ലേഖനം

ദേശാടനക്കിളി കരയാറില്ലഹോമോസെൿഷ്വാലിറ്റി ഒരാൾ സ്വയം തിരഞ്ഞെടുക്കുന്നതല്ലെന്ന് എന്നാണിവർ മനസ്സിലാക്കുക? മരുന്നു കൊണ്ടോ കൺവേർഷൻ തെറാപ്പി കൊണ്ടോ അവേർഷൻ തെറാപ്പി കൊണ്ടോ ഒന്നും 'സുഖപ്പെടുത്താവുന്ന' ഒന്നല്ല അത്.

1986ൽ പത്മരാജൻ ചെയ്ത ‘ദേശാടനക്കിളി കരയാറില്ല’എന്ന സിനിമ ശരിക്കും കാലത്തിനു മുമ്പേ പറന്ന പക്ഷി തന്നെയായിരുന്നു. അന്നൊക്കെ വിലക്കപ്പെട്ട വിഷയമായിരുന്ന ലെസ്ബിയനിസത്തെ അതിൽ സ്പർശിച്ചുപോകുന്നുണ്ട്. രണ്ടു പെൺകുട്ടികൾ തമ്മിലുള്ള ആ സ്നേഹബന്ധത്തിൽ സാലി (ശാരി)യാണ്‌ ഡൊമിനന്റ് പാർട്ണർ; തീരുമാനങ്ങളെടുക്കുന്നത് അവളാണ്‌. നിമ്മി(കാർത്തിക)യാവട്ടെ, സാലി പറയുന്നതെന്തും അനുസരിക്കുന്ന സാധുവും. നിമ്മിയ്ക്ക് ഹരിശങ്കറിനോട് (മോഹൻ ലാൽ) പ്രേമം തോന്നുന്നുണ്ടോ എന്ന സംശയം സാലിയെ അരക്ഷിതബോധത്തിൽ വീഴ്ത്തുന്നുണ്ട്. സാലിയുടെ വികാരങ്ങളിൽ റൊമാന്റിക് ആയിട്ടൊന്നുമില്ല, അതു വെറും buddy-love മാത്രമാണ്‌ എന്നു നിങ്ങൾക്കു ചിന്തിക്കാം. എന്നാൽ ഞാനതിനെ മറ്റൊരു രീതിയിലാണ്‌ കാണുന്നത്. സാലിയ്ക്ക് നിമ്മിയോടു തോന്നുന്ന സ്വവർഗ്ഗാനുരാഗത്തെ പത്മരാജൻ എന്ന വിദഗ്ധനായ കലാകാരൻ അതിസൂക്ഷ്മമായി ധ്വനിപ്പിച്ചിരിക്കുന്നു എന്നാണ്‌ എനിക്കു തോന്നിയത്.

മറ്റു രണ്ടു സിനിമകൾ എനിക്കോർമ്മ വരുന്നത് ജയൻ കെ. ചെറിയാന്റെ ‘കാബോഡിസ്കേപ്സും‘ ലിജി പുല്ലപ്പള്ളിയുടെ ‘സഞ്ചാര’വുമാണ്‌. രണ്ടു സിനിമകളും പൊതുധാരയിൽ വരാത്ത ലൈംഗികതയുടെ ചില വശങ്ങൾ സെൻസിറ്റീവായി ചർച്ച ചെയ്യുന്നുണ്ട്. തീർച്ചയായും എന്റെ ശ്രദ്ധയിൽ വരാത്ത ചിത്രങ്ങൾ വേറെയും ഉണ്ടാവും.

എന്തിനെക്കുറിച്ചാണു ഞാൻ പറയാൻ തുടങ്ങുന്നതെന്ന് നിങ്ങളിപ്പോൾ ഊഹിച്ചിട്ടുണ്ടാവും- അതെ, കുടുംബാംഗങ്ങളുടെ ഹോമോഫോബിയ (സ്വവർഗ്ഗലൈംഗികതയോടുള്ള അനിഷ്ടം അഥവാ മുൻവിധി) ആത്മഹത്യയിലേക്കു നയിച്ച അഞ്ജന ഹരീഷിനെക്കുറിച്ചുതന്നെ യാണ്‌ ഞാൻ പറയുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പരസ്പരവിരുദ്ധമാണ്‌; എന്നാൽ കുടുംബം തന്നെ മരുന്നു കഴിക്കാനും ‘കൺവേർഷൻ തെറാപ്പി’ക്കു സമ്മതിക്കാനും നിർബ്ബന്ധിക്കുന്നതായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചില വീഡിയോകളിൽ അഞ്ജന ആരോപിക്കുന്നുണ്ട്. സ്വവർഗ്ഗലൈംഗികതയോട് ആഭിമുഖ്യമുള്ളവരേയും ട്രാൻസ്ജെൻഡറുകളേയും ‘സുഖപ്പെടുത്താൻ’ ഉദ്ദേശിച്ചുള്ള നിയമവിരുദ്ധമായ ഒരു ശാസ്ത്രാഭാസമാണ്‌ ഈ കൺവേർഷൻ തെറാപ്പി.

