എന്നനിലയിൽ എല്ലാ മൂന്നാമത്തെ വെള്ളിയാഴ്ചയും അഞ്ചുമണിക്ക് സ്ത്രീകൾ പൊതു വേദിയിൽ ചെന്നിരിക്കുന്നതിനുവേണ്ടിയിട്ടുള്ള ഒരു സ്പേസ് ആക്കി മാറ്റിയതിനെ. ഏഴെട്ടുവർഷങ്ങളായി മുടങ്ങാതെ ആ മരത്തിന്റെ ചുവട്ടിലാണ് ഞങ്ങൾ കൂടുന്നത്. അത് നമ്മൾ പറയുന്നൊരു രാഷ്ട്രീയമാണ്. പൊതുസ്ഥലമെന്നു പറയുന്നത് സ്ത്രീ പോയിരുന്ന് ചായകുടിയ്ക്കുന്നത് ഒരിക്കലും ചിന്തിക്കാൻ പറ്റാത്തിടത്ത്, നമ്മൾ സ്ത്രീക്കുവേണ്ടി സ്മാരകം ഉണ്ടാക്കുന്നു, മരം നട്ടു വളർത്തുന്നു, അവിടെയൊരുക്കിയ സ്ഥലത്തു വൈകുന്നേരങ്ങളിൽ ഒന്നിച്ചു ചെന്നിരിക്കുകയും സമയം ചിലവഴിക്കുകയും ചെയ്യുന്നു. അതൊരു തുടക്കം അല്ലെങ്കിൽ മോഡൽ നമ്മളുണ്ടാക്കിയതാണ്. നീർമാതളം കഴിഞ്ഞമാസം പൂക്കുകയുണ്ടായി. ഞാനവിടെ ഒറ്റയ്ക്ക് പോയി കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തുവന്നു. ഈ ലോക്ക്ഡൌൺ കാലത്ത് എല്ലാവർക്കും ഒത്തുകൂടാൻ പറ്റില്ലല്ലോ. മാധ്യമപ്രവർത്തക എന്നനിലയിൽ എനിക്കുമാത്രമേ പുറത്തു പോകാൻ പറ്റുന്നതായുള്ളൂ. ഞാൻ ചെന്ന് നീർമാതളത്തിനോട് വർത്തമാനമൊക്കെ പറഞ്ഞു. നമ്മുടെ ഒരു സുഹൃത്തിനെപ്പോലെയാണ്. നിങ്ങൾ തിരുവനന്തപുരത്ത് വരികയാണെങ്കിൽ അറിയിക്കൂ…. നമുക്ക് അവിടെ നീർമാതളത്തിന്റെ ചുവട്ടിൽ പോയിരുന്നു ചായ കുടിക്കാം. ഇങ്ങനെ എല്ലാ നാടുകളിലും പെരുവഴിയിൽ സ്ത്രീകൾക്കായൊരു മരത്തണൽ ഉണ്ടായിരിക്കട്ടെ എന്ന് ഞങ്ങൾ പറയാറുണ്ട്.  

ഇന്ത്യയിലെ അറുപത്തെട്ടു ശതമാനത്തോളം സ്ത്രീകൾക്കു ആർത്തവസമയത്ത്‌ ശരിയായ ശുചിത്വസൗകര്യങ്ങൾ ഇല്ലെന്നറിയുന്നത്. ചാക്ക്‌, മണ്ണ്, വൈക്കോൽ, ഇല എന്നിവയൊക്കെയാണ് അവരുപയോഗിക്കുന്നത്‌. ഏറ്റവും ഞെട്ടിച്ചത്‌, ആ ദിവസങ്ങളിൽ ഉപയോഗിക്കാൻ ഒരു തുണിക്കഷ്ണം പോലും കൈയിൽ ഇല്ലാത്തതു കൊണ്ട്‌, സ്ത്രീകൾ വീടിനടുത്ത്‌ ഒരു കുഴി ഉണ്ടാക്കി അതിനുള്ളിൽ ഇരിക്കും

ഹസീന: കുറച്ചുകാലം മുമ്പുവരെ എല്ലാവരും തുറന്നു പറയാൻ മടിച്ചിരുന്ന ആർത്തവസംബന്ധമായ ലേഖനം എഴുതാനുണ്ടായ പ്രചോദനം ? അതിലൂടെ സമൂഹത്തിലുണ്ടായ മാറ്റങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?  

ബീന : 2014 ൽ പാർലമെന്‍റ് ഇലക്ഷൻ നടക്കുമ്പോൾ ഉത്തർപ്രദേശിൽ ഒരു പത്രപ്രവർത്തകസംഘത്തോടൊപ്പൊം പത്തു ദിവസം നീണ്ടുനിന്ന ഒരു യാത്ര ചെയ്‌തിട്ടുണ്ടായിരുന്നു. ഡൽഹിയിൽ നിന്നും ലക്‌നൗവിലേക്ക്. അവിടുന്ന് റോഡ് മാർഗ്ഗം ഫൈസാബാദ്, അയോദ്ധ്യ, സുൽത്താൻപൂർ അങ്ങനെ പല പട്ടണങ്ങളും കടന്നു പോയി. ആ സംഘത്തിൽ സ്ത്രീയായി ഞാൻ മാത്രമേയുണ്ടായിരുന്നുള്ളു. ഒരു പട്ടണത്തിലെത്തിയപ്പോൾ എനിക്കു ആർത്തവത്തിന്റെ സമയമായി. സാനിറ്ററി പാഡ് കൈവശമില്ലായിരുന്നു. മസൻഗഡ്‌ കഴിയുന്ന സമയത്ത്‌ ഡ്രൈവറോടു ‌ ഏതെങ്കിലും മെഡിക്കൽ സ്റ്റോറിൽ ഒന്നു നിർത്തിത്തരണം എന്ന് പറഞ്ഞു. മൂന്നുനാലു കടകളിൽ കയറിയിറങ്ങിയിട്ടും അവിടെയൊന്നും പാഡ് കിട്ടാനില്ല. ഞാൻ ആകെ അദ്ഭുതപ്പെട്ടു. കേരളത്തിൽ ഏതു കുഗ്രാമത്തിലെ മെഡിക്കൽസ്റ്റോറിൽ പോയാലും കിട്ടുന്ന സാധനം ആണല്ലോ. ഡ്രൈവർ പറഞ്ഞു “കിട്ടാൻ വലിയ പാടാണു, നോക്കട്ടെ, പോകുന്ന വഴി കിട്ടുന്ന കടയുണ്ടെങ്കിൽ നിർത്തിത്തരാം.” അങ്ങനെ പോകുന്ന വഴിയിൽ ഒരു സ്ത്രീ നടത്തുന്ന ലേഡീസ് സ്റ്റോറിൽ നിർത്തി. ഞാൻ ആ സ്ത്രീയോട്‌ ചോദിച്ചപ്പോൾ ‌ ഒരു പാക്കറ്റ് എടുത്തു തന്നു. പല കടകളിലും പോയി കിട്ടാതെ വന്ന കാര്യം ഞാൻ അവരോട്‌ പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു ഈ സാധനം അപൂർവ്വമായിട്ടേ അവിടെ ഉള്ളവർ ഉപയോഗിക്കാറുള്ളൂ. ഇത്ര വലിയ നഗരത്തിൽ ഇതാരും ഉപയോഗിക്കുന്നില്ല എന്ന വിവരം കേട്ട്‌ ഞാൻ ഞെട്ടി. തിരിച്ചെത്തിയപ്പോൾ, എന്തായിരിക്കും ആ അവസ്ഥ എന്നറിയാൻ ഞാൻ അതിനെക്കുറിച്ച്‌ ഒരു പഠനം നടത്താൻ തീരുമാനിച്ചു. അങ്ങനെ വടക്കേയിന്ത്യയുടെ പലഭാഗത്തുമുള്ള എന്റെ സുഹൃത്തുക്കളെ വിളിച്ച്‌ ചോദിച്ചു.അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും കിട്ടിയത്‌. ഇന്ത്യയിലെ അറുപത്തെട്ടു ശതമാനത്തോളം സ്ത്രീകൾക്കു ആർത്തവസമയത്ത്‌ ശരിയായ ശുചിത്വസൗകര്യങ്ങൾ ഇല്ലെന്നറിയുന്നത്. ചാക്ക്‌, മണ്ണ്, വൈക്കോൽ, ഇല എന്നിവയൊക്കെയാണ് അവരുപയോഗിക്കുന്നത്‌. ഏറ്റവും ഞെട്ടിച്ചത്‌, ആ ദിവസങ്ങളിൽ ഉപയോഗിക്കാൻ ഒരു തുണിക്കഷ്ണം പോലും കൈയിൽ ഇല്ലാത്തതു കൊണ്ട്‌, സ്ത്രീകൾ വീടിനടുത്ത്‌ ഒരു കുഴി ഉണ്ടാക്കി അതിനുള്ളിൽ ഇരിക്കും. ഇന്ത്യയിലെ ഏറിയ ശതമാനം സ്ത്രീകൾക്കും സാനിറ്ററി പാഡെന്നല്ല വൃത്തിയുളള തുണി പോലും ഉപയോഗിക്കാനില്ല എന്ന ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യം ലോകത്തിനു കാണിച്ചു കൊടുക്കാൻ തീരുമാനിച്ചതിനും ഇത്തരം അറിവുകൾ കാരണമായി. അങ്ങനെയാണു ‘എന്താണു സാനിറ്ററി പാഡിന്റെ രഹസ്യം’ എന്ന ലേഖനം എഴുതുന്നത്‌. എൻ. എസ്. മാധവന്റെ ഒരു കഥ യോജിപ്പിച്ചാണ് ഞാൻ ആ ലേഖനം എഴുതിയത്‌. 

