കവിത

സ്നേഹം വറ്റി ഉണങ്ങുന്ന നേരങ്ങളുണ്ട് !സ്നേഹം വറ്റി
ഉണങ്ങുന്ന നേരങ്ങളുണ്ട് !
അങ്ങനെ വറ്റിയ
ചാലുകളോരോന്നായി
തലയിൽ പൊടിപറ്റിയ
വെള്ള നാരുകളാകും.
പിന്നെ,
വീർത്തു പൊട്ടാറായ
ജാറിൽ നിന്ന്
കരിഞ്ഞു ശുഷ്കിച്ച
കൊള്ളിവരെയുള്ള
രൂപാന്തരങ്ങൾ;
ചെന്നിക്കുത്ത്, വെറുപ്പ്;
വെളിച്ചത്തോട്,
ഒച്ചയോട്, ചിരിയോട്,
ഉറ്റവളോട്,
പൂമ്പാറ്റകളോട്,
പൂക്കളോട്, കുളിയോട്,
ഉറക്കത്തോട്,
കണ്ണുകളോട്,
കാതുകളോട്,
നാവിനോട്, അടച്ചിടാൻ
തോന്നുന്ന ദ്വാരങ്ങളോട്…
അങ്ങനെ നാരുകൾ
പുഴുക്കളാകും..
ഉള്ളിലൊട്ടുക്കുമത്
പരന്ന്
സ്നേഹമറ്റവരെ
വയസ്സരാക്കും.
ഞാനും നീയും അവനും
അവളും
അങ്ങനെ
ചുളിഞ്ഞൊട്ടിപ്പോയവരാണ് !
സ്നേഹം നമുക്ക്,
മരണത്തിനപ്പുറമുള്ള
അറിയപ്പെടാത്ത
ദേശത്തിന്റെ പേരാണ്.
 
Print Friendly, PDF & Email