EDITORIAL OPINION POLITICS ലേഖനം

ഗ്ലോബലൈസേഷന്റെ അന്ത്യംഈ ഒരു ഘട്ടത്തിൽ നമ്മെ അമ്പരപ്പിക്കേണ്ടുന്ന ഒന്ന്, ലോകമെങ്ങുമുള്ള ക്യാപ്പിറ്റലിസ്റ് ചിന്തകർ ഊണും ഉറക്കവുമില്ലാതെ ആശയ സംവാദങ്ങളിൽ ഏർപ്പെട്ടിരിക്കുമ്പോൾ, ലോകത്തെ മാറ്റി മറിക്കുമെന്നു ഒരു ഘട്ടത്തിൽ നമ്മൾ പ്രത്യാശ പ്രകടിപ്പിച്ചിരുന്ന മാർക്സിസ്റ് ചിന്തകർ ഇനിയും ഉറക്കം ഉപേക്ഷിച്ചിട്ടില്ലെന്നുള്ളതാണ്.

ലോകത്തെ ആകെ ജനസംഖ്യ ഏതാണ്ട് ഏഴര ബില്യൺ ആണ്. തൊഴിൽ ചെയ്തു ജീവിക്കുന്നവർ അതിൽ ഏതാണ്ട് നാല്പത്തഞ്ചു ശതമാനത്തോളം വരും 3.3 ബില്യൺ. അതിൽ തന്നെ ഏതാണ്ട് രണ്ടു ബില്യണോളം പേര് informal എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന അനൗപചാരിക മേഖലകളിൽ പണിയെടുക്കുന്നവരാണ്. അക്കൂട്ടരിൽ 1.6 ബില്യൺ പേരുടെ തൊഴിൽ സാഹചര്യങ്ങൾ കൊറോണ മൂലം അപകടത്തിലാണെന്നാണ് ഇന്റർനാഷണൽ ലേബർ ഓർഗനൈസഷൻ അഥവാ ILO റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അമേരിക്കയിൽ മാത്രം ഏതാണ്ട് 32 ശതമാനം പേര് തൊഴിൽ രഹിതർ ആയേക്കാമെന്നാണ് ഫെഡറൽ റിസേർവ് കണക്കു കൂട്ടുന്നത്, ഏതാണ്ട് 47 മില്യൺ തൊഴിൽ രഹിതർ.

ലോകം കഴിഞ്ഞ നൂറു വർഷത്തിനുള്ളിൽ കണ്ട ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നിലൂടെയാണ് നമ്മൾ കടന്നു പോകുന്നതെന്ന് സാരം. പ്രശസ്ത എക്കൊണോമിസ്റ് ഗീതാ ഗോപിനാഥ് പറയുന്നത് അന്താരാഷ്ട്ര യാത്രയിൽ കഴിഞ്ഞ 50 വര്ഷം കൊണ്ട് മനുഷ്യൻ നേടിയ സ്ഥിര വികാസം അതിവേഗം ചുരുങ്ങുമെന്നാണ്. ഹോട്ടൽ, ടൂറിസം, സർവീസ് ഇൻഡസ്ട്രി, റീട്ടെയിൽ, നിർമ്മാണ മേഖലകൾ, എനർജി, എന്റർടൈൻമെന്റ്, എയർ ലൈൻ ഇൻഡസ്ട്രി, ബാങ്കിങ് തുടങ്ങിയ പല മേഖലകളും ഈ കൊടുങ്കാറ്റിൽ പെട്ടുലയും. ചുരുങ്ങിയ വേതനവും ചുരുങ്ങിയ സ്കില്ലുകളും ആവശ്യമുള്ള പല ജോലികളും ഇനി ഒരിക്കലും മടങ്ങി വരുകയേയില്ല.

