EDITORIAL LITERATURE അഭിമുഖം പുസ്തകം സംവാദം 

നൊറോണയുടെ സുവിശേഷങ്ങൾകഥാകൃത്ത് ഫ്രാന്‍സിസ് നൊറോണയും കാനഡയിലെ വായനാരാമം അംഗങ്ങളും വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു. ( ഏകോപനം : കുഞ്ഞൂസ്, ഹസീന മെഹ്ഫില്‍, സുരേഷ് നെല്ലിക്കോട് )

സമകാലികമലയാളകഥാകാലത്തെ ഏറ്റവും ശക്തമായ സാന്നിദ്ധ്യങ്ങളിലൊന്നാണ്‌ ഫ്രാന്‍സിസ് നൊറോണ. കടലിനും കായലിനുമിടയില്‍ ഞെരിഞ്ഞു ചെറുതായിപ്പോയ ജീവിതങ്ങളെക്കുറിച്ചാണ്‌ അദ്ദേഹം കൂടുതലും എഴുതിയത്. അവര്‍ക്കിടയിലെ, തലമുറകളോടൊപ്പം പോയ്‌മറഞ്ഞുകൊണ്ടിരിക്കുന്ന ഭാഷയെ അദ്ദേഹം കടലാഴങ്ങളില്‍നിന്നെന്നപോലെ ഉയര്‍ത്തിയെടുത്തു.
തുരുത്തുകളെപ്പോലെ തന്നെയായിരുന്നു അവിടുത്തെ ജീവിതങ്ങളും. ആര്‍ക്കും വേണ്ടാത്ത കുറെ മനുഷ്യര്‍. അതുവരെ പറഞ്ഞകഥകളും ചരിത്രങ്ങളും അവര്‍ക്കിടയിലെ വരേണ്യരെക്കുറിച്ചുമാത്രമായിരുന്നു. കാരണം, മികച്ച തൊഴില്‍ ചെയ്ത്, ‘ഉത്തമരും ശ്രേഷ്ഠ’രുമായി ജീവിതം ആഘോഷിച്ചുകഴിയുന്നവരായിരുന്നു അവര്‍. അവരുടെ അതിര്‍ത്തികള്‍ക്കു പുറത്തുനില്‍ക്കേണ്ടി വന്ന ഒരു ഭൂരിപക്ഷം അവിടെയുണ്ടായിരുന്നത് കരയ്ക്കുള്ളവര്‍ കൂടുതലായൊന്നും അറിഞ്ഞിരുന്നില്ല. അവരെക്കുറിച്ചു പറയാനും എഴുതാനും ആരും തന്നെ ഉണ്ടായിരുന്നുമില്ല. ദാരിദ്ര്യം മുറുക്കിക്കെട്ടിയ ബാല്യത്തിനുമേല്‍ രോഗം കൂടി പിടിമുറുക്കിയ പീഡനകാലത്തു നിന്നാണ്‌ തന്നെ ഏറ്റവും സ്വാധീനിച്ച ബൈബിളിലെ നായകനായ ക്രിസ്തുവിനെപ്പോലെ ഫ്രാന്‍സിസ് നൊറോണ മലയാളകഥാവിസ്മയങ്ങളുടെ കാനല്‍ജലത്തിനുമേലേ നടന്നുവരുന്നത്.

കാനഡയിലെ വായനക്കൂട്ടമായ ‘വായനാരാമ’ത്തോടു സംസാരിക്കാൻ എത്തിയതാണ് മലയാളത്തിന്‍റെ പ്രിയ കഥാകാരന്‍.

മലയാള സാഹിത്യത്തിലെ നവീനവും സമ്പന്നവുമായ നോവൽ ശാഖയിലും, വിശ്വത്തോളം വളർന്ന അതിന്റെ കഥാസാഹിത്യത്തിലും അപ്രതിഹതമായ കരുത്തും പ്രതിഭയും തെളിയിച്ച സർഗ്ഗധനനായ എഴുത്തുകാരനാണു ശ്രീ. ഫ്രാൻസിസ് നൊറോണ. ‘അശരണരുടെ സുവിശേഷം’ എന്ന ഒറ്റ നോവൽ കൊണ്ടും ‘തൊട്ടപ്പൻ’ എന്ന കഥാസമാഹാരം കൊണ്ടും ഈ രണ്ടു മേഖലകളിലും സുഭദ്രമായ സ്ഥാനമാണു അദ്ദേഹം നേടിയിരിക്കുന്നത്‌. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഖം അനാവരണം ചെയ്യുന്ന ‘കടവരാൽ’, ആധുനിക ജീവിതത്തിന്റെ പച്ചയായ കണ്ണു തുറന്നു കാണിക്കുന്ന ‘കാതുസൂത്രം’, ‘കക്കുകളി’, ‘മുണ്ടൻ പറുങ്കി, ആദമിന്റെ മുഴ , ഇരുൾ രാത്രി, പെണ്ണാച്ചി, രണ്ടാം പെണ്ണ് എന്നിവയാണു മറ്റു പ്രശസ്ത കൃതികൾ. ഭാഷയിൽ പുതിയൊരു ഭാവുകത്വം സാഹസികമായി തന്നെ സൃഷ്ടിച്ചു, ഇദേഹം . വായനക്കാരെ അലട്ടുന്ന ഏറെ പ്രത്യേകതകളുള്ള കഥാപാത്രങ്ങൾ. ആവിഷ്കരിക്കുന്നതോ, ഉള്ളുലയ്ക്കുന്ന പച്ചയായ ജീവിതവും. ഉപ്പുകാറ്റടിക്കുന്ന പരമദയനീയമായ കടലോരത്തെ, തൊണ്ടു തല്ലുന്ന ദരിദ്രമായ കായലോരത്തെ, കടലിനും കായലിനുമിടയിലെ ഇല്ലായ്മകൾ നിറഞ്ഞ ഇടപ്രദേശത്തെ… ഇങ്ങനെ വിഭിന്നമായ ഭൂമികകളുടെ നെഞ്ചു പൊള്ളിക്കുന്ന കാലാതിവർത്തിയായ ജീവിതമാണു അദേഹം പറയുന്നത്‌.