കോയമ്പത്തൂരിൽ മരുതാനന്ദം എന്നൊരാൾ അയാളുടെ ഭാര്യ ആർത്തവസമയത്ത്‌ ഏറ്റവും മോശമായ തുണികൾ ഉപയോഗിക്കുന്നതു കണ്ടിട്ട്‌, കുറഞ്ഞ ചിലവിൽ സാനിറ്ററി പാഡ് ഉണ്ടാക്കുന്ന ഒരു യന്ത്രം കണ്ടുപിടിക്കുകയും അത്‌ ഇന്ത്യ മുഴുവനും പ്രചാരത്തിലാക്കാൻ ശ്രമിക്കുകയും ചെയ്തു. ആ ലേഖനത്തിനു ‌ ലഭിച്ച പുരസ്കാരങ്ങളേക്കാൾ എനിക്കു ‌ സന്തോഷമായത്‌, ആ വിഷയത്തെപ്പറ്റി സംസാരിക്കാനുളള മാറ്റങ്ങൾ സമൂഹത്തിൽ വന്നതാണ്. എന്റെ കൗമാരകാലത്ത്, മാസമുറയായാൽ മുറിക്കകത്ത്‌ അടച്ചിരിക്കണം തുടങ്ങി ധാരാളം ചിട്ടവട്ടങ്ങൾ വീട്ടിൽ ഉണ്ടായിരുന്നു. . വീടിനു മുമ്പിൽ ഒരു അമ്പലം ഉണ്ടായിരുന്നു. ആ ദിവസങ്ങളിൽ വീടിന്റെ പിന്നാമ്പുറത്തുകൂടി മാത്രമേ പോകാവൂ എന്നമ്മ പറയുമായിരുന്നു. കോളേജിലൊക്കെ പോകുന്നതു വരെ ഇത്തരം കുറെ മാമൂലുകൾ അനുസരിച്ചു ജീവിക്കേണ്ടി വന്നിട്ടുണ്ട്‌. പിന്നീടാണു ഇതിനെതിരെ വീട്ടുകാരോടു പറയാനുളള ധൈര്യം വന്നത്‌. 

അതിനൊക്കെ പുറമേ, ആർത്തവസമയത്തെ അനാസ്ഥയും ശുചിത്വമില്ലായ്മയും കാരണമാണു സെർവിക്കൽ കാൻസർ പോലെയുള്ള പല അസുഖങ്ങളുമുണ്ടാകുന്നതെന്ന് പഠനങ്ങൾ കണ്ടെത്തി.റേഷൻ കൊടുക്കുന്നതു പോലെ സ്ക്കൂൾ കുട്ടികൾക്ക്‌ സ്ഥിരമായി പാഡുകൾ ‌ വിതരണം ചെയ്‌തു കൂടേയെന്ന് ഞാൻ ലേഖനത്തിൽ ചോദിച്ചിരുന്നു. പല ഉത്തരേന്ത്യൻ ഗ്രാമങ്ങളിലും അറുപതു ശതമാനത്തോളം വിദ്യാർത്ഥിനികൾ പഠനം നിർത്തുന്നത് ആദ്യമായി ആർത്തവം തുടങ്ങുന്ന സമയത്താണ്. ഒരുപാട് ‌ സന്നദ്ധസംഘടനകൾ ഇടപെട്ടു ബോധവൽക്കരണം നടത്തുകയും സൗജന്യമായി ‌ വെന്റിങ്‌ മെഷീനുകൾ കൊണ്ടുവെയ്ക്കുകയും ചെയ്യുന്നുണ്ട്‌. “Happy to Bleed “ ക്യാമ്പയിനുകളിൽ സംസാരിക്കാൻ പോയിട്ടുണ്ട്. തളച്ചിടപ്പെട്ടിരുന്ന ഇരുട്ടറകളിൽ നിന്ന് പുറത്തു വരാനും യാഥാർത്ഥ്യം ഉൾക്കൊണ്ടു ജീവിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നും ചെറിയ ശതമാനം ആൾക്കാരെങ്കിലും ചിന്തിക്കാൻ തുടങ്ങിയെന്നത് വലിയ സന്തോഷമാണ്…

നിർമ്മല: ബാലവേദിയിൽ പ്രവർത്തിച്ചിരുന്ന ബീന എന്തുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് തിരിയാതിരുന്നത്?

ബീന : എന്റെ അച്ഛൻ വളരെ ചെറുപ്പത്തിൽത്തന്നെ ഒരു പത്രം സ്വന്തമായി നടത്തിയിരുന്ന ആളാണ്. ‘മാതൃക’ എന്നൊരു മാസിക അമ്പതുകളിൽ തിരുവനന്തപുരത്തു നടത്തിയിരുന്നു. അച്ഛന് അതിൽ നിന്നൊക്കെ ഒരുപാട് കടമുണ്ടായി നാടുവിടേണ്ടി വന്നു. ഒരു രാത്രി അച്ഛൻ ബോംബെയ്ത് ഒളിച്ചോടുകയായിരുന്നു. അവിടുന്നു മെർച്ചന്റ് നേവിയിൽ പോവുകയും പിന്നെ കടമൊക്കെ വീട്ടുകയും ജീവിതം മെച്ചപ്പെടുകയും ചെയ്തു. പക്ഷെ അച്ഛന്റെയുള്ളിൽ കിടന്നിരുന്നത് പത്രപ്രവർത്തകൻ ആകണമെന്നുള്ള ആഗ്രഹമായിരുന്നു. അച്ഛന്റെ കത്തുകളിലത് നിരന്തരം കടന്നു വരികയും ചെയ്തിരുന്നു. അന്ന് വനിതാ പത്രപ്രവർത്തകർ അധികം ഇല്ലാതിരുന്ന കാലമായിരുന്നല്ലോ. ലോകത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്തൊരു വനിതാപത്രപ്രവർത്തകയെ കണ്ടാലൊക്കെ അച്ഛൻ അത് കത്തിൽ എഴുതുമായിരുന്നു. എന്തായാലും ഒരു പത്രപ്രവർത്തകയാകണമെന്ന് തന്നെയായിരുന്നു വളരെ ചെറുപ്പത്തിലെയുള്ള എന്റെ ആഗ്രഹം. സ്കൂളിൽ പഠിക്കുമ്പോഴേ അതായിരുന്നു താല്പര്യം. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ‘ബീന കണ്ട റഷ്യ’ പബ്ലിഷ് ചെയ്യുന്നത്. അന്ന് എം. ടി. വാസുദേവൻ നായർ മാതൃഭൂമിയിൽ ഉള്ള കാലമാണ്. അദ്ദേഹം എനിക്കൊരു കത്തയച്ചു. തിരുവനന്തപുരത്ത് ‘ഗൃഹലക്ഷ്മി’ എന്ന പേരിൽ ഒരു മാഗസിൻ തുടങ്ങുകയാണെന്നും, അതിനകത്ത് വർക്ക് ചെയ്യാൻ ഒരാളെ വേണമെന്നും അതിൽ പറഞ്ഞിരുന്നു. ഞാനന്ന് പത്താം ക്ലാസ്സിൽ ആണ്. എനിക്ക് താല്പര്യമുണ്ടെങ്കിൽ അതിൽ ഫീച്ചറുകളും അഭിമുഖങ്ങളുമൊക്കെ ചെയ്യാമെന്നുമൊക്കെ പറഞ്ഞാണ് ആ കത്ത് വന്നത്. അതിന്റെയൊരു എഡിറ്റർ ഉണ്ട് ലൽകാർ. അവർ തിരിച്ചു ഒരു കത്തെഴുതുമെന്നും അതിൽ പറഞ്ഞിരുന്നു. സത്യത്തിൽ എന്റെയൊരു വലിയ ഭാഗ്യമായിരുന്നു അത്. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾത്തന്നെ എനിക്ക് പത്രപ്രവർത്തനത്തിലേക്കു വരാൻ കഴിഞ്ഞു. എന്റെ തന്നെ ക്ലാസ്സിൽ പഠിക്കുന്ന അതിമനോഹരമായി പാടുന്ന ആലീസ് എന്നൊരു അന്ധയായ കുട്ടിയുണ്ടായിരുന്നു. അവളുമായി ഒരു ഇന്റർവ്യൂ നടത്തിയുണ്ടാക്കിയൊരു ലേഖനമായിരുന്നു ഗൃഹാലക്ഷ്മിക്കുവേണ്ടി ഞാൻ ആദ്യമായി ചെയ്തത്.