വരാൻ പോകുന്ന വലിയ സാമ്പത്തിക ദുരന്തത്തെ ഏതു കാറ്റഗറിയിൽ പെടുത്തണം എന്നത് മാത്രമാണ് സാമ്പത്തിക ശാസ്ത്രജ്ഞർക്കിടയിലുള്ള തർക്കം. പൊതുവെ V,U,W,L എന്നിങ്ങനെയാണ് സാമ്പത്തിക മാന്ദ്യത്തെ തിരിക്കാറുള്ളത്. ഏറ്റവും കുറഞ്ഞ കാലം നീണ്ടു നിൽക്കുന്ന കുത്തനെയുള്ള തകർച്ചയാണ് V. മൂന്നോ നാലോ ക്വർട്ടറുകൾക്കുള്ളിൽ തിരികെ സമ്പദ് വ്യവസ്ഥ പൂർവ്വ സ്ഥിതി പ്രാപിക്കും. U അക്ഷരം സൂചിപ്പിക്കുന്നത് പോലെ അല്പകാലം കൂടി നീണ്ടു നിൽക്കുന്ന തകർച്ച. ഒന്ന് രണ്ടു വർഷങ്ങൾക്കുള്ളിൽ സമ്പദ് വ്യവസ്ഥ പൂർവ്വ സ്ഥിതി പ്രാപിക്കും. W ഒരു ഫാൾസ് റിക്കവറി ഉണ്ടാക്കുകയും വീണ്ടും തകരുകയും വീണ്ടും റിക്കവർ ചെയ്യുകയും ചെയ്യുന്ന വർഷങ്ങൾ നീണ്ടു നിൽക്കുന്ന മാന്ദ്യം. അക്ഷരം സൂചിപ്പിക്കുന്നത് പോലെ L ആണ് വലിയ കുഴപ്പക്കാരൻ. അത് കുത്തനെയുള്ള വലിയ വീഴ്ചയാണ്, റിക്കവറി അനേക വർഷങ്ങൾ എടുത്തേക്കാം ഒരു പക്ഷെ ഒരിക്കലും തിരിച്ചു വന്നില്ലെന്നും വരാം. 1930 കളിലെ ഗ്രേറ്റ് ഡിപ്രെഷൻ ആണ് ഇതിനുദാഹരണം. പല എക്കോണമിസ്റ്റുകളും ഇപ്പോഴത്തെ സാഹചര്യത്തെ ഡിപ്രഷൻ എന്ന പദം ഉപയോഗിച്ച് വിശേഷിപ്പിക്കുന്നു എന്നത് ഭയജനകമായ സാഹചര്യമാണ്.

ഇപ്പോഴത്തെ സാഹചര്യങ്ങൾ ലോക രാഷ്ട്രീയ സാമ്പത്തിക അധികാര കേന്ദ്രങ്ങളുടെ സ്ഥിരമായ മാറ്റത്തിനു കാരണമാകുമെന്ന് നോബൽ സമ്മാനിതനായ സാമ്പത്തിക ശാസ്ത്രജ്ഞൻ ജോസഫ് സ്റ്റിഗ്ലിറ്സ് ( joseph e stiglitz ) പറയുന്നു. ഭക്ഷ്യ സുരക്ഷ, ഊർജ്ജ സുരക്ഷ എന്നൊക്കെ കേൾക്കുമ്പോൾ പുച്ഛിച്ചു തള്ളിയിരുന്ന ആഗോളവൽക്കരണത്തിന്റെ വക്താക്കൾ, അതിരുകൾ പ്രശ്നമേയല്ലാത്ത ആഗോള ഗ്രാമത്തിൽ, നമുക്കു വേണ്ടത് എത്ര ദൂരത്തായാലും, ഏറ്റവും വിലകുറഞ്ഞ ആഗോളഗ്രാമ മൂലയിൽ നിന്ന് എത്തിക്കാമല്ലോ എന്ന് വാദിച്ചിരുന്നവർ പെട്ടെന്ന് തങ്ങൾക്കു മുന്നിലുയരുന്ന അതിരുകൾ കണ്ടു പകച്ചു നിൽക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ഈ പ്രതിസന്ധി, അടിസ്ഥാന രാഷ്ട്രീയ- സാമ്പത്തിക യൂണിറ്റ് രാഷ്ട്രം അഥവാ സ്റ്റേറ്റ് ആണെന്ന യാഥാർഥ്യ ബോധത്തിലേക്ക് അവരെ തിരികെ കൊണ്ട് വന്നിരിക്കുന്നു. അങ്ങനെയല്ലാത്ത ഒരു മാതൃകയും സ്ഥായിയായ ( sustainable) മാതൃകയല്ലെന്നു മുതലാളിത്ത- ആഗോളവൽക്കരണ പക്ഷ – എക്കൊണോമിസ്റ്റുകൾ തിരിച്ചറിയുന്നു. ഇത് നമുക്ക് പെട്ടെന്ന് മനസ്സിലാകും കൊട്ടിഘോഷിക്കപ്പെട്ട കേരള മാതൃക തമിഴ്നാടിനെയും ആന്ധ്രപ്രദേശിനെയും പഞ്ചാബിനെയും ഒക്കെ ആശ്രയിച്ചു നിൽക്കുന്നതാണ്. അവിടെയെങ്ങാനും ക്ഷാമമുണ്ടായാൽ കേരളത്തിൽ പട്ടിണി എന്നത് മാത്രമായിരുന്നു മുമ്പ് ഭീഷണിയെങ്കിൽ ഇപ്പോൾ നമ്മുടെ അതിരുകൾ ഓരോന്നും പല വിധത്തിൽ നമ്മെ സ്വയം ഭീഷണിപ്പെടുത്തുന്നു.