ഇത്തരത്തിൽ ഫ്രാൻസിസ് നൊറോണയെ ഗ്രൂപ്പിനു പരിചയപ്പെടുത്തിക്കൊണ്ടു ഹസീന മെഹ്ഫിൽ അദ്ദേഹത്തെ വായനാരാമത്തിലേക്കു സ്വാഗതം ചെയ്തു.
തുടർന്നു ഗ്രൂപ്പ് അംഗങ്ങൾ അദ്ദേഹത്തോടു ചോദ്യങ്ങൾ ചോദിക്കുകയുണ്ടായി.

ജോജി : മുഖരേഖ മാസികയിൽ കവിതകൾ എഴുതിയ ഷാജൻ ക്ളീറ്റസിൽ നിന്നും ഫ്രാൻസിസ് നൊറോണയിലേക്കുള്ള യാത്രാപഥം വിശദീകരിക്കാമോ?

നൊറോണ : ആലപ്പുഴജീവിതത്തില്‍ ‘മുഖരേഖ’ എന്നൊരു മാസികയില്‍ പ്രവര്‍ത്തിക്കേണ്ടി വന്നിട്ടുണ്ട്. ഫാദര്‍ സേവ്യര്‍ കുടിയാംശേരിയുടെ നേതൃത്വത്തില്‍ പള്ളിയില്‍നിന്നുള്ള ഒരു പ്രസിദ്ധീകരണമായിരുന്നു അത്. ആ മാസികയ്ക്കു വേണ്ടിയുള്ള വിഭവസമാഹരണമായിരുന്നു എന്‍റെ ദൗത്യം. വിഭവദൗര്‍ല്ലഭ്യം മറയ്ക്കാന്‍ ഞാന്‍ തന്നെ പലപേരുകളിലായി കഥ, കവിത, ലേഖനം മുതലായവ എഴുതി നിറയ്ക്കാറുണ്ടായിരുന്നു. അവയില്‍ ഒരാളാണ്‌ ‘ഷാജന്‍ ക്ലീറ്റസ്’. ‘മുഖരേഖ’ തിരസ്ക്കരിച്ച ‘ആദമിന്റെ മുഴ’ ആണ്‌, പിന്നീട് കലാകൗമുദി 2014 ല്‍ പ്രസിദ്ധീകരിച്ച എന്‍റെ ആദ്യകഥ. അതിനുശേഷം മലയാളം വാരിക 2016 ല്‍ പരിചയപ്പെടുത്തിയ 11 പുതുകഥാകൃത്തുക്കളിലൊരാളായി ഞാന്‍. ആ കഥയാണ്‌ ‘കടവരാല്‍’.

പ്രസാദ് : അതിശക്തമായ ക്ലൈമാക്‌സാണ് തൊട്ടപ്പനിൽ. നായികാകഥാപാത്രം പ്രതിനായകനു മുമ്പിൽ അപ്പവും വീഞ്ഞുമായി സ്വയം ബലിയർപ്പിക്കുകയും, ശിഷ്യന്മാരുടെ നാമധാരികളായ പൂച്ചകൾ പ്രതിനായകനൊപ്പം നടന്നുനീങ്ങുകയും ചെയ്യുന്ന ആ കഥാന്ത്യം പോലെയൊന്ന് മലയാളം കണ്ടിട്ടുണ്ടെന്നു തോന്നുന്നില്ല. ഭാവിയിൽ ഏറെ ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണിത്. പക്ഷെ സിനിമയിൽ നേരെ വിപരീതമായി, വില്ലനെ കൊന്നു പ്രതികാരം അടക്കുന്ന നായികയെ കാട്ടി അത്തരം ചർച്ചകളെ അകാലത്തിൽ റദ്ദു ചെയ്തു പോയി എന്നൊരു നിരാശ തോന്നുന്നു. താങ്കൾ വഴങ്ങരുതായിരുന്നു എന്ന വിമർശനത്തോട് എന്താണു പറയാനുള്ളത്?

നൊറോണ : ‘തൊട്ടപ്പന്‍’ എഴുതുമ്പോള്‍ത്തന്നെ ആ കഥയുടെ അന്ത്യത്തെക്കുറിച്ച് എനിക്കൊരു വേവലാതിയുണ്ടായിരുന്നു. അവസാനം, ജീവിതത്തനിമയുള്ള ഒരു അന്ത്യമാക്കാം എന്നു ഞാന്‍ തീരുമാനിക്കുകയായിരുന്നു. സിനിമ ഒരു ദൃശ്യകലയായതിനാല്‍, ലോകവ്യാപകമായ കാഴ്ചക്കാരുള്ളതിനാല്‍ നിലനില്പിനായുള്ള ചില വിട്ടുവീഴ്ചകള്‍ ആവശ്യമായി വരും. സം‌വിധായകന്‍ ഷാനവാസ് ബാവക്കുട്ടി എന്‍റെ കഥയില്‍ കണ്ടെടുത്തതിന്‍റെ ദൃശ്യാവിഷ്ക്കാരമാണത്. എന്‍റെ കഥയല്ല തീയേറ്ററിലെത്തുന്നത്. അത് അദ്ദേഹത്തിന്‍റെ കലാവിഷ്ക്കാരമാണ്‌. മറ്റൊരുദാഹരണം ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നത് എസ്. ഹരീഷിന്‍റെ ‘മാവോയിസ്റ്റും’ ലിജോ ജോസ് പെല്ലിശേരിയുടെ ‘ജല്ലിക്കെട്ടു’മാണ്‌.

‘തീട്ടപ്പറമ്പ്’ പോലുള്ള ഒരു വാക്കുപോലും അച്ചടിക്കപ്പെട്ടിരുന്നില്ല. ഒരു കള്ളന്‍ നോക്കാനേല്പിക്കപ്പെട്ട മകളെ കളവു പഠിപ്പിക്കുന്നത് (തൊട്ടപ്പന്‍) അചിന്ത്യമായിരുന്ന ഒരു കാലമായിരുന്നു അത്.

