LITERATURE Uncategorized നിരൂപണം

സ്വപ്നാടകന്‍റെ ഒന്‍പത് വർഷംവര്‍ഗ്ഗ വിവേചനമുള്ള പരിഷ്കൃതസമൂഹത്തില്‍ കവിതയുടെ അടിസ്ഥാനം വ്യക്തിയും സമുദായവും തമ്മിലുള്ള സംഘര്‍ഷമായിരിക്കും. സാമൂഹിക യാഥാര്‍ത്ഥ്യത്തിന്‍റെ പ്രധാനവശങ്ങളെ സമഗ്രമായി പ്രതിഫലിപ്പിക്കുകയാണ് മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ കലാകാരന്‍റെ  കര്‍ത്തവ്യം. ഉല്പാദനശക്തികള്‍, സാമൂഹികവ്യവസ്ഥ, മനുഷ്യബോധം ഇവ മൂന്നിനും തമ്മിലുള്ള നിരന്തര സംഘര്‍ഷങ്ങളെ പ്രതിഫലിപ്പിച്ച് ഭാവി നിര്‍മാണ പരിപാടിയെക്കുറിച്ച് സര്‍ഗാത്മകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നവയായിരിക്കണം.

അനീതിക്കെതിരെ കലാപം ചെയ്യുന്നത് ന്യായമാണെന്ന് കവിതയും വിപ്ലവവും ഒരു പോലെ വിശ്വസിക്കുന്നു. ജീവിതം കവിതകളും സ്വപ്നങ്ങളും കൊണ്ട് നിറച്ചയാള്‍, അങ്ങേയറ്റം അതുതന്നെയായി തുടരണമെന്നാശിച്ച ഒരാള്‍, പൊടുന്നനെ ഒരുനാള്‍ വിപ്ലവപ്രസ്ഥാനത്തില്‍ ചേരുക. ആ വിപ്ലവം ഒരു സ്വപ്നാടനം പോലെ കൊണ്ടുനടക്കുക.; ആ സ്വപ്നത്തില്‍ നിന്നുണരുമ്പോഴേക്കും തന്നിലെ യുവത്വം മുഴുവന്‍ ചോര്‍ന്നുപോയതറിയുക. സ്വപ്നവും യാഥാര്‍ഥ്യവും ഇടകലര്‍ന്ന മാന്ത്രികത അതിന്‍റെ ക്രമരഹിതമായ ഏടുകളിലെവിടെ നിന്നൊക്കെയോ രാമുവിനെയും രാമു പങ്കെടുത്തതായ വര്‍ഗ്ഗസമരത്തെയും വെളിവാക്കുമ്പോള്‍ നാമതിനെ ഒരു നോവലായി വായിക്കുന്നു. കരുണാകരന്‍റെ  ‘യുവാവായിരുന്ന ഒന്‍പത് വര്‍ഷം.

എല്ലാവരും ലോകത്തിലെ അസമത്വത്തെ ഒരവസ്ഥയായി കണ്ടപ്പോള്‍ ചിലരില്‍ മാത്രം അതൊരു അസ്വസ്ഥതയായി തീരുകയും അവരറിയാതെ സമാന ആദര്‍ശമുള്ള ഒരു സംഘത്തിലെ അംഗമാവുകയും ഏതാണ്ട് അദൃശ്യമെങ്കിലും അജ്ഞാതശക്തിയുള്ള പാര്‍ട്ടിയുടെ കാണാച്ചരടുകളാല്‍ നയിക്കപ്പെട്ടും വര്‍ഗ്ഗസമരത്തിലും ബൂര്‍ഷ്വാ ഉന്‍മൂലനത്തിലും പങ്കാളിയാവുകയും ഒളിയിടങ്ങളിലേക്കുള്ള പ്രയാണത്തിന്‍റെ ഏതോ ദശാസന്ധിയില്‍ വെച്ച് മാര്‍ഗ്ഗം ഉപേക്ഷിക്കുകയും ചെയ്യുന്നു. ആ തിരിച്ചറിവിലേക്ക് അവര്‍ എത്തുമ്പോഴേക്ക് യൗവ്വനം അവരെ കടന്നുപോയിരിക്കും അഥവാ തനിക്കുവേണ്ടിയല്ലാത്ത മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ മേലുകീഴെ നോക്കാതെയുള്ള ഒരു ഇറങ്ങിത്തിരിക്കല്‍-ഒരു നിദ്രാടനം അതുതന്നെയാണ് യൗവ്വനം. നമ്മെക്കുറിച്ച് നാം ചിന്തിച്ചു തുടങ്ങുമ്പോഴേക്ക് ആ പാകത നമ്മെ വൃദ്ധരാക്കുന്നു. യുവാവായി 9 വര്‍ഷം പ്രസ്ഥാനത്തിലും ഒളിവിലും കഴിഞ്ഞ രാമുവിന്‍റെ ഓര്‍മകളും സ്വപ്നങ്ങളുമാണീ നോവലില്‍.