ഈ പ്രതിസന്ധി സാമ്പത്തിക ദേശീയതാ വാദത്തെ കൂടുതൽ ശക്തിപ്പെടുത്തും എന്നുള്ളതാണ് മറ്റൊരു ഭീഷണി. കൂടുതൽ കൂടുതൽ രാജ്യങ്ങൾ തങ്ങളുടെ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കുന്നതിൻറെ ഭാഗമായി പഴയ പ്രൊട്ടക്ഷനിസ്റ്റു നയങ്ങൾ കൂടുതൽ ശക്തിയോടെ പുറത്തെടുക്കും. ഓരോ സമ്പദ് വ്യവസ്ഥയും മറ്റു സമ്പദ് വ്യവസ്ഥകളിലുള്ള ആശ്രിതത്വം ഒഴിവാക്കാനും ഒരു സ്വയാർജ്ജിത വ്യവസ്ഥയായി മാറാൻ ശ്രമിക്കുകയും ചെയ്യും.

താൽക്കാലികമായെങ്കിലും പോപ്പുലിസം അതിന്റെ പാരമ്യത്തിലെത്തും, സാമ്പത്തിക തകർച്ച അതിനെ പിന്നീട് ഇല്ലാതാക്കുക തന്നെ ചെയ്യുമെങ്കിലും. ദേശീയതാവാദം താൽക്കാലികമായി അതിന്റെ ഉച്ചസ്ഥായിയിലെത്തുമെങ്കിലും വലിയ തോതിലുള്ള തൊഴിൽ നഷ്ടം ലോകമെങ്ങുമുള്ള തൊഴിലാളി സംഘടനകളെ ശക്തിപ്പെടുത്തും എന്നതാണ് പ്രതീക്ഷയ്ക്കു വക നൽകുന്നത്. നമ്മൾ വീണ്ടും അടിസ്ഥാന രാഷ്ട്രീയം സംസാരിച്ചു തുടങ്ങും.

ഇത് ആഗോളീകരണത്തിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയാണെന്നും അല്ല, മറിച്ചു ചൈനാ കേന്ദ്രീകൃതമായ പുതിയൊരു ലോകക്രമത്തിന്റെ തുടക്കമാണെന്നും വാദിക്കുന്നവരുണ്ട്.

Adam Tooze എന്ന ചരിത്രകാരൻ എഴുതുന്നത് the normal economy is never coming back എന്നാണു. ഇതേ തലക്കെട്ടിലുള്ള തന്റെ ലേഖനത്തിൽ 2008 ലെ സാമ്പത്തിക പ്രതിസന്ധി മുതൽക്കു സാമ്പത്തിക ശാസ്ത്രജ്ഞർ സമ്പദ് വ്യവസ്ഥയിൽ ഉണ്ടായേക്കാവുന്ന radical uncertainty അഥവാ അടിസ്ഥാനപരമായ അനിശ്ചിതത്വം എന്നൊന്നിനെക്കുറിച്ചു സംസാരിക്കാറുണ്ടായിരുന്നെന്നും ഇപ്പോൾ അതെന്താണെന്നു ബോധ്യമായിരിക്കുന്നുവെന്നും അത്തരമൊരു അനിശ്ചിതത്വത്തിന്റ മുന്നിൽ പകച്ചു നിൽക്കുന്നുവെന്നും എഴുതുന്നു. മാർക്സിസത്തെക്കുറിച്ചു അടിസ്ഥാന ധാരണകൾ ഉള്ളവർക്ക് സാമ്പത്തിക ശാസ്ത്രത്തിൽ അനിശ്ചിതത്വത്തിന്റെ പ്രസക്തി എന്തെന്ന് പെട്ടെന്ന് മനസ്സിലാകും. കുരങ്ങിൽ നിന്ന് കുരങ്ങു ഉണ്ടാകുന്നതാണ് നിശ്ചിതത്വം. കുരങ്ങിൽ നിന്ന് മനുഷ്യനുണ്ടാകുമ്പോൾ ലോകം മാറി മറിയുകയാണ്.