അരുണ്‍ : കടൽ, മഴ ,മരണം തുടങ്ങിയ ഒട്ടനവധി പശ്ചാത്തലങ്ങൾ ഒരു കഥ എഴുതുമ്പോൾ ആ കഥയുടെ ക്യാൻവാസിൽ വരാറുണ്ട്‌. പക്ഷെ പലപ്പോഴും ഒരു പശ്ചാത്തലം എന്നതിലുപരി ഒരു കഥാപാത്രമായിത്തന്നെ ഇവയെല്ലാം മാറാറുള്ളതും താങ്കളുടെ കഥകളിൽ കാണാറുണ്ട് . എങ്ങനെയാണ് ഇത്തരം പശ്ചാത്തലങ്ങൾ ഒരുക്കുന്നത് ? അതിന്റെ ഡെവലപ്പ്മെന്റിനു മാത്രം ഒരു കഥ എഴുതുമ്പോൾ ഒരുപാടു സമയം മാറ്റി വയ്ക്കാറുണ്ടോ ?

നൊറോണ : ഞാന്‍ ആത്യന്തികമായി ഒരു വായനക്കാരനാണ്‌. അതിലൂടെയാണല്ലോ പുതിയ ലോകങ്ങള്‍ കണ്ടെത്തുന്നതും. ആ ആകാംക്ഷകളാകും എന്നെ സാമാന്യം നല്ല വായനക്കാരനാക്കിയതും. (അതിനിടെ അരുണിന്‍റെ ചിരിയുടെ ഭംഗി നൊറോണയെ ആകര്‍ഷിച്ചു നുഴഞ്ഞുകയറി വരുന്നുണ്ട്. അത് പറയുന്നുമുണ്ട്!) കായലും കടലും തുരുത്തുകളുമെല്ലാം എന്‍റെ ജീവിതത്തിന്‍റെ ഭാഗമായതുകൊണ്ടാവും ഒരു പക്ഷേ അവ കഥാപാത്രങ്ങളായി എന്നെ ചുറ്റിപ്പറ്റി നില്‍ക്കുന്നതും. അവയെ ചുറ്റിയുള്ള എഴുത്തുകള്‍ അത്ര ഉണ്ടായിട്ടുമില്ല. മാത്രമല്ല ഒട്ടും എലീറ്റ് ആയ അനുഭവങ്ങളും ജീവിതങ്ങളുമല്ലായിരുന്നു അവിടങ്ങളിലുണ്ടായിരുന്നത്. ഏതാണ്ട് 90 കള്‍ വരെ അത്തരം എഴുത്തുകള്‍ ‘അനുവദനീയ’മായിരുന്നില്ലെന്നും പറയാം. ‘തീട്ടപ്പറമ്പ്’ പോലുള്ള ഒരു വാക്കുപോലും അച്ചടിക്കപ്പെട്ടിരുന്നില്ല. ഒരു കള്ളന്‍ നോക്കാനേല്പിക്കപ്പെട്ട മകളെ കളവു പഠിപ്പിക്കുന്നത് (തൊട്ടപ്പന്‍) അചിന്ത്യമായിരുന്ന ഒരു കാലമായിരുന്നു അത്. അത് വന്യതയോ ഇല്ലായ്മയോ ഒക്കെ ആകാം. അതായിരുന്നു എന്‍റെ പശ്ചാത്തലം. അതിനെക്കുറിച്ചും ആ ജീവിതങ്ങളെക്കുറിച്ചും മാത്രമേ എനിക്കറിയാമായിരുന്നുള്ളു. അതാണ്‌ ഞാന്‍ എഴുതുന്നത്. അത് സ്വീകാര്യമാണോ എന്നതുപോലും എനിക്കൊരു പ്രശ്നമാകാറില്ല.

രാജ്. പി. : പൊതുവെ എഴുതാറുള്ള കഥകളിൽ ഒരു പ്രത്യേക കാലഘട്ടത്തിലെ ജനവിഭാഗങ്ങളാണല്ലോ പാത്രങ്ങളാവാറുള്ളത്. അതിൽ നിന്നും വ്യത്യസ്തമായി കുറച്ചുകൂടി പഴയ കാലങ്ങളിൽ അല്ലെങ്കിൽ മറ്റൊരു കാലഘട്ടത്തിൽ ജീവിച്ചിരുന്ന ജനങ്ങളെപ്പറ്റിയുള്ള സാങ്കൽപിക കഥകൾ ശ്രമിച്ചിട്ടുണ്ടോ? അല്ലെങ്കിൽ ചെയ്യുമോ?

നൊറോണ : എന്‍റെ നോവല്‍ (അശരണരുടെ സുവിശേഷം) വാസ്ക്കോഡഗാമക്കാലം മുതല്‍ 2013 വരെയുള്ള ചരിത്രത്തിലൂന്നിയ കഥകളാണു പറയുന്നത്. ഞാന്‍ ആ തുടക്ക കാലത്തിന്‍റെ ആളല്ലാത്തതിനാൽ അഞ്ചുവര്‍ഷത്തോളം അതിനായി പണിപ്പെട്ടിട്ടുണ്ട്. ‘ആദമിന്‍റെ മുഴ’യാണെങ്കില്‍ ബന്ധിപ്പിക്കപ്പെടാതെ കിടന്ന കൊച്ചിയുടെ കഥയാണ്‌. ഗോശ്രീ പോലെയുള്ള പാലങ്ങള്‍ക്കും മുമ്പേയുള്ള കഥ. ‘ച്യൂയിംഗ് ജെറീസ്’ കുറച്ചുകൂടി പുതിയ കാലമാണു പറയുന്നത്. ‘മുണ്ടന്‍ പറങ്കി’ എന്‍റെ ജീവിതപശ്ചാത്തലമാണ്‌. പഴയകാലത്തിന്‍റെ കഥ പറയാനാണ്‌ എനിക്കേറെയിഷ്ടം. അതില്‍ ഞാന്‍ വിജയിച്ചിട്ടുണ്ടോ എന്നു ചോദിച്ചാല്‍ എനിക്കതറിയില്ല.

പണക്കാരുടെ ജീവിതങ്ങള്‍ ഒട്ടേറെപ്പേര്‍ എഴുതിയിട്ടുണ്ട്. ഓരങ്ങളില്‍ ജീവിക്കുന്നവരുടെ കഥകളാണ്‌ പലപ്പോഴും എഴുതപ്പെടാതെയും കേള്‍ക്കാതെയും പോകുന്നത്.