 

ഇത്രകാലം കഴിഞ്ഞിട്ടും വലിയൊരു ശതമാനം ആളുകളുടെയും മനോഭാവത്തിന്‌ ഒരു മാറ്റവും വന്നിട്ടില്ല എന്നുവരുന്നത് എത്ര ദുഃഖകരമാണ്‌. ഹോമോസെൿഷ്വാലിറ്റി ഒരാൾ സ്വയം തിരഞ്ഞെടുക്കുന്നതല്ലെന്ന് എന്നാണിവർ മനസ്സിലാക്കുക? മരുന്നു കൊണ്ടോ കൺവേർഷൻ തെറാപ്പി കൊണ്ടോ അവേർഷൻ തെറാപ്പി കൊണ്ടോ ഒന്നും ‘സുഖപ്പെടുത്താവുന്ന’ ഒന്നല്ല അത്.

 

ലീല അൽക്കോൺ (Leelah Alcorn) എന്ന ട്രാൻസ്ഗേളിന്റെ ആത്മഹത്യയെ തുടർന്നാണ്‌ പ്രായപൂർത്തിയെത്താത്തവർക്ക് കൺവേർഷൻ തെറാപ്പി ചെയ്യുന്നത് നിരോധിച്ചുകൊണ്ട് അമേരിക്കയിൽ ഒബാമ നിയമം കൊണ്ടുവരുന്നത്. ജോഷ്വ ആയി ജനിച്ച ലീല ട്രാൻസ്ജെൻഡർ ആണെന്നറിഞ്ഞ അച്ഛനമ്മമാർ അവളെ കൺവേർഷൻ തെറാപ്പിക്കു നിർബ്ബന്ധിക്കുകയായിരുന്നു. ‘ദൈവത്തിനു തെറ്റു പറ്റില്ല’ എന്നായിരുന്നു യാഥാസ്ഥിതിക കൃസ്ത്യാനികളായ അവരുടെ വിശ്വാസം!
 
അഞ്ജന തന്റെ സത്യസന്ധതയ്ക്കു കൊടുത്ത വില കനത്തതായിപ്പോയി. ജീവനോടിരിക്കണമെങ്കിൽ വായ തുറക്കരുത് എന്നുവരുന്നത് അംഗീകരിക്കാൻ പറ്റില്ല. ആളുകളുടെ സെക്ഷ്വാലിറ്റി അവർ തന്നെ തീരുമാനിക്കട്ടെ, ലോകം അതിൽ ഇടപെടേണ്ട കാര്യമില്ല.
 
ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് ആളുകൾക്ക് അവബോധമുണ്ടാവാൻ മനഃശാസ്ത്രപരമായ വിദ്യാഭ്യാസം കൊടുക്കേണ്ടതുണ്ടെന്ന് എനിക്കു തോന്നുന്നു. അവരതിനെ വൈകാരികമായി കാണാതിരിക്കട്ടെ. അഞ്ജനയുടെ അമ്മയ്ക്ക് സംശയത്തിന്റെ ആനുകൂല്യം നല്കാൻ ഞാൻ തയ്യാറാണ്‌; തന്റെ മകളുടെ ജീവിതത്തെ അവൾക്കുതന്നെ വിട്ടുകൊടുക്കുകയാണ്‌ അവർ വേണ്ടിയിരുന്നതെങ്കിലും അങ്ങനെയൊരു തീരുമാനമെടുക്കാനുള്ള പരിജ്ഞാനമോ മനോഭാവമോ അവർക്കുണ്ടായിരുന്നില്ല എന്നു വരാം.
 
P.S ഈ കുറിപ്പെഴുതിക്കഴിഞ്ഞിട്ടാണ്‌ ഞാൻ ശ്രദ്ധിക്കുന്നത്, ഇന്ന് International Day Against Homophobia and Transphobia ആണെന്ന്!
Print Friendly, PDF & Email

About the author

Seena Devaki

Dr Seena Devaki works as a Consultant in Child and Adolescent Psychiatry in the UK. She lives in Sheffield with her son Advay who is studying at University. An alumni of the GS Medical College Mumbai, she has over 30 years of experience in Psychiatry of which 17 years is in Child Psychiatry. A Sunday painter and a reluctant writer, she is all too happy to admit her passion for gardening!