കവിതയും വിപ്ലവവും

സാക്ഷാത്കരിക്കാത്തതും എന്നാല്‍ സാക്ഷാത്ക്കരിക്കാന്‍ സാധിച്ചേക്കാവുന്നതും വസ്തുതകളെക്കുറിച്ചുള്ള അഭിലാഷം സഹജീവികളില്‍ ഉദ്ദീപിപ്പിക്കുകയാണ് കവിത എന്ന് Christopher Caudwell അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രാചീന കാവ്യങ്ങളില്‍ വ്യക്തിസത്തയുടെ, സര്‍ഗ്ഗകാരന്‍റെ ആത്മച്ഛവിയുള്ള സാന്നിധ്യം കുറവായിരുന്നു. അന്നെല്ലാം വര്‍ഗ്ഗരഹിത സമുദായവും ബാഹ്യപ്രകൃതിയും തമ്മിലായിരുന്നു  സംഘര്‍ഷം. വര്‍ഗ്ഗ വിവേചനമുള്ള പരിഷ്കൃതസമൂഹത്തില്‍ കവിതയുടെ അടിസ്ഥാനം വ്യക്തിയും സമുദായവും തമ്മിലുള്ള സംഘര്‍ഷമായിരിക്കും. സാമൂഹിക യാഥാര്‍ത്ഥ്യത്തിന്‍റെ പ്രധാനവശങ്ങളെ സമഗ്രമായി പ്രതിഫലിപ്പിക്കുകയാണ് മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ കലാകാരന്‍റെ  കര്‍ത്തവ്യം. ഉല്പാദനശക്തികള്‍, സാമൂഹികവ്യവസ്ഥ, മനുഷ്യബോധം ഇവ മൂന്നിനും തമ്മിലുള്ള നിരന്തര സംഘര്‍ഷങ്ങളെ പ്രതിഫലിപ്പിച്ച് ഭാവി നിര്‍മാണ പരിപാടിയെക്കുറിച്ച് സര്‍ഗാത്മകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നവയായിരിക്കണം. കടുത്ത വര്‍ഗ്ഗസമരത്തില്‍ സൃഷ്ടികളേക്കാള്‍ സംഹാരമായിരിക്കും മുന്നിട്ടുനില്‍ക്കുക. വര്‍ഗ്ഗവിഭജനവും വര്‍ഗ്ഗസംസ്കാരവും അവസാനിപ്പിക്കുവാനും സമുന്നതമായ മാനവ സംസ്കാരം സ്ഥാപിക്കുവാനും അധികാരം നേടാനും വിപ്ലവം ശ്രമിക്കുന്നു. കവിയും വിപ്ലവകാരിയും എന്ന ദ്വന്ദ്വത്തിന്‍റെ സംഘര്‍ഷത്തില്‍ ആദ്യഘട്ടത്തില്‍ കഥാനായകനിലെ വിപ്ലവകാരി ജയിക്കുകയും വര്‍ഗ്ഗശത്രുവിന്‍റെ ഉന്‍മൂലനത്തിന് ശേഷം അയാളിലെ കവി ഉണര്‍ന്നെഴുന്നേല്‍ക്കുന്നതായും കാണാം.