സലീമ : ഒരു കഥയിൽ തന്നെ വ്യക്തിത്വമുള്ള ധാരാളം ചെറുകഥാപാത്രങ്ങൾ കാണുന്നുണ്ടല്ലോ? അത് ആദ്യം തന്നെ പ്ലാൻ ചെയ്യുന്നതാണോ? അതോ എഴുതിവരുമ്പോൾ സൃഷ്ടിക്കപ്പെടുന്നതാണോ?

നൊറോണ : ബൈബിളായിരുന്നു എന്‍റെ വായന. ആദ്യവായനയും പരന്ന വായനയും അതായിരുന്നു. മതഗ്രന്ഥമായിട്ടല്ല അതു വായിച്ചത്. അദ്ഭുതപ്രവര്‍ത്തി ചെയ്യുന്ന ഒരു ദൈവപുത്രനായിട്ടല്ല ഒരിക്കലും ഞാന്‍ യേശുവിനെ കണ്ടിട്ടുള്ളത്. ആശാരിപ്പണി ചെയ്യുന്ന ഔസേപ്പിന്‍റെ പുത്രനും സാധാരണക്കാരിലേയ്ക്ക് എപ്പോഴും ഇറങ്ങിച്ചെല്ലുന്ന ഒരു സാധാരണ മനുഷ്യനുമാണ്‌ എനിക്കെന്നും യേശു. കുരിശില്‍ കിടക്കുമ്പോഴും ഇരുവശങ്ങളില്‍ കള്ളന്മാരാണ്‌. ഒരു കിണറ്റുകരയില്‍ ഒരു വേശ്യയോടു സംസാരിച്ചിരിക്കുന്ന യേശുവിനെയാണ്‌ നാം കാണുന്നത്. ദേവാലയത്തിലെത്തുമ്പോഴും അദ്ദേഹത്തിന്‍റെ കണ്ണൂകള്‍ തെരയുന്നത് പാവങ്ങളെയാണ്‌. അങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍. പണക്കാരുടെ ജീവിതങ്ങള്‍ ഒട്ടേറെപ്പേര്‍ എഴുതിയിട്ടുണ്ട്. ഓരങ്ങളില്‍ ജീവിക്കുന്നവരുടെ കഥകളാണ്‌ പലപ്പോഴും എഴുതപ്പെടാതെയും കേള്‍ക്കാതെയും പോകുന്നത്. ‘കടവരാലി’ലെ പ്രകാശന്‍ രാത്രി സെക്യൂരിറ്റിപ്പണി ചെയ്യുന്നയാളാണ്‌. ഭാര്യ ചിമിരി പകല്‍ തുണിക്കടയിലും. അതു മതിയല്ലോ അവരുടെ ജീവിതം കൂട്ടിമുട്ടാതിരിക്കാന്‍. ഞായറാഴ്ചകള്‍ പോലും അവര്‍ക്ക് അന്യമാകുകയാണ്‌. ഇങ്ങനെയുള്ള അരികുജീവിതങ്ങള്‍ ഒത്തിരിയുണ്ട് എന്‍റെ ചുറ്റും. അതില്‍ സമസ്തമേഖലകളിലുള്ളവരുമുണ്ട്. ആരും അന്യരല്ലാതാകുന്ന 15 കഥകളാണ്‌ ഞാന്‍ എഴുതിയിട്ടുള്ളത്.

അഞ്‌ജുഷ : താങ്കളുടെ ചെറുകഥകളിലെല്ലാം കഥ യഥേഷ്ടം നിറച്ചിട്ടുണ്ട്. നാം വായിച്ചുശീലിച്ച ലബ്ധപ്രതിഷ്ഠരായ എഴുത്തുകാര്‍ 24 ലക്കങ്ങളിലായൊക്കെ പറഞ്ഞുപോകുന്ന കാര്യങ്ങള്‍ താങ്കള്‍ ഒറ്റക്കഥയിലാക്കിയിട്ടുണ്ട്. ചവിട്ടിനില്‍ക്കുന്ന മണ്ണില്‍ നിന്ന്‌ ഇത്രയേറെ കഥാപാത്രങ്ങളെ വായനക്കാരായ ഞങ്ങള്‍ക്ക് തരാന്‍ കഴിഞ്ഞതിനെക്കുറിച്ചൊന്നു വിശദീകരിക്കാമോ?

നൊറോണ : ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും സ്വാസ്ഥ്യമായ എഴുത്ത് അവന്‍റെ ജീവിതപരിസരം എഴുതുന്നതാണ്‌. എം. മുകുന്ദന്‍, അദ്ദേഹം ചവിട്ടി നിന്ന ഭൂമികകളെക്കുറിച്ചും അവിടുത്തെ മനുഷ്യരെക്കുറിച്കുമാണ്‌ എഴുതിയത്. എം.ടി യാണെങ്കില്‍ ഏറ്റവും കൂടുതലെഴുതിയത് കൂടല്ലൂരുള്‍പ്പെടുന്ന നിളാപരിസരങ്ങളെക്കുറിച്ചാണ്‌. തുടക്കക്കാരനെന്ന നിലയില്‍ കടലും കായലും തുരുത്തും കണ്ടലുമുള്‍പ്പെടുന്ന പ്രദേശത്തെ ജീവിതങ്ങളായിരുന്നു എനിക്ക് അനായാസം എഴുതാന്‍ കഴിഞ്ഞിരുന്നത്. എന്നാലത് ഏകതാനമാകാതിരിക്കാനും ഞാന്‍ ശ്രദ്ധിച്ചു. വായനക്കാരനു മടുപ്പുണ്ടാക്കാത്ത രീതിയില്‍ വിപുലമായ ഭൂമിക ഞാന്‍ സൃഷ്ടിച്ചിട്ടുണ്ടെന്നാണ്‌ എനിക്കു തോന്നുന്നത്. നല്ല വായനക്കാരനായതുകൊണ്ട് വായിക്കുന്നവരുടെ മനസ്സുകള്‍ കൂടി ഏറ്റെടുത്താണ്‌ ഞാന്‍ എഴുതാനിരിക്കുന്നത്. രതിയാണെങ്കിലും കൊലപാതകമാണെങ്കിലും വളരെ ശ്രദ്ധിച്ചാണ്‌ ഞാന്‍ അത് വായനക്കാര്‍ക്കായി പാകപ്പെടുത്തുന്നത്. എന്‍ എസ് മാധവന്‍ പറഞ്ഞിട്ടുണ്ട്, കൃത്യമായി പ്രയോഗിക്കേണ്ട ഒരു വാക്കിനായി ചിലപ്പോള്‍ അനേകദിവസങ്ങള്‍ കാത്തിരിക്കേണ്ടി വന്നിട്ടുള്ള കാര്യം. ചിലപ്പോള്‍ ഒരൊറ്റ സംഭാഷണം മതി ഒരു കഥയെ തകര്‍ത്തുകളയാന്‍. അതിനാല്‍ ഞാന്‍ സമയമെടുത്തുതന്നെയാണ്‌ അക്കാര്യത്തില്‍ വേണ്ടതുചെയ്യുന്നത്. എഴുത്തില്‍ ഞാനിപ്പോഴും ഒരു തുടക്കക്കാരന്‍ മാത്രമാണെന്നാണ്‌ എന്‍റെ വിശ്വാസവും.

