നിരീക്ഷണം ലേഖനം സാമൂഹ്യം

കോവിഡ് പരത്തുന്ന വൈറസ്ജോലി നഷ്ടപ്പെടുന്നവർ, ഭക്ഷണത്തിനു ബുദ്ധിമുട്ടുന്നവർ എന്നിവരുടെ സംഖ്യ തിട്ടപ്പെടുത്തി അവർക്ക് തുടക്കത്തിലേ സൗജന്യ റേഷൻ കിറ്റുകൾ അനുവദിക്കുകയും സാമ്പത്തീക പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്യണമായിരുന്നു.
” മഹാഭാരത യുദ്ധം ജയിച്ചത് 18 ദിനങ്ങൾ കൊണ്ടാണ്. രാജ്യം മുഴുവൻ നടത്തുന്ന കോവിഡിന് എതിരെയുള്ള യുദ്ധം വിജയിക്കുവാൻ 21 ദിവസങ്ങൾ വേണ്ടി വരും. 21 ദിവസം കൊണ്ട് ഈ യുദ്ധം ജയിക്കുക എന്നതാണ് നമ്മുടെ ലക്‌ഷ്യം” മാർച്ചു 24 നു രാത്രി 8 മണിക്ക് പ്രധാനമന്ത്രി മോഡി രാഷ്ട്രത്തോടു ലോക്ക് ഡൌൺ പ്രഖ്യാപന പ്രസംഗം നടത്തുമ്പോൾ ഇന്ത്യയിലെ രോഗികളുടെ എണ്ണം 550 മാത്രമായിരുന്നു, മരണസംഖ്യ 9 മാത്രം.
 
 
ലോക്ക് ഡൗൺ തുടങ്ങുന്നതിന് മുമ്പ് നടത്തിയ ജനതാ കർഫ്യു മികച്ചതായിരുന്നു എന്നതിൽ സംശയമില്ല. പക്ഷേ അതോടൊപ്പം നടത്തിയ കിണ്ണം കൊട്ടലും പിന്നീട് നടന്ന ദീപം കത്തിക്കലും പാർട്ടി പ്രവർത്തകർ പെരുവഴിയിലേയ്ക്ക് വലിച്ചിഴച്ചപ്പോൾ കോവിഡ് വ്യാപനത്തിന് ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിൽ വഴിവച്ചു.
 
ഇന്ത്യയിൽ കോവിഡ് എത്തിക്കഴിഞ്ഞ്, ലോക്ക് ഡൌൺ പ്രഖ്യാപിക്കുമ്പോഴേയ്ക്ക് നമുക്ക് മുന്നിൽ മികച്ച മാതൃകകൾ ഉണ്ടായിരുന്നു എന്നുള്ളതാണ് ശ്രദ്ധിക്കാതെ പോയത്. ഡിസംബറിൽ തന്നെ രോഗം പൊട്ടിപ്പുറപ്പെട്ട, കോവിഡിന്റെ പ്രഭവകേന്ദ്രമായ, നമ്മൾ ലോക്ക് ഡൌൺ പ്രഖ്യാപിക്കുമ്പോഴേക്കും രോഗവ്യാപനം നിയന്ത്രിക്കാൻ സാധിച്ച, ചൈനയാണ് ഏറ്റവും മികച്ച മാതൃക. ഇറ്റലി, ജർമനി, സ്പെയിൻ, നെതർലാൻഡ്‌സ്, സ്വിറ്റ്സർലാൻഡ്, ബെൽജിയം, ഫ്രാൻസ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളും, ദക്ഷിണ കൊറിയ, സിങ്കപ്പൂർ, ജപ്പാൻ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളും കൃത്യമായ ദിശാബോധം തന്നിരുന്നു. ഇത്രയൊക്കെ മാതൃകകൾ ഉണ്ടായിട്ടും, ഇന്ത്യ തെരഞ്ഞെടുത്ത രീതി, ഏറ്റവും മോശപ്പെട്ടതും, കൂടുതൽ രോഗികളെ സൃഷ്ടിക്കാൻ കാരണമായതും ആയി. മോദി സർക്കാർ കരുതിയത്, 21 ദിവസത്തെ ലോക്ക് ഡൌൺ കൊണ്ട്, കോവിഡിനെ ഇന്ത്യയിൽ നിന്ന് തുരത്തിയോടിക്കാമെന്നാണ് – അങ്ങനെ, ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരിയായി നാട്ടിലും വിദേശത്തും അറിയപ്പെടാം എന്നായിരുന്നു കണക്കു കൂട്ടൽ.   മെയ് 15 നോട് കൂടി ഇന്ത്യയിൽ നിന്നും കോവിഡ് പൂർണ്ണമായും അപ്രത്യക്ഷമാകുമെന്ന നീതി ആയോഗിന്റെ കണ്ടെത്തൽ ഒരു പക്ഷെ ഭരണകൂടത്തെ കൊണ്ട് അങ്ങനെയൊരു തീരുമാനം എടുപ്പിച്ചിരിക്കാം. 
 