പിന്നീട് കോളേജ് പഠനകാലത്തു മുഴുവനായും മാതൃഭൂമിക്ക് വേണ്ടിയും കലാകൗമുദിക്ക് വേണ്ടിയുംമൊക്കെ ജോലി ചെയ്യാൻ തുടങ്ങി. ഇതിനിടയിൽ ഡിഗ്രി കഴിഞ്ഞപ്പോൾ ഞാൻ റഷ്യൻ ഭാഷ പഠിച്ചു. അതിന്റെ ഭാഗമായി റഷ്യൻഭാഷാവിദ്യാർത്ഥികൾക്കു റഷ്യയിലെ പാട്രിക് ലുമുംബ യൂണിവേഴ്സിറ്റിയിൽ സീറ്റ് റിസേർവ് ചെയ്തിട്ടുണ്ടായിരുന്നു. പ്രീഡിഗ്രിക്കും എന്റെ രണ്ടാം ഭാഷ, റഷ്യൻ ആയിരുന്നു. അന്ന് കേരളത്തിൽ നിന്നും റഷ്യൻ ഭാഷയിൽ ഏറ്റവും കൂടുതൽ മാർക്കു കിട്ടി എന്നതിനാൽ എനിക്കായിരുന്നു മെഡിസിന് അഡ്മിഷൻ കിട്ടിയിരുന്നത്. പക്ഷെ അവസാന നിമിഷം എനിക്കതിനു പോകാൻ താല്പര്യമില്ലാതെ, ജേർണലിസം എന്ന എന്റെ സ്വപ്നം എന്നെ വലിച്ചതുകൊണ്ട് ഞാൻ പാട്രിക് ലുമുംബയിൽ മെഡിസിന് ജോയിൻ ചെയ്തില്ല. പകരം തിരുവനന്തപുരത്തു തന്നെ നിന്ന്, ഇംഗ്ലീഷ് മെയിൻ എടുത്തു ബി എ കഴിഞ്ഞ് ജേർണലിസത്തിനു ജോയിൻ ചെയ്യുകയായിരുന്നു.

അന്നെന്നല്ല ഇന്നും ഒരു ട്രെയിനി ജേർണലിസ്റ്റിന്റെ മാനസികാവസ്ഥയിലുള്ളൊരാളാണ് ഞാൻ. ഏറ്റവും ചെറിയ ലേഖനം എഴുതുമ്പോഴും അത് എന്തിനെക്കുറിച്ചായാലും എന്നെയതിങ്ങനെ ഭ്രമിപ്പിക്കും. പഠിക്കുമ്പോഴേ ഞങ്ങൾക്കുണ്ടായിരുന്ന ഒരു വിഷയമാണ് ഡെവലപ്പ്മെന്റൽ ജേർണലിസം. അന്നേ തീരുമാനിച്ചതാണ് കഷ്ടപ്പെടുന്ന ജനങ്ങൾക്കുവേണ്ടി എഴുതുന്ന ഒരു പത്രപ്രവർത്തകയാകണമെന്ന്.. അതിനനുസരിച്ചാണ് ഞാൻ പ്രവർത്തിച്ചത്. കേരളകൗമുദിയിലും മാതൃഭൂമിയിലും ജോലിചെയ്യുമ്പോൾ ഇതുപോലുള്ള ഒരുപാടു ഫീച്ചറുകൾ ചെയ്യാനുള്ള അവസരം കിട്ടി . മാവൂർ ഗ്വാളിയോർ റയോൺസ് സമരം നടക്കുമ്പോൾ കലാകൗമുദിക്കു വേണ്ടി ഞാനാണ് റിപ്പോർട്ട് ചെയ്യാൻ പോയത്. അത്തരം അനുഭവങ്ങൾ ഒരുപാട് കിട്ടിയപ്പോൾ, ഇന്ത്യയിലെ അതിസാധാരണ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുക എന്നുള്ള ആഗ്രഹം നിറവേറ്റാൻ പറ്റി. മാതൃഭൂമിയിൽ ജോലി ചെയ്യുമ്പോഴായിരുന്നു എനിക്ക് കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള ഇന്ത്യൻ ഇൻഫർമേഷൻ സർവീസിൽ ജോലികിട്ടുന്നത്. അതിന്റെ ഭാഗമായി ഗ്രാമങ്ങളിൽ പോയി പ്രദർശനങ്ങൾ ഉണ്ടാക്കി സാധാരണക്കാരോട് സംസാരിക്കേണ്ടി വരുമായിരുന്നു. അതിൽ ഏതാണ്ടൊരു അഞ്ചു വർഷത്തോളം ജോലി ചെയ്തു. പിന്നെ ആകാശവാണിയിൽ ഡയറക്ടർ ആയി. പിന്നെ, ദൂരദർശനിൽ പോയി. ഇതിനിടക്ക്‌ ഗുവാഹത്തിയിൽ പ്രസ് ഇൻഫർമേഷൻ ബ്യുറോയിൽ ജോലി ചെയ്തു. ഇപ്പോഴാണെങ്കിലും ചെയ്യുന്നത് ഫീൽഡ് പബ്ലിസിറ്റി ആണ്. അതിന്റെ ഭാഗമായി ഗ്രാമപ്രദേശങ്ങളിൽ ചെന്നു ക്ലാസുകൾ എടുക്കാൻ തുടങ്ങി. ബോധവൽക്കരണ പരിപാടികൾ നടത്താൻ തുടങ്ങി. അങ്ങനെ എനിക്കിഷ്ടമുള്ള യാത്രയും. ഈ ജോലിയുടെ ഭാഗമായി കേരളത്തിനകത്തും പുറത്തുമുള്ള ഏതാണ്ട് എല്ലാ ഗ്രാമങ്ങളിലും യാത്ര ചെയ്യാൻ പറ്റി. പത്രപ്രവർത്തനം എന്നതിനപ്പുറം എന്റെ ഒരു പാഷൻ കൂടിയായി ഈ ജോലിയെന്നെ സഹായിക്കുന്നുണ്ട്.