ജൂന : ഭാഷാസവിശേഷതപോലെ തന്നെയാണ്‌ നൊറോണക്കഥകളിലെ കഥാപാത്രങ്ങളുടെ പേരുകളും. പുതുമയുള്ള പേരുകള്‍! പേരുകളുടെ തെരഞ്ഞെടുപ്പെങ്ങനെയെന്നു വിശദീകരിക്കാമോ?

നൊറോണ : പേരുകള്‍ എനിക്കു വളരെ പ്രധാനമാണ്‌. ‘കടവരാലി’ലെ കറുത്തിരുണ്ട ആളാണ്‌ പ്രകാശന്‍. ഒരു മത്തങ്ങ ഉരുളുന്നതുപോലെ, തടിച്ച് ഉരുണ്ടുപോകുന്ന രീതിയാണ്‌ ചിമിരിയുടേത്. നിറത്തേയോ ശരീരപ്രകൃതിയെയോ പരിഹസിക്കുകയല്ല, ഞാന്‍. പേരുകളുണ്ടാക്കുന്ന ഒരു കൗതുകം മാത്രമായി കാണുക. ‘കീരിക്കാടന്‍ ജോസ്’ എന്നൊക്കെ സിനിമകളില്‍ കേള്‍ക്കുമ്പോളുള്ള ഒരു കൗതുകമില്ലേ? ‘തൊട്ടപ്പനി’ലെ പെണ്‍കുട്ടിയുടെ താടിയുടെ പ്രത്യേകതകൊണ്ട് അവള്‍ക്ക് ‘കുഞ്ഞാടെ’ന്ന പേരു മതി എന്നു ഞാന്‍ തീരുമാനിച്ചു. പേരിടല്‍ എനിക്കെന്നും ശ്രമകരമാണ്‌. ‘കാതുസൂത്ര’ത്തിലെ ‘ഭാനു’ ഓര്‍മ്മിപ്പിക്കുന്ന ഒരു രൂപമുണ്ട്. മറ്റു ചില പേരുകളിലെ ജാതീയതയാണ്‌ ആ കഥയെ മുമ്പോട്ടു കൊണ്ടുപോകുന്നത്. പലതും വെളിവാക്കാനും പറയാതെ പറയാനും എനിക്ക് പേരുകള്‍ വളരെ പ്രധാനമാണ്‌.

സാബിര്‍ : താങ്കളുടെ ഭാഷ സമകാലികമലയാളവായനക്കാർക്കു വേണ്ടി പാകപ്പെടുത്തിയതാണോ? ഭാഷയുടെ തെരഞ്ഞെടുപ്പു നടത്തിയപ്പോള്‍ മനസ്സിലുണ്ടായിരുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്‌?

നൊറോണ : ഒരു കഥ പറയാന്‍ കുറെ ഘടകങ്ങള്‍ ആവശ്യമുണ്ട്. അതിലൊന്നാണ്‌ ആ കഥ ഏതു ഭാഷയില്‍ പറയണംമെന്നുള്ളത്. ഏതു ഭൂമികയില്‍ നിന്നാണ്‌ അതു പറയേണ്ടത്? ഏതു രചനാതന്ത്രമാണ്‌ അവിടെ പ്രയോഗിക്കേണ്ടത്? ‘തൊട്ടപ്പന്‍’ ഒരു കള്ളന്‍റെ കഥയാണ്‌. പള്ളിയും ചായക്കടയും സാധാരണക്കാരുമുള്ള ഒരു ഗ്രാമം. ‘പെണ്ണാച്ചി’യും ഏതാണ്ടതുപോലെയാണ്‌. ‘കടവരാലി’നു കുറച്ചുകൂടി അര്‍‌ബന്‍ ഭാഷയായിരുന്നു വേണ്ടത്. ‘ച്യൂയിംഗ് ജെറീസ്’ എറണാകുളം പനമ്പിള്ളി നഗറിന്‍റെ കഥയാണ്‌. ‘തൊട്ടപ്പ’ന്‍റെ ഭാഷ പനമ്പിള്ളി നഗറിന്‍റെ കഥയ്ക്ക് ചേരില്ലല്ലോ! ‘ഇന’ത്തിനു വേറൊരു ഭാഷയാണ്‌. ചെറിയ ചെറിയ വാക്കുകളും വാചകങ്ങളുമാണ്‌ ‘കാതുസൂത്ര’ത്തിന്‍റേത്. മലയാളത്തിനു തന്നെ വ്യാപകമായ വൈരുദ്ധ്യങ്ങളുണ്ടല്ലോ. കൊച്ചിയില്‍ത്തന്നെ പ്രാദേശികമായി പല ഭാഷകളാണുള്ളത്. കഥ ചോദിക്കുന്ന ഭാഷ കൊടുക്കേണ്ടത് അത്യാവശ്യമാണ്‌.

റെജി : ‘ആദമിന്റെ മുഴ’ യിലൂടെ കയറി വന്ന “എഴുത്തിന്റെ ദൈവം നിന്നോടു കൂടെയുണ്ട്” എന്ന സ്നേഹവചനം അന്വര്ഥമാക്കുന്നതാണ് തുടർന്നു വന്ന താങ്കളുടെ കഥകൾ. എഴുത്തിൽ ആ ദൈവത്തിന്റെ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ?