എന്നിട്ട് ജോസഫ് വര്‍ക്കിച്ചന്‍ മുതലാളിയോട് ചോദിച്ചു.  “മുതലാളിയുടെ അവസാനത്തെ മോഹം എന്താണ്”. ഈ ഒരു ജനകീയ വിചാരണയോടെയാണ് നോവല്‍ ആരംഭിക്കുന്നത്. പിന്നീട് ആ വിപ്ലവത്തിന്‍റെ തുടര്‍ച്ചയാവും നാം പ്രതീക്ഷിക്കുക. എന്നാല്‍ രാമുവിന്‍റെ ജനനത്തിലേക്കാണ് നാം അടുത്തുതന്നെ കടന്നുചെല്ലുന്നത്. രാമുവിന്‍റെ ജനനകഥയും ഓരോര്‍മ്മയാണ്. ആ ഓര്‍മ വലുതാകുമ്പോള്‍ രാമു കവിയാകാന്‍ ആഗ്രഹിച്ചു. അതിനാല്‍ തന്‍റെ ജനനം പുഴയിലും തോണിയിലും മഞ്ഞിലുമാണെന്ന് സങ്കല്‍പ്പിച്ചു. ചെമ്പോത്തിനെ കവിയുടെ ജന്മമായി സങ്കല്‍പ്പിച്ചു. രാത്രി എല്ലാവര്‍ക്കും ഉള്ളതല്ല തിരഞ്ഞെടുത്ത ചിലര്‍ക്ക് മാത്രം ഉള്ളതാണ് എന്നും അറിഞ്ഞു. ഓര്‍മ നഷ്ടപ്പെട്ട വര്‍ഷങ്ങളിലൊന്നില്‍ അവസാനമായി ഓര്‍മ ശരിയായി കിട്ടിയപ്പോള്‍ എന്തുകൊണ്ടാണ് നക്സലൈറ്റായത് എന്നാണ് അച്ഛൻ രാമുവിനോട് ചോദിച്ചത്. അവിടെയും തന്‍റെ ഏറ്റവും വലിയ ആഗ്രഹം എഴുത്തുകാരനാവുക എന്നതാണെന്ന് രാമു തറപ്പിച്ചു പറയുന്നു. ഏറ്റവും വലിയ ആഗ്രഹമെന്ത് ? എന്ന കഥ രാമു എഴുതിയത് ഈ ചോദ്യത്തില്‍ നിന്നാണ്. ഒരു പക്ഷെ അച്ഛൻ ചോദിക്കുന്നതിനും മുമ്പ് നൂറായിരം വട്ടം രാമു മനസ്സില്‍ ചോദിച്ചിരിക്കാനിടയുള്ള ചോദ്യവും ഇതാകാം. സമാന്തര സാംസ്കാരിക മാസികയില്‍ ഈ കഥ അച്ചടിച്ചുവന്ന ദിവസങ്ങളില്‍ ടോമി മാത്യു രാമുവിനെ കാണാന്‍ വരുന്നു.

“നീ ബോംബേയിലേക്ക് പോകണം. അവിടെ എന്‍റെ ഒരു ബന്ധുവുണ്ട്. അയാള്‍ നിനക്ക്’ ജോലി ശരിയാക്കിത്തരും.”

“എന്തു ജോലി”

പത്രത്തില്‍

എനിക്ക് എഴുത്തുകാരനാവാനാണ് ഇഷ്ടം. ടോമി മാത്യുവിനെ കാണാന്‍ അവന്‍റെ വീട്ടിലേക്കുപോയ ദിവസം ടോമിച്ചന്‍ അയാളുടെ ഭാര്യ ഷേര്‍ലിയോട് പറഞ്ഞു.

“അവന്‍ നക്സലൈറ്റവാന്‍ തീരുമാനിച്ചിരിക്കയാവാം. എങ്കില്‍ പോയി കാണട്ടെ എന്നാണ്, ആ രാത്രിയും പിന്നീട് ജീവിതത്തില്‍ പലപ്പോഴും രാമു ആ സ്വപ്നം കണ്ടു. 18 വയസ്സില്‍ വെള്ളത്തിനടിയിലേക്ക് അദൃശ്യയായ ചെറിയമ്മയെ.