ആകാശവാണിയിലായാലും ദൂരദർശനിലായാലും വ്യത്യസ്തമായി എങ്ങനെ പത്രപ്രവർത്തനം ചെയ്യണമെന്നതിനെക്കുറിച്ച് അറിവ് കിട്ടി. അതിനെക്കുറിച്ചു ‘റേഡിയോ കഥയും കലയും’ എന്ന പേരിൽ .ഒരു പുസ്തകം എഴുതി. പിന്നെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനെക്കുറിച്ച് കുട്ടികൾക്കു വേണ്ടി ഒരു പുസ്തകമെഴുതിയിട്ടുണ്ട്. അങ്ങനെ മാദ്ധ്യമരംഗത്തെക്കുറിച്ചൊരുപാട് പുസ്തകങ്ങൾ എഴുതാൻ എനിക്കവസരം കിട്ടി. എന്‍റെ സുഹൃത്ത് ഗീതാബക്ഷിയുമായി ചേർന്ന് ഡേറ്റ് ലൈൻ എന്നപേരിൽ ഒരു പുസ്തകം എഴുതി. കേരളത്തിൽ അന്ന് ജീവിച്ചിരുന്ന, എഴുപതു വയസ്സിൽ കൂടുതലുള്ള ഇരുപതോളം പത്രപ്രവർത്തകരെക്കുറിച്ച് അവരുടെ വീടുകളിൽ ചെന്നു കണ്ടു തയ്യാറാക്കിയ പുസ്തകമാണ് ‘ഡേറ്റ് ലൈൻ – ചരിത്രത്തെ ചിറകിലേറ്റിയവർ’ എന്ന പുസ്തകം. നിങ്ങൾക്കറിയാമല്ലോ, പത്രപ്രവർത്തകർ എല്ലാവരെക്കുറിച്ചുമെഴുതും. പക്ഷെ അവരെക്കുറിച്ചു ആരുമെഴുതില്ല. ആ പുസ്തകത്തിന്റെ ഭാഗമായി ഒരുപാട് പ്രശസ്ത പത്രപ്രവർത്തകരെ കാണാൻപറ്റി. അവരിൽ പലരുമിന്ന് നമ്മുടെ കൂടെയില്ല. അവരിൽ ചിലർ മരിച്ചതിനു ശേഷമാണ് അവരെ അറിയുന്നതുപോലും. അവരെക്കുറിച്ച്അടയാളപ്പെടുത്തപ്പെട്ട ഒരേയൊരു ചരിത്രം, അല്ലെങ്കിൽ അവരുടെ ജീവിതം എന്തായിരുന്നുവെന്ന് ഈ പുസ്തകത്തിൽ മാത്രമാണുള്ളത്. അത്, ഞാൻ കൂടി ഉൾപ്പെടുന്ന മാധ്യമരംഗത്തോടു ചെയ്യാൻ കഴിഞ്ഞ ഒരു നല്ല കാര്യമായി എനിക്കു തോന്നി.

ജോജിമ്മ: യാത്രകൾ എങ്ങനെയൊക്കെയാണ് കെ.എ. ബീന എന്ന വ്യക്തിയെ രൂപാന്തരപ്പെടുത്തിയത് ?  

ബീന: യാത്രകൾ എന്നു പറയുമ്പോൾ, ഞാൻ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളാണ്. ഡൽഹിയിൽ ആയിരുന്നപ്പോൾ രാവിലെ ബസ്‌സ്റ്റാൻഡിൽ നിന്ന് ഒരു തോന്നലിൽ കാണുന്ന ബസ്സിൽ കേറി യാത്ര ചെയ്യും. ഡൽഹിയുടെ പ്രാന്തപ്രദേശങ്ങളിലേക്കൊക്കെ അങ്ങനെയാണ് യാത്ര ചെയ്തെത്തിയത്. അത്തരം യാത്രകൾ ഭയം ഇല്ലാതെയാക്കും. ഇപ്പോൾ ഈ കോവിഡ് കാലത്തും ഭയം മനസ്സിനെ ബാധിക്കുന്നില്ല. അമിതമായ സുരക്ഷിതത്വ ചിന്തകളൊക്കെ ഇല്ലായ്‌മ ചെയ്യാൻ യാത്ര സഹായിക്കും. ഏതു ഇല്ലായ്മയിലും യോജിച്ചു പോകാൻ സാധിച്ചാൽ മാത്രമേ യാത്ര സാധ്യമാകൂ. യാത്രയിൽ നാം മറ്റൊരാളാവും. ഏതു ഭാഷയും ഭക്ഷണവുമായി പൊരുത്തപ്പെടുക എന്നതാണ് യാത്രയിൽ പ്രധാനം. എല്ലാം പോസിറ്റീവായി എടുക്കുക. പ്രതീക്ഷയുടെ പുറത്ത് ഒരു പ്രതീക്ഷ !

സംഗമേശ്വരൻ: താജിക്കിസ്ഥാൻകാരിയായ കൂട്ടുകാരി മിഹ്‌റീനെ പിന്നെ കണ്ടെത്താനായോ? സോഷ്യൽ മീഡിയ വഴി ലോകത്തിന്റെ എതുകോണിലേക്കും കടന്നെത്താവുന്ന കാലഘട്ടത്തിലാണ് നമ്മളിപ്പോൾ. അന്വേഷിച്ചാൽ കണ്ടെത്താനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ആ വഴി ശ്രമം നടത്തിയോ?  

കെ.എ.ബീന : മാതൃഭൂമി ഓൺലൈനിൽ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന ലേഖനപരമ്പരയാണ് ‘ ഓ, മിഹ്റിൻ’. ലോകത്തിന്റെ അങ്ങേക്കോണിലുള്ള നിങ്ങളൊക്കെ ഇതു വായിക്കുന്നതറിയുന്നതിൽ ഒരുപാട് സന്തോഷം തോന്നുന്നു. മിഹ്‌റിനെ കണ്ടെത്തിയോ ഇല്ലയോ എന്നത് സസ്പെൻസാണ്. എന്നാലും നിങ്ങളോട് ആ കഥ പറയാം. (കഥയുടെ സസ്പെൻസ് കളയാതിരിക്കാനായി ഇവിടെയത് വിശദീകരിക്കുന്നില്ല)  

അവിടെയൊക്കെ പഞ്ചായത്തു പ്രസിഡന്റ് അല്ലെങ്കിൽ മെമ്പർ സ്ത്രീകളോ ദളിതരോ ആയിരിക്കും. ഞെട്ടിപ്പിക്കുന്ന യാഥാർഥ്യങ്ങൾ പലതും കാണേണ്ടി വന്നു. പല സംസ്ഥാനങ്ങളിലും പോകുമ്പോൾ കാണുന്നത് പഞ്ചായത്തു പ്രസിഡന്റ് എന്നു പറയുന്ന സ്ത്രീ ഒരിക്കൽ പോലും പഞ്ചായത്ത് ഓഫീസിൽ വരാറില്ല. അവരൊക്കെ വീട്ടുജോലികളുമായി വീട്ടിൽ കഴിയുകയും അവർക്കുവേണ്ടി ഭരണം നടത്തുന്നത് അവരുടെ ഭർത്താക്കന്മാരോ അച്ഛന്മാരോ സഹോദരന്മാരോ ആണെന്ന സത്യം എന്നെ ഞെട്ടിച്ചുകളഞ്ഞു.

അഞ്ജുഷ : പതിമൂന്നാം വയസ്സിൽ ‘ബീന കണ്ട റഷ്യ’ എന്ന പുസ്തകം രചിച്ചു കൊണ്ട് സാഹിത്യ ലോകത്തേക്കു കടന്നുവന്ന താങ്കൾ പിന്നീടും മലയാളത്തിൽ പെൺസാന്നിദ്ധ്യം കുറവുള്ള യാത്രാവിവരണം എന്ന സാഹിത്യ മേഖലയിൽ കൂടുതൽ രചനകൾ നടത്തുവാൻ എന്തായിരുന്നു പ്രചോദനം?  