നൊറോണ : ‘എഴുത്തിന്‍റെ ദൈവം നിന്‍റെ കൂടെയുണ്ടെന്നു’ പറഞ്ഞത് ഡീസീ ബുക്സിന്‍റെ പബ്‌ളിക്കേഷന്‍സ് മാനേജര്‍ അരവിന്ദന്‍ കെ.എസ്.മംഗലമാണ്‌. ‘മുഖരേഖ’യിലൊക്കെ പല പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അപ്പോഴൊക്കെ എനിക്കു തോന്നിയിട്ടുണ്ട്, എഴുത്തിനൊരു ദൈവമുണ്ടെന്ന്. ചിലപ്പോള്‍ നമ്മളെഴുതിയത് നമ്മളെത്തന്നെ വിസ്മയിപ്പിച്ചുകളയും. നമ്മള്‍ തന്നെയാണോ എഴുതിയത് എന്നു പോലും സംശയം തോന്നും. നോവലെഴുതുമ്പോഴാണ് ‌ എനിക്കതുകൂടുതലായി തോന്നിയത്. നാലഞ്ച് അദ്ധ്യായങ്ങള്‍ കടന്നുകിട്ടിയാല്‍ ആരോ എന്നെ കൈപിടിച്ചു കൊണ്ടുപോകുന്നതായി ഒരു തോന്നല്‍. എന്‍റെ തോന്നല്‍ തന്നെയാവാം.

ജീന : ‘നത്താള്‍’, ‘ഷോഡതി’ മുതലായ, തികച്ചും ഗ്രാമീണമായ പദങ്ങള്‍ കഥകളില്‍ ചേര്‍ക്കുമ്പോള്‍ അടിക്കുറിപ്പില്ലാതെ പോകുന്നത് വായന ദുര്‍ഗ്രഹമാക്കുന്നില്ലേ? അത് വായനയുടെ ഒഴുക്കിനെ ബാധിക്കില്ലേ?

നൊറോണ : എന്‍റെ ‘അശരണരുടെ സുവിശേഷം’ എന്ന നോവലിലാണ്‌ ‘നത്താള്‍’ എന്ന വാക്ക് വന്നിരിക്കുന്നത്. തീരദേശവാസികളല്ലാത്ത മറ്റാര്‍ക്കും ആ വാക്കിനെക്കുറിച്ച് വലിയ ധാരണയൊന്നുമുണ്ടാവില്ല. ആ വാക്ക് പ്രയോഗിക്കുമ്പോള്‍ അതിന്‍റെ അര്‍ത്ഥം മനസ്സിലാകുന്ന രീതിയില്‍ ഞാന്‍ അതിലേയ്ക്ക് ചില വഴികള്‍ വെട്ടിയിട്ടുണ്ട്. അങ്ങനെ വായനക്കാര്‍ അതു കണ്ടെത്തട്ടെ എന്നുവച്ചു. വേണമെങ്കില്‍, ‘തീരദേശഗ്രാമങ്ങളില്‍ ആഘോഷിക്കപ്പെടുന്ന ക്രിസ്മസ്’ എന്നൊരു അടിക്കുറിപ്പ് എനിക്കു കൊടുക്കാമായിരുന്നു. ‘ജ്വരച്ചൂടുമായി നക്ഷത്രം കടിച്ചുപിടിച്ച് തേവന്‍ മരത്തിന്‍റെ മണ്ടയിലേയ്ക്ക് കയറി’ എന്ന് ഞാന്‍ അതില്‍ത്തന്നെ എഴുതിയിട്ടുണ്ട്. രണ്ടു വാക്കുകള്‍ക്കും ഒരര്‍ത്ഥമാണെങ്കിലും നത്താളും ക്രിസ്മസും രണ്ട് പരിസരങ്ങളാണ്‌ നമുക്കു മുന്നിലേയ്ക്കെത്തിക്കുന്നത്. കെയ്ക്കും, പുല്‍ക്കൂടും, പടക്കവും, പുതുവസ്ത്രങ്ങളും, പാതിരാക്കുര്‍ബ്ബാനയുമൊക്കെയാണ്‌ ക്രിസ്മസ് നമ്മളെയോര്‍മ്മിപ്പിക്കുന്നത്. തീരദേശത്തിന്‍റെ നത്താള്‍ അങ്ങനെയല്ല. മീനൊന്നും കിട്ടാതെ കടല്‍കയറിവരുന്നവന്‍റെ മുന്നില്‍ വീട്ടിലേയ്ക്ക് ഇറച്ചിവാങ്ങാനാവാത്ത, പുതുവസ്ത്രങ്ങളില്ലാതെ പാതിരാക്കുര്‍ബ്ബാന കൂടേണ്ട വ്യഥകളാണ്‌. അടുത്തവീട്ടില്‍ നിന്നു കടം വാങ്ങേണ്ട, ഒരു കമ്മല്‍ പണയം വച്ച് പണം കാണേണ്ട വേദനകളുണ്ട്. ആ ഇല്ലായ്മ ‘നത്താളി’ലേയുള്ളു. ക്രിസ്മസിലില്ല. അതിജീവനത്തിന്‍റെ, ജീവിതപ്പോരാട്ടത്തിന്‍റെ ആഘോഷമാണ്‌ നത്താള്‍. ഈജിപ്റ്റിലേയ്ക്കുള്ള പലായനത്തില്‍ ജോസെഫും മേരിയും നേരിടുന്ന ഇല്ലായ്മകളുണ്ട്, ആ വാക്കില്‍.

റെയ്‌ഹാന : ഒരു കഥാതന്തു മനസ്സില്‍ കുരുക്കുമ്പോള്‍ അതിനെ കുറേക്കൂടി റിയലിസ്റ്റിക്കാക്കാനും ഭംഗിയാക്കാനും ഒരന്വേഷണവുമായി ഇറങ്ങിത്തിരിക്കാറുണ്ടോ?