ആകാശത്തില്‍ നിന്നും ഒരു പക്ഷിയുടെ കൊക്കില്‍ നിന്നും വീണ മീന്‍ പോലെയാണ് മുംബെയിലെ തന്‍റെ ജീവിതം തുടങ്ങിയത്. തന്‍റെ അഭിമുഖം ഒരാളുടെ കൈപ്പത്തിയില്‍ നിന്നു തുടങ്ങുന്നു എന്നു പറഞ്ഞ് രാമുവിനോട് നീ നിന്‍റെ വലതുകൈ നിവര്‍ത്തിക്കാണിക്ക് എന്നാവശ്യപ്പെട്ട് അനന്തരാമന്‍ പറഞ്ഞതിങ്ങനെ. “ദൈവമേ നീ കവിയും കവിയെക്കാള്‍ ഹിംസയില്‍ വാസനമുള്ളവനുമാണല്ലോ എന്നാല്‍ ഹിംസ എന്ന വാക്ക് അനന്തരാമന്‍ പറഞ്ഞതുമുതല്‍ തന്‍റെ നിയന്ത്രണത്തില്‍ നിന്നും വിച്ഛേദിക്കപ്പെട്ട ഒരവയവം പോലെ ആ കൈപ്പത്തിയെ രാമു കണ്ടു. അതേ നിമിഷം തന്നെ രാമുവിന്‍റെ പ്രവൃത്തികളെയും പാര്‍ട്ടി നയിക്കാനും നിയന്ത്രിക്കാനും തുടങ്ങി. ഒരാളെ കൊല്ലണമെങ്കില്‍ അയാളെ അറിയണമെന്നില്ല എന്നും പഠിച്ചു.

രാമുവിന്‍റെ ബോധ തലങ്ങള്‍

അബോധമനസ്സ് ഭാഷയെ പോലെ സംരചിതമാണ്. ഈ ദൃഷ്ടിയില്‍ നിഹിതാര്‍ഥങ്ങളുടെ വാഹകമാണ്. അബോധമനസ്സ് ഭാഷയെ പോലെ വായിക്കപ്പെടാന്‍ സാധ്യമാണെങ്കില്‍ സാഹിത്യത്തെയും അബോധമനസ്സിനെ പോലെ പഠിക്കാന്‍ കഴിയുന്നതാണ്. (Literature is the unconscious of psycho analysis) ലകാന്‍റെ ഈ നിരീക്ഷണത്തെ മുന്‍നിര്‍ത്തി നോവലിസ്റ്റിനെ മന:ശാസ്‌ത്രപരമായി അപഗ്രഥിക്കാവുന്നതാണ്. രാമു എന്ന വിപ്ലവകാരി നോവലിസ്റ്റ് തന്നെയാണോ സ്വന്തം അനുഭവമാണോ നോവലിലെ കഥ എന്ന ചോദ്യം സ്വാഭാവികമായി ഉണ്ടാകാം. അനുഭവ വിവരണമാകുമ്പോള്‍ ചിരപരിചിതമായ ഒരു വിഷയം എന്ന നിലയില്‍ വായനക്കാരനെ മടുപ്പിച്ചേക്കാം. യഥാര്‍ത്ഥ ജീവിതത്തിന്‍റെ തിക്തതകളില്‍ നിന്ന് മോചനം നേടാന്‍ വ്യക്തികള്‍ ദിവാസ്വപ്നം, സ്വപ്നം എന്നിവ തെരഞ്ഞെടുക്കന്നത് പോലെ എഴുത്തുകാരനിലെ സൂപ്പര്‍ ഈഗോ രാമുവിന്‍റെ വിപ്ലവകാലം മുഴുവന്‍ ഒരു സ്വപ്നാടനമായാണ് ചിത്രീകരിച്ചിരിക്കുന്നത്. അബോധമനസ്സിലെ ചോദനകളെ ബോധതലത്തോടും ബോധതലത്തെ സമൂഹ സൃഷ്ടിയായ ഉന്നതബോധതലത്തോടും മേളിപ്പിക്കാന്‍ അഭൌമീകരണം, പ്രതീകവല്‍ക്കരണം, നാടകവല്‍ക്കരണം എന്നിവ സ്വീകരിക്കാറുണ്ടല്ലോ. ഇവിടെ എഴുത്തുകാരന്‍ സ്വകീയമായ അനുഭവങ്ങളെ നിസ്സംഗമായ നിലപാടിലാണ് നോക്കിക്കാണുന്നത്.