കെ.എ ബീന : എന്‍റെ അച്ഛൻ മെർച്ചന്റ് നേവിയിലായിരുന്നു ജോലി ചെയ്തിരുന്നത്. എന്റെ കുട്ടിക്കാലം മുതൽക്കു തന്നെ അച്ഛൻ യാത്രകളിൽ ആയിരുന്നു. ധാരാളം യാത്ര ചെയ്തിരുന്ന അച്ഛൻ പോകുന്ന രാജ്യങ്ങളെയും തുറമുഖങ്ങളെയുംപ്പറ്റി എഴുതുമായിരുന്നു. പുസ്തകങ്ങൾ കുറവായിരുന്ന അക്കാലത്ത്, അക്ഷരം പഠിച്ചുതുടങ്ങുമ്പോൾത്തന്നെ അച്ഛന്റെ കത്തുകൾ വായിച്ചു തുടങ്ങുകയും പിന്നീട് അച്ഛന്റെ യാത്രാനുഭവങ്ങളിലൂടെ ലോകത്തെ ഞാൻ അറിയാൻ ശ്രമിക്കുകയും ചെയ്തു. അതിനോടൊപ്പം തന്നെ യാത്രകൾ ചെയ്യണമെന്ന ആഗ്രഹം എനിക്ക് ചെറുപ്പത്തിൽ തന്നെ ഉണ്ടായിരുന്നു. ചെറുപ്പത്തിൽ എഴുതിയത് യാത്രാവിവരണമായതുകൊണ്ടാകാം എനിക്ക് അനായാസമായി തോന്നിയതു യാത്രയെഴുത്തുതന്നെയാണ്‌. അങ്ങനെയാണ് നിരന്തരം യാത്ര ചെയ്യുകയും യാത്രാവിവരണം എഴുതുകയും പിന്നീടത് ഒരു ശീലമായി മാറുകയും ചെയ്തത്. ഇപ്പോൾ ധാരാളം സ്ത്രീകൾ യാത്രകൾ ചെയ്യുന്നുണ്ട്. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ സ്ത്രീ ഒറ്റയ്ക്കും സംഘമായുമൊക്കെ യാത്രകൾ ചെയ്യുന്നു. പക്ഷെ അതിനുമുമ്പൊക്കെ സ്ത്രീകൾ യാത്ര ചെയ്യുമ്പോൾ ഒറ്റയ്ക്ക് എന്തിനാണ് സ്ത്രീകൾ യാത്ര ചെയ്യുന്നത് എന്നു ആളുകൾ ചോദിക്കുമായിരുന്നു. തീർത്ഥാടനത്തിനു പോകുവാൻ ആർക്കും പരാതി ഉണ്ടായിരുന്നില്ല. ദൂരെയുള്ള പള്ളിയിലും അമ്പലങ്ങളിലും സംഘം ചേർന്നു പോകുന്നതും കുഴപ്പമില്ലായിരുന്നു. യാത്രയെ സ്നേഹിച്ചുകൊണ്ടു യാത്ര ചെയ്യാനായി യാത്ര ചെയ്യുന്നതിന്റെ ആവശ്യം ഒരു സ്ത്രീക്കുണ്ടോ എന്നൊരു ചോദ്യം ഉണ്ടായിരുന്നു. എന്തിനാണ് ഒറ്റയ്ക്കു യാത്ര ചെയ്യുന്നതെന്ന ചോദ്യം പലയിടത്തു നിന്നും ഞാൻ കേട്ടിട്ടുള്ളതാണ്. ഞാൻ എപ്പോഴും പറയുന്ന ഒരു കാര്യം ഉണ്ട്. ഉരുളുന്ന ചക്രങ്ങൾ, അത് കാറിന്റെ ആയാലും, ബസിന്റെ ആയാലും, ട്രെയിനിന്റെ ആയാലും എന്നെ വല്ലാതെ ഉന്മാദിയാക്കും. അനുഭവങ്ങൾക്കു വേണ്ടിയാണ് ഞാൻ യാത്ര ചെയ്യുന്നതെന്നാണ് എനിക്കു തോന്നുന്നത്.

ഫേസ്ബുക്കിൽ വരുന്ന മെമ്മറീസ് കാണുമ്പോൾ ഞാൻ ആലോചിക്കും , ഏതെല്ലാം സ്ഥലങ്ങളിൽ നമ്മൾ യാത്ര ചെയ്യേണ്ട എത്രയോ ദിവസങ്ങളാണ് ഇപ്പോൾ കടന്നു പോകുന്നത്. അങ്ങനെ പോകാതെ ഇരിക്കേണ്ടി വരുന്നല്ലോ. യാത്രകളെക്കുറിച്ച് ചിന്തിക്കുമ്പോൾ ഞാൻ എന്നെത്തന്നെ മനസിലാക്കുന്നു,
ഞാൻ യാത്ര ചെയ്യാനായി തന്നെ ജനിച്ചതാണെന്ന്.

യാത്രാവിവരണങ്ങൾ എഴുതുമ്പോൾ ഫിക്ഷൻ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. വെറുതെ യാത്ര പോകാനല്ല, യാത്ര ചെയ്യുന്ന നാട്ടിലെ മനുഷ്യരെ കാണാനും അവരോടു അടുത്തിടപഴുകാനും അവരിലൂടെ ആ നാടിനെ അടുത്തറിയാനും ആ നാടിനെ നമ്മുടെ ഭാഷയിലേക്കു മാറ്റി എഴുതുവാനുമാണ് ഞാൻ ശ്രമിക്കാറുള്ളത്. ഇപ്പോൾ ഞാൻ യാത്ര ചെയ്യുന്നത്, എഴുതുവാൻ വേണ്ടി യാത്ര ചെയ്യുന്നത് ‘നൂറു നൂറു കസേരകൾ’ എന്നൊരു പുസ്തകത്തിന് വേണ്ടിയാണ്. ഒരു തീം എടുത്തുകൊണ്ടാണ് ഞാൻ ഈ യാത്ര നടത്തുന്നത്. അതെന്താണെന്നുവച്ചാൽ, ഇന്ത്യയിലെ ത്രിതല പഞ്ചായത്തുകളിൽ സ്ത്രീകൾക്കും ദളിതർക്കും സംവരണം വന്നു കഴിഞ്ഞപ്പോൾ ഇന്ത്യൻ ഗ്രാമങ്ങളിലെ ജീവിതത്തെ രാഷ്ട്രീയപരമായും, സാമൂഹികപരമായും ദളിതരുടെയും കുടുംബത്തിൽ സ്ത്രീകളുടെയും അവസ്ഥ മെച്ചപ്പെടുത്തിയോ എന്നൊരു ചോദ്യവുമായിട്ടു ഏകദേശം ഒമ്പതോളം ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഞാൻ യാത്ര ചെയ്യുകയുണ്ടായി. കഴിഞ്ഞ അഞ്ചുവർഷമായി ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യം ഇതാണ്. ഈ പുസ്തകം ഞാൻ എഴുതിക്കൊണ്ടിക്കുന്നതേയുള്ളു. അതെന്നെ സംബന്ധിച്ചിടത്തോളം വെളിപാടുകൾ ആയിരുന്നു. നമ്മൾ ഇവിടെ കേരളത്തിലിരുന്നു കാണുന്ന ഇന്ത്യ അല്ല യഥാർത്ഥ ഇന്ത്യ എന്നും നമ്മൾ കാണാത്ത ഒരുപാട് അടരുകൾ ഈ രാജ്യത്തിനുണ്ടെന്നും മനസിലാക്കിയ കാലമായിരുന്നു അത്. അതുകൊണ്ടു തന്നെ കോവിഡിന്റെ ഈ കാലത്തു കേരളത്തിലിരുന്നുകൊണ്ട് ഓരോ സംസ്ഥാനങ്ങളെയും കുറിച്ചോർക്കുമ്പോൾ അവിടുത്തെ ഗ്രാമങ്ങളിൽ ഗ്രാമീണർ എങ്ങനെയാകും ഇതിനെ കണക്കാക്കുന്നതെന്നും അവർക്കിതൊക്കെ എത്രമാത്രം ഉൾക്കൊള്ളാൻപറ്റും, ഇത്തരം പ്രതിസന്ധികളെ നേരിടാനുള്ള ശേഷി എത്രമാത്രം ഉണ്ട് എന്നൊക്കെ ഒരു ആന്തലോടുകൂടി ഞാൻ ആലോചിക്കാറുണ്ട്. എത്രത്തോളം ശോചനീയമാണ് ഓരോ സംസ്ഥാനങ്ങളുടെയും അവസ്ഥ എന്നത് നേരിൽ കണ്ടതുകൊണ്ടു എനിക്കറിയാം. അവിടെയൊക്കെ ഒരു സ്ത്രീയിലൂടെ ഒരു പഞ്ചായത്തിന്റെ, ഒരു സംസ്ഥാനത്തിന്റെ സ്വഭാവത്തെ രേഖപ്പെടുത്തുക എന്ന രീതിയിലാണ് ഞാൻ ഈ പുസ്തകം എഴുതിയിരിക്കുന്നത്. മിക്കവാറും അവിടെയൊക്കെ പഞ്ചായത്തു പ്രസിഡന്റ് അല്ലെങ്കിൽ മെമ്പർ സ്ത്രീകളോ ദളിതരോ ആയിരിക്കും. ഞെട്ടിപ്പിക്കുന്ന യാഥാർഥ്യങ്ങൾ പലതും കാണേണ്ടി വന്നു. പല സംസ്ഥാനങ്ങളിലും പോകുമ്പോൾ കാണുന്നത് പഞ്ചായത്തു പ്രസിഡന്റ് എന്നു പറയുന്ന സ്ത്രീ ഒരിക്കൽ പോലും പഞ്ചായത്ത് ഓഫീസിൽ വരാറില്ല. അവരൊക്കെ വീട്ടുജോലികളുമായി വീട്ടിൽ കഴിയുകയും അവർക്കുവേണ്ടി ഭരണം നടത്തുന്നത് അവരുടെ ഭർത്താക്കന്മാരോ അച്ഛന്മാരോ സഹോദരന്മാരോ ആണെന്ന സത്യം എന്നെ ഞെട്ടിച്ചുകളഞ്ഞു. പല സംസ്ഥാനങ്ങളിലും എനിക്ക് സ്ത്രീകളെ കാണാൻ പറ്റിയിട്ടില്ല. ഉത്തർപ്രദേശിലെ ഒരു പഞ്ചായത്തിൽ ഞാൻ പോയപ്പോൾ ഒരാൾ എന്നെ പ്രസിഡന്റിനെ കാണിക്കാം എന്നു പറഞ്ഞു കൊണ്ടുപോയി. അതിനിടയിൽ ഞാൻ കുഴിച്ച കുളം, ഞാൻ നിർമ്മിച്ച റോഡ് എന്നൊക്കെ പറഞ്ഞ് പഞ്ചായത്തു മുഴുവനും അയാൾ എന്നെ കാണിച്ചുതന്നു. അയാൾ ഒരു ദളിതൻ ആയിരുന്നതുകൊണ്ട് അയാളാകും പ്രസിഡന്റ് എന്നു തന്നെ ഞാൻ കരുതി. ഇനി ഒരു ഫോട്ടോ എടുക്കാം എന്നു പറഞ്ഞപ്പോൾ വീട്ടിലേക്കു പോകാം എന്നയാൾ പറഞ്ഞു. മുഷിഞ്ഞ ഷർട്ടും മറ്റും മാറാൻ ആകുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ വീട്ടിൽ എത്തിയ എന്നെ അവിടെ നിലത്തിരുന്നു റൊട്ടി ഉണ്ടാക്കിക്കൊണ്ടിരുന്ന സ്ത്രീയെ ചൂണ്ടിക്കാട്ടി ഇതാണ് പഞ്ചായത്തു പ്രസിഡന്റ് എന്നു പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. എന്നാൽ കേരളത്തിൽ പഞ്ചായത്തു പ്രസിഡന്റോ പഞ്ചായത്ത് അംഗങ്ങളോ ആയ സ്ത്രീകൾ സമൂഹത്തിനു ദൃശ്യരാണ്. എന്നാൽ, മറ്റു പല സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്ഥമാണ്. തമിഴ്‌നാട്ടിൽ പോലും ഒരു പഞ്ചായത്തു പ്രസിഡന്റിനെ തിരക്കി മൂന്നു ദിവസം ചിലവഴിച്ചു. അക്കറൈപ്പട്ടി എന്നൊരു ഗ്രാമത്തിൽ പോയപ്പോൾ അവിടുത്തെ പഞ്ചായത്തു പ്രസിഡന്റിന്റെ ഭർത്താവാണ് ഭരിക്കുന്നത്. പഞ്ചായത്തു സെക്രട്ടറി പോലും അയാളുടെ ഓഫീസിൽ വന്നാണ് ജോലി ചെയ്യുന്നത്. സ്ത്രീകളെ മുന്നോട്ടു കൊണ്ടുവരാൻവേണ്ടിയാണ് ഇത്തരം സംവരണങ്ങൾ ഏർപ്പെടുത്തുന്നതെങ്കിൽ പോലും ഇന്ത്യയുടെ പല ഭാഗത്തും സ്ത്രീകൾ ഇപ്പോഴും മുഖം മറച്ചുള്ള ജീവിതം തന്നെയാണ്. ദൃശ്യത അവർക്കു കൈവരണം എന്നുതന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇതുപോലെ ഉള്ള ഒരുപാടനുഭവങ്ങളിലൂടെയാണ് എന്റെ യാത്രകൾ കടന്നുപോകുന്നത്.

