കവിത

കവിതയല്ലാത്ത കഥഅന്നൊരു രാത്രിയിൽ
മൾട്ടിസ്പെഷ്യാലിറ്റിഹോസ്പിറ്റലിൻ്റെ
സ്റ്റേഹോമിൽനിന്ന്
ഓർമ്മയില്ലാത്ത അപ്പനെ കാണാതായി.
ഉറക്കത്തിലെപ്പഴോ
പുതപ്പിനടിയിലെ ആ ശൂന്യത
കുഴൽക്കിണറോളമാഴ്ന്ന്
ഒരു നിലവിളിയായി.
പത്താംനിലയിലെ ചതുരക്കൂടിനുള്ളിൽ
കാരംബോർഡിലെ കറുത്തകരുപോലെ
തട്ടിത്തെറിച്ച്
ഏണിപ്പടിയിലൂടിറങ്ങി.
മുറിവേറ്റ ശബ്ദങ്ങൾ
ലിഫ്റ്റിൽ കയറാതെ
കൈവരിയഴികളിൽ
കുരുങ്ങിഞെരുങ്ങി
ഉയരംകിതക്കുന്ന കെട്ടിടങ്ങൾ,
രോഗം വിയർക്കുന്ന വാഹനങ്ങൾ
അതിനിടയിൽനിന്നുള്ള
അവസാനവിളി തൊട്ടടുത്ത
പാളത്തിലെ വേഗങ്ങൾക്കൊപ്പം
ചിതറിപ്പാഞ്ഞു.
ബാല്യം വേച്ചുവേച്ച്
നാലുമണിപ്പൂക്കൾ വാരിയെറിഞ്ഞ്
മണൽത്തരികളിളക്കി കടന്നുപോയി.
ഉന്മാദത്തിൻ്റെ കടൽഭിത്തികളിൽ
ചാത്തന്മാർ
തലതല്ലിക്കരഞ്ഞു
ദൂരെ ഇരുട്ടിനോടു സംസാരിച്ചുനിൽക്കുന്ന
അപ്പന്;
വെളിപാടുകൾക്കുശേഷം
പൗരസ്ത്യദേശത്തേക്കു പുറപ്പെടുന്ന
പ്രവാചകൻ്റെ കണ്ണുകളുണ്ടായിരുന്നു.
Print Friendly, PDF & Email

About the author

റോബിൻ എഴുത്തുപുര

കട്ടപ്പനയ്ക്കടുത്ത് ലബ്ബക്കട സ്വദേശം. അധ്യാപകൻ. ആകാശവാണിയി ൽ നിരവധി തവണ കവിത അവതരിപ്പിച്ചു.കലാകൗമുദിയിൽ കരട് എന്ന കവിത ആദ്യമായി പ്രസിദ്ധീകരിച്ചു.