നൊറോണ : ‘തൊട്ടപ്പനി’ല്‍ എന്‍റെ യഥാര്‍ത്ഥ തലതൊട്ടപ്പനുണ്ട്. പക്ഷേ, അദ്ദേഹം കഥയിലെപ്പോലെ ഒരു കള്ളനായിരുന്നില്ല. പല സവിശേഷതകള്‍ ഒരുമിച്ചു ചേര്‍ന്നാണ്‌ (Convergence) ഒരു കഥാപാത്രം രൂപപ്പെടുന്നത്. എഴുതിത്തീര്‍ന്ന ഒരു കഥാപാത്രത്തിന്‍റെ പൂര്‍‌ണ്ണസവിശേഷതയില്‍ ഒരാള്‍ യഥാര്‍ത്ഥജീവിതത്തില്‍ ഉണ്ടാവണമെന്നില്ല. ‘കാതുസൂത്ര’ത്തിലെ ഭാനു എവിടെയെങ്കിലും ഉണ്ടോ എന്നു ചോദിച്ചാല്‍ എനിക്കറിയില്ല. ഭാനുവിനെ വായിച്ചതിനുശേഷം, ‘എന്‍റെ കഥയാണത്’ എന്നും പറഞ്ഞ് എനിക്കൊത്തിരി സന്ദേശങ്ങള്‍ കിട്ടി. ‘എന്നെ കണ്ണാടിയില്‍ കാണുന്നതുപോലെ കണ്ടു’ എന്നൊക്കെ ചിലര്‍ പറഞ്ഞു. എന്‍റെ നോട്ടങ്ങളില്‍ ഞാന്‍ കണ്ടുമുട്ടിയ പലരേയും കൂട്ടിച്ചേര്‍ത്താവും ഞാന്‍ ഒരു കഥാപാത്രത്തെ സൃഷ്ടിക്കുന്നത്. അതെത്ര വിജയം കണ്ടു എന്നു പറയേണ്ടത് വായനക്കാരാണ്‌.

സുരേഷ് : ഫ്രാന്‍സിസ് നോറോണയുടെ, എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥകള്‍ പറഞ്ഞിരിക്കുന്നത് പെണ്‍‌കുട്ടികളാണ്‌. എന്താണതിന്‍റെ പിന്നില്‍?

നൊറോണ : സ്ത്രീ-പുരുഷ വേര്‍‌തിരിവുകള്‍ എനിക്കു തോന്നിയിട്ടില്ല. അവരെയൊക്കെ ഒരു വ്യക്തിയെന്ന നിലയിലേ ഞാന്‍ കാണുന്നുള്ളു. തൊട്ടപ്പനില്‍ പോലും ഒരു സ്ത്രീയും അമ്മയുമുണ്ട്. ബയോളജിക്കലായി മാത്രം അയാള്‍ പുരുഷനാണെന്നു പറയാം. കഥപറയുന്ന, പ്രധാനകഥാപാത്രമായി വരുന്ന പെണ്‍കുട്ടികളില്‍ ചിലരൊക്കെ എന്‍റെ കുട്ടിക്കാലത്തെ കൂട്ടുകാരാവാം. എന്‍റെ കൂട്ടുകാരിലധികവും പെണ്‍‌കുട്ടികളായിരുന്നു, ചെറുപ്പത്തില്‍. ആ സ്വാധീനം അവരെക്കൊണ്ട് ചില കഥകള്‍ പറയിപ്പിച്ചിട്ടുണ്ട്. മലയാളസാഹിത്യത്തിലെ ഏറ്റവും മഹത്തായ പല കൃതികളും സ്ത്രീയെ ചുറ്റിപ്പറ്റിയാണ്‌. ഒരു പക്ഷേ, പുരുഷകേന്ദ്രീകൃതമായ എഴുത്തിനേക്കാളുപരി നാം പറയേണ്ടതും എഴുതേണ്ടതും സ്ത്രീകളെക്കുറിച്ചാണ്‌ എന്നുപോലും എനിക്കു തോന്നുന്നു.

പ്രസാദ് : ഏറ്റവും സ്വാധീനിച്ച കൃതിയെന്ന നിലയില്‍ ബൈബിളിനെക്കുറിച്ച് പറഞ്ഞിരുന്നല്ലോ. താങ്കളുടെയുള്ളിലെ അപകടകാരിയായ ഒരു മതവിമര്‍ശകനെ സഭ കാണാതെ പോകുന്നുണ്ടോ?

നൊറോണ : എന്‍റെ മനസ്സിലാക്കലില്‍ ക്രിസ്തുവും സഭയും രണ്ടുവഴിക്കു പോയവരാണ്‌. ക്രിസ്തു അന്നത്തെ അധികാരസ്ഥാപനങ്ങളെ എതിര്‍ത്തയാളാണ്‌. അന്നും സഭ അതിന്‍റെ കാര്യങ്ങള്‍ മാത്രമായി മുമ്പോട്ടു പോയവരാണ്‌. അദ്ദേഹം പുരോഹിതരേയും അധികാരിവര്‍ഗ്ഗത്തേയും ദേവാലയരീതികളേയും അവഗണിച്ചയാളാണ്‌. ആ പുരോഹിതരീതികള്‍ ഇന്നും തുടര്‍ന്നുപോകുന്നുണ്ട്. ക്രിസ്തുവിനു തുടര്‍ച്ച ഉണ്ടായിട്ടില്ലെന്നേയുള്ളൂ. എന്നോടു സഭയ്ക്ക് വിരോധമൊന്നുമില്ല. എന്നെ സഭയ്ക്ക് ഇഷ്ടവുമാണ്‌. അവര്‍ എനിക്ക് കെ.സി.ബി.സി.പുരസ്ക്കാരവും തന്നിട്ടുണ്ട്. ഞാന്‍ ക്രിസ്തുവിനോടൊപ്പമാണ്‌. ആ പാതയാണ്‌ എനിക്കിഷ്ടം. അപ്പോള്‍ എന്നെ അവര്‍ക്ക് എതിര്‍ക്കാനാവുമോ? ഒരു കഥ കേട്ടിട്ടില്ലേ? ഒരു കറുത്ത മനുഷ്യന്‍ ദേവാലയത്തിനു പുറത്തുനിന്നു കരയുന്നു. അയാള്‍ക്ക് വെളുത്തവന്‍റെ ദേവാലയത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതാണ്‌ കാരണം. ഒരാള്‍ വന്ന് അവനെ കൈപിടിച്ച് സമാധാനിപ്പിച്ചുകൊണ്ട് പറയുന്നു : ‘ഞാനുമില്ല, അകത്ത്. നമുക്ക് പോകാം. വരൂ” – അത് ക്രിസ്തുവായിരുന്നു.