ഒരു പത്രപ്രവർത്തക എന്ന നിലയിൽ ആളുകൾ കൂടുതൽമരിക്കട്ടെ എന്ന ഒരു അവസ്ഥയിൽ നിന്നിട്ടാണ് ഞാൻ വീട്ടിലേക്ക് വരുന്നത്. പക്ഷെ എൻറെ അമ്മ നിഷ്കളങ്കയായി ദുരന്തത്തിന് ഇരയായവരോട് താദാത്മ്യപ്പെട്ട്, അവരുടെ വ്യഥയെപ്പറ്റിയാണ് സങ്കടപ്പെടുന്നത്. അപ്പോൾ തോന്നിയത് കഴുകന്മാരെ പോലെയാണല്ലോ നമ്മളുടെ ജോലി എന്നാണ്!

സലീമ: ജേർണലിസ്റ്റ് എന്ന ജോലി എഴുത്തുകാരി ന്ന നിലയിൽ വിഭവങ്ങൾ കണ്ടെത്താൻ എത്രമാത്രം സഹായകരമാകുന്നുഎന്ന വിശദീകരിക്കാമോ?

ബീന: ഗ്ലാമർ മേഖലയിലുള്ള സെലിബ്രിറ്റി റൈറ്റിംഗ് ഞാൻ കുറച്ചേ ചെയ്തിട്ടുള്ളൂ. ഞാൻ കേന്ദ്രഗവൺമെൻറ് ജോലി ആയതുകൊണ്ടും എൻറെ താൽപര്യം ഡെവലപ്മെൻറൽ ജേർണലിസം ആയതു കൊണ്ടും പല കാര്യങ്ങളും സാധാരണക്കാരെക്കാൾ അടുത്തുനിന്ന് കാണാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. എൻറെ ‘കരയാൻ കഴിയാത്തവർ’എന്നൊരുകഥ ഉണ്ട്. കടലുണ്ടി ദുരന്തം നടക്കുന്ന സമയത്ത് ഞാൻ ആകാശവാണിയിൽ ന്യൂസ് എഡിറ്ററാണ്. 6.15 ന് ന്യൂസ്. സ്റ്റുഡിയോയിൽ പോകുന്നതിനു ഒരു10 മിനിറ്റ് മുമ്പാണ് ദുരന്തത്തിന്റെ വിവരം പുറത്തു വരുന്നത്. പുഴയിലേക്ക് ഒരു തീവണ്ടി മറിഞ്ഞുവെന്നും എത്ര പേർ മരിച്ചുഎന്ന് അറിഞ്ഞുകൂടാ എന്ന വിധത്തിലായിരുന്നു ന്യൂസ്. ഞങ്ങൾ പെട്ടെന്ന് അത് ബ്രേക്കിങ്ന്യൂസ് ആയി കൊടുത്തു. രാത്രി 10.30 വരെ ഞങ്ങൾ ഇടയ്ക്കിടെ സ്പെഷ്യൽ ന്യൂസ് ബുള്ളറ്റിൻകൊടുത്തു കൊണ്ടേയിരുന്നു. 25 പേരാണ് മരിച്ചത് എന്ന് കേട്ടു. പക്ഷെ ഇനിയും കൂടുതൽ ഉണ്ടാകുമോ, 50 ആകുമോ എന്നൊക്കെ അന്വേഷിച്ചു കൊണ്ടിരുന്നു. മറ്റു ചാനലുകൾ എന്തു വിവരമാണ് നല്കിയത് അറിയാനുള്ള ആകാംക്ഷ മുന്തി നിന്നു. അങ്ങനെ ന്യൂസ് അപ്ഡേറ്റ് എല്ലാംകൊടുത്ത ശേഷം ഞാൻ രാത്രി വീട്ടിൽ വന്നു, വാതിൽ തുറക്കുമ്പോൾ അമ്മ ഭയങ്കരമായി പൊട്ടിക്കരയുന്നു.വിവരം അന്വേഷിച്ചപ്പോൾ അപകടത്തിൽപ്പെട്ട ആളുകളുടെ അവസ്ഥയോർത്താണ് കരയുന്നത് എന്നായിരുന്നുമറുപടി. അപ്പോൾ ഞാൻ എന്നെപ്പറ്റി ആലോചിച്ചു. ഒരു പത്രപ്രവർത്തക എന്ന നിലയിൽ ആളുകൾ കൂടുതൽമരിക്കട്ടെ എന്ന ഒരു അവസ്ഥയിൽ നിന്നിട്ടാണ് ഞാൻ വീട്ടിലേക്ക് വരുന്നത്. പക്ഷെ എൻറെ അമ്മ നിഷ്കളങ്കയായി ദുരന്തത്തിന് ഇരയായവരോട് താദാത്മ്യപ്പെട്ട്, അവരുടെ വ്യഥയെപ്പറ്റിയാണ്സങ്കടപ്പെടുന്നത്. അപ്പോൾ തോന്നിയത് കഴുകന്മാരെ പോലെയാണല്ലോ നമ്മളുടെ ജോലി എന്നാണ്! അങ്ങനെയാണ് കരയാൻ കഴിയാത്ത മനസ്സ് ഉള്ളവരെ പറ്റിയുള്ള കഥ ഉണ്ടാകുന്നത്. ഇത്തരത്തിൽഞങ്ങൾക്ക് മറ്റുള്ളവരെക്കാൾ കൂടുതൽ വിവരങ്ങൾ ലഭിക്കും. ‘ശീതനിദ്ര’ എന്ന കഥാസമാഹാരത്തിന്‌ ആമുഖമായി അഷിത ഇതിനെപ്പറ്റി എഴുതിയിട്ടുണ്ട്. ജോലിയുടെ ഭാഗമായി ഒരുപാട് സാമൂഹിക യാഥാർത്ഥ്യങ്ങളിൽഅലഞ്ഞു നടക്കുന്നതു കൊണ്ട് സാധാരണക്കാർക്ക് ലഭിക്കാൻ സാധ്യതയില്ലാത്ത അനുഭവങ്ങൾ ഉണ്ടാകാറുണ്ട്.ചിലപ്പോൾ നമ്മൾ കരിങ്കല്ല് പോലെ ആയി തീർന്നു എന്ന് തിരിച്ചറിയുന്ന സമയങ്ങളും ഉണ്ട്.അങ്ങനെ നോക്കുമ്പോൾ വിഭവങ്ങൾ കണ്ടെത്താൻ ഈജോലി ഒരുപാട് തരത്തിൽ എന്നെ സഹായിച്ചിട്ടുണ്ട് .പക്ഷേ മറ്റൊരു കാര്യം, ഈ ജോലി എഴുത്തിന്റെ ഭാഷയെ ബാധിക്കുന്നോ എന്ന് സംശയമുണ്ട്. പത്ര പ്രവർത്തകരുടെഭാഷ, ഉപയോഗിച്ച് ഉപയോഗിച്ച് ഡ്രൈ ആയിപ്പോകും. ചിലരുടെ എഴുത്തുകൾ കാണുമ്പോൾ എനിക്ക് ഇങ്ങനെ എഴുതാനോ സംസാരിക്കാനോ കഴിയുന്നില്ലല്ലോ എന്ന് തോന്നാറുണ്ട്.. ഭാഷയ്ക്ക് സീരിയസ്നസ് കൂടുതലായിപ്പോയി എന്ന് തോന്നാറുണ്ട്.