ഒന്നല്ല, രണ്ടു മൂന്നും ലോക്ക് ഡൌൺ പിന്നിട്ട്, 54 ദിവസങ്ങൾ കഴിഞ്ഞപ്പോൾ കോവിഡ് രൗദ്ര ഭാവം പൂണ്ട്, 112,028 രോഗികളും 3,434 മരണവുമായി നമ്മളെ ലോകത്തിൽ തന്നെ പതിനൊന്നാം സ്ഥാനത്തു എത്തിച്ചിരിക്കുന്നു.
ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെ ഈ ലോക്ക് ഡൗണിലൂടെ തകർത്തു കളഞ്ഞു എന്നതും ഇതോടൊപ്പം കാണണം. ലോക്ക് ഡൌൺ കൊണ്ട് കോവിഡിനെയല്ല മോഡി സർക്കാർ തകർത്ത് കളഞ്ഞത്, ഇന്ത്യയുടെ സാമ്പത്തീക അടിത്തറയെയാണ്. സാമ്പത്തീക സ്ഥിതിയെ അത് ബഹുകാതം പിന്നിലേക്ക് കൊണ്ടുപോയിരിക്കുന്നു.
ലോക്ക് ഡൌൺ കാരണം, രോഗവ്യാപനവും മരണവും ഉയരുന്ന ലോകത്തിലെ ഒരേ ഒരു രാജ്യം ഇന്ത്യയാകുന്നു എന്നത് ഭരണകൂടത്തിന്റെ പിടിപ്പുകേട് വെളിവാക്കുന്നു. 21 ദിവസം കൊണ്ട് തീർത്തും തൂത്തെറിയപ്പെടും എന്ന് സർക്കാർ പറഞ്ഞ കോവിഡ് ഓരോ ദിവസവും രോഗികളുടെ എണ്ണത്തിലും മരണത്തിലും പുതിയ ഉയരങ്ങൾ കീഴടക്കുകയാണ് ചെയ്യുന്നത്.  മാത്രമല്ല, ഈ ഉയരങ്ങൾ അടുത്ത കാലത്തൊന്നും കീഴ്പ്പെടുമെന്നുള്ള യാതൊരു സാധ്യതയും മുന്നിൽ കാണുന്നില്ല.
 
 
കോവിഡ് വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ പോലും ഒരു ദേശീയ ലോക്ക് ഡൌൺ ഉണ്ടായിരുന്നില്ല, തുടക്കത്തിൽ വുഹാൻ സിറ്റിയിൽ മാത്രമുണ്ടായിരുന്ന ലോക്ക് ഡൌൺ പിന്നീട് – ജനുവരി 23 ന് – ഹുബെയ് പ്രവിശ്യയിലേയ്ക്കും വ്യാപിപ്പിക്കുക മാത്രമാണവർ ചെയ്തത്. രാജ്യത്തിന്റെ മറ്റു മേഖലകൾ എല്ലാം സാധാരണ നിലയിൽ പ്രവർത്തിച്ചു.
 