വസ്തുക്കള്‍ ഉളവാക്കുന്ന സംവേദനങ്ങളെയാണ് വസ്തുക്കളെക്കുറിച്ചുള്ള അറിവല്ല സാഹിത്യം ആവിഷ്കരിക്കുന്നത്. ചിരപരിചയത്താല്‍ ഉദാസീനമായിട്ടാണ് നാം വസ്തുക്കളെ സാധാരണ അറിയുന്നത്. അതുകൊണ്ടുതന്നെ അവയെക്കുറിച്ച് സാർഥകമായി ഒന്നും പറയാനുമാകില്ല. കല കാഴ്ചയുടെ ഈ യാന്ത്രികതയില്‍ നിന്ന് വസ്തുക്കളെ മോചിപ്പിക്കുന്നു. കലയുടെ മാര്‍ഗ്ഗം വസ്തുക്കള്‍ക്ക് അപരിചിതത്വം പരത്തുകയാണ് (defamiliarization). ഇത് ആസ്വാദനത്തില്‍ പ്രയാസവും വിളംബവുമുണ്ടാക്കും. കാരണം ഈ അനുഭവം സൌന്ദര്യാത്മകവും അനന്യ ലക്ഷ്യവുമാണ് എന്ന റഷ്യന്‍ ഫോര്‍മലിസ്റ്റുകളിലെ ഒരാളായ വിക്ടര്‍ ഷ്ക്ലോവ് സ്കിയുടെ (Art as a Technique /Victor shklo vsky ) നിരീക്ഷണം ഈ നോവല്‍ വായനയില്‍ സത്യമാണെന്നു മനസ്സിലാക്കാനാവും.

വായനക്കാരന്‍റെ ജനനം ഗ്രന്ഥകാരന്‍റെ മരണം കൊണ്ടുവേണം ഉണ്ടാകേണ്ടത് എന്ന റൊളാങ് ബാര്‍ത്തിന്‍റെ സൂത്രവാക്യത്തിന്‍റെ പൊരുള്‍ ആഖ്യാനത്തില്‍ നോവലിസ്റ്റ് ദീക്ഷിച്ചിട്ടുള്ള സൂക്ഷ്മതയിൽ നിന്നു വ്യക്തമാകുന്നു. കഥ ഉത്തമ പുരുഷന്‍റെ ഭാഷണത്തിലാക്കി ആദ്യഖണ്ഡത്തിലെ രാമുവിലൂടെയും ഞാന്‍ എന്ന ആത്മഭാഷണത്തിലാക്കിയും ഉത്തരാധുനിക ആഖ്യാനതന്ത്രം ഇവിടെ നോവലിസ്റ്റ് പയറ്റുന്നതായി കാണാം. നടന്ന സംഭവങ്ങളെയാകെ മായ്ച്ചുകളയുക എന്ന ഓര്‍മയുടെ അട്ടിമറി വിവിധ സന്ദര്‍ഭങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. There is always something left to love എന്ന് എഴുതിവെച്ച നബനീത. ഒരിക്കല്‍ കഴിഞ്ഞുപോയ കാലം ഓര്‍മയായും നുണയായും തോന്നിപ്പിച്ച നബനീത Caligula 8 Three other plays എന്ന പുസ്തകം വായിച്ച് താന്‍ നടത്തിയത് വിപ്ലവമല്ല കൊലപാതകമാണെന്ന തിരിച്ചറിവ്, മരുഭൂമിയിലേക്കുള്ള നാടുവിടല്‍ മേതില്‍ രാധാകൃഷ്ണനുമയുള്ള കൂടിക്കാഴ്ച ജിന്നിന്‍റെ പാടുകള്‍ (ദര്‍ശനം) ഒടുവില്‍ കീഴടങ്ങല്‍ അങ്ങനൊരു വിപ്ലവമേ നടന്നിട്ടില്ല എന്നും രാമു അതില്‍ പങ്കെടുത്തിട്ടില്ല എന്നും എല്ലാം സ്വപ്നങ്ങളാണെന്നുമുള്ള വലിയ നാടകീയ അട്ടിമറിയോടെയാണ് നോവല്‍ അവസാനിക്കുന്നത്. വിപ്ലവ പ്രസ്ഥാനത്തിന്‍റെ അന്‍പതാം വാര്‍ഷികം ആഘോഷിച്ച  വേളയില്‍ അതെല്ലാം ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്നം മാത്രമായിരുന്നോ എന്ന് നാമും ചിന്തിച്ചുപോകും.

Print Friendly, PDF & Email

About the author

ദീപ നാപ്പള്ളി

ദീപ നാപ്പള്ളി, കോഴിക്കോട് ജില്ലയിലെ ചാലിക്കരയിൽ താമസം നടുവണ്ണൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക, ആനുകാലികങ്ങളിൽ നിരൂപണങ്ങൾ, കഥ കവിത എഴുതാറുണ്ട്