പ്രസാദ്: കേരളത്തിനുള്ളിലെ യാത്രാവിവരണങ്ങളിൽ രവീന്ദ്രന്റെ ‘എന്റെ കേരളം’ എന്ന ടെലിവിഷൻ പരമ്പര പോലെ ഗൗരവമുള്ള മറ്റൊന്ന് പിന്നീടുണ്ടായിട്ടില്ല എന്നു തോന്നുന്നു. അത്‌ പുസ്തകമായി വന്നിട്ടുണ്ട്. വിദേശികൾ നടത്തുന്ന വ്ളോഗുകൾ വഴിയാണ് ഇപ്പോൾ നമ്മൾ കേരളത്തെ കാണുന്നത്. ഇത്രയേറെ അനുഭവ സമ്പത്തുള്ള ബീന കേരളയാത്രകളെ പറ്റി എഴുതുന്നത് ആലോചിച്ചിട്ടുണ്ടോ?  

ബീന : ഞാൻ അതേ പറ്റി ചിന്തിച്ചിട്ടുണ്ട്. കേരളത്തിലൂടെ ദിവസേന യാത്ര ചെയ്യുമ്പോൾ നമ്മൾ അതത്ര വില കല്പിക്കാറില്ല. ഇന്നിപ്പോൾ ലോക്ക്ഡൗൻ കാലത്താണ് അവയുടെ മഹത്വം മനസ്സിലാകുന്നത്.  

സുരേഷ് : എനിക്ക് ചോദ്യങ്ങളായിട്ടൊന്നുമില്ല. കെ. എ. ബീനയെന്നാല്‍ എനിക്ക് ‘ബീന കണ്ട റഷ്യ’യാണ്‌. ആര്‍ത്തിപിടിച്ചുള്ള എന്‍റെ ഒരു വായനക്കാലത്ത്, ഒരു സ്കൂള്‍കുട്ടിയുടെ കണ്ണുകളിലെ റഷ്യന്‍ വിസ്മയങ്ങളായിരുന്നു, എനിക്കത്. ബീനയുടെ എഴുത്തുകള്‍ എന്‍റെ ചില യാത്രകളെ ബന്ധിപ്പിച്ചതിനെക്കുറിച്ചാണു എനിക്കു പറയാനുള്ളത്. ‘ബ്രഹ്മപുത്രയിലെ വീട്’ ഞാന്‍ വായിക്കുന്നത് എന്‍റെ ഒരു വടക്കുകിഴക്കന്‍ യാത്രയ്ക്കു ശേഷമാണ്‌. അതുകൊണ്ടു തന്നെ ഞാനത് പൂര്‍ണ്ണമായി ആസ്വദിച്ചുവായിച്ചു. ഗുവാഹത്തിയില്‍ ഞാന്‍ ഒന്നരദിവസം മാത്രമേയുണ്ടായിരുന്നുള്ളുവെങ്കിലും അതിലെ പലസ്ഥലങ്ങളും പരിചിതങ്ങളായിരുന്നു. നാഗാലന്‍ഡിലെ ദീമാപൂരില്‍ നിന്നു കാസിരംഗ വഴി റോഡുമാര്‍ഗ്ഗമാണ്‌ ഞങ്ങള്‍ ഗുവാഹത്തിയിലേയ്ക്കെത്തുന്നത്. ഇടയ്ക്ക് സ്ഥലങ്ങള്‍ കണ്ടും ഭക്ഷണം കഴിച്ചുമൊക്കെയുള്ള ഒരു യാത്ര.  

ബീന : ഞാന്‍ ഒരുപാട് കഷ്ടപ്പെട്ട് എഴുതിയ പുസ്തകമാണ്‌, ‘ബ്രഹ്മപുത്രയിലെ വീട്’. ചെറിയ പുസ്തകമാണെങ്കിലും എനിക്ക് അതിനായി ഒത്തിരി പണിയെടുക്കേണ്ടിവന്നിട്ടുണ്ട്. ആ നാട്ടുകാരുടെ ജീവിതം പഠിക്കാന്‍ നല്ല ശ്രമം നടത്തിയിട്ടുണ്ട്.