ഏതാനും മാസങ്ങൾക്കു മുൻപ്, ജനുവരിയിൽ, നമ്മൾ ചൈനയിൽ എന്തോ സംഭവിക്കുന്നു എന്ന് അത്ഭുതപ്പെട്ടു. ഫെബ്രുവരി ആയപ്പോഴേക്കും ചൈനയിലെ സംഭവങ്ങൾ നമ്മുടെ ഷിപ്പിംഗ് ചാനലുകളെ ബാധിക്കുമോ എന്ന് ആശങ്കപ്പെട്ടു മാർച്ച് ആയപ്പോഴേക്കും നമ്മുടെ ലോകം കീഴ്മേൽ മറിഞ്ഞു. April is the cruelest month എന്ന് കവി പാടിയത് അക്ഷരം പ്രതി ശരിയാണെന്നു തെളിയിച്ചു കൊണ്ട് നമ്മൾ പിന്നീട് സകല സാമ്പത്തിക ആക്ടിവിറ്റികളും പൂട്ടിക്കെട്ടി വീട്ടിനുള്ളിലിരുന്നു.

ചരിത്രം വായിച്ചിട്ടുള്ളവർക്കറിയാം രണ്ടാം ലോകമഹായുദ്ധത്തിൽ ആകെ മരിച്ചത് 75 മില്യൺ മനുഷ്യരാണെന്നു. അതിൽ 20 മില്യൺ മാത്രമായിരുന്നു യുദ്ധരംഗത്തു നേരിട്ട് ഏറ്റുമുട്ടി മരിച്ച പടയാളികൾ. 40 മില്യണിലധികം വീട്ടിലിരുന്നു വിശന്നും ബോംബ് വീണും വംശഹത്യയുടെ ഭാഗമായും കൊല്ലപ്പെട്ട സിവിലിയൻസ് ആയിരുന്നു. എല്ലാ സാമ്പത്തിക ആക്ടിവിറ്റികളും പൂട്ടിക്കെട്ടി വീട്ടിനുള്ളിൽ ഇരുന്നാൽ അതിലധികം സാധാരണ മനുഷ്യർ, തൊഴിലാളികൾ വിശന്നു മരിക്കുമെന്ന് നമ്മൾ വീണ്ടും തിരിച്ചറിയുന്നു. അനന്തമായ പൂട്ടിയിടലുകൾക്കു വിരാമമാകുന്നു. ലോകം പുതിയ ദിശകൾ തേടുന്നു.

ഈ ഒരു ഘട്ടത്തിൽ നമ്മെ അമ്പരപ്പിക്കേണ്ടുന്ന ഒന്ന്, ലോകമെങ്ങുമുള്ള ക്യാപ്പിറ്റലിസ്റ് ചിന്തകർ ഊണും ഉറക്കവുമില്ലാതെ ആശയ സംവാദങ്ങളിൽ ഏർപ്പെട്ടിരിക്കുമ്പോൾ, ലോകത്തെ മാറ്റി മറിക്കുമെന്നു ഒരു ഘട്ടത്തിൽ നമ്മൾ പ്രത്യാശ പ്രകടിപ്പിച്ചിരുന്ന മാർക്സിസ്റ് ചിന്തകർ ഇനിയും ഉറക്കം ഉപേക്ഷിച്ചിട്ടില്ലെന്നുള്ളതാണ്. മുതലാളിത്തം തിരിഞ്ഞു നടക്കുകയാണ് ആഗോളവൽക്കരണം എന്ന പരാജയപ്പെട്ട മാതൃക ഏതാണ്ടുപേക്ഷിച്ചു കൊണ്ട്. മൂലധനത്തിന് എല്ലായിപ്പോഴും വിലകുറഞ്ഞ അധ്വാനശക്തി തിരക്കി പോകാനാവില്ലെന്നു, അദ്ധ്വാനശക്തിയെ കൂടുതൽ ഞെക്കിപ്പിഴിഞ്ഞു കൊണ്ട് മിച്ചമൂല്യം നിരന്തരം വർധിപ്പിക്കാനാവില്ലെന്നു, ഭൂപരമായ സ്വാശ്രിതത്തെ ഉപേക്ഷിച്ചു, അകലങ്ങളിൽ ഉള്ള അസംസ്കൃത വസ്തുക്കളെയും മൂല്യ വർധിത വസ്തുക്കളെയും അതിരുകൾ കടന്നുള്ള കപ്പൽചാനലുകൾ വഴി അമിതമായി ആശ്രയിക്കുന്നത് ആത്മഹത്യാപരമാണെന്നു ബോധ്യപ്പെട്ടു കൊണ്ടുള്ള തിരിഞ്ഞു നടത്തം. ഇപ്പോഴല്ലെങ്കിൽ പിന്നെപ്പോഴാണ് ലോകമെങ്ങുമുള്ള ഇടതു ചിന്തകർ ഉറക്കം വിട്ടെഴുന്നേൽക്കേണ്ടത്.