രാജ്യത്തെ 739 ജില്ലകളിൽ 175 എണ്ണത്തിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചപ്പോൾ ലോക്ക് ഡൗണിനു പകരം കൺടെയ്ൻമെന്റ് സോണുകൾ വേർതിരിച്ച്, നമ്മൾ രോഗ വ്യാപനം തടയേണ്ടിയിരുന്നു. അത് ചെയ്യാതെ അവിടെ നിന്ന് ഇന്നത്തെ ഭീകരാവസ്ഥയിലെത്തിച്ചതിന് കാലം ഭരണകൂടത്തിന് മാപ്പു നൽകില്ല. യാതൊരു നീതീകരണവുമില്ലാത്ത തീരുമാനമായിരുന്നു ആദ്യത്തെ ലോക്ക് ഡൌൺ. ധൃതി പിടിച്ചു നടത്തിയ ലോക്ക് ഡൌൺ കൊണ്ട് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുമെന്ന് കരുതിയ, 5 ട്രില്യൺ എക്കൊണോമി എന്ന് സ്വാപ്നം കണ്ടിരുന്ന സാമ്പത്തിക മേഖല നിശ്ചലമായി. അതിൽ നിന്ന് കരകയറുക, ക്ഷിപ്രസാദ്ധ്യമല്ല. വ്യവസായലോകം പകച്ചു നിൽക്കുകയാണ്. ലോക്ക് ഡൗൺ പൂർണ്ണ പരാജയമാകുവാൻ കാരണം എന്തെന്ന് നോക്കാം. മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ, പഠിച്ചിരുന്ന വിദ്യാർത്ഥികൾ തുടങ്ങിയവരെ ലോക്ക് ഡൗണിനു മുൻപ് തിരികെ സ്വന്തം വീടുകളിൽ എത്തിക്കാൻ കഴിയാതിരുന്നതാണ് ലോക്ക് ഡൌൺ പരാജയപ്പെടുവാനും രോഗ സംഖ്യ ഇങ്ങനെ വർദ്ധിക്കുവാനും കാരണം. ജോലി നഷ്ടപ്പെടുന്നവർ, ഭക്ഷണത്തിനു ബുദ്ധിമുട്ടുന്നവർ എന്നിവരുടെ സംഖ്യ തിട്ടപ്പെടുത്തി അവർക്ക് തുടക്കത്തിലേ സൗജന്യ റേഷൻ കിറ്റുകൾ അനുവദിക്കുകയും സാമ്പത്തീക പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്യണമായിരുന്നു.
 
175 ജില്ലകളിൽ മാത്രമായി 550 രോഗികൾ മാത്രമുണ്ടായിരുന്നപ്പോൾ നടത്തിയ ലോക്ക് ഡൌൺ നിരക്ഷരരായ, പാവപ്പെട്ടവർ ആയ ഇന്ത്യൻ ഗാമീണ ജനതയെ ഭീതിയിലാഴ്ത്തി . കൂടണയുവാൻ അവരൊക്കെയും പലായനത്തിന്റെ വഴി തെരഞ്ഞെടുത്തു. അതിന്റെ ഭാഗമാണ്, വിഭജനകാലത്തു പോലും കാണാൻ കഴിയാത്ത കൂട്ടപ്പലായനം. ആയിരക്കണക്കിന് കിലോമീറ്ററുകൾ നടന്നും തളർന്നുമാണ് ജനങ്ങൾ കൂടണയുവാൻ ശ്രമിക്കുന്നത്. ഇങ്ങനെ കൂട്ടപ്പലായനം നടത്തുന്നവരെ, ഇനിയും, സ്വന്തം വീടുകളിൽ എത്തിക്കുവാൻ അമാന്തിക്കുകയാണ് ഭരണകൂടങ്ങൾ. മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ പലായനമാണ്‌ രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്.
 