സുരേഷ് : ഒരു ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ കാലത്താണു ഞങ്ങള്‍ പോയത്. എന്‍റെ സഹയാത്രികരിലൊരാള്‍ കഥാകൃത്തായ ഇന്ദുചൂഡന്‍ കിഴക്കേടമായിരുന്നു. ആ യാത്രക്കിടയിലെ ഒരു കാര്യം പശ്ചാത്തലമാക്കി ‘ജാലം’ എന്നൊരു കഥ പിന്നീട് ഇന്ദുചൂഡന്‍ മാതൃഭൂമിയില്‍ എഴുതുകയുണ്ടായി. യാത്രയില്‍ ഞങ്ങളോടൊപ്പം അസമിലെ ഒരു യുവതിയും ഇടയ്ക്ക് ചേരുകയുണ്ടായി. അവളുടെ വീട്ടില്‍ നിന്നാണ്‌ ഞങ്ങള്‍ പ്രഭാതഭക്ഷണം കഴിച്ചത്. അസമിലെ ആ വീട്ടമ്മ ഗുവാഹത്തിയില്‍, ഞങ്ങളുടെ സാരഥിയുടെ വീട്ടുജോലിക്കാരിയാണ്‌. ബീനയുടെ മമ്‌തയെപ്പോലൊരു യുവതിയാണവളെന്നു എനിക്കു തോന്നിയിട്ടുണ്ട്. ഞങ്ങളെ പിന്നീട് ഗുവാഹത്തിയില്‍ നിന്നു യാത്രയയയ്ക്കുന്നത് ആ പെണ്‍കുട്ടിയാണ്‌. ബീനയുടെ പുസ്തകത്തില്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഏ ബി വാജ്‌പേയ് യുടെ സന്ദര്‍ശനത്തെക്കുറിച്ചു പറയുന്നുണ്ടല്ലോ! ഒരു വിദേശരാജ്യത്തെ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതുപോലെയാണ്‌ അവിടുത്തെ മാധ്യമങ്ങളും ജനങ്ങളും അദ്ദേഹത്തെ അന്നു സ്വീകരിച്ചത്. നമ്മുടെ സംസ്ഥാനങ്ങളാണെങ്കില്‍ക്കൂടി കേന്ദ്രമന്ത്രിമാര്‍ വളരെ വിരളമായേ അവിടങ്ങള്‍ സന്ദര്‍ശിക്കാറുള്ളു എന്നു ഞങ്ങള്‍ക്കും മനസ്സിലായി. അസാം ജനത നേരിടുന്ന വിവേചനം ആണത് സൂചിപ്പിക്കുന്നത്. അവിടങ്ങളില്‍ ഇന്ത്യയുടെ മുഖ്യധാരയ്ക്കെതിരായ ഒരു പ്രതിപക്ഷസ്വരം ഉയരുന്നതിന്‍റെ കാരണം പോലും അതാവാം. ഞങ്ങള്‍ യാത്ര ചെയ്യുന്നത്,പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്‍റെ പിറ്റേന്നായിരുന്നു. ബീന എഴുതിയിരുന്നതുപോലെയുള്ള ഒരു അപരിചിതത്വത്തിന്‍റെ ഭാഷ ഞങ്ങള്‍ ആ രാഷ്ട്രീയത്തിലും കണ്ടെത്തി. പന്ത്രണ്ടു വര്‍ഷം കൂടിയായിരുന്നു ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി അവിടം സന്ദര്‍ശിക്കുന്നത്. വടക്കുകിഴക്കന്‍ ജനതയോടുള്ള പ്രത്യക്ഷവിവേചനം തന്നെ ഇത് വെളിവാക്കുന്നുണ്ട്. നിങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയ ഒരു ബിഷപ് എന്‍റെ അയല്‍‌വാസി ആയിരിക്കാം എന്നും ഞാന്‍ അനുമാനിച്ചു. അദ്ദേഹം ദിസ്‌പൂരിലും തെസ്‌പൂരിലും ബിഷപ് ആയിരുന്നു.  

അഷിത ഒരിക്കല്‍ പറഞ്ഞത് എനിക്കോര്‍മ്മ വരുന്നു. നല്ല എഴുത്തുകാരിയാവാന്‍, ‘പരമശിവനെ തപസ്സുചെയ്ത പാര്‍‌വ്വതിയെപ്പോലെയാകണം’

ബീന : ഞങ്ങള്‍ കാണാന്‍ പോയത് ഗുവാഹത്തിയിലെ ബിഷപ്പിനെയായിരുന്നു. ആ യാത്രയിലാണ്‌ ഞങ്ങളുടെ കാര്‍ തടയപ്പെടുന്നതും, ഏതാനും  മീറ്റര്‍ പിന്നില്‍ വരിയിലുണ്ടായിരുന്ന ഒരു കാറിലെ അമ്മയും മകളും ബോംബേറില്‍  മരിക്കുന്നതുമൊക്കെ. ഒരു ക്രിസ്‌മസിന്‍റെ തലേന്നായിരുന്നു അത്. അന്ന് ഞങ്ങള്‍ക്കവിടെ എത്തിച്ചേരാന്‍ കഴിഞ്ഞില്ല. ‘ബ്രഹ്മപുത്രയിലെ വീട്’ ഇപ്പോള്‍ ഇംഗ്ലീഷിലേയ്ക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്, The Magic of Brahmaputra എന്ന പേരില്‍.  

സുരേഷ് : കഥയില്‍നിന്ന് വിട്ടുമാറിയിട്ടില്ലെങ്കിലും, ഇത്രയധികം പത്രപ്രവര്‍ത്തനപാരമ്പര്യവും ജീവിതാനുഭവങ്ങളുമുള്ള ബീനയുടെ, മുഖ്യധാരയിലെ അസാന്നിദ്ധ്യം ഞങ്ങളൊക്കെ ശ്രദ്ധിക്കുന്നുണ്ട്.

ബീന : അഞ്ചുവര്‍ഷമായി ഞാനൊരു കഥയെഴുതിയിട്ട്. അതിന്‍റെ ഒരു കാരണം, എന്‍റെ ഇപ്പോഴത്തെ ഒരു മോശം കാലാവസ്ഥയാണ്‌. അമ്മ ഓര്‍മ്മസംബന്ധമായ ഒരു അസുഖത്തിലൂടെ കടന്നുപോകാന്‍ തുടങ്ങിയിട്ട് അഞ്ചുവര്‍ഷമാകുന്നു. അതെന്നെ ഒത്തിരി മാറ്റിക്കളഞ്ഞു. ഇപ്പോള്‍ എന്‍റെ സമയം മുഴുവന്‍ അമ്മയോടൊപ്പമാണ്‌. അമ്മയ്ക്ക് അത്രയേറെ അടുത്തുള്ള ഒരു പരിചരണം ആവശ്യമായിവന്നിരിക്കുന്നു. ഞാന്‍ അതിലേയ്ക്ക് ഒരുപാട് ഇമോഷണലി ഇന്‍‌വോള്‍‌വ്‌ഡ് ആണ്‌. ഇപ്പോള്‍ ഞാന്‍ മാതൃഭൂമി ഓണ്‍ലൈനില്‍ എഴുതിക്കൊണ്ടിരിക്കുന്ന ‘ഓ മിഹ്‌റീന്‍’ പോലും അതില്‍ നിന്നുള്ള ഒരു കുടഞ്ഞെണീക്കലാണ്‌. കഥയില്‍നിന്നു ഞാന്‍ കുറെ വിട്ടുമാറിയെന്ന് എനിക്കു തന്നെ തോന്നുന്നുണ്ട്. ഞാന്‍ ആണെങ്കില്‍, എഴുത്തിനെ അത്ര സീരിയസായി എടുക്കുന്ന ആളൊന്നുമല്ല. തിരക്കുപിടിച്ച ഓഫീസ് ജീവിതവും അതിനായുള്ള യാത്രകളും അതിന്‍റെ മറ്റൊരു കാരണവുമാണ്‌. ഇത്രയും ദൂരെ നിന്ന്, എന്‍റെ എഴുത്തിനെ ഉള്‍ക്കൊണ്ട്, ഇത്രയും ആഴത്തില്‍ നിങ്ങളൊക്കെ പറയുമ്പോള്‍ എനിക്കാകെ കുറ്റബോധം തോന്നുന്നു.

ബീനയും മിഹ്റീനും

സുരേഷ് : മുന്നിര എഴുത്തുകാരായി തുടരണമെങ്കില് എഴുത്ത് ഒരു തപസ്യയായിത്തന്നെ കാണേണ്ടി വരും, അല്ലേ?

ബീന : തീര്ച്ചയായും. അഷിത ഒരിക്കല് പറഞ്ഞത് എനിക്കോര്മ്മ വരുന്നു. നല്ല എഴുത്തുകാരിയാവാന്, ‘പരമശിവനെ തപസ്സുചെയ്ത പാര്‌വ്വതിയെപ്പോലെയാകണം’ എന്നാണ്‌ അഷിത പറഞ്ഞത്. വീട്, ജോലി, സൗഹൃദങ്ങള് – എല്ലാത്തില്നിന്നും അകന്ന് എനിക്ക് പലപ്പോഴും എഴുത്തിലേയ്ക്ക് ശ്രദ്ധിക്കാനാവാറില്ല. നിങ്ങളുടെയൊക്കെ ഈ സ്നേഹം നിറഞ്ഞ ഓര്മ്മപ്പെടുത്തലുകള് എന്നെ നിര്ബ്ബന്ധിച്ച് എഴുതിക്കട്ടെ എന്നു ഞാന് ആഗ്രഹിക്കുന്നു.

നാട്ടില് ഞായറാഴ്ച രാത്രി 11.30. കാനഡയില് അതേദിവസം ഉച്ചകഴിഞ്ഞ് 2 മണി. പരസ്പരം നന്ദി പറഞ്ഞ് എല്ലാവരും പിരിഞ്ഞു.

Print Friendly, PDF & Email

About the author

കുഞ്ഞൂസ്

കുഞ്ഞൂസ് ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. എറണാകുളം ജില്ലയിലെ മരട് സ്വദേശി. ഇപ്പോള്‍ കാനഡയിലെ മിസ്സിസ്സാഗയില്‍ താമസിക്കുന്നു.