ലോകമെങ്ങും തൊഴിലാളികൾ ശൂന്യമായ ഭാവിയിലേക്ക്, അനിശ്ചിതമായ പട്ടിണിയിലേക്ക്, രാജ്യാതിർത്തികൾക്കുമപ്പുറം മടങ്ങി വരവിനു പോലും അവസരമില്ലാതെ ഉപേക്ഷിക്കപ്പെടുമ്പോൾ, നൂറു കണക്കിന് കിലോമീറ്ററുകൾ നടന്നു ഉപേക്ഷിക്കപ്പെട്ടവന് തന്റെ ഗ്രാമത്തിലേക്ക് വഴിയിൽ വീണും ചത്തും മടങ്ങേണ്ടി വരുമ്പോൾ തൊഴിലാളി സംഘടനാ ശബ്ദങ്ങൾ തീരെ ദുർബലമായിരിക്കുന്നു എന്നതാണ് നമ്മുടെ ഒന്നാമത്തെ പരാധീനത.

രണ്ടാമത്തേത് ഈ വലിയ പ്രതിസന്ധിക്കിടയിലും ദീർഘ ദൃഷ്ടിയില്ലാതെ ഇന്നിനെ കുറിച്ചും ഇന്നലെയെക്കുറിച്ചും മാത്രം സംസാരിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ വികല രാഷ്ട്രീയ നേതൃത്വങ്ങളാണ്. രോഗത്തിനപ്പുറത്തേയ്ക്ക് ഒരു ലോകത്തെ അവർ കാണുന്നതേയില്ല. ആ ലോകം എങ്ങനെയായിരിക്കണം എന്ന ചർച്ചകൾ നയിക്കേണ്ട ദാര്ശനികരെയും നമ്മൾ എന്നോ വഴിയരികിൽ ഉപേക്ഷിച്ചു. ആദ്യം നമ്മൾ മറി കടക്കേണ്ടത് ഈ പരാധീനതകളെയാണ്. കാരണം ഈ പുതിയ സാഹചര്യത്തെ കൂടുതൽ തൊഴിലാളിവിരുദ്ധമായ നയങ്ങളാൽ നേരിടാൻ പരസ്യമായ നീക്കങ്ങൾ ദീർഘ ദൃഷ്ടി കുറവായ രാഷ്ട്രീയ നേതൃത്വങ്ങളിൽ നിന്നുണ്ടായിത്തുടങ്ങിയിട്ടുണ്ട്. ലോകരാഷ്ട്രീയം താൽക്കാലികമായെങ്കിലും കൂടുതൽ വലതു ഭാഗത്തേക്ക് നീങ്ങുകയാണ്. അതിനെ നേരിടാൻ ഇടതു ദാർശനികർ ഉണർന്നു പ്രവർത്തിച്ചേ തീരൂ. വ്യക്തവും കൃത്യവുമായ ഇതരമാർഗ്ഗങ്ങൾ ( alternative solutions) ഇടതു ചിന്താലോകം മുന്നോട്ടു വെക്കേണ്ടതുണ്ട്.

Print Friendly, PDF & Email