എന്‍റെ ‘മുണ്ടന്‍ പറങ്കി’ ആ ധാരണയെ മാറ്റിയെടുത്തിട്ടുണ്ട്. മുണ്ടുടുത്തതിനാല്‍ സമൂഹത്തില്‍ നിന്നു ബഹിഷ്കൃതനാകുന്നയാളാണത്.

സലീമ : നാട്ടിലുള്ള പോര്‍ച്ചുഗീസ് ഭക്ഷണവിഭവങ്ങളെക്കുറിച്ചു പറയാമോ?

നൊറോണ : ഞാന്‍ താമസിക്കുന്നതൊരു ദ്വീപിലാണ്‌. അതിന്‍റെ സംഭാവനയെന്നോണം തരക്കേടില്ലാത്ത ഒരു പാചകക്കാരനാണ്‌ ഞാന്‍. എന്‍റെ താറാവുകറിയുടെ കുറിപ്പ് മലയാള മനോരമ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിന്‍ഡാലു (Vindaloo) ഒരു പോര്‍ച്ചുഗീസ് വിഭവമാണ്‌. പെന്‍സിഫിലിറ്റ്, ബോള്‍ എന്നിവയും മമ്മാഞ്ഞിമാർ ഉണ്ടാക്കാറുണ്ട്. ഞാനൊക്കെ ഏറ്റവും കഴിച്ചത് കഞ്ഞിയും ചാളയുമൊക്കെത്തന്നെയാണ്‌. ഒരു Engish Spreaking Anglo-Indian Elite ഗ്രൂപ്പ് ആയാണ്‌ ഞങ്ങളുടെ സമൂഹത്തെ കൂടുതലായും ചിത്രീകരിച്ചുപോന്നിട്ടുള്ളത്. അതൊരു ന്യൂനപക്ഷം മാത്രമായിരുന്നു. എന്‍റെ ‘മുണ്ടന്‍ പറങ്കി’ ആ ധാരണയെ മാറ്റിയെടുത്തിട്ടുണ്ട്. മുണ്ടുടുത്തതിനാല്‍ സമൂഹത്തില്‍ നിന്നു ബഹിഷ്കൃതനാകുന്നയാളാണത്. എന്നെപ്പോലെ ദാരിദ്ര്യം പിടിച്ച ചുറ്റുപാടുകളിലുള്ളവരായിരുന്നു കൂടുതലും.

നിര്‍മല : നൊറോണയുടെ കഥകള്‍ വളരെ സന്തോഷത്തോടെയും ആവേശത്തോടെയും വായിക്കുന്ന ഒരാളാണു ഞാന്‍. കഴിഞ്ഞ ഏതാണ്ട് പത്തുവര്‍ഷത്തെ കഥകള്‍ നോക്കിയാല്‍ അവ അതിഭാരം പേറുന്നവയും പരത്തിപ്പറയുന്നവയുമായിരുന്നു. അങ്ങനെ ആ വായന നിറുത്തിയ ഒരാളുമാണ്‌ ഞാന്‍. നോറോണയുടെ കഥകള്‍ പക്ഷേ ഞാന്‍ ആസ്വദിച്ചു വായിച്ചിരുന്നു. വായനക്കാരെ മുമ്പില്‍ കണ്ടുകൊണ്ട്, അവര്‍ക്കായി അദ്ധ്വാനിച്ച് എഴുതുന്നയാളാണ്‌ നൊറോണയെന്നറിയുന്നതിലെ സന്തോഷം വളരെ വലുതാണ്‌. ഇങ്ങനെയൊരു സംഭാഷണത്തിനു തയ്യാറായതില്‍ വളരെ നന്ദിയുണ്ട്.

നോറോണ : ഞാന്‍ ആദ്യമായിട്ടാണ്‌ ഇത്രയും പേരടങ്ങുന്ന ഒരു വിദേശവായനാക്കൂട്ടവുമായി സം‌വദിക്കുന്നത്. അതിന്‍റെ ഒരു സന്തോഷം വളരെ ഏറിയ അളവില്‍ത്തന്നെയുണ്ട്. എല്ലാവരോടും നന്ദിയുണ്ട്, എന്നെ വായിക്കുന്നതിലും ആ സന്തോഷം പ്രകടിപ്പിക്കുന്നതിലും. അമേരിക്കയും കാനഡയുമൊക്കെ രോഗഭീതിയിലാണെന്നറിയാം. അതിനാല്‍ത്തന്നെ നമ്മുടെ സന്തോഷങ്ങളൊക്കെ അതേ അളവില്‍ പ്രകടിപ്പിക്കാന്‍ പറ്റിയ കാലമല്ലെന്നും അറിയാം.ലോകാ സമസ്താ സുഖിനോ ഭവന്തു! എല്ലാവര്‍ക്കും ആയുരാരോഗ്യസൗഖ്യങ്ങള്‍ നേരുന്നു.

ഫാത്തിമ മുബീന്‍, സംഗമേശ്വരന്‍, കുഞ്ഞൂസ് എന്നിവർ സാങ്കേതികസഹായം നൽകിയും ചർച്ചകൾ നിയന്ത്രിച്ചും നോറോണ-സം‌വാദത്തില്‍ പങ്കുചേര്‍ന്നിരുന്നു.

Print Friendly, PDF & Email

About the author

സുരേഷ് നെല്ലിക്കോട്

പ്രമുഖപ്രസിദ്ധീകരണങ്ങളിൽ എഴുതിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ ബാങ്ക്, തോമസ് കുക്ക്, വോള്‍ സ്റ്റ്രീറ്റ് എക്സ്ചേഞ്ച് അബുദാബി, വോള്‍ സ്റ്റ്രീറ്റ് ഫിനാന്‍സ്- കാനഡ, ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്നിവയിലൊക്കെ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കാനഡയിലെ ബര്‍ലിംഗ്ടന്‍ പോസ്റ്റില്‍. കേരള ബുക്ക് മാര്‍ക്ക് പ്രസിദ്ധപ്പെടുത്തിയ 'മടങ്ങിപ്പോകുന്നവര്‍' - കഥാസമാഹാരം

Add Comment

Click here to post a comment

Your email address will not be published. Required fields are marked *