ലോക്ക് ഡൌൺ പ്രഖ്യാപിക്കുന്നതിന് മുൻപ് ഒരാഴ്ചയെങ്കിലും സമയം കൊടുത്ത് എല്ലാവരെയും അവനവന്റെ കുടുംബത്തിൽ എത്തിക്കുവാൻ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ശ്രമിക്കേണ്ടതായിരുന്നു. അയൽ രാജ്യമായ ബംഗ്ലാദേശ് പോലും കൂടണയാൻ 7 ദിവസം നൽകിയതിന് ശേഷമാണ്, അതിനുള്ള വാഹന സൗകര്യങ്ങൾ ഒരുക്കിയതിനു ശേഷമാണ് ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. ഈയൊരു ശ്രദ്ധക്കുറവാണ് ഭരണകൂടത്തിന്റെ ഏറ്റവും വലിയ വീഴ്ച. മൂന്നാമത്തെ ലോക്ക് ഡൌൺ പ്രഖ്യാപിക്കുമ്പോൾ തന്നെ, ഇന്ത്യയാകും കോവിഡിന്റെ പുതിയ എപി-സെന്റർ എന്ന് ഏറെക്കുറെ ബോധ്യമായിരുന്നു. കാരണം, അപ്പോഴേക്കും പട്ടിണിയായ, ജോലിയില്ലാത്ത 40 മില്യൺ അന്യ സംസ്ഥാന തൊഴിലാളികൾ പട്ടണങ്ങൾ വിട്ട്, അവിടെ നിന്നും കിട്ടിയ രോഗവുമായി തങ്ങളുടെ ഗ്രാമത്തിലേക്ക് യാത്ര തിരിച്ചിരുന്നു. ഇന്ത്യ ഒഴികെയുള്ള മറ്റു രാജ്യങ്ങൾ വിദേശത്തു അകപ്പെട്ടു പോയ സ്വന്തം നാട്ടുകാരെ നാട്ടിലെത്തിച്ചപ്പോൾ, തങ്ങളുടെ പൗരൻമാരുടെ കാര്യത്തിൽ മോദി ഭരണകൂടം നടത്തിയ നിസ്സംഗതക്കും വലിയ വില കൊടുക്കേണ്ടി വന്നു.
 

  ലോക്ക് ഡൗണിനു മുന്നേ, 175 ജില്ലകളിൽ മാത്രമുണ്ടായിരുന്ന കോവിഡ് വ്യാപനം, ഇന്നിപ്പോൾ 700 നടുത്തുള്ള ജില്ലകളിൽ എത്തി നിൽക്കുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു ഇന്ത്യയിൽ രോഗ വ്യാപന നിരക്ക് കുറവാണ്, മിക്ക രാജ്യങ്ങളിലും 7 ദിവസങ്ങൾ കൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിച്ചപ്പോൾ ഇന്ത്യയിൽ അത് ഏകദേശം 15 ദിവസങ്ങൾ വരെ സമയമെടുത്താണ് ഇരട്ടിക്കുന്നതു. ഇന്ത്യയിൽ ഇത് വരെ 25 ലക്ഷത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് കോവിഡ് ടെസ്റ്റ് നടത്തിയത്. കുറഞ്ഞ എണ്ണം ടെസ്റ്റുകൾ നടത്തുന്നതും കോവിഡിനെ പ്രതിരോധിക്കാൻ താമസമാകുന്നു എന്നു വേണം അനുമാനിക്കാൻ. പിടിപ്പു കെട്ട ഭരണകൂടം കോവിഡ് പരത്തുന്ന വൈറസായി മാറിയിരിക്കുകയാണ്.

 

Print Friendly, PDF & Email